Thursday 28 November 2013

മൂന്നു ലോകങ്ങളിലൂടെ

രാവിലെ എണീറ്റതേ നല്ല തലവേദനയുമായിട്ടാണ്. കുളിമുറിയിൽ കയറിയപ്പോൾ പൈപ്പിൽ വെള്ളമില്ല. വെള്ളവും വെളിച്ചവുമില്ലെങ്കിൽ ഫ്ലാറ്റ് ജീവിതം നരകം തന്നെ. ഇനി വെള്ളം കിട്ടാൻ കുറേ സമയമെടുക്കും. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എടുത്ത് അത്യാവശ്യം പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു എന്നു വരുത്തി. ഡ്രസ്സ് ചെയ്യുന്നതിനിടയിൽ ഭാര്യ പറഞ്ഞു.

“ഇന്ന് ചായയില്ല. ഗ്യാസ് തീർന്നു.”

“രാവിലെ നിന്റെ മരമോന്ത കണികണ്ടപ്പോഴേ ഞാൻ ഓർത്തതാ..“ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. പക്ഷേ അത് അവൾക്ക് അത്ര പിടിച്ചില്ല.

“നാളെ മുതൽ ഒരു കണ്ണാടി അടുത്ത് വച്ചിട്ടു വേണം ഉറങ്ങാൻ. എണീറ്റുടനെ അത് എടുത്ത് നോക്കിയാൽ മതി. ഗ്യാസിനും വെള്ളത്തിനുമൊന്നും ഒരു മുട്ടും വരില്ല”

ഇനി അതിന് മറുപടി പറഞ്ഞാൽ മുട്ടൻ വഴക്കാകുമെന്നറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ പതുക്കെ പുറത്തേക്കിറങ്ങി. കമ്പനിയിലേക്ക് അരമണിക്കൂർ ഡ്രൈവ് ഉണ്ട്. ഞാൻ കാറ് സ്റ്റാർട്ടു ചെയ്ത് മുന്നോട്ട് നീങ്ങി.  കുറച്ച് ദൂരം ചെന്നപ്പോഴാണ് പുറകിലെ ഏതോ ഒരു ഡോർ അടച്ചിട്ടില്ലെന്ന് മനസ്സിലായത്. ഞാൻ വണ്ടി പതുക്കെ സൈഡിലേക്കൊതുക്കി. ഡോറു തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും വണ്ടി ഭയങ്കര ശബ്ദത്തോടെ ആകെ ഒന്ന് കുലുങ്ങി. ഞാൻ പെട്ടന്ന് ചാടിയിറങ്ങി. കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ, ഏതോ ഒരുത്തൻ പുറകിൽ കൊണ്ട് ഇടിച്ചിരിക്കുന്നു. ആജാനുബാഹുവായ ഒരു സൗദി ആ കാറിൽ നിന്നും ഇറങ്ങി.

“അസ്സലാമു അലൈക്കും. Good Morning. How are you?"

നാട്ടിലായിരുന്നെങ്കിൽ തന്തയ്ക്കുവിളിയും അടിയും നടക്കേണ്ട സീൻ.

"വ അലൈക്കും അസ്സലാം. I'm fine. What about you?" അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അവനോട് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് നടുറോഡിൽ ഒരു മണിക്കൂർ കഴിച്ചുകൂട്ടിയപ്പോഴാണ് ട്രാഫിക് പോലീസ് എത്തുന്നത്. അവരുടെ ചടങ്ങുകളെല്ലാം കഴിഞ്ഞ് കമ്പനിയിലെത്തിയപ്പോഴേക്കും രണ്ടു മണിക്കൂർ ലേറ്റ്.

എന്തായാലും ബോസ് നല്ല മൂഡിലായിരുന്നു. എന്നെ കയ്യിൽ കിട്ടയപാടെ മറ്റാർക്കോ കരുതിവച്ചിരുന്ന തെറിയെല്ലാം ഒറ്റ ശ്വാസത്തിൽ വിളിച്ചുതീർത്തു. അങ്ങേര് ശ്വാസം എടുക്കുന്ന സമയത്ത് ഞാൻ ആക്സിഡന്റിന്റെ കാര്യം പറഞ്ഞു. അതോടെ കൂടുതൽ ഒന്നും പറയാതെ എന്നെ വെറുതേവിട്ടു.

