Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Tuesday, 17 September 2019

രാമരാജ്യം


ക്ലബ്ബില്‍ ചൂടേറിയ ചര്‍ച്ചകളും ബഹളങ്ങളും നടക്കുന്നു. പലരും ആവേശത്തോടെ പ്രതികരിക്കുന്നതു കണ്ടു ഞാന്‍ ഒരാളോടു കാര്യം ആരാഞ്ഞു. വിഷയം ഗൌരവമേറിയതു തന്നെ! ഉത്തരേന്ത്യയിലെ ഏതോ നേതാവ് രാമരാജ്യം കൊണ്ടുവരും എന്നു പറഞ്ഞിരിക്കുന്നു! കേട്ടപാതി കേള്‍ക്കാത്തപാതി ഇടതനും വലതനും ഇതില്‍ രണ്ടിലും പെടാത്തവനുമെല്ലാം എതിര്‍പ്പുമായി ഇറങ്ങിയിരിക്കുന്നു. ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു,

"ഭാരതം ഒരു രാമരാജ്യം ആകുന്നതിനെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്?"

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്‍പേ ബഹളം ആരംഭിച്ചു. 'സംഘി, സംഘി...' വിളികള്‍ അവിടവിടെ ഉയര്‍ന്നു. രംഗം ഒന്നു ശാന്തമായപ്പോള്‍ ഒരാള്‍ എണീറ്റു പറഞ്ഞു.

"ഭാരതം ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാന്‍ എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഞാന്‍ സമ്മതിക്കില്ല. വര്‍ഗ്ഗീയത തുലയട്ടെ.."

തന്റെ കൊക്ക് ചത്താലും കുഴപ്പമില്ല, ഭാരതം ഒരു രാമരാജ്യം ആകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറയണമെന്നുണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നെ പഞ്ഞിക്കിടുമെന്നു ബോധ്യമുള്ളതുകൊണ്ടു മിണ്ടിയില്ല. ഞാന്‍ പറഞ്ഞു.

"ഈ സെമറ്റിക് മതങ്ങളൊക്കെ ഭാരതത്തില്‍ എങ്ങനെ വന്നുവെന്നറിയാമോ?ഭാരതത്തിലേക്കു വന്ന ഒരു മതത്തെയും ഭാരതീയര്‍ പുറത്താക്കാന്‍ ശ്രമിച്ചില്ല. അവരെ അഥിതികളെപ്പോലെ ചുവന്നപരവതാനി വിരിച്ചു സ്വീകരിക്കുകയാണുണ്ടായത്. ആ ഭാരതീയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരത്തെയാണു നിങ്ങള്‍ മതാധിഷ്ഠിതം എന്നു വിളിക്കുന്നത്!"

"അതൊക്കെ ശരിയാണു സുഹൃത്തേ.. പക്ഷേ, ഇങ്ങനെ എല്ലാ മതവിശ്വാസികളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നിടത്താണ് ഈ വര്‍ഗ്ഗീയവാദികള്‍ രാമരാജ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതാണ് എതിര്‍ക്കപ്പെടേണ്ടത്."

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

"രാമരാജ്യം എന്ന പേര് നോക്കണ്ട.. ഈ രാജ്യം പുരോഗമിക്കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ? നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനെ ആരാണ് അനുകൂലിക്കാത്തത്?"

പലരും ഒന്നും പറയാതെ സംശയദൃഷ്ടിയോടെ നോക്കുന്നു. ഞാന്‍ തുടര്‍ന്നു.

"എന്നാല്‍ ഞാന്‍ ഒരു കഥ പറയാം.. ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. പേര് 'ഉട്ടോപ്യ'. ആ രാജ്യത്തിന് ഒരുപാടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അവിടെ രോഗികള്‍ ഉണ്ടായിരുന്നില്ല. യുദ്ധവും കലാപവും ഉണ്ടായിരുന്നില്ല. ഓരോ പൌരന്മാരും അവരവരുടെ ജോലിയില്‍ സംതൃപ്തരായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കള്ളവും ചതിയും ഉണ്ടായിരുന്നില്ല. ആ രാജ്യത്തെ യുവതികള്‍ക്ക് ഒരിക്കലും വൈധവ്യദുഃഖം അനുഭവിക്കേണ്ടി വന്നിരുന്നില്ല. മാതാപിതാക്കള്‍ക്ക് ഒരിക്കലും മക്കള്‍ക്കു ശ്രാദ്ധമൂട്ടേണ്ടി വന്നിരുന്നില്ല.

