Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, 8 March 2014

മനസ്സെന്ന വില്ലൻ!

ഒരു കാർ വാങ്ങണമെന്ന ആഗ്രഹവുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവസാനം ഒരുനാൾ വാങ്ങാനങ്ങു നിശ്ചയിച്ചു. അന്വേഷിച്ചപ്പോൾ, പുതിയതാണ് പറ്റിയത് എന്ന് തോന്നി. നല്ല ഒരു സെക്കൻഹാൻഡ് കാർ വാങ്ങണമെങ്കിൽ ഒരു 30,000 റിയാൽ എങ്കിലും കയ്യിൽ വേണം. പുതിയതിന് ആ പ്രശ്നമില്ല. കമ്പനിയിൽ നിന്നൊരു പേപ്പർ, പഴയ ഒരു ഇലക്ട്രിസിറ്റി ബില്ല്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി ചെന്നാൽ ഒന്നും കൊടുക്കാതെ ഒരു വണ്ടിയുമായി തിരികെ പോരാം. അങ്ങനെ ഞാനും പുതിയ ഒരു കാർ വാങ്ങി.

കാറ് സ്വന്തമായിക്കഴിഞ്ഞപ്പോഴാണ് കാറുള്ളതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. പാർക്കിംഗിന് ഇടം കിട്ടുന്നതിനേക്കാൾ എളുപ്പമാണ് ലോട്ടറി അടിക്കാൻ എന്ന് തോന്നിത്തുടങ്ങി. വലുതും ചെറുതും വിലകൂടിയതും വില കുറഞ്ഞതുമായ കാറുകൾ റോഡ് സൈഡിൽ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നു. അരമണിക്കൂർ ഫ്ലാറ്റിനു ചുറ്റും കാറുമായി കറങ്ങുമ്പോൾ ആയിരിക്കും എവിടെയെങ്കിലും ഒരിടം കിട്ടുക. അവിടെ കുത്തിക്കയറ്റിയിട്ടിട്ട് തിരിച്ച് എടുക്കാൻ ചെല്ലുമ്പോൾ ചളുക്കവും ഉരസലും മറ്റ് കേടുപാടുകളുമില്ലെങ്കിൽ ഭാഗ്യം! ഇങ്ങനെ കഴിഞ്ഞുപോകുമ്പോഴാണ് കുറച്ച് ദൂരെ ഒരു മൈതാനം ശ്രദ്ധയിൽ പെട്ടത്. അവിടെ പാർക്കിംഗിന് ഇടം കിട്ടും. കാറിന് വലിയ പരിക്കുകളും ഉണ്ടാകില്ല. ഒരു അര കിലോമീറ്റർ നടക്കണമെന്നതേയുള്ളു പ്രശ്നം. ആ നടത്തം ഒരു എക്സർസൈസ് ആയി എടുത്തതോടെ പാർക്കിംഗ് പ്രശ്നം പരിഹരിച്ചു.

ഒരു ദിവസം പതിവുപോലെ രാവിലെ മൈതാനത്തു ചെന്നപ്പോൾ കാറിനടുത്ത് ഒരാൾ നിൽക്കുന്നു. ചുവപ്പ് ടീഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ. ദൂരെ നിന്നു തന്നെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞു. ഞാൻ അടുത്തെത്തിയപ്പോഴേക്കും അയാൾ ദൂരേയ്ക്ക് നടന്നു മറഞ്ഞു. പെട്ടന്ന് തന്നെ ഞാൻ അതു ശ്രദ്ധിച്ചു. കാറിനു പുറകിൽ “HYUNDAI" എന്ന് എഴുതിയിരുന്നതിൽ “H“ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം ആരോ കുത്തിയെടുത്തോണ്ട് പോയി. ഞാൻ ആ ചെറുപ്പക്കാരൻ നടന്നുനീങ്ങിയിടത്തേക്ക് കുറച്ചു ദൂരം പോയി നോക്കി. അവിടെയെങ്ങും അയാളുടെ പൊടിപോലും കണ്ടില്ല. അക്ഷരങ്ങൾ പോയതോ പോകട്ടെ, കുത്തിയെടുക്കുന്നതിനിടയിൽ പല ഇടങ്ങളിലെ പെയിന്റും ഇളകിയിരിക്കുന്നു. എനിക്ക് ദേഷ്യവും വിഷമവും ഒരു പോലെ വന്നു. ആ ചുവപ്പു ഷർട്ടുകാരൻ തന്നെയാണ് അത് ചെയ്തതെന്ന് ഞാൻ തീർച്ചപ്പെടുത്തി. അവനെ കയ്യിൽ കിട്ടിയാൽ കൈ തല്ലി ഒടിക്കുകയാണ് വേണ്ടത് എന്ന് മനസ്സിൽ കരുതി ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു.

