Monday 28 October 2013

കളക്ടർ

അഭ്യസ്തവിദ്യരായ അനേകം യുവാക്കൾ ഉള്ള നാടാണു കേരളം. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ബിരുദധാരികളേയും ബിരുദാനന്തര ബിരുദധാരികളേയും സുലഭമായി കാണാം. എല്ലാ മേഖലയിലും അൻപതുവർഷം മുൻപുള്ള സാമൂഹ്യക്രമത്തിൽ നിന്നും, സമൂഹത്തിന്റെ ജീവിതവീക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിയിലാണ് കേരളീയജനത എത്തിപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ നാലിലൊരുഭാഗം സമയംകൊണ്ടുതന്നെ വിദ്യാഭ്യാസവും ജീവനോപാധിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് ജനങ്ങൾ. അതിന്റെ പരക്കം പാച്ചിലിൽ ഉന്നതമൂല്യങ്ങൾക്കും സദാചാരബോധത്തിനും ഒരു വിലയും കല്പിക്കാതെയുള്ള പിടിച്ചടക്കത്തിന്റെ ലോകത്താണ് എല്ലാവരും. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ഉന്നതസ്ഥാനലബ്ധിയേക്കാൾ ധനസമ്പാദനത്തിന് നൽകിയിരിക്കുന്നു. സമ്പത്ത് എങ്ങനെയുണ്ടാക്കുന്നുവെന്നതിനേക്കാൾ എത്രത്തോളം ഉണ്ടാക്കുന്നു എന്നുള്ളതിനാണ് ഇന്ന് പ്രഥമസ്ഥാനം നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനമേ വിദ്യാഭ്യാസത്തിനു നൽകിയിട്ടുള്ളു. എന്നിരുന്നാലും വിദ്യാഭ്യാസചിന്ത കൂടുതലായി സമൂഹത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു സവിശേഷതയാണ്.

സാധാരണയായി എല്ലാംകൊണ്ടും തന്നെക്കാൾ അല്പം താഴ്ന്നു നിൽക്കുന്നവരെയാണ് കൂടുതൽ പേരും അടുത്തു സഹകരിക്കാൻ തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ളവർ ഏതെങ്കിലും മേഖലയിൽ തന്നെ കടന്നുപോയാൽ അവരുമായുള്ള സഹകരണം കുറയ്ക്കാൻ തുടങ്ങും. അവരുടെ ഉയർച്ച തുടർന്നുകൊണ്ടിരുന്നാൽ അവരുമായുള്ള അകൽച്ച കൂടുകയും അവസാനം അവരെ ശത്രുഭാവത്തിൽ കാണുന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യും. ഇത് സാമാന്യമായി മനുഷ്യസമൂഹത്തിൽ കാണപ്പെടുന്ന ഒരു അനിഷേധ്യ വസ്തുതയാണ്. ഇത് ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടോ എന്നറിയില്ല. അത്തരമൊരു സംഭവത്തെപ്പറ്റി ഞാൻ ഓർക്കുകയാണ്.