വന്യജീവികളില്‍ നിന്നുമുള്ള ഭയം ആ നാട്ടിലെ ജനങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായില്ല. അനര്‍ത്ഥം എന്നതു കേട്ടുകേള്‍വി പോലും ഇല്ലായിരുന്നില്ല. എല്ലാ ജനങ്ങളും ധര്‍മ്മിഷ്ടരായിരുന്നു. അനേകം പുത്രപൌത്രാദികളോടെ അരോഗദൃഢഗാത്രരായി ജനങ്ങള്‍ വളരെക്കാലം ജീവിച്ചു.

ആ രാജ്യത്തെ ചെടികളും വൃക്ഷങ്ങളും എല്ലാവര്‍ക്കും തണല്‍ നല്‍കി എന്നും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയായിരുന്നു. മഴ അതാതു കാലങ്ങളില്‍ പെയ്തു. പ്രകൃതി ഒരിക്കലും ഒരു ദുരന്തവും ഉണ്ടാക്കിയിരുന്നില്ല. സുഖകരമായ കാറ്റ് എപ്പോഴും അവിടങ്ങളില്‍ വീശിക്കൊണ്ടിരുന്നു. ജനങ്ങളെല്ലാം സത്യവ്രതരും സദാചാരയുക്തരും ആയതുകൊണ്ട് ഒരു ആപത്തും കൂടാതെ പ്രകൃതി അവരെ കാത്തുരക്ഷിച്ചു. സമ്പല്‍സമൃദ്ധിയോടെ ജനങ്ങള്‍ അനേകം വര്‍ഷങ്ങള്‍ അവിടെ ജീവിച്ചു.

ഇനി പറയൂ, 'ഉട്ടോപ്യ' പോലെ ഒരു രാജ്യമായി ഭാരതം മാറുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ?"

"ഞങ്ങള്‍ ഒരു വികസനത്തിനും എതിരല്ല. പക്ഷേ, 'രാമരാജ്യം'.. അതു നടക്കില്ല.."

വീണ്ടും ബഹളം തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞു.

"സുഹൃത്തേ, ഞാന്‍ ഈ പറഞ്ഞ 'ഉട്ടോപ്യ'യാണ് വാല്മീകിയുടെ രാമരാജ്യം.

ന പര്യദേവന്‍ വിധവാ ന ച വ്യാളകൃതം ഭയം
ന വ്യാധിജം ഭയം വാപി രാമേ രാജ്യം പ്രശാസതി

എന്നു തുടങ്ങി വാല്മീകീമഹര്‍ഷി രാമായണത്തില്‍ അയോദ്ധ്യയെ കുറിച്ചു വിവരിക്കുന്നതില്‍ എന്തു വര്‍ഗ്ഗീയതയാണു നിങ്ങള്‍ കണ്ടെത്തിയത്. നമ്മുടെ രാജ്യം അതുപോലെയാവണം എന്നാഗ്രഹിക്കുന്നതില്‍ എന്തിനാണ് എതിര്‍പ്പുമായി വരുന്നത്?"

ആരും ഒന്നും മിണ്ടിയില്ല. ചര്‍ച്ചയും ബഹളവും അവിടെ അവസാനിച്ചു.

Monday, 4 March 2019

ഈശ്വരന്‍



"അച്ഛാ, നമുക്ക് എന്തുകൊണ്ടാണ് ഇത്രയേറെ ദൈവങ്ങള്‍?"

"നല്ല ചോദ്യം. മോന്‍, അച്ഛന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കുകയും വേണം.