അന്ന് മുഴുവനും Yഉം Uഉം Nഉം Dഉം Aഉം Iഉം ഒക്കെ എന്റെ മനസ്സിൽ നൃത്തം വച്ചുകൊണ്ടിരുന്നു. തട്ടും മുട്ടും ഒന്നും കൂടാതെ വളരെ സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന വണ്ടി. എന്നിട്ടും...

ഏതോ ഒരു സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ്ഗ് ആയിരുന്നു മനസ്സ് നിറയെ.
“കലിപ്പ് തീരണില്ലല്ലോ!!“

പിറ്റേന്ന്,  ബാക്കിയുള്ള “H“ അവിടെയുണ്ടാകുമോ എന്ന് ചിന്തിച്ചാണ് ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് ചെന്നത്. ആ ചുവപ്പ് ഷർട്ടുകാരൻ അതാ മറ്റൊരു വണ്ടിയുടെ പുറകിൽ നിൽക്കുന്നു. മുഖം കണ്ടില്ല. എങ്കിലും അയാളാണതെന്ന് ഞാൻ ഉറപ്പിച്ചു. ഇന്ത്യൻ പട്ടാളക്കാർ പാകിസ്ഥാൻ ബോർഡറിലേക്ക് ആക്രമണത്തിനു പോകുന്നതുപോലെ കുനിഞ്ഞും നിരങ്ങിയും ഞാൻ പതുക്കെ അയാളുടെ പുറകിലെത്തി. കയ്യെത്തുന്ന ദൂരത്ത് ആളെ കണ്ടപ്പോഴേക്കും എന്റെ ശരീരം കോപം കൊണ്ട് വിറച്ചു. ഞാൻ ശക്തിയായി അയാളുടെ ചുമലിൽ പിടിച്ചു.

“അയ്യോ... Sorry.. I'm really sorry. Wrong person. I thought somebody else.." ഞാൻ പറഞ്ഞു.

അയാൾ രൂക്ഷമായി എന്നെ നോക്കുമ്പോഴേക്കും ഞാൻ എന്റെ വണ്ടിയുടെ അടുത്തെത്തി. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ആളുമാറിപ്പോയി. എന്തായാലും തല്ലുകൊള്ളാതെ രക്ഷപെട്ടു. ഡ്രൈവ് ചെയ്യുമ്പോൾ ആ സംഭവമായിരുന്നു മനസ്സ് നിറയെ. കോപം വന്നാൽ കണ്ണു കാണില്ല എന്ന് പലരും പറയാറുള്ളത് വെറുതെയാണെന്ന് എനിക്കു തോന്നി. സെക്കന്റിന്റെ ഒരംശത്തിനുള്ളിൽ എന്റെ കോപം ദൈന്യതയായും പിന്നീട് ചിരിയായും മാറിയത് ഞാൻ അനുഭവിച്ചതാണ്. കോപം വരുമ്പോൾ, തെറ്റായ കാര്യത്തിനോ അതല്ലെങ്കിൽ ഒരു കാര്യവുമില്ലാതെയോ ആണ് താൻ കോപിക്കുന്നത് എന്ന് ഒരാൾ തന്റെ മനസ്സിനെ ബോദ്ധ്യപ്പെടുത്തിയാൽ കോപിക്കുന്നതിൽ നിന്നും മനസ്സ് വളരെ പെട്ടന്ന് പിന്മാറുക തന്നെ ചെയ്യും എന്ന് എനിക്ക് ബോദ്ധ്യമായി. കോപത്തെ അടക്കാൻ പലരും പറയുന്നത്ര പ്രയാസമൊന്നും ഉള്ളതായി എനിക്ക് തോന്നിയില്ല.

