Tuesday, 22 May 2012

മൂന്നു ബള്‍ബുകള്‍

കുറച്ച് അരി പൊടിപ്പിക്കണം. ഉത്സവകാലമായതിനാല്‍ മില്ലില്‍ സാമാന്യം നല്ല തിരക്ക്. സീനിയോരിറ്റി അനുസരിച്ചാണ് ധാന്യം പൊടിച്ചു കൊടുക്കുന്നത്. ഞാന്‍ ഏറ്റവും ജൂനിയര്‍ ആയതുകൊണ്ട് ഒഴിഞ്ഞ സ്ഥലത്ത് മാറി സ്വസ്ഥമായി ഇരുന്നു. ആളുകളുടെ സംസാരവും മുന്‍‌ഗണനാ തര്‍ക്കവും തകൃതിയായി നടക്കുന്നു. എല്ലാവര്‍ക്കും തിരക്കാണ്. ഏറ്റവും മുന്‍പേ കാര്യം സാധിച്ചു പോകണം. അതിന്റെ അസ്വസ്ഥത പലരിലും കാണാം. ഒരു ക്ലാസ്സിലുള്ള എല്ലാ‍ കുട്ടികളും കൂടി എഴുന്നേറ്റു നിന്ന് ‘എല്ലാ‍വരും നിശബ്ദരായിരിക്കണം’ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് അവസ്ഥ!

മില്ലിന്റെ സൈഡിലുള്ള സ്വിച്ച് ബോര്‍ഡിലേക്ക് യാദൃശ്ചികമായി ഞാന്‍ നോക്കി. അനേകം സ്വിച്ചുകളും സ്റ്റാര്‍ട്ടറുകളും. വലത് ഭാഗത്ത് ഏറ്റവും മുകളിലായി മൂന്നു ബള്‍ബുകള്‍. വലത്തേ അറ്റത്ത് വെള്ളയും മധ്യത്തില്‍ മഞ്ഞയും അടുത്തത് ചുവപ്പും. ഒറ്റ സ്വിച്ചിലാണ് മൂന്നു ബള്‍ബുകളും പ്രകാശിക്കുന്നത്. അതിന്റെ പ്രകാശം ഞാ‍ന്‍ ശ്രദ്ധിച്ചു. വെള്ള ബള്‍ബിന് പൂര്‍ണ്ണപ്രകാശം. മധ്യത്തേതിന് കുറഞ്ഞ പ്രകാശം. കടും ചുവപ്പുനിറമുള്ളതിന് വളരെ കുറച്ചുമാത്രം പ്രകാശം. ഇതെന്തിനാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

എന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് പോയി. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആണ്. അപ്പോള്‍ അതില്‍ പ്രവേശിക്കുന്ന വൈദ്യുതി തുല്യ അളവിലായിരിക്കും. എന്നാല്‍ അത് പുറപ്പെടുവിക്കുന്ന പ്രകാശത്തിന് വളരെ അന്തരം ഉണ്ട്. വെള്ള ബള്‍ബ് പൂര്‍ണ്ണപ്രകാശം തരുന്നു. മഞ്ഞ അല്പം മങ്ങിയ പ്രകാശവും കടുത്ത നിറമുള്ളതിന് അല്പം പ്രകാശവും. ഇതിനെ ഞാന്‍ മറ്റൊരു രീതിയില്‍ ക്രമീകരിച്ചു നോക്കി. 100 വാട്ട്സ് ഉള്ള മൂന്ന് ബള്‍ബുകള്‍. ഒന്നിന് യാതൊരു നിറവും നല്‍കാതെ തനി രൂപത്തില്‍. രണ്ടാമത്തേതിനെ ഒരു പത്രക്കടലാസുകൊണ്ട് മൂടിക്കെട്ടി. മൂന്നാമത്തേതിനെ വളരെ കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ടും മൂടി. സ്വിച്ച് ഓണ്‍ ചെയ്തു. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആയതിനാല്‍ മൂന്നും ഒരുപോലെ കത്തുന്നുണ്ടാകും. എന്നാല്‍ മാലിന്യങ്ങളൊന്നുമില്ലാത്ത ബള്‍ബ് പൂര്‍ണ്ണപ്രകാശത്തോടെ കത്തുമ്പോള്‍ വളരെയധികം മാലിന്യമുള്ള ബള്‍ബ് (കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ട് പൊതിഞ്ഞത്) അല്പം പോലും പ്രകാശം ചൊരിഞ്ഞില്ല. അല്പം മാലിന്യമുള്ളത് (പത്രക്കടലാസുകൊണ്ട് പൊതിഞ്ഞത്) പകുതി പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് ബള്‍ബുകളുടേയും സ്ഥാനത്ത് മൂന്ന് മനുഷ്യരെ സങ്കല്‍പ്പിച്ചുനോക്കി. മൂന്നുപേരിലും വൈദ്യുതിയുടെ സ്ഥാനത്ത് ജീവചൈതന്യം. ഒരേ ജീവചൈതന്യം തന്നെയാണ് മൂന്നുപേരിലും ഉള്ളത്. എന്നാല്‍ അതില്‍ ഒരാള്‍ പൂര്‍ണ്ണ തേജസ്വിയായി, ജ്ഞാനിയായി, ദിവ്യാത്മാവായി കാണുന്നു. അദ്ദേഹത്തിന് മാലിന്യങ്ങളില്ല. അതിനാല്‍ തന്റെ ആത്മചൈതന്യം പൂര്‍ണ്ണ ശക്തിയോടെ ജ്വലിച്ചു നില്‍ക്കുന്നു. രണ്ടാമത്തേതില്‍ കുറച്ചു മാലിന്യങ്ങള്‍ ഉള്ളതിനാല്‍ ആത്മചൈതന്യം ആത്മജ്ഞാനം എന്നിവ കുറച്ചുമാത്രം ബഹിര്‍ഗമിക്കുന്നു. മൂന്നാമത്തെ ആളില്‍ പൂര്‍ണ്ണ മാലിന്യമാണുള്ളത്. അയാളില്‍ നിന്നും സത്ഗുണങ്ങളൊന്നും പ്രകാശിക്കുന്നില്ല. പൂര്‍ണ്ണപ്രകാശമായ ജീവചൈതന്യത്തിന്റെ പ്രഭാവം അതിന്മേലുള്ള മാലിന്യങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.

ഈ ജീവചൈതന്യത്തിന്റെ മേല്‍ മൂടപ്പെട്ടിരിക്കുന്ന മാലിന്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു. കോപം, താപം, മത്സരം, കാര്‍പ്പണ്യം, മോഹം, ലോപം, അസൂയ, ഡംഭ് തുടങ്ങി അനേകം മാലിന്യങ്ങളാണ് ജീവനെ മൂടി അതിന്റെ യഥാര്‍ത്ഥരൂപത്തെ മറയ്ക്കുന്നത്. ഈ മാലിന്യങ്ങള്‍ നീക്കിയാല്‍ പൂര്‍ണ്ണപ്രകാശചൈതന്യമായ ജീവാത്മാവ് തിളങ്ങും. അങ്ങനെ പൂര്‍ണ്ണ മാലിന്യശോഷണം വന്ന അനേകം ദിവ്യപുരുഷന്മാരും ഋഷീശ്വരന്മാരും ഭാരതത്തിലും ലോകത്തിന്റെ പല ഭാഗത്തും ജനിച്ചിട്ടുണ്ട്. അവരുടെ ദര്‍ശനങ്ങളും ആദ്ധ്യാത്മിക വിശകലനങ്ങളുമാണ് എല്ലാ മതങ്ങളുടേയും അടിത്തറ. മനോമാലിന്യം കുറയുന്നതനുസരിച്ച് വ്യക്തി പരിശുദ്ധനായി പരിണമിച്ചുകൊണ്ടിരിക്കും. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോകത്ത് മാലിന്യങ്ങളാല്‍ മൂടപ്പെട്ട (കറുത്ത കട്ടിക്കടലാസുകൊണ്ട് മൂടിയ ബള്‍ബ്) മനുഷ്യരാണ് കൂടുതലും. അല്പമാലിന്യക്കാരാണ് സമൂഹത്തിനിടയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കറുത്തതും കട്ടികൂടിയതുമായ കടലാസുകൊണ്ട് മൂടിക്കെട്ടിയ ബള്‍ബു പോലെയാകാതെ പൂര്‍ണ്ണപ്രകാശമുള്ള ബള്‍ബാകാനായിരിക്കണം മനുഷ്യജന്മം ഉപയോഗിക്കേണ്ടത്.

എന്റെ ധാന്യം പൊടിച്ച് മുമ്പില്‍ കൊണ്ടുവന്നു വച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. സുഖകരമായ ഒരു ചിന്തയുടെ സുഖവും അനുഭവിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

സോമദാസ്

Monday, 14 May 2012

അങ്ങനെയും ഒരു യാത്ര

അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനം. ഇനി രണ്ട് ദിവസം രാവിലെ എണീക്കണ്ട, പല്ല് തേക്കണ്ട, ഓഫീസിലേക്ക് വരുകയും വേണ്ട. വ്യാഴവും വെള്ളിയും അവധിയല്ലേ!! അങ്ങനെ ആ സന്തോഷത്തിന്റെ ദിനത്തില്‍ ഉച്ചയൂണും കഴിഞ്ഞ് ചെറുതായൊന്ന് കണ്ണടച്ച് ചിന്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. പണ്ടാരമെടുത്ത് നിലത്തടിച്ചാലോ!! വേണ്ട.. വെറുതെ എന്തിനാ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നത്. പതിയെ കണ്ണ് തുറന്ന് ഫോണെടുത്തു.

അരാടാ ഈ ഒരു മണിക്കൂര്‍ ബ്രേക്കിന്റെ ഇടയില്‍ ശല്യപ്പെടുത്തുന്നതെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് നിന്ന് ശബ്ദം കേട്ടു. ബോസാണ്. അങ്ങേര്‍ക്ക് അത്യാവശ്യമായി എന്നെയും യാസിറിനെയും കാണണം. അപ്പുറത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന യാസിറിനെ തട്ടി വിളിച്ച് ഞാന്‍ വിവരം പറഞ്ഞ്. ഷോക്കടിച്ച് കെട്ട് വിട്ടവനെപ്പോലെ അവന്‍ റെഡിയായി. ഞങ്ങള്‍ രണ്ടും ബോസിന്റെ മുറിയിലേക്ക്..

ഈ യാത്രയ്കിടയില്‍ ഞാന്‍ യാസിറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. 6 അടിയില്‍ കൂടുതല്‍ നീളം, നല്ല ബലം, സാധാരണ സൌദികളുടെ കൂട്ട് പണി ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം, പിന്നെ എന്റെ നല്ല സുഹൃത്തും, ഇവയൊക്കെയാണ് യാസിറിന്റെ പ്രത്യേകതകള്‍. എന്ത് കാര്യത്തിനും കൂടെ നിന്നോളും. ഞങ്ങളുടെ അലൈന്‍‌മെന്റ് ടെക്നീഷ്യനാണ്.

അങ്ങനെ ഞങ്ങള്‍ ബോസിന്റെ മുറിയിലെത്തി. വളരെ നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് അവിടെ കിട്ടിയത്. ചെന്നപാടെ ബോസ് എണീറ്റ് വന്ന് ഷേക് ഹാന്‍ഡ് തന്നു. പിന്നെ യാസിറിനെയും എന്നെയും കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ഹേ, നിങ്ങള്‍ സംശയിക്കേണ്ട.. നടന്നതാണ്. സൌദികള്‍ അതിഥികളെ സ്വീകരിക്കുന്നത് ഉമ്മവച്ചാണ്. ആദ്യമൊക്കെ എനിക്കൊരു അമ്പരപ്പായിരുന്നു. ഇപ്പോള്‍ അതൊരു ശീലമായി. എന്തായാലും ഉമ്മ വയ്പ്പും കെട്ടിപ്പിടുത്തവും കഴിഞ്ഞ് ടീ ബോയ്‌യോട് ചായകോണ്ടു വരാന്‍ പറഞ്ഞിട്ട് ബോസ് വിശേഷങ്ങളൊക്കെ തിരക്കി. എന്താ കഥ, ഇങ്ങേര് ഭയങ്കര സന്തോഷത്തിലാണല്ലോ! വല്ല ബോണസും... ഇത്രയും ചിന്തിക്കുമ്പോഴേക്കും ബോസ് ചോദിച്ചു..

“ജനിഷ്, ഈ ആഴ്ചയിലെ പണിയൊക്കെ കഴിഞ്ഞോ?”

വെറുതെ കഴിഞ്ഞില്ലാന്ന് പറഞ്ഞ് അപ്രീതിക്ക് പാത്രമാകണ്ട.. ഞാനാരാ മോന്‍.

“അത് കഴിഞ്ഞ ആഴ്ചയിലേ കഴിഞ്ഞ് സാര്‍!!” ഞാന്‍ പറഞ്ഞു.

“Good. I really appreciate your work".

എന്ത്? എന്റെ നീളം സ്വല്പം കൂടിയോ. ഹേയ്.. ഇല്ല.. എനിക്ക് തോന്നിയതാ..

“അപ്പോള്‍ കാര്യത്തിലേക്ക് വരാം. നമ്മുടെ കമ്പനിക്ക് ജിദ്ദയിലും ഫാക്ടറി ഉള്ള കാര്യം അറിയാമല്ലോ? അവിടെ ചില മെഷീന്റെ അലൈന്‍‌മെന്റ് നോക്കണം. അവര് ഇപ്പോള്‍ വിളിച്ചതേയുള്ളൂ. നാളെ രാവിലെ അവിടെ എത്തണം. യാസിറിനെ തന്നെ അയയ്ക്കാന്‍ കഴിയില്ല. ഒരു മേല്‍നോട്ടത്തിന് ജനിഷ് കൂടി..” ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ ഉള്ള നീളവും പോയി ഗ്യാസും പോയി. കേരളത്തീന്ന് ബോംബെയ്ക്ക് പോകുന്ന ദൂരമുണ്ട് ഇവിടവും ജിദ്ദയുമായി. എന്റെ ഒരു വീക്കെന്റ് പോയല്ലോ എന്റീശ്വരാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ഇനിയിപ്പോ പണിയുണ്ടെന്ന് പറഞ്ഞ് ഒഴിയാനും പറ്റില്ല.. ഞാന്‍ യാസിറിനെ ഒന്ന് നോക്കി. അവന്റെ ഇരുപ്പ് കണ്ടാല്‍ കഷ്ടം തോന്നും. ശ്വാസം പോകുന്നതുകൊണ്ട് ജീവനില്ലെന്ന് സംശയിക്കില്ല.

അങ്ങനെ പിറ്റേന്ന് പെട്ടിയും കുടുക്കയുമെടുത്ത് ഞങ്ങള്‍ ജിദ്ദയിലേക്ക് യാത്രയായി. കുറ്റം പറയരുതല്ലോ! കമ്പനി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫ്ലൈറ്റ് ടിക്കറ്റും താമസ സൌകര്യവുമെല്ലാം ഇവിടുന്നേ ശരിയാക്കിയിട്ടുണ്ട്..

ജിദ്ദ.. വളരെ പുരാതന നഗരം. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ജിദ്ദ നഗരം മൊത്തം ഒന്ന് ഓടിച്ച് കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ അല്‍-ഖോബാറിന്റെ കൂട്ട് അത്ര ‘പോഷ്’ അല്ല ജിദ്ദ. എല്ലായിടത്തും ഒരു പഴമയുണ്ട്.

ഞങ്ങള്‍ കമ്പനിയിലെത്തി. അവിടെയും നല്ല സ്വീകരണം. ഉമ്മ വയ്പ്പ്. പക്ഷേ, പിന്നീടാണ് അവരുടെ മനസ്സിലിരുപ്പ് മനസ്സിലായത്. ഗ്രഹണി പിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് അവര്‍ ഞങ്ങളെ കണ്ടത്. രണ്ട് മെഷീന്‍ നോക്കാന്‍ പോയ ഞങ്ങള്‍ക്ക് അവിടെ ഉള്ള സകലമാന മെഷീനും നോക്കണമെന്ന നിര്‍ദ്ദേശമാണ് അവിടുത്തെ മാനേജര്‍ നല്‍കിയത്. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോരാനായി കയ്യില്‍ കരുതിയിരുന്ന ടിക്കറ്റ് വാങ്ങി ഒരാഴ്ച കൂടി നീട്ടാനും ആ മഹാത്മാവ് മറന്നില്ല. പടപേടിച്ച് ജിദ്ദയില്‍ ചെന്നപ്പോ പന്തവും കൊളുത്തി ദാ ഒരു മാനേജര്‍ എന്ന് പറഞ്ഞതുപോലായി.

