കാര്യകാരണ സിദ്ധാന്തവും ഹിന്ദുമതവും
“ലോകാ സമസ്താ സുഖിനോ ഭവന്തു”
ഹിന്ദുമത തത്വങ്ങളുടെ വീക്ഷണങ്ങളില് ഒന്നാണ് മേല് ഉദ്ധരിച്ച വാക്യം. ഈ ലോകത്തുള്ള എല്ലാത്തിനും സൗഖ്യമുണ്ടാകട്ടെയെന്ന് സാരം. ഹിന്ദുമതം, ഏതെങ്കിലുമൊരു മതത്തിന്റെ, അല്ലെങ്കില് ഗോത്രത്തിന്റെ, അല്ലെങ്കില് വര്ഗ്ഗത്തിന്റെ, അല്ലെങ്കില് മനുഷ്യന്റെ മാത്രം സൗഖ്യത്തെയല്ല കാംക്ഷിക്കുന്നത് എന്നര്ത്ഥം. ഇത് ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്ക്കും വേണ്ടിയുള്ള അനുഗ്രഹമാണ്. ഇതിന് കാലമോ സ്ഥലമോ ബാധകമല്ല. ഇത് ഒരു വ്യക്തിയുടെ സന്ദേശമല്ല. അനേകം ചിന്തകന്മാര് ഒരേ ലക്ഷ്യത്തിലേക്ക് മേധാപ്രയാണം ചെയ്തതില് നിന്നും ഉരുത്തിരിഞ്ഞ് ഉണ്ടായതാണ്. അവര് ലോകത്തെ മുഴുവന് ഒന്നായിക്കണ്ടു. അതില് ഉച്ചനീചത്വങ്ങള് ദര്ശിച്ചില്ല. മാര്ഗ്ഗം പലതായിരുന്നെങ്കിലും ലക്ഷ്യം ഒന്നായതിനാല് എല്ലാപേരും ഒരേപോലെ ലോകത്തെ വീക്ഷിച്ചു. ഇങ്ങനെയുണ്ടായ ആ ഏകത്വവീക്ഷണത്തില് നിന്നാണ് മേലുദ്ധരിച്ച ഉന്നതവും ഉദാത്തവുമായ ആശംസ അവരില് നിന്നും ഉണ്ടായത്.
സുഖം :-
സുഖം എന്ന് കേള്ക്കുമ്പോള് തന്നെ പലര്ക്കും പല അഭിപ്രായങ്ങളാണ് ഉണ്ടാകുന്നത്! സുഖം എന്നാല് എന്താണ്? എല്ലാവര്ക്കും കൂടി ഒറ്റ സുഖമേയുള്ളോ? സുഖത്തെ എങ്ങനെ നിര്‌വ്വചിക്കാം? സുഖം ആത്യന്തികമാണോ?- എന്നിങ്ങനെയുള്ള അനേകം വിചാരങ്ങള് പലര്ക്കും ഉണ്ടാകാം. “തനിക്കും മറ്റുള്ളവര്ക്കും ഹിതമായിതോന്നുന്നതും നിത്യമായതുമാണ്‍ യഥാര്‍ത്ഥസുഖം” എന്ന് സുഖത്തെ സാമാന്യേന നിര്‌വ്വചിക്കാം. അപ്പോള് പല സ്വഭാവമുള്ള ആളുകള്ക്ക് പല അനുഭവങ്ങളാണ് സുഖമായി തോന്നുന്നത് എന്ന് വരും. അത് ശരിയാണ്. ഒരു സംഗീതജ്ഞന് തന്റെ സംഗീതത്തിലാണ് മനസ്സ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംഗീതസാഗരത്തിന്റെ ആരംഭം മുതല് അവസാനം വരെ സഞ്ചരിക്കാന് അയാള് ശ്രമിക്കുന്നു. ആ യജ്ഞത്തില് അയാള്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ വളരെ സന്തോഷത്തോടെ അനുഭവിക്കുന്നു. ഈ സംഗീത സപര്യയില് അയാള് ആനന്ദം കണ്ടെത്തുന്നു. അയാളെ സംബന്ധിച്ചിടത്തോളം സംഗീതമാണ് സകലതും. “Song is the ladder to GOD” എന്ന് അയാള് വിശ്വസിക്കുന്നു. ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം പരമമായ സുഖം അയാള്ക്ക് സംഗീതാലാപനത്തിലൂടെ ലഭിക്കുന്നു. ഇങ്ങനെ തന്നെയാണ് മനുഷ്യര് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന സമസ്ത മേഖലയിലെയും സ്ഥിതി. ചിത്രമെഴുത്തുകാരന് ചിത്രം വരയിലും, വാദ്യക്കാര് വാദ്യത്തിലും, നര്ത്തകര് നൃത്തത്തിലും, ശാസ്ത്രജ്ഞര് അവരുടെ മേഖലയിലും, രാഷ്ട്രീയക്കാര് അവരുടെ പ്രവര്ത്തനത്തിലും, കൃഷിക്കാര് അവരുടെ പ്രവര്ത്തികളിലും ഏറ്റവും ഉയര്ച്ചയും അതില് നിന്നും മാനസിക സുഖവും അനുഭവിക്കാന് ആഗ്രഹിക്കുന്നു. അതിന്റെ ഫലപ്രാപ്തിയില് ഇവര് എല്ലാവരും മാനസികമായി സന്തോഷിക്കുന്നു. അതില് നിന്നും മാനസികസുഖവും അനുഭവിക്കുവാന് ആഗ്രഹിക്കുന്നു. നമുക്ക് സുഖം പ്രദാനം ചെയ്യുന്ന പ്രവൃത്തി ലോകനന്മയ്ക്കും ഉതകുന്നതാണെങ്കില് അത് ഉത്തമമായ കര്മ്മം എന്ന് പറയാം. ഒരു മദ്യപാനി മദ്യപാനത്തിലും, മോഷ്ടാവ് മോഷണത്തിലും മറ്റ് അസാന്മാര്ഗ്ഗികവും ലോകവിധ്വംസക പ്രവൃത്തികളിലും ഏര്പ്പെട്ടിരിക്കുന്നവര് അതിലും സുഖം കാണുന്നു. ഇത് ആസുരസുഖമാണ്. ആ വ്യക്തിയുടെ സുഖം തനിക്കും ലോകത്തിനും പിന്നീട് ദോഷമായി ഭവിക്കും. അത് നൈമിഷികമാണ്. അതിനാല് അങ്ങനെ ഉണ്ടാകുന്ന സുഖത്തെയല്ല ഇവിടെ വിവക്ഷിക്കുന്നത്. തന്റെ ഇച്ഛയനുസരിച്ച് ലോകം നടക്കണം, അതിലാണ് തന്റെ സുഖം എന്ന് ചിന്തിക്കുന്നത് അധമവിചാരമാണ്. അത് സ്വാര്ത്ഥവുമാണ്. ഒരാളുടെ ഹിതമനുസരിച്ച് ഏതെങ്കിലും കാര്യങ്ങള് നടന്നാല് അതില് നിന്നും അയാള്ക്ക് സുഖം ലഭിക്കുന്നു. എന്നാല് മനുഷ്യകുലത്തിനും എല്ലാ ജീവികള്ക്കും സുഖം ഉണ്ടാകട്ടെയെന്നാണ് ഹിന്ദുമതം വിളംബരം ചെയ്യുന്നത്. അത് ആത്യന്തികസുഖമാണ് ആശംസിക്കുന്നത്. താപത്രയങ്ങളില് നിന്നുള്ള മോചനമാണ് യഥാര്ത്ഥ സുഖം.
ഏകത്വവീക്ഷണം :-
ലോകത്തുള്ള സമസ്തജീവജാലങ്ങളേയും ഒരേ രീതിയില് കാണുന്നതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകത. ബാഹ്യമായ ശാരീരിക പ്രത്യേകതകള്ക്ക് ഇതില് വലിയ പ്രാധാന്യം നല്കുന്നില്ല. നാം സാധാരണ പറയാറില്ലേ, ഇതെന്റെ കൈകള്, ഇതെന്റെ കാലുകള്, ഇതെന്റെ ശിരസ്സ്, കണ്ണുകള്, ചെവികള്, ശരീരം എന്നൊക്കെ? അപ്പോള് ഈ “ഞാന്“ എന്ന് പറയുന്നത് ആരാണ്? എന്റെ എന്റെ എന്നു പറയുമ്പോള് ഈ ശരീരമല്ല “ഞാന്“ എന്ന് ധ്വനിക്കുന്നു ഈ ശരീരത്തില് പ്രവര്ത്തിക്കുന്ന ചൈതന്യത്തെയാണ് “ഞാന്” എന്ന് ഉദ്ദേശിക്കുന്നത്. എന്നാല്, ഇങ്ങനെയുള്ള ശരീരത്തിലേ “ഞാന്” എന്ന ചൈതന്യത്തിന് പ്രവര്ത്തിക്കാന് കഴിയൂ. ശരീരം ജഡമാണ്. ജനിക്കുമ്പോള് ചെറുതായിരുന്ന ഈ ശരീരം ഭക്ഷണപാനീയങ്ങള് കഴിച്ച് വലുതായിരിക്കുന്നു. അത് ഏതില് നിന്നൊക്കെയാണോ രൂപപ്പെട്ടുവന്നത് അതിലേക്കുതന്നെ മടങ്ങും. പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാല് സൃഷ്ടങ്ങളാണ് എല്ലാ വസ്തുക്കളും. അതിനാല് തന്നെ ഈ ശരീരം ജഡവും നശ്വരവുമാണ്. അതിനുള്ളില് പ്രവര്ത്തിക്കുന്ന ചൈതന്യമാണ് വേറിട്ട് നില്ക്കുന്നത്. അതിനെ അന്വേഷിച്ചാണ്; അതിന്റെ പ്രകൃതി, സ്വഭാവം, ഉത്ഭവം എന്നിവയെപ്പറ്റിയാണ് ബുദ്ധികൂര്മ്മതയുള്ള ഭാരതീയ പൂര്‍വ്വികര് ചിന്തിച്ചത്. ഇത് പല ആളുകള് പല രീതിയിലും പല ഭാവത്തിലുമാണ് വിചിന്തനം ചെയ്തത്. അതിനാല്ത്തന്നെ അതിനെപ്പറ്റിയുള്ള വിശകലനങ്ങളും പലതായി വന്നു. എന്നാല് എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നതിനാല് അവര് ഒരേ നിഗമനങ്ങളില് എത്തിച്ചേര്‍ന്നു. ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉള്ളതുപോലെ, പല വിധങ്ങളായ മാര്‍ഗ്ഗങ്ങളില്‍ കൂടി സഞ്ചരിച്ച് ഏകലക്ഷ്യത്തില്‍ എത്തിച്ചേരുന്നുവെങ്കില്‍ അത് പരമമായ സത്യം തന്നെയെന്ന് അനുമാനിക്കാം.
ഈ പ്രപഞ്ചത്തിന്റെ കാരണമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ഹിന്ദുമതത്തിന്റെ കാതല്‍. അതിനുള്ള യത്നത്തിന്റെ ക്രോഡീകരണങ്ങളാണ് നാലു വേദങ്ങളും, ആറ് ശാസ്ത്രങ്ങളും, പതിനെട്ട് പുരാണങ്ങളും, അറുപത്തിനാല് കലകളും, നൂറ്റിയെട്ട് ഉപനിഷത്തുകളും, അനേകം ദര്‍ശനങ്ങളും, മീമാംസകളും, യോഗസൂത്രങ്ങളും എല്ലാം തന്നെ. ഇതെല്ലാം മനുഷ്യരാശിക്കുവേണ്ടി രചിച്ചിട്ടുള്ളതാണ്. ഇതില്‍ ഏതുമാര്‍ഗ്ഗം സ്വീകരിച്ച് ഏകാഗ്രമായി ശ്രമിച്ചാലും ലക്ഷ്യപ്രാപ്തി നേടാം. എന്നാല്‍ ഇതിന്റെ അപഥസഞ്ചാരമാണ് ഇന്ന് ലോകത്ത് കൂടുതലും കാണാന്‍ കഴിയുന്നത്.
ഹിന്ദു :-
പരമമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടി, കാര്യകാരണ സിദ്ധാന്തരീതിയാണ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നത്. ഈ സഞ്ചാരരീതിയെക്കുറിച്ച് വിവരിക്കുന്നതിന് മുന്‍പായി ഹിന്ദുമതം എന്നാല്‍ എന്ത്, അത് എങ്ങനെ ഉണ്ടായി എന്ന് വിവരിക്കട്ടെ!
“ഹിംസായാം ദൂയന്തു – ഹിന്ദു” എന്നാണ് ഹിന്ദു എന്ന പദത്തിന്റെ അന്വയം കൊടുത്തിരിക്കുന്നത്. ഹിംസായാം = ഹിംസയില്‍, ദൂയന്തു = ദുഃഖിക്കുന്നവന്‍ ഹിന്ദു എന്നര്‍ത്ഥം. ഇനി, എന്താണ് “ഹിംസ”? ഒരു ജീവിയെ കൊല്ലുന്നതാണ് ഹിംസ എന്നാണ് പൊതുവെയുള്ള ധാരണ. അത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍, ഹിന്ദുമത വേദാന്തത്തില്‍ ഹിംസക്ക് വിപുലമായ അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്. മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഹിംസയുണ്ടാകാം. അതിനാല്‍ ഈ മൂന്ന് വിധത്തിലുള്ള ഹിംസയിലും ദുഃഖിക്കുന്നവനാണ് യഥാര്‍ത്ഥ ഹിന്ദു.
ഒരു വ്യക്തിയെ നമുക്ക് ഇഷ്ടമല്ലെങ്കില്‍ അയാളെ എങ്ങനെയെല്ലാം ഉപദ്രവിക്കാമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ് മനസ്സുകൊണ്ടുള്ള ഹിംസയ്ക്ക് ഉദാഹരണം. അങ്ങനെയുള്ളവര്‍ എപ്പോഴും തനിക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുവാനുള്ള പദ്ധതികള്ക്ക് മനസ്സില്‍ രൂപം കൊടുത്തുകൊണ്ടിരിക്കും. അയാളുടെ മനസ്സ് എപ്പോഴും ദ്രോഹവിചാരത്തില്‍ മുഴുകിയിരിക്കും. ഇങ്ങനെ ലോകത്തിലുള്ള ഏതു ജീവിയേയും കരുതിക്കൂട്ടി നശിപ്പിക്കാന്‍, ഉപദ്രവിക്കാന്‍, ദ്രോഹിക്കാന്‍ ചിന്തിക്കുന്നതാണ് മനസ്സുകൊണ്ടുള്ള ഹിംസ.