കോപം വന്നപ്പോൾ, എന്റെ അക്ഷരങ്ങൾ അടിച്ചുമാറ്റിക്കൊണ്ടുപോയവന്റെ കൈ തല്ലി ഒടിക്കണമെന്ന് ഞാൻ ചിന്തിച്ചു. ഭാരതീയ ചിന്താധാര അനുസരിച്ച് മനസ്സാണ് കർമ്മം ചെയ്യുന്നത്, ശരീരമല്ല! ഒരാൾ തന്റെ ഭാര്യയെയും മകളെയും ആലിംഗനം ചെയ്യുമ്പോൾ ആലിംഗനം ചെയ്യുന്ന രീതിക്കോ ആലിംഗനം ചെയ്യുന്ന കയ്കൾക്കോ വ്യത്യാസമില്ലെങ്കിൽ പോലും രണ്ടും വ്യത്യസ്തമായിരിക്കുന്നതിനു കാരണം മനസ്സ് ചെയ്യുന്ന കർമ്മങ്ങളുടെ വ്യത്യാസം മൂലമാണ്. അതായത്, കോപം മൂലം ഞാൻ അയാളുടെ കൈ തല്ലിയൊടിക്കണമെന്ന് ചിന്തിച്ചപ്പോൾ തന്നെ ആ കർമ്മം മനസ്സിൽ ചെയ്തു കഴിഞ്ഞു. മനസ്സിൽ ചെയ്തു കഴിഞ്ഞ കർമ്മം ശരീരം അനുവർത്തിച്ചില്ലെങ്കിൽ അത് വാസനയായി മാറും. അതായത്, ഇനി എന്നെങ്കിലും ഇതുപോലെയുള്ള ഒരു സന്ദർഭം വരുമ്പോൾ എന്റെ മനസ്സ് എന്റെ ശരീരത്തിലൂടെ ആ കർമ്മം ആരുടെ മേലെങ്കിലും ചെയ്യാൻ ശ്രമിക്കും. ചുരുക്കം പറഞ്ഞാൽ ആകെ പ്രശ്നമാണ്. ടിപി വധക്കേസിൽ പെട്ടവരുടെ ശിക്ഷ ഇളവു ചെയ്തു എന്ന് കേട്ട് അവരെയും ടിപിയെ കൊന്നതുപോലെ കൊല്ലണമായിരുന്നുവെന്ന് ഞാൻ മനസ്സിൽ കരുതി. അതായത് മനസ്സുകൊണ്ട് ഞാൻ ഒരു കൊലപാതകി ആയിക്കഴിഞ്ഞു. ഇനി തരം കിട്ടിയാൽ ശരീരം അത് നിർവ്വഹിക്കുകയേ വേണ്ടൂ. “മനസ്സേ, നീയാണ് ശരിയായ വില്ലൻ!!!“

Sunday, 9 February 2014

ഞാനും എന്റെ ലോകവും!

ആരോ എന്റെ കാലിൽ ശക്തിയായി പിടിച്ചു വലിക്കുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഭാര്യയാണ്. അലാറത്തിന്റെ ശബ്ദം പലപ്പോഴും ഞാൻ കേൾക്കാറില്ല. പിന്നെ അവളു വേണം കുത്തി എണീപ്പിക്കാൻ. എനിക്ക് ചിരി വന്നു. പണ്ടുകാലത്ത് ഭാര്യമാർ എന്നും രാവിലെ ഭർത്താവിന്റെ കാലുതൊട്ട് വന്ദിച്ചിട്ടാണ് അടുക്കളയിൽ കയറാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ചിരിച്ചോണ്ട് കിടന്നാൽ സമയം പോകും എന്ന് ആരോ ഉള്ളിൽ നിന്നു പറയുന്നു. ഞാൻ ചാടിയെണീറ്റു.