ഞങ്ങളുടെ ഫാക്ടറിയില്‍ നിന്നും കമ്പനി ആവശ്യങ്ങള്‍ക്ക് ജിദ്ദയില്‍ ചെല്ലാറുള്ളവര്‍ക്ക് ഗ്രെയ്ഡ് അനുസരിച്ചാണ് അവര്‍ താമസസൌകര്യം ഒരുക്കാറുള്ളത്. വലിയ പുള്ളികള്‍ക്ക് 5 star hotel. അത്തപ്പാടികള്‍ക്ക് കമ്പനി ക്യാമ്പ്. യാസിറിന്റെ രൂപവും ഭാവവും കണ്ട് ഏതോ അത്തപ്പാടിയാണെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ഞങ്ങളെ കമ്പനിയുടെ ക്യാമ്പിലാക്കാന്‍ തീരുമാനമായി.

മടിച്ച് മടിച്ച് കെട്ടും ഭാണ്ഡവുമെടുത്ത് ഞങ്ങള്‍ മുറിയിലേക്ക് നീങ്ങി. ജനറല്‍ മാനേജര്‍ ചിലപ്പോഴൊക്കെ വിശ്രമിക്കാറുള്ള മുറിയാണെന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിച്ചാണ് ഞങ്ങളെ അങ്ങോട്ടേക്ക് ആനയിച്ചത്. മസാജ് ചെയ്യാനുള്ള സൌകര്യം ഉണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു. അവിടെ ചെന്നപ്പോള്‍ അപ്പുറവുമിപ്പുറവും ഓരോ കമ്പിക്കട്ടില്‍ ഇട്ടിരിക്കുന്നു. നടുക്ക് ഒരു തടി സ്റ്റൂള്‍. മസാജിന്റെ കാര്യം ഞാന്‍ കൂടെ വന്ന പയ്യനോട് ചോദിച്ചു. എണ്ണ തേച്ച് സ്റ്റൂളിലിരുന്നിട്ട് യാസിറിനോട് പറഞ്ഞാല്‍ മതിയെന്ന്. അപ്പോഴേ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒന്നുകില്‍ 5 star hotel അല്ലെങ്കില്‍ മടക്കടിക്കറ്റ്. ഇത് രണ്ടും കിട്ടിയില്ലെങ്കില്‍ മരണം വരെ സമരം നടത്തും. കേരളത്തിലെ സമരങ്ങളെക്കുറിച്ചും സത്യാഗ്രഹത്തെക്കുറിച്ചും അച്യുദാനന്ദനെക്കുറിച്ചുമൊന്നും വിവരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് കൂടെ നിന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞിട്ട് യാസിറിനേയും കൂട്ടി മാനേജരുടെ മുന്‍പിലേക്ക് ഞാന്‍ നീങ്ങി.

എന്തായാലും അവിടെ ചെന്നപ്പോള്‍ യാസിര്‍ വാക്ക് പാലിച്ചു. അവന്‍ കൂടെ നിന്നു എന്ന് മാത്രമല്ല എന്നെക്കൂടെ കൂടെകൂട്ടി. മാനേജരും സൌദി യാസിറും സൌദി. അവര് അറബിയില്‍ ചീത്തവിളി ആരംഭിച്ചു. എനിക്കൊന്നും പിടികിട്ടിയില്ലെങ്കിലും ഞാന്‍ തലകുലുക്കി സമ്മതം എന്ന് കാണിച്ചുകൊണ്ടേയിരുന്നു. എന്തായാലും അവസാനം ഞങ്ങള്‍ ജയിച്ചു. മാനേജര്‍ തോറ്റു..

“നേടിയെടുത്തേ, നേടിയെടുത്തേ, 5 star hotel നേടിയെടുത്തേ..” 

അങ്ങനെ ഞങ്ങള്‍ സംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരിച്ച്. ആദ്യമായി ഒരു 5 star hotel-ല്‍ താമസിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. സാധാരണ സിനിമകളില്‍ മാത്രം കാണപ്പെടുന്ന കുന്തവും പിടിച്ച് വടിപോലെ നില്‍ക്കുന്ന പാറാവുകാര്‍ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹോട്ടലില്‍ എല്ലാ സൌകര്യവുമുണ്ട്. ജിം, നീന്തല്‍ക്കുളം, പലതരം കളികള്‍ക്കുള്ള കോര്‍ട്ടുകള്‍, സോനാ ബാത്ത്, മസാജ് സെന്റര്‍ എന്ന് വേണ്ട ഒരുപാട് സൌകര്യങ്ങളുള്ള ഹോട്ടല്‍. ഒരാഴ്ച എന്നല്ല ഒരുമാസം കൊണ്ട് ഫാക്ടറിയിലെ സകലമാന പണികളും തീര്‍ത്തിട്ട് മടക്കയാത്രയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് യാസിര്‍!! ഈ ഉപദേശം ഞാന്‍ നിനക്ക് തരാനിരുന്നതാണെന്ന് ഞാന്‍!!

റൂം ബോയ് ഞങ്ങളെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ തന്നെ കതക് തുറന്ന് ബാഗുകളെല്ലാം അകത്ത് കൊണ്ട് വച്ചു തന്നു. എനിക്കും യാസിറിനും പ്രത്യേകം പ്രത്യേകം മുറികള്‍. അവന്റെ മുറി എന്റേതിന്റെ നേരെ അപ്പുറത്ത്.

ഞാന്‍ എന്റെ മുറിക്കകത്ത് കയറി കതകടച്ചു. കതകുകള്‍ തുറക്കാന്‍ കീ അല്ല അവിടെ ഉപയോഗിക്കുന്നത്. നമ്മുടെ ATM കാര്‍ഡ് പോലെയൊരു കാര്‍ഡ്. ഇത് മുറിക്ക് പുറത്തുള്ള കാര്‍ഡ് റീഡറില്‍ കടത്തിയാല്‍ മുറി തുറക്കുകയായി. ഞാന്‍ കാര്‍ഡ് എന്റെ പോക്കറ്റില്‍ വച്ചു. മുറിയില്‍ അരണ്ട വെളിച്ചമേയുള്ളൂ. ലൈറ്റുകളൊക്കെ ഇട്ട് നോക്കി. നോ രക്ഷ.. ഒന്നും കത്തുന്നില്ല.

ദൈവമേ ഇവിടെയും പവര്‍ക്കട്ടോ? ഒന്നുമില്ലെങ്കിലും ഇതൊരു 5 star hotel അല്ലേ. ഇവമ്മാര്‍ക്കൊരു ജനറേറ്ററെങ്കിലും വാങ്ങി വച്ചുകൂടേ? ഇനിയിപ്പോ എന്ത് ചെയ്യും? എന്തായാലും ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ബാത്ത്‌റൂമില്‍ കയറി ഒരു കുളി പാസാക്കി. പോയി പരാതി പറഞ്ഞിട്ടുതന്നെ കാര്യം. യാസിറിനേക്കൂടി ഒരു ബലത്തിന് കൂടെ കൂട്ടാമെന്ന് കരുതി ഞാന്‍ അവന്റെ മുറിയില്‍ തട്ടിവിളിച്ചു. കതക് തുറന്നപ്പോള്‍ നല്ല പ്രകാശം. അവന്റെ മുറിയില്‍ വെളിച്ചമുണ്ട്. ഞാന്‍ യാസിറിനോട് കാര്യം പറഞ്ഞു.

“എടാ മണ്ടാ...“ ഞാന്‍ തിരിഞ്ഞു നോക്കി. ഇവന്‍ എന്നെത്തന്നെയാണോ വിളിച്ചത്. ആ പരിസരത്തൊന്നും ആരുമില്ല. അപ്പോള്‍ എന്നെത്തന്നെ..

“നിന്റെ കാര്‍ഡ് എവിടെ..” ഞാന്‍ പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് കാണിച്ചു. അവന്‍ കാര്‍ഡ് വാങ്ങിയിട്ട് ആധികാരികമായി അതിന്റെ ഉപയോഗങ്ങള്‍ വിവരിച്ച് തുടങ്ങി. കതക് തുറന്നതിന് ശേഷം കാര്‍ഡ് മുറിക്കകത്തുള്ള ഒരു യന്ത്രത്തില്‍ തിരുകി വയ്ക്കണം. അപ്പോഴേ മുറിയില്‍ വൈദ്യുതി കിട്ടൂ. എന്തെല്ലാം കുണ്ടാമണ്ടികളാണോ!! എന്നാലും ഇവനെങ്ങനെ ഇത് കണ്ടുപിടിച്ചു. ഞാന്‍ ആദരവോടെ അവനെ നോക്കി. എന്നിട്ടു ചമ്മിയ മുഖഭാവത്തില്‍ അവനോട് ചോദിച്ചു.

“യാസിര്‍, നീ ഇതിന് മുന്‍പ് 5 star hotel-ല്‍ താമസിച്ചിട്ടുണ്ടോ?”

“ഹേ, ഇല്ല.”

“പിന്നെങ്ങനെ നിനക്ക് ഇവിടുത്തെ ഈ സമ്പ്രദായങ്ങളൊക്കെ അറിയാം.”

“ഞാന്‍ നിന്നേപ്പോലല്ല. നല്ല ബുദ്ധിയാ..” പിന്നേ അവന്റെയൊരു ബുദ്ധി!!

അവന്‍ പെട്ടന്ന് കുളിച്ച് റെഡിയായി വന്നു. ഞങ്ങള്‍ രണ്ടും കൂടി ഡിന്നറ് കഴിക്കാനായി ഡൈനിംഗ് റൂമിലേക്ക് പോയി. വഴിക്ക് വച്ച് ആ ഹോട്ടലിലെ ഒരു ജോലിക്കാരനെ കണ്ടു.

“ഇപ്പോള്‍ ലൈറ്റ് കത്തുന്നുണ്ടോ?” അയാള്‍ യാസിറിനോട്.

യാസിര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. എന്നിട്ട് അതെ എന്ന് തലകുലുക്കി.

അപ്പോ, അതാ‍ണ് കാര്യം. ലൈറ്റ് കത്തുന്നില്ലെന്നും പറഞ്ഞ് ഇവന്‍ താഴെപ്പോയി അടിയുണ്ടാക്കി. അങ്ങനെ കിട്ടിയതാണ് മുന്‍പ് പറഞ്ഞ ബുദ്ധി. ഞങ്ങള്‍ക്ക് രണ്ടിനും എല്ലാം കാര്യങ്ങളും വ്യക്തമായതുകൊണ്ട് കൂടുതലൊന്നും പറയാതെ ആക്രാന്തത്തോടെ വേഗം ഡൈനിംഗ് ഹാളിലേക്ക്..

രാവിലെ 7:30 ന് റെഡിയായി നില്‍ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. ഹോട്ടലില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരെയാണ് ഫാക്ടറി. രാവിലെ ഞങ്ങളെ കൊണ്ടുപോകാനുള്ള ശകടം വരും. അതിന്‍ പ്രകാരം 7 മണിയായപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും ഒരുങ്ങി ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയി. ഒരുപാട് ഐറ്റം ഉള്ളതുകൊണ്ട് എല്ലാം ഒന്ന് ടേസ്റ്റ് ചെയ്ത് വന്നപ്പോഴേക്കും സമയം സ്വല്പം വൈകി. അതിന് ആ ഡ്രൈവര്‍ അബ്ദുള്ള ചൂടാകേണ്ട കാര്യമുണ്ടോ? നാളെമുതല്‍ വിളിക്കാന്‍ വരാന്‍ വേറെ ആളെ നോക്കാന്‍ വരെ അങ്ങേര് പറഞ്ഞുകളഞ്ഞു. എന്തായാലും ഒരു വിധത്തില്‍ ആ മാന്യദേഹത്തെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറ്റി. യാസിര്‍ മുന്‍പിലും ഞാന്‍ ഒറ്റയ്ക്ക് രാജകീയമായി പിറകിലും യാത്ര ആരംഭിച്ചു.

അബ്ദുള്ളയും യാസിറും അറബിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഞാന്‍ വെളിയിലേക്ക് നോക്കി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. വണ്ടി അമിത വേഗത്തിലാണ് പായുന്നത്. അതിന്റെ കൂടെ ഇടയ്ക്കിടയ്ക്ക് ട്രാക്കുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കാഴ്ചകള്‍ കാണല്‍ ഒക്കെ മതിയാക്കി. വണ്ടിയുടെ ഒത്ത നടുക്ക് രണ്ട് സീറ്റിന്റേയും ഹെഡ് റെസ്റ്റില്‍ മുറുകെ പിടിച്ച് ഇരിപ്പായി. പേടിയില്ലെങ്കിലും ദൈവത്തെ വിളിച്ചു തുടങ്ങി. എല്ലാ സമയത്തും നമുക്ക് ദൈവവിചാരം ഉണ്ടാകുന്നത് നല്ലതല്ലേ? നിരീക്ഷരവാദികളെയെല്ലാം കൂടി അബ്ദുള്ളയുടെ വണ്ടിയില്‍ ഒരു മണിക്കൂര്‍ സഞ്ചരിക്കാന്‍ വിട്ടാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും അവര്‍ ഈശ്വരവിശ്വാസികളായിരിക്കുമെന്ന് ഉറപ്പാണ്.

എന്നാലും ഈ യാസിറിനെ സമ്മതിക്കണം. അവനും അബ്ദുള്ളയും എന്തൊക്കെയോ ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവന്മാര് രണ്ടും ഇലവെട്ടിവെക്കാന്‍ വീട്ടില്‍ പറഞ്ഞിട്ടായിരിക്കും ഇറങ്ങിയത്!! “അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി.. “

അടുത്ത ട്രാക്കിലൂടെ ഒരു ട്രെയ്‌ലര്‍ പോകുന്നു. അബ്ദുള്ള സ്പീഡ് കൂട്ടി അതിന്റെ മുന്നില്‍ കയറി. എന്നിട്ട് ട്രെയ്‌ലറിന്റെ മുന്നില്‍ കാറുകൊണ്ട് രണ്ട് ‘S' വരച്ചു. എന്റെ ജീവന്‍ സ്വര്‍ഗ്ഗത്തോട്ട് പോണോ അതോ നരകത്തോട്ട് പോണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. എന്തായാലും അപകടമൊന്നും സംഭവിച്ചില്ല. അപ്പോഴും ലവന്മാര് രണ്ടും തകര്‍ത്ത് ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വണ്ടിയുടെ സ്പീഡ് കുറയുമെന്ന സിദ്ധാന്തമൊന്നും അബ്ദുള്ളയുടെ കാര്യത്തില്‍ ശരിയാകുന്നില്ല.

അവസാനം ഫാക്ടറിയിലെത്തി. കാറില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ എന്തൊര് ആശ്വാസം. ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതി. അപ്പോഴും യാസിറും അബ്ദുള്ളയും എന്തൊക്കെയോ തമ്മില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും രണ്ടുപേരും ഷേക് ഹാന്‍ഡ് നല്‍കി പിരിഞ്ഞു.

നെഞ്ചിടിപ്പൊന്ന് കുറഞ്ഞപ്പോള്‍ ഞാന്‍ യാസിറിനോട് ചോദിച്ചു.

“നിനക്ക് പേടിയെന്താണെന്ന് അറിയാമോ?”

“അതെന്താ നീ അങ്ങനെ ചോദിച്ചത്?”

“അല്ല. ഈ അബ്ദുള്ളയുടെ മരണപ്പാച്ചില്‍ കണ്ടിട്ട് നിനക്കെങ്ങനെ അവനോട് വീട്ടുകാര്യങ്ങളും പറഞ്ഞ് സമാധാനത്തോടെ ഇരിക്കാന്‍ കഴിഞ്ഞു. ഞാനാണെങ്കില്‍ അറിയാത്ത ദൈവത്തെപ്പോലും വിളിച്ചു പോയി.”

“ഞാന്‍.... വീട്ടുകാര്യങ്ങള്‍ പറഞ്ഞെന്നോ?... കേറിയപ്പോ മുതല്‍ ഞാന്‍ അവനെ തെറിവിളിച്ചു തുടങ്ങിയതാ. ഇടയ്ക്ക് അവന്‍ ഒരു ട്രെയ്‌ലറിന്റെ മുന്‍പില്‍ കാണിച്ച പരാക്രമം നീ കണ്ടിരുന്നോ? ആ പരാക്രമം കാണിച്ചിട്ട് അവന്‍ എന്നോട് പറയുകയാ ആ ട്രെയ്‌ലറുകാരന്‍ പേടിച്ച് കാണുമെന്ന്! അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞതാ സൈഡിലോട്ട് വണ്ടി ഒതുക്ക്, ഞാന്‍ ഏതെങ്കിലും ടാക്സി വിളിച്ച് പൊയ്ക്കോളാമെന്ന്. അവന്‍ സമ്മതിച്ചില്ല.“

“ഇവിടെ വന്നിട്ട് നിങ്ങള്‍ കൈകൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞത്?”

