Tuesday 19 April 2011

മതങ്ങള്‍


മതങ്ങളെക്കുറിച്ച് പറയുന്നതിന് കുറച്ചുകാലം പുറകിലേക്കൊരു യാത്ര അനിവാര്യമാണ്. മനുഷ്യന് ഗുഹാവാസിയായിരുന്നല്ലോ! വനത്തില് എല്ലാ മൃഗങ്ങളുമൊത്ത് അവന് ജീവിച്ചു. പല മൃഗങ്ങളും പ്രകൃതിദത്തമായ ഗുഹകളും പാറയിടുക്കുകളുമാണ് ജീവിക്കാന് ആശ്രയിച്ചിരുന്നത്. കുറെക്കാലം മനുഷ്യനും ഗുഹാവാസിയായി ജീവിച്ചു. എന്നാല് പക്ഷികളും ചില ജന്തുക്കളും സ്വന്തമായി വാസസ്ഥാനം ഉണ്ടാക്കുന്നത് അവന് ശ്രദ്ധിച്ചുകാണും. അങ്ങനെ അവനും സ്വന്തമായി ഗുഹകളും പാറകൊണ്ടുള്ള വാസസ്ഥാനവും നിര്‍മ്മിക്കാന് തുടങ്ങി. വനത്തില് ശാന്തപ്രകൃതിയായ മാനും മുയലും ആടും പശുവുമൊക്കെ പ്രത്യേക സ്ഥലങ്ങളില് വിവിധ കൂട്ടങ്ങളായി കഴിഞ്ഞു. ഹിംസ്ര ജീവികളായ സിംഹം, കടുവ, പുലി മുതലായവയും മറ്റ് സ്ഥലങ്ങളില് കൂട്ടങ്ങളായി ജീവിച്ചു. മനുഷ്യനും പ്രത്യേക സ്ഥലങ്ങളില് പല കൂട്ടങ്ങളായി കഴിഞ്ഞുപോന്നു.
“കയ്യൂക്കുള്ളവന് കാര്യക്കാരന്” എന്ന പ്രാകൃത നിയമമായിരുന്നു മനുഷ്യരിലും മൃഗങ്ങളിലും പ്രകടമായി നിന്നിരുന്നത്. ഇത് ഏറ്റവും കൂടുതല് പ്രകടമായിരുന്നത് ആഹാരസമ്പാദനത്തിലായിരുന്നു. എന്നാല് ഒരു കൂട്ടത്തിന് ലഭിച്ച ഭക്ഷണം അവര് ഒത്തൊരുമിച്ച് കഴിച്ചിരുന്നു. സിംഹം, പുലി, കടുവ, ആന, പശു, മാന്, മുയല് എന്നുവേണ്ട എല്ലാപക്ഷിമൃഗാദികളും തങ്ങളുടെ കൂട്ടത്തിനോട് കൂറുള്ളവരായിരുന്നു. എന്നാല് ഒരേ വര്‍ഗ്ഗത്തിലുള്ള വ്യത്യസ്ത കൂട്ടങ്ങള് തമ്മില് കലഹങ്ങളുമുണ്ടായിരുന്നു.
മറ്റ് മൃഗങ്ങളെയപേക്ഷിച്ച് മനുഷ്യന് ‘വിശേഷബുദ്ധി’ എന്നൊന്നുണ്ടായിരുന്നു. അവന് പല മൃഗങ്ങളേയും സ്നേഹിക്കാന് തുടങ്ങി. അവന് ചിന്തയും അതിനനുസരണമായി പ്രവൃത്തിയും രൂപപ്പെട്ടു. നായ്ക്കളെയവന് ആഹാരസമ്പാദനത്തിനും സന്തത സഹചാരിയായും ഉപയോഗിച്ചു. പശുക്കളേയും പാല് തരുന്ന മറ്റ് മൃഗങ്ങളേയും അവന് സംരക്ഷിച്ചു. പല കൂട്ടങ്ങള്‍ക്കും പശുക്കളും മറ്റു മൃഗങ്ങളും അവരുടെ ജീവിതസമ്പാദ്യമായി. മൃഗങ്ങളെക്കൊണ്ട് കൃഷിയും മറ്റു ജോലികളും ചെയ്യാന് അവന് പഠിച്ചു. എന്നാല് എല്ലാ മൃഗങ്ങളില് നിന്നും പശുവിനെ അവന് ശ്രേഷ്ഠജീവിയായി പരിഗണിച്ചു. അങ്ങനെ കൂടുതല് പശുക്കളെ സമ്പാദിച്ച വലിയ കൂട്ടങ്ങളുണ്ടായി. ഇവയെ “ഗോത്രങ്ങള്” എന്നറിയപ്പെട്ടു. “ഗോവ്” എന്നാല് പശു. “ത്രം” എന്നാല് ത്രാണനം ചെയ്യുന്നത്, രക്ഷിക്കുന്നത് എന്നര്‍ത്ഥം. പശുക്കളുടെ എണ്ണത്തിനനുസരിച്ചാണ് ഗോത്രങ്ങളുടെ സ്ഥാനം വര്‍ഗ്ഗങ്ങളില് ഉണ്ടായിരുന്നത്. ഒരേ വര്‍ഗ്ഗങ്ങളില്‍പ്പെട്ട അനേകം കൂട്ടങ്ങള് ചേര്‍ന്ന് “ഗോത്രം” ഉണ്ടായി. ഒരോ പ്രദേശങ്ങളിലെയും ചെറിയ ചെറിയ മനുഷ്യക്കൂട്ടങ്ങള് ചേര്‍ന്ന് വലിയ ഗോത്രസമൂഹങ്ങളുണ്ടായി. ഈ ഗോത്രങ്ങള്‍ക്ക് സ്വാഭാവികമായി നേതാക്കളുണ്ടാകുകയും ചെയ്തു.
എല്ലാ മനുഷ്യരും തന്റെ ശക്തിക്കും ചിന്തയ്ക്കും അതീതമായ പ്രകൃതിശക്തികളെ ഭയപ്പെട്ടിരുന്നു. അഗ്നിയേയും (കാട്ടുതീ) ഇടിമിന്നലിനേയും ഭൂകമ്പങ്ങളെയും അഗ്നിപര്‍വ്വതസ്ഫോടനങ്ങളെയും മഴയെയും സമുദ്രത്തേയുമൊക്കെ അവന് ഭയത്തില് മൂടിയ ഒരു ആരാധനാഭാവത്തില് കണ്ടു. എല്ലാത്തിനുമുപരിയായി മറ്റൊന്ന് ഉണ്ടെന്നും അതിന്റെ പ്രവര്‍ത്തനശക്തിയേയും സ്വഭാവത്തേയും മുന് കൂട്ടി അറിയാന് കഴിയില്ലെന്നും അവന് മനസ്സിലാക്കി.