ഓഫീസിൽ പിടിപ്പതു പണിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാൻ കുറച്ചു വൈകി. അപ്പോഴാണ് ഭാര്യയുടെ കോൾ വരുന്നത്. കുഞ്ഞ് ഓടികളിക്കുന്നതിനിടയിൽ മൂക്കിടിച്ചു വീണു. മൂക്കിൽ നിന്ന് ചോരവരുന്നു. ആശുപത്രിയിൽ കൊണ്ടു പോകണം. വീട്ടിലെത്തിയപാടെ അവരെയും കൊണ്ട് ആശുപത്രിയിലേക്കോടി. അവിടെയാണെങ്കിൽ തിരക്കോട് തിരക്ക്. എല്ലാ പിള്ളാർക്കും ഒരുമിച്ച് അസുഖം വന്നോ എന്ന് സംശയിച്ചു പോകും. രണ്ടു മണിക്കൂർ കാത്തിരുന്ന് ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ് അല്പം ആശ്വാസമായത്.

സംഭവബഹുലമായ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അന്ന് നടന്ന ഓരോ കാര്യങ്ങളെക്കുറിച്ചും ഓർത്തു. ജീവിതം സുഖദുഃഖങ്ങൾ നിറഞ്ഞതാണെന്ന് ആശ്വസിച്ചു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു. ഈ ഭൂലോകം എന്നിൽ നിന്നും മറഞ്ഞു.

................................................................................................

ഞാൻ വളരെ വേഗത്തിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നു! അതാ എന്റെ കാറിന്റെ തൊട്ടുപുറകിൽ മറ്റൊരു കാർ. ആജാനുബാഹുവായ ഒരുത്തനാണ് അത് ഓടിക്കുന്നത്. അവൻ എന്റെ കാറിൽ ഇടിക്കാൻ വരുന്നു. ഞാൻ ഒരു ചുവന്ന ബട്ടണിൽ ഞെക്കി. അവന്റെ കാറിനെ ബഹുദൂരം പിന്നിലാക്കി എന്റെ കാർ ആകാശത്തിലേക്കുയർന്നു. ഹാരിപോർട്ടർ സിനിമകളിൽ കാണുന്നതുപോലെ ഞാനും കാറും വൃക്ഷങ്ങൾക്കും മലകൾക്കും അരുവികൾക്കും മുകളിലൂടെ പറന്നുയർന്നു. ഞാൻ താഴോട്ടു നോക്കി. ഒരു കറുത്ത പൊട്ടുപോലെ കാണുന്നത് എന്റെ മകനല്ലേ! ഞാൻ കാറു താഴേക്ക് താഴ്ത്തി. അവൻ എന്തിനേയോ കണ്ട് ഓടുന്നു. ഞാൻ വീണ്ടും കാർ താഴ്ത്തി. അവനെ ഒരു പശു ഓടിക്കുകയാണ്. ഞാൻ ഗ്ലാസ് തുറന്ന് കൈ പുറത്തേക്കിട്ടു. പശുവിന് ഇടിക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ എന്റെ കയ്യിൽ തൂക്കിയെടുത്തു. അവൻ പശുവിനെ നോക്കി കോക്രി കാണിച്ചിട്ട് കുടുകുടെ ചിരിച്ചു. ഭുവർ ലോകവും എന്നിൽ നിന്നും മാഞ്ഞു.

................................................................................................

ഇപ്പോൾ ഞാൻ ശാന്തനാണ്. ഒരു വികാരവും എന്നെ ബാധിക്കുന്നില്ല. സുഖവും ദുഃഖവും പ്രയാസവും ടെൻഷനും ഉത്തരവാദിത്തങ്ങളും ഒന്നും എനിക്കില്ല. ചെയ്തു തീർക്കാനുള്ളതൊന്നും എന്നെ അലട്ടുന്നതേയില്ല. ചുറ്റുമുള്ളതൊന്നും എനിക്ക് ബാധകമേയല്ല. ഞാൻ ആരാണെന്നു തന്നെ എനിക്കറിയില്ല. ഈ സ്വർലോകം എന്ത് നല്ലതാണ്.

