Friday, 5 October 2012

ലൗകികദര്‍ശനം

ലൗകികം എന്നാല്‍ ലോകത്തെസംബന്ധിച്ചത് എന്നര്‍ത്ഥം. മതഗ്രന്ഥങ്ങളില്‍നിന്നും അറിവ് നേടിയിട്ടുള്ളവരും, വിവിധ ആരാധനാക്രമങ്ങളും, ആചാരാനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും ഉള്‍ക്കൊള്ളുന്നവരുമാണ് ഈ ലോകത്തു കാണുന്ന എല്ലാ മനുഷ്യരും. മതവിശ്വാസിയും മതവിശ്വാസമില്ലാത്തവരും, ദൈവവിശ്വാസിയും ദൈവവിശ്വാസമില്ലാത്തവരും, മറ്റു പല വൈവിധ്യങ്ങളാര്‍ന്ന സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ച് ജീവിക്കുന്ന ഇടമാണ് ഭൂലോകം. ഇവിടെ ജീവിക്കുന്ന എല്ലാ ജീവികള്‍ക്കും പൊതുവായ ചില പ്രകൃതി നിയമങ്ങള്‍ ഉണ്ട്. അതിനെ മേല്‍പ്പറഞ്ഞ ഒരുവിഭാഗത്തിലേയും വിശ്വാസങ്ങള്‍ക്ക് അതിക്രമിക്കാന്‍ കഴിയില്ല. രോഗം, ജീര്‍ണ്ണത, നാശം എന്നീ മൂന്നുസംഭവങ്ങളും ജീവനുള്ളവയ്ക്കെല്ലാം ബാധകമാണ്. എല്ലാ മതവിശ്വാസങ്ങളും ജീവിതക്രമങ്ങളും മേല്‍പ്പറഞ്ഞ മൂന്നുപരിണാമങ്ങളേയും അംഗീകരിക്കുകയും അത് അലംഘനീയമാണെന്ന് സുവ്യക്തമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ ലോകത്ത് കുറച്ചുകാലം മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ പൊതുവായ ചില പെരുമാറ്റ സ്വഭാവങ്ങള്‍ അംഗീകരിക്കുന്നത് എല്ലാവര്‍ക്കും ഉത്തമമായിരിക്കും. ഇവിടെ ജീവിച്ചിരിക്കുന്നവരില്‍ ശാന്തി, സമാധാനം, സുഖം എന്നിവ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുകയില്ല. ഒരുമിച്ചു ജനിക്കാത്തവരും ഒരുമിച്ച് മരണപ്പെടാത്തവരും ഒത്തുകൂടുന്ന ഒരിടമാണ് ഭൂലോകം. മഹാഗ്രന്ഥങ്ങളിലെ തത്വസംഹിതകളോ ഉല്‍കൃഷ്ടങ്ങളായ ആചാരാനുഷ്ഠാനങ്ങളോ ഒന്നുംതന്നെ അറിയില്ലെങ്കിലും ലൗകികജീവിതം സുഗമമാക്കുന്നതിന് പ്രാഥമികമായ ചില അറിവുകള്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്തോട് ഉദാത്തമായ ഒരു വീക്ഷണം മാത്രം ഉണ്ടായാല്‍ മതി, ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമായ സുഖവും ശാന്തിയും സമാധാനവും കൈവരിക്കാന്‍‌.

ഈ ലോകത്ത് പലതരത്തിലുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും. ജ്ഞാനികള്‍‌, അജ്ഞാനികള്‍‌, ധനാഢ്യര്‍‌, ദരിദ്രര്‍‌, വിദ്യാസമ്പന്നര്‍‌, വിദ്യാഹീനര്‍‌, ബലവാന്‍‌, ദുര്‍ബലന്‍‌, ബുദ്ധിമാന്‍‌, മന്ദബുദ്ധി എന്നിങ്ങനെ അനേകവിധം മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണ് ലോകം. ഈ സാഹചര്യത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് ലൗകികജീവിതം നയിക്കേണ്ടത് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏതൊരാള്‍ക്കും അനായാസമായി അംഗീകരിക്കാനും അനുസരിക്കാനും കഴിയുന്ന ഒരു ചിന്താധാരയാണ് ലൗകികദര്‍ശനം എന്ന ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

“യേ ചൈവ സാത്വിക ഭാവ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷ്ഠ തേ മയി”
                                                                               --  ഭഗവത്ഗീത
 സാത്ത്വികമായും രാജസമായും താമസമായും ഉണ്ടായിട്ടുള്ള ഭാവങ്ങളെല്ലാം എന്നില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. എങ്കിലും ഞാന്‍ അവയിലല്ല അവ എന്നിലാണ്. എനിക്ക് അവ അധീനങ്ങളാണ്.

ഗീതയില്‍ക്കൂടി ഒരു ലൗകികതത്വം വിളംബരം ചെയ്യുകയാണ്. ലോകത്ത് ഉത്തമം, മധ്യമം, അധമം എന്നീ വിഭാഗങ്ങളുണ്ടെന്ന് സര്‍വ്വസമ്മതമാണ്. ഓരോ വ്യക്തികളേയും പരിശോധിച്ചാല്‍ ഈ മൂന്നു വിഭാഗത്തിലുമുള്ളവരാണ് ലോകത്ത് മുഴുവനും എന്നുകാണാന്‍ കഴിയും. ശാന്തരും, കോപ - താപ - ദ്വേഷ - മത്സര - കാര്‍പണ്യ - ലോഭ - മോഹാദി - അഹങ്കാര ദോഷങ്ങള്‍ കുറഞ്ഞവരും, സമത്വദര്‍ശികളായിട്ടുമുള്ള മഹത്‌വ്യക്തികള്‍ അപൂര്‍വ്വമായിട്ടെങ്കിലും ലോകത്ത് എപ്പോഴും ഉണ്ടായിരിക്കും. ഇവരെ ഉത്തമന്മാര്‍ എന്ന വിഭാഗത്തില്‍ ഗണിക്കുന്നു. ചിലര്‍ മധ്യമന്മാരായും കാണപ്പെടുന്നു. സമൂഹത്തിന് വലിയ ബാധ്യതയില്ലാത്തവരായി വര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍‌. സമൂഹത്തിനും ലോകത്തിനുതന്നെയും ഉപദ്രവകാരികളായി, അവരില്‍ നിന്നും എപ്പോഴും അനിഷ്ടം മാത്രം ഉണ്ടായിക്കൊണ്ടിരിക്കുന്നവരും ആയിട്ടുള്ളവരെ അധമന്മാര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ മൂന്നു ഭാവങ്ങളും (ഉത്തമ - മധ്യമ - അധമ) ഈ പ്രപഞ്ച സൃഷ്ടാവില്‍ നിന്നുതന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.

