Sunday, 17 November 2013

ബോധക്കേട്

ഞാൻ ഇടവഴിയിലൂടെ നടന്നു. പഴയകാലത്തെ വഴി. അധികം വീതിയില്ലാതെ രണ്ടു ഭാഗത്തും ഉയർന്ന കയ്യാലകൾ. കുറേ ദൂരം നടന്നപ്പോൾ എതിരേ എന്തോ വരുന്നതായി തോന്നി. ആദ്യം അതൊരു കറുത്ത രൂപമായിരുന്നു. അടുത്തു വരുന്തോറും സ്പഷ്ടമായി കണ്ടു; ഒരു ആന! ആന നേരെ നടന്നു വരികയാണ്. ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി. അത് എന്നെ ക്രുദ്ധമായി നോക്കി എന്റെ നേരെ നടന്നടുത്തു. എന്റെ ശരീരം മുഴുവനും ഒരു മരവിപ്പ് ബാധിച്ചു. ഞാൻ തിരിഞ്ഞോടി. എന്റെ സർവ്വ ശക്തിയുമെടുത്ത് ഓടി. കുറേ ഓടിയിട്ട് തിരിഞ്ഞു നോക്കി. ആന എന്റെ തൊട്ടു പിന്നിൽ. വീണ്ടും ശരീരം വിറച്ചു; ശക്തി സംഭരിച്ചുകൊണ്ട് ഓടി. തൊട്ടുമുന്നിൽ എന്തോ തൂങ്ങിക്കിടക്കുന്നു. പെട്ടന്ന് എനിക്കു മനസ്സിലായി; അതൊരു ഊഞ്ഞാലാണ്! അതിൽ കയറിയിരുന്നു. അത് എന്നേയും കൊണ്ട് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഞാൻ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തു. ഉയരത്തിലിരുന്ന ഞാൻ താഴേക്കു നോക്കി. താഴെനിന്നും ഒരു തുമ്പിക്കൈ പൊങ്ങിവന്ന് ഊഞ്ഞാലിനു തൊട്ടടുത്തായി നിൽക്കുന്നു. ഞാൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് മേല്പോട്ടു പൊങ്ങി. വീണ്ടും അതാ തുമ്പിക്കൈ പൊങ്ങി വരുന്നു. അത് എന്നെ ഒറ്റത്തട്ട്. ഞാൻ ഊഞ്ഞാലിൽ നിന്നും തെറിച്ചു താഴെവീണു. ഒരു വലിയ പഞ്ഞിക്കെട്ടിൽ ആണ്ടിറങ്ങുന്നതുപോലെ തോന്നി. കൂടെ ശ്വാസം മുട്ടലും. പെട്ടെന്ന് ഞാൻ ബോധം കെട്ടു.

ഒരു ശബ്ദം കേട്ടു ഞാൻ സാവധാനം ഉണർന്നു. “എന്തിനാ മോനേ കരയുന്നത്?” ഞാൻ കണ്ണുതുറന്നു നോക്കിയെങ്കിലും കുറേസമയത്തേക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അമ്മയുടെ മടിയിൽ കിടന്ന് ഏങ്ങലടിച്ചു കരയുന്നു. ഞാൻ സ്വപ്നം കാണുകയായിരുന്നെന്ന് അമ്മ പറയുന്നതു കേട്ടു. എനിക്കും അത് മനസ്സിലായിത്തുടങ്ങി. എന്നിരുന്നാലും എന്റെ ഭയത്തോടെയുള്ള കരച്ചിൽ കുറച്ചുനേരം വെറുതേ തുടർന്നുകൊണ്ടിരുന്നു.