“അതോ? ഇന്ന് വന്നതിരിക്കട്ടെ, ഇനി മേലാല്‍ വണ്ടിയും ഉരുട്ടി ഞങ്ങളെ വിളിക്കാന്‍ വരരുതെന്നും പറഞ്ഞ് കൈകൊടുത്ത് വിട്ടതാ.”

എന്തായാലും ഈ യാത്രകൊണ്ട് ഒരു കാര്യം എനിക്ക് പിടികിട്ടി. സൌദികള്‍ പതുക്കെ കുശുകുശുത്താല്‍ എന്തൊക്കെയോ മുട്ടന്‍ തെറിവിളി നടക്കുകയാണെന്ന് വിചാരിച്ചോണം. ഉറക്കെയാണ് സംസാരമെങ്കില്‍ സന്തോഷത്തോടെ എന്തെങ്കിലും തമാശ പറയുകയാണെന്നും.

ഞങ്ങള്‍ പണിതുടങ്ങി...

ആദ്യ ദിവസമായതിനാല്‍ എല്ലാവരെയും പരിചയപ്പെട്ട്, ജോലിയെക്കുറിച്ച് ഒരു ഏകദേശ രൂപവും ഉണ്ടാക്കി വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. നാളെ മുതല്‍ വേറെ ഡ്രൈവറെ രാവിലെ അയയ്ക്കണം എന്ന ഞങ്ങളുടെ നിര്‍ദ്ദേശം ആ കശ്മലന്‍ മാനേജര്‍ തള്ളി. അതായത് നാളെയും രാവിലെ അബ്ദുള്ളയുടെ ശകടത്തില്‍ തന്നെ യാത്ര എന്ന് ഉറപ്പായി.

ഹോട്ടലില്‍ എത്തിയപാടെ വിശാലമായ ഒരു കുളി പാസാക്കി. പിന്നീട് ജിദ്ദ സിറ്റിയിലൂടെ ഒരു ചെറിയ യാത്ര. ഷോപ്പിംഗ് മാള്‍ പലതും കയറിയിറങ്ങി. രാത്രിയില്‍ ഗംഭീരമാ‍യ ഒരു ഡിന്നറും കഴിഞ്ഞ് ശുഭരാത്രി ആശംസിച്ച് ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ നേരത്തേ എണീക്കണമെന്ന് ഞാന്‍ യാസിറിനെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.

രാവിലെ 6 മണിക്ക് തന്നെ ഞാന്‍ എണീറ്റ് കുളിച്ച് റെഡിയായി. റൂമിലെ ഫോണില്‍ നിന്നും യാസിറിന്റെ മുറിയിലേക്ക് വിളിച്ചു. ആരും എടുക്കുന്നില്ല. പതുക്കെ പുറത്തിറങ്ങി വാതിലില്‍ തട്ടിനോക്കി. അനക്കമില്ല. മൊബൈലില്‍ വിളിച്ചു. അവന്റെ മുറിയില്‍ നിന്നും റിംഗ് ടോണ്‍ കേള്‍ക്കാം. അപ്പൊ ആള് അകത്ത് തന്നെ കാണും. ബാത്ത്‌റൂമിലോ മറ്റോ ആയിരിക്കും. ശല്യപ്പെടുത്തണ്ട.

പതിനഞ്ച് മിനിട്ടിന് ശേഷം ഞാന്‍ വീണ്ടും അവന്റെ മുറിയില്‍ തട്ടിനോക്കി. ഒരനക്കവുമില്ല. ഫോണില്‍ വിളിച്ചു. ആരും എടുക്കുന്നില്ല. ഇത് പ്രശ്നമാകുമല്ലോ.. എന്തായാലും കുറച്ച് സമയം കൂടി നോക്കാം എന്ന് കരുതി ഞാന്‍ തിരിച്ച് എന്റെ മുറിയിലേക്ക് പോന്നു.

സമയം 7 മണിയായി. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അബ്ദുള്ളയുടെ വായിലിരിക്കുന്നത് മുഴുവന്‍ യാസിറ് കേള്‍ക്കുമെന്ന് ഉറപ്പായി. എനിക്ക് പ്രശ്നമില്ല. അറബ് അറിയാത്തതുകൊണ്ട് തെറിവിളിച്ചാലും ഏല്‍ക്കില്ല.

ഞാന്‍ വാതിലില്‍ തട്ടുന്നത് പതുക്കെ ആയതുകൊണ്ടായിരിക്കും അവന്‍ എണീക്കാത്തത്. ഇപ്രാവശ്യം എന്റെ സര്‍വ്വ ശക്തിയുമെടുത്ത് വാതിലില്‍ അടിച്ചു. കുറച്ച് നേരം അടിച്ചു കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ മുറിയുടെ വാതില്‍ തുറന്ന് ഒരു സൌദി ഉറക്കച്ചടവോടെ തല വെളിയിലേക്ക് നീട്ടി. എന്തൊക്കെയോ പതുക്കെ കുശുകുശുത്തു. എന്നിട്ട് ആമ തലവലിക്കുന്നതുപോലെ തല ഉള്ളിലേക്കിട്ട് കതകടച്ചു. ഞാന്‍ ഉറപ്പിച്ചു. അവന്‍ തെറി വിളിച്ചതാണ്. ഇനി തട്ടിയാല്‍ ചിലപ്പോള്‍ അവന്‍ എന്റെ കയ്യിലിരിക്കുന്നത് വാങ്ങും. (ഇവിടെ പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാവുന്നതാണ്.)

ഞാന്‍ കതകില്‍ തട്ടുന്ന പരിപാടി നിര്‍ത്തി. ഇനി എന്നെ കൂട്ടാതെ യാസിര്‍ താഴെ ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയിക്കാണുമോ? എന്തായാലും ഡൈസിംഗ് ഹാളില്‍ ഒന്ന് പോയി നോക്കാം.

ഡൈനിംഗ് ഹാളിലൊന്നും അവനില്ല. ദൈവമേ, ഇന്നത്തെ കാര്യം പോക്കാണല്ലോ. ഇന്ന് ആരെയാണോ കണികണ്ടത്? രാവിലെ എണീറ്റ് കണ്ണാടിയില്‍ നോക്കണ്ടായിരുന്നു.

ഞാന്‍ പതുക്കെ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അയാള്‍ ഉടനെ ഒരു സെക്യൂരിറ്റിയെ കൂട്ടി എന്നെ യാസിറിന്റെ മുറിയിലേക്ക് വിട്ടു. സെക്യൂരിറ്റി സന്തോഷത്തോടെ വിശേഷങ്ങളൊക്കെ തിരക്കിയാണ് കൂടെ വരുന്നത്. അവന്‍ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചു. ആ മുട്ട് കേട്ട് യാസിറ് പോയിട്ട് അപ്പുറത്തെ മുറിയിലെ ആമത്തലയന്‍ പോലും എണീറ്റ് വരില്ലെന്ന് എനിക്കുറപ്പായിരുന്നു. കുറച്ച് നേരം മുട്ടിയപ്പോള്‍ കൈ കഴച്ചിട്ടാണെന്ന് തോന്നുന്നു, സെക്യൂരിറ്റി എന്നെയും കൂട്ടി താഴേക്ക് പോയി. റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ അവര്‍ യാസിറിന്റെ വാതില്‍ തുറക്കാനായി പുതിയൊരു കാര്‍ഡ് തന്നു.

സെക്യൂരിറ്റിയും ഞാനും വീണ്ടും മുകളിലേക്ക്. പഴയ സന്തോഷമൊന്നും അവന്റെ മുഖത്തില്ല.

“ഹേയ്, ഒന്നും സംഭവിച്ചു കാണത്തില്ല.” അവന്‍ പറഞ്ഞു.

എന്ത് സംഭവിക്കാന്‍? ആ പഹയന്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുകയായിരിക്കും. അയ്യോ, ഇനി ഇവന്‍ പറഞ്ഞതുപോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ? സെക്യൂരിറ്റി ആണത്രേ, സെക്യൂരിറ്റി!! മനുഷ്യനെ പേടിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

എന്തായാലും മടിച്ച് മടിച്ച് അവന്‍ യാസിറിന്റെ കതക് തുറന്നു. ഞാന്‍ അകത്തേക്ക് കടന്നു. മുറിയില്‍ നല്ല തണുപ്പ്. കട്ടിലില്‍ യാസിര്‍ മൂടിപ്പുതച്ച് കിടക്കുന്നു. കൂര്‍ക്കം വലി നല്ലപോലെ കേള്‍ക്കാം.

എന്റെ സകല സമനിലയും തെറ്റി. ഓടിച്ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട്. യാസിര്‍ തെറിച്ച് കട്ടിലില്‍ നിന്ന് താഴേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നതിന് മുന്‍പ് മുതുകത്ത് കയറി ഇരുന്ന് അറിയാവുന്ന താളത്തില്‍ നല്ല ഇടിയും പാസാക്കി.

ഇല്ല.. ഞാന്‍ ഇപ്പോഴും വാതിലിനടുത്ത് തന്നെ നില്‍ക്കുകയാണ്. ഇതൊക്കെ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ യാസിര്‍.. 6 അടി നീളം. നല്ല ബലം. വേണ്ട ക്ഷമിച്ചിരിക്കുന്നു. ഞാന്‍ കട്ടിലിനടുത്തേക്ക് ചെന്ന് പതിയെ അവന്റെ കാലില്‍ ഒന്ന് തൊട്ടു. അവന്‍ ഞെട്ടി എണീറ്റു. “ഞാന്‍ ലേറ്റായില്ലല്ലോ, അല്ലേ?” അവന്‍ ചോദിച്ചു.

“ഇല്ല..” ഞാന്‍ പറഞ്ഞു.

ഫാക്ടറിയിലേക്കുള്ള യാത്രയിലുടനീളം അബ്ദുള്ള എന്തൊക്കെയോ കുശുകുശുക്കുന്നു. യാസിറിന് മിണ്ടാട്ടമില്ല. നാട്ടുകാര്യങ്ങളായിരിക്കും അവര്‍ സംസാരിക്കുന്നത് എന്നാശ്വസിച്ച് ഞാന്‍ ചിരി അടക്കി.

പണി തുടങ്ങി.. പണിയെന്ന് പറഞ്ഞാല്‍ ഇമ്മാതിരി ഒരു പണി ജീവിതത്തില്‍ കിട്ടിയിട്ടില്ല. രാവിലെ 8 മണിക്ക് കയറിയാല്‍ രാത്രി 9 വരെ. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് ഒരു സാന്‍‌വിച്ചും പെപ്സിയും. രാത്രിയില്‍ തിരിച്ച് ഹോട്ടലിലെത്തുമ്പോഴേക്കും ഡൈനിംഗ് ഹാള്‍ അടയ്ക്കും. അതായത് പുറത്തു നിന്ന് വല്ലതും വാങ്ങി കഴിക്കണം. എന്നിട്ട് ഒരു കുളിയും കഴിഞ്ഞാല്‍ പിന്നെ കട്ടിലിലേക്ക് മറിയുകയായി.

എന്തെല്ലാം ആശകളായിരുന്നു. വൈകിട്ട് ജിമ്മില്‍ കസര്‍ത്ത്. അതുകഴിഞ്ഞ് മസാജും നീന്തലും സോനാബാത്തും. എന്നിട്ട് അടിപൊളി ഡിന്നര്‍. എല്ലാം പോയി. ഇതിലും നല്ലത് കമ്പനിയുടെ ക്യാമ്പായിരുന്നു എന്ന് ചിന്തിച്ചു പോയി.

എന്തായാലും ടിക്കറ്റിലെ ഡേറ്റ് ആകുന്നതുവരെ കഴിഞ്ഞിട്ട് രക്ഷപെട്ട് ഓടുകയായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത്. എല്ലാം കഴിഞ്ഞു. ഇനി വീണ്ടും ഞങ്ങളുടെ സ്വന്തം തട്ടകത്തിലേക്ക്.

അലൈന്‍‌മെന്റിന് വേണ്ടിയുള്ള ഉപകരണം അടങ്ങിയ പെട്ടി സ്കാനറിലൂടെ കടന്ന് പോയപ്പോള്‍ അതുവരെ അവിടിരുന്ന് ഉറങ്ങുകയായിരുന്ന സൌദി ഞെട്ടി എണീറ്റു. എന്തോ കുഴപ്പമുള്ളത് മാതിരി ഞങ്ങളെ നോക്കുന്നു. പെട്ടി എന്റേതല്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. അപ്പോഴേക്കും യാസിറും സെക്യൂരിറ്റിയും തമ്മില്‍ അറബിയില്‍ സംഭാഷണം തുടങ്ങി.

“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” യാസിര്‍ സെക്യൂരിറ്റിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ലേസര്‍ എന്ന് കേട്ടതും അവന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ശരീരമുള്ള ഒരു ഉദ്യോഗസ്ഥന്‍ എത്തി. എന്താണ് ഈ ഉപകരണമെന്ന് അയാള്‍ യാസിറിനോട് ചോദിച്ചു.

“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” തീര്‍ന്നു കഥ. അയാള്‍ ഉടനെ ഫോണ്‍ എടുത്ത് വേറെ ആരെയോ വിളിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ അതിലും ബോഡിയുള്ള മറ്റൊരുത്തന്‍ വരുന്നു. പണി പാളിയല്ലോ ഭഗവാനെ. ഇവന്മാര്‍ ഞങ്ങളെ ഇവിടെ തടഞ്ഞു വയ്ക്കുമോ? ജെയിലില്‍ കഫ്സയും ബിരിയാണിയുമൊക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. വെറുതെ ആശിപ്പിക്കരുതേ..

മൂന്നാമനും ലേസര്‍ ബീമിന്റെ കാര്യം കേട്ടതും പുറകോട്ട് മാറി. ഇവന്മാര്‍ക്ക് ആകെ അറിയാവുന്നത് തോക്കില്‍ ഉപയോഗിക്കുന്ന ലേസറിനെപ്പറ്റിയാണ് എന്ന് ബോധ്യമായി. ഇനിവരുന്നവനോട് ലേസറിന്റെ കാര്യം പറയണ്ട എന്ന് ഞാന്‍ യാസിറിനോട് പറഞ്ഞ്. നാലാമന്‍ വന്നപ്പോള്‍ യാസിര്‍ ബുദ്ധിപൂര്‍വം ലേസറിന്റെ കാര്യം പറഞ്ഞില്ല. യാസിര്‍ ഒരുവിധം അവനെ അതിന്റെ ഉപയോഗം പഠിപ്പിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരുത്തനെയെങ്കിലും പഠിപ്പിച്ചെടുക്കാന്‍ കഴിഞ്ഞല്ലോ. പഠിച്ച് കഴിഞ്ഞപ്പോള്‍ അവനൊരു സംശയം. മോട്ടറും പമ്പും ഒരേ രേഖയിലാണെന്ന് എങ്ങനെ മനസ്സിലാകും? പഠിപ്പിക്കാനുള്ള ആവേശത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു. “അത് ലേസര്‍ബീം..“ യാസിര്‍ എന്നെ ഒന്ന് നോക്കി. ബലൂണില്‍ നിന്നും കാറ്റ് തുറന്നുവിട്ടതു പോലെയായി ഞാന്‍. ഇനി എന്ത് ചെയ്യും. എന്തായാലും ആ ഉദ്യോഗസ്ഥന്‍ വേറെ ആരെയും വിളിച്ച് വരുത്തിയില്ല. അവന് മുകളില്‍ വിളിക്കാന്‍ വേറെ ആരും ഇല്ലായിരിക്കും. പെട്ടി അവിടെ വച്ചിട്ട് സ്ഥലം വിട്ടോളാന്‍ ഞങ്ങളോട് പറഞ്ഞു. പെട്ടി പോയാലും വേണ്ടില്ല രക്ഷപെട്ടാല്‍ മതിയെന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞ് നോക്കാതെ വിമാനം കയറാനുള്ള ഗേറ്റിലേക്ക് നടന്നു. അങ്ങനെ സംഭവബഹുലമായ ഒരു ജിദ്ദ യാത്ര അവസാനിച്ചു.