പ്രാഥമിക കാര്യങ്ങളും പ്രാതലും കഴിഞ്ഞപ്പോൾ സമയം 6:30. ഇന്നും 140-ൽ പോയാലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കമ്പനിയിൽ എത്തി ഐ.ഡിയും ഫിങ്കർപ്രിന്റും കാണിച്ച് ഹാജർ വച്ചപ്പോൾ 7:30. തിർക്കുപിടിച്ച ഒരു ഓഫീസ് ദിനം കൂടി തുടങ്ങുകയായി. പിടിപ്പതു പണിയുള്ള ഒരു ദിവസം. അതിനിടയ്ക്കാണ് ഐ.ടി ക്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റാൻ എത്തിയത്. എല്ലാവരുടേയും കമ്പ്യൂട്ടറിൽ വിന്റോസ്-8 ഇൻസ്റ്റാൾ ചെയ്യുന്നു. എന്റെ കമ്പ്യൂട്ടറിൽ പണി നടക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളുടെ ഡെസ്കിൽ പോയി നോക്കി. എല്ലാത്തിലും ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം. പക്ഷേ കണ്ടാലോ.. എല്ലാം വ്യത്യസ്തം. പുതിയത് കിട്ടിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് അവയുടെ രൂപഭാവങ്ങൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. രൂപഭാവങ്ങളിലേ അവയ്ക്ക് വ്യത്യാസമുള്ളൂ. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. ഇതു തന്നെയല്ലേ ഈ ലോകത്തിന്റേയും സ്ഥിതി. “The operating system of the universe applies to everyone alike, and it works along principles that do not require your cooperation."

ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. സമയം 5 ആയത് അറിഞ്ഞില്ല. പഞ്ച് ഔട്ട് ചെയ്ത് കമ്പനിയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും കൂടയുള്ളവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞിരുന്നു. എന്തൊരു വേഗതയാണ് ഈ ലോകത്തിന്! ഇനിയും 140-ൽ പോകണം. എന്നാലേ പാർക്കിങ്ങിന് ഇടം കിട്ടുകയുള്ളൂ എന്ന് ചിന്തിച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തി കുളിച്ച്, മകനുമായി പുറത്തൊക്കെ ഒന്നുപോയി തിരിച്ചു വന്ന് അവനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ ഒരു പേപ്പറുമായി എത്തുന്നത്. മകന്റെ സ്കൂളിൽ നിന്നും കൊടുത്തയച്ചതാണ്. ആ ഫോം പൂരിപ്പിച്ച് തിരിച്ച് കൊടുത്തു വിടണം. ചേർത്തപ്പോൾ ഈ വിവരങ്ങളെല്ലാം കൊടുത്തതാണല്ലോ!

“ഇനി മോൻ തനിയെ കളിക്ക്. അച്ഛൻ ഈ ഫോം ഒന്ന് പൂരിപ്പിക്കട്ടെ.”

“വേണ്ട, വേണ്ട.. അച്ഛൻ വരണം കളിക്കാൻ. ഞാൻ ഹനുമാൻ. അച്ഛൻ സുരസ. നമുക്ക് ഇടികൂടാം..” അവൻ വിടാൻ ഭാവമില്ല.

അത് വകവയ്ക്കാതെ ഞാൻ ഫോം പൂരിപ്പിക്കാൻ തുടങ്ങി. അവൻ എന്നെ അതിനു സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുക്കം ആ പേപ്പറിന്റെ ഒരു ഭാഗം കീറി.