എന്റെ ഗ്രാമത്തിൽ ധാരാളം യുവാക്കൾ ഉന്നത വിദ്യാഭ്യാസം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. അവരിൽ ഒരാളാണ് ‘വിദ്യാസാഗർ’. സൽ‌സ്വഭാവിയും പരസഹായ  മനോഭാവവും സത്സംഗസ്വഭാവവും ഉള്ള അയാൾ ഒരു ജോലിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്നു. നാട്ടിൽ പലർക്കും സർക്കാരുദ്യോഗം എന്ന നിധികുംഭം ലഭിച്ചുവെങ്കിലും സാഗറിനെ ഭാഗ്യം കടാക്ഷിച്ചില്ല. തൊട്ടടുത്തവീട്ടിലെ ഏകദേശം സമപ്രായക്കാരായ രണ്ടുപേർക്ക് ജോലി കിട്ടി. അവർ ഒറ്റ വീടുപോലെ കഴിഞ്ഞവർ. അവരുടെ അമ്മ സാഗറിനെ എവിടെവച്ചു കണ്ടാലും ജോലിതരമായോ എന്ന് അന്വേഷിക്കുകയും കിട്ടാത്തതിൽ ദുഃഖം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. താലൂക്കാഫീസിലും പഞ്ചായത്തിലും ജോലിയുള്ള തന്റെ മക്കളോടുപറഞ്ഞാൽ അവർ ശരിയാക്കിത്തരും എന്ന് കൂടെക്കൂടെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. വഴിയിൽ വച്ചുകണ്ടാലും വിവാഹസ്ഥലത്തുകണ്ടാലും മരണവീട്ടിൽ കണ്ടാലും ആളുകളുടെ സാന്നിധ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. രാവിലെ കണ്ട് ചോദിച്ചശേഷം വൈകുന്നേരം കാണുമ്പോഴും ചോദ്യം ആവർത്തിക്കും. ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ലെങ്കിലും അത് അസഹ്യമായപ്പോൾ ഇതിനൊരു പ്രതിവിധി കാണണമെന്ന് സാഗറിനു തോന്നി.

ഒരു ദിവസം ഒരു വിവാഹവീട്ടിൽ വച്ച് പതിവുപോലെ ഇത് ആവർത്തിച്ചു. സാഗർ ഉടനെ മറുപടി പറഞ്ഞു.

“അമ്മയുടെ പ്രാർത്ഥനകൊണ്ട് എനിക്ക് ജോലി കിട്ടി.”

അത്ഭുതത്തോടെ അവർ ചോദിച്ചു.
“എവിടെയാണ് ജോലി?”
“കൊല്ലത്താണ്.”
“എന്റെ മക്കടെപോലെ നല്ല ജോലിയാണോ?”
“അതേ. നല്ല ജോലിയാണ്.”
“ഏത് ഓഫീസിലാണ്?”
“കളക്ട്രേറ്റിൽ.”
“കളക്ട്രേറ്റിൽ എന്തുജോലിയാണ്?”
“കളക്ടറാണ്!“

അവർ കുറച്ചുസമയം മിണ്ടാതെ നിന്നു. പിന്നീട് ഒന്നും പറയാതെ നടന്നുനീങ്ങി. ശേഷം സാഗറിനെ കാണുമ്പോൾ അവർ ഒഴിഞ്ഞുമാറാൻ തുടങ്ങി. പിന്നീടൊരിക്കലും ജോലിയെപ്പറ്റി ചോദിക്കുകയോ ഒരു സഹകരണവും ഉണ്ടാകുകയോ ചെയ്തിട്ടില്ല.

“യഥാർത്ഥസ്നേഹം ആപേക്ഷികമല്ല.”