................................................................................................

ടൈംപീസിന്റെ ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. പതിനഞ്ചര മണിക്കൂർ ഭൂലോകത്തിലും അര മണിക്കൂർ ഭുവർലോകത്തിലും എട്ടു മണിക്കൂർ സ്വർലോകത്തിലും കഴിഞ്ഞിട്ട് ഞാൻ വീണ്ടും ജനിച്ചിരിക്കുന്നു. മറ്റൊരു പ്രഭാതത്തിലേക്ക്.

Sunday 24 November 2013

കുന്നിക്കുരു - 11

ക്ഷണനേരമൊരു ഭാരത്തെ
വയറ്റിൽ കൊണ്ടു പോകുമോ?
പത്തുമാസക്കാലം താൻ
അമ്മ ചുമക്കുന്നു കുഞ്ഞിനെ.
അമ്മതൻ പാൽ കുടിച്ചിട്ട്
ജീവിപ്പൂ കൊച്ചുകുട്ടികൾ
പശുവിൻ പാൽ കുടിച്ചിട്ടും
ജീവിപ്പൂ കൊച്ചുകുട്ടികൾ
ശിശുവിന്റെ മനം പോലെ
ആയിത്തീരുക സർവ്വരും
നിഷ്ക്കളങ്ക മനസ്സുക്കൾ
എത്തുന്നു ദൈവസന്നിധി.
യൗവ്വനം സൂര്യനെപ്പോലെ
തിളങ്ങീടണമേവരും
സർവ്വലോക ജനത്തിന്റെ
സർവ്വ ഉന്നതിയാണവർ.
രോഗം തന്നെ മനുഷ്യന്റെ
ജീവിത ക്ലേശമായതും
രോഗശാന്തി ലഭിച്ചീടാൻ
കർമ്മം തന്നെയുമാശ്രയം.
ശിശുവിന്റെ മനം പോലെ
ആകുന്നു വൃദ്ധമാനസം
ആശ്രയിക്കാതെയാരേയും
കഴിയാ വൃദ്ധജനത്തിന്.
ഉള്ളിലെ നന്മ നൽകുന്നു
സുഖമായൊരു ജീവിതം
തിന്മ നൽകുന്നു ദുഃഖങ്ങൾ
ദുഃഖം സമ്പാദ്യമല്ല കേൾ.
അമ്മ തൻ കുഞ്ഞിനെ നോക്കി
രക്ഷിച്ചീടുന്നതെന്ന പോൽ
ഈശ്വരൻ നമ്മെ നോക്കുന്നു
ശിക്ഷയും നൽകിയെപ്പൊഴും.

സോമദാസ്

Wednesday 20 November 2013

ചിലവ്

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ഒരാഴ്ചയോളമായി. അവധിക്കാലമായതിനാൽ മടി പിടിച്ചിരിക്കാനുള്ള ഒരു പ്രവണത കൂടുതലായിരുന്നു. എങ്കിലും ചെയ്തു തീർക്കാനുള്ള കടമകൾ നിർവ്വഹിക്കണമല്ലോ എന്നോർത്ത് ഞാൻ എഴുന്നേറ്റു. ഗൾഫിലുള്ള സുഹൃത്തുക്കളിൽ പലരും അവരുടെ വീട്ടിൽ കൊടുക്കാനായി ചില സാധനങ്ങൾ തന്നയച്ചിട്ടുണ്ട്. അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം. ആദ്യം തന്നെ വിജയേട്ടന്റെ വീട്ടിൽ പോകാം എന്ന് നിശ്ചയിച്ച് ചെല്ലുന്ന കാര്യം വിളിച്ചറിയിച്ചു.

