Wednesday 20 September 2017

സ്വാതന്ത്ര്യം





“സ്വാതന്ത്ര്യം വേണമെനിക്കിന്നു സ്വാതന്ത്ര്യം വേണം
ഈ കാപാലികരിൽ നിന്നെനിക്കു സ്വാതന്ത്ര്യം വേണം.
പാരതന്ത്ര്യം ഇന്നെനിക്കു മൃതിയേക്കാൾ ഭയാനകം
സ്വാതന്ത്ര്യത്തിനായ് പൊരുതുന്നു ഞാൻ, കൂടില്ലേ നിങ്ങളെല്ലാം?

എന്റെ സർഗ്ഗചേതനയെയവർ ബന്ധനത്തിലാക്കി,
എന്റെ പേനയെയവർ ചങ്ങലക്കിട്ടു,
എന്റെ വായയോ മൂടിക്കെട്ടപ്പെട്ടു,
എന്റെ ചലനങ്ങൾ തടയപ്പെട്ടു.

എന്തു തിന്നണം, എന്തു കുടിക്കണം,
എന്തു പറയണം, എന്തു ചെയ്യണം,
എന്തു കേൾക്കണം, എന്തു കാണണം
എന്നിങ്ങനെയെന്തും എന്നിലല്ലാതെയായ്!

മർദ്ദനമുറകളും ശകാരവർഷങ്ങളും
എത്രനാൾ ഞാൻ കേൾക്കേണമിനിയും?
‘പുറത്തുപോവുക’ എന്നവർ ആക്രോശിച്ചു
ഇവിടെക്കഴിയാനെനിക്കവകാശമില്ലപോൽ!

അതിനാൽ, ഇന്നുഞാനിരിക്കുന്നു-
ഈ വിദ്യാലയകവാടത്തിനു വെളിയിൽ
എന്റെ സ്വാതന്ത്ര്യത്തിനായ് പൊരുതുന്നു ഞാൻ
മറ്റൊരു സ്വാതന്ത്ര്യസമരവുമായി.

എന്റെ പേനയ്ക്കു വരയ്ക്കണം ഭിത്തിയിൽ,
എന്റെ വായയോ ചലിക്കും, തടയരുത്!
തമ്പാക്കോ ച്യൂയിങ് ഗമ്മോ പെപ്സിയോ മദ്യമോ
എന്തു തിന്നണമെന്തു കുടിക്കണമെന്നതെന്റെ അവകാശമല്ലേ?

എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്
എന്റെ സ്വകാര്യതയിൽ എത്തിനോക്കരുത്
പുതിയ പ്രിൻസിപ്പാൾ രാജിവയ്ക്കുക
എന്നെ നിരുപാധികം തിരിച്ചെടുക്കുക!“