ഒരു സമൂഹത്തിലിരിക്കുമ്പോള്‍ ഒരാളെ അതികഠിനമായി അധിക്ഷേപിക്കുകയോ, തേജോവധം ചെയ്യുന്നരീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിനെയാണ് വാക്കുകള്‍ കൊണ്ടുള്ള ഹിംസയെന്ന് പറയുന്നത്. അസത്യമായതും അപകീര്‍ത്തികരമായതുമായ വാക്കുകള്‍ ഒരു വ്യക്തിക്ക് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും. നമ്മുടെ വാക്കുകള്‍കൊണ്ട് മറ്റൊരാള്‍ മാനസികമായി ദുഃഖം അനുഭവിക്കുന്നുവെങ്കില്‍ അത് വാക്കുകള്‍ കൊണ്ടുള്ള ഹിംസയെന്ന് സാരം. അതിനാല്‍ ഉത്തമനായ ഒരു വ്യക്തി മറ്റുള്ളവര്‍ക്ക് അഹിതങ്ങളായ വാക്കുകള് പറയുകയില്ല.
“അഹിംസാ പരമോധര്‍മ്മ, പാപമേ പരപീഡനം”. ധര്‍മ്മങ്ങളില്‍ ശ്രേഷ്ടമായ ധര്‍മ്മം അഹിംസയാണ്. ഏതുരീതിയിലുള്ള പരപീഡനവും അധര്‍മ്മമാണ്. ഇവിടെ അഹിംസയ്ക്ക് മുഖ്യമായ അര്‍ത്ഥം, ജീവനുള്ള ഒന്നിനെ കൊല്ലുക, നശിപ്പിക്കുക എന്നുതന്നെയാണ്. നാം അറിഞ്ഞുകൊണ്ട് ഒരു ജീവിയേയും കൊല്ലരുത്. നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ കാലിനടിയില്‍ പെട്ട് അനേകം ജീവികള്‍ ചത്തുപോകുമായിരിക്കാം. അത് കരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തിയല്ല. അതുകൊണ്ടുതന്നെ മറ്റ് ഹിംസപോലെ വലിയ ദോഷം ചെയ്യുന്നില്ല. അതിനെ “പ്രത്യവായ ദോഷം” എന്നു പറയുന്നു. നാം അറിയാതെ ചെയ്യുന്ന ഹിംസയായതിനാല്‍ അത് വലിയ ദോഷപ്രവൃത്തിയായി കരുതേണ്ടതില്ല. എന്നാല്‍, എല്ലാ കര്‍മ്മങ്ങള്‍ക്കും കര്‍മ്മഫലമുള്ളതിനാല്‍ ഇതിനും തീര്‍ച്ചയായി കര്‍മ്മഫലപ്രാപ്തിയുണ്ടാകും. ഒരു ജീവിയുടെ ജീവന്‍ എടുക്കുന്നതിനെയാണ് ഘോരപ്രവൃത്തി, നിഷ്ടൂരപ്രവൃത്തി എന്നെല്ലാം പറയുന്നത്. പ്രവൃത്തിയാലുള്ള ഹിംസയ്ക്ക് അതിപ്രാധാന്യമാണ് ഹിന്ദുമതത്തില്‍ നല്‍കിയിരിക്കുന്നത്. ഇഷ്ടം, അനിഷ്ടം, സന്തോഷം, സന്താപം, സ്നേഹം, കോപം, ഉച്ചനീചത്വങ്ങള്‍ എന്നീ മാനുഷികവിചാരങ്ങള്‍ പ്രപഞ്ചസൃഷ്ടാവിന് ഇല്ലാത്തതിനാല്‍, തനിക്കുവേണ്ടി ഹിംസ നടത്തുവാന്‍ പ്രപഞ്ചത്തിന്റെ അധിനായകന്‍ ഒരിക്കലും കല്പിക്കും എന്ന് വിചാരിക്കാന്‍ ന്യായവുമില്ല. ഇതിനാല്‍ത്തന്നെ അഹിംസയാണ് ഒരു ഹിന്ദു അനുഷ്ടിക്കേണ്ട പരമപ്രധാനമായ ധര്‍മ്മം.
ധര്‍മ്മം :-
ഇനി ധര്‍മ്മം എന്നാല്‍ എന്ത് എന്നുചിന്തിക്കാം! സാധാരണയായി ധര്‍മ്മമെന്ന് കേള്‍ക്കുമ്പോള്‍, ഒരാള്‍ വന്ന് ധനമോ ധാന്യമോ മറ്റ് സാധനങ്ങളോ ചോദിക്കുന്നതാണ് ഓര്‍മ്മ വരുന്നത്. നിര്‍ദ്ധനരും നിരാലമ്പരുമായവര്‍ക്ക് നാം നല്‍കുന്നതിനെ “ധര്‍മ്മം കൊടുക്കുക” എന്ന് സാമാന്യേന പറയാറുണ്ട്. ഇത് സത്പ്രവൃത്തി തന്നെയാണ്. “നല്‍കുന്നവര്‍ നേടുന്നു” എന്നാണല്ലോ പ്രമാണം. നല്‍കുന്നവ്യക്തിയുടെ കൈ മുകളിലും വാങ്ങുന്ന ആളിന്റെ കൈ താഴയുമാണല്ലോ വരുന്നത്. ഇത് നല്‍കുന്നതിന്റെ ശ്രേഷ്ഠതയുടെ ചിഹ്നമായി കാണാം. എന്നാല്‍ ഹിന്ദുമതതത്വമനുസരിച്ച് “ധര്‍മ്മം” എന്നതിന് ഇതുമാത്രമല്ല അര്‍ത്ഥം കൊടുത്തിരിക്കുന്നത്.
“അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു”. ജീവനുള്ളവയെല്ലാം അതിന്റെ ആത്യന്തിക ഉന്നതിക്കുവേണ്ടി ലൗകികജീവിതത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍ ഉണ്ട്. ഒരു മാതാവ് തന്റെ കുഞ്ഞിന് പാല്‍ കൊടുക്കുന്നു. അത് അമ്മയുടെ ധര്‍മ്മമാകുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഭക്ഷണപാനീയങ്ങള്‍ നല്‍കി പരിപാലിക്കുന്നു. അത് മാതാപിതാക്കളുടെ ധര്‍മ്മമാകുന്നു. കുഞ്ഞുങ്ങളെ ശരിയായ വിദ്യാഭ്യാസവും സംസ്കാരവും നല്‍കി വളര്‍ത്തണം. അതും അവരുടെ ധര്‍മ്മമാണ്, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് പുത്രധര്‍മ്മമാകുന്നു. തന്റെ സഹധര്‍മ്മിണിയെ രോഗാവസ്ഥയിലും മറ്റ് പ്രയാസമുള്ള സന്ദര്‍ഭങ്ങളിലും സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ ധര്‍മ്മമാകുന്നു. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും കുടുംബത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനും വേണ്ടി പ്രവൃത്തിക്കേണ്ടത് ഉത്തമ സ്ത്രീകളുടെ ധര്‍മ്മമാകുന്നു. സസ്യങ്ങള്‍ക്ക് ആവശ്യമുള്ള ജലവും വളങ്ങളും മണ്ണില്‍ നിന്നും വലിച്ചെടുക്കേണ്ടത് വേരിന്റെ ധര്‍മ്മമാകുന്നു. വേര് വലിച്ചെടുത്ത ജലവും ലവണങ്ങളും ഉപയോഗിച്ച് ചെടിക്ക് ആവശ്യമുള്ള ആഹാരം നിര്‍മ്മിക്കേണ്ടത് ഇലയുടെ ധര്‍മ്മമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജീവനുള്ള എല്ലാത്തിനും ധര്‍മ്മം അനുഷ്ടിക്കേണ്ടതായി വരും. ഇതുകൊണ്ടാണ് “അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു” എന്ന് ഹിന്ദുമതത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നത്. ഇതിന്റെ വ്യതിചലനമാണ് ലോകത്ത് എല്ലാമേഖലയിലുമുള്ള ജീവികള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളുടെയും അശാന്തിയുടെയും കാരണം.
ആചാരാനുഷ്ഠാനങ്ങള്‍ :-
ഈ ലോകത്തുള്ള എല്ലാ സസ്യങ്ങളും വൃക്ഷങ്ങളും ഒരേ ഉയരത്തില്‍ വളരുന്നില്ലല്ലോ! അതുപോലെ തന്നെ എല്ലാ മനുഷ്യരുടെയും ബുദ്ധിയും ഒരേപോലെ വികസിക്കുന്നില്ല. അതിനാല്‍, അതിസൂക്ഷ്മവും ബൃഹത്തുമായ ഈ പ്രപഞ്ചതത്വങ്ങളെ ഗ്രഹിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നുവരില്ല എന്നത് സാധാരണമാണ്. അങ്ങനെയുള്ളവരെയും ഉദ്ധരിച്ച് ലക്ഷ്യപ്രാപ്തിക്ക് ഉപയുക്തമാക്കുന്നതിനുവേണ്ടി ഹിന്ദുമത തത്വചിന്തകന്മാര്‍ അനേകം പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അതാണ് ആചാരാനുഷ്ഠാനങ്ങളായി നാം ആചരിക്കുന്നത്. ഈ ആചാരാനുഷ്ഠാനങ്ങളാണ് ഹിന്ദുമതം എന്നാണ് ലോകത്തിലെ ഭൂരിപക്ഷം പേരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ ഹിന്ദുമതത്തിന്റെ പുറംചട്ട മാത്രമാണ്. തിരിച്ചറിവുപോലുമില്ലാത്ത നമ്മുടെ കുഞ്ഞുങ്ങളെ, ഉന്നത വിദ്യാഭ്യാസവും സംസ്കാരവുമുള്ളവരാക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അതിന് നാം ആദ്യമായി എന്താണ് ചെയ്യുന്നത്? അവന് പരീക്ഷകളില്‍ ജയിക്കാനുള്ള എന്ട്രന്‍സ് കോച്ചിങ്ങ് നല്‍കുകയല്ലല്ലോ ആദ്യം ചെയ്യുന്നത്? അവനെ നാം, എല്‍.കെ.ജി, യു.കെ.ജി എന്നീ ക്ലാസ്സുകളിലൂടെ കടത്തിവിടുന്നു. അങ്ങനെ പല തലങ്ങള്‍ കഴിഞ്ഞ് ഉന്നതമായ നിലയില്‍ എത്തിച്ചേരുന്നു. ആദ്യം ചിത്രങ്ങള്‍ കണ്ട് അവന്‍ ജീവികളെ തിരിച്ചറിയുന്നു. എന്നാല്‍ ഒരു ബിരുദധാരി ചിത്രങ്ങള്‍ കണ്ടാണോ ജീവികളെ തിരിച്ചറിയുന്നത്? അതുപോലെ ഗഹനങ്ങളായ പ്രപഞ്ചതത്വങ്ങളെ അറിയാന്‍ വ്യക്തിയെ പ്രാപ്തനാക്കിത്തീര്‍ക്കുന്നതിനുവേണ്ടി ഭാരതീയ ചിന്തകന്മാരും ഇതര മതപ്രവാചകന്മാരും പല പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്. അതാണ് എല്ലാ മതാചാരാനുഷ്ഠാനങ്ങളുടെയും തത്വം.
ഒരു സ്ഥലത്തുപോകാന്‍ വഴിയറിയാത്തവര്‍ എന്താണ് ചെയ്യുന്നത്? അറിയാവുന്ന ആരോടെങ്കിലും അന്വേഷിക്കും. അവിടേക്ക് ആരെങ്കിലും പോകുന്നുവെങ്കില്‍ അവരെ അനുഗമിക്കും. ശരിയായ മാര്‍ഗ്ഗം അറിയാവുന്നയാളാണ് നമ്മുടെ വഴികാട്ടിയെങ്കില്‍ നാം കണ്ണുമടച്ച് അന്ധമായി അയാളെ പിന്തുടര്‍ന്നാല്‍ മതിയാകും. ഇവിടെ എന്തിനാണ് തിരിഞ്ഞത്, എന്തിനാണ് കയറ്റം കയറിയത്, ഇറക്കം ഇറങ്ങിയത് എന്നൊന്നും നാം ചോദിക്കുകയോ ആലോചിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ശരിയായ ദിശ അറിയാവുന്നവരെ അനുഗമിച്ചാല്‍ മാത്രം മതിയാകും. ഒരാളെ വെറുതെ അനുഗമിക്കുന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ഒരാളുടെ വിശദീകരണം കേട്ട് സ്വയം ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ യത്നിക്കേണ്ടിവരും. അതിനാല്‍ എല്ലാമനുഷ്യര്‍ക്കും ശ്രേഷ്ഠപുരുഷന്മാരെ പിന്തുടരുന്നതാണ് കരണീയമായിട്ടുള്ളത്. ഇതുകൊണ്ടാണ് ഹിന്ദുമതത്തില്‍ അനേകം ശ്രേഷ്ഠവ്യക്തികളും അവരുടെ വിവിധങ്ങളായ ചിന്താസരണികളും കാണുന്നത്.
ആത്യന്തികമായ തത്വങ്ങളെ അന്വേഷിക്കുന്ന ആള്‍ ലൗകികജീവിതത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നില്ല എന്നുകാണാം. ഒരാള്‍ എങ്ങനെ കിടന്ന് ഉറങ്ങണം, ഉണരണം, കുളിക്കണം, മുടിചീകണം, വസ്ത്രം ധരിക്കണം എന്നിങ്ങനെയുള്ള അനേകമനേകം ജീവിതവൃത്തികളെ വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതിന്, മുന്‍പ് പറഞ്ഞ കുട്ടിയുടെ ജീവിചിത്രങ്ങളുടെ സ്ഥാനമേയുള്ളു. കുറച്ചുകാലം മുന്‍പ് ഹിന്ദുക്കളുടെയിടയില്‍ ഒരു വലിയ സംവാദം നടന്നു. കുളികഴിഞ്ഞാല്‍ ആദ്യം ശിഖ കെട്ടുകയാണോ, വസ്ത്രം ധരിക്കുകയാണോ വേണ്ടത് എന്നതായിരുന്നു പ്രശ്നം. ഇത് വലിയ കോലാഹലമാക്കി. ഇത്തരക്കാര്‍ യഥാര്‍ത്ഥ “ഹിന്ദു“ എന്ന പദത്തിന് യോജിച്ചവരല്ല. മുടങ്ങാതെ ക്ഷേത്രത്തില്‍ പോയതുകൊണ്ടോ, ശരീരം മുഴുവന് ആകര്‍ഷകമായ രീതിയില്‍ ചന്ദനം പൂശിയതുകൊണ്ടോ, ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കള്‍ കോര്‍ത്ത് മാലയുണ്ടാക്കി കഴുത്തിലണിഞ്ഞതുകൊണ്ടോ മാത്രം ഒരാളെ ‘ഹിന്ദു’ എന്നുവിശേഷിപ്പാന്‍ കഴിയില്ല. ഹിന്ദുമതത്തിലെ വിശിഷ്ടഗ്രന്ഥങ്ങളെല്ലാം വായിച്ചതുകൊണ്ടുമാത്രം ഒരാളും ഹിന്ദു ആകുന്നതുമില്ല. മേല്‍പ്പറഞ്ഞതൊന്നുമില്ലെങ്കിലും ‘ഹിംസായാം ദൂയന്തു’ ആണെങ്കില്‍ അയാളെ ഹിന്ദു എന്ന് വിളിക്കാം. അതായത്, ഏത് മതത്തില്‍പ്പെട്ടയാളും ഹിന്ദു ആകാം. ജനനം കൊണ്ടോ പേരുകൊണ്ടോ ഒരാളും ഹിന്ദു ആകുന്നില്ലെന്ന് സാരം. ഇതുതന്നെയാണ് ഹിന്ദുമത തത്വങ്ങളുടെ ശ്രേഷ്ഠതയും പവിത്രതയും.