“നിന്നോടല്ലിയോടാ പറഞ്ഞത് കുറച്ചു നേരം മിണ്ടാതിരിക്കാൻ.” ഞാൻ കണ്ണുരുട്ടി. അതിനു പകരമായി അവിടെ കിടന്ന തലയിണ കൊണ്ടവൻ എന്റെ തലമണ്ടയിലടിച്ചു. അടി കൊണ്ടതോടെ ഞാൻ ചിന്തിച്ചു. ഇപ്പോൾ എനിക്കു വേണമെങ്കിൽ ഒരടി കൊടുത്ത് ഇവനെ മാറ്റി നിർത്താം. അങ്ങനെ ഇവിടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കാം. അവന്റെ കണ്ണീരോടെ ഈ ദിവസത്തെ എനിക്ക് അവസാനിപ്പിക്കാം. ദീപക് ചോപ്ര എഴുതിയ ഒരു പുസ്തകത്തിലെ വരികൾ എനിക്ക് ഓർമ്മ വന്നു - " You are not in the world; the world is in you. Everyone is a creator."

ഞാൻ അവനെ അടുത്തു വിളിച്ചു. അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഷോക്കടിച്ചതുപോലെ അവൻ അല്പനേരം എന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി അവന്റെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് നടന്നുനീങ്ങി. ഞാൻ എന്റെ ലോകം സൃഷ്ടിച്ചിരിക്കുന്നു. സുന്ദരമായ ഒരു ലോകം. അപ്പോഴും ദീപക് ചോപ്രയുടെ വരികൾ എന്റെ കാതുകളിൽ മുഴങ്ങി.  "Being a creator is more important than the whole world." ഭൂരിഭാഗം മനുഷ്യരും തങ്ങൾ സൃഷ്ടിച്ച ലോകത്തെ നോക്കി കരയുകയാണെന്ന് എനിക്ക് തോന്നി. അവനവന്റെ ലോകം സൃഷ്ടിക്കാനുള്ള സകല അധികാരവും കയ്യിലുള്ളപ്പോഴും അതറിയാതെ വെറുതേ പരിതപിക്കുന്നു. കഷ്ടം തന്നെ!!

Wednesday, 5 February 2014

New Year Resolution

എയർപോർട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ വഴിയിൽ കണ്ട ഒരു നല്ല ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്തി. വിമാനത്തിന്റെ സമയമാറ്റം കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടിറങ്ങിയിരുന്ന പതിവു രീതി ഉപേക്ഷിക്കേണ്ടതായി വന്നു. കണ്ടാൽ നല്ല വൃത്തിയുള്ള ഹോട്ടൽ. ഞാൻ തിരിച്ചു പോകുന്നതിലുള്ള ദുഃഖം വീട്ടുകാരുടെ മുഖത്ത് തെളിഞ്ഞു കാണാം. എങ്കിലും ഭക്ഷണം വന്നപ്പോഴേക്കും എല്ലാവരും ഉഷാറായി. ഒരു പ്ലേറ്റ് കണവഫ്രൈ എനിക്കായി ഓർഡർ ചെയ്യപ്പെട്ടു. അത് മുമ്പിൽ വന്നപ്പോഴേക്കും എന്റെ വായിൽ വെള്ളമൂറി. നല്ല മണം. നല്ല സ്വാദ്. എത്ര തിന്നാലും മതിവരില്ല. ഞങ്ങൾ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഇനി വരുമ്പോഴും ആ ഹോട്ടലിൽ തന്നെ കയറണം എന്ന് നിശ്ചയിച്ച് വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു.

ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുമ്പോഴും ആ ഭക്ഷണത്തിന്റെ സ്വാദ് നാക്കിൽ നിന്നും പോയിരുന്നില്ല. അവസാനം വിമാനമെത്തി. വിമാനയാത്ര ഒരിക്കലും എനിക്ക് സുഖമായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കയറാൻ വലിയ ഉന്മേഷമൊന്നും തോന്നിയില്ല.  എങ്കിലും ഒരുവിധം കയറി സീറ്റ് കണ്ടുപിടിച്ചിരുന്നു. പതിവ് അറിയിപ്പുകളും കലാപരിപാടികളും ഇപ്പോൾ മുഷിപ്പ് ഉണ്ടാക്കുന്നവയായിരിക്കുന്നു. ആദ്യമൊക്കെ വളരെ കൗതുകത്തോടെയായിരുന്നു ഞാൻ ഇവയെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ സ്ഥിരമായി യാത്രചെയ്യുന്നതുകൊണ്ട് എങ്ങനെയെങ്കിൽ ഈ നരകയാത്ര ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് പലപ്പോഴും ചിന്തിക്കാറ്. വിമാനം പറന്നുപൊങ്ങി ഏകദേശം ഒരു മണിക്കൂർ ആയിക്കാണും. ആകെപ്പാടെ ഒരു അസ്വസ്ഥത! ഞാൻ പതുക്കെ ടോയ്ലറ്റിലേക്ക് പോയി. അകത്ത് കയറിയതും ഛർദ്ദി തുടങ്ങി. രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി. ഛർദ്ദി ഒന്ന് അടങ്ങിയപ്പോൾ ഞാൻ സീറ്റിൽ വന്നിരുന്നു. ഒരു 10 മിനിട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. ഓടി ടോയ്ലറ്റിലെത്തിയപ്പോഴേക്കും വീണ്ടും ഛർദ്ദിച്ചു. കുടൽ പുറത്തുവരുമെന്ന് തോന്നി. അങ്ങനെ മൂന്നു നാല് പ്രാവശ്യം കഴിഞ്ഞപ്പോൾ ഇനി കുടലിലൊന്നും ബാക്കിയില്ലെന്ന അവസ്ഥയായി. തളർന്ന് അവശനായി ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ എയർഹോസ്റ്റസ് എന്റെ നേരെ നീട്ടിയ ഭക്ഷണ പദാർത്ഥങ്ങൾ ഞാൻ ദൈന്യതയോടെ നിരസിച്ചു. ജലപാനം ചെയ്യാതെ ഞാൻ എന്റെ സീറ്റിൽ ചുരുണ്ടുകൂടി.

ഞാൻ ചിന്തിച്ചു. എന്ത് രുചിയോടെയാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. ഇപ്പോഴോ, അത് കഴിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. അത് കഴിക്കാതെ വന്നിരുന്നെങ്കിൽ എനിക്ക് വിശപ്പ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ വിശപ്പും, ക്ഷീണവും, വേദനയും എന്നുവേണ്ട ഒരുപാട് അസ്വസ്ഥതകൾ. ഇതുപോലെതന്നെയാണ് ഈ ലൗകികസുഖങ്ങളെല്ലാമെന്ന് എനിക്ക് തോന്നി. യോഗവാസിഷ്ഠത്തിലെ വരികൾ എന്റെ മനസ്സിൽ ഓടിയെത്തി.
“സ്വസ്വരൂപമജാനന്വൈ
ജനോയം ദൈവവർജ്ജിതഃ
വിഷയേതു സുഖം വേത്തി
പശ്ചാത്പാകേവിഷാന്നവത്.”
(ഒരുവൻ വിശപ്പുകൊണ്ട് വിഷാന്നം തയ്യാറാക്കുന്നു, പിന്നീട് വിഷബാധ ഉണ്ടാകുന്ന സമയം ദുഃഖാർത്തനാവുന്നു. ഇതുപോലെയാണ് ഭോഗസുഖം അനുഭവിക്കുന്നവന്റെയും കഥ. വിഷയാനുഭവം തൽക്കാലസുഖം നൽകുന്നുവെങ്കിലും പിന്നീട് ഭയങ്കരമായ ദുഃഖത്തെയാണ് നൽകുന്നത്.)