എന്റെ കുട്ടിക്കാലത്തു കണ്ട ആ സ്വപ്നം പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. അത് സ്വപ്നമായിരുന്നെങ്കിലും സ്പഷ്ടവും അതുകൊണ്ടുതന്നെ ഭീതിദവുമായിരുന്നു. ഈ ലൗകിക ജീവിതവും ഇതുപോലെ ദീർഘവും ദൃഢവുമായ ഒരു സ്വപ്നമല്ലേ? ആ‍ന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഞാൻ താഴേക്കു വീണു തെളിഞ്ഞതുപോലെ ജീവിതാവസാനം ഒരു തട്ടുകൊണ്ട് ബോധം കെട്ട് നമ്മളെല്ലാപേരും മറ്റൊരു ലോകത്ത് തെളിയും. സ്വപ്നത്തിൽ നിന്നും ഉണർന്ന് തെളിയുമ്പോൾ ഇതേവരെയും കണ്ടത് സ്വപ്നമായിരുന്നല്ലോ എന്ന് അതിശയിക്കുന്നതുപോലെ, ഈ ജീവിതത്തിൽ നിന്നും, മരണം എന്ന ഞെട്ടിയുണരലിലൂടെ മറ്റൊരു ലോകത്തെത്തുമ്പോൾ ഇതേവരെയും കണ്ട ജീവിതവും സ്വപ്നമായിരുന്നല്ലോ എന്ന് അത്ഭുതപ്പെടും. ഇതറിഞ്ഞവരല്ലേ “സ്വപ്നസന്നിഭം ലോകം” എന്ന് പറയുന്നത്. സ്വപ്നം കാണുമ്പോൾ എപ്രകാരമാണോ ഇത് സ്വപ്നമാണെന്ന് തോന്നാത്തത് അപ്രകാരം തന്നെയാണ് ലൗകിക ജീവിതത്തേയും നോക്കിക്കാണുന്നത്. ഇതുകൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾ ലൗകിക ജീവിതത്തിലേക്ക് ആണ്ടുപോകുന്നതും.

ഇപ്പോൾ ഞാൻ സ്വപ്നത്തെ ഭയപ്പെടുന്നില്ല. കാരണം അത് എത്ര ഭയത്തെ ഉണ്ടാക്കിയാലും ഉണർന്ന് സുരക്ഷിതമായി ഇരിക്കാമല്ലോ എന്നോർത്ത്. ഇതുപോലെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ ദുഃഖങ്ങളേയും ‘സ്വപ്നസന്നിഭം’ എന്നുകരുതി അവഗണിക്കാറുമുണ്ട്. എന്നാൽ ശാരീരികവ്യഥകളേയും വിശപ്പിനേയും സ്വപ്ന സന്നിഭത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്!

 സോമദാസ്

Tuesday, 5 November 2013

കുന്നിക്കുരു - 10


എല്ലാർക്കും ദൈവമൊന്നെന്നു
എല്ലാരും പറയുമെങ്കിലും
പല പേരിലതാക്കീട്ട്
പഴിചാരുന്നു തങ്ങളിൽ.


ഇവിടാണെന്നൊരു കൂട്ടർ
അവിടില്ലെന്നു മറ്റവർ
എവിടാണെന്നറിയാതെ
എവിടേക്കോ തിരിയുന്നഹോ.


എല്ലാത്തിന്റേയുമുൽ‌പ്പത്തി
എല്ലാത്തിന്റെ മടക്കവും
എല്ലാം നന്നായറിയുന്നോൻ
ഭഗവാനെന്നു ചൊല്ലിടും.


ദൈവം വാഴുന്നു സ്വർഗ്ഗത്തിൽ
വാഴുന്നൂ നരകത്തിലും
ദൈവം നരകത്തിലില്ലെങ്കിൽ
സർവ്വ വ്യാപിത്വമെങ്ങനെ?


പ്രാർത്ഥിച്ചീടുന്നു മർത്യൻ
തൻ കാര്യം സാധിക്കുവാൻ
തൻ കാര്യത്തിനു നിർത്തുണ്ടോ
പ്രാർത്ഥനക്കൊരു നിർത്തിനായ്!


ആചാര വിശ്വാസങ്ങൾ
പലതാണെന്നിരിക്കിലോ
ദേവസന്നിധിയിലെല്ലാം
ഒന്നാണെന്നു ധരിക്കണം.


അനിഷ്ടങ്ങൾ എന്തുവന്നാലും
ധർമ്മത്തിൻ പാത നോക്കിയും
ദൈവസങ്കല്പമായിട്ട്
ജീവിതം ധന്യമാക്കണം.


വാതിൽ മുട്ടി വിളിക്കേണ്ട
ദൈവത്തെ കണ്ടിടാൻ സഖേ
നമുക്കു വേണ്ടീട്ടെപ്പോഴും
ദൈവം വാതിൽ തുറന്നിടും.
ദൈവമില്ലെന്നു ചൊല്ലുന്നോർ
അതുതാൻ ചൊല്ലുമെങ്കിലും
എന്തെങ്കിലും ഉള്ളതായ് ചൊന്നാൽ
അതു ദൈവമെന്നോർക്കണം.