ഗോത്രങ്ങളില് പല സ്വഭാവങ്ങളും രൂപപ്പെട്ട് വന്നു. ശാരീരിക ബൗദ്ധിക വ്യത്യാസം അനുസരണമായി പല ആശയങ്ങളും ആവശ്യങ്ങളുമുടലെടുത്തു. ശക്തി കൂടിയവന് ബലഹീനനെ കീഴ്പ്പെടുത്താന് തുടങ്ങി. ഇത് പ്രധാനമായും ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നു. പല പ്രശ്നങ്ങളിലും പല അഭിപ്രായങ്ങളും പക്ഷം പിടിക്കലുകളും വന്നു. അതെല്ലാം ഗോത്രനേതാവിന്റെ മുന്‍പില് പരിഹരിക്കപ്പെട്ടു പോന്നു. എന്നാല് “കീഴ്വഴക്കം” എന്ന ഒരു ധാരണയല്ലാതെ മൂര്‍ത്തമായ ലിഖിത നിയമങ്ങളോ നടപടിക്രമങ്ങളോ ഒന്നും രൂപപ്പെട്ടുവന്നില്ല.
ഗോത്രങ്ങള് തമ്മിലും ഗോത്രങ്ങള്‍ക്കുള്ളിലും കലഹങ്ങള് കൂടിവന്നു. ഇതിനു പരിഹാരമായി ഗോത്ര നിയമങ്ങള് ഉണ്ടായി. അതും കീഴ്വഴക്കം പോലെ തലമുറ തലമുറകളായി പകര്ന്നു വന്നവയായിരുന്നു. ഇതെല്ലാം പതിനായിരക്കണക്കിനു വര്ഷങ്ങള്‍കൊണ്ട് മനുഷ്യവര്‍ഗ്ഗത്തിനുണ്ടായ മാനസികവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളാണ്. ഇത് പക്ഷേ ലോകത്ത് ഒരു സ്ഥലത്തുമാത്രം ഉണ്ടായ പ്രക്രിയയല്ല. ഭൂമിയില് മനുഷ്യന് എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടെയെല്ലാം ഈ മാറ്റങ്ങളുണ്ടായി. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വിലയിരുത്താന് ചിലര് ശ്രമിച്ചു. ഭൗതിക ചിന്തകര് സുശക്തവും പുരോഗമനപരവുമായ പല പദ്ധതികളും ആവിഷ്ക്കരിച്ചു. പുരോഗമനാശയങ്ങള് കൂടുതല് പ്രബലമാവുകയും അവ മനുഷ്യകുലത്തെ മൃഗങ്ങളുടെ നിലയില് നിന്നും വളരെയേറെ ഉയര്‍ന്ന ഒരു തലത്തിലെത്തിക്കുകയും ചെയ്തു. അങ്ങനെ ചെറിയ ചെറിയ രാജ്യങ്ങളായി. അവിടെ ലിഖിത നിയമങ്ങളുമുണ്ടായി. എന്നാല് ഈ നിയമങ്ങളില് പലതും ശരിയല്ലാത്തതും, അതുകൊണ്ടുതന്നെ ചോദ്യംചെയ്യപ്പെടുന്നതുമായി.
ഈ കാലഘട്ടത്തില് അസാമാന്യ പ്രതിഭയും ചിന്താശക്തിയുമുള്ളതും അതുല്യപ്രഭാവമുള്ളതുമായ വ്യക്തികളുണ്ടായി. പല സ്ഥലങ്ങളിലും പല കാലത്തും ഇവരുടെ സാന്നിധ്യത്തില് മനുഷ്യകുലത്തിന് പല നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ലഭിക്കുകയുണ്ടായി. അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിന് വിവിധസ്ഥലങ്ങളില് പല അമാനുഷികരില് നിന്നും വിവിധങ്ങളായ നിയമസംഹിതകളും ജീവിതചര്യകളും രൂപപ്പെട്ട് വന്നു. ഓരോ നിയമസംഹിതയുടെയും ഉപജ്ഞാതാവ് ആ കുലത്തിന്റെ ആരാധ്യപുരുഷനാകുകയും ചെയ്തു.
ഇവിടെയാണ് “മതം” എന്ന ആശയം ഉരുത്തിരിഞ്ഞത്. “മതം” എന്ന വാക്കിനര്‍ത്ഥം “അഭിപ്രായം“ എന്നാണ്. ദിവ്യനും ആരാധ്യനുമായ ഒരു വ്യക്തിയുടെ നിര്‍ദ്ദേശങ്ങളേയും മുന്നറിയിപ്പിനെയും പിന്തുടര്‍ന്നു ജീവിക്കുന്നവരെ ഒരു പ്രത്യേക മതത്തിന്റെ പേരില് അറിയപ്പെടാന് തുടങ്ങി. ദിവ്യനെന്ന് ഗോത്രസമൂഹം പ്രതിഷ്ഠിച്ച വ്യക്തി ആ സമൂഹത്തിന്റെ മതപ്രവാചകനുമായി.
ഗൗതമബുദ്ധന് തന്റെ ആശയങ്ങളേയും അഭിപ്രായങ്ങളേയും “ധര്‍മ്മപാത” എന്ന സംഹിതയില് ക്രോഡീകരിച്ചു. ആ പാത പിന്തുടരുന്നവരെ ബുദ്ധമത അനുയായികള് എന്നറിയപ്പെട്ടു. മനുഷ്യസമൂഹത്തെ ഉന്നതമായ ഒരു വിതാനത്തില് എത്തിക്കുകയെന്നതായിരുന്നു ബുദ്ധമതത്തിന്റെ ലക്ഷ്യം. ഭൗതികമായ നേട്ടങ്ങളേക്കാള് ആദ്ധ്യാത്മികതയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. നന്മതിന്മകളേയും സംസ്കാരത്തേയും വിശകലനം ചെയ്ത് അവ ജീവിതത്തില് ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. ബുദ്ധമതത്തിന്റെ “ധര്‍മ്മപാത” പിന്തുടര്ന്നു ജീവിക്കുന്നവര് സമൂഹത്തിലെ ആരാധ്യപുരുഷന്മാര് ആയിരിക്കുമെന്നായിരുന്നു ബുദ്ധന്റെ അഭിപ്രായം.