Wednesday, 2 May 2012

കര്‍മ്മഗതി

ഒട്ടകവ്യാപാരിയുടെ ഒട്ടകങ്ങള്‍ വിശാലമായ പറമ്പില്‍ പലതും തിന്നുകൊണ്ട് നടക്കുന്നു. ചില കുട്ടിഒട്ടകങ്ങള്‍ ടെന്റിനു ചുറ്റും ഓടിക്കളിക്കുന്നു. ആകപ്പാടെ ഒട്ടകങ്ങളുടെ സമ്മേളനം പോലെ തോന്നി ആ പറമ്പ്. വ്യാപാരിയുടെ മകന് ഒരു കുഞ്ഞുണ്ട്. രണ്ടു വയസ്സുള്ള അവനും ഒട്ടകക്കുഞ്ഞുങ്ങളുമായി കളിക്കുന്ന പതിവുണ്ട്. ഒരു ദിവസം കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിച്ചെന്നു.ഒരു തള്ള ഒട്ടകത്തിന്റെ ചവിട്ടേറ്റ് കുട്ടി കിടന്ന് പിടയുന്നു. വേഗം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു പോയി. അതീവ ദുഃഖിതരായ വ്യാപാരിക്കും കുടുംബത്തിനും അതില്‍ നിന്നും മോചിതരാകാന്‍ കുറേക്കാലം കഴിയേണ്ടി വന്നു.

എന്നാല്‍ കുട്ടിയുടെ പിതാവ് ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന ഒട്ടകക്കുഞ്ഞിനെ അയാള്‍ അതിന്റെ തള്ള ഒട്ടകത്തിന്റെ മുന്നിലിട്ട് അതിഭീകരമായി കൊന്നുകളഞ്ഞു. തള്ള ഒട്ടകം അലറി നിലവിളിക്കുകയും ജലപാനം കഴിക്കാതെ ആഴ്ചകളോളം കിടക്കുകയും ചെയ്തു.

നാളുകള്‍ കടന്നു പോയി. പതിനൊന്ന് മാസം കഴിഞ്ഞ് ആ ഒട്ടകം വീണ്ടും ഒരു കുഞ്ഞിനെ പ്രസവിച്ചു. ഒരു ദിവസം തള്ള ഒട്ടകത്തിന്റെ കൂടെ കിടന്നിരുന്ന കുഞ്ഞിനെ വീണ്ടും അയാള്‍ അതിന്റെ മുന്നിലിട്ട് കൊന്നു. ഒട്ടകം വീണ്ടും നിരാഹാരവും ദുഃഖവും അനുഭവിച്ചു. ഇങ്ങനെ 6 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. അപ്പോഴേക്കും തള്ള ഒട്ടകം ആഹാരം കഴിക്കാതെ ദുഃഖിതയായി എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായി. അതിനെ കൊന്ന് അതിന്റെ കരള്‍ തനിക്ക് പൊരിച്ചു തരണമെന്ന് അയാള്‍ ജോലിക്കാരോട് നിര്‍ദ്ദേശിച്ചു. ഉടമസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആ തള്ള ഒട്ടകത്തിനെ ജോലിക്കാര്‍ കൊന്നു. മാംസം പാകപ്പെടുത്തി. എന്നാല്‍ ഒട്ടകത്തിന്റെ കരളിന്റെ സ്ഥാനം ശൂന്യമായിരുന്നു. അനേകവര്‍ഷത്തെ തീരാദുഃഖം സഹിച്ച ആ ഒട്ടകത്തിന്റെ കരള്‍ ദ്രവിച്ച് ഇല്ലാതായിരുന്നു.

ഇവിടെ ഓരോരുത്തരുടേയും അനുഭവം തുടര്‍ച്ചയായി ചിന്തിച്ചു നോക്കൂ! കുഞ്ഞിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മരണം സംഭവിച്ചു. ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അത് സംഭവിക്കുമായിരുന്നു. ഒട്ടകക്കുഞ്ഞുങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. മുന്‍ ജന്മകര്‍മ്മഗതിയാല്‍ ഒട്ടകത്തിന് തീരാദുഃഖം അനുഭവിക്കേണ്ടി വന്നു. എന്നാല്‍ അതിന് നിമിത്തമായ ആള്‍ക്ക് തുടര്‍ന്ന് കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്നുള്ളത് അലംഘനീയമാണ്. ഒട്ടകം അനുഭവിച്ച തത്തുല്യമായ തീവ്രദുഃഖം നിമിത്തകാരനും പില്‍ക്കാലത്ത് അനുഭവിക്കും. അത് നാം കാണുമ്പോള്‍ നമ്മുടെ ഹൃദയം വേദനിക്കുന്നത് സാധാരണമാണ്. ആയതിനാല്‍ കര്‍മ്മം ചെയ്യുന്നത് എപ്പോഴും സൂക്ഷിച്ചു വേണം. എല്ലാ കര്‍മ്മത്തിനും തന്നിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകും എന്നുകരുതിവേണം കര്‍മ്മം അനുഷ്ഠിക്കേണ്ടത്.

“അഹോ!! കര്‍മ്മഗതി എത്ര ദൃഢവും സുനിശ്ചിതവുമാണ്!!”

 (വാല്‍ക്കഷണം :-

"Energy cannot be created or destroyed but only converted from one form to another."

ഒരു മുറിയില്‍ ഒരു ബള്‍ബ് പ്രകാശിക്കുന്നു എന്ന് വയ്ക്കുക. കറന്റ് ആ ബള്‍ബിലൂടെ കടന്നു പോയതുകൊണ്ട് അത് പ്രകാശിക്കുന്നു. ഇവിടെ ബള്‍ബിന് കിട്ടിയ ഊര്‍ജ്ജം നഷ്ടമായിട്ടില്ല എന്ന് നമുക്കറിയാം. ആ ഊര്‍ജ്ജം പ്രകാശം, താപം എന്നീ രണ്ട് രൂപങ്ങള്‍ സ്വീകരിച്ചു. ഈ രൂപങ്ങളിലായ ഊര്‍ജ്ജത്തെ വീണ്ടും വൈദ്യുതോര്‍ജ്ജമാക്കി മാറ്റി മറ്റ് വല്ല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഉത്തരം. ഒരു ഫോട്ടോ-ഇലക്ട്രിക് സെല്ലോ ഒരു തെര്‍മ്മോ-ഇലക്ട്രിക് സെല്ലോ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. അതായത് അനുയോജ്യമായ ഉപകരണങ്ങളുണ്ടെങ്കില്‍ ഈ ഊര്‍ജ്ജത്തെ പിടിച്ചെടുത്ത് ഉപയോഗപ്രദമാക്കാം.

ഇതുപോലെതന്നെയാണ് ജീവന്റെ കാര്യവും.. ജീവന്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജമാണ്. ഇതുവരെ ശാസ്ത്രത്തിന് നിര്‍വ്വചിക്കാന്‍ കഴിയാത്ത ഊര്‍ജ്ജത്തിന്റെ രൂപം!! ഈ ഊര്‍ജ്ജത്തിന്റെ സഹായത്താലാണ് നമ്മുടെയെല്ലാം ശരീരമാകുന്ന ഉപകരണം പ്രവര്‍ത്തിക്കുന്നത്. എപ്പോള്‍ ഈ ഊര്‍ജ്ജം നഷ്ടമാകുമോ അപ്പോള്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കും. ഇങ്ങനെ ഒരു ശരീരത്തില്‍ നിന്നും പുറത്ത് ചാടുന്ന ഊര്‍ജ്ജം നഷ്ടപ്പെട്ട് പോവുകയല്ല ചെയ്യുന്നത്. അത് ഒരു തലത്തില്‍ സ്ഥിതി ചെയ്യുന്നു. എങ്ങനെയാണോ ബള്‍ബില്‍ നിന്ന് നഷ്ടമായ പ്രകാശോര്‍ജ്ജത്തേയും താപോര്‍ജ്ജത്തേയും നാം തിരിച്ച് കൊണ്ടുവന്നത്, അതുപോലെ അനുയോജ്യമായ ഒരു ഉപകരണം/സ്ഥാനം ഉണ്ടാകുമ്പോള്‍ ഈ ഉര്‍ജ്ജവും തിരിച്ചു വരുന്നു. അതാണ് പുതിയ ജന്മങ്ങള്‍. ഇത് ഒരു cycle ആണ്. മരണം എന്നത് പൂര്‍ണ്ണവിരാമം അല്ല; ഒരു അല്പവിരാമമേ ആകുന്നുള്ളൂ. അത് പൂര്‍ണ്ണവിരാമമായി കണക്കാക്കുന്നതുകൊണ്ടാണ് പലര്‍ക്കും ‘കര്‍മ്മഫലം’ എന്ന വാക്ക് മനസ്സിലാകാത്തത്.

"Every action there is an equal and opposite reaction." - ഇത് ഭൌതികശാസ്ത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു തത്ത്വമല്ല. എല്ലായിടത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നതിന് ദൈവം കാരണമേ അല്ല. 'Action' -നും 'Reaction' -നും മാത്രമേ ഇവിടെയുള്ളൂ. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ? അത് തന്നെ സംഭവം. ഇവിടെ ജീവോര്‍ജ്ജത്തിനും അത് അനുഷ്ഠിക്കുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിച്ചേ മതിയാകൂ. ഇവിടെ വ്യക്തിയെ അല്ല നോക്കേണ്ടത്. വ്യക്തി ജീവോര്‍ജ്ജത്തിന് പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. കര്‍മ്മവും കര്‍മ്മഫലവും ഉള്ളത് ജീവനാണ്. )

Saturday, 28 April 2012

പതിനഞ്ചാം നൂറ്റാണ്ട്


അത്യുഗ്രമായ വെയിലില്‍ നിന്നും അല്പം ആശ്വാസം ലഭിക്കാന്‍ പട്ടണത്തിലെ പാതയോരത്തെ ചെറിയ കടയുടെ വശത്തുള്ള ചെറിയ തണലില്‍ ഒതുങ്ങിക്കൂടി. എതിര്‍വശത്ത് ഒരു ഫ്ലക്സ് ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. അതിലെ അക്ഷരങ്ങളിലൂടെ ഞാന്‍ കണ്ണോടിച്ചു. “സംസ്ഥാന ചിത്രകലാ പ്രദര്‍ശനം”. അറുപത്തിനാലു കലകളില്‍ നാലാമത്തെ കലയായ “ആലേഖ്യം” എനിക്ക് ഒട്ടും വഴങ്ങുകയില്ലെങ്കിലും ഉഷ്ണശമനം സാധിക്കുമല്ലോ എന്നോര്‍ത്ത് പ്രദര്‍ശന ഹാളില്‍ കയറി. പരിശുദ്ധമായ ചുവരില്‍ ആകര്‍ഷകമായ രീതിയില്‍ വിവിധ ചിത്രകലാനിപുണന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല ചിത്രങ്ങളുടേയും മുന്‍പില്‍ മുതിര്‍ന്നവരും യുവതലമുറക്കാരും കൂടിനിന്ന് ആസ്വാദനവും ചര്‍ച്ചകളും ചെയ്യുന്നു.

ഞാന്‍ കണ്ട മിക്ക ചിത്രങ്ങളുടേയും പൊരുള്‍ എനിക്ക് മനസ്സിലായില്ല. എന്നിരുന്നാലും എല്ലാം അറിയുന്നവനെപ്പോലെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് നടന്നു. വെറുതേ ഒരു ചിത്രത്തിനു മുന്‍പില്‍ നിന്നു. രാജവീഥിയിലൂടെ ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം. ആ സ്ത്രീക്ക് അസാധാരണ ഉയരം. ചെറിയ തല. അനുയോജ്യമല്ലാത്ത മൂക്കും കണ്ണും. കാലുകളേക്കാള്‍ നീളമുള്ള കൈകള്‍. ഞാന്‍ ചിന്തിച്ചു. ഈ സ്ത്രീ ആ റോഡിന് കുറുകേ കിടന്നാല്‍ പാദവും തലയും റോഡിന്റെ വശങ്ങള്‍ക്ക് വെളിയിലായിരിക്കും. ആളുകള്‍ എന്നെ മുട്ടിയുരുമി പോയപ്പോള്‍ ഞാന്‍ ചിന്ത നിര്‍ത്തി മുന്നോട്ട് നടന്നു.

മറ്റൊരു ചിത്രത്തിനു മുന്‍പില്‍ യുവചിത്രകാരന്മാര്‍ കൂട്ടം കൂടിയിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു നോക്കി. നല്ല കടുത്ത വര്‍ണ്ണങ്ങളിലുള്ള ചിത്രം. ഒരു സ്ത്രീശരീരത്തിന്റെ പല ഭാഗങ്ങളും പല സ്ഥലങ്ങളിലായി വരച്ചിരിക്കുന്നു.വളരെ നേരത്തെ പ്രയത്നം കൊണ്ടേ ഒരു അവയവത്തെ കണ്ടെത്താന്‍ കഴിയൂ! ഒരു കണ്ണ്, ഒരു ചെവി, ഒരു കൈ എന്നിവ വളരെ ശ്രമം ചെയ്ത് ഞാന്‍ കണ്ടെത്തി.

അടുത്ത ചിത്രത്തിന് മുന്‍പില്‍ കൂടുതല്‍ ആധുനികര്‍ ഉണ്ട്. ചിത്രം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയത് പുറത്തു പറയാന്‍ മനസ്സ് വന്നില്ല. എങ്കിലും ഞാന്‍ ആത്മഗതം ചെയ്തു. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയിലെ അരയാലിന്‍ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് മുകളില്‍ പറവകള്‍ കാഷ്ഠിച്ചപ്പോള്‍ കണ്ട സുകുമാര രൂപം അതേപടി അതിമനോഹരമായ ചായക്കൂട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂടിനിന്നവര്‍, ഉന്നതം, ഉദാത്തം, ഉല്‍കൃഷ്ടം പിന്നെ കുറേ ആംഗലേയ പദങ്ങളും ചേര്‍ത്ത് വിശേഷിപ്പിക്കുന്നു. മൈസൂര്‍ ആര്‍ട്ട് ഗാലറിയില്‍ രാജാ രവിവര്‍മ്മയുടെ ‘വിളക്കേന്തിയ കന്യക’ എന്ന ചിത്രം ഞാന്‍ മുന്‍പ് കണ്ടിരുന്നു. വിളക്കിന്റെ പ്രകാശവും ദീപം അണയാതിരിക്കാന്‍ കൈ പിടിച്ചപ്പോള്‍ വിരലുകള്‍ക്കിടയില്‍ കൂടി പുറത്തുവരുന്ന പ്രകാശത്തനിമയും മനസ്സില്‍ മിന്നിമറഞ്ഞു.

എന്റെ ഉഷ്ണം മിക്കവാറും ശമിച്ചിരുന്നു. ഞാന്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഒരു സുഹൃത്ത് ഒരു ബാറിന് മുന്‍പില്‍ വച്ച് പറഞ്ഞതാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്. “താന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിക്കേണ്ട ആളാണ്”!! ശരിയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിച്ചാല്‍ മതിയായിരുന്നു.

സോമദാസ്

Monday, 22 August 2011

വിധിയും ഭാഗ്യവും


ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുടേയും ഉത്തരങ്ങളാണ്‍ “വിധിയും ഭാഗ്യവും”. ഇന്ന് ലോകത്ത് ഈ രണ്ടു വാക്കുകൾ‍ ഉപയോഗിക്കാത്തവർ‍ ഉണ്ടോ എന്ന് സംശയമാണ്‍. നാം ഉപയോഗിക്കുന്ന ഈ രണ്ടു വാ‍ക്കുകൾ‍ക്കും സമാനമായ വാക്കുകൾ‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലെയും ജനവിഭാഗങ്ങൾ‍ കണ്ടുപിടിച്ച് ഉപയോഗിക്കുന്നുണ്ടാകും. കാരണം, ലോകത്തിലെ എല്ലാ മനുഷ്യരും അസ്ഥിയും, മജ്ജയും, മാംസവും, രക്തവും കൊണ്ടാണ്‍ രൂപം കൊണ്ടിട്ടുള്ളത് എന്നതുതന്നെ. അതിനാൽത്തന്നെ ഇവകളുടെ സംഘാതം കൊണ്ട് രൂപപ്പെട്ട ഈ ശരീരത്തിൽ‍ ഉണ്ടാകുന്ന വിചാരവികാരങ്ങൾ‍ ഒന്നുതന്നെയായിരിക്കും. അത് രാജ്യങ്ങളുടേയും വിശ്വാസങ്ങളുടേയും അതിർ‍വരമ്പുകൾ‍ അതിലംഘിക്കുന്നു. എന്നാൽ‍ എല്ലാമനുഷ്യർ‍ക്കും മറ്റുജീവജാലങ്ങൾ‍ക്കും ‘വിധിയും ഭാഗ്യവും’ അനുഭവങ്ങളാണ്‍. മനുഷ്യൻ‍ മാത്രം ഇത് തിരിച്ചറിയുകയും അതിനെപ്പറ്റി ഉറക്കെ ചിന്തിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യനുമാത്രമുള്ള വിശേഷബുദ്ധിമൂലമാണ്. ഈ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ പ്രകൃതിയേയും പ്രകൃതിനിയമങ്ങളേയും മറികടന്നു എന്നുചിന്തിക്കുമ്പോഴും വിധി, ഭാഗ്യം എന്നീ വാക്കുകളില്‍ പല സന്ദര്‍ഭങ്ങളിലും അഭയം തേടുന്നതായി കാണാം. ഇവിടെ കാര്യകാരണസിദ്ധാന്തം പ്രസക്തമാണ്. എന്താണ് വിധിയുടേയും ഭാഗ്യത്തിന്റേയും കാരണം. പലമതങ്ങളിലും അതിന്റെ കാരണത്തെപ്പറ്റി പലരീതിയില്‍ പ്രതിപാദിച്ചുകാണുന്നു. ഏതാണ് ശരി, ഏതാണ് കൂടുതല്‍ ശരി എന്നറിയുവാന്‍ ബുദ്ധിമുട്ടാണ്.
     