പ്രപഞ്ചകാരണമായ ദിവ്യചൈതന്യത്തിന് ഗുണത്രയങ്ങള്‍ (സത്വരജഃസ്തമോഗുണങ്ങള്‍‌) ബാധകമാണ് എന്നത് അതിശയോക്തിയായി തോന്നാം. എന്നാല്‍‌, ഗുണത്രയങ്ങളെ അംഗീകരിച്ചുകൊണ്ട് പ്രപഞ്ചം ദൃഷ്ടമായപ്പോള്‍ അങ്ങനയേ പരാമര്‍ശിക്കുവാന്‍ കഴിയൂ.  കാരണം ഇതില്‍ ഏതെങ്കിലുമൊന്ന് സൃഷ്ടാവിന് ഇല്ല എന്നുവാദിച്ചാല്‍‌, പ്രപഞ്ചസൃഷ്ടാവിന് പുറത്ത് മറ്റൊന്നുണ്ട് എന്നുവരും. അപ്പോള്‍ സൃഷ്ടാവ് പൂര്‍ണ്ണനല്ല, അപൂര്‍ണ്ണനാണ് എന്നുവരും. പൂര്‍ണ്ണനായ പ്രപഞ്ചചൈതന്യത്തിന് അപ്പൂര്‍ണ്ണത യോജിക്കുന്നതല്ല. അപൂര്‍ണ്ണത മാനുഷികമാണ്. അതിനാല്‍ ഈ ലോകത്ത് നാം കാണുന്ന എല്ലാ ഭാവങ്ങളേയും ഈശ്വരസൃഷ്ടിയാണെന്നും ആയതിനാല്‍ എല്ലാത്തിനേയും സമഭാവനയോടെ കാണണമെന്നും സിദ്ധിക്കുന്നു. ഇവിടെ ഉച്ചനീചത്വങ്ങള്‍ വിഷയീഭവിക്കുന്നില്ല. ഇത് ആത്മാവിന്റെ ഉയര്‍ന്ന നിലയാകുന്നു. ലോകത്തെ സമഭാവനയോടെ ദര്‍ശിക്കുന്നവനെ എല്ലാമനുഷ്യരും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യും.
ലൗകികത്തില്‍‌,  വൈദ്യുതിയെക്കൊണ്ടു പ്രവര്‍ത്തിക്കുന്ന പലതരത്തിലുള്ള ഉപകരണങ്ങളും നാം നിത്യവും ഉപയോഗിക്കുന്നുണ്ടല്ലൊ. ഉഷ്ണവും ശീതവും ഉളവാക്കുന്നവയെ വൈരുദ്ധ്യമായി തോന്നാമെങ്കിലും അതിന്റെ ചേതനശക്തി വൈദ്യുതി ഒന്നുമാത്രമാണ്. മറ്റനേകം ഉപകരണങ്ങള്‍‌, നമുക്ക് ഹിതങ്ങളും അഹിതങ്ങളുമായവയെല്ലാം, ലോകത്തിന് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും, പ്രവര്‍ത്തിക്കുന്നത് വൈദ്യുതി എന്ന ഒറ്റചാലകത്തിന്റെ ശക്തികൊണ്ടാണ്. ഇതുപോലെതന്നെ ലോകത്തില്‍ കാണപ്പെടുന്ന എല്ലാജീവജാലങ്ങളുടേയും ചൈതന്യശക്തിയായി, അവകളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്നത് ഒരേ ചൈതന്യം തന്നെയാകുന്നു. ഈ വിധത്തില്‍ ലോകത്തെ ദര്‍ശിക്കുന്ന ആള്‍ക്ക് ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ സമഭാവനയാണ് ഉണ്ടാകുക എന്നത് നിസ്തര്‍ക്കമാണ്. ലൗകികജീവിതവിജയത്തിന് ഉച്ചനീചത്വങ്ങള്‍ പരമാവധികുറച്ച്, കഴിയുന്നതും സമഭാവനയോടെ വര്‍ത്തിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.

“യദൃച്ഛാലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സര
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ.”

അവിചാരിതമായി ലഭിക്കുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവനും, സുഖദുഃഖാദിദ്വന്ദ്വങ്ങളെ അതിക്രമിച്ചവനും, മത്സരബുദ്ധി ഇല്ലാത്തവനും, ലഭിച്ചാലും ലഭിക്കാതെ പോയാലും ഒരേ സ്ഥിതിയില്‍ സ്ഥിതിചെയ്യുന്നവനും ആയവന്‍ കര്‍മ്മം ചെയ്താലും ആ കര്‍മ്മം ബന്ധകാരണമായി ഭവിക്കുന്നില്ല.

ലോകത്തുള്ള കൂടുതല്‍ പേര്‍ക്കും നിഷ്ഠകളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. കൃത്യനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ അധികരിച്ചിരിക്കും. ആഹാരപാനീയങ്ങള്‍‌, വസ്ത്രധാരണം, ഗൃഹം, ഇരിപ്പിടം, ശയനം എന്നിവയില്‍ തുടങ്ങി മറ്റുള്ളവര്‍ തന്നോട് ഇന്ന രീതിയില്‍ പെരുമാറണം എന്നുള്ളതില്‍ വരെ പലരും നിഷ്ഠ പാലിക്കാറുണ്ട്. ഇഷ്ടാനിഷ്ടങ്ങള്‍ എത്രയും അധികരിക്കുന്നുവോ അത്രയും ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുകയും അത് തനിക്ക് ഒരു ബന്ധനമായിത്തീരുകയും ചെയ്യുമെന്നതാണ് സത്യം.