അമാനുഷിക പ്രഭാവനായ യേശുക്രിസ്തു തന്റെ ദര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും സമൂഹത്തിന്റെ മുന്നില് അവതരിപ്പിച്ചു. അദ്ദേഹം 12 ഗോത്രങ്ങളില് നിന്നും 12 ശിഷ്യന്മാരെ സ്വീകരിച്ചു. മുന്‍പുണ്ടായിരുന്ന ദാര്‍ശനികരുടെയും പ്രവാചകന്മാരുടെയും അഭിപ്രായങ്ങള് ക്രോഡീകരിച്ച് പത്ത് കല്പനകള്‍ക്ക് രൂപം കൊടുത്തു. മനുഷ്യന് സഹകരണത്തോടും സ്നേഹത്തോടും കൂടി ജീവിച്ച് സംസ്ക്കാര സമ്പന്നരായ ഒരു തലമുറ ഉണ്ടാക്കുകയെന്നതായിരുന്നു ആ പത്ത് കല്പനകളുടെ ആത്യന്തിക ലക്ഷ്യം. അന്നത്തെ സമൂഹത്തില് അസാമാന്യനും പ്രതിഭാശാലിയുമായ അദ്ദേഹത്തെ പ്രവാചകന് എന്ന നാമധേയത്തില് വിശേഷിപ്പിച്ചു. ഭാവി മുന് കൂട്ടി പ്രവചിക്കാന് കഴിയുന്നവന് എന്ന അര്‍ത്ഥത്തിലായിരിക്കണം ഈ വിശേഷണം. യേശുക്രിസ്തുവിന്റെ ഈ 10 പ്രമാണങ്ങള് കൃത്യമായി അനുസരിച്ചു ജീവിക്കുന്നയാള് യേശുക്രിസ്തുവിനെപ്പോലെയായിത്തീരും. ലോകത്തെമുഴുവന് സ്നേഹിക്കാന് യേശു പഠിപ്പിച്ചു. തന്നെപ്പോലെ തന്നെ ലോകത്തിലുള്ള എല്ലാത്തിനേയും കാണാനും നന്മതിന്മകളെ വേര്‍തിരിച്ച് നന്മകള് സ്വീകരിച്ച് മനുഷ്യന് പ്രാപിക്കാന് കഴിയുന്ന ഉന്നതതലത്തിലേക്ക് ഉയരാന് കഴിയുന്ന ഒരു ജീവിതചര്യ അനുസരിക്കാനും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അമാനുഷിക ദര്ശനങ്ങളേയും ഉപദേശങ്ങളേയും സ്വീകരിച്ച് പല ഗോത്രങ്ങളില്‍പ്പെട്ടവര് യേശുവിന്റെ പാത പിന്തുടര്‍ന്നു. യേശുവിന്റെ അഭിപ്രായം (മതം) അനുസരിച്ച് ജീവിക്കുന്നവര് ക്രിസ്തുമത അനുയായികളായി. അവര് “ക്രിസ്ത്യാനികള്” എന്നറിയപ്പെട്ടു. ക്രിസ്തു + അയനം (മാര്‍ഗ്ഗം) സ്വീകരിച്ചയാള് ക്രിസ്ത്യാനി. എന്നാല് അന്നുണ്ടായിരുന്ന പല ഗോത്രങ്ങളില്‍പ്പെട്ടവരും ക്രിസ്തുവിന്റെ മാര്‍ഗ്ഗം സ്വീകരിച്ചില്ല. അവര് അതിനുമുന്‍പുണ്ടായിരുന്ന പ്രവാചകന്മാരുടെ, അസാമാന്യവ്യക്തികളുടെ അനുഭാവികളായി ജീവിച്ചുപോന്നു. സ്വാഭാവികമായും ഈ വിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടലുകളുണ്ടായി. എന്നാല് എല്ലാ ശ്രേഷ്ഠപുരുഷന്മാരുടെയും ദര്ശനങ്ങളും നിര്‍ദ്ദേശങ്ങളും മനുഷ്യസമൂഹത്തിനുവേണ്ടിയാണെന്ന വസ്തുത അവര് തിരിച്ചറിഞ്ഞില്ല. ഒരു പ്രവാചകന്റെ നിര്‍ദ്ദേശങ്ങളേയും ഉപദേശങ്ങളേയും തെറ്റായി വ്യാഖ്യാനിച്ച് മനുഷ്യസമൂഹം തെറ്റായ ജീവിതക്രമത്തിലേക്ക് നീങ്ങുമ്പോഴാണ് മറ്റൊരു പ്രവാചകന് ഇത് ചൂണ്ടിക്കാട്ടി ശരിയിലേക്ക് കൊണ്ടുവരാന് ശ്രമിക്കുന്നത്. ഇവിടെ തത്വങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ ഒരു വ്യത്യാസവുമുണ്ടാകുന്നില്ല. വ്യക്തിയും ഭാഷയും ആചാരക്രമങ്ങളും മാത്രമേ വിവിധ മതങ്ങളെ വേര്‍തിരിക്കുന്നുള്ളൂ.