ഏകമത സിദ്ധാന്തം :-
ലോകത്ത് ആകമാനം ഒരു മതം മതിയെന്ന ലക്ഷ്യത്തിനായി ഇന്ന് നിലവിലുള്ള എല്ലാ മതങ്ങളും ശ്രമിക്കുന്നുവെന്ന് കരുതുക. എത്ര അശാന്തമായിരിക്കും ഈ ഭൂമി! ഒന്ന് ചിന്തിച്ചു നോക്കൂ. ഈ ലോകത്തില്‍ ഒറ്റ സമയമേയുള്ളോ? അമേരിക്കയിലുള്ള സമയം എല്ലാരാജ്യങ്ങളും അംഗീകരിച്ചുകൊള്ളണമെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും! രാവിലെ അമേരിക്കയിലുള്ള ആറ് മണി തന്നെ ലോകത്തിലെവിടെയും ആറുമണി എന്ന് വാദിച്ചാല്‍ അതിനെപ്പറ്റി എന്ത് പറയാം? ഇംഗ്ലണ്ട് തങ്ങളുടെ സമയാണ് ശരിയായിട്ടുള്ളത് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും! അത് ഒരു അശാസ്ത്രീയമായ ഭ്രാന്തന്‍ ആശയമായേ തോന്നുകയുള്ളൂ. എന്നാല്‍ ഏകമായ ഒരേ സൂര്യന്‍ തന്നെയാണല്ലോ ഭൂമിയില്‍ മുഴുവന്‍ പ്രകാശം തരുന്നത്. നാം അതിനെ പല രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസരണമായി വിഭജിച്ച് പ്രവര്‍ത്തിക്കുന്നു. അങ്ങനെ സൂര്യനെ നോക്കി പല രാജ്യക്കാരും പല സമയത്തെ അംഗീകരിക്കുന്നു. ഇതില്‍ ഏത് രാജ്യക്കാരുടെ സമയമാണ് ശരിയായിട്ടുള്ളത്? “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന ഉപനിഷത് വചനം പോലെയാണിത്. ഏകമായിരിക്കുന്ന സൂര്യനെ അടിസ്ഥാനമാക്കി പല രാജ്യക്കാരും പല സമയങ്ങളെ ഗണിക്കുന്നു. എന്നാല്‍ സൂര്യന്‍ ഏകനായിത്തന്നെ നില്‍ക്കുന്നു. ഇതു തന്നെയാണ് ഹിന്ദുമതം പ്രഖ്യാപിക്കുന്നത്. ഏകമായ ആ പരമമായ സത്യത്തെ, “ബഹുധാ വദന്തി” ബഹുവിധങ്ങളായി വിളിക്കുന്നു.
ജലാശയങ്ങളില്‍ പ്രതിബിംബിക്കുന്ന സൂര്യനെ നോക്കുക. പല ജലാശയങ്ങളിലും സൂര്യബിംബം കാണാന്‍ കഴിയും. പല തരത്തിലുള്ള പാത്രങ്ങളില്‍ ജലം ശേഖരിച്ച് നിരീക്ഷിച്ചാലും സൂര്യനെ കാണാം. പാത്രത്തിന്റെ രൂപത്തിന്റെ വൈവിധ്യമോ, വലിപ്പമോ സൂര്യബിംബത്തെ ബാധിക്കുന്നില്ല. ഈ അനേകമായി കാണുന്ന സൂര്യബിംബങ്ങളില്‍ ഏതാണ് ശരിയായിട്ടുള്ളത്? ഏതെങ്കിലും ഒരു വ്യക്തി എവിടെയെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ജലപാത്രത്തില്‍ കാണുന്ന സൂര്യബിംബമാണ് യഥാര്‍ത്ഥത്തില്‍ ഉള്ളത് എന്നുപറഞ്ഞാല്‍ എങ്ങനെയിരിക്കും! അതിന്റെ ശരിയേയും തെറ്റിനെയും പറ്റി സങ്കല്പിച്ചുനോക്കുക. ഇതുതന്നെയാണ് എല്ലാ മതങ്ങളുടെയും വ്യക്തികളുടെയും തെറ്റായധാരണ. ഈ തെറ്റിദ്ധാരണകാരണമാണ് ലോകത്ത് അശാന്തിയും അസഹിഷ്ണുതയും നിലനില്‍ക്കുന്നത്. ആയതിനാല്‍ ശരിയായ തത്വം അറിയുന്നവര്‍ക്ക് ഒന്നിനോടും ഉച്ചനീചത്വങ്ങള്‍ തോന്നുകയില്ല; ഒന്നിനേയും പരിഹസിക്കുകയുമില്ല. ഈ തത്വം അറിയുകയും അത് താന്‍ ഉള്‍ക്കൊണ്ട് അനുവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആണ് യഥാര്‍ത്ഥ ഹിന്ദു. ഇതുതന്നെയാണ് മനുഷ്യരാശിക്കുവേണ്ടീ ഭാരതീയ തത്വചിന്തകര്‍ നല്‍കുന്ന സന്ദേശം. ഇതില്‍ നിന്നും, സങ്കുചിതമായ മതവേലിക്കെട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നവരെ യഥാര്‍ത്ഥ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് ഹിന്ദുമത ലക്ഷ്യം എന്ന് മനസ്സിലാക്കാം.
എന്നാല്‍, ഒരു ഹിന്ദുമത തത്വങ്ങളും, നിയമം കൊണ്ടോ നിര്‍ബന്ധിച്ച് ബലപ്രയോഗം കൊണ്ടോ ആരേയും ഹിന്ദുമതവിശ്വാസത്തിലേക്ക് കൊണ്ടുവരണമെന്ന് അനുശാസിക്കുന്നില്ല. ഇതാണ് യഥാര്‍ത്ഥ സത്യം എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നു വേദങ്ങളും ഉപനിഷത്തുകളും മറ്റ് ഹിന്ദുമത ഗ്രന്ഥങ്ങളും. സ്വീകാര്യമായവര്‍ക്ക് സ്വീകരിക്കാം. ഏതുമതത്തില്‍ വിശ്വസിച്ചാലും അയാളുടെ മതതത്വങ്ങളെ ശരിയായി അറിഞ്ഞ് അനുഷ്ഠിക്കണമെന്നാണ് യഥാര്‍ത്ഥ തത്വഗ്രാഹികള്‍ നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും ഒന്നും ഇല്ലാതിരുന്നിട്ടും അനേകായിരം വര്‍ഷം ഹിന്ദുമതം നിലനിന്നതും, ഇപ്പോഴും നിലനില്‍ക്കുന്നതും അതിന്റെ ലോകത്തോടുള്ള വീക്ഷണം കൊണ്ടുമാത്രമാണ്
.
കാര്യകാരണ സിദ്ധാന്തം :-
കാര്യകാരണസിദ്ധാന്തമാണ്‍ പരമമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഹിന്ദുമത ദാര്‍ശനികര്‍ സ്വീകരിച്ചിരുന്നത് എന്ന് മുന്‍പ് പ്രസ്താവിച്ചിരുന്നുവല്ലോ. എന്താണ് കാര്യകാരണ സിദ്ധാന്തം? കാരണത്തില്‍ നിന്നാണ് കാര്യം ഉണ്ടാകുന്നത്. എന്തില്‍ നിന്നാണോ ഒരു വസ്തു ഉണ്ടാകുന്നത്, അത് “കാരണം”. ഉണ്ടായ വസ്തു “കാര്യം”. ഉദാഹരണത്തിന്, സ്വര്‍ണ്ണക്കട്ടിയില്‍ നിന്നും അനേകം ആഭരണങ്ങള്‍ ഉണ്ടാക്കാമല്ലോ. ഇവിടെ സ്വര്‍ണ്ണക്കട്ടി കാരണവും ആഭരണങ്ങള്‍ കാര്യവുമാണ്. ജലം എങ്ങനെയാണ് ഉണ്ടാകുന്നത്? ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ ജലം ഉണ്ടാകുന്നു. ഇവിടെ, ഹൈഡ്രജനും ഓക്സിജനും കാരണവും ജലം കാര്യവുമാകുന്നു. ഇങ്ങനെ ലോകത്തുള്ള എല്ലാ വസ്തുക്കളേയും വിശകലനം ചെയ്ത് നോക്കുക! ഏതൊരു വസ്തുവിനും ഒരു “കാരണം” കാണാം. ആ കാരണമായി വരുന്ന വസ്തുവിനും കാരണമുണ്ടോ എന്ന് വിശകലനം ചെയ്യണം. അപ്പോള് അതിനും കാരണമുള്ളതായി കാണാം. നാം മുന്‍പ് ജലത്തിന്റെ കാരണമായിക്കണ്ട ഹൈഡ്രജനും ഓക്സിജനും കാരണമുണ്ടോ എന്ന് പരിശോധിക്കണം. ഇവകള് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കാണാം. ഇനി ആറ്റങ്ങള്‍ക്കും കാരണമുണ്ടോ എന്ന് പരിശോധിക്കാം. ആറ്റങ്ങള്‍ അതിസൂക്ഷ്മങ്ങളായ പ്രോട്ടോണ്‍, ഇലക്ട്രോണ്‍, ന്യൂട്രോണ്‍, ഹൈപ്പറോണ്‍, ബറിയോണ്‍, മെസറ്റോണ്‍, K0 മെസറ്റോണ്‍ എന്നിവ കൊണ്ട് രൂപപ്പെട്ടിരിക്കുന്നതായി കാണാം. അപ്പോള്‍ നാം മുന്‍പ് കണ്ടതെല്ലാം കാര്യവും എല്ലാത്തിന്റെയും കാരണം ആറ്റങ്ങളുടെ അതിസൂക്ഷ്മഘടകങ്ങളാണെന്നും ലഭിക്കുന്നു. ഇവകളെ വിഘടിപ്പിച്ച് അതിന്റെ കാരണത്തെ അന്വേഷിക്കണം. അനന്തമായ ഊര്‍ജ്ജമാണ് ഈ ആറ്റങ്ങളുടെ കാരണമെന്ന് ഇന്ന് ശാസ്ത്രലോകം എത്തിപ്പെട്ടിരിക്കുന്നു. ഇനി വേണ്ടത് അനന്തമായ ഈ ഊര്‍ജ്ജത്തിന്റെ കാരണം കണ്ടെത്തുകയാണ്. അതിന്റെ കാരണത്തെയായിരിക്കണം വന്‍പരീക്ഷണങ്ങളിലൂടെ ശാസ്ത്രലോകം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ കാര്യകാരണ സിദ്ധാന്തമാണ് പൂര്‍വ്വികന്മാരായ ഭാരതീയ തത്വചിന്തകര്‍ അന്വേഷിച്ച് പോയത്. അതിന്റെ മൂലകാരണം അവര്‍ കണ്ടെത്തുകയും അതിനെപ്പറ്റി പറയാവുന്നവിധത്തില്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വിവരണങ്ങളാണ് വേദങ്ങളിലും ഉപനിഷത്തുകളിലും കാണാന്‍ കഴിയുന്നത്. ഈ അപൂര്‍വ്വമായതും ഗഹനമായതുമായ കാരണത്തെപ്പറ്റി പറയുന്നതിനു മുന്‍പ് അവര്‍ ഇങ്ങനെ എഴുതി:
“യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി തതത് ക്വചിത്”
അര്‍ത്ഥം :- ഇതില്‍ പറയുന്ന കാര്യങ്ങള്‍ മറ്റ് ഗ്രന്ഥങ്ങളിലും നിങ്ങള്‍ക്ക് കാണാം. എന്നാല്‍, ഇതില്‍ പറയാത്തത് മറ്റെങ്ങും കാണാന്‍ കഴിയുകയില്ല!
എന്നിട്ട് ഈ പ്രപഞ്ചത്തിന്റെ മൂലകാരണത്തെപ്പറ്റി; “കാരണ“മില്ലാത്ത കാരണത്തെപ്പറ്റി; ഇങ്ങനെ പ്രസ്താവിച്ചു :
“യതോവാചോ നിവര്‍ത്തന്തേ
അപ്രാപ്യ മനസാ സഹഃ”
- എവിടെ വച്ചാണോ വാക്കും, കൂടെ മനസ്സും, ചെന്നെത്താന് കഴിയുന്നില്ല എന്നു പറഞ്ഞ് പിന്തിരിയുന്നത്; അതിന്റെ അപ്പുറമാണ് ഈ മഹാഊര്‍ജ്ജത്തിന്റെ സ്ഥാനം.
നമ്മുടെ കയ്യിലുള്ള മനസ്സും വാക്കുംകൊണ്ട് അറിയാന്‍ കഴിയാത്തതിനെ എങ്ങനെയാണവര്‍ കണ്ടെത്തിയതെന്ന് ഉപനിഷത്തുകളിലും മറ്റ് ദര്‍ശനങ്ങളിലും വിശദമായി വിവരിച്ചിട്ടുണ്ട്.