രണ്ടു മൂന്ന് ബസ്സ് കയറി വേണം അവിടെ എത്താൻ. ബസ്സിൽ ഇരിക്കുമ്പോൾ മുഴുവനും വിജയേട്ടനായിരുന്നു മനസ്സിൽ. ഒരു കൈലിയുമുടുത്ത് അടുക്കളയിൽ കുപ്പൂസിനുള്ള കറി ഉണ്ടാക്കുന്ന വിജയേട്ടൻ. അവിടെ ഒരു കമ്പനിയിലെ വെൽഡറാണ് കക്ഷി. തുച്ഛമായ ശമ്പളം. അതുകൊണ്ടുതന്നെ വളരെ ചിലവ് ചുരുക്കിയുള്ള ജീവിതം. ചിലവ് കൂടുമെന്ന് പേടിച്ച് കടകളിലേക്കൊന്നും പുള്ളിക്കാരൻ പോകാറില്ല. സാധനങ്ങൾ വല്ലതും വേണമെങ്കിൽ ആരുടെയെങ്കിലും കയ്യിൽ പണം കൊടുത്തയക്കുകയാണ് പതിവ്. ചിലവ് ചുരുക്കുന്ന കാര്യത്തിൽ ഞങ്ങളുടെയെല്ലാം ഒരു മാതൃകയായിരുന്നു വിജയേട്ടൻ. എങ്കിലും പുള്ളിക്കാരന് കടത്തിന്റെ പുറത്ത് കടമാണ്. കിട്ടുന്ന ശമ്പളം മുഴുവൻ കടം തീർക്കാനെ ഉണ്ടാകൂ.

രണ്ടു വർഷത്തിലൊരിക്കലേ വിജയേട്ടൻ നാട്ടിലേക്ക് പോകാറുള്ളൂ. കാരണം കമ്പനി രണ്ടു വർഷത്തിൽ ഒരിക്കലേ ടിക്കറ്റ് കൊടുക്കാറുള്ളൂ എന്നത് മാത്രമല്ല. ഓരോതവണ നാട്ടിലേക്ക് പോകുമ്പോഴുള്ള ചിലവുകൾ ഭയങ്കരമാണെന്നാണ് പുള്ളിക്കാരന്റെ അഭിപ്രായം. സാധാരണ നാട്ടിൽ പോകുന്നതിന് ഒരു മാസം മുൻപ് വിജയേട്ടൻ ഒരു ചിട്ടി തുടങ്ങുന്ന പതിവുണ്ട്. ആദ്യത്തെ ചിട്ടി ഉടമസ്ഥനാണെന്നാണ് നിയമം. അങ്ങനെ കിട്ടുന്ന പണവുമായാണ് നാട്ടിലേക്ക് പോകാറുള്ളത്. തിരിച്ചു വന്നാൽ പിന്നെ ചിട്ടി അടയ്ക്കാനേ ശമ്പളം തികയൂ.

ഒരോന്ന് ചിന്തിച്ചിരുന്ന് സ്ഥലം എത്തിയതറിഞ്ഞില്ല. ബസ്സിൽ നിന്നിറങ്ങി ഞാൻ ചുറ്റും നോക്കി. സാമാന്യം വലിയ ഒരു മുക്ക്. അടുത്തു കണ്ട ബേക്കറിയിൽ അന്വേഷിക്കാമെന്ന് കരുതി അങ്ങോട്ടു നടന്നു.

“ഈ വിജയൻ എന്നു പറയുന്ന ആളുടെ വീടേതാ?” ഞാൻ കടക്കാരനോട് തിരക്കി.

“വിജയനോ?”

“അതെ, സൗദിയിൽ ജോലി ചെയ്യുന്ന..”

“ഓ! ഗൾഫ് വിജയൻ. ദാ ഇവിടുന്ന് മൂന്നാമത്തെ വീട്”

നന്ദി പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു. വിജയേട്ടന് ഇവിടെ നല്ല പേരാണ്. ‘ഗൾഫ് വിജയൻ!‘