ഇതുപോലെ തന്നെയാണ് ഹിന്ദുമതവും. ഹിന്ദുമതം ഒരു ശ്രേഷ്ഠപുരുഷന്റെ (പ്രവാചകന്റെ) മാത്രം ദര്ശനങ്ങള് ഉള്‍ക്കൊള്ളുന്നില്ല. ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് പോകാന് അനേകം മാര്‍ഗ്ഗങ്ങള് സ്വീകരിക്കാവുന്നതുപോലെ മനുഷ്യന്റെ സംസ്ക്കാര ഉന്നതിക്കും പല മാര്‍ഗ്ഗങ്ങള് സ്വീകരിക്കാമെന്ന് അവര് കണ്ടെത്തി. പല ദാര്‍ശനികരുടെയും തത്വങ്ങളുടെ ക്രോഡീകരണമാണ് ഹിന്ദുമതം. അതിനാല് അത് തത്വങ്ങളില് അധിഷ്ഠിതമാണ്. വ്യക്തിയില് അധിഷ്ഠിതമല്ലായെന്ന് സാരം. ലോകത്ത് ഒരു പ്രത്യേക യൂണിവേഴ്സിറ്റിയില് പഠിച്ചാല് മാത്രമേ ഡിഗ്രി സമ്പാദിക്കാന് ക്ഴിയൂ എന്നില്ല. ഏത് കോളേജില് പഠിച്ചാലും വിഷയം നന്നായി പഠിച്ചാല് അയാള്‍ക്ക് ലക്ഷ്യം നേടാന് കഴിയും. ഇവിടെ കോളേജുകളുടെ സ്ഥാനം മതങ്ങള്‍ക്കും വിഷയങ്ങളുടെ സ്ഥാനം മതതത്വങ്ങള്‍ക്കും കരുതാം. അതിനാല് തന്നെ ഏത് കോളേജില് പഠിച്ച വ്യക്തിക്കും ഒരേ വിഷയങ്ങളില് തുല്യതയുണ്ടാകും. ഏത് മെഡിക്കല് കോളേജില് പഠിച്ചാലും മെഡിക്കല് ഡിഗ്രിയാണ് ലഭിക്കുക. അതില് ഏറ്റക്കുറവുണ്ടാകുകയില്ല. അതുപോലെതന്നെ മനുഷ്യര് ഏത് മതത്തില് വിശ്വസിച്ചാലും അവയിലെ സംശുദ്ധമായ തത്വങ്ങള് ഒന്നായതിനാല് അത് ശരിയായി അനുവര്‍ത്തിച്ചാല് ഒരേ സ്വഭാവത്തിലുള്ള വ്യക്തികളായി കാണാന് കഴിയും. മതങ്ങള് തമ്മില് ആചാരാനുഷ്ഠാനങ്ങളില് മാത്രമേ വ്യത്യാസമുള്ളൂ. ആചാരാനുഷ്ഠാനങ്ങള് മതങ്ങളുടെ പുറംചട്ട മാത്രമാണ്. രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര് ഒരുപോലെ ചിന്തിക്കുന്നുവെങ്കില് എന്താണ് മനസ്സിലാക്കേണ്ടത്? തങ്ങളുടെ മതത്തിലെ തത്വങ്ങള് രണ്ടുപേരും യഥാര്‍ത്ഥമായി ഗ്രഹിച്ചിരിക്കുന്നുവെന്നല്ലേ? എല്ലാ നദികളും സമുദ്രത്തില് പതിക്കുന്നതുപോലെ എല്ലാ മതങ്ങളും മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നതമായ ലക്ഷ്യത്തിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇത് ശരിയായി മനസ്സിലാക്കിയ ഒരു വ്യക്തി, ഒരു മതത്തേയും മതതത്വങ്ങളേയും തള്ളിപ്പറയുകയില്ല. ആചാരാനുഷ്ഠാനങ്ങള് വ്യത്യസ്തങ്ങളായതുകൊണ്ട് ഒന്ന് മറ്റൊന്നിന് ഘടകവിരുദ്ധമാണെന്ന് തോന്നാം. ഒരു വണ്ടിചക്രത്തിന്റെ ആരക്കാലുകളെല്ലാം അതിന്റെ മധ്യത്തിലുള്ള അക്ഷത്തിലാണല്ലോ എത്തിച്ചേരുന്നത്. എതിര്‍ദിശകളില് നിന്നും വരുന്ന ആരക്കാലുകള് ഒരേ സ്ഥലത്ത് സന്ധിക്കുന്നു. അപ്പോള് ദിശയ്ക്കല്ല പ്രാധാന്യം ലക്ഷ്യത്തിനാണെന്ന് അനുമാനിക്കാം.
ഒരു കുട്ടിയും ഒരു മതത്തിലും ജനിക്കുന്നില്ല. പല രാജ്യത്ത്, പല വിഭാഗങ്ങളില് ജനിക്കുന്നകുട്ടികള് ഒരുപോലെയുള്ള മനോബുദ്ധിവ്യാപാരങ്ങളോടുകൂടിയാണ് ജനിക്കുന്നത്. ജനിക്കുന്ന ഒരു കുഞ്ഞിനും തിരിച്ചറിവ് എന്നൊന്ന് ഉണ്ടായിരിക്കയില്ല. വളരുന്ന സാഹചര്യമനുസരിച്ച് അവന് തിരിച്ചറിവുണ്ടാകുന്നു. ആ തിരിച്ചറിവ് ശരിയായിട്ടല്ലെങ്കില് അവന് സങ്കുചിത ചിന്താധാരിയായി സമൂഹത്തിന് ബാധ്യതയായി പരിണമിക്കുന്നു. ഇങ്ങനെ ആകാതിരിക്കാനാണ് എല്ലാ മതങ്ങളും ശ്രദ്ധിക്കേണ്ടത്. അതുതന്നെയാണ് എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യവും.
പ്രാകൃത മനുഷ്യന്, ശിലായുഗ മനുഷ്യന്, ലോഹയുഗ മനുഷ്യന്, ആധുനിക മനുഷ്യന് എന്നിങ്ങനെ മനുഷ്യന്റെ പല ഘട്ടങ്ങളേയും ചരിത്രകാരന്മാര് വേര്‍തിരിച്ചിട്ടുണ്ടല്ലോ!! ഇത് പതിനായിരക്കണക്കിന് വര്‍ഷങ്ങള് പുറകോട്ടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ ജീവിത പരിണാമത്തെയാണ് വിവക്ഷിക്കുന്നത്. ഈ അതിപുരാതന കാലത്തും ഇന്നത്തെപ്പോലെതന്നെ ജീവജാലങ്ങളും കൂടെ മനുഷ്യനും ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു. അന്നൊന്നും ഒരു മതങ്ങളുമുണ്ടായിരുന്നില്ലല്ലോ!! മതങ്ങള് ഉണ്ടാകുന്നതിന് മുന്‍പുള്ള കാലത്തെ മനുഷ്യര് ഏത് മതങ്ങളിലുള്‍പ്പെട്ടവരായിരുന്നു? മരണാനന്തരം അവര്‍ക്ക് എന്താണ് സംഭവിച്ചത്? അവര് സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ പോയിരുന്നത്? എങ്ങും പോയിട്ടുണ്ടാകില്ല!! കാരണം അന്ന് മതങ്ങള് ഇല്ലായിരുന്നു. മതതത്വങ്ങള് ഇല്ലായിരുന്നു. അതിനാല് സ്വര്‍ഗ്ഗവും നരകവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല.