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ് നമുക്ക് അറിവുണ്ടാകുന്നത് എന്നറിയാമല്ലോ! കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇവ ഉപയോഗിച്ചാണ് നാം ഈ ലോകത്തെ കാണുന്നതും മനസ്സിലാക്കുന്നതും. എന്നാല്‍ ഇവയെക്കൊണ്ട് മാത്രം ലോകത്തെ അറിയുവാന്‍ കഴിയുകയില്ല. ഇവയുടെയെല്ലാം സാരഥിയായ മനസ്സ് ഉണര്‍ന്നിരുന്നാല്‍ മാത്രമേ ധാരണ ഉണ്ടാകൂ. അപ്പോള്‍ മനസ്സിന് ധാരണ ഉണ്ടാക്കുന്ന ഉപകരണങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. ഉറങ്ങുന്ന ഒരാള്‍, കണ്ണ് തുറന്നിരുന്നാലും കാണുന്നില്ല. ചെവി ഉണ്ടെങ്കിലും ഒന്നും കേള്‍ക്കുന്നില്ല. നാക്കോ, മൂക്കോ, ത്വക്കോ ഒരു പ്രവര്‍ത്തനവും ചെയ്യുന്നില്ല. ഇനി ഈ പഞ്ചേന്ദ്രിയങ്ങളുടെ ഓരോന്നിന്റേയും കഴിവിനെപ്പറ്റി ചിന്തിക്കാം.
കണ്ണിന്റെ പ്രവൃത്തി കാണുക എന്നുള്ളതാണ്. തന്റെ മുന്നില്‍ വരുന്ന വസ്തുക്കളുടെ രൂപത്തെ തലച്ചോറിലെ ദര്‍ശനകേന്ദ്രത്തിലേക്ക് ചെറിയ നാഡികള്‍ വഴി എത്തിക്കുക. ഈ ദര്‍ശനകേന്ദ്രം വഴി മനസ്സിന് രൂപം ദൃശ്യമാകുന്നു. അതിനെപ്പറ്റി വിശകലനം ചെയ്ത് മനസ്സ് വസ്തുവിനെ തിരിച്ചറിയുന്നു. എന്നാല്‍ കണ്ണില്‍പ്പെടുന്ന എല്ലാത്തിനെയും കണ്ണിന് കാണാന്‍ കഴിയുമോ? കണ്ണിന് അനേകം പരിമിതികളുണ്ട്. വസ്തു വളരെ അടുത്തോ വളരെ ദൂരെയോ ഇരുന്നാല്‍ കാണാന്‍ കഴിയില്ല. ഏറ്റവും അടുത്തുള്ള കണ്‍പോളകളിലെ ഇമകളെ നമുക്ക് കാണാന്‍ കഴിയില്ല. അതുപോലെ വിദൂരതയില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളെയും കാണാന്‍ കഴിയില്ല. വസ്തു വളരെ ചെറുതായാലും വലുതായാലും കാണാന്‍ കഴിയുകയില്ല . ഇതാണ് കണ്ണിന്റെ പരിമിതികള്‍. ഇനി നാക്കിന്റെ ജോലിയെപ്പറ്റി ചിന്തിക്കാം. നാക്കുകൊണ്ടാണ് നാം സംസാരിക്കുന്നതും രുചി അറിയുന്നതും. സ്വനപേടകമുണ്ടെങ്കിലും നാക്ക് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. സംസാരത്തില്‍ നിന്നാണ് നാം അനേകം കാര്യങ്ങള്‍ അറിയുന്നത്. സംസാരം എന്നാല്‍ വാക്ക്. വാക്കാണ് ജ്ഞാനസമ്പാദനത്തിന് ഏറ്റവും പ്രധാനം. സംസാരശേഷി ഉണ്ടെങ്കില്‍ എളുപ്പത്തില്‍ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ വാക്കില്‍ കൂടി എല്ലാകാര്യങ്ങളും മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമോ? ഉദാഹരണത്തിന് “രുചി” എങ്ങനെയാണ് ഒരാളെ പറഞ്ഞു മനസ്സിലാക്കിക്കുന്നത്. “മധുരം” ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാളെ മധുരരസം എങ്ങനെ പറഞ്ഞ് മനസ്സിലാക്കും. മധുരമുള്ള അനേകം വസ്തുക്കളെ പറഞ്ഞുകൊടുത്താലും, അയാള്‍ അതൊന്നും കഴിച്ചിട്ടില്ലയെങ്കില്‍ എങ്ങനെ ആ രസം അറിയാന്‍ കഴിയും? അത് അനുഭവിച്ചുതന്നെ അറിയണം. ഇതുപോലെ എല്ലാ രുചികളും അനുഭവിച്ചാലേ അറിയുകയുള്ളു. കണ്ണ് കാണാന്‍ കഴിയാത്ത ഒരാള്‍ക്ക് നിറങ്ങള്‍ എങ്ങനെ തിരിച്ചറിയാം. വാക്കുകള്‍ കൊണ്ട് നിറങ്ങള്‍ അയാള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുമോ? ചെമ്പരത്തിപ്പൂവ് കൊടുത്തിട്ട്, “ഇത് ചെമ്പരത്തിപ്പൂവ് ആണ്, ഇതിന്റെ നിറം ചുവപ്പാണ്“ എന്നുപറഞ്ഞിട്ട് വീണ്ടും ചെമ്പരത്തിപ്പൂവ് കൊടുത്താല്‍, “അത് ചെമ്പരത്തിപ്പൂവാണ്, അതിന്റെ നിറം ചുവപ്പാണ്” എന്ന് കണ്ണുകാണാത്ത ആളിനെ പഠിപ്പിക്കാം. എന്നാല്‍ പറഞ്ഞുകൊടുത്തിട്ടില്ലാത്ത ഒരു പൂവിന്റെയോ മഴവില്ലിന്റെയോ നിറങ്ങള്‍, അന്ധന് അറിയാന്‍ കഴിയുകയില്ല. ഇവിടെയാണ് വാക്കിന്റെ പരിമിതി. ഇങ്ങനെ വാക്കുകള്‍ക്ക് പ്രകാശിപ്പിക്കാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ ഉണ്ട് എന്നുകാണാം. ഇതേപോലെ എല്ലാ പഞ്ചേന്ദ്രിയങ്ങള്‍ക്കും പരിമിതികളുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ ഈ പരിമിതി മനസ്സിനും ഉണ്ട്. പഞ്ചേന്ദ്രിയങ്ങളും മനസ്സും ഒരു നവജാത ശിശുവിനുണ്ടെങ്കിലും അവന്‍ അറിയുന്നുമില്ല ഒന്നും ഗ്രഹിക്കുന്നുമില്ല. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും സാരഥിയായ മനസ്സിനും പരിമിതികള്‍ ഉണ്ടെന്ന് സിദ്ധിക്കുന്നു. അതുകൊണ്ടാണ് പ്രപഞ്ചകാരണത്തെ “യതോവാചോ നിവര്‍ത്തന്തേ, അപ്രാപ്യമനസാ സഹഃ” എന്ന് ഭാരതീയ ദാര്‍ശനികര്‍ ഉത്ഘോഷിച്ചത്.
നാം ഇരിക്കുന്ന സ്ഥലത്ത് അനേകം പൊടിപടലങ്ങള്‍ ഉണ്ടായിരിക്കുമല്ലോ? അതിസൂക്ഷമങ്ങളായ അവയെ നമുക്ക് കാണാന്‍ കഴിയുകയില്ല. അതുപോലെ അനേകം രോഗാണുക്കള്‍ നമുക്ക് ചുറ്റുമുണ്ട്. അവ ശ്വാസത്തില്‍കൂടി ഉള്ളില്‍ കടക്കുകയും പുറത്തേക്ക് വരികയും ചെയ്യുന്നു. അനേകം രോഗാണുക്കള്‍ നമ്മുടെ ശരീരത്തില്‍കൂടി ഇഴഞ്ഞു നടക്കുന്നുണ്ടാകും. അതിസൂക്ഷ്മങ്ങളായ അവയെ കണ്ണുകൊണ്ട് കാണാനോ, സ്പര്‍ശം കൊണ്ട് അറിയുവാനോ നമുക്ക് കഴിയുന്നില്ല. അവകളെ കാണാന്‍ എന്താണ് മാര്‍ഗ്ഗം. അതിനായി ചെറിയ വസ്തുക്കളെ വലുതാക്കികാണിക്കുന്ന ഒരുപകരണം നാം കണ്ടുപിടിച്ചു. അതാണ് സൂക്ഷ്മദര്‍ശിനി – മൈക്രോസ്കോപ്പ്. അതില്‍ കൂടി നോക്കുമ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാതിരുന്ന അനേകം സൂക്ഷ്മജീവികളെ കാണാന്‍ കഴിയുന്നു. ഇതുപോലെ തന്നെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും മനസ്സുകൊണ്ടും അറിയാന്‍ കഴിയാത്ത, അവയ്ക്ക് ചെന്നെത്താന്‍ കഴിയാത്തവയെ അറിയാന്‍ ഏതെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്ന് ഭാരതീയദാര്‍ശനികര്‍ ചിന്തിച്ചു. അതിന്റെ ഫലമായി പല മാര്‍ഗ്ഗങ്ങളും തെളിഞ്ഞുവന്നു. മുന്‍പ് കണ്ണിന് കാണാന്‍ കഴിയാത്തതിനെ കാണാന്‍ ഉപകരണം കണ്ടുപിടിച്ചതുപോലെ മനസ്സിനപ്പുറമുള്ളതിനെ അറിയാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഈ ശരീരത്തിനെ പ്രത്യേകരീതിയില്‍ പരിശീലിപ്പിച്ചാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. ഇതിന് അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് യോഗാസനങ്ങള്‍. യോഗാസനങ്ങള്‍ യഥാവിധി അനവരതം പരിശീലിക്കുന്ന ആള്‍ക്ക് മനസ്സ് തന്റെ അധീനതയിലാകുന്നു. ഇത് വളരെ ലഘുവായ കാര്യമാണ് എന്ന് ധരിക്കരുത്. ദര്‍ഭമുനകൊണ്ട് സമുദ്രം വറ്റിക്കുന്നതുപോലെ അതീവ ദുഷ്ക്കരം എന്നാണ് ഋഷിമാര്‍ അതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതിനാല്‍ത്തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ക്ക് അതിനുള്ള കഴിവ് കിട്ടും. ഇങ്ങനെ മനസ്സിനെ കേന്ദ്രീകരിക്കുമ്പോള്‍ മനസ്സിന് അനേകം കഴിവുകള്‍ താനേ ഉണ്ടായിക്കൊള്ളും. സൂക്ഷ്മദര്‍ശിനി കണ്ണില്‍ വയ്ക്കുമ്പോള്‍ കണ്ണിന് ചെറിയ ജീവികളെ കാണാന്‍ കഴിയുന്നതുപോലെ, മനോനിയന്ത്രണത്തില്‍ നിന്നും പല കഴിവുകളും മനസ്സിനുണ്ടാകുന്നു. അതിനെയാണ് അഷ്ടൈശ്വര്യസിദ്ധികള്‍ എന്ന് പറയുന്നത്. ഇത് ഏകാഗ്രമായ ധ്യാനത്തിലൂടെയാണ് ലഭിക്കുന്നത്. ദൂരെയിരിക്കുന്ന വസ്തുക്കളെ അറിയുക, മറ്റുള്ളവരുടെ മനസ്സുവായിക്കാന്‍ കഴിയുക, വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുക തുടങ്ങിയ കഴിവുകള് മനസ്സിനുണ്ടാകുന്നു. ഈ മനസ്സിന്റെ ഇച്ഛാശക്തികൊണ്ടാണ് യേശുക്രിസ്തു പ്രകൃതിപ്രതിഭാസങ്ങളെ നിയന്ത്രിച്ചത്. സിദ്ധികള്‍ ലഭിച്ചവര്‍ ഇച്ഛിക്കുന്നത് പ്രകൃതിയില്‍ നടക്കും. ഈ അവസ്ഥയില്‍ പ്രപഞ്ചത്തിന്റെയെല്ലാം കാരണമായ ചൈതന്യത്തെ കാണാന്‍ കഴിയും. ഇതിന് “ജ്ഞാനദൃഷ്ടി” എന്ന് പറയും. ഇങ്ങനെ ജ്ഞാനദൃഷ്ടി സിദ്ധിച്ചയാള്‍ അമാനുഷികനായിരിക്കും. പൂര്‍വനിവാസാനുസ്മൃതി, പരഹൃദയജ്ഞാനം, ആകാശഗമനം, കായവ്യൂഹം, ആത്മജ്ഞാനം എന്നീ ആറ് സിദ്ധികളാണ് ദിവ്യദൃഷ്ടികളായി കരുതപ്പെടുന്നത്. ആ അവസ്ഥ, മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ, വാക്കുകള്‍ കൊണ്ട് പ്രകാശിപ്പിക്കാന്‍ കഴിയുന്നതല്ല. അത് അനുഭവിച്ചുതന്നെ അറിയണം. അതിനാല്‍, ആ നിലയിലേക്കുയരാനുള്ള മാര്‍ഗ്ഗത്തെയാണ് ഹിന്ദുമതദാര്‍ശനികര്‍ പല ഗ്രന്ഥങ്ങളിലായി വിവരിച്ചിട്ടുള്ളത്. എല്ലാ മാര്‍ഗ്ഗങ്ങളുടെയും ലക്ഷ്യം ജ്ഞാനസമ്പാദനമാണ്. പരമമായ ജ്ഞാനസമ്പാദനം കൊണ്ടുമാത്രമേ പ്രപഞ്ചത്തിന്റെ മൂലകാരണത്തെ അറിയാന്‍ കഴിയൂ.