സമാധാനജീവിതത്തിന് ഇഷ്ടാനിഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. ഈ ലോകത്തുനിന്ന് നാം എത്രമാത്രം വിഭവങ്ങള്‍ സ്വീകരിക്കുന്നുവോ, എത്രമാത്രം പ്രതീക്ഷിക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിത സമാധാനം. അതിനാലാണ് “യദൃശ്ചലാഭസന്തുഷ്ടോ” എന്ന് ഗീത ഉപദേശിക്കുന്നത്. എന്താണോ നമുക്ക് ലഭിക്കുന്നത് അതില്‍ സന്തുഷ്ടനാകുക. നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ വിഹിതം. അതിനാല്‍ അസന്തുഷ്ടി പ്രകടിപ്പിക്കാതിരിക്കുക. ഈ ലോകത്ത് എന്തുലഭിച്ചാലും തൃപ്തിവരാത്തവരാണ് അധികവും. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ചതിനെ കാണുവാനോ അതില്‍ അഭിമാനിക്കുവാനോ കഴിയുന്നില്ല. ഫലമോ നിത്യ അനിഷ്ടം, മാനസികവിഷമം, ജീവിതം ക്ലേശകരം എന്ന് എപ്പോഴും വിലപിക്കുന്നു. ഇത് മാറ്റാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ലഭ്യമായതില്‍ സന്തുഷ്ടനാകുക; എന്നിരുന്നാലും ഉയര്‍ച്ചക്കുവേണ്ടി കര്‍മ്മം ചെയ്തുകൊണ്ടും ഇരിക്കുക. മാത്സര്യം ഒഴിവാക്കുക. ഇത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമാകും. നാം എന്തെങ്കിലും ആഗ്രഹിച്ചിട്ട് അത് ലഭിച്ചാല്‍ സന്തോഷവും അലഭ്യതയില്‍ സന്താപവും ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ തത്വദര്‍ശികള്‍ ഉപദേശിക്കുന്നത് സിദ്ധിയിലും അസിദ്ധിയിലും ഒരേ മനസ്സോടുകൂടിയിരിക്കണം എന്നതാണ്. ഈ ആത്മനിയന്ത്രണം ദുഷ്ക്കരമാണ്. എന്നിരുന്നാലും നിരന്തരമായ പരിശ്രമം കൊണ്ട് ഇതിന്റെയെല്ലാം തീവ്രത കുറയ്ക്കാന്‍ കഴിയും. അങ്ങനെയുള്ളവനെ കര്‍മ്മപാശങ്ങള്‍ ബന്ധിക്കുന്നില്ല.

 ലൗകികജീവിതത്തില്‍ കര്‍മ്മം ചെയ്യാതെ ഒരു ജീവിക്കും ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നതും തിര്യക്കുകള്‍ കര്‍മ്മം ചെയ്യുന്നതും വ്യത്യാസം ഉണ്ട്. മനുഷ്യനൊഴികെ മറ്റൊരുജീവിയും അംഗീകാരത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നില്ല. അതിജീവനമാണ് ജന്തുക്കളുടെ കര്‍മ്മത്തിന്റെ ലക്ഷ്യം. ഈ കര്‍മ്മത്തെയല്ല ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തില്‍ പ്രശംസ പിടിച്ചുപറ്റാനും തന്റെ നിഗൂഡമായ ആഗ്രഹസഫലീകരണത്തിനും മാത്രമുള്ള കര്‍മ്മത്തെയാണ് ഇവിടെ നിരുത്സാഹപ്പെടുത്തുന്നത്. നീ എല്ലായ്പ്പോഴും കര്‍മ്മംചെയ്യണം. എന്നാല്‍ അതിന്റെ ഫലം ലഭിച്ചിരിക്കണം എന്ന നിര്‍ബന്ധം നന്നല്ല. സമൂഹത്തിന്റെ നന്മക്കു വേണ്ടി കര്‍മ്മം ചെയ്യുക. അതിനുപകരമായി, തന്നെ അംഗീകരിക്കണമെന്നും ഉന്നതപദവി ലഭിക്കണമെന്നും ആഗ്രഹിക്കുന്നത് ഉത്തമമായ കര്‍മ്മം അല്ല. ഫലത്തെ ഇച്ഛിക്കാതെ, തിരിച്ച് പ്രതിഫലം ലഭിക്കണം എന്ന് ചിന്തിക്കാതെ, സത്പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ നാം ഉദ്ദേശിക്കുന്ന ഫലം തിരികെ ലഭിക്കാതെവരുമ്പോള്‍ ദ്വേഷിക്കുകയും കര്‍മ്മത്തില്‍ നിന്നും പിന്മാറുകയും ചെയ്തേക്കാം. ദ്വേഷം സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ സത്കര്‍മ്മങ്ങള്‍ ചെയ്തിട്ട് അത് അപ്പോള്‍ത്തന്നെ മനസ്സില്‍നിന്നും ഉപേക്ഷിക്കുക എന്ന് മഹത്തുക്കള്‍ ഉപദേശിക്കുന്നു. നിഷ്കാമകര്‍മ്മം ഏറ്റവും അധികം വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വിഷയമാണ്. എന്നാല്‍ ലൗകികജീവിതവിജയത്തിന്റെ  ആണിക്കല്ലാണ് നിഷ്കാമകര്‍മ്മം എന്നാണ് ഭാരതീയ ദാര്‍ശനികര്‍ കല്പിച്ചിരിക്കുന്നത്.

“യസ്യ സര്‍വേ സമാരംഭാഃ
കാമസങ്കല്പ വര്‍ജിതാഃ
ജ്ഞാനാഗ്നിദഗ്ദ്ധകര്‍മ്മാണാം
തമാഹുഃ പണ്ഡിതം ബുധാഃ”

ആരുടെയാണോ എല്ലാ കര്‍മ്മങ്ങളും ഫലാശയോ കാമനകളോ കൂടാതെയിരിക്കുന്നത്, ജ്ഞാനമാകുന്ന അഗ്നിയില്‍ കര്‍മ്മങ്ങളെല്ലാം ദഹിപ്പിച്ച ആ ആളെയാണ് അറിവുള്ളവര്‍ ‘പണ്ഡിതന്‍‌‘ എന്ന് സംബോധന ചെയ്യുന്നത്.