സിക്കുമതവും ജൈനമതവും ഇസ്ലാം മതവും എല്ലാം തന്നെ ഒരോ വ്യക്തികളിലൂടെയാണ് ലോകത്ത് അറിയപ്പെടുന്നത്. പക്ഷേ എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാണ്. തത്വങ്ങളാല് അധിഷ്ഠിതമാക്കപ്പെട്ട മതങ്ങളുടെ ഉപജ്ഞാതാക്കള്ക്ക് തത്വങ്ങളേക്കാള് ശ്രേഷ്ഠത കല്പിക്കാന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം, എല്ലാ മതപ്രവാചകരും ‘തന്നെ’ ആരാധിക്കുന്നതിനേക്കാള് പ്രാധാന്യം മതതത്വങ്ങളെ അനുവര്‍ത്തിക്കാന് ഉപദേശിക്കുന്നു. അതുകൊണ്ട്തന്നെ, മതഗ്രന്ഥങ്ങളോ പുരോഹിതന്മാരോ തത്വങ്ങളേക്കാള് ഉപരിയല്ലയെന്ന് തീര്‍ച്ചയാക്കാം. “അള്ളാഹു, നിന്റെ രൂപത്തിലേക്കല്ല; ഹൃദയത്തിലേക്കത്രേ നോക്കുന്നത്” – എന്ന് ഖുറാനില് പറഞ്ഞിരിക്കുന്നു. ഈ തത്വം ശരിയായി മനസ്സിലാക്കിയ ഏതൊരു മനുഷ്യനും ഉച്ചനീചത്വത്തോടെ ലോകത്തെ വീക്ഷിക്കുകയില്ല. ബാഹ്യാചാരാനുഷ്ഠാനങ്ങള്‍ക്ക് തത്വങ്ങളേക്കാള് പ്രാധാന്യം കല്പിക്കുന്നതാണ് ഇന്ന് ലോകത്ത് കാണുന്ന സകല മത അസഹിഷ്ണുതകള്‍ക്കും കാരണം.
ഏകത്വ ദര്‍ശനമാണ് എല്ലാ മതങ്ങളുടെയും കാതല്. ഒരു മതത്തില്‍പ്പെട്ടവരെമാത്രം ശ്രേഷ്ഠമനുഷ്യരായി ദൈവം സൃഷ്ടിക്കുകയില്ല. കാരണം, എല്ലാ മതങ്ങളും കല്‍പ്പികുന്ന ദൈവങ്ങള്‍ക്ക് മനുഷ്യനുള്ള അധമ വിചാരങ്ങളിലൊന്നായ “വിവേചനം” ഉണ്ടായിരിക്കാന് സാധ്യതയില്ല. അതിനാല്, ഈ ലോകവും അതിലെ മുഴുവന് ജീവജാലങ്ങളും സൃഷ്ടിച്ച സൃഷ്ടാവിന് ഏകത്വ ദര്‍ശനമാണുള്ളത്. ഇത് ശരിയായി അറിഞ്ഞ, ഉറച്ച വിശ്വാസമുള്ള ആളുകളെയാണ് മതാചാര്യന്മാര് എന്ന് കരുതേണ്ടത്. മറ്റുള്ള ചിന്തകളെല്ലാം സ്ഥാപിതതാല്പര്യങ്ങളിലൂന്നിയുള്ളവയാണ്. ഇതാണ് മതങ്ങള് മനുഷ്യരെ പഠിപ്പിക്കേണ്ടത്. അതിന് അനുഗുണമുള്ളതായിരിക്കണം വിദ്യാഭ്യാസം. മതവും വിദ്യാഭ്യാസവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശരിയായ മതതത്വബോധവും ശരിയായ വിദ്യാഭ്യാസവും ലഭിച്ച വ്യക്തി ഉദാത്തമായ ഒരു സംസ്ക്കാരത്തിന്റെ ഉടമയായിരിക്കും. ഇതുതന്നെയാണ് ലൗകികജീവിതത്തിന്റെ പരമമായ ലക്ഷ്യവും.
                                        
                                                        സോമദാസ്

Tuesday 5 April 2011

സംസ്കാരം


സംസ്കാരം

“ അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു
അന്വേഷാം ഹിതത്തിങ്കല്‍ ഈര്‍ഷ്യയുണ്ടാകാതെ
ആര്യകര്‍മ്മണാ രഞ്ജിച്ചേറിയ സല്‍ക്കറ്മ്മണാ
ധീരനായിരിപ്പവന്‍ സംസ്കാര ശ്രേഷ്ഠ്നല്ലോ? ”
“സംസ്കാരം“ - ആ വാക്ക് കേള്‍ക്കാത്തവര് ഇല്ലതന്നെ. ധാരാളം സാംസ്കാരിക പരിപാടികളില് പങ്കെടുത്തിട്ടുള്ളവരാണ് അധികവും. സാംസ്കാരിക പ്രഭാഷണങ്ങള് ഒട്ടനവധി നാം കേട്ടിട്ടുണ്ട്.വളരെക്കൂടുതല് സാംസ്കാരിക നായകന്മാര് ഉണ്ടെന്നു കരുതുന്ന നാടാണ് നമ്മുടേത്. ഏന്നാല് നാം അറിയുന്ന സാംസ്കാരിക നായകന്മാരെല്ലാം സംസ്കാരസമ്പന്നരാണോ? അഴുക്കുപറ്റാത്ത വസ്ത്രങ്ങളും ശരീരവും, വിലകൂടിയ മറ്റനുബന്ധവസ്തുക്കളും ഉള്ളയാള്‍ സംസ്കാരസമ്പന്നനാകുമോ? വടിവൊത്തഭാഷയില് സാഹിത്യപരമായും ആലങ്കാരികമായും ഉന്നതമായ രീതിയില് പ്രഭാഷണം ചെയ്യുന്നയാളെ സാംസ്കാരസമ്പന്നന് എന്ന് കണക്കുകൂട്ടാമോ? സംസ്കാരത്തെപ്പറ്റി കൂടുതല് ചിന്തിക്കുമ്പോള്‍ ഇങ്ങനെയുള്ള് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങള്‍ തേടിപ്പോകാനുള്ള താല്പര്യവും നമ്മില് ഉണ്ടാകാം!! ഇനി ആരംഭത്തില് കൊടുത്തിരിക്കുന്ന പദ്യം ഒന്നു ശ്രദ്ധിക്കാം…
“അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു“ – എന്താണ് അന്യായകര്‍മ്മം? ന്യായവും അന്യായവും എങ്ങനെയാണ് വേര്തിരിക്കുന്നത്? ഒരാളുടെ ന്യായം മറ്റൊരാല്ക്ക് അന്യായമായി വരുമോ? ഒരു വ്യക്തി ഇങ്ങനെ ചിന്തിക്കുന്നുവെന്നു കരുതുക…
“തന്റെ കാര്യമഖിലം നടക്കണം
തന്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതി ഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം”
ഇങ്ങനെ ചിന്തിക്കുന്നയാളുകളെ നാം പല സന്ദര്ഭങ്ങളിലും കണ്ടിട്ടുണ്ടാകും. ഇവരെ നാം “സ്വാര്ത്ഥര്” എന്നു വിളിക്കും. എന്നാല് അയാളെ സംബന്ധിച്ചിടത്തോളം അതു ന്യായമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ന്യായാന്യായങ്ങള്‍ ആപേക്ഷികമാണെന്ന് തോന്നാം.