മൂന്നാമത്തെ വീട് തിരക്കി പോയ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു മണിമാളിക ആയിരുന്നു. വീടുതെറ്റിയതായിരിക്കുമോ എന്ന് സംശയിച്ച് മടിച്ചു മടിച്ചാണ് ആ വലിയ ഗേറ്റ് തുറന്നത്. അകത്തേക്കു കയറിയ വേഗത്തിൽ തന്നെ പുറത്തുചാടി. പട്ടികൾ ഓടിച്ചിട്ടു കടിച്ച പ്രതീതി. ഗേറ്റിന്റെ തൊട്ടടുത്തായിരുന്നു പട്ടിക്കൂട്. പട്ടികൾ രണ്ടും കൂട്ടിനകത്തുതന്നെയാണെന്ന് ഉറപ്പു വരുത്തിയിട്ട് വീണ്ടും അകത്തേക്ക് കടന്നു. മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിരിക്കുന്നു. രണ്ടുവശത്തും പൂന്തോട്ടം. കാർപോർച്ചിൽ ഒരു വിലകൂടിയ കാറ്. വലിയ വീട്. എല്ലാം കണ്ട് പകച്ചു നിന്ന എന്നെ ഒരു പ്രൗഢയായ സ്ത്രീ അകത്തേക്ക് ക്ഷണിച്ചു. ഞാനാരാണെന്ന് വെളിപ്പെടുത്തിയപ്പോൾ സന്തോഷത്തോടെ അകത്ത് സ്വീകരിച്ചിരുത്തി. അകത്തും ആർഭാടത്തിനൊരു കുറവും വരുത്തിയിട്ടില്ല.

"ഭാര്യയേയും മക്കളേയും എന്തേ കൊണ്ടുവരാതിരുന്നത്?” വിജയേട്ടന്റെ ഭാര്യ ചോദിച്ചു.

“ഓ, ഞാൻ ഒറ്റയ്ക്ക് ബസ്സിൽ ഇങ്ങ് പോരുന്നു. ഇനി വേറെ രണ്ടുമൂന്നിടത്തും കൂടി കയറാനുണ്ട്.”ഞാൻ പറഞ്ഞു.

എന്തായാലും അടിപൊളി ഒരു ശാപ്പാടായിരുന്നു പുള്ളിക്കാരി ഒരുക്കിയിരുന്നത്. ഭക്ഷണത്തിനിടയിൽ വിജയേട്ടനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരുന്നു.

“ഏട്ടൻ എന്തായാലും ഇപ്പോൾ ദൈവം സഹായിച്ച് കമ്പനിയിൽ നല്ല ഒരു പൊസിഷനിൽ ആണ്. നല്ല ശമ്പളം. ഫ്ലാറ്റും വസ്ത്രങ്ങളുമൊക്കെ വൃത്തിയാക്കാൻ വരെ ആളുണ്ട്. കമ്പനി കാർ. അതിന്റെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ട്.“

ഞാൻ ഒന്നും മിണ്ടിയില്ല. വിഭവസ‌മൃദ്ധമായ ഭക്ഷണവും കഴിച്ച് വിജയേട്ടന്റെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് തിരിച്ചിറങ്ങുമ്പോഴും കൂട്ടിനകത്തു കിടന്ന് പട്ടികൾ കുരച്ചുകൊണ്ടേയിരുന്നു. അതിലൊരു പട്ടി കുര നിർത്തി തറയിൽ കിടന്ന മുട്ട പപ്സ് തിന്നാൻ തുടങ്ങി. അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് കുപ്പൂസും കടിച്ച് കഴിയുന്ന വിജയേട്ടന്റെ ചിത്രമായിരുന്നു.

വെക്കേഷൻ എല്ലാം കഴിഞ്ഞ് ഞാൻ തിരികെ സൗദിയിൽ എത്തിയപ്പോൾ കേട്ട വാർത്ത നിതാഖത്ത് മൂലം പണി പോയവരുടെ കൂട്ടത്തിൽ വിജയേട്ടനും ഉണ്ടെന്നായിരുന്നു. കമ്പനിയിൽ നിന്നു പിരിഞ്ഞു പോയപ്പോൾ കിട്ടിയ തുക മുഴവൻ ഇവിടുത്തെ കടം തീർത്തിട്ട് വിജയേട്ടൻ നാട്ടിലേക്ക് വിമാനം കയറി. ഇനി എന്തെന്നറിയാതെ.

“നാം സത്യനിഷ്ഠരായിരിക്കണം. നമ്മുടെ പത്തിൽ ഒൻപത് ഭാഗം ഊർജ്ജവും ചെലവഴിക്കപ്പെടുന്നത് നാമല്ലാത്തത് നാമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ്. നാം ആകേണ്ടതിനുവേണ്ടി ആ ഊർജ്ജം ചിലവഴിക്കപ്പെട്ടാൽ അതാണ് നേരായ വഴിക്കുള്ള ചിലവിടൽ.” സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി.