ലൗകികവിദ്യാസമ്പന്നരും ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരും വലിയ അധികാരശേഷി ഉള്ളവരുമായ വ്യക്തികളെ, മഹാപണ്ഡിതന്‍ എന്നോ മഹത് വ്യക്തി എന്നോ ജനം തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ പുറമേ കാണിക്കുന്നതെല്ലാം അവരുടെ ലൗകികസ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമാണ്. ഇങ്ങനെയുള്ളവരെയാണ് ശങ്കരാചാര്യര്‍ ‘ഉദരനിബദ്ധൗ ബഹുകൃതവേഷ’ എന്ന് പരിഹസിച്ചിട്ടുള്ളത്. ഉദരപൂരണത്തിനായി ബഹുകൃതങ്ങളായ വേഷങ്ങളെ അവര്‍ കൈക്കൊള്ളുന്നു. ഏതൊരു വ്യക്തിയാണോ എല്ലാ കര്‍മ്മങ്ങളും ഫലേച്ഛകൂടാതെ അനുഷ്ഠിക്കുന്നത്, അവരാണ് യഥാര്‍ത്ഥ പണ്ഡിതന്മാര്‍‌. ഇതു തന്നെയാണ് ബുധജനങ്ങളുടെ, അറിവുള്ള വ്യക്തികളുടെ, അഭിപ്രായവും. ഇവരുടെ കര്‍മ്മങ്ങള്‍ അഖിലവും ജ്ഞാനമാകുന്ന അഗ്നിയാല്‍ സമ്പുഷ്ടവും ആക്കപ്പെട്ടിരിക്കുന്നു. അഗ്നിക്ക് എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് പരിശുദ്ധമാക്കുന്നതിനുള്ള സവിശേഷ ഗുണമുണ്ട്. അതിനാലാണ് ജ്ഞാനത്തെ അഗ്നിയോട് സാമ്യപ്പെടുത്തിയിരിക്കുന്നത്. അഗ്നി എപ്രകാരമാണോ എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് ശുദ്ധമാക്കുന്നത്, അപ്രകാരംതന്നെ ജ്ഞാനമാകുന്ന അഗ്നിയില്‍ തന്റെ എല്ലാ കര്‍മ്മങ്ങളേയും ഭസ്മീകരിക്കുന്ന വിദ്വാന്മാരെയാണ് പണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കാവുന്നത്. നന്മതിന്മകളെ വേര്‍തിരിച്ച് നന്മ മാത്രം സ്വീകരിക്കുകയും, ലോകത്തുള്ള സമസ്ത ജീവികളോടും കരുണാപൂര്‍ണ്ണമായ മാനസിക ഭാവം ഉണ്ടാകുകയും ചെയ്താല്‍ ലൗകികജീവിതം സുഗമവും, ശാന്തവും, ഉന്നതവുമായി ഭവിക്കും. സഹജീവികളോട് കരുണ കാണിക്കാത്തവന് സൃഷ്ടാവിന്റെ കരുണ ലഭിക്കുകയില്ല. ആയതിനാല്‍ മനസ്സ്, വാക്ക്, പ്രവൃത്തി ഇവയില്‍ എപ്പോഴും പരിശുദ്ധി കാത്തുസൂക്ഷിക്കണം. ഇതുതന്നെയാണ് എല്ലാമതങ്ങളുടേയും, ദാര്‍ശനികരുടേയും പരമമായ ലക്ഷ്യവും ധര്‍മ്മവും.

സോമദാസ്

Tuesday, 2 October 2012

മൌനത്തിന്റെ ഭാഷ്യം

ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ അവരെ സഹായിക്കും എന്ന് എന്നോട് എന്റെ നല്ലപാതി കൂടെക്കൂ‍ടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തായാലും ഇവക്കിട്ടൊരു സഹായം ചെയ്യണം!! അതിനുള്ള അവസരവും കാത്ത് ഞാന്‍ ഒരു മലമുഴക്കി വേഴാമ്പലിനെപ്പോലെ ഇരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വീട്ടില്‍ കുറച്ച് അതിഥികള്‍ എത്തിയത്. ഇതുതന്നെ നല്ല അവസരം. ഇപ്പോള്‍ അവളെ സഹായിച്ചാല്‍ പിന്നെ അടുത്തകാലത്തൊന്നും പരാതിയുമായി എത്തില്ല. ഞാന്‍ പതുക്കെ അടുക്കളവാതിലില്‍ ചെന്ന് എത്തിനോക്കി. എന്തെങ്കിലും ഹെല്പ് വേണോ എന്ന് ചോദിക്കുന്നതിനു മുമ്പുതന്നെ എനിക്ക് പണി കിട്ടി. പപ്പടം കാച്ചാന്‍ ഒരവസരം. വലിയ പ്രയാസമില്ലാത്ത പണി. ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഞാന്‍ പണി തുടങ്ങി.

എണ്ണ ചൂടാക്കി ഒരു പപ്പടം അതിലേക്ക് ഡൈവ് ചെയ്യിച്ചു. അത് എണ്ണയില്‍ മുങ്ങി ശീല്‍ക്കാരത്തോടെ പൊങ്ങി പൊള്ളാന്‍ തുടങ്ങി. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു. ഒട്ടും കരിയരുത്. ഈ പപ്പടം കഴിച്ചിട്ട് എല്ലാവരും സംതൃപ്തിയടയണം. നന്നായി മൂത്തത് എടുത്തിട്ട് അടുത്തതിട്ടു. ഇങ്ങനെ രണ്ടുമൂന്നെണ്ണം വേഗത്തില്‍ കഴിഞ്ഞു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. പപ്പടം എണ്ണയിലിടുമ്പോള്‍ ശബ്ദത്തോടെ അത് പൊള്ളി വരുന്നു. എപ്പോള്‍ അത് നന്നായി മൂത്ത് പാകമാകുന്നുവോ അപ്പോള്‍ മുതല്‍ അത് നിശബ്ദമായി. അത് മൂക്കുന്നതുവരെയേയുള്ളൂ അതിന്റെ ചീറ്റലും ശബ്ദവും. നന്നായി പാകമായാല്‍പ്പിന്നെ നിശബ്ദം. ഇതുതന്നെയല്ലേ മനുഷ്യരുടേയും കാര്യം! അറിവ് സമ്പാദിക്കുന്ന സമയം വലിയ കോലാഹലങ്ങളും വിളിച്ചു പറയലും തകൃതിയായിട്ടുണ്ടാകും. അറിവ് പൂര്‍ണ്ണമാകുമ്പോള്‍ മിതഭാഷിയായി അല്ലെങ്കില്‍ കഴിയുന്നതും മൌനിയായി സ്ഥിതിചെയ്യുന്നതായി കാണാം.

എന്തോ കരിയുന്ന മണമടിക്കുന്നല്ലോ!! ഞാന്‍ പാത്രത്തിലേക്ക് നോക്കി. രണ്ടു പപ്പടം എണ്ണയില്‍ കിടന്ന് കരിഞ്ഞു കറുത്ത പുക ഉയരുന്നു. ദൈവമേ ഇതെപ്പോ സംഭവിച്ചു!! എന്തെങ്കിലും ചെയ്യാന്‍ ഒക്കുന്നതിനു മുന്‍പ് ഭാര്യ ഓടി വന്ന് എന്നെ അടുക്കളയില്‍ നിന്ന് പുറത്താക്കി. എന്നിരുന്നാലും ഒരു വലിയ സത്യത്തിന് സാ‍ക്ഷിയായല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ പലതും ചിന്തിച്ചുകൊണ്ടു നടന്നു.