മഹാനായ ബുദ്ധന്‍, രോഗം, വാര്‍ദ്ധക്യം, മരണം എന്നിവയെപ്പറ്റി കൂടുതല്‍ ചിന്തിക്കുകയും ഇവകളുടെ കാരണത്തെ അന്വേഷിച്ച് സഞ്ചരിക്കുകയും ചെയ്തു. അദ്ദേഹം അന്ന് ജീവിച്ചിരുന്ന മഹാന്മാരേയും ശ്രേഷ്ഠവ്യക്തികളേയും  സമീപിച്ചിട്ടുണ്ടാകാം. അവര്‍ പല ഉത്തരങ്ങളും നല്‍കിയിരുന്നിരിക്കാം. അതില്‍ തൃപ്തനാകാതെ അനേകം നാള്‍ അദ്ദേഹം അന്വേഷിച്ചു നടന്നു. ജനിച്ചിട്ടുള്ള എല്ലാ ജീവികള്‍ക്കുമുള്ള അലംഘനീയമായ നിയമങ്ങളാ‍ണ് ഇവ മൂന്നും എന്ന് അദ്ദേഹം അറിഞ്ഞു. പല മതങ്ങളും ജനനമരണത്തെപ്പറ്റി പലരീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാമതങ്ങളുടേയും കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍, വിശ്വാസങ്ങള്‍ ഇവ അറിയുക അതീവ ദുഷ്കരമാണ്. നമുക്കറിയാവുന്ന പലമതങ്ങളുടേയും വിശ്വാസപ്രമാണങ്ങാളാണ് നമ്മുടെ മുന്നിലുള്ളത്. അതെല്ലാം കണക്കിലെടുത്തും യുക്തിക്ക് ചേരുന്നതുമായ കാരണത്തെ മാ‍ത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

പല മതങ്ങളും അതിന്റെ വിശ്വാസഗ്രന്ഥങ്ങളില്‍ വിധിയേയും ഭാഗ്യത്തേയും ഒരേ രൂപത്തിലല്ല പരാമര്‍ശിക്കുന്നത്. ചില മതങ്ങളില്‍ ഇവകളെ ജഗന്നിയന്താവിന്റെ, സൃഷ്ടാവിന്റെ, ഇച്ഛയായി കരുതുന്നു. സൃഷ്ടാവിന്റെ ഇച്ഛയെ ചോദ്യം ചെയ്യുവാനോ കാരണം ചോദിക്കുവാനോ പാടില്ല എന്നും പ്രസ്താവിച്ചുകാണുന്നു. കാരണം, യേശുക്രിസ്തുപോലും തന്റെ പിതാവിന്റെ ഇച്ഛയാണല്ലോ നടക്കുന്നത് എന്ന് വെളിപ്പെടുത്തുന്നു. ഇങ്ങനെ നോക്കുമ്പോൾ എല്ലാമനുഷ്യർക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടുന്ന സമയം, ഒരു പ്രത്യേകസന്നിധിയിൽ എല്ലാത്തിന്റേയും കാരണങ്ങൾ ഇറക്കിവയ്ക്കുവാൻ കഴിയുന്നതായി കാണാം. അതോടുകൂടി മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും എന്നുള്ളതുകൊണ്ടാണ് ലോകത്തുള്ള മിക്കവാറും വിശ്വാസപ്രമാണങ്ങളിലും ഈ രീതി അവലംബിച്ചിരിക്കുന്നത്. ഇത് മനഃശാസ്ത്രപരമായി ആശ്വാസമേകുന്നത് തന്നെയാണ്.

ആദ്യം വിധിയെപ്പറ്റി  നമുക്കൊന്ന് ചിന്തിക്കാം! എന്താണ് വിധി? ഒരാശുപത്രിയിൽ ഒരുദിവസം ഇരുപത്തഞ്ച് കുഞ്ഞുങ്ങൾ ജനിക്കുന്നുവെന്ന് വിചാരിക്കുക. അതിൽ രണ്ടെണ്ണം അംഗവൈകല്യമുള്ളതും ബാക്കി ഭൂരിഭാഗവും സാധാരണ ശിശുക്കളാണെന്നും കരുതുക. ഈ രണ്ടെണ്ണം മാത്രം എന്തുകൊണ്ടാണ് ഇങ്ങനെയായത്? ഇത് ആരുടെ കുറ്റം കൊണ്ടാണ്? അതിന്റെ കാരണം എന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാം ശാസ്ത്രീയമായി ശരിയായ ഉത്തരമുണ്ട്. ആ ശിശുക്കളുടെ ജനനപ്രക്രിയയിൽ ഉണ്ടായിട്ടുള്ള ചില പാകപ്പിഴകൾ അല്ലെങ്കിൽ ജനിതകമായ ചില ക്രമക്കേടുകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് സാധാരണമായ ഒരു വിലയിരുത്തലാണ്. ഒരളവുവരെ അത് ശരിയുമാണ്. എന്നാൽ ഈ കുഞ്ഞുങ്ങളിലെല്ലാം ഒരേരീതിയിലുള്ള ജീവചൈതന്യമാണല്ലോ ഉള്ളത്. ശിഷ്ടകാലം ഉണ്ടാകുന്ന എല്ലാ പ്രാരാബ്ധങ്ങളും യാതനകളും അനുഭവിക്കേണ്ടത് ഈ രണ്ടു ജീവനുകളുമാണ്. ഈ ജീവനുകൾ എന്തിനാണ് ഇങ്ങനെ ജനിതകവൈകല്യം ഉള്ള ശരീരത്തിൽ തന്നെ വന്നുപെട്ടത്. മറ്റുള്ളവരെപ്പോലെ നല്ല ശരീരം ഇവർക്കും തിരഞ്ഞെടുത്തുകൂടായിരുന്നോ? അതിൽതന്നെ നിർദ്ധനരായവരും സമ്പന്നരായവരും ഉണ്ടല്ലോ! സമ്പന്നന്മാരുടെ സന്താനങ്ങളായി ജനിച്ച കുട്ടിയും, നിർദ്ധനരും നിരാലംബരും അംഗഹീനരുമായി ജനിച്ച കുട്ടിയും തമ്മിൽ ജീവനിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഇവർ ഈ ലോകത്ത് ആദ്യമായി വരികയാണ്. അതുകൊണ്ടുതന്നെ ഒരു ദുഷ്പ്രവൃത്തിയും മതനിഷ്കാസനങ്ങളും ചെയ്തിട്ടുള്ളവരും അല്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ വിവേചന ജനനം. ജനിതകവൈകല്യമുള്ള ശരീരത്തിൽ ഉൾക്കൊള്ളാതെ വേറെ നല്ല ശരീരത്തിൽ നല്ല സാഹചര്യമുള്ളിടത്ത് എല്ലാ കുഞ്ഞുങ്ങൾക്കും ജനിച്ചുകൂടായിരുന്നോ? ഒരു ജീവനും ദുഃഖത്തേയും അവശതകളേയും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അപ്പോൾ യാതനാനിർഭരമായ ഒരു ശരീരം ആർക്കും സ്വീകരിക്കാതിരുന്നുകൂടായിരുന്നോ? അപ്പോൾ അത് ആരും ഇഷ്ടപ്പെട്ട് സ്വീകരിച്ചതല്ല എന്ന് വരുന്നു. അങ്ങനെ അല്ലെങ്കിൽ ഏതെങ്കിലും ശക്തികേന്ദ്രം നിയോഗിച്ചതായിരിക്കും. അങ്ങനെ ഈ ലോകത്തെമുഴുവൻ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശക്തികേന്ദ്രമാണ് ഇങ്ങനെ ഓരോരുത്തരേയും നിയോഗിക്കുന്നത് എങ്കിൽ അതിൽ അപാകതയുണ്ട്. കാരണം, ഒരുകാരണവുമില്ലാതെ കുറേജീവന് നല്ലശരീരവും നല്ല സാഹചര്യവും പ്രദാനം ചെയ്യുകയും കുറേജീവന് അവശതയും കഷ്ടപ്പാടും പ്രദാനം ചെയ്യുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അത് നീതിയുമല്ല. ‘വിവേചനം’ എന്നത് മനുഷ്യന്റെ ചിന്താദൗർബല്യമാണ്. തന്റെ സന്താനങ്ങളെയും ബന്ധുക്കളെയും മതത്തിലുള്ളവരെയും രാജ്യത്തുള്ളവരെയും വിവേചനബുദ്ധിയോടെ വീക്ഷിക്കുന്നത് മാനുഷിക ഭാവമാണ്. അത് പക്ഷപാതവുമാണ്. അതുകൊണ്ടുതന്നെ ഇത് പ്രപഞ്ചസൃഷ്ടാവിന്റെ പേരിൽ വിശ്വസിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല. എന്തായാലും ലോകത്തുള്ള എല്ലാ ജീവികളും ഇന്നുകാണുന്ന രീതിയിലുള്ള ഒരു ജന്മം ആഗ്രഹിച്ചുവന്നവരല്ല. അവശരായി, നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു മേഖലയിൽ നിന്നാണ്, നാം ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാത്തതോ ആയ ജന്മം എടുത്ത് ലോകത്ത് വന്ന് കഷ്ടതകൾ അനുഭവിക്കുന്നതും സുഖങ്ങൾ അനുഭവിക്കുന്നതും. ‘അസാധ്യമായത് ഒന്നുമില്ല’ എന്ന് പല ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരുകാര്യവും അതികഠിനമായും നിഷ്കർഷയോടുകൂടിയും യത്നിച്ചാൽ സാധിക്കാവുന്നതേയുള്ളൂ എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന്റെ പുത്രനായി ജനിക്കാൻ നമുക്ക് കഴിയുമോ? ഇപ്പോൾ വിവാഹിതരായ ദമ്പതിമാരുടെ മകനായി നമുക്ക് ജനിക്കാൻ കഴിയുമോ? ഇവിടെയാണ് അസാധ്യം വരുന്നത്. ജനനം എന്നത് നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല. അതിനാലാണ് ഭാരതീയ ദാർശനികർ, ജീവൻ ഉചിതങ്ങളായ ശരീരങ്ങൾ സ്വീകരിച്ച് അവശരായി ജനിക്കുന്നു എന്ന് പ്രസ്താവിച്ചുകാണുന്നത്.

ഇനി മറ്റൊരുരീതിയിൽ ചിന്തിക്കാം. സൃഷ്ടാവ് മനുഷ്യർക്ക് ബുദ്ധി, സൗന്ദര്യം, ശക്തി, ഉന്നതകുലജനനം, ധനസ്ഥിതി ഇവകളും അംഗവൈകല്യം, മന്ദബുദ്ധി, രോഗാതുരത, സാമ്പത്തിക കഷ്ടപ്പാടുകൾ, ഹീനകുലം എന്നീ സ്ഥിതികളും നൽകിയിരിക്കുന്നത് പരീക്ഷണത്തിനാണ്. ഇതെല്ലാം നമുക്ക് നൽകി നമ്മെ പരീക്ഷിക്കുകയാണ്. ഇങ്ങനെയുള്ള കഷ്ടപ്പാടുകളും ഉന്നതിയും നമുക്ക് നൽകിയാൽ നാം എന്തുചെയ്യും എന്ന് സൃഷ്ടാവ് ഉറ്റുനോക്കുകയാണ്. സന്തോഷത്തിലും സന്താപത്തിലും സൃഷ്ടാവിനെ മനുഷ്യൻ മറക്കുന്നുവോ, അവനെ അനാദരിക്കുന്നുവോ, ഈശ്വരാശ്രയത്തെത്തന്നെ മുറുകെപിടിക്കുന്നുവോ എന്നിങ്ങനെ അനേകം പരീക്ഷണങ്ങളാണ് സൃഷ്ടാവ് നമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പൊതുവേ സ്വാഗതാർഹമായ വിശ്വാസമായി കരുതാം. കാരണം, ഇങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തി തന്റെ ഉയർച്ചയിലും താഴ്ചയിലും ഈശ്വരചിന്ത വെടിയുകയില്ല. അയാൾ അഹങ്കരിക്കുകയില്ല. ഈശ്വരന്റെ ഒരു ദർശനം എപ്പോഴും തന്നെ പിന്തുടരുന്നു എന്ന് വിശ്വസിച്ച് സന്മാർഗ്ഗത്തിൽ കൂടിമാത്രം സഞ്ചരിക്കുന്നവനായിരിക്കും. എന്തെല്ലാം കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളും ഉണ്ടായാലും അതെല്ലാം ഈശ്വരന്റെ സങ്കല്പങ്ങളാണെന്ന് ധരിച്ച് സമാധാനിക്കുകയും ചെയ്യും. എല്ലാ മതവിശ്വാസങ്ങളിലും സൃഷ്ടാവിന്റെ പരീക്ഷണങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. ആ പരീക്ഷണങ്ങളെ അതിജീവിക്കാനായി സത്യത്തേയും ധർമ്മത്തേയും നീതിയേയും മുറുകെപ്പിടിച്ചുവേണം ജീവിക്കാൻ എന്ന് അനുശാസിക്കുകയും ചെയ്യുന്നുണ്ട്.

വിധി, ഭാഗ്യം എന്നീ രണ്ടുവിഷയങ്ങളേയും സൃഷ്ടാവിന്റെ ഇച്ഛ അല്ലെങ്കിൽ പരീക്ഷണം ആണെന്ന് വിശ്വസിച്ച് ജീവിക്കുന്നത് ലൗകികജീവിതത്തിൽ സമാധാനത്തിന് വളരെ സഹായകമാണ്. അക്രമങ്ങളെയും അനീതിയെയും വെറുക്കാനും സന്മാർഗ്ഗജീവിതം നയിക്കാനും ഇത്തരം വിശ്വാസങ്ങൾ കാരണമാകുന്നു. എന്നാൽ നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ വച്ചുനോക്കുമ്പോൾ ഈ വിശ്വാസങ്ങൾക്കൊന്നും വിലകല്പിക്കാതെ മറ്റൊരുവിധത്തിലാണ് പലരും ചിന്തിക്കുന്നത് എന്നുകാണാം. രോഗത്താലും മറ്റുയാതനകളാലും കഷ്ടപ്പെടുന്നവർ തങ്ങളെമാത്രം എന്തിനാണ് ഇങ്ങനെയിട്ട് പരീക്ഷിക്കുന്നത് എന്നുചിന്തിച്ചാൽ അത് തെറ്റാണെന്നുപറയാൻ കഴിയില്ലല്ലോ! കുറേ ജീവന് സുഖസൗകര്യങ്ങളും കുറേ ജീവന് യാതനകളും നൽകി എന്തിനാണ് പരീക്ഷിക്കുന്നത്. പരീക്ഷണം എന്നുപറയുമ്പോൾ എല്ലാജീവനും ഒരുപോലെയുള്ള സംവിധാനങ്ങൾ വേണം നൽകാൻ. അപ്പോൾ മാത്രമേ ഒരേസാഹചര്യങ്ങൾ ലഭിച്ചവർ പലരീതിയിൽ, പലവഴിയിൽ ജീവിക്കുന്നു എന്ന് വിലയിരുത്താൻ കഴിയൂ. അതിനാൽ പരീക്ഷണമാണെങ്കിൽ ഒരേസാഹചര്യങ്ങൾ നൽകി സന്മാർഗ്ഗികളെയും ദുർമാർഗ്ഗികളെയും തിരിച്ചറിയുകയായിരുന്നു വേണ്ടിയിരുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോഴാണ് മതങ്ങൾ ഇടപെടുന്നത്. ഈശ്വരേച്ഛയെ ചോദ്യം ചെയ്യാൻ പാടില്ല. എന്നാൽപ്പിന്നെ ഈശ്വരൻ എന്തിനാണ് ഇങ്ങനെ ഇച്ഛിക്കുന്നത്? നീതിയും ധർമ്മവുമൊന്നും ഈശ്വരന് ബാധകമല്ലേ? സത്യസ്വരൂപിയും സ്നേഹമയനുമായ പ്രപഞ്ചസൃഷ്ടാവിന് അനീതിയും, അധർമ്മവും, വിവേചനവും, പക്ഷപാതവും ഒന്നും ചേരുന്നതല്ല. എല്ലാം ഈശ്വരേച്ഛ എന്നു വിശ്വസിക്കുന്നത് ലൗകികജീവിതത്തിന് ഉത്തമമാണ്. എന്നാൽ ആത്യന്തികമായി അങ്ങനെയുള്ള യാതൊരു ഇഷ്ടാനിഷ്ടങ്ങളും പരീക്ഷണങ്ങളും ചെയ്ത് കാര്യങ്ങൾ അറിയുന്ന ഒരു സ്വരൂപമല്ല സൃഷ്ടാവിന്റേത്. ഇച്ഛയും പരീക്ഷണങ്ങളും മാനുഷിക ഭാവങ്ങളാണ്.