നാം സര്‍ക്കസ്സ് കണ്ടിട്ടുണ്ടല്ലോ! അതില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ വളരെ ആശ്ചര്യം ജനിപ്പിക്കുന്നതല്ലേ? പക്ഷേ അവര്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ മറ്റാര്‍ക്കും കാണിക്കാന്‍ കഴിയാത്തതാണോ? നമുക്കും കഴിയുന്നതല്ലേ? അനേകവര്‍ഷത്തെ നിരന്തരം കഠിനമായ പരിശീലനം കൊണ്ടല്ലേ ഒരു കുട്ടി തന്റെ ശരീരം കൊണ്ട് അത്ഭുതപ്രകടനങ്ങള്‍ കാണിക്കുന്നത്? ഇത് പെട്ടന്ന് അനായാസമായി സമ്പാദിക്കാന്‍ കഴിയുന്നതാണോ? സ്ഥൂലിച്ച ശരീരമുള്ള ഒരു മധ്യവയസ്കന് പിന്നോട്ടുവളഞ്ഞുകുത്താന്‍ കഴിയുമോ? എന്നാല്‍ അത് അയാള്‍ക്ക് അസാധ്യമാണോ? അയാള്‍ അതിന് കഠിനമായി പരിശീലിച്ചാല്‍ അയാള്‍ക്കും സാധിക്കാം. അതിന് ആദ്യമായി അയാളുടെ സ്ഥൂലിച്ചശരീരം പരിമിതപ്പെടുത്തണം. ഭക്ഷണപാനീയങ്ങളില്‍ നിയന്ത്രണം വേണം. ഇങ്ങനെ അനേകനാള്‍കൊണ്ട് അയാള്‍ക്കും സര്‍ക്കസ്സിലെ ചെറിയകുട്ടി അനായാസമായി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത് എവിടെയെങ്കിലും സംഭവിക്കുന്നുണ്ടോ? മുതിര്‍ന്നവര്‍ ആരും തന്നെ അതിന് തുനിയുന്നില്ല. കാരണം അതിനുള്ള കഠിനമായ പ്രയത്നവും, ലക്ഷ്യം നേടാനുള്ള ഏകാഗ്രതയും ദൃഢമായ മനസ്സും, അതുമൂലമുണ്ടാകുന്ന ക്ലേശങ്ങളും സഹിക്കാന്‍ നാം ഇഷ്ടപ്പെടുന്നില്ല. സര്‍ക്കസ്സ് കണ്ടില്ലെങ്കിലും, പിന്നോട്ടുവളഞ്ഞുകുത്തിയില്ലെങ്കിലും നമുക്ക് ജീവിക്കാം. പ്രപഞ്ചരഹസ്യം അറിഞ്ഞില്ലെങ്കിലും ജീവിക്കാം. ജീവിക്കാനേ കഴിയൂ! രോഗം, വാര്‍ദ്ധക്യം, മരണം ഇവകളെ അതിജീവിക്കാന്‍ കഴിയില്ല. ഈ കാരണങ്ങള്‍ കൊണ്ടാണ് അനിഷേധ്യമായ ഈ പ്രകൃതിനിയമങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്ന് ചിന്തിക്കുന്നത്. ഈ ചിന്തയില്‍ നിന്നാണ്, മനുഷ്യകുലത്തില്‍ വന്നിട്ടുള്ള എല്ലാ അമാനുഷിക പ്രതിഭകളും പ്രവാചകന്മാരും ലോകത്തിനുവേണ്ടി പ്രദാനം ചെയ്തിട്ടുള്ള അവരുടെ തത്വോപദേശങ്ങള്‍ ഉരിത്തിരിഞ്ഞത്. തത്വങ്ങള്‍ വെറുതെ പറഞ്ഞുകൊടുത്താല്‍ അത് എല്ലാവരും ഉള്‍ക്കൊണ്ടുവെന്ന് വരില്ല. പലര്‍ക്കും മനസ്സിലായില്ലെന്നും വരാം. അതിനാലാണ് എല്ലാമതങ്ങളും ആചാരാനുഷ്ഠാനങ്ങള്‍ ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ സത്യാന്വേഷണത്തിലേക്കുള്ള മാര്‍ഗ്ഗം ഒരുക്കുന്നുവെന്ന് കാണാം. സ്ഥൂലശരീരിയായ ആള്‍, അഭ്യാസപ്രകടനത്തിന് തന്റെ ശരീരത്തെ യോഗ്യതയുള്ളതാക്കിത്തീര്‍ക്കുന്നതിന്, ഭക്ഷണപാനീയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുപോലെ, പരമമായലക്ഷ്യപ്രാപ്തിക്ക് ആചാരാനുഷ്ഠാനങ്ങള്‍ സഹായകമാകും എന്നതുകൊണ്ടാണ് മതങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. എല്ലാമതങ്ങളിലെയും തത്വങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ടാല്‍ ഫലം ഒന്നുതന്നെയായിരിക്കും.
വിഗ്രഹാരാധന :-
ചെറിയക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഭാഷപഠിക്കുന്നതിന് വരയുള്ള പേപ്പര്‍ ഉപയോഗിക്കുന്നു. ഇംഗ്ലീഷിന് 4 വരയും മലയാളം, ഹിന്ദി എന്നിവക്ക് 2 വരയുമുള്ള ബുക്കുകളാണ് ഉപയോഗിക്കുന്നത്. എന്തിനാണ് വരയുള്ള പേപ്പറില്‍ എഴുതി പഠിക്കുന്നത്? ഇംഗ്ലീഷ് അക്ഷരങ്ങള്‍ എങ്ങനെ എഴുതണം എന്ന് ഉറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നാലുവര പേപ്പര്‍ ഉപയോഗിക്കുന്നത്. ‘a’ എന്ന അക്ഷരം മധ്യത്തിലെ രണ്ടുവരയിലും ‘k’ എന്ന അക്ഷരം മുകളിലെ മൂന്നുവരയിലും ‘p’ എന്ന അക്ഷരം താഴെയുള്ള മൂന്നുവരയിലും വേണം എഴുതാന്‍ എന്ന് അറിയുന്നതിനാണ് ഇത്. ഇതുപോലെ എല്ലാ അക്ഷരങ്ങളും എഴുതുന്നതിന് നിയമങ്ങള്‍ വച്ചിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം അറിയുന്നതിനു മാത്രമാണ് വരയുള്ള പേപ്പറില്‍ എഴുതി പഠിക്കുന്നത്. സ്ഥാനം ഉറച്ചുകഴിഞ്ഞാല്‍ പിന്നെ വരകളുടെ ആവശ്യം ഇല്ല. മുതിര്‍ന്നവര്‍ ആരും തന്നെ നാലുവരയില്‍ ഇംഗ്ലീഷ് എഴുതുന്നില്ലല്ലോ? അപ്പോള്‍ അക്ഷരങ്ങളുടെ സ്ഥാനം അറിയുന്നതിനാണ് നാലുവരയില്‍ എഴുതി പഠിച്ചതെന്നും അക്ഷരങ്ങളുടെ സ്ഥാനം ഉറച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ ആവശ്യം ഇല്ല എന്നും വരുന്നു. അക്ഷരങ്ങളുടെ സ്ഥാനം ദൃഢപ്പെടുന്നതുവരെ നാലുവരയില്‍ എഴുതാന്‍ കുട്ടി നിര്‍ബന്ധിതനാണ്. ഇവിടെ വരകള്‍ക്കല്ല പ്രാധാന്യം, സ്ഥാനത്തിന്റെ അറിവിനാണ്. അത് അറിഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്ക് വരകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇതുപോലെ തന്നെയാണ് വിഗ്രഹാരാധനയും. ഈശ്വരന്റെ സ്ഥാനം അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ വിഗ്രഹത്തിന്റെ ആവശ്യമില്ല. യാഥാര്‍ഥ്യം അറിയുന്നതുവരെയും അത് തുടരുകയും ചെയ്യണം.
അച്ഛനമ്മമാര്‍ മരിച്ചുപോയ ഒരാള്‍ അവരുടെ ഫോട്ടോ എടുത്തു നോക്കുന്നുവെന്ന് കരുതുക. ഫോട്ടോ കണ്ട ഉടനേ അയാളുടെ മനസ്സില്‍ അച്ഛനമ്മമാര്‍ നിറയുന്നു. മനസ്സ് അവരില്‍ കേന്ദ്രീകരിക്കുന്നു. അവര്‍ അയാളെ വളര്‍ത്തിയപ്പോള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒന്നൊന്നായി ഓര്‍മ്മയില്‍ തെളിയുന്നു. അറിയാതെ അയാളുടെ കണ്ണുകള്‍ നിറയും. അയാള്‍ അവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനസ്സുകൊണ്ട് മാപ്പുപറയുന്നു. ചിലപ്പോള് അത് ഉച്ചത്തിലായി എന്നുവരാം. അയാളുടെ ഈ ഭാവമാറ്റങ്ങള്‍ മറ്റൊരാള്‍ കാണുന്നുവെന്ന് കരുതുക. അയാള്‍ക്ക് എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടാകുമോ? അയാളെ സംബന്ധിച്ചിടത്തോളം അത് ഒരു വെറും ഫോട്ടോ! അയാള്‍ യുക്തിപരമായി ചിന്തിക്കുന്ന ആളാണെങ്കില്‍ എന്തായിരിക്കും മനോഗതി? അത് വെറുമൊരു കാര്‍ഡ്ബോര്‍ഡ്. അതില്‍ അവിടെയുമിവിടെയുമായി മഷികൊണ്ട് കറുപ്പിച്ചിട്ടുണ്ട്. ഈ കാര്‍ഡും മഷിയുമല്ലാതെ മറ്റൊന്നും അവിടെയില്ല. ഇത് കണ്ടിട്ട് വികാരാധീനനാകുകയും സംസാരിക്കുകയും ചെയ്യുന്നത് വിഢിത്തമാണ്. വെറും ഈ ജഡവസ്തുക്കളെക്കണ്ട് മറ്റാര്‍ക്കും ഇതുപോലെ തോന്നുകയുമില്ല. യഥാര്‍ത്ഥത്തില്‍ അയാളുടെ വാദം ശരിയല്ലേ? ഇനി ഒരു ശാസ്ത്രജ്ഞന്റെ നിരീക്ഷണത്തില്‍ നോക്കാം. സെല്ലുലോസുകൊണ്ട് ഉണ്ടാക്കിയ ഒരു വസ്തുവാണ് ഈ കാര്‍ഡ്. അതില്‍ കാര്‍ബണ്‍ ലായനി പലരീതിയില്‍ തേച്ചിരിക്കുന്നു. ഇത് ഒരാളില്‍ അനേകം വികാരങ്ങള്‍, ഓര്‍മ്മകള്‍, ഉണ്ടാക്കുന്നുവെന്നത് അന്ധവിശ്വാസമാണ്. ഇതിന് യാതൊരു ശാസ്ത്രീയതയും ഇല്ല എന്ന് വാദിക്കും. ഈ രണ്ടുപേരുടെ വീക്ഷണങ്ങളും ശരിയല്ലേ? എന്നാല്‍ രണ്ടുപേരുടെയും നിഗമനങ്ങള്‍ക്ക് അതീതമായി മറ്റേ ആള്‍ക്ക് അത് മറ്റൊരു വിധത്തിലാണ് അനുഭവപ്പെട്ടത്. അയാള്‍ കാര്‍ഡ് കണ്ടില്ല! കറുത്ത മഷിയും കണ്ടില്ല! അയാളുടെ അമ്മയെയാണ് കണ്ടത്. യാതൊരു ചൈതന്യവുമില്ലാത്ത രണ്ട് ജഡവസ്തുക്കളെക്കൊണ്ട് അയാള്‍ അയാളുടെ പ്രീയപ്പെട്ടവരെ കണ്ടു. അനുഭവിച്ചു. ഇതുതന്നെയാണ് വിഗ്രഹാരാധനയുടെയും തത്വം. ഉപാസനാദേവതയുടെ രൂപമുണ്ടാക്കി അയാള്‍ ആരാധിക്കുന്നു. അയാള്‍ വിഗ്രഹം, കല്ലുകൊണ്ടാണോ, തടികൊണ്ടാണോ, മറ്റുവസ്തുക്കള്‍കൊണ്ടാണോ നിര്‍മ്മിച്ചത് എന്നൊന്നും ചിന്തിക്കുന്നില്ല. അയാളുടെ മുന്‍പില്‍ അയാളുടെ ഉപാസനാമൂര്‍ത്തി മാത്രം. അയാളുടെ മനസ്സ് മറ്റൊന്നിലും വ്യാപരിക്കാതെ മറ്റൊരുതലത്തില്‍ എത്തിച്ചേരുന്നു. ഫോട്ടോകണ്ട് അമ്മയുടെ സാന്നിധ്യം അനുഭവപ്പെട്ടതുപോലെ വിഗ്രഹങ്ങള്‍ കൊണ്ട് ഒരു ആശ്രയസ്ഥാനം ഭക്തന്‍ കണ്ടെത്തുന്നു. അനുഭവിക്കുന്നു.
ഒരു ചെറിയകുട്ടി ആനയെ കണ്ടിട്ടില്ലെങ്കിലും ആനയുടെ ചിത്രം നോക്കി ആന എന്നുപറയുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ പേപ്പറും നിറങ്ങളും മാത്രമേയുള്ളൂ. എന്നിരുന്നാലും കുട്ടി അതിനെ ആന എന്ന് പറയുന്നു. എന്നാണോ യഥാര്‍ത്ഥത്തിലുള്ള ആനയെക്കണ്ട് ഇത് ആനയാണെന്ന് തിരിച്ചറിയുന്നത്, അത്രയും കാലം കുട്ടിക്ക് ചിത്രം വേണം. ചിത്രം ഇല്ലാതെ യഥാര്‍ത്ഥത്തിലുള്ള ആനയെക്കാണിച്ച് പഠിപ്പിച്ചാലും കുട്ടി ചിത്രം കാണുമ്പോള്‍ അതുനോക്കി ആന എന്നുപറയും. ആന എന്ന ജീവിയെപ്പറ്റിയുള്ള ഒരറിവ് ഉണ്ടാക്കുക എന്നതാണ് ചിത്രം കൊണ്ടുദ്ദേശിക്കുന്നത്. ആനയെ കണ്ടിട്ടില്ലാത്ത കുട്ടിക്ക് ആനയെപ്പറ്റിയുള്ള ബോധമുണ്ടാക്കുവാന്‍ ചിത്രമായ ജഡവസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നു.
മേല്‍പ്പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ജഡവസ്തുക്കളെക്കൊണ്ട് നമ്മുടെ മനസ്സിന് മാറ്റം വരുത്താന്‍ കഴിയുമെന്നും ഈ മാറ്റമാണ് വിഗ്രഹാരാധനയിലൂടെ ലക്ഷ്യമിടുന്നതെന്നും. വരയിലൂടെ എഴുതിപ്പഠിക്കുന്ന കുട്ടി അക്ഷരങ്ങളുടെ സ്ഥാനം എന്ന് മനസ്സിലാക്കുന്നുവോ അതുവരെ വരകള്‍ ഉപയോഗിക്കണം. ഈശ്വരന്റെ സാന്നിധ്യം വിഗ്രഹാരാധനയിലൂടെയല്ലാതെ എന്ന് ഒരാള്‍ക്ക് സിദ്ധിക്കുന്നുവോ അതുവരെ അയാള്‍ വിഗ്രഹത്തിലൂടെ ഈശ്വരനെ ഭജിക്കണം. വിശേഷാല്‍ ഗ്രഹിക്കുന്നതേതോ അത് വിഗ്രഹം. ഈ ജഡമായ വിഗ്രഹത്തില്‍ നിന്നും നമ്മെ ഈശ്വരചിന്തയിലേക്ക് നയിക്കുന്നതിനാണ് വിഗ്രഹാരാധന നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്.