സോമദാസ്

Sunday 20 October 2013

കുന്നിക്കുരു - 9

ധനഭക്തൻ ഭജിക്കുന്നു
ഭഗവാനെ ധനത്തിനായ്
ദൈവഭക്തൻ ഭജിക്കുന്നു
ജ്ഞാനസമ്പാദനത്തിന്.
 എത്രയോ തവണ നമ്മൾ
വന്നുപോയവരെങ്കിലും
ലോകത്തിലിപ്പോഴാദ്യം
വന്നതെന്നാണു ധാരണം.
 മനസ്സിനെ മദിപ്പിച്ചു
മറപ്പിക്കും പ്രകൃതിതൻ
മായയിൽ തുള്ളിയാടുന്ന
പാവതാൻ നമ്മളേവരും.
 വെറുതേ കിട്ടുന്നതല്ല
ഭാഗ്യമെന്ന മഹാനിധി
പലനാൾ ചെയ്തപുണ്യത്തിൻ
ഫലമാണെന്നതോർക്കണം.
 പുറമേയുള്ള ലോകത്തിൽ
സുഖം തേടുന്നു മാനുഷർ
അകത്തുള്ള സുഖം തെല്ലും
അറിയാത്തവരാകയാൽ.
 ഞാനെന്നും എനിക്കെന്നും
എന്റേതെന്നിവയൊക്കെയും
അകലെപ്പോയ്, തെളിയേണം
ആകെ ഞാനെന്ന ഭാവന.
 പലകാര്യങ്ങൾ സാധിക്കാൻ
ഓടുന്നു കാലമത്രയും
ഓട്ടം നിർത്തണമെന്നാകിൽ
ആഗ്രഹങ്ങൾ ത്യജിക്കണം.
 ഉള്ളിലായുള്ള ആനന്ദം
അറിഞ്ഞീടാതെ സർവ്വരും
സുഖത്തെ യാചിച്ചീടുന്നു
ധനവാൻ യാചകനോടെന്നപോൽ.
 ഞാനെന്ന ഭാവം ഉള്ളിൽ
സൂക്ഷിച്ചീടുവതെങ്കിലോ
എല്ലാം ഞാനെന്ന ഭാവത്തെ
കാണണം ശ്രേഷ്ഠമാമത്.
 അറിവില്ലാ ജനത്തിന്
അറിവുണ്ടാകുന്നതെന്നപോൽ
അറിവുള്ള ജനങ്ങൾ തൻ
ജീവിതം മാതൃകയാക്കണം.
 സോമദാസ്

Monday 7 October 2013

അമ്മ പറഞ്ഞ കഥ

ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവകളുടെ പ്രളയകാലമാണല്ലൊ. ഇന്ന് കുഞ്ഞുങ്ങൾ മൂന്നുവയസ്സുമുതൽ ഇവയുമായുള്ള സമ്പർക്കം തുടങ്ങുന്നു. ഇപ്പോഴത്തെ വൃദ്ധജനങ്ങളിൽ കൂടുതൽ പേരും പുതിയ സാങ്കേതികവിദ്യകൾക്ക് പുറത്താണ്. ഇതുപോലെ ഇപ്പോഴത്തെ ബാലതാരങ്ങൾ വൃദ്ധരാകുമ്പോൾ അന്നത്തെ പുതുജന്മങ്ങളേക്കാൾ പലതിലും പിന്നിലായിരിക്കും. റോക്കറ്റ് വേഗത്തിലാണ് ശാസ്ത്രപുരോഗതി. എന്നാൽ ഇന്നത്തെ പുതുതലമുറയ്ക്ക് നഷ്ടപ്പെട്ട ഒന്നുണ്ട്. അമ്മക്കഥകളും അമ്മൂമ്മക്കഥകളും. അതിനുസമമായി പകരം വക്കാൻ ഇന്നേവരെയും ഒന്നുംതന്നെ കമ്പോളത്തിൽ കിട്ടുന്നുമില്ല.

ഇന്ന് കുട്ടികളുടെ കളിപ്പാട്ടം മുതൽ തുടങ്ങുന്നു ഇലക്ട്രോണിസം. പണ്ടുകാലത്ത് ഓലക്കാലുകൊണ്ടും ചെടികളുടെ ഇലകൾ കൊണ്ടും വെള്ളക്ക കൊണ്ടുമുള്ള കളിപ്പാട്ടങ്ങളായിരുന്നു കുഞ്ഞുങ്ങളുടെ കൂട്ടുകാർ. അതുണ്ടാക്കാനാവശ്യമുള്ള വസ്തുക്കളുടെ ശേഖരണം മുതൽ നിർമ്മാണം വരെ എല്ലാതലത്തിലുമുള്ളവരുമായും കുട്ടികൾ ബന്ധപ്പെടുന്നു. ഈ കൂട്ടുചേർന്നുള്ള സംരംഭത്തിൽ അവർ പല ജീവിതസാഹചര്യങ്ങളേയും അഭിമുഖീകരിക്കുകയും അതിനെ തരണം ചെയ്യുന്നതിനുള്ള സഹകരണവും മാനസിക തയ്യാറെടുപ്പും ആർജിക്കുകയും ചെയ്യുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വിച്ചുകൾ അമർത്തിയാൽ മതി എന്തുതരം കളിപ്പാട്ടങ്ങളും അവന്റെ മുന്നിൽ കാണാം. സ്വിച്ചമർത്തി അതുകൊണ്ടവർ കളിച്ചുകൊള്ളും. അതിന് കൂട്ടുകാർ ആരും വേണ്ട. അതിനാൽ മാനുഷികമൂല്യങ്ങൾ അവർ അറിയുന്നില്ല. കാർട്ടൂൺ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഉച്ചത്തിൽ അതും വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന ഒരു മൂന്നുവയസ്സുകാരനെ ഞാൻ ഓർക്കുന്നു. അവൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും കാർട്ടൂൺ ഭാഷ ആയിരുന്നു.

എന്റെ കുട്ടിക്കാലത്തെപ്പറ്റി ഞാൻ ഓർക്കുന്നു. രാത്രിയിൽ അത്താഴം കഴിഞ്ഞ് ഞങ്ങൾ എല്ലാപേരും അമ്മക്കു ചുറ്റും കൂടും. മിക്കവാറും ദിവസങ്ങളിൽ അമ്മ നല്ല നല്ല കഥകൾ പറയും. അതുകേട്ട് അമ്മയുടെ മടിയിൽ കിടന്ന് ഞാനുറങ്ങിയിട്ടുണ്ട്. എല്ലാം ഗുണപാഠകഥകൾ. പലതും കേട്ടാൽ കരഞ്ഞുപോകും. ആ കഥകൾ മിക്കതും ഓർമ്മയുള്ള കാലം വരെ നിലനിൽക്കുന്നതാണ്. കഥകളിലെ ഓരോ സംഭവവും എന്നെക്കൂടി ബന്ധപ്പെടുത്തുന്നു എന്നെനിക്ക് തോന്നിയിരുന്നു.

ഒരു ദിവസം അമ്മ പറഞ്ഞ കഥ ഇങ്ങനെ: നിർധനരായ ഒരു കുടുംബം. അമ്മയും മകനും മാത്രം. അച്ഛൻ മരിച്ചു പോയി. സമ്പന്ന വീടുകളിൽ ജോലി ചെയ്ത് ആ അമ്മ മകനെ വളർത്തുന്നു. സമ്പന്നവീട്ടിലെ കുട്ടിയും ഈ കുട്ടിയും ഒന്നിച്ചാണ് പഠിക്കുന്നത്. വിലകൂടിയതും പുതിയതുമായ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളെ കാണുമ്പോൾ പാവം കുട്ടി കൊതിക്കും തനിക്കും അച്ഛനുണ്ടായിരുന്നെങ്കിലെന്ന്. ഒരു ദിവസം അമ്മ ജോലി ചെയ്യുന്ന വീട്ടിലേക്ക് കുട്ടിയും പോയി. അവിടുത്തെ മേശപ്പുറത്ത് നാണയത്തുട്ടുകൾ അടുക്കി വച്ചിരിക്കുന്നത് അവൻ കണ്ടു. ഏറ്റവും മുകളിൽ ഇരുന്ന ഒരു ചക്രം അവൻ എടുത്തു. വീട്ടിൽ വന്നപ്പോൾ അത് സന്തോഷത്തോടെ അമ്മയെ കാണിച്ചു. വഴിയിൽ നിന്നും കിട്ടിയതാണെന്നു പറഞ്ഞു. ആ പണംകൊണ്ട് ചീനി വാങ്ങിപ്പുഴുങ്ങിത്തിന്നാം എന്നവൻ പറഞ്ഞു. ചീനി പുഴുങ്ങി രണ്ടുപേരും കൂടി തിന്നാനിരുന്നു. കുട്ടിയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കവും ഉത്സാഹവും സന്തോഷവും. ഒരു കഷണം ചീനി വായിൽ വച്ചപ്പോൾ വല്ലാത്ത കയ്പ്. അവന്റെ എല്ലാ സന്തോഷവും പോയി. ഒന്നും തിന്നാൻ കഴിഞ്ഞില്ല. അവൻ ചോദിച്ചു.

“എന്താണമ്മേ ഇതു കയ്ക്കുന്നത്?”

“‘കട്ടാൽ കയ്ക്കും‘ എന്നൊരു ചൊല്ലുണ്ട്. മോൻ ഈ ചക്രം കട്ടതാണോ?”

അമ്മയുടെ ചോദ്യം കേട്ട് അവൻ മ്ലാനമായി തലകുനിച്ചിരുന്നു.

ഒരു മണിക്കൂറെടുത്ത് അമ്മയുടെ വിശദീകരിച്ചുള്ള ഈ കഥ കേട്ട് ഞാൻ കരഞ്ഞുപോയി. അന്ന് ഉറങ്ങിയിട്ടും കഥയിലെ  ചിലവാക്കുകൾ ഞാൻ പറഞ്ഞതായി അമ്മ പറയുമായിരുന്നു. ഇപ്പോഴും അമ്മ പറഞ്ഞ കഥകൾ എന്റെ അന്തർധാരയിൽ മുഴങ്ങുന്നുണ്ട്.

സോമദാസ്

കൗൺസിലിംഗ്

"ചേട്ടാ, ഇങ്ങോട്ടൊന്ന് പെട്ടെന്ന് വന്നേ..”

അകത്തുനിന്നും ഭാര്യയാണ്. കുറച്ചു നേരമായി തട്ടും മുട്ടും തുടങ്ങിയിട്ട്. സമാധാനത്തോടെ ഈ ക്രിക്കറ്റുകളി കാണാൻ അവൾ സമ്മതിക്കില്ല. എന്തായാലും പോയി നോക്കാം. ഞാൻ അകത്തേക്ക് ചെന്നു.

കിടപ്പുമുറി ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്നു. അച്ഛൻ തറയിൽ കിടന്ന് അലമാരിയുടെ അടിയിലേക്ക് ടോർച്ച് അടിച്ചുനോക്കുന്നു. അമ്മ ചൂലുകൊണ്ട് കട്ടിലിന്റെ അടിയിൽ തൂക്കുന്നു. അവൾ പുതപ്പുകൾ എടുത്ത് കുടയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ മകൻ കട്ടിലിലിരുന്ന് കളിക്കുന്നു.

എന്താ, എന്തുപറ്റി? ഞാൻ ചോദിച്ചു.

“അവന്റെ കയ്യിൽ ഇട്ടിരുന്ന ചെയിൻ കാണുന്നില്ല.”

രണ്ടു പവനുള്ള ചെയിനാണ്. അതിട്ടുകൊടുത്തപ്പോഴേ ഞാൻ പറഞ്ഞതാ പിള്ളാർക്ക് ഇത്രയും വിലയുള്ളതൊന്നും ഇടരുതെന്ന്. ആരു കേൾക്കാൻ.

“എപ്പോഴാ പോയതെന്നറിയാമോ?” ഞാൻ ചോദിച്ചു.

“രണ്ടു ദിവസം മുൻപ് അത് കയ്യിൽ കിടന്നത് ഞാൻ കണ്ടതാ. അന്നേ ഞാൻ പറഞ്ഞു അതു അല്പം അയഞ്ഞു കിടക്കുകയാണെന്ന്.“ അമ്മയാണ് അത് പറഞ്ഞത്.