പരീക്ഷണം എന്നാൽ എന്താണ്? നമുക്ക് അറിയാൻ പാടില്ലാത്തതിനെ അറിയുവാനുള്ള ഒരു മാർഗ്ഗം! ഒരുകൂട്ടം വിദ്യാർത്ഥികൾ, അവരെ പഠിപ്പിച്ച കാര്യങ്ങൾ നന്നായി പഠിച്ചിട്ടുണ്ടോയെന്ന് ഒരേചോദ്യങ്ങൾ നൽകി അദ്ധ്യാപകർ അറിയാൻ ശ്രമിക്കുന്നതിനെയാണ് പരീക്ഷ എന്ന് പറയുന്നത്. ജലം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് അറിയില്ലായിരുന്നു. ശാസ്ത്രജ്ഞന്മാർ പല പരീക്ഷണങ്ങളിലൂടെ അത് കണ്ടുപിടിച്ചു. ഇങ്ങനെ അറിയാൻ പാടില്ലാത്ത പല കാര്യങ്ങളെപ്പറ്റിയും പരീക്ഷണങ്ങളിലൂടെ കണ്ടുപിടിച്ചാണ് ലോകം ഇന്ന് ഈ നിലയിൽ എത്തിപ്പെട്ടിരിക്കുന്നത്. പരീക്ഷണവും, കണ്ടുപിടിക്കലും, പരീക്ഷണങ്ങൾക്ക് മുമ്പുള്ള അറിവില്ലായ്മയും ഒക്കെ മനുഷ്യന്റെ അന്വേഷണത്വരതയെ, പരീക്ഷണോത്സാഹത്തെ വർദ്ധിപ്പിക്കുന്നതായി കാണാം. ഇതെല്ലാം മനുഷ്യന് ചേർന്നതാ‍ണ്. എന്നാൽ തീർത്തും മാനുഷികമായ അറിവില്ലായ്മ പ്രപഞ്ചസൃഷ്ടാവിന് ഉണ്ടെന്ന് ഒരു മതവും അനുശാസിക്കുന്നില്ല. എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവനും നിയന്ത്രിക്കുന്നവനും എല്ലാത്തിനുമുപരി എല്ലാത്തിന്റേയും നാഥനും കാരണവുമായിട്ടുള്ള പ്രപഞ്ചസൃഷ്ടാവിന് എല്ലാം അറിയുന്നതിനായി ഒരു പരീക്ഷണത്തിന്റേയും ആവശ്യം വരുന്നില്ല. ഇത് സാമാന്യമായി എല്ലാവരും അംഗീകരിക്കുന്നതുമാണ്. അങ്ങനെയുള്ള ജഗന്നിയന്താവ് ഇച്ഛിക്കുന്നു, പരീക്ഷിക്കുന്നു എന്നൊക്കെ സങ്കല്പിക്കുന്നത് ഒട്ടും യോജിക്കാത്തതും ആ പരമമായ പദത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതുമായിട്ടാണ് വരുന്നത് എന്നുള്ളതാണ് സത്യം.

മേൽ‌പറഞ്ഞിട്ടുള്ള വസ്തുതകൾ വച്ചുനോക്കുമ്പോൾ ദൈവേച്ഛ, ദൈവീകപരീക്ഷണം എന്നീപരാമർശങ്ങൾ വേദാന്തപരമായി നിലനിൽക്കത്തക്കതല്ല എന്നുവരുന്നു. വേദാന്തദർശനത്തിൽ പരിമിതിയില്ലാത്തവനും, നിർഗുണനും, നിർവ്വികാരനും, നിരാകാരനും, നിരുപമനും, നിരപേക്ഷനും, എന്നാൽ എല്ലാം അറിയുന്നവനും കാണുന്നവനും സർവ്വത്തിന്റെയും നാഥനുമായ ആ പരമചൈതന്യത്തെ ആണ് പ്രപഞ്ചത്തിന്റെ കാരണമായി കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയുള്ള ആനന്ദപൂർണ്ണമായ ചൈതന്യത്തിന് മനുഷ്യന്റെ ഒരുഭാവവും ഉണ്ടാകുകയില്ല; ചേരുന്നതും അല്ല.

ഭാരതീയ ദാർശനികർ ലൗകികജീവിതത്തേയും അതിലെ പ്രാരാബ്ധങ്ങളേയും പറ്റി അഗാധമായി ചിന്തിച്ചു. വിശുദ്ധാത്മാക്കളായ അവർ ഈ പ്രപഞ്ചത്തിന്റെ നിലനില്പ് എന്തിലാണെന്ന് കണ്ടെത്തി. എല്ലാത്തിന്റേയും കാരണം “കർമ്മഫലം” എന്നതുതന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ദൃശ്യപ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം കർമ്മഫലം കൊണ്ടാണെന്നറിഞ്ഞു. കർമ്മഫലം അല്ലാതെ മറ്റൊന്നും ഈ ലോകത്ത് സംഭവിക്കുന്നില്ല. അത് ഒന്നിന്റേയും ഇച്ഛയോ പരീക്ഷണമോ അല്ല. എന്നാൽ എല്ലാത്തിന്റേയും കാരണത്തെ ‘കർമ്മഫലം’ എന്ന ഒറ്റവാക്കിൽ നിജപ്പെടുത്താൻ ശരിയായ വിശകലനം ഉണ്ടാകണം. എല്ലാ അനുഭവങ്ങൾക്കും കാരണം കർമ്മഫലം ആണെങ്കിൽ ഒരു കർമ്മവും ചെയ്തിട്ടില്ലാത്ത നവജാതശിശുവിന് എങ്ങനെയാണ് കർമ്മഫലം എന്നത് യോജിക്കുന്നത്. കർമ്മങ്ങൾ ഒന്നും ചെയ്യാത്ത കുഞ്ഞിന്റെ ജീവന് എവിടെനിന്നാണ് കർമ്മഫലം വന്നത്? അത് അറിയാൻ മറ്റൊന്നുകൂടി വിശദീകരിക്കേണ്ടി വരും – “പുനർജന്മം”.

പുനർജന്മം എന്ന സത്യം ലോകത്ത് എല്ലാമതങ്ങളും അംഗീകരിക്കുന്നുവോ എന്ന് സംശയമാണ്. പലമതങ്ങളും പുനർജന്മത്തെപ്പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും ആ ദർശനങ്ങൾക്ക് വൈവിധ്യം കാണുന്നുണ്ട്. പല മതഗ്രന്ഥങ്ങളിലും പലരീതിയിൽ പുനർജന്മത്തെപ്പറ്റി പറയുന്നു. ഇതെല്ലാം ക്രോഡീകരിച്ച് യുക്തിക്ക് ചേരുന്നതും അനേകം ദാർശനികരും പ്രവാചകന്മാരും സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ സത്യത്തെ കണ്ടെത്തി അംഗീകരിക്കുകയാണ് ഉത്തമം.

സാധാരണമനുഷ്യർ, ഉന്നതമായ വിജ്ഞാനതലത്തിൽ എത്തിച്ചേരുന്നതിന് മൂന്നു വിശ്വാസങ്ങൾ വെടിയണം! ഒന്നാമത്തേത്, എനിക്കെല്ലാം അറിയാം, ആരും എന്നെ പഠിപ്പിക്കേണ്ട എന്ന വിശ്വാസം. രണ്ടാമത്തേത്, എനിക്കുള്ള അറിവുകൾ, ഞാൻ അറിഞ്ഞിട്ടുള്ള അറിവുകൾ എല്ലാം സത്യമായിട്ടുള്ളതാണ്; അത് മാത്രമേ സത്യമായിട്ടുള്ളൂ എന്നത്. മൂന്നാമത്തേത്, എനിക്കറിയാൻ കഴിയാത്തത് മറ്റാർക്കും അറിയാൻ കഴിയുകയില്ല എന്ന വിശ്വാസം. ഇവ മൂന്നും ഒരിക്കലും നാം വച്ചു പുലർത്തരുത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ എന്റെ അറിവ് പൂർണ്ണമല്ല, ധാരാളം അറിവുകൾ നേടാനുണ്ട്, ഞാൻ വിശ്വസിച്ചിരിക്കുന്ന പല അറിവുകളും എന്നെക്കാൾ പലതുകൊണ്ടും താണനിലയിലുള്ളവരെന്ന് ഞാൻ വിചാരിക്കുന്ന പലർക്കും അറിയാം എന്ന സത്യം നാം അംഗീകരിക്കുകയും വിശ്വസിക്കുകയും വേണം. എന്നിരുന്നാൽ മാത്രമേ നമുക്ക് യഥാർത്ഥ ജ്ഞാനത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ! നമ്മുടെ ചെറിയബുദ്ധിയിൽ കടക്കാത്തതും ബുദ്ധിക്ക് നിരക്കാത്തതുമായ പല സത്യങ്ങളും നാമറിയാതെ പുറത്തുകിടക്കുന്നു എന്ന യാഥാർത്ഥ്യം എപ്പോഴും നാം ഓർക്കണം. അങ്ങനെയുള്ളവർ പുതിയ അറിവുകളെ തനിക്ക് യോജിച്ചതല്ല എന്നുകരുതി ത്യജിക്കുകയില്ല. അവർ എപ്പോഴും പുതിയ ജ്ഞാനത്തിനുവേണ്ടി ദാഹിച്ചിരിക്കും. ‘ഖുർ-ആനിൽ’ ഇതിനെ പരാമർശിക്കുന്ന സൂക്തങ്ങൾ കാണാം. “ഇസ്ലാമിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട രത്നമാണ് ജ്ഞാനം; അത് എവിടെ കണ്ടാലും നിങ്ങൾ എടുക്കണം” എന്നും “ചൈനയിൽ പോയാലും നീ ജ്ഞാനം സമ്പാദിക്കണം” എന്നും അനുശാസിക്കുന്നത് ജ്ഞാനത്തിന്റെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതിനാണ്. ‘ഖുർ-ആനിൽ’ ആണ് പറഞ്ഞിട്ടുള്ളത് എങ്കിലും ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഇത് ബാധകമാണ്.

ജ്ഞാനത്തെപ്പറ്റി ഇത്രയും ഇവിടെ വിവരിച്ചത്, ഇനി വിവരിക്കാൻ പോകുന്ന വിഷയത്തിന്റെ ഗഹനതയേയും സത്യത്തേയും പറ്റി മുന്നറിയിക്കാനാണ്. നിലം പാകപ്പെടുത്തിയതിന് ശേഷമേ കൃഷിചെയ്യാവൂ എന്നതുകൊണ്ട് നമ്മുടെ മനസ്സ് ജ്ഞാനസമ്പാദനത്തിന് ആദ്യം യോജിച്ചതാകണം. അതിനാലാണ് യേശുക്രിസ്തു, തന്റെ പ്രഭാഷണങ്ങൾക്കൊടുവിൽ “കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ ഇത് കേൾക്കട്ടെ” എന്ന് പ്രഖ്യാപിച്ചത്. എന്നാൽ അന്ന് യേശു അരുളിയ സത്യത്തെ അറിയാൻ ശ്രമിക്കാതെ അവരുടെ ഹൃദയം ഇരുമ്പുവാതിൽ കൊണ്ടടച്ചും ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് അടച്ചും വച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞു. സത്യത്തെ അറിയുന്നതിന് ആഗ്രഹിക്കുന്നവർ ഒരിക്കലും അങ്ങനെയാകരുതെന്ന് സാരം.

“വാസാംസി ജീർണ്ണാനി യഥാവിഹായ

നവാനി ഗൃഹ്ണാദി നരോപരാണി

തഥാ ശരീരാണി വിഹായജീർണ്ണാ-

ന്യന്യാനി സംയാതി നവാനിദേഹീ”

പ്രപഞ്ചസത്യങ്ങളുടെ തത്വങ്ങളെ വിശദീകരിക്കുന്ന ഗീതയിൽ ജനനത്തേപ്പറ്റിയും മരണത്തെപ്പറ്റിയും മേലുദ്ധരിച്ചിട്ടുള്ള നാലുവരി ശ്ലോകത്തിൽ അടക്കം ചെയ്തിരിക്കുന്നു.
സാരം :- ജീർണ്ണിച്ചതും പഴയതും ഉപയോഗിക്കാൻ കഴിയാത്തതുമായ വസ്ത്രം ഉപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രത്തെ, പഴയതിനു പകരമായി സ്വീകരിക്കുന്നു. അതുപോലെതന്നെ, ഈ ശരീരത്തിൽ വസിക്കുന്ന ജീവനും ജീർണ്ണിച്ച് പഴയതാ‍യ ഈ ശരീരത്തെ ത്യജിച്ചിട്ട് പുതിയ ശരീരത്തെ സ്വീകരിക്കുന്നു.

ഈ ശരീരം ജഡമാണ്. ജഡവസ്തുക്കളെക്കൊണ്ട് നിർമ്മിച്ചിട്ടുള്ളതുകൊണ്ടാണ് ശരീരം ‘ജഡം’ എന്നു കല്പിക്കുന്നത്. ചൈതന്യമില്ലാത്തതാണ് ജഡം. ചെറുതായിരുന്ന ഈ ശരീരം ഭക്ഷണപാനീയങ്ങൾ ആഹരിച്ച് സ്ഥൂലിച്ചതായി വന്നിരിക്കുന്നു. ഈ ശരീരം കാലപ്രവാഹത്താൽ ജീർണ്ണിക്കുന്നു. ഈ ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ജീവന് ഈ ശരീരത്തിൽ സ്ഥിതിചെയ്യാൻ കഴിയാത്ത അവസ്ഥ സംജാതമാകുമ്പോൾ ചൈതന്യവത്തായ ജീവൻ ഈ ശരീരത്തെ വിട്ടുപോകുന്നു. ഇതാണ് ശരീരത്തിന്റെ മരണം. ആത്മചൈതന്യത്തിന് മരണവുമില്ല ജനനവുമില്ല. അത് അവിനാശിയാണ് – നശിക്കാത്തതാണ്. പൂവിന്റെ സുഗന്ധത്തെ വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അപ്രകാരം തന്നെ ഈ ശരീരത്തിൽ വസിച്ചിരുന്ന ജീവൻ, ജീവിച്ചിരുന്നപ്പോൾ ചെയ്തിട്ടുള്ള കർമ്മഫലങ്ങളേയും കർമ്മവാസനകളേയും വഹിച്ചുകൊണ്ട് മരണാനന്തരതലത്തിലേക്ക് പോകുന്നു. വളരെ ചെറുതായ ആൽ‌വൃക്ഷത്തിന്റെ വിത്ത്, വളരെ വലുതായ ആൽ‌വൃക്ഷത്തിന്റെ ബീജത്തെ എപ്രകാരമാണോ വഹിക്കുന്നത് അപ്രകാരം തന്നെ, കർമ്മഫലത്തേയും ജീവൻ വഹിക്കുന്നു. അനന്തരം പഞ്ചഭൂതങ്ങളുടെ തന്നെ സൂക്ഷ്മാംശം കൊണ്ടുള്ള ശരീരത്തിൽ ജീവൻ സ്ഥിതിചെയ്യുന്നു. ഈ ശരീരത്തെയാണ് ‘വായവശരീരം’ എന്ന് വേദാന്തത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. കർമ്മവാസനയോടുകൂടിയ ഈ വായവശരീരത്തിനും ആയുസ്സുണ്ട്. ഈ ദൃശ്യപ്രപഞ്ചത്തിൽ ഓരോ വ്യക്തിക്കും പല കാലയളവിലാണല്ലോ ആയുസ്സ്. അതുപോലെതന്നെ ഈ സൂക്ഷ്മശരീരികളായ, കർമ്മവാസനയോടുകൂടിയ ജീവനും ആയുസ്സുണ്ട് എന്നു സാരം. ഈ ജീവന് കർമ്മഫലവാസനയോടുകൂടിയ മനസ്സും ഉള്ളതിനാൽ അവ എല്ലാം അറിയുകയും കേൾക്കുകയും ചെയ്യുന്നു. എന്നാൽ സ്ഥൂലശരീരം ഇല്ലാത്തതിനാൽ പ്രവർത്തിക്കുവാനോ പ്രതികരിക്കുവാനോ കഴിയുന്നില്ല. എന്നാൽ അനേകലക്ഷം മനുഷ്യരിൽ ചിലരുടെ മനസ്സിനെ കീഴടക്കാ‍നും ആ ശരീരത്തിൽ പ്രവേശിച്ച് പ്രതികരിക്കുവാനും കഴിയും. ഇങ്ങനെ ലോകത്ത് പലയിടത്തും സംഭവിക്കുന്നതായി നാം അറിയുന്നുണ്ടല്ലോ? അതിന്റെ ശാസ്ത്രീയവശം എന്താണെന്ന് ചിന്തിച്ചുനോക്കാം.