വളരെ ഉത്കൃഷ്ടങ്ങളായ ഒട്ടനവധി ആശയങ്ങളുടെയും ആചാരങ്ങളുടെയും സമാഹാരമാണ് നമ്മുടെ ഹിന്ദുധര്‍മ്മം. അതിലൊന്നാണ് നമ്മുടെ ദൈവങ്ങള്‍. പണ്ടുമുതലേ നമ്മള്‍ ഈ പ്രപഞ്ചത്തിലെ ശ്രേഷ്ടങ്ങളായ എല്ലാ ശക്തിവിശേഷങ്ങളെയും ബഹുമാനിച്ചിരുന്നു. സമുദ്രത്തെയും, നദികളെയും മഴയെയും കാറ്റിനെയും ഇടിമിന്നലിനേയും മാത്രമല്ല ഭൂമിയെയും ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം നമ്മള്‍ ആരാധിച്ചിരുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരവും നമുക്ക് ആരാധനാമൂര്‍ത്തികളാണ്. നമ്മള്‍ പുസ്തകങ്ങള്‍ പൂജ വയ്ക്കുന്നതു കണ്ടിട്ടില്ലേ? പലപ്പോഴും നമ്മള്‍ ഓട്ടോയിലും ടാക്സിയിലും കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ അതിന്റെ സ്റ്റിയറിംഗ് വീല്‍ തൊട്ടു തൊഴുന്നതു കണ്ടിട്ടില്ലേ? ആ വാഹനത്തെ മുന്നോട്ടു നയിക്കുന്ന ചൈതന്യത്തെ, അതിനെ എന്തു പേരിട്ടു വിളിച്ചാലും, ബഹുമാനിക്കുകയാണവര്‍. ഇതുപോലെ ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞു പോയതുമായ വിശിഷ്ട വ്യക്തികളെയും നമ്മള്‍ ബഹുമാനിക്കുന്നു ആരാധിക്കുന്നു. നമുക്ക് പൂജിക്കാന്‍ കഴിയാത്തതായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ല. കാരണം, ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും പരമാത്മചൈതന്യം കുടികൊള്ളുന്നു എന്നു കരുതുന്നവരാണ് നമ്മള്‍.

പക്ഷേ, ഇങ്ങനെ അനേകം ദൈവങ്ങളെ ആരാധിക്കുമ്പോഴും നമ്മുടെ ഋഷിമാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഒന്നുണ്ട്.

"ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വദേവ നമസ്കാരം
കേശവം പ്രതി ഗച്ഛതി"

ആകാശത്തില്‍ നിന്നും പതിക്കുന്ന മഴത്തുള്ളികള്‍, ചാലുകളായി തോടുകളായി അരുവികളായി പുഴകളായി അവസാനം സമുദ്രത്തില്‍ വന്നുചേരുന്നു. അതുപോലെ, എത്രയെല്ലാം വിഭിന്നങ്ങളായ ദേവതകളെ ആരാധിച്ചാലും അതെല്ലാം ഏകവും അദ്വിതീയവുമായ ആ പരമാത്മ ചൈതന്യത്തില്‍ ചെന്നുചേരുന്നു. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഏതു ദൈവത്തെ സ്വീകരിക്കാനും ആരാധിക്കാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ട്. കാരണം ആത്യന്തികമായി അതെല്ലാം ആ ഏക ചൈതന്യത്തില്‍ വന്നുചേരുന്നു.

"ഏകം സത് വിപ്രാ ബഹുധാ വദന്തി"

ഈ ഉദാത്തമായ ആശയം മുന്നോട്ട് വയ്ക്കുന്നതിലൂടെ ലോകത്തിലെ മറ്റേതൊരു മതത്തേയും ഈശ്വരസങ്കല്പത്തെയും ഉള്‍ക്കൊള്ളാനുള്ള ഔന്നത്യം ഹൈന്ദവധര്‍മ്മം ആര്‍ജ്ജിക്കുന്നു. നിങ്ങള്‍ യഹോവയെയോ, അല്ലാഹുവിനെയോ ബുദ്ധനെയോ ജൈനനെയോ ആരെ ആരാധിച്ചാലും അതെല്ലാം ആ പരമമായ ചൈതന്യത്തില്‍ എത്തിച്ചേരുന്നു എന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച മറ്റേതൊരു മതമുണ്ട് ഈ ലോകത്തില്‍?

ഇനി ഇതു മറ്റൊരു വിധത്തില്‍ പറയാം. മോന്റെ കയ്യില്‍ 10 മിഠായി ഉണ്ട്. നിന്റെ കൂട്ടുകാരന്റെ കയ്യില്‍ ഒന്നും. ആരാണ് സമ്പന്നന്‍? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ളവാനോ അതോ ഒരെണ്ണം ഉള്ളവനോ? നമ്മുടെ സമ്പന്നതയില്‍ നമ്മള്‍ അഭിമാനിക്കണം. അവന്റെ ദൈവത്തെയും നമ്മുടെ ദൈവങ്ങളുടെ കൂടെ കൂട്ടാനുള്ള ആര്‍ജ്ജവം നമുക്കുണ്ട്. അങ്ങനെ മുപ്പത്തിമുക്കോടി ഒന്ന് ദൈവങ്ങളെ നമുക്ക് ആരാധിക്കാം. അവനെയും ചേര്‍ത്തു നിര്‍ത്താം.