പണം, പ്രശസ്തി തുടങ്ങി ഈ ഭൂമിയിലുള്ള സകല ഭൗതികസുഖങ്ങളും, ലഭിക്കുമ്പോൾ മധുരമായിരിക്കുകയും പിന്നീട് കയ്പായി മാറുകയും ചെയ്യുന്നവയാണ്. ദരിദ്രർ, പട്ടിണിയും മറ്റ് അനുബന്ധദുഃഖങ്ങളും അനുഭവിച്ച് സംസാരലോകത്തിൽ നിന്നും മടങ്ങുമ്പോൾ ധനികർ, എല്ലാമുണ്ടായിട്ടും രോഗങ്ങൾ മൂലം ഒന്നും കഴിക്കാനൊക്കാതെ പട്ടിണിയും രോഗപീഡയും കൊണ്ട് കഷ്ടപ്പെട്ട് ഇവിടം വിട്ടുപോകുന്നു. യക്ഷപ്രശ്നത്തിൽ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;
“ഈ ലോകത്തിൽ ഏറ്റവും അത്ഭുതകരമായിരിക്കുന്നതെന്താണ്?”
“ചുറ്റും ദിവസവും അനേകം പേർ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇവരൊന്നും ഇവിടെ നിന്നും ഒന്നും എടുക്കാതെയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നതെന്ന് കണ്ടുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവർ പലതരം ഭൗതികവസ്തുക്കൾ കുന്നുകൂട്ടാൻ പരക്കം പായുന്നത് തികച്ചും അത്ഭുതം തന്നെ” എന്നാണ് യുധിഷ്ഠിരൻ അതിനു നൽകിയ മറുപടി.

അന്ന് ആകാശത്തിലൂടെ പറക്കുമ്പോൾ ഞാൻ 2014-ലെ എന്റെ New Year Resolution തീരുമാനിച്ചു.
  • ഭൗതികവസ്തുക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഞാൻ പരക്കം പായില്ല. എന്റെ കർമ്മങ്ങളുടെ പ്രതിഫലമായി സ്വാഭാവികമായി ലഭിക്കുന്നവയെ മാത്രം യാതൊരു ഇച്ഛയും കൂടാതെ സ്വീകരിക്കും.
  • മാംസാഹാരം പരമാവധി ഒഴിവാക്കും.
  • ജീവിക്കുന്ന ഒരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കും.

Sunday, 29 December 2013

ആചാര്യദേവോ ഭവ:

സൂസമ്മ ടീച്ചർ.. എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടീച്ചർ. എന്നോട് വലിയ വാത്സല്യമായിരുന്നു ടീച്ചർക്ക്. എന്നോട് മാത്രമായിരുന്നില്ല, എല്ലാ കുട്ടികളോടും അതെ! ക്രിസ്റ്റ്യൻ സ്കൂളിന്റെ ചിട്ടയായ ശിക്ഷണങ്ങളിൽ നിന്നും എന്നും ടീച്ചർ വേറിട്ട് നിന്നിരുന്നു. സ്നേഹത്തിലൂടെ ക്ലാസിലെ എല്ലാ കുട്ടികളെയും അനുസരണയുള്ളവരാക്കിയിരുന്നു അവർ. കണക്കായിരുന്നു ടീച്ചറിന്റെ വിഷയം. അതുകൊണ്ടുതന്നെ കണക്ക് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഏഴാം ക്ലാസിൽ വച്ച് എനിക്ക് അപ്പെന്റിസൈറ്റിസ് ഓപ്പറേഷൻ വേണ്ടി വന്നു. ഒരു മാസത്തോളം ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് സ്കൂളിലെത്തിയപ്പോൾ ആദ്യ പീരീഡ് മലയാളം. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ ഞങ്ങളുടെ മലയാളം ടീച്ചർ മാറി പുതിയ ആൾ വന്നിരുന്നു. കോമ്പോസിഷൻ എഴുതാത്തവരെല്ലാം എണീറ്റു നിൽക്കാൻ ടീച്ചർ പറഞ്ഞു. ഞാൻ ഉൾപ്പെടെ കുറച്ചുപേർ എണീറ്റു. എണീറ്റവരെല്ലാം ക്ലാസിലെ വിരുതന്മാർ. ടീച്ചർ ഒരറ്റത്തുനിന്ന് അടി തുടങ്ങി. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ കലിതുള്ളി നിന്ന ടീച്ചർക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ കൈനീട്ടി. അപ്പോൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം ഒരു പത്തു കൈ എന്റെ കയ്യുടെ മുകളിൽ! എന്റെ കൂട്ടുകാർ. എന്നിട്ടും ടീച്ചർ തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. എന്റെ കുഞ്ഞിക്കയ്യിൽ രണ്ട് അടി വീണു. എനിക്ക് ഒട്ടും വേദനിച്ചില്ല. കാരണം ഞാൻ ഒരു കുറ്റവും ചെയ്തിരുന്നില്ലല്ലോ.  ആ വിഷയത്തെ ചൊല്ലി പുതിയ ടീച്ചറുമായി സൂസമ്മ ടീച്ചർ വഴക്കിട്ടു എന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു. അതിനു ശേഷം സൂസമ്മ ടീച്ചർ ക്ലാസിൽ എത്തി എന്റെ കയ്യിൽ തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. അടിയുടെ വേദനകൊണ്ടല്ല അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ സംഭവം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലാക്കാൻ പറ്റി. എന്റെ കൂട്ടുകാരും ടീച്ചറും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്.