നമ്മുടെ ദൃശ്യമാധ്യമമായ ടെലിവിഷനിൽ അനേകം ചാനലുകൾ ഉണ്ടല്ലോ! നൂറും ഇരുന്നൂറും ചാനലുകൾ ഉള്ള ടെലിവിഷൻ അല്ലെങ്കിൽ റേഡിയോ ഇന്ന് സുപരിചിതമാണ്. ഈ ചാനലുകൾ തിരിച്ചറിയുന്നതിനായി പല നമ്പരുകൾ നാം ഉപയോഗിക്കുന്നു. ഒരു പ്രത്യേക ചാനൽ നമുക്ക് ലഭിക്കണമെങ്കിൽ അതിന്റെ നമ്പർ ഉപയോഗിച്ച് ട്യൂൺ ചെയ്യണം. മറ്റേതൊരു നമ്പർ ഉപയോഗിച്ചാലും ആ ചാനൽ ലഭിക്കുകയില്ല. നമ്പർ ആ ചാനലിനു യോജിച്ചതാണെങ്കിലേ ചാ‍നൽ ദൃശ്യമാകൂ. അപ്പോൾ ടെലിവിഷന് ഒരു തകരാറുമില്ലെങ്കിലും, ചാനലിന് ചേർന്നിട്ടുള്ള നമ്പർ അല്ലാതെ മറ്റേതൊരു നമ്പർ കൊണ്ടും അത് ദൃശ്യമാകുകയില്ല. ഇനി ഈ നമ്പർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പല ചാനലുകളും പല പ്രവേഗത്തിലാണ് – ഫ്രീക്കൻസി – പ്രക്ഷേപണം ചെയ്യപ്പെടുന്നത്. പലതിന്റേയും തരംഗദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. അതിസൂക്ഷ്മമായ ഈ റേഡിയോ തരംഗങ്ങളാ‍ണ് ചാനലുകളെ വേർതിരിക്കുന്നത്. ഇതുപോലെതന്നെ നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിന് പ്രത്യേകതയോടുകൂടിയ കാന്തികവലയങ്ങളുണ്ട്. ശരീരത്തിൽ നിന്നും നിർഗ്ഗമിക്കുന്ന തരംഗങ്ങളെ വായവശരീരികളായ ജീവന് മറികടന്ന് മനുഷ്യശരീരത്തിൽ പ്രവേശിച്ച് മനസ്സിനെ കീഴടക്കി സ്വന്തം ഇഷ്ടം നടത്താൽ അതീവദുഷ്കരമാണ്. എന്നാൽ ടെലിവിഷനിലെ തരംഗവ്യത്യാസമനുസരിച്ചുള്ള നമ്പർ ഉപയോഗിക്കുമ്പോൾ ദൃശ്യങ്ങൾ കാണുന്നതുപോലെ, വായവശരീരികളായ ജീവന് പ്രവേശിക്കാൻ തരത്തിലുള്ള, അതിനുയോജിച്ച തരംഗം ബഹിർഗമിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ കയറി മനസ്സിനെ കീഴ്പ്പെടുത്താൻ അത്യപൂർവ്വമായി കഴിയുന്നുണ്ട്. ഇത് ഈ ലോകത്ത് അപൂർവ്വത്തിൽ അപൂർവ്വമായതുകൊണ്ട് സാമാന്യജനങ്ങളോ ബഹുഭൂരിപക്ഷം മതങ്ങളോ അംഗീകരിച്ചുകാണുന്നില്ല. അതിനെപ്പറ്റി പ്രതിപാദിച്ചും കാണുന്നില്ല.

നമ്മുടെ ലൗകികമനുഷ്യായുസ്സ് പോലെതന്നെ വായവശരീരങ്ങളായ ആത്മാക്കൾക്കും ആയുസ്സുണ്ട് എന്ന് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അത് മനുഷ്യായുസ്സ് എപ്രകാരമാണോ വിവിധങ്ങളായിരിക്കുന്നത് അതുപോലെതന്നെ വായവശരീരങ്ങൾക്കും അവയുടെ കർമ്മഫലത്തെ അടിസ്ഥാനമാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവുകഴിയുമ്പോൾ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ടുള്ള വായവശരീരത്തെ ഉപേക്ഷിച്ചിട്ട്, ജീവൻ അതിന്റെ കർമ്മഫലവാസനയോടുകൂടി “അവ്യക്തം” എന്ന അവസ്ഥയിൽ - തലത്തിൽ - എത്തിച്ചേരുന്നു. ലൗകികത്തിൽ മനസ്സോടുകൂടി ജീവൻ സുഷുപ്തിയിൽ ലയിക്കുകയും, ഒന്നും അറിയാതിരിക്കുകയും ചെയ്യുന്നതുപോലെതന്നെ ഈ അവ്യക്തത്തിൽ ലയിച്ചിരിക്കുന്ന ജീവനും കർമ്മവാസനയോടുകൂടി സ്ഥിതിചെയ്യുന്നു. ഇത് അന്തരീക്ഷത്തിൽ അവ്യക്തം എന്ന തലത്തിൽ കർമ്മഫലവാസനയോടെ സ്ഥിതിചെയ്യുന്ന അവസ്ഥയാണ്. ഈ അവസ്ഥയിൽ സ്ഥിതിചെയ്യുന്നതിനും, മുമ്പുള്ളതുപോലെ തന്നെ കാലപരിമിതിയുണ്ട്. അനന്തരം ഇത് വൃഷ്ടിയിൽക്കൂടി ഭൂമിയിൽ പതിക്കുന്നു. ജലത്തിൽ ലയിച്ചുകിടക്കുന്ന ഈ അതിസൂക്ഷ്മാംശത്തെ ഔഷധികളും ജീവജാലങ്ങളും സ്വീകരിക്കുന്നു. ഈ ഔഷധികൾ ഭക്ഷിച്ച് ജീവികൾ വളരുന്നു. ജീവികൾ ഭക്ഷിക്കുന്ന ഔഷധികളിൽ - ആഹാരപാനീയങ്ങളിൽ - ഒരുഭാഗം രേതസ്സായി ഭവിക്കുന്നു. ഈ രേതസ്സിൽ കർമ്മഫലവാസനയോടുകൂടിയ അനേകം കോടി ജീവൻ സ്ഥിതിചെയ്യുന്നു. എന്നാൽ രേതസ്സിലുള്ള എല്ലാം ജീവനും ശരീരത്തെ സ്വീകരിച്ച് ജനിക്കാൻ കഴിയുന്നില്ല. തന്റെ കർമ്മഫലങ്ങൾ അനുഭവിക്കാൻ ഉചിതമായ സ്ഥലങ്ങളിൽ മാത്രമേ അതിന് ശരീരം സ്വീകരിച്ച് പുറത്തുവരാൻ കഴിയുകയുള്ളൂ. അതിനാലാണ് “തത് ഉചിതസ്ഥാനങ്ങളിൽ വന്നു വീണ്ടും ജനിക്കുന്നു” എന്ന് ഉപനിഷത് ദാർശനികർ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വിത്ത് മുളയ്ക്കുന്നതിന് ജലം, വായു, സൂര്യപ്രകാശം എന്നിവ ആവശ്യമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഇല്ലാതിരുന്നാൽ വിത്ത് മുളയ്ക്കുകയില്ല. ഇവ മൂന്നും സംയോജിച്ച് അനുകൂലമാകുമ്പോൾ മാത്രമേ വിത്തിന് മുളയ്ക്കാൻ കഴിയുകയുള്ളൂ. ഇതുപോലെതന്നെ, തന്റെ കർമ്മഫലപ്രാപ്തി സംഭവിക്കാൻ കഴിയുന്ന അനുയോജിച്ച സ്ഥലത്തുമാത്രമേ ഈ ജീവന് ശരീരം സ്വീകരിച്ച് വെളിയിൽ വരാൻ കഴിയുകയുള്ളൂ. അതിനാലാണ് ജീവൻ അതിന്റെ ഇഷ്ടപ്രകാരമല്ലാതെ അവശരായി ജനിക്കുന്നുവെന്ന് ഉപനിഷത്തുക്കളിൽ പ്രസ്താവിച്ചുകാണുന്നത്. ഈ കർമ്മഫലവാസനയോടുകൂടിയ ജീവൻ തനിക്ക് യോജിക്കുന്ന ശരീരം ലഭിക്കുന്നതുവരേയും, ജലത്തിൽക്കൂടിയും ഔഷധികളിൽക്കൂടിയും അനേകനാളുകൾ ചുറ്റി സഞ്ചരിക്കുന്നു. കോടാനുകോടിയുള്ള ജീവനുകൾ തന്റെ കർമ്മഫലങ്ങൾ അനുഭവിക്കുവാൻ പാകമുള്ള ശരീരം തേടി പ്രപഞ്ചത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതൊന്നും വാസനാവിശേഷമുള്ള ജീവൻ, സുഷുപ്തിയിലായതിനാൽ അറിയുന്നതേയില്ല. ഇങ്ങനെയുള്ള സഞ്ചാരത്തിലാണ്, മുട്ടയായും പുഴുവായും പൂമ്പാറ്റയായും പൂച്ചയായും പട്ടിയായും അനേകംകോടി ജീവജാലങ്ങളായും ജനിച്ച്, ദുഷ്കർമ്മഫലങ്ങൾ ക്ഷയിക്കുമ്പോൾ മനുഷ്യജന്മം ലഭിക്കുന്നത്. അതിനാലാണ് അതീവശ്രേഷ്ഠതയുള്ളതും, സത്പ്രവൃത്തികൾ ചെയ്ത് ഉൽകൃഷ്ടരാകാൻ പ്രാപ്തവുമായ ഈ മനുഷ്യജന്മം പാഴാക്കരുത് എന്ന് ദാർശനികർ ഉപദേശിക്കുന്നത്. മാത്രവുമല്ല, ജീവന്റെ ഈ സഞ്ചാരപഥത്തേയും, കർമ്മങ്ങൾ ചെയ്ത് ഉന്നതിയോ അധോഗതിയോ പ്രാപിക്കാൻ കഴിയും എന്ന അറിവും ഉണ്ടാകുന്നതും ഈ മനുഷ്യജന്മത്തിൽ മാത്രമാണ്. ഈ മനുഷ്യജന്മത്തിൽ മാത്രമാണ്, ജീവന്റെ പ്രയാണത്തേയും അവസ്ഥകളേയും, ശരീരം സ്വീകരിക്കാനുള്ള ബുദ്ധിമുട്ടുകളേയും പറ്റി അറിയുവാനും, അത് അറിഞ്ഞിട്ടുള്ളവർ പകർന്നുതരുന്ന സത്യത്തെ തിരിച്ചറിയാനും കഴിയുന്നത്. എന്നാൽ അസുലഭമായ ഈ മനുഷ്യജന്മം ലഭിച്ചാലും പലരും സത്യധർമ്മങ്ങളെ ഗ്രഹിക്കാതെ, കർമ്മഫലപ്രാപ്തിയെ വിശ്വസിക്കാതെ അനേകം ദുഷ്കർമ്മങ്ങൾ ചെയ്ത് വീണ്ടും അധോഗതിയെ പ്രാപിച്ച് അവശരായി വിവിധങ്ങളായ ജന്മങ്ങളെ സ്വികരിക്കേണ്ടതായി വരുന്നു. ജീവന്റെ ഈ പ്രയാണത്തെയാണ് “സംസാരചക്രം” എന്ന് വേദങ്ങളിൽ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ഈ തത്വം ഗ്രഹിച്ചിട്ടുള്ളവർ അതിശ്രേഷ്ഠമായ ഈ മനുഷ്യജന്മം കൊണ്ട് സത്പ്രവൃത്തികൾ ചെയ്തും ജ്ഞാനം സമ്പാദിച്ചും ഈ സംസാരചക്രത്തിൽ നിന്നും കരകയറണം എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനെയാണ് ‘മോചനം’ എന്നർത്ഥമുള്ള ‘മോക്ഷം’ എന്ന പരാമർശം വേദാന്തങ്ങളിൽ കാണുന്നത്. സംസാരചക്രത്തിൽ നിന്നുള്ള ഈ മോചനം; അപ്പോഴുണ്ടാകുന്ന അവസ്ഥ, ആനന്ദം അനുഭവിച്ചുതന്നെ അറിയേണ്ടതാകുന്നു. ആ ലക്ഷ്യത്തിലേക്കാണ് എല്ലാ മതങ്ങളുടേയും പ്രയാണം. ഇതിനുള്ള ഉപാധികളാണ് എല്ലാ മതങ്ങളിലും പല പ്രകാരത്തിലായി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് അതിഗഹനമായ വിദ്യ ആകുന്നു. ഈ വിദ്യയെ “മനുവിദ്യ” എന്ന നാമത്തിലാണ് ഉപനിഷത്തുക്കളിൽ വിവരിച്ചിരിക്കുന്നത്.