Wednesday, 11 November 2015

ചായ വിചാരം!

കമ്പനി ഇനി മുതൽ ചായ നൽകുന്നതല്ല!!

പുതിയ ഇ-മെയിൽ എത്തി. എല്ലാവർക്കും ആധിയായി. കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്. മുൻപ് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിലായിരുന്നു ചായ കുടി മുട്ടിയിരുന്നത്. ഇതിപ്പോൾ എന്താണു കാര്യം! ഞാൻ ഗോവിന്ദൻ ചേട്ടനെ സമീപിച്ചു. പുള്ളിക്കാരനാണെങ്കിൽ കാര്യങ്ങളൊക്കെ താത്വികമായി അവലോകനം നടത്തി മനസ്സിലാക്കിത്തരും.

“എടോ, ചായ എന്നു പറയുന്നതു നീ ചിന്തിക്കുന്നതുപോലെ വെറും കാലിച്ചായ അല്ല. ഈ ചായ നിർത്തിയതിനു പിന്നിൽ ഒരു സന്ദേശമുണ്ട്. വർഷം അവസാനിക്കാറായി. തൊഴിലാളികൾ  ബോണസിനും ശമ്പളവർദ്ധനവിനും എല്ലാം ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. അതൊന്നും കിട്ടില്ല, കമ്പനിയുടെ അവസ്ഥ അത്ര ശോഭനീയമല്ല, എന്നെല്ലാം പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.“

“ചുരുക്കം പറഞ്ഞാൽ ഈ വർഷവും ഒന്നും കിട്ടില്ല, അല്ലേ?“ ഞാൻ നെടുവീർപ്പിട്ടു.

“കിട്ടില്ല എന്നു മാത്രമല്ല, ഈ അടുത്തകാലത്തൊന്നും ആരും ഒന്നും ചോദിച്ചുപോകരുതെന്ന ഒരു താക്കീതും അതിലുണ്ട്..”

“എന്തായാലും ചായ കുടിക്കാതെ പണിക്കൊന്നും ഒരു ഉത്സാഹവും കാണില്ല. നമ്മുടെ അപ്പുറം ഇരിക്കുന്ന ഫിലിപ്പീനോ ഇവിടെ വന്നിട്ടാണു പ്രഭാത കൃത്യങ്ങളൊക്കെ ചെയ്തിരുന്നത്. രാവിലെ ചായ കിട്ടില്ലെന്ന് അറിഞ്ഞതുമുതൽ കിടന്നു ഞെരിപിരി കൊള്ളുന്നതു കണ്ടില്ലേ..” ഞാൻ പറഞ്ഞു.

“ഹഹഹ.. ഈ ചായ പലരേയും പല രീതിയിലാണു ബാധിക്കുന്നത്. ഈ ചായ തന്നെ ഏതെല്ലാം വിധത്തിലാണ് ആളുകൾ ഉപയോഗിക്കുന്നത്. കാലിച്ചായ, വിത്തൌട്ട്, പാൽച്ചായ, മസാലച്ചായ, വാനിലച്ചായ, ഏലക്കാച്ചായ, റോസാച്ചായ, തുളസിച്ചായ, കോൾഡ് ടീ,  ലൈം ടീ, ഗ്രീൻ ടീ, ഹെർബൽ ടീ, പെപ്പർ ടീ എന്നിങ്ങനെ എത്രയെത്ര രുചിയിലും മണത്തിലുമാണു ചായ ഉള്ളത്..” ഗോവിന്ദൻ ചേട്ടൻ വാചാലനായി.

“അതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ഈ അടുത്തിടയ്ക്ക് നമ്മുടെ സുലൈമാന്റെ ബൂഫിയയിൽനടന്ന സംഭവം ഗോവിന്ദൻ ചേട്ടൻ അറിഞ്ഞിരുന്നോ? അവിടുത്തെ ചായ പ്രസിദ്ധമാണല്ലോ! കഴിഞ്ഞ ദിവസം രാവിലെ ഒരു പോലീസുവണ്ടി കടയുടെ മുന്നിൽ കൊണ്ടു നിർത്തി. രണ്ടു പോലീസുകാർ യൂണിഫോമിൽ കടയിലേക്കു കയറി. ഇതുകണ്ടുടനെ ഒരാൾ കടയിൽ നിന്നും ഇറങ്ങി ഓടി. പോലീസുകാർ നോക്കിയപ്പോൾ നമ്മുടെ സുലൈമാൻ. ‘സുലൈമാനേ, ഞങ്ങൾ ചെക്കിങ്ങിനു വന്നതല്ല, ചായ കുടിക്കാൻ കയറിയതാണ്!‘ എന്നുപറഞ്ഞ് അവർ അയാളെ തിരികെ വിളിച്ചു. നിതാഖത്തിന്റെ ചെക്കിങ്ങു നടക്കുന്ന സമയമല്ലേ. സുലൈമാനാണെങ്കിൽ രേഖകളൊന്നും ഇല്ലാതെ നിൽക്കുന്നു. പാവം പേടിച്ചു പോയി!”