സോമദാസ്

Monday, 28 October 2013

കളക്ടർ

അഭ്യസ്തവിദ്യരായ അനേകം യുവാക്കൾ ഉള്ള നാടാണു കേരളം. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ബിരുദധാരികളേയും ബിരുദാനന്തര ബിരുദധാരികളേയും സുലഭമായി കാണാം. എല്ലാ മേഖലയിലും അൻപതുവർഷം മുൻപുള്ള സാമൂഹ്യക്രമത്തിൽ നിന്നും, സമൂഹത്തിന്റെ ജീവിതവീക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിയിലാണ് കേരളീയജനത എത്തിപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ നാലിലൊരുഭാഗം സമയംകൊണ്ടുതന്നെ വിദ്യാഭ്യാസവും ജീവനോപാധിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് ജനങ്ങൾ. അതിന്റെ പരക്കം പാച്ചിലിൽ ഉന്നതമൂല്യങ്ങൾക്കും സദാചാരബോധത്തിനും ഒരു വിലയും കല്പിക്കാതെയുള്ള പിടിച്ചടക്കത്തിന്റെ ലോകത്താണ് എല്ലാവരും. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ഉന്നതസ്ഥാനലബ്ധിയേക്കാൾ ധനസമ്പാദനത്തിന് നൽകിയിരിക്കുന്നു. സമ്പത്ത് എങ്ങനെയുണ്ടാക്കുന്നുവെന്നതിനേക്കാൾ എത്രത്തോളം ഉണ്ടാക്കുന്നു എന്നുള്ളതിനാണ് ഇന്ന് പ്രഥമസ്ഥാനം നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനമേ വിദ്യാഭ്യാസത്തിനു നൽകിയിട്ടുള്ളു. എന്നിരുന്നാലും വിദ്യാഭ്യാസചിന്ത കൂടുതലായി സമൂഹത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു സവിശേഷതയാണ്.

സാധാരണയായി എല്ലാംകൊണ്ടും തന്നെക്കാൾ അല്പം താഴ്ന്നു നിൽക്കുന്നവരെയാണ് കൂടുതൽ പേരും അടുത്തു സഹകരിക്കാൻ തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ളവർ ഏതെങ്കിലും മേഖലയിൽ തന്നെ കടന്നുപോയാൽ അവരുമായുള്ള സഹകരണം കുറയ്ക്കാൻ തുടങ്ങും. അവരുടെ ഉയർച്ച തുടർന്നുകൊണ്ടിരുന്നാൽ അവരുമായുള്ള അകൽച്ച കൂടുകയും അവസാനം അവരെ ശത്രുഭാവത്തിൽ കാണുന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യും. ഇത് സാമാന്യമായി മനുഷ്യസമൂഹത്തിൽ കാണപ്പെടുന്ന ഒരു അനിഷേധ്യ വസ്തുതയാണ്. ഇത് ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടോ എന്നറിയില്ല. അത്തരമൊരു സംഭവത്തെപ്പറ്റി ഞാൻ ഓർക്കുകയാണ്.

എന്റെ ഗ്രാമത്തിൽ ധാരാളം യുവാക്കൾ ഉന്നത വിദ്യാഭ്യാസം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. അവരിൽ ഒരാളാണ് ‘വിദ്യാസാഗർ’. സൽ‌സ്വഭാവിയും പരസഹായ  മനോഭാവവും സത്സംഗസ്വഭാവവും ഉള്ള അയാൾ ഒരു ജോലിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്നു. നാട്ടിൽ പലർക്കും സർക്കാരുദ്യോഗം എന്ന നിധികുംഭം ലഭിച്ചുവെങ്കിലും സാഗറിനെ ഭാഗ്യം കടാക്ഷിച്ചില്ല. തൊട്ടടുത്തവീട്ടിലെ ഏകദേശം സമപ്രായക്കാരായ രണ്ടുപേർക്ക് ജോലി കിട്ടി. അവർ ഒറ്റ വീടുപോലെ കഴിഞ്ഞവർ. അവരുടെ അമ്മ സാഗറിനെ എവിടെവച്ചു കണ്ടാലും ജോലിതരമായോ എന്ന് അന്വേഷിക്കുകയും കിട്ടാത്തതിൽ ദുഃഖം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. താലൂക്കാഫീസിലും പഞ്ചായത്തിലും ജോലിയുള്ള തന്റെ മക്കളോടുപറഞ്ഞാൽ അവർ ശരിയാക്കിത്തരും എന്ന് കൂടെക്കൂടെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. വഴിയിൽ വച്ചുകണ്ടാലും വിവാഹസ്ഥലത്തുകണ്ടാലും മരണവീട്ടിൽ കണ്ടാലും ആളുകളുടെ സാന്നിധ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. രാവിലെ കണ്ട് ചോദിച്ചശേഷം വൈകുന്നേരം കാണുമ്പോഴും ചോദ്യം ആവർത്തിക്കും. ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ലെങ്കിലും അത് അസഹ്യമായപ്പോൾ ഇതിനൊരു പ്രതിവിധി കാണണമെന്ന് സാഗറിനു തോന്നി.