ഈശ്വരനേയില്ലായെന്ന് വാദിക്കുന്നവര്‍ ധാരാളമുണ്ടല്ലോ? അവരെസംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചത്തിന് കാരണമായി മറ്റൊരു ചൈതന്യം ഇല്ലായെന്നാണ്. കാരണം, അതിന് ദൃഷ്ടാന്തമായ തെളിവുകള്‍ കാണിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ശാസ്ത്രീയമായ തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നാണ് വാദം. എന്നാല്‍ ഒരു തെളിവുമില്ലാതെ ഒരറിവുമില്ലാതെ ലോകത്തുള്ള എല്ലാവരും വിശ്വസിക്കുന്ന പല കാര്യങ്ങളും ഉണ്ടല്ലോ! നമ്മുടെയെല്ലാം നൂറ് അപ്പൂപ്പന്മാരെ പിന്നോട്ട് ചിന്തിച്ചു നോക്കൂ. നൂറാമത്തെ അപ്പൂപ്പനെ നമുക്ക് അറിയാമോ? എവിടെ വസിച്ചിരുന്നു, എന്തായിരുന്നു ജോലി, എങ്ങനെയുള്ള ആളായിരുന്നു എന്നിത്യാദി ഒന്നും നമുക്കറിയില്ല. ഒന്നും അറിയാത്തതുകൊണ്ട് അങ്ങനെയൊരാള്‍ ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നതുപോലെയാണ്, ഈ പ്രപഞ്ചത്തിനും കാരണമായ ഒരു ശക്തി ഇല്ല എന്നുവാദിക്കുന്നത്. നമ്മുടെ പിന്നില്‍ ആയിരാമത്തേതോ നൂറാമത്തേതോ ഒക്കെ അപ്പൂപ്പന്മാരുണ്ടായിരുന്നതുകൊണ്ടാണ് ഈ കാണുന്ന നമ്മള്‍ ഉള്ളത്. നമ്മളുടെ കാരണത്തെപ്പറ്റി പിന്നോട്ട് ചിന്തിച്ചാല്‍ നൂറാമത്തേതും ആയിരാമത്തേതും അതിനും അപ്പുറത്തേക്കും ചെല്ലാം. ഒരു തെളിവും തരാന്‍ കഴിയാതിരുന്നിട്ടും നമുക്ക് അനേകം മുന്‍ഗാമികള്‍ ഉണ്ടായിരുന്നുവെന്ന് നാം വിശ്വസിക്കുന്നു. ഇത് അന്ധമായ വിശ്വാസമാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഈ യുക്തികൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് കാരണമായി ഒരു ചൈതന്യമുണ്ടെന്നത് നിസ്തര്‍ക്കമാണെന്ന് തെളിയുന്നു. അതിനാലാണ് ഉപനിഷത്തുകളില്‍ ഈ പ്രപഞ്ചകാരണത്തെ “യുക്തികൊണ്ടുപഗമ്യന്‍” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ കാരണം, കാര്യകാരണസിദ്ധാന്തമനുസരിച്ച് യുക്തിപൂര്‍വ്വം പുറകോട്ട് ചിന്തിച്ചാലും കണ്ടെത്താന്‍ കഴിയും എന്ന് സാരം.
നമുക്ക് പോകേണ്ടിയിരുന്ന ഒരു സ്ഥലത്തുപോകാന്‍ വഴി അറിയാതെ വിഷമിക്കുമ്പോള്‍ വഴിയറിയാവുന്ന് ആളിനെക്കണ്ടാല്‍ അയാളെ അന്ധമായി നാം അനുഗമിക്കുന്നു. അയാളെ ശരിയായി പിന്തുടര്‍ന്നാല്‍ ശരിയായ സ്ഥലത്ത് എത്തിച്ചേരാമെന്ന് നല്ല ഉറപ്പുണ്ടെങ്കില്‍ നാം മറ്റൊന്നും ആലോചിക്കാതെ അങ്ങനെ ചെയ്യുന്നു. ഇതുപോലെ തന്നെയാണ് ശ്രേഷ്ഠപുരുഷന്മാരെ അനുഗമിക്കുന്നതും. ആ ശ്രേഷ്ഠപുരുഷന്മാരുടെ പാത നാം സ്വീകരിക്കുന്നു. അവരോടുള്ള ആദരവുകൊണ്ട് അവരുടെ രൂപം വച്ച് മനസ്സ് അവരില്‍ കേന്ദ്രീകരിപ്പിക്കുന്നു. ലക്ഷ്യപ്രാപ്തിക്കായുള്ള യത്നത്തില്‍ തന്റെ കൂടെ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പ്രയാസമുണ്ടായാല്‍ അയാള്‍ എന്താണ് ചെയ്യുക. ആ വിഷയത്തില്‍ പ്രവീണനായ ഒരു അദ്ധ്യാപകന്റെ അടുത്തുചെന്ന് സഹായം അഭ്യര്‍ത്ഥിക്കും. അദ്ദേഹം അയാള്‍ക്കുള്ള എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം ഉപദേശിക്കുകയും അദ്ദേഹം രചിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുട്ടിക്ക് നല്‍കുകയും ചെയ്യും. എന്നാല്‍ പരീക്ഷ എഴുതേണ്ടത് കുട്ടിതന്നെയാണ്. ഇതുപോലെതന്നെ ഈശ്വരാരാധനയും. ശ്രീകൃഷ്ണനെ ഭജിച്ചാല്‍ അദ്ദേഹം വന്ന് ഭക്തനെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകില്ല. ഈ ലോകത്തുനിന്നും സ്വീകരിച്ച ഈ ശരീരം എല്ലാപേരും ഇവിടെത്തന്നെ ഉപേക്ഷിച്ചിട്ട് പോകും. ഇതിലുള്ള ചൈതന്യം, അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ട്, സംസാരചക്രത്തില്‍ക്കിടന്ന് അവശനായിക്കറങ്ങി ദുരിതം അനുഭവിക്കേണ്ടി വരാതിരിക്കാനുള്ള പരിഹാരത്തിനാണ് നാം ഈശ്വരാരാധന ചെയ്യുന്നത്. ഉപാസനാമൂര്‍ത്തിയായ ഭഗവാന്‍ എല്ലാവിധത്തിലും നമ്മെ സഹായിക്കും. നമ്മിലുള്ള മാലിന്യങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധനാക്കി ജ്ഞാനിയാക്കാന്‍ വഴിയുണ്ടാക്കും. അതിനാണ് ഹിന്ദുമതത്തിലും മറ്റുള്ള മതങ്ങളിലും ഈശ്വരാരാധന കല്പിച്ചിരിക്കുന്നത്.
പലര്‍ക്കും സ്വാഭാവികമായ ഒരു സംശയം ഉണ്ടാകാം; ദേവാലയങ്ങളില്‍ മാത്രമാണോ ഈശ്വരന്‍ ഇരിക്കുന്നതെന്ന്. എവിടെ ഇരുന്നാലും ഈശ്വരനെ ഭജിക്കാമല്ലോയെന്ന്. ശരിയാണ്, എവിടെ ഇരുന്നാലും തന്റെ മനസ്സ് ഈശ്വരനില്‍ കേന്ദ്രീകരിക്കുമെന്നുണ്ടെങ്കില്‍ അവര്‍ അങ്ങനെ ചെയ്താല്‍ മതിയാകും. അതിനു കഴിയാത്തവര്‍ക്കാണ് ദേവാലയ ദര്‍ശനവും ഉപാസനാ ആരാധനയും വച്ചിരിക്കുന്നത്. നമുക്ക് ചുറ്റും വായു ഉണ്ടല്ലോ! അത് ചലനാത്മകവുമാണ്. എന്നിരുന്നാലും ഉഷ്ണശമനത്തിനായി നാം ഫാനിന്റെ അടുത്ത് പോകുന്നു. അല്ലെങ്കില്‍ കാറ്റുവീശുന്ന സ്ഥലത്തേക്ക് പോകുന്നു. ഈ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ വായുവിന്റെ ചലനം നമുക്ക് നന്നായി അനുഭവവേദ്യമാകുകയും ഉഷ്ണശാന്തി ലഭിക്കുകയും ചെയ്യുന്നു. വായു ചലിച്ചുകൊണ്ടിരുന്നാലും അതിന്റെ അനുഭവം നമുക്ക് ഉണ്ടാകാത്തത് എപ്രകാരമാണോ അതുപോലെ, ഈശ്വരന്‍ എല്ലാറ്റിലും എല്ലായിടത്തും ഉണ്ടെങ്കിലും, ക്ഷേത്രാരാധനാലയങ്ങളില്‍ കൂടുതല്‍ നമുക്ക് അനുഭവിക്കാനാകും. ഈ കാരണങ്ങള്‍ കൊണ്ടാണ് എല്ലാ മതങ്ങളിലും ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ദേവാലയങ്ങളില്‍ പോകുന്നത് അന്ധവിശ്വാസമല്ല എന്ന് കാണാം. എങ്ങനയും മനുഷ്യന്‍ സദ്‌വൃത്തനായിത്തീരണം എന്നതാണ് എല്ലാ മതാചാരങ്ങളുടെയും അനുഷ്ഠാന തത്വം.
പുരാതനഭാരതീയദാര്‍ശനികര്‍ കാര്യകാരണസിദ്ധാന്തപ്രകാരം പ്രപഞ്ചകാരണമായി ഒറ്റ ചൈതന്യത്തെയാണ് വീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വിഗ്രഹാരാധനയില്‍ അനേകം ദേവന്മാരെ ആരാധിക്കുന്നതായിക്കാണാം. ഇത് ഹിന്ദുമതത്തിന്റെ പരമലക്ഷ്യമായ ഏകത്വവീക്ഷണത്തിന് എതിരാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഇത് ശരിയല്ല. സൂര്യബിംബത്തെ നാം പല ജലാശയങ്ങളിലും കാണുന്നില്ലേ? ഏകനായ സൂര്യനെ പലപാത്രങ്ങളിലും ജലാശയങ്ങളിലും കണ്ടാലും സൂര്യന്റെ ഏകത്വം നഷ്ടപ്പെടുമോ? പല പാത്രങ്ങളിലും തെളിയുന്ന സൂര്യബിംബത്തെ നോക്കി, അനേകം സൂര്യന്മാര്‍ ഉണ്ടോ എന്ന് നമുക്ക് തോന്നുമോ? ഇതില്‍ ഒരു ജലാശയത്തില്‍ കാണുന്നത് മാത്രമാണ് ശരി എന്ന് വാദിക്കുന്നത് ശരിയാണോ? ഏകനായ സൂര്യന്‍ അവിടെ നില്‍ക്കുന്നതിനാല്‍ ജലാശയങ്ങളിലും പാത്രങ്ങളിലെ ജലത്തിലും കാണുന്ന സൂര്യബിംബം തെറ്റാണ് എന്ന് കരുതാമോ? ഈ സത്യം മനസ്സിലാക്കിയതുകൊണ്ടാണ് ഋഷീശ്വരന്മാര്‍ “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന് ഉപനിഷത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഏകനായിരിക്കുന്ന ആ പരമ ചൈതന്യത്തെ പലതായിക്കണ്ട് ആരാധിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. നേരിട്ട് സൂര്യനെ ദര്‍ശിക്കുവാന്‍ കഴിയാത്തതിനാല്‍ ഒരു മാധ്യമത്തിലൂടെ നാം സൂര്യഗ്രഹണം കാണുന്നുണ്ടല്ലോ! അതുപോലെതന്നെ ഏകമായ ആ പരമ ചൈതന്യത്തെക്കാണാന്‍ നമ്മുടെ മനസ്സ് അപര്യാപ്തമാണ്. അതിന് ഉപാസനാദേവന്മാരെ നാം ആരാധിക്കുന്നു. അവരുടെ സഹായത്താല്‍ മനുഷ്യമനസ്സിന്റെ മാലിന്യങ്ങളായ കോപം, താപം, ദ്വേഷം, മത്സരം, കാര്‍പ്പണ്യം, ലോഭം, മോഹം, അസൂയ, ഡംഭ്, വൈരാഗ്യം മുതലായവയെമാറ്റി മനസ്സ് ശുദ്ധമാക്കുന്നു. മനസ്സ് ശുദ്ധമായിക്കഴിയുമ്പോള്‍ ഏകാഗ്രതയും തദ്വാര ബോധോദയവും ഉണ്ടാകുന്നു. ഇതിലേക്ക് നയിക്കുന്നതിനാണ് ഈശ്വരാരാധനയും, ഈശ്വരനാമകീര്‍ത്തനങ്ങളും വ്രതങ്ങളും എല്ലാം എല്ലാമതങ്ങളിലും കല്പിച്ചിരിക്കുന്നത്.
മായാവാദം :-
ഹിന്ദുമതാചാര്യന്മാരുടെ ഒരു സുപ്രധാനവീക്ഷണമാണ്‍, ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്, മായയാണ് എന്നുള്ളത്. “ബ്രഹ്മം സത്യം, ജഗത് മിഥ്യ” എന്നാണ് ഉപനിഷത് സൂക്തം. ഇതില്‍ ബ്രഹ്മം ഏറ്റവും കൂടുതല്‍ വ്യാഖ്യാനിച്ചിട്ടുള്ളതും, എന്നാല്‍ മനുഷ്യകോടികളില്‍ അപൂര്‍വ്വമായിമാത്രം ലഭിക്കാവുന്ന പരമജ്ഞാനവുമാണ്. ഇവിടെ “ജഗത് മിഥ്യ” എന്നുള്ളതിനെ വിശകലനം ചെയ്യുകയാണ് ആദ്യമായി. മിഥ്യ എന്നാല്‍ ഇല്ലാത്തത്, ഉണ്ടെന്ന് തോന്നുന്നത്; എന്നൊക്കെ അര്‍ത്ഥം കല്പിക്കാം. ഈ കാണുന്ന ലോകം എങ്ങനെയാണ് ഇല്ലാത്തതാകുന്നത്; എങ്ങനെയാണ് വെറും തോന്നലാകുന്നത്? ഈ ലോകത്തെ, മരുഭൂമിയിലെ മരീചിക – കാനല്‍ ജലം- എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്! എന്നാല്‍ ഇത്രയും സ്പഷ്ടമായി അനുഭവവേദ്യമായിക്കാണുന്ന ഈ ലോകം എങ്ങനെയാണ് തോന്നലാകുന്നത്? സുഖവും ദുഃഖവും മറ്റനേകം വികാരങ്ങളുമൊക്കെ വെറും തോന്നലുകളാണോ? നമുക്കുണ്ടാകുന്ന വിവിധ അനുഭവങ്ങള്‍, ലോകത്ത് നാം കാണുന്ന ശാസ്ത്രസത്യങ്ങള്‍ എല്ലാം വെറും തോന്നലുകളാകുന്നതെങ്ങനെ? ഇത്യാദി അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും “ജഗത് മിഥ്യ” എന്ന വാക്യത്തിന്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ദൃഷ്ടാന്തമായി ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടാണ് ഋഷീശ്വരന്മാര്‍ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളത്.