ഞാൻ വളർന്നു. സ്കൂളിൽ നിന്നും കോളേജിൽ എത്തി. പക്ഷേ എങ്ങും ഞാൻ അതുപോലെ മറ്റൊരു ടീച്ചറെ കണ്ടില്ല. ആയിടയ്ക്കാണ് ഞാൻ ആ വിവരം അറിയുന്നത്. ടീച്ചർക്ക് ഒരു അപകടം പറ്റി. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലോട്ട് നടന്നുപോകുകയായിരുന്ന ടീച്ചറുടെ ശരീരത്തിൽ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് പതിച്ചു. അരയ്ക്കു താഴെ തളർന്നു പോയി. ഞാൻ ടീച്ചറെ കാണാൻ പോയി. എന്നെ കണ്ട് ആ മുഖം വിടർന്നു. ചെറുതായൊന്ന് ചിരിച്ചു. ഒരുപാടുനാൾ ബഡ്ഡിൽ കിടന്നതുമൂലം മുതുകിൽ ഉണ്ടായ ആഴത്തിലുള്ള മുറിവിൽ മകൻ ഉപ്പ് വച്ച് കെട്ടുന്നു. വേദന കടിച്ചമർത്തി ടീച്ചർ കിടന്നു. ആ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു.

കുറച്ചു കഴിഞ്ഞ് പ്രസന്നമായ മുഖത്തോടെ ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു. "മോൻ എന്തിനാ കരയുന്നത്. എനിക്കൊന്നുമില്ല. നീ നന്നായി പഠിക്കണം. വലിയ ആളാകണം. നിന്നിൽ എനിക്ക് പ്രതീക്ഷയുണ്ട്. ദൈവത്തിന്റെ അക്കൗണ്ടിൽ എനിക്ക് വീട്ടാൻ ഒരുപാട് കടങ്ങളുണ്ട്. അത് ഞാൻ വീട്ടിക്കൊണ്ടിരിക്കുന്നു. ആ കടങ്ങൾ തീരുന്നതല്ലേ നല്ലത്. നീ ഇതു കേട്ടിട്ടുണ്ടോ? ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കു വേണ്ടി പീഢനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.“

ടീച്ചറുടെ അടുത്തുനിന്നും തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു. ഈ ശാരീരികവ്യഥകളൊന്നും തന്നെ ടീച്ചറുടെ മനസ്സിനെ കീഴടക്കിയിട്ടില്ല. തന്റെ കർമ്മഫലങ്ങൾ എല്ലാം അനുഭവിക്കാൻ ആ മനസ്സ് സന്നദ്ധമാണ്. ആ കർമ്മഫലങ്ങൾ അനുഭവിച്ചതിനു ശേഷം സ്വർഗ്ഗരാജ്യം ടീച്ചർക്ക് ലഭിക്കും എന്ന് എനിക്കു തോന്നി. സൂസമ്മ ടീച്ചർ ഒരു ദേവതയാണ്. ആചാര്യനെ ദൈവമായി കരുതുന്നതാണ് ഭാരതീയ ദർശനം. അങ്ങനെ കരുതണമെങ്കിൽ അദ്ദേഹം ആ നിലയിലേക്കുയരണം. എന്റെ സൂസമ്മ ടീച്ചറെപ്പോലെ!