“അതാണു ചായയുടെ ബലം. സുലൈമാന്റെ കടയിൽ ആരും പരിശോധനയ്ക്കു കയറില്ല. അല്ലാ, ഞാൻ ഒന്നു ചോദിച്ചോട്ടേ! ഈ ചായയ്ക്കു ഇംഗ്ലീഷിൽ എന്താണു പറയുന്നത്?

“ടീ”

“അറബിയിലോ?”

“ചായ്, സുലൈമാനി..”

“തഗാലോയിൽ?”

“ചാ-ആ”

“അതെന്തായാലും ശരി, ഇതിൽ ടീ ആണോ, ചായയാണോ, സുലൈമാ‍നിയാണോ‍ ഏറ്റവും നല്ലത്?”

“ഇതെന്തു ചോദ്യമാ ഗോവിന്ദേട്ടാ, എല്ലാം ഒരേ സാധനത്തെ തന്നെയല്ലേ വിളിക്കുന്നത്?”

“അങ്ങനെയാണെങ്കിൽ വിഷ്ണുവാണോ യഹോവായാണോ അള്ളായാണോ ശ്രേഷ്ഠൻ?”

“അതു പിന്നെ..”

“എന്തേ ഇതിനു മാത്രം ഉത്തരമില്ലേ.. ഓരോ രാജ്യക്കാര് ഒരേ സാധനത്തെ അവരവരുടെ ഭാഷയിൽ പല പേരിൽ വിളിക്കുന്നു. അതു ചായയാലും കാപ്പിയായാലും പച്ചവെള്ളമായാലും പ്രശ്നമില്ല, ഞങ്ങൾ അംഗീകരിക്കും. പക്ഷേ ദൈവത്തിന്റെ കാര്യത്തിൽ അംഗീകരിക്കില്ല എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്. ടീ ഷോപ്പായാലും, ബൂഫിയയായാലും നമ്മുടെ ചായക്കടയാണെങ്കിലും കയറിച്ചെന്നാൽ കിട്ടുന്നത് ഒരേ സാധനമാണെങ്കിൽ പിന്നെ ഈ കലപിലയൊക്കെ എന്തിനു വേണ്ടിയാണ്?”

“അതു ശരിയാണ്..”

“നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം. നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഓരോ ആശയങ്ങളെയും ബന്ധിപ്പിച്ചു വാക്കുകൾ ഉണ്ടായിരിക്കും. ഈ വാക്കും ആശയവും തമ്മിൽ വേർതിരിക്കാനേ പറ്റില്ല. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണവ. ആശയങ്ങൾ ആന്തരികമായി പ്രവർത്തിക്കുമ്പോൾ വാക്കുകൾ ബാഹ്യമായി പ്രവർത്തിക്കുന്നു. മലയാളിക്കു വിശപ്പെന്ന വികാരം ഉണ്ടാക്കുമ്പോൾ വിശക്കുന്നു എന്ന വാക്ക് ആ വികാരത്തോടൊപ്പം ചേരുന്നു. ഇംഗ്ലീഷുകാരന് ഇതേ വികാരം ഉണ്ടാകുമ്പോൾ ‘ഹംഗ്രി‘ എന്ന വാക്കാണ് ആ ആശയത്തോടു ചേരുക. ഹിന്ദിക്കാരനാണെങ്കിൽ അവൻ ‘ഭൂക്ക്’ എന്ന വാക്കാണ് അതേ ചിന്തയോടു ചേർക്കുക. ഇവിടെ ഒരേ വികാരത്തിൽ പല വാക്കുകൾ ചേരുന്നതുകൊണ്ടു പുറത്തു വരുമ്പോൾ പലതായി തോന്നുന്നു. ഇതുപോലെ തന്നെയാണു ദൈവത്തിന്റെ കാര്യവും. അള്ളാ എന്നും യഹോവ എന്നും വിഷ്ണു എന്നും പല ശബ്ദങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഒരേ ആശയത്തെയാണു ബാഹ്യമായി പലതായി പ്രകടിപ്പിക്കുന്നതെന്നറിഞ്ഞാൽ പല വേർതിരിവുകളും അവസാനിക്കും.”