     ഈ അവസരത്തില് ഒരു സംഭവം ഇവിടെ കുറിക്കട്ടെ – ചരിത്രത്തിലെ “ചാണക്യന്” എന്ന് വ്യക്തിയെപ്പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. “വിഷ്ണുഗുപ്തന്” എന്ന ശുദ്ധബ്രാഹ്മണന് ചന്ദ്രഗുപ്ത മഹാരാജാവിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിപ്രമുഖനായിരുന്നല്ലോ? ജീവിതാന്ത്യംവരെയും അതിന് ഒരു മാറ്റവും ഉണ്ടായില്ലാ. എന്തുകൊണ്ടാണ് മഹാരാജാവിന് ഇദ്ദേഹത്തില് ഇത്രയും വിശ്വാസ്യതയുണ്ടായത്? ദരിദ്രനും ശുദ്ധനുമായ ഇദ്ദേഹം, പണ്ഡിതരും കുബേരപ്രമാണിമാരുമായവരേക്കാള് രാജാവിന് ശ്രേഷ്ഠനായത് എന്ത് കാര്യംകൊണ്ടാണ്? രാജാവിന്റെ സാമന്തന്മാര്ക്കെല്ലാം ചാണക്യനോട് അസൂയയും വെറുപ്പുമായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ പുകച്ചുപുറത്തു ചാടിക്കാനവര് ശ്രമിച്ചു. ചാണക്യന്റെ വീട്ടില് ചെന്ന് സൗഹൃതഭാവേന അദ്ദേഹത്തില് നിന്നും ഉള്ള വിവരങ്ങള് ശേഖരിക്കുക; അങ്ങനെ അദ്ദേഹത്തിനെതിരായി എന്തെങ്കിലും കിട്ടുമോയെന്നു ശ്രമിക്കുക. അതിനായി അവര് രണ്ടുപേരെ കണ്ടെത്തി. ചാണക്യനുമായി ശത്രുതയില്ലാത്ത വ്യക്തികള്. ചാണക്യന്റെ വ്യക്തിമാഹാത്മ്യം അറിയണമെന്ന് ആഗ്രഹമുള്ളവര്. നമ്മുടെ ചാനലുകാര് പലരേയും ഇന്റെര്‍വ്യൂ ചെയ്യുന്നതു കണ്ടിട്ടില്ലേ? അതുപോലെ. അതിലും സദുദ്ദേശവും ദുരുദ്ദേശവും ഉണ്ടല്ലോ? അങ്ങനെ അവര് രണ്ടുപേരും ചാണക്യന്റെ വീട്ടിലെത്തി. പനയോലകൊണ്ടുമേഞ്ഞ ചെറിയൊരു വീട്. മുന് വശത്ത് ഒരു ചെറിയ വരാന്ത. അകത്ത് ഒരു മുറി. ഒരു ചെറിയ വരാന്തയില് അടുക്കള. തീര്‍ന്നൂ മന്ത്രിപ്രമുഖന്റെ കൊട്ടരവിശേഷം. മുന് വശത്ത് വരന്തയില് ചാണക്യനിരുന്ന് പനയോലയില് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ആഗതരെ തലയുയര്‍ത്തി ഒന്നു നോക്കി. കയറിയിരിക്കാന് ആംഗ്യം കാണിച്ചു. പുല്ലുപായില് രണ്ടുപേരും കയറിയിരുന്നു. നിശബ്ദമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. മണ്‍ചുമരില് രണ്ടു കല് വിളക്കുകള്. അതില് ഒന്നില് നിന്നാണ് പ്രകാശം വരുന്നത്. അല്പസമയം കഴിഞ്ഞപ്പോള് അദ്ദേഹം എഴുത്തു നിര്‍ത്തി. എഴുതിയ ഓലകളെല്ലാം ഭംഗിയായി അടുക്കികെട്ടി പെട്ടീയില് വച്ചു. എന്നിട്ട് കത്തിക്കൊണ്ടിരുന്ന കല് വിളക്കില് നിന്നും മറ്റേ കല് വിളക്കിലേക്ക് ദീപം പകര്‍ന്നു. എന്നിട്ട് ആദ്യത്തെ കല് വിളക്കിലെ ദീപം അണച്ചു. പിന്നീട് വിശേഷങ്ങള്, നാട്ടുകാര്യങ്ങള്, രാജഭരണം, ജനങ്ങളുടെ ആവശ്യങ്ങള് എന്നിവയെപ്പറ്റിയെല്ലം വിശദമായി സംഭാഷണം നടത്തി. സംഭാഷണങ്ങള്‍ക്കൊടുവില് ഒരാള് ചാണക്യനോടു പറഞ്ഞു. “എനിക്കു അങ്ങയോട് അവസാനമായി ഒരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങയ്ക്ക് ഇത്രയും വര്‍ഷം അസൂയയും ഈര്‍ഷ്യയും നിറഞ്ഞ ഈ കൊട്ടാരഭരണക്കാരുടെയിടയില് എങ്ങനെ രാജാവിന്റെ വിശ്വസ്തനായി കഴിയാന് സാധിച്ചു? ഇതിന്റെ രഹസ്യമെന്താണ്?” അപ്പോള് രണ്ടാമത്തെയാളും ഒരു ചോദ്യമുന്നയിച്ചു. “ഞങ്ങള് വന്നപ്പോള് ചുമരിലുണ്ടായിരുന്ന രണ്ട് കല് വിളക്കുകളില് ഒരെണ്ണം കത്തിക്കൊണ്ടിരുന്നു. അങ്ങയുടെ എഴുത്ത് കഴിഞ്ഞപ്പോള് ആദ്യം കത്തിക്കൊണ്ടിരുന്ന വിളക്കണച്ചിട്ട് രണ്ടാമത്തെ വിളക്ക് കത്തിച്ചു. ഇതെന്തിനായിരുന്നു?” ചാണക്യന് ചിരിച്ചുകൊണ്ട് പറഞ്ഞു. “ആദ്യത്തെ ചോദ്യത്തിനുത്തരം രണ്ടാമത്തെ ചോദ്യത്തിലുണ്ട്. ഞാന് രാജാവിന്റെ മന്ത്രിയാണല്ലോ! എനിക്ക് പല സാധനങ്ങളും കൊട്ടരത്തില് നിന്നും ലഭിക്കും. കൂടെ ഒരു മാസത്തേക്ക് രണ്ടേകാലിടങ്ങഴി എണ്ണയും വിളക്കുകത്തിക്കാന് കിട്ടിക്കൊണ്ടിരിക്കുന്നു. ആ എണ്ണയുപയോഗിച്ചാണ് ഞാന് ഒന്നാമത്തെ വിളക്ക് കത്തിച്ചുകൊണ്ടിരുന്നത്. അത് രാജ്യകാര്യങ്ങളും കണക്കുകളും രാജകല്പനകളും എഴുതാനാണുപയോഗിക്കുന്നത്. നാളെ ഡര്‍ബാറുള്ളതിനാല് അതിനുവേണ്ട വിളംബരങ്ങളും കണക്കുകളുമൊക്കെയാണ് എഴുതിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞപ്പോള് നിങ്ങളുമായി സംസാരമായി. അത് എന്റെ മാത്രം കാര്യമാണ്‍. രാജ്യകാര്യത്തിനല്ലാ. അതുകൊണ്ടാണ് രാജ്യകാര്യത്തിനുമാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വിളക്കുകെടുത്തി എന്റെ സ്വകാര്യ്വിളക്ക് തെളിയിച്ചത്. എന്റെ സഹധര്‍മിണിയും ഞാനുംകൂടി വനത്തില്‍പ്പോയി ശേഖരിക്കുന്ന കായ്കള് ആട്ടിയെടുത്ത എണ്ണയാണ് അതില് ഉപയോഗിക്കുന്നത്. രാജ്യകാര്യത്തിനുള്ളത് സ്വന്തം കാര്യങ്ങള്‍ക്കുപയോഗിക്കുന്നത് ന്യായമല്ലാ. അത് അന്യായമാണ്.”
     നോക്കൂ, അദ്ദേഹത്തിന്റെ ന്യായാന്യായത്തിന്റെ ഏറ്റവും തീഷ്ണമായ വീക്ഷണം. ഈ രീതിയില് പൊതുമുതലിനെ, രാജ്യസമ്പത്തിനെ കാണുന്ന എത്ര ഭരണാധിപന്മാര് ഭാരതത്തിലുണ്ടായിരിക്കുമെന്ന് നാം ചിന്തിച്ചു നോക്കുക. ഇതാണ് സംസ്കാരത്തിന്റെ ഒന്നാമത്തെ ലക്ഷണം. അന്യായമായകാര്യം ചിന്തകൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ ചെയ്യാന് പാടില്ലാ. “ അന്വേഷാം ഹിതത്തിങ്കല് “, മറ്റുള്ളവരുടെ സുഖസൗകര്യങ്ങളില്, അവരുടെ ഉയര്‍ച്ചയില് “ ഈര്‍ഷ്യയുണ്ടാകാതെ “ അസംതൃപ്തിയുണ്ടാകാതെ, അസൂയയുണ്ടാകാതെ, ശ്രേഷ്ഠമായ കര്‍മ്മങ്ങള് മാത്രം ചെയ്ത് ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ജീവിക്കുന്നയാളെ സംസ്കാരശ്രേഷ്ഠനായി പരിഗണിക്കാം.
“ അര്‍ത്ഥമാകിലും ബലാദൈശ്വര്യമായീടിലും
വിദ്യയാകിലും തനിക്കേറെയൊന്നുണ്ടായ് വന്നാല്
എത്രയും വിനീതനായ സമുന്നുദ്ധനായ
വിദ്വാനുസമമായിട്ടില്ല വിദ്വാന്മാരാരും! “
     ധനവും ഐശ്വര്യവും ധാരാളം കൈവന്നാലും, ലൗകികത്തിലേതായാലും ആദ്ധാത്മികത്തിലേതായാലും വിദ്യ തനിക്കേറെയുണ്ടായിരുന്നാലും ഏറ്റവും വിനീതനായി കാണപ്പെടുന്നവന് വിദ്വാന്മാരില് ശ്രേഷ്ഠനായിരിക്കും.
“ നഷ്ടമായതു ചിന്തിച്ചേതുമേ ദുഃഖിയാതെ
തുഷ്ടനായ് അപ്രാപ്യമായുള്ളതു കാമിയാതെ
ആപത്തുവരുംകാലം ഏതുമേ ദുഃഖിയാതെ
താപത്തെ ത്യജിപ്പവന്‍ സംസ്കാരശ്രേഷ്ഠനല്ലോ! ”
     നമുക്ക് എന്തുതന്നെ നഷ്ടപ്പെട്ടാലും, ധനം ആണെങ്കിലും വസ്തുവകകളാണെങ്കിലും ബന്ധുജനങ്ങളാണെങ്കിലും നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഃഖിക്കരുത്. നഷ്ടപ്പെട്ടതൊന്നും നമ്മുടേതല്ലായെന്നുകരുതി അതിനെ മനസ്സില് നിന്നും മായിച്ചുകളയണം. അതുപോലെ ആപത്തുവരുമ്പോള് എന്തുചെയ്യണമെന്നു ചിന്തിക്കാന് കഴിയാതെ ഒന്നും ചെയ്യാന് കഴിയാത്തവനായി ഇരിക്കരുത്. ഏതാപത്തിനേയും അതിജീവിക്കാനുള്ള മനസ്സും ആര്‍ജ്ജവവും തനിക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകത്തക്കവിധമായിരിക്കണം ഒരു സംസ്കാരസമ്പന്നന്റെ ചിന്തയും പ്രവൃത്തിയും.