മുമ്പൊരിക്കല്‍ കടല്‍ കാണാന്‍ പോയ കാര്യം ഞാന്‍ ഓര്‍ത്തു. കടല്‍തീരത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ കടല്‍ കോപിച്ചിരിക്കയാണെന്ന് അവിടെയുള്ളവര്‍ പറയുന്നതു കേട്ടു. കടലിന്റെ ഇരമ്പലും ശക്തിയാ‍യ തിരമാലയും കണ്ടപ്പോള്‍ അത് ബോധ്യമാകുകയും ചെയ്തു. എത്രനേരം കണ്ടാലും മതിവരാ‍ത്ത ഭംഗിയും ഗാംഭീര്യവും കടലിനുണ്ട് എന്നത് സത്യമാണെന്നു തോന്നി. സമുദ്രത്തിന്റെ ഭംഗി തന്നെ അതിലെ തിരമാലകളാണ്. തിരമാലകളില്ലാത്ത സമുദ്രത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. പസഫിക് സമുദ്രത്തില്‍ തിരമാലകളില്ലെന്ന് കേട്ടിട്ടുണ്ട്. എന്തായിരിക്കും അതില്‍ തിരമാലകളില്ലാത്തത്? ഏറ്റവും ആഴം കൂടിയ സമുദ്രമാണത്. അനേകം അഗാധ ഗര്‍ത്തങ്ങള്‍ അതിലുണ്ട്. അതിന്റെ അഗാധത കൊണ്ടാണ് അതില്‍ തിരമാലകളുണ്ടാകാത്തത്. ആഴം കുറഞ്ഞ കാട്ടാറുകള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടും അതിവേഗത്തിലും ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ആഴമില്ലാത്ത പുഴകളും സമുദ്രങ്ങളും, ഒഴുക്കിന്റെ ശക്തികൊണ്ടോ തിരമാലകളുടെ ശക്തി കൊണ്ടോ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അഗാധമായവ നിശബ്ദവും നിശ്ചലവുമായിരിക്കും. അല്പജ്ഞാനികളായ മനുഷ്യര്‍ വലിയ കോലാഹലങ്ങളും വാക്കുതര്‍ക്കങ്ങളും മത്സരപ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും.കുടം ജലാശയത്തില്‍ മുക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ജലം അതില്‍ കയറുന്നു. കുടം പൂര്‍ണ്ണമായും നിറയുമ്പോള്‍ ശബ്ദം നിലയ്ക്കുകയും ചെയ്യും. പൂര്‍ണ്ണജ്ഞാനികള്‍ അവരുടെ ജ്ഞാനത്തിന്റെ അഗാധതയാല്‍ ശാന്തരും, മിതഭാഷികളും, ചിലപ്പോള്‍ മൌനികളുമായി കാണപ്പെടും. അങ്ങനെയുള്ളവരുടെ മൌനം വാചാലമായിരിക്കും. ആ മൌനത്തിന്റെ ഭാഷ പൂര്‍ണ്ണവും അര്‍ത്ഥഗര്‍ഭവുമായിരിക്കും. അതുകൊണ്ടാണ് ‘മൌനം വിദ്വാനു ഭൂഷണം’ എന്നും, ജ്ഞാനി, ‘ഗംഗ തന്നിലെ ഹൃദം പോലെ’ എന്നും പറഞ്ഞുകാണുന്നത്.

അതിഥികളെ എല്ലാം ഒരുവിധം ഭംഗിയായി പറഞ്ഞയച്ചു. എന്റെ സഹായത്തിന്റെ മേന്മയെക്കുറിച്ച് അവള്‍ വാചാലയായിത്തുടങ്ങി. മൌനത്തിന്റെ ഭാഷ്യം അതുല്യമാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മിതഭാഷിയായും വീണ്‍‌വാക്ക് പറയാത്തവനായും ആകാന്‍ കൊതിച്ചു.

സോമദാസ്

Sunday, 12 August 2012

ശര്‍ക്കര വരട്ടി

ആ വലിയ വാതില്‍ തുറക്കുന്നതും നോക്കിക്കൊണ്ട് ഞാന്‍ നിന്നു. നിശ്ചലമായി നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം തിരമാലപോലെ ഒരു സമ്മര്‍ദ്ദപ്രവാഹം ആ ജനക്കൂട്ടത്തെ ചലിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സമ്മര്‍ദ്ദം കൂടുകയും ഞാന്‍ തറയില്‍ നിന്നും പൊങ്ങുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. അല്പസമയത്തിനുള്ളില്‍ എങ്ങനൊക്കെയോ ഞാന്‍ ഒരു കസേരയില്‍ ഇരുന്നു. അതിവേഗം ചലിക്കുന്ന മനുഷ്യരെക്കണ്ട് തലകറങ്ങാതിരിക്കാന്‍ മുന്‍പില്‍ കണ്ട ഇലയിലേക്ക് നോക്കി. ഹൊ! അവസാനം എന്റെ സ്വന്തം ഇലയ്ക്കുമുന്നില്‍ ഞാന്‍ എത്തിപ്പെട്ടിരിക്കുന്നു.തൊട്ടടുത്ത കസേര ഒഴിഞ്ഞു കിടക്കുന്നതുകണ്ട് ആ കസേരയിലേക്ക് മാറിയിരിക്കാന്‍ ഒരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ മാറിയിരുന്നു. ഓ.. അപ്പോള്‍ ഇതായിരുന്നു എന്റെ ഇല. ഞാന്‍ മന്ത്രിച്ചു. ഈ ഇല ഇന്നലെ ഈ സമയം ആയിരക്കണക്കിനു ഇലകളുടെ ഇടയിലായിരുന്നു. എന്നാല്‍ ഞാന്‍ ഈ ഇലയുടെ അടുത്തല്ലല്ലോ നേരത്തേ ഇരുന്നത്. ഞാന്‍ ഇരുന്ന ഇല എന്റേതല്ലാത്തതുകൊണ്ടാണ് എനിക്ക് മാറിയിരിക്കേണ്ടി വന്നത്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഇലയുടെ അടുത്തേ അവര്‍ക്ക് ഇരിക്കാന്‍ കഴിയുകയുള്ളൂ. പലരും അവരുടെ ഇല കിട്ടാതെ ഇറങ്ങിപ്പോയി. ഇനി അടുത്ത തവണ ഇല ഇടുമ്പോള്‍ അവര്‍ക്കും സദ്യ ഉണ്ണാം.