നാം ഒരുകിലോ സ്വര്‍ണ്ണം എടുക്കുന്നു. അതില്‍നിന്നും വിവിധങ്ങളായ ആഭരണങ്ങള്‍ ഉണ്ടാക്കുന്നു. വളകള്‍, മോതിരങ്ങള്‍, പല തരത്തിലുള്ള മാലകള്‍, ലോക്കറ്റുകള്‍ ഇതുപോലെ അനേകം ആഭരണങ്ങള്‍ നമുക്കുണ്ടാക്കാം. ഈ ആഭരണങ്ങള്‍ നാം വിവിധ സ്ഥാനങ്ങളില്‍ അണിയുന്നു. വളകള്‍ എല്ലാം കൈകളില്‍ ഇടുന്നു. ചില വളകള്‍ ആടുമ്പോള്‍ കൈ വേദനിക്കുന്നു. എല്ലാം അണിഞ്ഞ് കണ്ണാടിയില്‍ നോക്കി ആസ്വദിക്കുന്നു. ഇതെല്ലാം എല്ലാവരും കണ്ട് അഭിനന്ദിക്കുന്നു. അവസാനം ആഭരണങ്ങളെല്ലാം ഉചിതങ്ങളായ ആഭരണപ്പെട്ടിയില്‍ വച്ച് സൂക്ഷിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് ഈ ആഭരണങ്ങളെല്ലാം ഉരുക്കി പഴയതുപോലെ സ്വര്‍ണ്ണക്കട്ടിയാക്കുന്നു. ഇപ്പോള്‍ സ്വര്‍ണ്ണക്കട്ടി മാത്രം. നാം മുന്‍പ് കണ്ട ആഭരണങ്ങള്‍, നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍, കയ്യിലിട്ടപ്പോള്‍ വേദനിപ്പിച്ച ആഭരണങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ടിട്ടുള്ള ഫോട്ടോ നോക്കിയാല്‍ എല്ലാം കാണാം. എന്നാല്‍ സ്വര്‍ണ്ണക്കട്ടിയില്‍ നോക്കിയാല്‍ സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കാണാന്‍ കഴിയില്ല. നാം ഉപയോഗിച്ച സ്വര്‍ണ്ണാഭരണങ്ങളെല്ലാം എവിടെപ്പോയി? അത് സ്വര്‍ണ്ണക്കട്ടിയില്‍ ലയിച്ചുചേര്‍ന്നോ? സ്വര്‍ണ്ണക്കട്ടിയില്‍ നോക്കിയാല്‍ അവയെ കാണാന്‍ കഴിയില്ലല്ലോ! നാം കണ്ട ആഭരണങ്ങളെ വീണ്ടും ഉണ്ടാക്കാമോ? അതുപോലെയുള്ള ആഭരണങ്ങള്‍ ഉണ്ടാക്കാം. രണ്ടാമതുണ്ടാക്കുന്ന ആഭരണങ്ങള്‍ ആദ്യം ഉണ്ടാക്കിയവ തന്നെയാണോ? രൂപം മാത്രമല്ലേയുള്ളൂ? ആദ്യം ഉണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എന്തുപറ്റി? അത് തോന്നലല്ലായിരുന്നില്ലല്ലോ? നാം അണിയുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? പിന്നെ അതെവിടെപ്പോയി?
ഒരു ഗ്ലാസ്സില്‍ അല്പം ജലം എടുത്ത് അതില്‍ കുറച്ച് പഞ്ചസാരയിട്ട് ലയിപ്പിച്ചാല്‍ പിന്നെ പഞ്ചസാര കാണാന്‍ കഴിയില്ല. പഞ്ചസാര ജലത്തില്‍ ലയിച്ചുചേര്‍ന്നുപോയി. എന്നാല്‍ ജലം വറ്റിച്ച് വീണ്ടും പഞ്ചസാര ഉണ്ടാക്കാം. ആദ്യം ഉണ്ടായിരുന്ന അതേ അളവിലും തൂക്കത്തിലും രൂപത്തിലും പഞ്ചസാരയുണ്ടാക്കാം. ഇതുപോലെ ആഭരണങ്ങളെല്ലാം സ്വര്‍ണ്ണക്കട്ടിയില്‍ ലയിച്ചുകിടക്കുകയാണോ? മുന്‍പുണ്ടായിരുന്ന രൂപത്തിലും അളവിലും മാത്രമേ സ്വര്‍ണ്ണക്കട്ടിയില്‍ നിന്നും വീണ്ടും ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളോ? മുന്‍പ് ഉണ്ടാക്കിയതിനേക്കാള്‍ വ്യത്യസ്തമായി അനേകം രൂപത്തിലും വലിപ്പത്തിലും ആഭരണങ്ങള്‍ നമുക്കുണ്ടാക്കാം. ഇവിടെ എന്താണ് സംഭവിച്ചത്? സ്വര്‍ണ്ണക്കട്ടി കാരണവും ആഭരണങ്ങള്‍ കാര്യവുമാണ്. കാരണത്തില്‍ നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഉണ്ടായ കാര്യം അതിന്റെ കാരണത്തിലേക്ക് തിരിച്ചുപോയി. ഇപ്പോള്‍ കാര്യമായ ആഭരണങ്ങള്‍ കാരണമായ സ്വര്‍ണ്ണക്കട്ടിയായി മാറി. അപ്പോള്‍ സ്വര്‍ണ്ണക്കട്ടി ഉള്ളതും ആഭരണങ്ങള്‍ ഇല്ലാത്തതുമായി. അത് കുറച്ചുസമയത്തേക്കുള്ള മനസ്സിന്റെ അവഭാസമായിരുന്നു, തോന്നലുകളായിരുന്നു. എന്നാല്‍ ആ തോന്നലുകള്‍ നാം അനുഭവിക്കുകയും കാണുകയും ചെയ്തു. നാം ആഭരണങ്ങള്‍ കാണുമ്പോഴും അവ അണിയുമ്പോഴും അത് സ്വര്‍ണ്ണമായിരുന്നു. എന്നാല്‍ നാം അതിനെ സ്വര്‍ണ്ണക്കട്ടി എന്ന് നാമകരണം ചെയ്യുന്നില്ല. നാം കണ്ട ആഭരണങ്ങള്‍ മിഥ്യ ആയിരുന്നുവെന്ന് വരുന്നു. ത്രികാലത്തിലും ഉള്ളതേതോ അതിനെ ‘സത്‘ എന്ന് പറയുന്നു. മുന്‍പ് ഉണ്ടായിരുന്നു, ഇപ്പോള്‍ ഉണ്ട്, എന്നും ഉണ്ടാകുകയും ചെയ്യും; അങ്ങനെയുള്ളതിനെയാണ് ‘സത്’ എന്ന് പറയുന്നത്. ഈ മൂന്ന് കാലങ്ങളിലും ഇല്ലാത്തതിനെ ‘അസത്’ എന്ന് പറയുന്നു. ഈ ദൃശ്യപ്രപഞ്ചത്തെ മുഴുവനും കാര്യകാരണസിദ്ധാന്തപ്രകാരം പിന്നോട്ട് ദര്‍ശിച്ചാല്‍ അവസാനം ഒന്നില്‍ ചെന്ന് നില്‍ക്കും. കാരണമില്ലാത്തതേതോ അത് ‘സത്’. ആ സത്യമായ കാരണത്തില്‍ നിന്നാണ് കാര്യമായ ദൃശ്യപ്രപഞ്ചം ഉണ്ട് എന്ന് തോന്നിപ്പിക്കുന്നത്. ആഭരണങ്ങള്‍ അതിന്റെ കാരണമായ സ്വര്‍ണ്ണക്കട്ടിയായി പരിണമിച്ചപ്പോള്‍ കാര്യമായ ആഭരണങ്ങള്‍ക്ക് എന്തുസംഭവിച്ചുവോ അതുപോലെതന്നെ ഇതും. സത്തില്‍ ലയിക്കുന്നതുവരെ ഈ പ്രപഞ്ചമുണ്ട്. സത്തില്‍ ലയിച്ചാല്‍ പിന്നെ പ്രപഞ്ചം ഇല്ല. അങ്ങനെ ഇല്ലാതാകുന്നത് സത്യമല്ല. അതിനാലാണ് “ജഗത് മിഥ്യാ” എന്ന് ഭാരതീയ ദാര്‍ശനികര്‍ പ്രഖ്യാപിച്ചത്.
ഇതുപോലെതന്നെ, കളിമണ്ണില്‍ നിന്നും നാം അനേകം മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നു. പല രൂപത്തിലും വലിപ്പത്തിലും ഉണ്ടാക്കുന്ന ആ മണ്‍പാത്രങ്ങള്‍ക്ക് നാം പല പേരുകളും ഇടുന്നു. അവ പലതരത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കുറെനാള്‍ക്കുശേഷം ഈ മണ്‍പാത്രങ്ങളെല്ലാം പൊട്ടിച്ച് ചവിട്ടിക്കുഴച്ച് പഴയ കളിമണ്ണാക്കുന്നു. അതിനെ നാം മണ്‍പാത്രങ്ങള്‍ എന്ന് പറയുന്നില്ല. നാം മുന്‍പുകണ്ട, ഉപയോഗിച്ച പാത്രങ്ങള്‍ എവിടെപ്പോയി. നാം പലപേരിലും വിളിച്ചിരുന്ന ആ പാത്രങ്ങള്‍ ഇപ്പോള്‍ കാണുന്ന ഈ കളിമണ്ണായിരുന്നു. എന്നാല്‍ നാം അതിനെ കളിമണ്ണ് എന്ന് വിളിച്ചില്ല. കാര്യമായ മണ്‍പാത്രങ്ങള്‍ അതിന്റെ കാരണമായ കളിമണ്ണിലേക്ക് പോയി എന്നുപറയാമോ? രൂപഭേദം വന്നതല്ലാതെ മണ്ണിന് ഒരുമാറ്റവും ഉണ്ടാകുന്നില്ലല്ലോ? കുറച്ചുസമയത്തേക്ക് നാം കാരണമായ മണ്ണിനെ മറ്റൊരുപേരില്‍ വിളിച്ചു. കുറച്ചുസമയം കഴിഞ്ഞ് അത് കാരണമായി. ഇപ്പോള്‍ കാര്യമായ പാത്രങ്ങളില്ല. അതിനാല്‍ കുറച്ചുസമയത്തേക്കുള്ള മനസ്സിന്റെ തോന്നലായിരുന്നു ഇതെല്ലാം എന്നുവരുന്നു. ഇതാണ് ഭാരതീയദര്‍ശനങ്ങളിലെ മായാവാദത്തിനടിസ്ഥാനം.
ഭഗവാന്‍ :-
ചില അസാമാന്യവ്യക്തികളെ, ദാര്‍ശനികരെ, ദിവ്യത്വമുള്ളവരെ ഹിന്ദുമതത്തില്‍ ഭഗവാന്‍ എന്ന് സംബോധന ചെയ്തിട്ടുള്ളതായി കാണാം. ഇങ്ങനെ ജീവിച്ചിരിക്കുന്ന മനുഷ്യരെ ഭഗവാന്‍ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ എന്ന് സാമാന്യേന ചോദ്യം വരാം. നൂറ്റാണ്ടുകള്‍ക്കുമുമ്പോ ആയിരത്താണ്ടുമുമ്പോ ജീവിച്ചിരുന്ന ശ്രേഷ്ഠപുരുഷന്മാരെ ഭഗവാന്‍ എന്നുവിളിച്ചാലും വലിയ തെറ്റുകാണാത്തവരാണധികവും. സമകാലീനമായി ജീവിച്ചിരിക്കുന്നവരെ ഭഗവാന്‍ എന്ന് സംബൊധന ചെയ്യുന്നത് സാമാന്യജനങ്ങള്‍ക്ക് അല്പം പോലും അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഹിന്ദുമതത്തില്‍, ഭഗവാന്‍, സംന്യാസി, അവധൂതന്‍ എന്നിങ്ങനെ അനേകം ആത്മീയതലങ്ങള്‍ നിര്‍വ്വചിച്ചിട്ടുണ്ട്.
“ഉത്പ്പത്തി പ്രളയം ചൈവാ,
ഭൂതാനാം ആഗതിംഗതിം.
വേത്തിവിദ്യാവിദ്യാംച
സ വാച്യോ ഭഗവാനിതി.”
ഇതാണ് ഭഗവാന്‍ എന്ന നാമത്തെക്കുറിച്ചുള്ള നിര്‍വ്വചനം.
ഉത്പ്പത്തി = ഈ കാണുന്ന പ്രപഞ്ചം മുഴുവനും എവിടെനിന്നാണ് ഉണ്ടായത്. പ്രളയം = ‘പ്ര’ എന്നത് ഉപസര്‍ഗ്ഗമാക്കുന്നു. “ലയം” എന്നതിന് ലയിക്കുന്നത് എന്ന് അര്‍ത്ഥം. അപ്പോള്‍ ഉത്പ്പത്തിയും പ്രലയവും, ഉത്ഭവിക്കുന്നതും തിരിച്ചുകാരണത്തിലേക്ക് പോകുന്നതും. ഭൂതാനാം = എല്ലാ ഭൂതങ്ങളുടെയും, ജീവികളുടെയും. ആഗതിംഗതിം = വരവും പോക്കും, എല്ലാ ജീവികളുടേയും ജീവന്റെ വരവും പോക്കും. വേത്തിവിദ്യാവിദ്യാംച = വിദ്യയേയും അവിദ്യയേയും അറിയുകയും ചെയ്യുന്ന, സത്തിനെയും അസത്തിനെയും വേര്‍തിരിച്ചറിയുന്ന. പുരുഷനെ = ആളിനെ. സവാച്യോ = അയാളെ വചിക്കുന്നു, പറയപ്പെടുന്നു. ഭഗവാനിതി = ഭഗവാനെന്ന്.
ഈ കാണുന്ന ലോകത്തിന്റെ ഉത്പത്തിയേയും അതിന്റെ ലയത്തേയും, എല്ലാ ജീവികളുടേയും ജീവന്റെ വരവിനേയും പോക്കിനേയും, ആത്യന്തികമായ വിദ്യയേയും അവിദ്യയേയും, സത്തിനേയും അസത്തിനേയും അറിയുന്ന ആളിനെ “ഭഗവാന്‍” എന്ന് നാമകരണം ചെയ്യുന്നു.
സൂര്യനും അതിന്റെ ഉപഗ്രഹങ്ങളുമടങ്ങുന്ന സൗരയൂഥവും, ഇതുപോലെയുള്ള അനേകം സൗരയൂഥങ്ങളും, ആകാശഗംഗയുമൊക്കെ എങ്ങനെയാണ് ഉണ്ടായതെന്നാണ് ആധുനിക ശാസ്ത്രം ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സൂരയ്ന്‍ തന്നെ ജ്വലിക്കുന്നത് ഹൈഡ്രജന്‍ കത്തി ഹീലിയം ആകുന്നതുകൊണ്ടാണ്. ഇനി 4700 കോടി വര്‍ഷം ജ്വലിക്കാനുള്ള ഹൈഡ്രജന്‍ സൂര്യനിലുണ്ടെന്നാണ് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഹൈഡ്രജന്‍ മുഴുവന്‍ ജ്വലിച്ചുകഴിയുമ്പോള്‍ ഹീലിയം ജ്വലിക്കാന്‍ തുടങ്ങും. അപ്പോഴുണ്ടാകുന്ന ചൂട് സൂര്യന്റെ ഇപ്പോഴത്തെ ചൂടിനേക്കാള്‍ ലക്ഷങ്ങള്‍ മടങ്ങായിരിക്കും. അതില്‍ സൗരയൂഥം മുഴുവന്‍ ജ്വലിച്ച് ധൂളിയായി മാറും. സൂര്യന്‍ അനേകകോടിവര്‍ഷം ക്ഴിയുമ്പോള്‍ തണുത്ത് “വെള്ളക്കുള്ളനായും – White Dwarf”, വീണ്ടും അത് “തമോഗര്‍ത്തം –Black Hole“ ആയും രൂപാന്തരപ്പെടുന്നു. ഈ കാണുന്ന സൗരയൂഥത്തിന്റെ മുഴുവന്‍ ധൂളിയും തമോഗര്‍ത്തത്തില്‍ അപ്രത്യക്ഷമാകുന്നു. അനന്തമായ ഊര്‍ജ്ജം അവശേഷിക്കുന്നു. ഇത്രയും വരെയേ ആധുനികശാസ്ത്രം ചെന്നെത്തിയിട്ടുള്ളു. കാര്യകാരണസിദ്ധാന്തമനുസരിച്ച്, ഊര്‍ജ്ജത്തിന്റെ കാരണത്തെയറിയണം. അതിനാണ് പൂര്‍വ്വിക ധിഷണാശാലികള്‍, മനസ്സിനെ പരിപാകപ്പെടുത്തി, കഴിവുകൂട്ടി കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞത്. അതിനപ്പുറമുള്ള കാരണത്തെ ജ്ഞാനികള്‍ ദിവ്യദൃഷ്ടികൊണ്ട് അറിഞ്ഞു. കാരണമില്ലാത്ത ആ ചൈതന്യസ്വരൂപത്തെയാണ് വേദാന്തത്തില്‍ ‘ബ്രഹ്മം‘ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഇതാണ് യഥാര്‍ത്ഥ ‘വിദ്യ’ എന്നാണ് വേദങ്ങളും ഉപനിഷത്തുകളും ഉത്ഘോഷിക്കുന്നത്. ഈ ബ്രഹ്മത്തെ അറിയുന്ന അമാനുഷനെയാണ് ‘ഭഗവാന്‍‘ എന്ന് സംബോധന ചെയ്യുന്നത്.
സംന്യാസി :-
‘സംന്യാസി‘ എങ്ങനെയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്.
“ജ്ഞേയസാനിത്യസംന്യാസി, ന ദേഷ്ടി ന കാംക്ഷിതി.”
ജ്ഞാനിയായ നിത്യസംന്യാസി, ന ദേഷ്ടി = ഒന്നിനേയും ദ്വേഷിക്കുകയില്ല, ന കാംക്ഷിതി = ഒന്നിനേയും ആഗ്രഹിക്കുകയില്ല. ഇതാണ് സംന്യാസിയുടെ പ്രകടമായ ലക്ഷണം. അവധൂതന്റെ ലക്ഷണത്തെപ്പറ്റി ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു. “രഥ്യാകര്‍പ്പട വിരചിത കന്ഥഃ, പുണ്യാപുണ്യവിവര്‍ജ്ജിത പന്ഥഃ“. തെരുവില്‍ കാണപ്പെടുന്ന കീറത്തുണികള്‍ എടുത്തുകൂട്ടി തയ്ച് തുണിയുടുക്കുന്നവനായും പുണ്യാപുണ്യങ്ങളെ വര്‍ജ്ജിച്ചുള്ള മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനായും ഇരിക്കണം. “വിവിക്തദേശി ലക്വാശി” യും ആയിരിക്കണം. വിജനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നവനും, അങ്ങനെയുള്ള സ്ഥലം ഇഷ്ടപ്പെടുന്നവനും, ലക്വാശി = ലഘുവായി ആശിക്കുന്നവനും, കുറച്ചുമാത്രം ഭക്ഷിക്കുന്നവനും ആയിരിക്കും അവധൂതന്മാര്‍. വേദാന്തത്തില്‍, ഓരോ തലങ്ങളിലും എത്തിയിട്ടുള്ളവരെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. എന്നാല്‍ സാമാന്യേന ജനങ്ങളുടെ ഇടയില്‍ കഴിയുന്ന ഈ മഹാത്മാക്കളെ തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെവരുന്നു.
ബ്രഹ്മം :-
ബ്രഹ്മത്തെപ്പറ്റി അനേകം നിര്‍വ്വചനങ്ങളും, ലക്ഷണങ്ങളും ഹിന്ദുമതവിജ്ഞാനസമ്പത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷണങ്ങളും നിര്‍വ്വചനങ്ങളുമല്ലാതെ, ഇതാണ് ബ്രഹ്മം എന്ന് കാണിച്ചുതരാന്‍ കഴിയില്ല. ഒരു ഉപ്പുകൊണ്ടുള്ള പാവ, സമുദ്രത്തിന്റെ ആഴം അളക്കാന്‍ പോകുന്നതുപോലെയാണ് ബ്രഹ്മത്തെ അറിയാന്‍ പോകുന്നത് എന്ന് ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞിട്ടുണ്ട്. സമുദ്രജലത്തില്‍ താഴ്ന്നപ്പോള്‍ ഉപ്പുപാവ ജലത്തില്‍ ലയിച്ചുപോയി. പിന്നെങ്ങനെയാണ് സമുദ്രത്തിന്റെ ആഴം അളക്കുന്നത്. അതുപോലെതന്നെയാണ് ബ്രഹ്മത്തെയും അറിയാന്‍ പോകുന്നതും. എന്നാല്‍ ഉയര്‍ന്ന മാനസികഭാവത്തില്‍ എത്തിയിട്ടുള്ളവര്‍ക്ക് ബ്രഹ്മത്തിന്റെ സമീപം വരെ എത്താനും ബ്രഹ്മാനന്ദം അനുഭവിക്കാനും കഴിയും. ആ അനുഭവം അറിഞ്ഞിട്ടുള്ള എല്ലാ മഹത് വ്യക്തികളും പിന്നീട് ആ അവസ്ഥയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളതാണ് നമുക്ക് ലഭിച്ചിട്ടുള്ള അറിവ്. ഇത് ഓരോ വ്യക്തിയും അനുഭവിച്ചുതന്നെയറിയണം. എന്നിരുന്നാലേ അതിന്റെ യഥാര്‍ത്ഥ സ്വരൂപം, അവസ്ഥ അറിയാന്‍ കഴിയു. ഈ കാണുന്ന പ്രപഞ്ചത്തിന്റെ മുഴുവന്‍ കാരണമായിട്ടുള്ള സത്തിനെ – ചൈതന്യത്തെ – ആണ് ‘ബ്രഹ്മം’ എന്ന് നിര്‍വ്വചിച്ചിട്ടുള്ളത്. എല്ലാത്തിന്റേയും കാരണമായ ഈ ബ്രഹ്മത്തെ എല്ലാ മതഗ്രന്ഥങ്ങളിലും പല പേരുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബുദ്ധമതം “നിര്‍വ്വാണപദം” എന്നും യഹൂദമതം “യാഹ്‌വേ” (യഹോവ) എന്നും ചൈനീസ് ദാര്‍ശനികര്‍ “ദഓ” എന്നും ഇസ്ലാം മതത്തില്‍ “അള്ള” എന്നും ക്രിസ്തുമതത്തില്‍ “നിത്യജീവന്‍” എന്നും ഇതിനെ വിശേഷിപ്പിച്ചിരുക്കുന്നു. എല്ലാത്തിന്റേയും അര്‍ത്ഥം, “സ്വയംഭൂ – കാരണമില്ലാത്തവന്‍” എന്നതാണ്‍.
വേദോപനിഷത്തുക്കളില്‍ ബ്രഹ്മത്തെപ്പറ്റി ഇപ്രകാരം പറഞ്ഞുകാണുന്നു.
1. വേദാനാം നഹിഗോചര പരബ്രഹ്മം.
2. അണോരണീയാന്‍ ബ്രഹ്മഃ.
3. ബ്രഹതോ ബ്രഹ്മഃ.
4. സദാ നേതിനേതീതി യത്നാഗ്രണന്തി പരബ്രഹ്മഃ.
5. സത് ഏകം അദ്വിതീയം ബ്രഹ്മഃ.
6. യതോവാചോനിവര്‍ത്തന്തേ
അപ്രാപ്യ മനസാസഹാ
ആനന്ദം ബ്രഹ്മണോവിദ്വാന്‍
നമ്പിഭേതി കുതഃ ശ്വനഃ
സാരാംശം :-
1. സര്‍വ്വവേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും, ഭൂമിയിലുണ്ടായിട്ടുള്ള സര്‍വ്വ മഹത്ഗ്രന്ഥങ്ങള്‍ക്കും അഗോചരമാണ് ഈ ബ്രഹ്മചൈതന്യം.
2. അതീവമായ സൂക്ഷ്മജ്ഞാനംകൊണ്ടേ അതിനെ അറിയാന്‍ കഴിയു.
3. ഈ പ്രപഞ്ചത്തില്‍ കാണാന്‍ കഴിയുന്നതില്‍ വച്ചേറ്റവും ചൈതന്യവത്തായതും ബ്രഹത്തും ആണ് ബ്രഹ്മം.
4. സദാ = ഈ കാണുന്ന സര്‍വ്വതിനേയും, നേതിനേതി = ന ഇതി, ന ഇതി, ഇതല്ല അതല്ല എന്ന് അറിഞ്ഞിട്ട് ബാക്കി എന്താണോ അവശേഷിക്കുന്നത് അതാണ് ഈ പറയുന്ന ബ്രഹ്മം. ഈ പ്രപഞ്ചത്തില്‍ക്കാണുന്ന പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശങ്ങളെക്കൊണ്ട് എന്തെല്ലാം ഇവിടെ ഉണ്ടായിട്ടുണ്ടോ അതിന്റെയെല്ലാം അപ്പുറം കാണുന്ന കാരണമായ, ആനന്ദസ്വരൂപമായ ചൈതന്യത്തെയാണ് ബ്രഹ്മം എന്ന സംജ്ഞകൊണ്ട് അര്‍ത്ഥമാക്കുന്നത്.
5. ഇവിടെ പറയപ്പെടുന്ന എല്ലാത്തിന്റേയും കാരണമായ ആ ബ്രഹ്മം, ‘സത്‘ ആണ്. മൂന്നുകാലങ്ങളിലും – ഭൂതം, ഭാവി, വര്‍ത്തമാനം – ഉള്ളതാണ്. അതിന് ഉത്പത്തിയോ നാശമോയില്ല. അതിനാല്‍ അതിനെ ‘സത്’ എന്നുവിളിക്കുന്നു. അത് ഏകമാണ്, ഒന്നുമാത്രമാണ്, രണ്ടാമത് ഒന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അതിനെ ‘ഏകം’ എന്നും ‘അദ്വിതീയം’ എന്നും വിളിക്കുന്നു.
6. എവിടെയാണോ വാക്കും മനസ്സും അപ്രാപ്യ – പ്രാപിക്കാന്‍ കഴിയുന്നില്ല, ചെന്നെത്താന്‍ കഴിയുന്നില്ല; വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയുന്നില്ല, മനസ്സുകൊണ്ട് അറിയാന്‍ കഴിയുന്നില്ല; എന്നു പറഞ്ഞ് പിന്‍തിരിയുന്നത് അതിനപ്പുറമാണ് കേവലമായ എല്ലാത്തിന്റേയും കാരണമായ ചൈതന്യത്തിന്റെ സ്ഥാനം എന്ന് ഋഷീശ്വരന്മാര്‍ അറിഞ്ഞു. ആ ആനന്ദസ്വരൂപമായ ബ്രഹ്മത്തെ പ്രാപിച്ച ആളിന് ലോകത്ത് മറ്റൊന്നിനേയും ഭയമോ, താല്പര്യമോ ഉണ്ടാവുകയില്ല എന്നു സാരം. ആ പരമമായ പദത്തെ പ്രാപിച്ചവര്‍ നിഷ്കാമമായി ലോകാനുസാരം കര്‍മ്മങ്ങളെ ചെയ്തുകൊണ്ടിരിക്കുന്നു. കര്‍മ്മപാശങ്ങള്‍ അവരെ ബന്ധിക്കുന്നില്ല.
“നാഹം ജാതോ ജന്മമൃത്യു കുതോമേ
നാഹം പ്രാണഃക്ഷുത്പിപാസ കുതോമേ
നാഹം ചിത്തഃ ശോകമോഹൗ കുതോമേ
നാഹം കര്‍മ്മഃ ബന്ധമോക്ഷൗ കുതോമേ.”
ഞാന്‍ ജനിച്ചിട്ടില്ല, പിന്നെ എനിക്ക് ജനനമരണങ്ങള്‍ എവിടെ? ഞാന്‍ പ്രാണനല്ല, പിന്നെ എനിക്ക് ക്ഷുത്‌പിപാസ്കള്‍ – വിശപ്പും ദാഹവും – എവിടെ? ഞാന്‍ ചിത്തമല്ല – മനസ്സല്ല, പിന്നെ ശോകവും മോഹവും എനിക്ക് എവിടെനിന്നും ഉണ്ടാകുന്നു. ഞാന്‍ കര്‍മ്മമല്ല, ഞാനല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നത്, പിന്നെ എനിക്ക് എവിടെയാണ് കര്‍മ്മപാശങ്ങളായ ബന്ധവും മോക്ഷവും ഉണ്ടാകുന്നത്. ഇങ്ങനെയുള്ള മാനസികനിലയിലെത്തിയിട്ടുള്ളവരാണ് യഥാര്‍ത്ഥ ബ്രഹ്മജ്ഞാനികള്‍. അവരാണ് ബ്രഹ്മാനന്ദം അനുഭവിച്ചിട്ടുള്ളവര്‍. അങ്ങനെയുള്ളവരെയാണ് ബ്രഹ്മവര്‍ച്ചിസ്സുകള്‍ എന്ന് സംബോധന ചെയ്യുന്നത്.
സോമദാസ്