ഒരു ദിവസം ഒരു വിവാഹവീട്ടിൽ വച്ച് പതിവുപോലെ ഇത് ആവർത്തിച്ചു. സാഗർ ഉടനെ മറുപടി പറഞ്ഞു.

“അമ്മയുടെ പ്രാർത്ഥനകൊണ്ട് എനിക്ക് ജോലി കിട്ടി.”

അത്ഭുതത്തോടെ അവർ ചോദിച്ചു.
“എവിടെയാണ് ജോലി?”
“കൊല്ലത്താണ്.”
“എന്റെ മക്കടെപോലെ നല്ല ജോലിയാണോ?”
“അതേ. നല്ല ജോലിയാണ്.”
“ഏത് ഓഫീസിലാണ്?”
“കളക്ട്രേറ്റിൽ.”
“കളക്ട്രേറ്റിൽ എന്തുജോലിയാണ്?”
“കളക്ടറാണ്!“

അവർ കുറച്ചുസമയം മിണ്ടാതെ നിന്നു. പിന്നീട് ഒന്നും പറയാതെ നടന്നുനീങ്ങി. ശേഷം സാഗറിനെ കാണുമ്പോൾ അവർ ഒഴിഞ്ഞുമാറാൻ തുടങ്ങി. പിന്നീടൊരിക്കലും ജോലിയെപ്പറ്റി ചോദിക്കുകയോ ഒരു സഹകരണവും ഉണ്ടാകുകയോ ചെയ്തിട്ടില്ല.

“യഥാർത്ഥസ്നേഹം ആപേക്ഷികമല്ല.”

സോമദാസ്

Sunday, 20 October 2013

കുന്നിക്കുരു - 9

ധനഭക്തൻ ഭജിക്കുന്നു
ഭഗവാനെ ധനത്തിനായ്
ദൈവഭക്തൻ ഭജിക്കുന്നു
ജ്ഞാനസമ്പാദനത്തിന്.
 എത്രയോ തവണ നമ്മൾ
വന്നുപോയവരെങ്കിലും
ലോകത്തിലിപ്പോഴാദ്യം
വന്നതെന്നാണു ധാരണം.
 മനസ്സിനെ മദിപ്പിച്ചു
മറപ്പിക്കും പ്രകൃതിതൻ
മായയിൽ തുള്ളിയാടുന്ന
പാവതാൻ നമ്മളേവരും.
 വെറുതേ കിട്ടുന്നതല്ല
ഭാഗ്യമെന്ന മഹാനിധി
പലനാൾ ചെയ്തപുണ്യത്തിൻ
ഫലമാണെന്നതോർക്കണം.
 പുറമേയുള്ള ലോകത്തിൽ
സുഖം തേടുന്നു മാനുഷർ
അകത്തുള്ള സുഖം തെല്ലും
അറിയാത്തവരാകയാൽ.
 ഞാനെന്നും എനിക്കെന്നും
എന്റേതെന്നിവയൊക്കെയും
അകലെപ്പോയ്, തെളിയേണം
ആകെ ഞാനെന്ന ഭാവന.
 പലകാര്യങ്ങൾ സാധിക്കാൻ
ഓടുന്നു കാലമത്രയും
ഓട്ടം നിർത്തണമെന്നാകിൽ
ആഗ്രഹങ്ങൾ ത്യജിക്കണം.
 ഉള്ളിലായുള്ള ആനന്ദം
അറിഞ്ഞീടാതെ സർവ്വരും
സുഖത്തെ യാചിച്ചീടുന്നു
ധനവാൻ യാചകനോടെന്നപോൽ.
 ഞാനെന്ന ഭാവം ഉള്ളിൽ
സൂക്ഷിച്ചീടുവതെങ്കിലോ
എല്ലാം ഞാനെന്ന ഭാവത്തെ
കാണണം ശ്രേഷ്ഠമാമത്.
 അറിവില്ലാ ജനത്തിന്
അറിവുണ്ടാകുന്നതെന്നപോൽ
അറിവുള്ള ജനങ്ങൾ തൻ
ജീവിതം മാതൃകയാക്കണം.
 സോമദാസ്