“ സമ്മാനത്തിങ്കലുള്ളില് സമ്മോദമുണ്ടാകാതെ
നിര്‍മ്മൂലം അപമാനത്തിങ്കലും ഖേദിയാതെ
അക്ഷോഭ്യനായ് ഗംഗ തന്നിലെ ഹൃദം പോലെ
രക്ഷിച്ചു ധര്‍മ്മത്തേയും വാണീടുന്നവന് വിദ്വാന്! “
     നമുക്ക് കീര്‍ത്തി, പാരിതോഷികങ്ങള്, ആശംസകള്, പ്രത്യേകപരിഗണനകള്, ദേശീയഅന്തര്‍ദേശീയപുരസ്കാരങ്ങള് എന്നിവ വന്നുചേര്‍ന്നാലും അതില് അമിതമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ മറ്റുള്ളവരോട് പുച്ഛഭാവമുണ്ടാകുകയോ അരുത്. കാരണം ഇതെല്ലാം ജീവിതത്തിലെ നൈമിഷിക അനുഭവങ്ങളാണ്. ലൗകിക ജീവിതത്തിന്റെ പരമകാഷ്ഠയിതല്ലായെന്ന് മനസ്സിലാക്കി അമിതമായി അതില് അഭിമാനമത്തനാകരുതെന്നുസാരം. അതുപോലെതന്നെ “ നിര്‍മ്മൂല അപമാനത്തിങ്കലും ” – കാരണമില്ലാതെയുണ്ടാകുന്ന അപമാനത്തിലും വൃധാ ആരോപണങ്ങള് പറഞ്ഞ് തന്നെ അപമാനിച്ചാലും അതില്‍ കോപഭാവമുണ്ടാകരുത്. രണ്ട് സന്ദര്‍ഭങ്ങളേയും സമഭാവത്തോടെ കാണാനുള്ള മനോനിലയുള്ള ആളായിരിക്കണം. ക്ഷോഭം ഇല്ലാത്തവനായിരിക്കണം. എന്തുകണ്ടാലും കേട്ടാലും പെട്ടന്ന് എടുത്തുചാടാതെ വലിയ പ്രശ്നങ്ങളേയും വളരെ ശാന്തതയോടെ കൈകാര്യം ചെയ്യണം. “ ഗംഗ തന്നിലെ ഹൃദം “, ഗംഗയിലെ അഗാധമായ കയം, താഴ്ചയുള്ളഭാഗം, പുറമേ നിശ്ചലമായിരിക്കും. എന്നാല് അഗാധമായ ആഴവുമുണ്ടായിരിക്കും. ആഴമില്ലാത്ത ചെറിയ കാട്ടരുവികള് വലിയ ശബ്ദത്തോടെ കുത്തിയൊഴുകി വലിയ ബഹളം വച്ചാണ് ഒഴുകിപ്പോകുന്നത്. ഇതുപോലെ സംസ്കാരസമ്പന്നരായവര് വളരെ ശാന്തരായി അഗാധമായ ജ്ഞാനം കൊണ്ട് ഏതിലും നിശ്ചലരായി നേരിടാന് കഴിവുള്ളവരായിരിക്കും.
     വിലകൂടിയ വസ്ത്രങ്ങള് ഒരു പൊടിപോലും പറ്റാതെ സൂക്ഷിച്ച്, വിലകൂടിയ ആഭരണങ്ങളും ധരിച്ച് വളരെ ഭംഗിയായ സംഭാഷണവും ചിട്ടയുമുള്ള ആളുകളെ കാണാം. മോശപ്പെട്ട വ്യക്തികളല്ലയവര്. അവരാണ് “പരിഷ്കാരികള്”. “Civilization – നാഗരികത” എന്ന വാക്കാ‍ണ് അതിന് യോജിച്ചത്. നല്ല പെരുമാറ്റവും ടേബിള് മാനേഴ്സും ഉള്ളവരെ സംസ്കാരസമ്പന്നര് എന്ന് കരുതാന് കഴിയില്ല. സംസ്കാരം മനസ്സിന്റെ ഉന്നതമായ ഒരു ഭാവമാണ്. അത് ആന്തരികമാണ്; ബാഹ്യമല്ല. ഒരു സംസ്കാരസമ്പന്നന് പരിഷ്കാരം ഉണ്ടായെന്നുവരില്ല. ആന്തരികമായും ബാഹ്യമായും സംസ്കാരമുള്ളയാളെ ഉത്തമനായും, ആന്തരികസംസ്കാരമില്ലാതയും എന്നാല് ബാഹ്യപരിഷ്കാരമുള്ളതുമായവരെ മധ്യമനായും ആന്തരികമായും ബാഹ്യമായും സംസ്കാരമില്ലാത്തയാളെ അധമനായും വിദ്വാന്മാര് നിര്‍വചിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള് ബാഹ്യമായ ശുദ്ധതയേക്കാള് ആന്തരിക ശുദ്ധതയാണ് ശ്രേഷ്ഠമെന്ന് കാണാം.
“ What harm is there, if thy cloths become tortured and stain “ – ഗീതാഞ്ജലിയിലെ ഈ വരികള് നോക്കൂ. നിങ്ങളുടെ പരിശുദ്ധമായവസ്ത്രത്തില് അല്പം അഴുക്കോ പൊടിയോ കറയോ പറ്റിയാല് എന്തിനാണ് നിങ്ങല് വിഷമിക്കുന്നത്. അത് വീണ്ടും വീണ്ടും കഴുകിക്കളയാമല്ലോ! മനസ്സില് അഴുക്ക് പറ്റിയാലോ? അതാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്.
“ Wealth is lost, Nothing is lost ” – നിങ്ങള്‍ക്ക് കുറെ ധനം നഷ്ടപ്പെട്ടെങ്കില് വിഷമിക്കാനില്ല; അത് വീണ്ടുമുണ്ടാക്കാം.
“ Health is lost, Something is lost “ – നിങ്ങള്‍ക്ക് ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുക. രോഗങ്ങളോ ശാരീരിക അവശതകളോ ആണ് ഇവിടെ വിവക്ഷിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് ചില നഷ്ടങ്ങള് തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് കരുതാം.
“ Character is lost, Everything is lost “ – നിങ്ങളുടെ സ്വഭാവമാണ് നഷ്ടപ്പെട്ടിട്ടുള്ളതെങ്കില്, നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതണം. ഇത് പരമമായ സത്യം തന്നെയാണ്. ആയതിനാല് എല്ലാവരും, വിശിഷ്യാ മാതാപിതാക്കള്, തങ്ങളുടെ കുഞ്ഞുങ്ങള് പരീക്ഷയില് എത്ര മാര്‍ക്ക് വാങ്ങി, എന്തെല്ലാം ഡിഗ്രികള് അവന് എടുത്തുവെന്ന് അഭിമാനിക്കുമ്പോള് അവന്റെ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതാണ് കുടുംബജീവിതത്തില് മാതാപിതാക്കളുടെ പരമമായ കര്‍ത്തവ്യം. അങ്ങനെ സംസ്കാരസമ്പന്നരായ ഒരു ഭാവിതലമുറയെ നമുക്ക് രൂപപ്പെടുത്താന് ശ്രമിക്കാം…
                                                           സോമദാസ്