സദ്യ പൊതുവേ എല്ലാപേര്‍ക്കും ഇഷ്ടമാണ്. കാരണം അത് ‘ ചതുര്‍വിധാന്ന സമ്പന്ന’മാണ്. നാലുവിധത്തിലും ഭക്ഷിക്കാവുന്ന വിഭവങ്ങള്‍ അടങ്ങിയതിനെയാണ് ചതുര്‍വിധാന്ന സമ്പന്നമെന്നു വിവക്ഷിക്കുന്നത്. കടിച്ചുപൊട്ടിച്ച് തിന്നുക, തൊട്ടുനക്കുക, ചവച്ചു തിന്നുക, കോരിക്കുടിക്കുക എന്നിവയാണ് ആ നാലു ഭക്ഷ്യങ്ങള്‍. ഇവയെല്ലാം ഈ സദ്യയില്‍ ഉണ്ട്. ഞാന്‍, കടിച്ചുപൊട്ടിച്ചുതിന്നുന്ന ശര്‍ക്കരവരട്ടിയും ഉപ്പേരിയും എടുത്ത് തിന്നാന്‍ തുടങ്ങി. ഈ ശര്‍ക്കരവരട്ടി ഏതോസ്ഥലത്തെ ഏത്തക്കുലയില്‍ ഉണ്ടായിരുന്നതാണ്. അത് ഇവിടെ കൊണ്ടുവന്നപ്പോഴും കഷണങ്ങളാക്കിയപ്പോഴും എന്റെ കഷണം ഉണ്ടായിരുന്നു. ആ കഷണം തന്നെ എനിക്ക് കിട്ടുകയും ചെയ്തു. അത് അനേകം കഷണക്കൂട്ടങ്ങള്‍ക്കിടയില്‍ കിടന്ന് ഇളകി മറിയുമ്പോഴും ആ കഷണം എന്റേതായിത്തന്നെയിരുന്നു. വിളമ്പുകാര്‍ പല പാത്രങ്ങളില്‍ അവകളെ പങ്കുവച്ചപ്പോഴും എന്റേത് കൃത്യമായി എന്റെ മുന്നില്‍ എത്തി.ഇതുതന്നെയാണ് ഉപ്പേരിയുടേയും പപ്പടത്തിന്റേയും പഴത്തിന്റേയുമൊക്കെ സ്ഥിതി. എനിക്കുള്ളതെല്ലാം എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ട്.ഇങ്ങനെ എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ടെങ്കിലും അവ എന്റേതല്ലായെങ്കില്‍ എനിക്കത് തിന്നാന്‍ കഴിയില്ല. അതുകൊണ്ടാണ് ചോറ് ഇലയില്‍ ഇട്ടപ്പോള്‍, ഇലയില്‍ നിന്നും കുറച്ചു ചോറ് തറയില്‍ വീണത്. ഞാന്‍ താഴേക്കു നോക്കി. അതില്‍ എന്റെ പേര് എഴുതിയിട്ടില്ലായിരിക്കും എന്നു ഞാന്‍ സമാധാനിച്ചു. “നീ ഭക്ഷിക്കുന്ന ഓരോ അരിമണിയിലും നിന്റെ പേര് എഴുതിയിട്ടുണ്ടാകും’ എന്ന് ഖുര്‍‌-ആനില്‍ എഴുതിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. എന്റെ പേരില്ലാത്തതൊന്നും എനിക്ക് ഭക്ഷിക്കാന്‍ കഴിയില്ല എന്നാണല്ലോ അതിനര്‍ത്ഥം.

ഇതിന് ഒരു ശാസ്ത്രീയത നല്‍കാന്‍ കഴിയുമോ എന്നു ഞാന്‍ ചിന്തിച്ചു. ഒരാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കത്ത് അയയ്ക്കുന്നു എന്ന് സങ്കല്പിച്ചു. കത്തെഴുതി, കവറില്‍ കിട്ടേണ്ട ആളുടെ മേല്‍‌വിലാസവും എഴുതി പോസ്റ്റു ചെയ്തു. പിന്നീട് ആ എഴുത്തിന് എന്തെല്ലാം സംഭവിക്കുന്നുവെന്ന് അയച്ച ആളോ കിട്ടേണ്ട ആളോ അറിയുന്നില്ല. അതിനെ പോസ്റ്റുമാന്‍ എടുത്ത് മറ്റുകത്തുകളോടൊപ്പം ഓഫീസില്‍ കൊണ്ടുപോയി സീല്‍ ചെയ്തു. എന്നിട്ട് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകാനുള്ള ബാഗില്‍ ഇട്ട് ഭദ്രമായി കെട്ടിവച്ചു. കെട്ടുകള്‍ എടുത്ത ആള്‍ക്ക് തെറ്റുപറ്റി അത് മറ്റൊരു രാജ്യത്തിലേക്കുള്ള കെട്ടുകളുടെ കൂട്ടത്തില്‍ വച്ചു. പിന്നീടുള്ള പരിശോധനയില്‍ തെറ്റ് കണ്ടെത്തി ആ കെട്ട് ഇന്ത്യയിലേക്കുള്ളവയുടെ കൂട്ടത്തില്‍ ആക്കി. വിമാനത്തിന്റെ അടിഭാഗത്തുള്ള ഇരുണ്ട അറയില്‍ കിടന്ന് ആ കത്ത് കടല്‍ കടന്ന് ഇന്ത്യയിലെത്തി. കേരളത്തിലേക്കുള്ള ബാഗില്‍ അത് കേരളത്തിലും എന്റെ പോസ്റ്റാഫീസിലും എത്തി. അവസാനം അത് എന്റെ കയ്യില്‍ത്തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ കത്ത് പോസ്റ്റുചെയ്യുന്ന സമയം മുതല്‍ അത് എന്റെ കയ്യില്‍ എത്തിച്ചേരുന്നതുവരെയുള്ള ഒന്നുംതന്നെ എനിക്കോ ആര്‍ക്കുമോ അറിയാന്‍ കഴിയില്ല. എന്നിരുന്നാലും അത് കൃത്യമായി എന്റെ കയ്യില്‍ത്തന്നെ എത്തി. ഇതുപോലെ ഓരോരുത്തരുടേയും ഭക്ഷ്യവസ്തുക്കളിലും അവരവരുടെ പേര് അദൃശ്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. ഈ വിശ്വാസം കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്? നമുക്കുള്ളത്  നമുക്കുതന്നെ ലഭിച്ചിരിക്കും. നമുക്ക് ലഭിക്കാത്തത് നമ്മുടേതല്ല.

അടുത്തിരുന്നയാള്‍ എഴുന്നേറ്റപ്പോള്‍ ഞാനും എണീറ്റു. എന്ത് കഴിച്ചിട്ടാണ് എന്റെ വയര്‍ നിറഞ്ഞത് എന്നോ അതിന്റെയൊക്കെ രുചി എന്തായിരുന്നെന്നോ ഞാനറിഞ്ഞില്ല. അടുത്ത സദ്യയ്ക്കെങ്കിലും രുചിയറിഞ്ഞ് കഴിക്കണം എന്ന ചിന്തയോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

സോമദാസ്

Saturday, 14 July 2012

മുടിയനായ പുത്രന്‍

ഭാരതീയ ദര്‍ശനങ്ങളില്‍ ‘വസുധൈവകുടുംബകം’ എന്നൊരു സങ്കല്പമുണ്ട്. ഈ ലോകത്തെ മുഴുവന്‍ ഒറ്റ കുടുംബമായി കാണുക എന്നതാണത്. ഈ ലോകകുടുംബത്തിലെ അംഗങ്ങളാണ് ഭൂമിയില്‍ കാണുന്ന എല്ലാ ജീവജാലങ്ങളും. ജലത്തില്‍ ജീവിക്കുന്ന അസംഖ്യം ജീവികളും കരയില്‍ ജീവിക്കുന്ന അനേകലക്ഷം ജീവജാലങ്ങളും പറവകളും എല്ലാം എല്ലാം ഭൂമി എന്ന കുടുംബത്തിലെ അംഗങ്ങളാണ്. സ്വാഭാവികമായും കുടുംബത്തിന് ഒരു കുടുംബനാഥന്‍ വേണമല്ലോ! അത് ഈ ലോകത്തിന്റെ സൃഷ്ടാവാണെന്ന് സങ്കല്പിക്കാം. ഈ ലോകവും അതിലെ സമസ്ത ജീവജാലങ്ങളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും അവയ്ക്ക് വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതുമായ ഒരു സ്ഥാനം സങ്കല്പിച്ച് അതിനെ നമുക്ക് നമ്മുടെ കുടുംബനാഥനായി കരുതാം.

ഈ സൃഷ്ടാവ് - പ്രകൃതി - അതിലെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഭൂമിയില്‍ ഒരുക്കിക്കൊടുക്കുന്നു. ശ്വസിക്കാനും കുടിക്കാനും ഭക്ഷണത്തിനും ആവശ്യമുള്ളത്രയും ശുദ്ധമായി പ്രകൃതിയിലൂടെ സൃഷ്ടാവ് അവകള്‍ക്ക് നല്‍കി. എല്ലാ ജീവികളും കുടുംബനാഥന്‍ നല്‍കിയ വിഭവങ്ങള്‍ സ്വീകരിച്ച് സുഖമായി ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ എല്ലാ ജീവികളിലും വച്ച് മനുഷ്യനുമാത്രം വിശേഷബുദ്ധി എന്നൊന്നുണ്ടായിരുന്നു. ഈ വിശേഷബുദ്ധികൊണ്ട് അവന്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് എല്ലാ ജീവജാലങ്ങളെയും തന്റെ അധീനതയിലാക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു. അവന്‍ ആഗ്രഹിച്ചതൊക്കെ സാധിക്കുമെന്നായപ്പോള്‍ കൂടുതല്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവന്റെ വാസസ്ഥാനത്തേയും പ്രകൃതിയേയും അവന്‍ ചൂഷണം ചെയ്യാന്‍ തുടങ്ങി. എല്ലാം അവന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടിയായിരുന്നു. ഈ പ്രക്രിയ ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഒരു പുത്രന്‍ തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വിഭവങ്ങള്‍ മുഴുവനും തനിക്കുവേണമെന്ന് ശാഠ്യം പിടിക്കുകയും അത് തട്ടിപ്പറിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്താല്‍ ലോകം അവനെ എങ്ങനെ ഗണിക്കും? അതുപോലെതന്നെ ലോകമാകുന്ന കുടുംബത്തിന്റെ പ്രകൃതി വിഭവങ്ങളെ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കുടുംബധനം നശിപ്പിക്കുന്ന പുത്രനെ ‘മുടിയനായ പുത്രന്‍‌‘ എന്നു ഗണിക്കുന്നതുപോലെ ഭൂമിയുടെ മുടിയനായ പുത്രനാണ് മനുഷ്യന്‍‌. കഥയിലെ മുടിയനായ പുത്രന്‍ തെറ്റ് മനസ്സിലാക്കി അവസാനം പിതൃസന്നിധിയില്‍ അണഞ്ഞു മാപ്പു ചോദിച്ചു. ഭൂമിയുടെ മുടിയനായ പുത്രനായ മനുഷ്യനും എന്നെങ്കിലും മാനസാന്തരപ്പെട്ട് പ്രകൃതിക്ക് അനുസൃതമായി വരണേ എന്ന് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കുന്നു.

സോമദാസ്

Monday, 2 July 2012

തേന്‍ തുള്ളികള്‍

അതിമനോഹരമായ ഒരു വനപ്രദേശത്തുകൂടി ഞാന്‍ നടക്കുകയാണ്. നിലം കാണാത്തവിധം കരിയില മൂടിക്കിടക്കുന്നു. നടക്കാന്‍ നടപ്പാതയില്ല. നി‌മ്നോന്നതഭൂമി. അടിക്കാടുകള്‍ അധികമില്ലാത്തതിനാല്‍ മുന്‍ഭാഗം കാണാം. ചെറിയ ചെടികളെയും വള്ളികളെയും വകഞ്ഞ് മാറ്റിക്കൊണ്ട് ഞാന്‍ നടന്നു. പ്രകാശമുണ്ട്; പക്ഷേ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നില്ല. അതിനാല്‍ത്തന്നെ ആതീവ ഹൃദ്യമായ ഒരു കുളിര്‍മ. വളരെ പ്രയാസപ്പെട്ട് നോക്കിയാലേ വൃക്ഷങ്ങളുടെ തലപ്പുകള്‍ കാണാന്‍ കഴിയൂ. ഉയരമുള്ള ചില വൃക്ഷങ്ങളില്‍ നിന്നും കനമുള്ള കാട്ടുവള്ളികള്‍ ഭയാനകമാംവിധം താഴേക്ക് തൂങ്ങിക്കിടക്കുന്നു. ദൂരെയായിക്കാണുന്ന വൃക്ഷങ്ങളുടെ മുകള്‍ഭാഗം മുഴുവന്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കണ്ണിന് അതീവ സുന്ദരമായ ഒരു വിരുന്ന് തന്നെയാണ്. ഞാന്‍ കണ്ടിട്ടുള്ള ബോണ്‍സായ് വൃക്ഷങ്ങളാണ് അപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത്. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി രൂപപ്പെടുത്തിയ അവ അതീവ ദുഃഖത്തോടെ എന്റെ മുന്നില്‍ നില്‍ക്കുന്നതായി തോന്നി. ഇവിടെയോ, വന്‍‌വൃക്ഷങ്ങള്‍ മത്സരിച്ച് വളര്‍ന്നതുപോലെതോന്നും കണ്ടാല്‍. ഈ മനോഹരമായ പ്രകൃതിയുടെ കളിത്തൊട്ടിലില്‍ എത്തിയപ്പോള്‍ എന്തോ ഒരു ആത്മബന്ധസ്മരണ ഉജ്ജ്വലമായി തെളിഞ്ഞു വന്നു.