”പക്ഷേ ഇതൊന്നും ആരും മനസ്സിലാക്കുന്നില്ലല്ലോ,, ഗോവിന്ദേട്ടാ.. രാവിലെ ചായ കുടിക്കാത്തതു കൊണ്ട് ഒരു ഉന്മേശവും തോന്നുന്നില്ല. നമുക്കു പുറത്തുപോയി ബൂഫിയയിൽ നിന്ന് ഓരോ ചായ കുടിച്ചാലോ?”

“നീ ചായ കുടിച്ചോ.. ഞാൻ ‘ടീ‘ മാത്രമേ കുടിക്കൂ..” ഗോവിന്ദേട്ടൻ ചിരിച്ചുകൊണ്ടെണീ‍റ്റു.

Wednesday, 21 January 2015

എക്സിബിഷൻ

പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രപ്രദർശനം നടക്കുന്നു.
മനോഹരങ്ങളായ ചിത്രങ്ങൾ എന്ന് പലരും പറയുന്നു.
ചിത്രങ്ങളിൽ അധികവും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ഈ ദൃശ്യപ്രകൃതിയെ.
ഈ ചിത്രങ്ങളോളം സൗന്ദര്യമുണ്ടോ ഈ പ്രപഞ്ചത്തിന്!
ഞാൻ ഹാളിനു പുറത്തെത്തി. ചുറ്റുപാടും നോക്കി. ആദ്യമായി കാണുന്നതുപോലെ...
ഓരോ നിമിഷവും വ്യത്യസ്തങ്ങളായ ചിത്രങ്ങൾ വരയ്ക്കുന്ന ഈ പ്രപഞ്ചപുരുഷന്റെ എക്സിബിഷൻ എവിടെ, ആ കുടൂസ് മുറിയിലെ ചായക്കൂട്ടുകളെവിടെ!
ചിത്രകാരന്മാർ മാസക്കണക്കിൽ തൂലിക അങ്ങുമിങ്ങും നടത്തിയതിന്റെ ഫലമാണ് നിറപ്പകിട്ടുള്ള ഒരു സൂര്യോദയചിത്രം. എന്നാൽ രാവിലെ ഈശ്വരന്റെ കല ഒന്ന് നോക്കൂ. ആ ദിവ്യമായ ചിത്രങ്ങൾക്ക് ഉപമയുണ്ടോ? ആരതു കാണുന്നു?

Tuesday, 6 January 2015

പഞ്ചസാരയും തേയിലയും

തേയിലയിരുന്ന പാത്രത്തിൽ കുറച്ചു പഞ്ചസാര ഇട്ടുപോയി.
അതെല്ലാംകൂടി ഒരു പേപ്പറിലിട്ടു പുറത്തുവച്ചു.
കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ പഞ്ചസാരയെല്ലാം ഉറുമ്പു കൊണ്ടുപോയി.
ഇതുപോലെതന്നെയല്ലേ, സജ്ജനങ്ങൾ ലോകത്തുനിന്നു നന്മതിന്മകളിൽ നന്മയെ മാത്രം സ്വീകരിക്കുന്നതും!
സോമദാസ്

Thursday, 1 January 2015

സമയത്തിന്റെ സഞ്ചാരം!

ജലം താഴ്ന്ന ഭാഗത്തേക്ക് ഒഴുകുന്നു.
കാറ്റ് കടലിലേക്കും കരയിലേക്കും വീശുന്നു.
മർദ്ദം കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്കു വായു ഒഴുകുന്നു.
ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു തിരിയുന്നു.
സൂര്യൻ കിഴക്കുനിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നു.
സമയം എങ്ങോട്ടാണു സഞ്ചരിക്കുന്നത്?
അതു സ്ഥിരമായി ഒരു സ്ഥലത്തുനിന്നു സഞ്ചരിക്കയാണോ?
അല്ല, മനസ്സു മന്ത്രിച്ചു.
സമയം വൃത്തത്തിൽ സഞ്ചരിക്കുന്നു!
ക്ലോക്കിലെ സൂചിയുടെ കൂടെ..
സോമദാസ്