Sunday 17 November 2013

ബോധക്കേട്

ഞാൻ ഇടവഴിയിലൂടെ നടന്നു. പഴയകാലത്തെ വഴി. അധികം വീതിയില്ലാതെ രണ്ടു ഭാഗത്തും ഉയർന്ന കയ്യാലകൾ. കുറേ ദൂരം നടന്നപ്പോൾ എതിരേ എന്തോ വരുന്നതായി തോന്നി. ആദ്യം അതൊരു കറുത്ത രൂപമായിരുന്നു. അടുത്തു വരുന്തോറും സ്പഷ്ടമായി കണ്ടു; ഒരു ആന! ആന നേരെ നടന്നു വരികയാണ്. ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി. അത് എന്നെ ക്രുദ്ധമായി നോക്കി എന്റെ നേരെ നടന്നടുത്തു. എന്റെ ശരീരം മുഴുവനും ഒരു മരവിപ്പ് ബാധിച്ചു. ഞാൻ തിരിഞ്ഞോടി. എന്റെ സർവ്വ ശക്തിയുമെടുത്ത് ഓടി. കുറേ ഓടിയിട്ട് തിരിഞ്ഞു നോക്കി. ആന എന്റെ തൊട്ടു പിന്നിൽ. വീണ്ടും ശരീരം വിറച്ചു; ശക്തി സംഭരിച്ചുകൊണ്ട് ഓടി. തൊട്ടുമുന്നിൽ എന്തോ തൂങ്ങിക്കിടക്കുന്നു. പെട്ടന്ന് എനിക്കു മനസ്സിലായി; അതൊരു ഊഞ്ഞാലാണ്! അതിൽ കയറിയിരുന്നു. അത് എന്നേയും കൊണ്ട് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഞാൻ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തു. ഉയരത്തിലിരുന്ന ഞാൻ താഴേക്കു നോക്കി. താഴെനിന്നും ഒരു തുമ്പിക്കൈ പൊങ്ങിവന്ന് ഊഞ്ഞാലിനു തൊട്ടടുത്തായി നിൽക്കുന്നു. ഞാൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് മേല്പോട്ടു പൊങ്ങി. വീണ്ടും അതാ തുമ്പിക്കൈ പൊങ്ങി വരുന്നു. അത് എന്നെ ഒറ്റത്തട്ട്. ഞാൻ ഊഞ്ഞാലിൽ നിന്നും തെറിച്ചു താഴെവീണു. ഒരു വലിയ പഞ്ഞിക്കെട്ടിൽ ആണ്ടിറങ്ങുന്നതുപോലെ തോന്നി. കൂടെ ശ്വാസം മുട്ടലും. പെട്ടെന്ന് ഞാൻ ബോധം കെട്ടു.

ഒരു ശബ്ദം കേട്ടു ഞാൻ സാവധാനം ഉണർന്നു. “എന്തിനാ മോനേ കരയുന്നത്?” ഞാൻ കണ്ണുതുറന്നു നോക്കിയെങ്കിലും കുറേസമയത്തേക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അമ്മയുടെ മടിയിൽ കിടന്ന് ഏങ്ങലടിച്ചു കരയുന്നു. ഞാൻ സ്വപ്നം കാണുകയായിരുന്നെന്ന് അമ്മ പറയുന്നതു കേട്ടു. എനിക്കും അത് മനസ്സിലായിത്തുടങ്ങി. എന്നിരുന്നാലും എന്റെ ഭയത്തോടെയുള്ള കരച്ചിൽ കുറച്ചുനേരം വെറുതേ തുടർന്നുകൊണ്ടിരുന്നു.