ഈ രണ്ടു ദിവസത്തിനിടയ്ക്ക് അവൻ പോകാത്ത സ്ഥലങ്ങളില്ല. പറമ്പിലെല്ലാം ഓടിക്കളിച്ചിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴും അവനെ കൊണ്ടുപോയിരുന്നു. എവിടെ വച്ചാണ് പോയതെന്ന് ആർക്കും ഒരു രൂപവുമില്ല. പറമ്പിലും വീടിനുള്ളിലുമെല്ലാം ഞങ്ങൾ തിരഞ്ഞു. എല്ലാവർക്കും ഭയങ്കര വിഷമം. ഓരോരുത്തരും അവരവരുടെ അശ്രദ്ധയെച്ചൊല്ലി വിലപിക്കുന്നു. ആകപ്പാടെ അസ്വസ്ഥമായ വീട്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.

“ഇനി തിരഞ്ഞിട്ട് കാര്യമില്ല. ഇവിടെ അടുത്തൊരു ജ്യോത്സ്യനുണ്ട്. അദ്ദേഹത്തെ പോയൊന്നു കാണാം. പലരുടേയും കളവു പോയ സാധനങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.”

എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. എങ്കിലും കൂടെ പോയി. സംഭവം കേട്ടിട്ട് ജ്യോത്സ്യൻ ഒരു പലക എടുത്തുവച്ചു. പിന്നെ കുറേ കൊച്ചു ശംഖുകളും. അതിട്ട് പലവട്ടം കറക്കി കൂട്ടിയും കുറച്ചും നോക്കിയിട്ട് പറഞ്ഞു.

“സാധനം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. എവിടെയും പോയിട്ടില്ല. പക്ഷേ നിങ്ങൾക്ക് അത് കിട്ടാൻ കുറച്ച് താമസമുണ്ട്. ഒന്നും പേടിക്കണ്ട. നിങ്ങളുടെ അലമാരയിൽ അത് ഉണ്ടെന്ന് വിചാരിക്കുക. എത്രനാളായാലും അത് നിങ്ങൾക്ക് തന്നെ കിട്ടിയിരിക്കും.”

അയാൾക്ക് കാശ് കൊടുത്തിട്ട് തിരികെ നടക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തം. വീട്ടിലെത്തി ഈ വിവരം പറഞ്ഞതോടെ വീട് വീണ്ടും പഴയപോലെയായി. ആകപ്പാടെ സന്തോഷം. എല്ലാവരും അവരവരുടെ പ്രവൃത്തികളിൽ മുഴുകി. ചെയിനിനെ പൂർണ്ണമായി മറന്നു.

ഞാൻ ചിന്തിച്ചു! എന്താണ് ഇവിടെ നടന്നത്? രണ്ടു പവന്റെ ഒരു സ്വർണ്ണചെയിൻ കാണുന്നില്ല. വീടും പറമ്പും മുഴുവനും തിരഞ്ഞു. കിട്ടിയില്ല. അതിന്റെ അർത്ഥം അത് നഷ്ടപ്പെട്ടു എന്നു തന്നെയല്ലേ? പക്ഷേ ആ ജ്യോത്സ്യൻ കുറേ ശംഖുകൾ കറക്കി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എന്താണ് ഇവർക്ക് സംഭവിച്ചത്? അത് നഷ്ടപ്പെട്ടതിനെ പ്രതി അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ ദുഃഖം പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു. ഇത്രയും ഭംഗിയായി ഒരു കൗൺസിലിംഗ് നടത്താൻ ഏത് മനഃശാസ്ത്രജ്ഞനാണ് കഴിയുക. ഏത് ആധുനിക ശാസ്ത്രജ്ഞനാണ് ദുഃഖത്തെ ഇത്രയും പെട്ടെന്ന് മനുഷ്യരുടെ മനസ്സിൽ നിന്നും നീക്കാൻ കഴിയുക. ആർക്കും കഴിയുമെന്ന് തോന്നുന്നില്ല!

മരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി ഒരു ജ്യോത്സ്യനെ കണ്ടെന്നു വിചാരിക്കുക. ജ്യോത്സ്യൻ കവടി നിരത്തി പറയുന്നത് ഏകദേശം ഇങ്ങനെയായിരിക്കും. “താങ്കൾക്ക് ഇപ്പോൾ കണ്ടകശനിയാണ്. കുറേ അനുഭവിക്കേണ്ടി വരും. കഷ്ടകാലത്തിന്റെ അങ്ങേയറ്റമാണ്. പക്ഷേ ആറു മാസം കഴിഞ്ഞാൽ പിന്നെ ശുക്രനാണ്. അപ്പോൾ താങ്കളുടെ ദുരിതങ്ങളെല്ലാം മാറും.” ഇത് കേട്ടു കഴിയുമ്പോൾ മരിക്കാൻ നിശ്ചയിച്ച ആളും വിചാരിക്കും; എന്തായാലും ആറു മാസം കൂടി അനുഭവിച്ചാൽ മതിയല്ലോ, അതു കഴിഞ്ഞ് നല്ലകാലമല്ലേ,  ജീവിക്കാമെന്ന്! കുറേ കൊച്ചു ശംഖുകളും ഒരു പലകയും കൊണ്ട് ആ വിദ്വാൻ ചെയ്തതെന്താണ്? ദുഃഖത്തിന് അദ്ദേഹം ഒരു expiry date കൊടുത്തു! അതുകഴിഞ്ഞാലോ? ഒരു ദുഃഖമുണ്ടെങ്കിൽ അതിനു ശേഷം ഒരു സുഖം ഉണ്ടായിരിക്കും. അത് പ്രകൃതി നിയമമാണ്. അതുകൊണ്ടുതന്നെ പല പ്രവചനങ്ങളും സത്യമായി ഭവിക്കുന്നു. ഇത്രയും ഭംഗിയായി ഒരാൾക്ക് ജീവിക്കാനുള്ള ഇച്ഛ പ്രദാനം ചെയ്യാൻ പ്രാപ്തിയുള്ള മറ്റൊരു വിദ്യയുമില്ല എന്ന് എനിക്കു തോന്നി. നമ്മുടെ പൂർവ്വികരുടെ കണ്ടെത്തൽ അതി ഗംഭീരം തന്നെ!!

“യദ് ഭാവഃ തദ് ഭവതി “ എന്നാണ് പറയാറുള്ളത്. എന്താണോ നാം ആഗ്രഹിക്കുന്നത്, അതുതന്നെയാണ് നമുക്ക് സംഭവിക്കുന്നത്. തനിക്ക് നല്ലതേ വരൂ എന്ന് ചിന്തിക്കുന്നവർക്ക് നല്ലത് തന്നെ വന്നു ഭവിക്കുന്നു. തനിക്ക് എന്നും കഷ്ടപ്പാടായിരിക്കും എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെത്തന്നെയായിരിക്കും വന്ന് ഭവിക്കുക. ഇവിടെ ജ്യോത്സ്യൻ ചെയ്തത് നമ്മളെ കൊണ്ട് നല്ലത് വരും എന്ന് ചിന്തിപ്പിക്കുകയാണ്. അങ്ങനെ അടിയുറച്ച് വിശ്വസിച്ച് ജീവിക്കാൻ പ്രചോദിപ്പിക്കുകയാണ്. അതിലൂടെ നമുക്ക് വന്നുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാതെ നമ്മുടെ മനസ്സ് നല്ലതുമാത്രം ശ്രദ്ധിച്ചു തുടങ്ങുന്നു. അപ്പോൾ ജ്യോത്സ്യന്റെ പ്രവചനങ്ങൾ ശരിയായി ഭവിക്കുന്നു. നമുക്കും ശുക്രനുദിക്കുന്നു!!