Monday, 7 October 2013

അമ്മ പറഞ്ഞ കഥ

ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവകളുടെ പ്രളയകാലമാണല്ലൊ. ഇന്ന് കുഞ്ഞുങ്ങൾ മൂന്നുവയസ്സുമുതൽ ഇവയുമായുള്ള സമ്പർക്കം തുടങ്ങുന്നു. ഇപ്പോഴത്തെ വൃദ്ധജനങ്ങളിൽ കൂടുതൽ പേരും പുതിയ സാങ്കേതികവിദ്യകൾക്ക് പുറത്താണ്. ഇതുപോലെ ഇപ്പോഴത്തെ ബാലതാരങ്ങൾ വൃദ്ധരാകുമ്പോൾ അന്നത്തെ പുതുജന്മങ്ങളേക്കാൾ പലതിലും പിന്നിലായിരിക്കും. റോക്കറ്റ് വേഗത്തിലാണ് ശാസ്ത്രപുരോഗതി. എന്നാൽ ഇന്നത്തെ പുതുതലമുറയ്ക്ക് നഷ്ടപ്പെട്ട ഒന്നുണ്ട്. അമ്മക്കഥകളും അമ്മൂമ്മക്കഥകളും. അതിനുസമമായി പകരം വക്കാൻ ഇന്നേവരെയും ഒന്നുംതന്നെ കമ്പോളത്തിൽ കിട്ടുന്നുമില്ല.

ഇന്ന് കുട്ടികളുടെ കളിപ്പാട്ടം മുതൽ തുടങ്ങുന്നു ഇലക്ട്രോണിസം. പണ്ടുകാലത്ത് ഓലക്കാലുകൊണ്ടും ചെടികളുടെ ഇലകൾ കൊണ്ടും വെള്ളക്ക കൊണ്ടുമുള്ള കളിപ്പാട്ടങ്ങളായിരുന്നു കുഞ്ഞുങ്ങളുടെ കൂട്ടുകാർ. അതുണ്ടാക്കാനാവശ്യമുള്ള വസ്തുക്കളുടെ ശേഖരണം മുതൽ നിർമ്മാണം വരെ എല്ലാതലത്തിലുമുള്ളവരുമായും കുട്ടികൾ ബന്ധപ്പെടുന്നു. ഈ കൂട്ടുചേർന്നുള്ള സംരംഭത്തിൽ അവർ പല ജീവിതസാഹചര്യങ്ങളേയും അഭിമുഖീകരിക്കുകയും അതിനെ തരണം ചെയ്യുന്നതിനുള്ള സഹകരണവും മാനസിക തയ്യാറെടുപ്പും ആർജിക്കുകയും ചെയ്യുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വിച്ചുകൾ അമർത്തിയാൽ മതി എന്തുതരം കളിപ്പാട്ടങ്ങളും അവന്റെ മുന്നിൽ കാണാം. സ്വിച്ചമർത്തി അതുകൊണ്ടവർ കളിച്ചുകൊള്ളും. അതിന് കൂട്ടുകാർ ആരും വേണ്ട. അതിനാൽ മാനുഷികമൂല്യങ്ങൾ അവർ അറിയുന്നില്ല. കാർട്ടൂൺ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഉച്ചത്തിൽ അതും വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന ഒരു മൂന്നുവയസ്സുകാരനെ ഞാൻ ഓർക്കുന്നു. അവൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും കാർട്ടൂൺ ഭാഷ ആയിരുന്നു.