എന്റെ കുട്ടിക്കാലത്തു കണ്ട ആ സ്വപ്നം പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. അത് സ്വപ്നമായിരുന്നെങ്കിലും സ്പഷ്ടവും അതുകൊണ്ടുതന്നെ ഭീതിദവുമായിരുന്നു. ഈ ലൗകിക ജീവിതവും ഇതുപോലെ ദീർഘവും ദൃഢവുമായ ഒരു സ്വപ്നമല്ലേ? ആ‍ന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഞാൻ താഴേക്കു വീണു തെളിഞ്ഞതുപോലെ ജീവിതാവസാനം ഒരു തട്ടുകൊണ്ട് ബോധം കെട്ട് നമ്മളെല്ലാപേരും മറ്റൊരു ലോകത്ത് തെളിയും. സ്വപ്നത്തിൽ നിന്നും ഉണർന്ന് തെളിയുമ്പോൾ ഇതേവരെയും കണ്ടത് സ്വപ്നമായിരുന്നല്ലോ എന്ന് അതിശയിക്കുന്നതുപോലെ, ഈ ജീവിതത്തിൽ നിന്നും, മരണം എന്ന ഞെട്ടിയുണരലിലൂടെ മറ്റൊരു ലോകത്തെത്തുമ്പോൾ ഇതേവരെയും കണ്ട ജീവിതവും സ്വപ്നമായിരുന്നല്ലോ എന്ന് അത്ഭുതപ്പെടും. ഇതറിഞ്ഞവരല്ലേ “സ്വപ്നസന്നിഭം ലോകം” എന്ന് പറയുന്നത്. സ്വപ്നം കാണുമ്പോൾ എപ്രകാരമാണോ ഇത് സ്വപ്നമാണെന്ന് തോന്നാത്തത് അപ്രകാരം തന്നെയാണ് ലൗകിക ജീവിതത്തേയും നോക്കിക്കാണുന്നത്. ഇതുകൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾ ലൗകിക ജീവിതത്തിലേക്ക് ആണ്ടുപോകുന്നതും.

ഇപ്പോൾ ഞാൻ സ്വപ്നത്തെ ഭയപ്പെടുന്നില്ല. കാരണം അത് എത്ര ഭയത്തെ ഉണ്ടാക്കിയാലും ഉണർന്ന് സുരക്ഷിതമായി ഇരിക്കാമല്ലോ എന്നോർത്ത്. ഇതുപോലെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ ദുഃഖങ്ങളേയും ‘സ്വപ്നസന്നിഭം’ എന്നുകരുതി അവഗണിക്കാറുമുണ്ട്. എന്നാൽ ശാരീരികവ്യഥകളേയും വിശപ്പിനേയും സ്വപ്ന സന്നിഭത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്!

 സോമദാസ്

Tuesday 5 November 2013

കുന്നിക്കുരു - 10


എല്ലാർക്കും ദൈവമൊന്നെന്നു
എല്ലാരും പറയുമെങ്കിലും
പല പേരിലതാക്കീട്ട്
പഴിചാരുന്നു തങ്ങളിൽ.


ഇവിടാണെന്നൊരു കൂട്ടർ
അവിടില്ലെന്നു മറ്റവർ
എവിടാണെന്നറിയാതെ
എവിടേക്കോ തിരിയുന്നഹോ.


എല്ലാത്തിന്റേയുമുൽ‌പ്പത്തി
എല്ലാത്തിന്റെ മടക്കവും
എല്ലാം നന്നായറിയുന്നോൻ
ഭഗവാനെന്നു ചൊല്ലിടും.


ദൈവം വാഴുന്നു സ്വർഗ്ഗത്തിൽ
വാഴുന്നൂ നരകത്തിലും
ദൈവം നരകത്തിലില്ലെങ്കിൽ
സർവ്വ വ്യാപിത്വമെങ്ങനെ?


പ്രാർത്ഥിച്ചീടുന്നു മർത്യൻ
തൻ കാര്യം സാധിക്കുവാൻ
തൻ കാര്യത്തിനു നിർത്തുണ്ടോ
പ്രാർത്ഥനക്കൊരു നിർത്തിനായ്!


ആചാര വിശ്വാസങ്ങൾ
പലതാണെന്നിരിക്കിലോ
ദേവസന്നിധിയിലെല്ലാം
ഒന്നാണെന്നു ധരിക്കണം.


അനിഷ്ടങ്ങൾ എന്തുവന്നാലും
ധർമ്മത്തിൻ പാത നോക്കിയും
ദൈവസങ്കല്പമായിട്ട്
ജീവിതം ധന്യമാക്കണം.


വാതിൽ മുട്ടി വിളിക്കേണ്ട
ദൈവത്തെ കണ്ടിടാൻ സഖേ
നമുക്കു വേണ്ടീട്ടെപ്പോഴും
ദൈവം വാതിