Thursday 24 April 2014

ജിലേബി!

നാട്ടിൽ നിന്ന് എന്റെ ഒരു സുഹൃത്ത് സൗദിയിലേക്ക് വരുന്നെന്നറിഞ്ഞ് അച്ഛനോട് ചില ആയുർവേദ മരുന്നുകൾ കൊടുത്തുവിടാൻ പറഞ്ഞിരുന്നു. കെട്ട് കിട്ടി. നല്ല ഭാരം. തുറന്നുനോക്കിയപ്പോൾ പറഞ്ഞ മരുന്നുകളെല്ലാം ഉണ്ട്. കൂടെ വലിയ ഒരു കവറ് ജിലേബിയും. കൊല്ലം സുപ്രീമിലെയാണെന്ന് മണം കൊണ്ട് തന്നെ തിരിച്ചറിയാം. നെയ്യിൽ ഉണ്ടാക്കിയത്. നല്ല രുചി. എല്ലാം കൂടി തിന്നാൽ ഷുഗർ പിടിക്കില്ലേ എന്നൊരു സംശയം. തന്നെയുമല്ല നെയ്യിൽ ഉണ്ടാക്കിയതുകൊണ്ട് കൂടുതൽ നാൾ വച്ചിരിക്കാനും കഴിയില്ല. കുറച്ച് ഓഫീസിലെ സുഹൃത്തുക്കൾക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു.

പിറ്റേന്ന് ജിലേബിയുമായി ഓഫീസിലെത്തി. കൂട്ടുകാർക്കെല്ലാം സന്തോഷം. മധുരം ഇഷ്ടമുള്ളവരാണ് ഭൂരിഭാഗവും. കഴിച്ചവരിൽ പലരും വീണ്ടും ചോദിക്കുന്നു. ആരെങ്കിലും ഇനി നാട്ടിൽ നിന്ന് വരുന്നെങ്കിൽ ഒരു കവറുകൂടി കൊടുത്തയയ്ക്കാൻ അച്ഛനോട് പറയാൻ പറഞ്ഞവരുമുണ്ട്. എല്ലാം സമ്മതിച്ച് ഞാൻ സെൽ‌വരാജിന്റെ കാബിനിലേക്ക് ചെന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ മാനേജരാണ്. അദ്ദേഹം എന്നെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഞാൻ കാര്യം പറഞ്ഞു. ജിലേബിക്കവറ് അദ്ദേഹത്തിന് നേരെ നീട്ടി. നന്ദി പറഞ്ഞുകൊണ്ട് അതിൽ നിന്നും ഒരു ജിലേബി എടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം മറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. കണ്ണ് നിറഞ്ഞിരിക്കുന്നു.

അന്ന് മുഴുവൻ അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു.

“എന്തുപറ്റി സാർ. ഞാൻ ജിലേബി തന്നതുമുതൽ അങ്ങ് ആകെ അസ്വസ്ഥനാണല്ലോ. എന്തെങ്കിലും പ്രശ്നം?”

അദ്ദേഹം കുറച്ചു നേരം മൗനമായി ഇരുന്നു. എന്നിട്ട് പറഞ്ഞു.

“ഞാൻ ജിലേബി തിന്നാറില്ല!“

വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയതുപോലെ. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം തുടർന്നു.

“എന്റെ അച്ഛൻ കഴിഞ്ഞ വർഷം ഈ മാസത്തിലാണ് മരിച്ചത്. പെട്ടന്നായിരുന്നു രോഗം മൂർച്ഛിച്ചത്. പലതരം അസുഖങ്ങൾ. അതിന്റെ കൂടെ പ്രമേഹവും. ഹോസ്പിറ്റലിലാണെന്നറിഞ്ഞുടൻ ഞാൻ ഇവിടെ നിന്നും തിരിച്ചു. എന്നെ കണ്ടപ്പോൾ അച്ഛന്റെ മുഖം പ്രസന്നമായി. എന്റെ കൈ പിടിച്ച് കുറച്ചു നേരം അദ്ദേഹം നോക്കിയിരുന്നു. പിന്നെ അടുത്തേക്ക് വിളിച്ചു ചെവിയിൽ പറഞ്ഞു, ‘മോനേ, എനിക്കൊരു ജിലേബി തിന്നാൻ തോന്നുന്നു’. ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുകയാണ്. ഞാൻ ഡോക്ടറോട് ചോദിച്ചു. അദ്ദേഹവും എന്റെ മറ്റ് ബന്ധുക്കളും സമ്മതിച്ചില്ല. അസുഖം മാറുമ്പോൾ അച്ഛന് ജിലേബി വാങ്ങിത്തരാം എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.  എന്തും വരട്ടെയെന്നു കരുതി പിറ്റേന്ന് ജിലേബിയും വാങ്ങി ഞാൻ ചെല്ലുമ്പോഴേക്കും അദ്ദേഹം..”

എന്റെ കണ്ണും നിറഞ്ഞുപോയി. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജിലേബിയുമായി അദ്ദേഹത്തിന്റെ മുമ്പിൽ പോകില്ലായിരുന്നു. ഞാൻ ചിന്തിച്ചു. ജിലേബി മധുരമുള്ളതാണ്. മധുരം മിക്കവർക്കും പ്രിയങ്കരവുമാണ്. ജിലേബി കിട്ടിയപ്പോൾ എനിക്കും എന്റെ സുഹൃത്തുക്കൾക്കും സന്തോഷമാണ് തോന്നിയത്. അദ്ദേഹത്തിനോ? ദുഃഖവും. ഒരേ വസ്തുവിൽ സുഖവും ദുഃഖവും അടങ്ങുമോ? ഇല്ല. ഈ പ്രപഞ്ചത്തിലെ ഒരു ഭൗതികവസ്തുവിനും സുഖമോ ദുഃഖമോ തരാൻ കഴിയില്ല. കാരണം സുഖവും ദുഃഖവും സന്തോഷവും വിഷമവുമെല്ലാം നമ്മളിലാണുള്ളത്, പുറമേയല്ല. ഈ ഭൗതികവസ്തുക്കൾ കൊണ്ട് നമുക്ക് എന്താണ് വേണ്ടത് എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സുഖവും ദുഃഖവും കാഴ്ചപ്പാടിന്റെ സൃഷ്ടികളാണ്. എന്തിലും സന്തോഷവും സുഖവും കണ്ടെത്തുന്നവന് ഭൂമി സ്വർഗ്ഗമാകും; എന്തിലും ദുഃഖവും വിഷമവും കാണുന്നവന് ഭൂമി നരകവും.

Tuesday 8 April 2014

പാദസരം

കതിർമണ്ഡപത്തിൽ വധു പ്രത്യക്ഷപ്പെട്ടു. സർവ്വാഭരണവിഭൂഷിത. മഞ്ഞലോഹത്തിന് ശ്രേഷ്ഠത കല്പിച്ചിരിക്കുന്നത് വെറുതേയല്ല. ആഭരണങ്ങൾ തമ്മിൽ സംസാരിക്കുന്നുവോ?

വളകൾ :- “ഹേ പാദസരങ്ങളേ, നിങ്ങൾ എന്നേക്കാൾ എത്രയോ താഴെയാണ് സ്ഥിതിചെയ്യുന്നത്. എന്റെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്. പാദങ്ങളിൽ കിടന്ന് മലിനപ്പെടാവുന്ന നിങ്ങൾക്ക് എനിക്കുള്ള പവിത്രത ഉണ്ടായിരിക്കയില്ല.”

മാലകൾ : - “ഹേ വളകളേ, നിങ്ങളേക്കാൾ ഉപരിയാണ് എന്റെ സ്ഥാനം. അതു മറക്കണ്ട!

കാതിലെ ആഭരണങ്ങളും തലയിലെ ആഭരണങ്ങളും താഴേക്കുനോക്കി ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ സഹികെട്ട് പാദസരം മേല്പോട്ടുനോക്കി പറഞ്ഞു.

“നാം വിവിധങ്ങളായ ആഭരണങ്ങളാണ്. ഈ ആഭരണങ്ങളെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി അണിഞ്ഞിരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി നമ്മളെല്ലാം ഒന്നാണ് - “സ്വർണ്ണം“. എത്ര ഉയരത്തിലോ താഴ്ചയിലോ സ്ഥിതിചെയ്താലും ഞാനും നിങ്ങളും സ്വർണ്ണം തന്നെയാണ്. അതിനാൽ നമ്മുടെ മൂല്യവും ഒന്നുതന്നെ. നമ്മെയെല്ലാം ഉരുക്കി ഒന്നാക്കുമ്പോൾ നമ്മുടെ ഉച്ചനീചത്വങ്ങൾ ഇല്ലാതാകുന്നു.”

ഇതുപോലെതന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തിൽ കാണുന്ന സർവ്വചരാചരങ്ങളും എന്നാണ് ജ്ഞാനികൾ ഉദ്ബോധനം ചെയ്യുന്നത്.

സോമദാസ്