ഇങ്ങനെ അവ്യക്തത്തിൽ കിടന്നിരുന്ന കർമ്മഫലവാസനയോടുകൂടിയ ജീവൻ, തന്റെ കർമ്മഫലം അനുഭവിക്കാൻ ഉതകുന്ന, യോജ്യമായ സ്ഥലങ്ങളിൽ അവശനായി ജനിക്കുന്നു. ഈ കർമ്മഫലങ്ങളാണ് നവജാതശിശുക്കളിലും വൈവിധ്യങ്ങൾക്ക് കാരണമായി ഭവിക്കുന്നത്. അതല്ലാതെ ഇതൊരു യാദൃശ്ചികസംഭവം അല്ല. യാദൃശ്ചികസംഭവം എന്നൊന്നില്ല. നിമിത്തങ്ങളും നിയോഗങ്ങളുമാണ് ഉള്ളത്. അത് കർമ്മഫലപ്രാപ്തിക്കാണുതാനും. നാം ഒരു കിണർ കുഴിക്കുവാൻ തീരുമാനിക്കുന്നു എന്ന് കരുതുക. അതിന് ഉചിതമായ ഒരു സ്ഥലവും കണ്ടെത്തി. കിണർ കുഴിക്കേണ്ട ഭാഗത്ത് വൃത്താകാരത്തിൽ അതിനുള്ള അടയാളം രേഖപ്പെടുത്തുന്നു. ഈ വൃത്താകാരത്തിലുള്ള സ്ഥലം തൊട്ട് താഴോട്ട് ജലം ലഭിക്കുന്നതുവരെ എത്ര താഴ്ചയുണ്ടാകും എന്ന് നമുക്ക് അറിയില്ല. കുഴിക്കുമ്പോൾ എന്തെല്ലാം വസ്തുക്കൾ ഉണ്ടാകുമെന്നും അറിയില്ല. നാം കുഴിച്ചുചെല്ലുമ്പോൾ കാണുന്ന വലുതും ചെറുതുമായ കല്ലുകൾ, അല്ലെങ്കിൽ മണൽ, അല്ലെങ്കിൽ ചേറ്, എന്നിവയെല്ലാം തന്നെ നാം കിണറിന് അടയാളപ്പെടുത്തുമ്പോൾതന്നെ അവിടെ ഉണ്ടായിരുന്നു. എന്നാൽ അത് നമുക്ക് അറിയില്ലായിരുന്നു. കുഴിച്ചുചെല്ലുമ്പോൾ കാണുന്നവയൊക്കെ യാദൃശ്ചികമായി ഉണ്ടായതാണ് എന്ന് കരുതുന്നതിന്റെ യുക്തിഭംഗം ചിന്തിച്ചുനോക്കുക. കിണറിന് മുകളിൽ അടയാളപ്പെടുത്തുമ്പോൾ തന്നെ ഇത്ര താഴ്ചയിൽ ജലം കിട്ടും എന്നോ, പാറയായിത്തീരുമെന്നോ ഒക്കെയുണ്ട്. എന്നാൽ അവയൊന്നും നമുക്ക് അറിയാൻ കഴിയുന്നില്ല. അതുപോലെ എല്ലാ സംഭവങ്ങളേയും സൂക്ഷ്മമായി പരിശോധിച്ചാൽ അജ്ഞാനം എന്ന മറയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നുകാണാം. ജനനത്തീയതി എല്ലാപേർക്കും അറിയാം. എന്നാൽ മരണത്തീയതി ആർക്കും അറിയാൻ കഴിയുന്നില്ല. എന്നാൽ ജനനത്തീയതി പോലെതന്നെ മരണത്തീയതിയും ഉണ്ട്. അത് അജ്ഞാതമായിരിക്കുന്നു. അജ്ഞാതമായതുകൊണ്ട് അങ്ങനെയൊന്നില്ല എന്ന് വാദിക്കുന്നത് ശരിയാണോ? അജ്ഞാതമായതുകൊണ്ട് യാദൃശ്ചികമാണ് എന്ന് തോന്നാം. എന്നാൽ എല്ലാം കർമ്മഫലങ്ങളാണ്, അത് അലംഘനീയമാണ് എന്ന തിരിച്ചറിവുള്ളവർ യാദൃശ്ചികത്തെ അംഗീകരിക്കുകയില്ല.

ഭാഗ്യവും നിർഭാഗ്യവും നമ്മുടെ ജീവിതയാത്രയിലുടനീളം നാമെല്ലാം അനുഭവിച്ചിട്ടുള്ളതാണ്. കാരണം അറിയാത്തതിനെ, ഭാഗ്യം, നിർഭാഗ്യം എന്നീ വാക്കുകൾ കൊണ്ട് മൂടിവയ്ക്കുന്നത് ലൗകികജീവിതത്തിന് അത്യന്താപേക്ഷിതമാണ്. മേൽ ഉദ്ധരിച്ചിട്ടുള്ള വസ്തുതകളിൽ നിന്നും വിധി, ഭാഗ്യം, നിർഭാഗ്യം എന്നിവ ആലങ്കാരിക പദപ്രയോഗങ്ങളാണ് എന്നും കർമ്മഫലമാണ് യഥാർത്ഥത്തിലുള്ളതെന്നും സിദ്ധിക്കുന്നു. രണ്ട് സുഹൃത്തുക്കൾ വഴിയേ സഞ്ചരിക്കുന്നുവെന്ന് കരുതുക. കുറച്ചുകഴിഞ്ഞപ്പോൾ വഴിയിൽ വച്ച് ഒരാൾ, നടന്നുപോകുന്നവരിൽ ഒരാൾക്ക് കുറേ പണം നൽകുന്നു. കണ്ടുനിന്നവർ ഇതിനേപ്പറ്റി സംസാരിക്കുന്നു. അവർ രണ്ടുപേരും ഒരുമിച്ചാണ് നടന്നുപോയത്. ഒരേ സ്ഥലത്തേക്കാണ് പോകുന്നത്. എന്നിരുന്നിട്ടും അതിൽ ഒരാൾക്ക് മാത്രം പണം കൊടുത്തത് ശരിയായില്ല. മറ്റ് എത്രയോ വഴിയാത്രക്കാർ പോകുന്നു. അവർക്കാർക്കും പണം നൽകാതെ ഈ ആൾക്ക് മാത്രം എന്തിനാണ് പണം നൽകിയത്. അത് വിവേചനമല്ലേ. ശരിയാണ്! ഒരുപോലെ സുഹൃത്തുക്കളായി യാത്രചെയ്ത രണ്ടുപേരിൽ ഒരാൾക്ക് മാത്രം പണം കൊടുത്തത് ശരിയായില്ല. എന്നാൽ യാഥാർത്ഥ്യം എന്താണ്! പണം വാങ്ങിയ ആൾ, ഒരാഴ്ചമുമ്പ് പണം കൊടുത്ത ആളിന്റെ വീട്ടിലെ ടെലിവിഷൻ നന്നാക്കി കൊടുത്തിരുന്നു. അതിന്റെ പ്രതിഫലമാണ് ഇപ്പോൾ അയാൾക്ക് ലഭിച്ചത്. ലൗകിക ജീവിതത്തിൽ മിക്കവാറും എല്ലാ സംഭവങ്ങളും ഇതുപോലെ തന്നെയാണെന്ന് മഹത് വ്യക്തികൾ ഉപദേശിച്ചിട്ടുണ്ട്. ‘നിധികുംഭം’ ലഭിച്ചു എന്നുപറയുമ്പോഴും, ഭാഗ്യക്കുറി അടിച്ചുവെന്ന് പറയുമ്പോഴും അതിന് അധികാരിയായവർക്കുമാത്രമാണ് ലഭിക്കുന്നത്. അധികാരിയല്ലാത്തവർ എത്ര ശ്രമിച്ചാലും അത് ലഭിക്കുകയില്ല. അതിനുള്ള ആ അധികാരിയാകാനാണ് നാമെല്ലാം ശ്രമിക്കേണ്ടത്.

ഇനി, കർമ്മഫലവാസനയോടുകൂടി ജീവൻ വായവശരീരിയായും അതുകഴിഞ്ഞ് അവ്യക്തത്തിലും വീണ്ടും വൃഷ്ടിയിൽക്കൂടി ഭൂമിയിൽ പതിച്ച് ഔഷധികളിൽക്കൂടി, ജീവികളിൽക്കൂടി, വീണ്ടും ഭൂമിയിൽ ജനിക്കുന്നു എന്നതിനെപ്പറ്റി ചിന്തിക്കാം. ഈ പറഞ്ഞതിനൊക്കെ എന്തെങ്കിലും തെളിവുകളുണ്ടോ? ആരെങ്കിലും മരിച്ചിട്ട് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞിട്ട് വീണ്ടും ജനിച്ചിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ? ഇതിന് ശാസ്ത്രത്തിന്റെ പിൻബലമുണ്ടോ? എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങൾ ഉണ്ടാകാം! ഇതിനെല്ലാം ഉള്ള ഉത്തരം നമ്മുടെ ശാസ്ത്രം എത്തിനിൽക്കുന്നിടത്ത് തന്നെ നമുക്ക് തിരയാം. നാം ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന മൊബൈൽഫോൺ നോക്കുക. ആ ചെറിയ ഉപകരണത്തിൽ പല നമ്പരുകൾ അമർത്തി ആയിരക്കണക്കിന് അകലെയിരിക്കുന്നവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും സർവ്വസാധാരണമാണല്ലോ! ഇത് ശാസ്ത്രീയമായി ഒന്നും അറിയാത്തവരും നിത്യേന ചെയ്യുന്ന പ്രവൃത്തിയാണ്. ഇനി അതിന്റെ പ്രവർത്തനരീതിയെ അപഗ്രഥിക്കാം. നാം നമ്പരുകൾ അമർത്തുമ്പോൾ അതിലെ പ്രത്യേകസ്ഥലത്തുനിന്നും പ്രത്യേക തരംഗദൈർഘ്യമുള്ള റേഡിയോ തരംഗങ്ങൾ പുറപ്പെടുന്നു. അതെങ്ങനെയാണെന്ന് സാധാരണയായി ഇത് ഉപയോഗിക്കുന്ന നമ്മിൽ ആർക്കുംതന്നെ അറിയില്ല. ഈ തരംഗങ്ങൾ, ഭൂമിയിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തിൽ എത്തിച്ചേരുന്നു. പ്രത്യേക തരംഗദൈർഘ്യമുള്ള ഈ വീചികൾ ഉപഗ്രഹത്തിന്റെ പ്രത്യേകസ്ഥലങ്ങൾ സ്വീകരിക്കുകയും അവ പ്രത്യേക തരംഗങ്ങളായിട്ട് ഭൂലിയിലേക്ക് വീണ്ടും പ്രതിഫലിക്കുകയും ചെയ്യുന്നു. ഇവിടെ നടക്കുന്ന മേല്പറഞ്ഞ യാതൊരു പ്രക്രിയകളും ഇതുപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേരും അറിയുന്നില്ല എന്നതാണ് സത്യം. ഉപഗ്രഹങ്ങളിൽ നടക്കുന്ന അതിസൂക്ഷ്മവും അതീവസങ്കീർണ്ണവുമായ ചലനങ്ങൾ ആരെങ്കിലും ചെന്നന്വേഷിച്ചിട്ടാണോ നാം ഇത് അംഗീകരിച്ചിട്ടുള്ളത്. അത് ശാസ്ത്രജ്ഞന്മാർ പരീക്ഷിച്ച് ശരിയായി അറിഞ്ഞിട്ട് സംവിധാനം ചെയ്തിരിക്കുന്നു. ഇതൊന്നും നമുക്ക് അറിയില്ലെങ്കിലും എല്ലാ പ്രവർത്തനവും ശരിയായി നടന്നുകൊള്ളും. ലോകത്തുള്ള ഈ മനുഷ്യമഹാസമുദ്രത്തിൽ നാം ഉദ്ദേശിക്കുന്ന ആൾക്കുതന്നെ നമ്മുടെ സന്ദേശം എത്തുകയും അയാളുമായി സംവദിക്കുകയും ചെയ്യാം. നമുക്ക്, നാം അമർത്തുന്ന നമ്പരുകളും വിളിച്ച് ആളെകിട്ടുമ്പോഴുള്ള സംഭാഷണവും മാത്രമേ അറിയുകയുള്ളൂ. നാം ഒരു വിധ പ്രവർത്തനവും അറിയുന്നില്ല. എന്നിരുന്നാലും മേല്പറഞ്ഞ എല്ലാ പ്രവർത്തനവും സംഭവിക്കുന്നുണ്ട്. അണുവിടവ്യത്യാസമില്ലാതെ. ഈ മൊബൈൽ ഫോണിലും ഉപഗ്രഹത്തിലും നടക്കുന്ന അതിസങ്കീർണ്ണമായ പ്രവർത്തനങ്ങൾ അതുപയോഗിക്കുന്ന എത്രപേർക്ക് അറിയാം. നാം ഈ പ്രവർത്തനങ്ങളൊന്നും അറിയുന്നില്ല എന്നതുകൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്ന് കരുതാൻ കഴിയുമോ? ഇരുന്നൂറുവർഷം മുമ്പ് ജീവിച്ചിരുന്നവരോട്, ഇങ്ങനെയൊരു ഉപകരണം ഭാവിയിൽ ഉണ്ടാകുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും അവരുടെ പ്രതികരണം. ഇതുപോലെതന്നെ വിശേഷബുദ്ധികൊണ്ട് മേൽ‌പറഞ്ഞ സംസാരചക്രത്തിന്റെ- ജീവന്റെ- പരിക്രമത്തെ സൂക്ഷ്മമായി അറിഞ്ഞിട്ടുള്ളവർ രേഖപ്പെടുത്തിയിട്ടുള്ളതാണ്, കർമ്മഫലസിദ്ധാന്തത്തിന്റേയും പുനർജന്മസിദ്ധാന്തത്തിന്റേയും ആധികാരികത.

നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ശാസ്ത്രജ്ഞൻ - ഗലീലിയോ – ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷം ജനങ്ങളും അത് അംഗീകരിച്ചില്ല. ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും എന്ന് അദ്ദേഹത്തിന് അവസാനം പറയേണ്ടി വന്നു. അതുപോലെതന്നെ മേല്പറഞ്ഞിട്ടുള്ള സത്യങ്ങൾ ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും ആ പ്രക്രിയകൾ നടന്നുകൊണ്ടേയിരിക്കും. സത്യത്തിന് നിലനിൽക്കാൻ ആരുടേയും അംഗീകാരം ആവശ്യമില്ല.

ലോകത്ത് നടക്കുന്ന പല ദുരന്തങ്ങളും നാം കാണുന്നുണ്ടല്ലോ! അത്, ഏതെങ്കിലും ഒരു മതവിഭാഗത്തിനോ, പ്രത്യേകസ്ഥലങ്ങളിൽ മാത്രമോ അല്ല സംഭവിക്കുന്നത്. യാതൊരു പക്ഷഭേദവുമില്ലാതെ ലോകത്ത് എല്ലാ സ്ഥലത്തും, ദേവാലയങ്ങളിൽ പോകുന്നവർക്കും, പുണ്യസ്ഥലങ്ങളിൽ തീർത്ഥാടനത്തിനു പോകുന്നവർക്കും, സ്വസ്ഥമായി ഭവനങ്ങളിൽ ഇരിക്കുന്നവർക്കും ദുരന്താനുഭവങ്ങൾ സംഭവിക്കുന്നു. സജ്ജനങ്ങൾക്കും, ദുർജ്ജനങ്ങൾക്കും, പണ്ഡിതനും, പാമരനും, ധനവാനും, ദരിദ്രനും, ജ്ഞാനിക്കും, അജ്ഞാനിക്കും വിശിഷ്യാ പുണ്യപുരുഷന്മാർക്കും, ദിവ്യന്മാർക്കും എല്ലാം കർമ്മഫലപ്രാപ്തി അലംഘനീയമാണ്. അത് പ്രകൃതിയാണ്.

മേൽ ഉദ്ധരിച്ചിട്ടുള്ളതിൽ നിന്നും എല്ലാം കർമ്മഫലമനുസരിച്ച് നടന്നുകൊള്ളും, ആരും ഒന്നും അനുഷ്ടിക്കാതെ സ്വസ്ഥമായി ഇരുന്നാൽ മതിയെന്ന് ധരിക്കരുത്. രോഗം വന്നാൽ ചികിത്സിക്കണം. രോഗം ശരീരപ്രകൃതിയാണ്. ചികിത്സ എന്ന കർമ്മത്തിലൂടെ മാത്രമേ, സുഖപ്രാപ്തി എന്ന കർമ്മഫലം അനുഭവിക്കാൻ കഴിയുകയുള്ളൂ. നല്ലതുപോലെ വിദ്യാഭ്യാസം ചെയ്യുന്ന വ്യക്തിക്കേ ഉന്നതജ്ഞാനലബ്ധി എന്ന കർമ്മഫലം സിദ്ധിക്കുകയുള്ളൂ. അപ്പോൾ നല്ല ജ്ഞാനി ആകേണ്ടയാൾ പ്രയത്നിച്ച് ജ്ഞാനിയാകുക എന്ന കർമ്മഫലത്തിൽ എത്തിച്ചേരുന്നു. ആയതിനാൽ എല്ലാ ജീവികളും മനുഷ്യരും എപ്പോഴും കർമ്മം ചെയ്തുകൊണ്ടിരിക്കണം. അതിന്റെ ഫലമോ, കർമ്മിയുടെ കർമ്മഫലത്തെ ആശ്രയിച്ചിരിക്കും. അതിനാലാണ്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യണം എന്ന് ഗീതയിൽ പ്രസ്താവിച്ചിരിക്കുന്നത്.

“കർമ്മണ്യേ വാധികാരസ്തേ

മാ ഫലേഷു കദാചന

മാ കർമ്മഫല ഹേതുർഭുർ

മാ തേ സംഗോƒസ്ത്വ കർമ്മണി”

    നിനക്ക് കർമ്മത്തിൽ തന്നെ അധികാരം. കർമ്മഫലങ്ങളിൽ ഒരിക്കലും അധികാരം ഭവിക്കില്ല. നീ ഫലത്തെ ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിക്കുന്നവനായി ഭവിക്കരുത്. നിഷ്ക്കാമകർമ്മം ചെയ്യണമെന്നർത്ഥം. കർമ്മത്തെ വിട്ടുകളയാൻ ഒരു ജീവിക്കും അധികാരമില്ല എന്നുള്ളത് തന്നെയാണ് സത്യമായിട്ടുള്ളത്.
  
                                                                                                                                  സോമദാസ്