മുന്‍പില്‍ കണ്ട ഒരു വലിയ വൃക്ഷത്തിന്റെ കൊമ്പില്‍ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നു. ഒരു വലിയ കുട്ടകത്തിന്റെ വലിപ്പം. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് ഒരു തേനീച്ചക്കൂടാണെന്ന് മനസ്സിലായി. അതില്‍ നിന്നും ‘തേന്‍‌തുള്ളികള്‍’ താഴേക്ക് വീണുകൊണ്ടിരിക്കുന്നു. താഴെക്കു വീണ അത് അക്ഷരങ്ങളും വാക്കുകളുമായി രൂപാന്തരപ്പെടുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. ആ വാക്കുകള്‍ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു...

“നീ ലോകത്തുനിന്ന് എന്ത് ആഗ്രഹിക്കുന്നുവോ
അതുപോലെ ലോകത്തോടു ചെയ്യുക.”

“നീ മറ്റുള്ളവരെ ബഹുമാനിച്ചാല്‍
മറ്റുള്ളവര്‍ നിന്നെയും ബഹുമാനിക്കും.”

“സംസാരം രചതവും
മൌനം സുവര്‍ണ്ണവുമാണ്.”

“വായിലേക്ക് എന്ത് പോകുന്നുവെന്നതിനേക്കാള്‍ പ്രധാനം
വായില്‍ നിന്നും എന്ത് വരുന്നുവെന്നുള്ളതിനാണ്.”

“പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ ശ്രേഷ്ഠം
അന്യരെ സഹായിക്കുന്ന ഹസ്തങ്ങളത്രേ.”

“ഈശ്വരന്‍ നിന്റെ രൂപത്തിലേക്കല്ല നോക്കുന്നത്
ഹൃദയത്തിലേക്കത്രെ.”

“ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്‍
ഒന്നും ചെയ്യാത്തവനായിരിക്കും.”

“ഒരു വണ്ടി നിറയെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അറിവിനേക്കാള്‍ ശ്രേഷ്ഠം
ഒരുപിടി ക്ഷമയത്രേ.“

“ഉയരമുള്ള ഒരു സ്ഥലത്തെത്തുവാന്‍
അത്രയും ഉയരമുള്ള ഒരു കോണി ആവശ്യമാണ്.”

“ജ്ഞാനം - അത് നിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട രത്നമാണ്.
അത് എവിടെക്കണ്ടാലും എടുക്കണം.”

“ജീവികളോട് കരുണ കാണിക്കാത്തവന്
ഈശ്വരന്റെ കരുണ ലഭിക്കുകയില്ല.”

“സത്യത്തിന് നിലനില്‍ക്കാന്‍
ഒന്നിന്റേയും സഹായം ആവശ്യമില്ല.”

“തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍
താഴ്ത്തപ്പെടും.”

“താഴ്മതാനഭ്യുന്നതി.”

“നല്‍കുന്നവന്‍ നേടുന്നു.”

“നീ ഈശ്വരന്റെ അടുത്തേക്ക് ഒരടി നടക്കുമ്പോള്‍
ഈശ്വരന്‍ നിന്റെ അടുത്തേക്ക് പത്തടി വരും.”

“ശരീരം ആത്മാവിന്റെ ഉപകരണമത്രെ.”

“പാലിലേക്ക് എത്ര സൂക്ഷിച്ച് നോക്കിയാലും വെണ്ണ കാണാന്‍ കഴിയില്ല,
ലോകത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഈശ്വരനെ കാണാന്‍ കഴിയില്ല.”

“അനുഷ്ടിക്കേണ്ടതേതോ
അത് ധര്‍മ്മമാകുന്നു.”

“അനേകം വിളക്കുകള്‍ കത്തിക്കാവുന്ന
വിളക്കായിരിക്കണം അദ്ധ്യാപകന്‍‌.“

“ദുഃഖം എടുക്കരുത്,
ദുഃഖം കോടുക്കരുത്.”

“തിന്നുന്നത് മണ്ണിനും
നല്‍കുന്നത് വിണ്ണിനും.”

“ഒരാളെ അസഭ്യം പറയാന്‍ വലിയ അറിവുവേണ്ട
എന്നാല്‍ അസഭ്യം പറയുന്ന ഒരാളിന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ഒരു വിശാലഹൃദയനേ കഴിയൂ.”

“കല്ല് ഈശ്വരനല്ല
എന്നാല്‍ ഈശ്വരന്‍ കല്ലുമാണ്.”

“മനഃപ്പൂര്‍വ്വം തോറ്റു കൊടുക്കുന്നത്
യഥാര്‍ത്ഥത്തില്‍ വിജയമാണ്.”

“തെറ്റ് മാനുഷികമാണ്
ക്ഷമ ദൈവീകവും.”

“നമ്മുടെ കയ്യില്‍ മൂല്യങ്ങളുണ്ടെങ്കിലേ
നമുക്ക് മറ്റുള്ളവര്‍ക്ക് അത് നല്‍കുവാന്‍ കഴിയൂ.”

“ഏഴു സമുദ്രങ്ങള്‍ ജ്ഞാനം ആണെങ്കില്‍
അതില്‍ ഒരു തുള്ളിയാണ് എന്റെ ജ്ഞാനം.”

“എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്നത്
എനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ്.”

പകല്‍ കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഉച്ചത്തില്‍ പറയുന്നതുകേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഹൊ, കുറച്ചു തേന്‍‌തുള്ളികള്‍ കൂടി തൊട്ടുനക്കാമായിരുന്നു എന്ന എന്റെ വാക്കുകള്‍ കേട്ട് ഭാര്യ പൊട്ടിച്ചിരിച്ചു.

സോമദാസ്