Monday 17 March 2014

അറിവ്

അയാൾ മല കയറുകയാണ്.
മലയുടെ നെറുകയിൽ എത്താറായി.
പാതയരികിൽ കണ്ട തണലിൽ വിശ്രമിക്കാം എന്നു കരുതി.
പെട്ടെന്ന് ഒരു കൂർത്ത കല്ലിൽ തട്ടി കാൽ മുറിഞ്ഞു; രക്തം ഒഴുകി.
വേദനയോടെ അയാൾ ഒരു പാറമേൽ ഇരുന്നു.
വേദന കുറയുന്നില്ല.
എന്നാലും വേദനയോടെ അയാൾ മലമുകളിലേക്ക് കയറിപ്പോയി.
മറ്റൊരാൾ ആ വഴിയേ വന്നു.
അത്ഭുതം, അയാളുടെ കാലിലും ആ കല്ല് തട്ടി. മുറിഞ്ഞു. രക്തം ഒഴുകി.
വേദനയോടെ അയാൾ ചുറ്റും നോക്കി.
അടുത്ത് ഒരു ചെടി നിൽക്കുന്നു.
അത് ദിവ്യൗഷധമാണെന്ന് അയാൾക്ക് അറിയാമായിരുന്നു.
അതിന്റെ ഇല പിഴിഞ്ഞ് കാലിൽ പുരട്ടി.
വേദനയും രക്തസ്രാവവും ശമിച്ചു.
സന്തോഷത്തോടെ അയാൾ മുകളിലേക്ക് നടന്നു.
ആദ്യത്തെ ആൾ വന്നപ്പോഴും ആ ചെടി അയാളെ തൊട്ടുരുമി നിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിന്റെ ‘ദിവ്യത്വം’ അയാൾക്ക് അറിയില്ലായിരുന്നു.
അഹോ!! അറിവിന്റെ മഹത്വം.

സോമദാസ്

Thursday 13 March 2014

ഗുരുദക്ഷിണ

ഗുരു സന്നിധിയിൽ ശിഷ്യൻ എത്തി.

ശിഷ്യൻ :- “ഞാൻ വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും എല്ലാം പഠിച്ചു. ഇനി എനിക്ക് ‘ബ്രഹ്മജ്ഞാനം’ ലഭിക്കണം.“

ഗുരു :- “അതിനു മുൻപ് നീ എനിക്ക് ഗുരുദക്ഷിണ നൽകണം.”

ശിഷ്യൻ :- “ഗുരു ദക്ഷിണ അവസാനം എന്നാണ് വിധി."

ഗുരു :- “പറ്റില്ല, ഇതിനു ഗുരുദക്ഷിണ മുന്നാലേ തരണം. ‘ബ്രഹ്മജ്ഞാനം’ ലഭിച്ചാൽ നീയും ഞാനും ഇല്ലാതാകും.”

 സോമദാസ്

Monday 10 March 2014

ഉള്ളിവടയിലെ ഉള്ളി

ഗൾഫിലെ ഒരു മലയാളി ഹോട്ടൽ.
മസാല ദോശ, ഇഡ്ഡലി, ഉഴുന്നുവട, ഉള്ളിവട തുടങ്ങി എല്ലാം പേരുകേട്ടവ.
ഇന്ത്യക്കാരുടേയും, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയവരുടേയും വലിയ തിരക്കാണ് എപ്പോഴും.
ഒരു മലയാളി കടയിൽ കയറി.
ഉള്ളിവട വാങ്ങിത്തിന്നു.
പകുതി തിന്നപ്പോൾ അതിനുള്ളിൽ ഒരു പാറ്റ മൊരിഞ്ഞിരിക്കുന്നു.
അയാൾ കയർത്തു.
“ഇത് ഇപ്പോൾ ഞാൻ റിപ്പോർട്ട് ചെയ്യും. ഈ കട ഞാൻ പൂട്ടിക്കും.”
മലയാളി മാനേജർ വന്നു നോക്കി.
പാറ്റയെ എടുത്തു.
“ഓ! ഇതാണോ? ഇത് ഉള്ളിയുടെ ഒരു ഭാഗമല്ലേ?”
അയാൾ അത് വായിലിട്ട് ചവച്ചിറക്കി.
“ഇദ്ദേഹത്തിന് ഒരു ഉഴുന്നുവട കൊടുക്ക്.”
മാനേജർ നിർദ്ദേശിച്ചു.
സോമദാസ്

Saturday 8 March 2014

മനസ്സെന്ന വില്ലൻ!

ഒരു കാർ വാങ്ങണമെന്ന ആഗ്രഹവുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവസാനം ഒരുനാൾ വാങ്ങാനങ്ങു നിശ്ചയിച്ചു. അന്വേഷിച്ചപ്പോൾ, പുതിയതാണ് പറ്റിയത് എന്ന് തോന്നി. നല്ല ഒരു സെക്കൻഹാൻഡ് കാർ വാങ്ങണമെങ്കിൽ ഒരു 30,000 റിയാൽ എങ്കിലും കയ്യിൽ വേണം. പുതിയതിന് ആ പ്രശ്നമില്ല. കമ്പനിയിൽ നിന്നൊരു പേപ്പർ, പഴയ ഒരു ഇലക്ട്രിസിറ്റി ബില്ല്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി ചെന്നാൽ ഒന്നും കൊടുക്കാതെ ഒരു വണ്ടിയുമായി തിരികെ പോരാം. അങ്ങനെ ഞാനും പുതിയ ഒരു കാർ വാങ്ങി.

കാറ് സ്വന്തമായിക്കഴിഞ്ഞപ്പോഴാണ് കാറുള്ളതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. പാർക്കിംഗിന് ഇടം കിട്ടുന്നതിനേക്കാൾ എളുപ്പമാണ് ലോട്ടറി അടിക്കാൻ എന്ന് തോന്നിത്തുടങ്ങി. വലുതും ചെറുതും വിലകൂടിയതും വില കുറഞ്ഞതുമായ കാറുകൾ റോഡ് സൈഡിൽ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നു. അരമണിക്കൂർ ഫ്ലാറ്റിനു ചുറ്റും കാറുമായി കറങ്ങുമ്പോൾ ആയിരിക്കും എവിടെയെങ്കിലും ഒരിടം കിട്ടുക. അവിടെ കുത്തിക്കയറ്റിയിട്ടിട്ട് തിരിച്ച് എടുക്കാൻ ചെല്ലുമ്പോൾ ചളുക്കവും ഉരസലും മറ്റ് കേടുപാടുകളുമില്ലെങ്കിൽ ഭാഗ്യം! ഇങ്ങനെ കഴിഞ്ഞുപോകുമ്പോഴാണ് കുറച്ച് ദൂരെ ഒരു മൈതാനം ശ്രദ്ധയിൽ പെട്ടത്. അവിടെ പാർക്കിംഗിന് ഇടം കിട്ടും. കാറിന് വലിയ പരിക്കുകളും ഉണ്ടാകില്ല. ഒരു അര കിലോമീറ്റർ നടക്കണമെന്നതേയുള്ളു പ്രശ്നം. ആ നടത്തം ഒരു എക്സർസൈസ് ആയി എടുത്തതോടെ പാർക്കിംഗ് പ്രശ്നം പരിഹരിച്ചു.

ഒരു ദിവസം പതിവുപോലെ രാവിലെ മൈതാനത്തു ചെന്നപ്പോൾ കാറിനടുത്ത് ഒരാൾ നിൽക്കുന്നു. ചുവപ്പ് ടീഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ. ദൂരെ നിന്നു തന്നെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞു. ഞാൻ അടുത്തെത്തിയപ്പോഴേക്കും അയാൾ ദൂരേയ്ക്ക് നടന്നു മറഞ്ഞു. പെട്ടന്ന് തന്നെ ഞാൻ അതു ശ്രദ്ധിച്ചു. കാറിനു പുറകിൽ “HYUNDAI" എന്ന് എഴുതിയിരുന്നതിൽ “H“ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം ആരോ കുത്തിയെടുത്തോണ്ട് പോയി. ഞാൻ ആ ചെറുപ്പക്കാരൻ നടന്നുനീങ്ങിയിടത്തേക്ക് കുറച്ചു ദൂരം പോയി നോക്കി. അവിടെയെങ്ങും അയാളുടെ പൊടിപോലും കണ്ടില്ല. അക്ഷരങ്ങൾ പോയതോ പോകട്ടെ, കുത്തിയെടുക്കുന്നതിനിടയിൽ പല ഇടങ്ങളിലെ പെയിന്റും ഇളകിയിരിക്കുന്നു. എനിക്ക് ദേഷ്യവും വിഷമവും ഒരു പോലെ വന്നു. ആ ചുവപ്പു ഷർട്ടുകാരൻ തന്നെയാണ് അത് ചെയ്തതെന്ന് ഞാൻ തീർച്ചപ്പെടുത്തി. അവനെ കയ്യിൽ കിട്ടിയാൽ കൈ തല്ലി ഒടിക്കുകയാണ് വേണ്ടത് എന്ന് മനസ്സിൽ കരുതി ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു.

അന്ന് മുഴുവനും Yഉം Uഉം Nഉം Dഉം Aഉം Iഉം ഒക്കെ എന്റെ മനസ്സിൽ നൃത്തം വച്ചുകൊണ്ടിരുന്നു. തട്ടും മുട്ടും ഒന്നും കൂടാതെ വളരെ സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന വണ്ടി. എന്നിട്ടും...

ഏതോ ഒരു സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ്ഗ് ആയിരുന്നു മനസ്സ് നിറയെ.
“കലിപ്പ് തീരണില്ലല്ലോ!!“

പിറ്റേന്ന്,  ബാക്കിയുള്ള “H“ അവിടെയുണ്ടാകുമോ എന്ന് ചിന്തിച്ചാണ് ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് ചെന്നത്. ആ ചുവപ്പ് ഷർട്ടുകാരൻ അതാ മറ്റൊരു വണ്ടിയുടെ പുറകിൽ നിൽക്കുന്നു. മുഖം കണ്ടില്ല. എങ്കിലും അയാളാണതെന്ന് ഞാൻ ഉറപ്പിച്ചു. ഇന്ത്യൻ പട്ടാളക്കാർ പാകിസ്ഥാൻ ബോർഡറിലേക്ക് ആക്രമണത്തിനു പോകുന്നതുപോലെ കുനിഞ്ഞും നിരങ്ങിയും ഞാൻ പതുക്കെ അയാളുടെ പുറകിലെത്തി. കയ്യെത്തുന്ന ദൂരത്ത് ആളെ കണ്ടപ്പോഴേക്കും എന്റെ ശരീരം കോപം കൊണ്ട് വിറച്ചു. ഞാൻ ശക്തിയായി അയാളുടെ ചുമലിൽ പിടിച്ചു.

“അയ്യോ... Sorry.. I'm really sorry. Wrong person. I thought somebody else.." ഞാൻ പറഞ്ഞു.

അയാൾ രൂക്ഷമായി എന്നെ നോക്കുമ്പോഴേക്കും ഞാൻ എന്റെ വണ്ടിയുടെ അടുത്തെത്തി. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ആളുമാറിപ്പോയി. എന്തായാലും തല്ലുകൊള്ളാതെ രക്ഷപെട്ടു. ഡ്രൈവ് ചെയ്യുമ്പോൾ ആ സംഭവമായിരുന്നു മനസ്സ് നിറയെ. കോപം വന്നാൽ കണ്ണു കാണില്ല എന്ന് പലരും പറയാറുള്ളത് വെറുതെയാണെന്ന് എനിക്കു തോന്നി. സെക്കന്റിന്റെ ഒരംശത്തിനുള്ളിൽ എന്റെ കോപം ദൈന്യതയായും പിന്നീട് ചിരിയായും മാറിയത് ഞാൻ അനുഭവിച്ചതാണ്. കോപം വരുമ്പോൾ, തെറ്റായ കാര്യത്തിനോ അതല്ലെങ്കിൽ ഒരു കാര്യവുമില്ലാതെയോ ആണ് താൻ കോപിക്കുന്നത് എന്ന് ഒരാൾ തന്റെ മനസ്സിനെ ബോദ്ധ്യപ്പെടുത്തിയാൽ കോപിക്കുന്നതിൽ നിന്നും മനസ്സ് വളരെ പെട്ടന്ന് പിന്മാറുക തന്നെ ചെയ്യും എന്ന് എനിക്ക് ബോദ്ധ്യമായി. കോപത്തെ അടക്കാൻ പലരും പറയുന്നത്ര പ്രയാസമൊന്നും ഉള്ളതായി എനിക്ക് തോന്നിയില്ല.

കോപം വന്നപ്പോൾ, എന്റെ അക്ഷരങ്ങൾ അടിച്ചുമാറ്റിക്കൊണ്ടുപോയവന്റെ കൈ തല്ലി ഒടിക്കണമെന്ന് ഞാൻ ചിന്തിച്ചു. ഭാരതീയ ചിന്താധാര അനുസരിച്ച് മനസ്സാണ് കർമ്മം ചെയ്യുന്നത്, ശരീരമല്ല! ഒരാൾ തന്റെ ഭാര്യയെയും മകളെയും ആലിംഗനം ചെയ്യുമ്പോൾ ആലിംഗനം ചെയ്യുന്ന രീതിക്കോ ആലിംഗനം ചെയ്യുന്ന കയ്കൾക്കോ വ്യത്യാസമില്ലെങ്കിൽ പോലും രണ്ടും വ്യത്യസ്തമായിരിക്കുന്നതിനു കാരണം മനസ്സ് ചെയ്യുന്ന കർമ്മങ്ങളുടെ വ്യത്യാസം മൂലമാണ്. അതായത്, കോപം മൂലം ഞാൻ അയാളുടെ കൈ തല്ലിയൊടിക്കണമെന്ന് ചിന്തിച്ചപ്പോൾ തന്നെ ആ കർമ്മം മനസ്സിൽ ചെയ്തു കഴിഞ്ഞു. മനസ്സിൽ ചെയ്തു കഴിഞ്ഞ കർമ്മം ശരീരം അനുവർത്തിച്ചില്ലെങ്കിൽ അത് വാസനയായി മാറും. അതായത്, ഇനി എന്നെങ്കിലും ഇതുപോലെയുള്ള ഒരു സന്ദർഭം വരുമ്പോൾ എന്റെ മനസ്സ് എന്റെ ശരീരത്തിലൂടെ ആ കർമ്മം ആരുടെ മേലെങ്കിലും ചെയ്യാൻ ശ്രമിക്കും. ചുരുക്കം പറഞ്ഞാൽ ആകെ പ്രശ്നമാണ്. ടിപി വധക്കേസിൽ പെട്ടവരുടെ ശിക്ഷ ഇളവു ചെയ്തു എന്ന് കേട്ട് അവരെയും ടിപിയെ കൊന്നതുപോലെ കൊല്ലണമായിരുന്നുവെന്ന് ഞാൻ മനസ്സിൽ കരുതി. അതായത് മനസ്സുകൊണ്ട് ഞാൻ ഒരു കൊലപാതകി ആയിക്കഴിഞ്ഞു. ഇനി തരം കിട്ടിയാൽ ശരീരം അത് നിർവ്വഹിക്കുകയേ വേണ്ടൂ. “മനസ്സേ, നീയാണ് ശരിയായ വില്ലൻ!!!“

Saturday 1 March 2014

കുന്നിക്കുരു - 15


സന്മാർഗ്ഗേണ സമാർജിച്ച
ധനം ഉത്തമമാണുകേൾ
മറിച്ചുള്ള ധനസമ്പാദ്യം
അനർത്ഥം തന്നു പോയിടും.
ആർജിച്ച സമ്പത്തിന്റെ
ഒരുഭാഗം നീക്കി വക്കണം
സാധുജന നന്മക്കായ്
അതാണു ദേവമാർഗ്ഗവും.
വൃദ്ധരായുള്ള മാതാ-
പിതാക്കളെയുമൊന്നുപോൽ
സംരക്ഷിച്ചീടുന്നതത്രേ
പുത്രധർമ്മമതെന്നുകേൾ.
സത്യധർമ്മാദി വിദ്യകൾ
താനാർജിച്ച കണക്കിനെ
സന്താനങ്ങൾക്കു നൽകേണം
പിതൃധർമ്മമതാണെടോ.
പുത്രർക്കു നല്ല മാർഗ്ഗങ്ങൾ
ഉപദേശിച്ചു കൊടുപ്പതും
പിതാവിൻ കടമയാണെന്നു
ചൊല്ലുന്നു ധർമ്മസംഹിത.
പുത്രർ കുടുംബസ്ഥരായാൽ
പിതാക്കൾ തൻ കടമകൾ
പൂർത്തിയായെന്നു കല്പിപ്പൂ
ശാന്തമായിതു ജീവിതം.
തൻ പിതാക്കളെ താൻ നന്നായ്
സംരക്ഷിച്ച അതേ വിധം
തങ്ങളെ കാത്തു നോക്കുന്ന
പുത്രന്മാർ ശ്രേഷ്ഠരാണുകേൾ.
ലൗകികത്തിലുള്ള സമ്പാദ്യം
ലൗകികത്തിലെ ആശയും
ഒക്കെയും തീർത്തു വാഴേണം
കാലം വാർദ്ധക്യമെന്നതും.
ദൈവവിശ്വാസവും പിന്നെ
സത്സംഗപ്പരിരക്ഷയും
ശാന്തമായോരു വാർദ്ധക്യം
ശാന്തമായി നയിച്ചിടാം.
സോമദാസ്