എന്റെ കുട്ടിക്കാലത്തെപ്പറ്റി ഞാൻ ഓർക്കുന്നു. രാത്രിയിൽ അത്താഴം കഴിഞ്ഞ് ഞങ്ങൾ എല്ലാപേരും അമ്മക്കു ചുറ്റും കൂടും. മിക്കവാറും ദിവസങ്ങളിൽ അമ്മ നല്ല നല്ല കഥകൾ പറയും. അതുകേട്ട് അമ്മയുടെ മടിയിൽ കിടന്ന് ഞാനുറങ്ങിയിട്ടുണ്ട്. എല്ലാം ഗുണപാഠകഥകൾ. പലതും കേട്ടാൽ കരഞ്ഞുപോകും. ആ കഥകൾ മിക്കതും ഓർമ്മയുള്ള കാലം വരെ നിലനിൽക്കുന്നതാണ്. കഥകളിലെ ഓരോ സംഭവവും എന്നെക്കൂടി ബന്ധപ്പെടുത്തുന്നു എന്നെനിക്ക് തോന്നിയിരുന്നു.

ഒരു ദിവസം അമ്മ പറഞ്ഞ കഥ ഇങ്ങനെ: നിർധനരായ ഒരു കുടുംബം. അമ്മയും മകനും മാത്രം. അച്ഛൻ മരിച്ചു പോയി. സമ്പന്ന വീടുകളിൽ ജോലി ചെയ്ത് ആ അമ്മ മകനെ വളർത്തുന്നു. സമ്പന്നവീട്ടിലെ കുട്ടിയും ഈ കുട്ടിയും ഒന്നിച്ചാണ് പഠിക്കുന്നത്. വിലകൂടിയതും പുതിയതുമായ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളെ കാണുമ്പോൾ പാവം കുട്ടി കൊതിക്കും തനിക്കും അച്ഛനുണ്ടായിരുന്നെങ്കിലെന്ന്. ഒരു ദിവസം അമ്മ ജോലി ചെയ്യുന്ന വീട്ടിലേക്ക് കുട്ടിയും പോയി. അവിടുത്തെ മേശപ്പുറത്ത് നാണയത്തുട്ടുകൾ അടുക്കി വച്ചിരിക്കുന്നത് അവൻ കണ്ടു. ഏറ്റവും മുകളിൽ ഇരുന്ന ഒരു ചക്രം അവൻ എടുത്തു. വീട്ടിൽ വന്നപ്പോൾ അത് സന്തോഷത്തോടെ അമ്മയെ കാണിച്ചു. വഴിയിൽ നിന്നും കിട്ടിയതാണെന്നു പറഞ്ഞു. ആ പണംകൊണ്ട് ചീനി വാങ്ങിപ്പുഴുങ്ങിത്തിന്നാം എന്നവൻ പറഞ്ഞു. ചീനി പുഴുങ്ങി രണ്ടുപേരും കൂടി തിന്നാനിരുന്നു. കുട്ടിയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കവും ഉത്സാഹവും സന്തോഷവും. ഒരു കഷണം ചീനി വായിൽ വച്ചപ്പോൾ വല്ലാത്ത കയ്പ്. അവന്റെ എല്ലാ സന്തോഷവും പോയി. ഒന്നും തിന്നാൻ കഴിഞ്ഞില്ല. അവൻ ചോദിച്ചു.

“എന്താണമ്മേ ഇതു കയ്ക്കുന്നത്?”

“‘കട്ടാൽ കയ്ക്കും‘ എന്നൊരു ചൊല്ലുണ്ട്. മോൻ ഈ ചക്രം കട്ടതാണോ?”

അമ്മയുടെ ചോദ്യം കേട്ട് അവൻ മ്ലാനമായി തലകുനിച്ചിരുന്നു.

ഒരു മണിക്കൂറെടുത്ത് അമ്മയുടെ വിശദീകരിച്ചുള്ള ഈ കഥ കേട്ട് ഞാൻ കരഞ്ഞുപോയി. അന്ന് ഉറങ്ങിയിട്ടും കഥയിലെ  ചിലവാക്കുകൾ ഞാൻ പറഞ്ഞതായി അമ്മ പറയുമായിരുന്നു. ഇപ്പോഴും അമ്മ പറഞ്ഞ കഥകൾ എന്റെ അന്തർധാരയിൽ മുഴങ്ങുന്നുണ്ട്.

സോമദാസ്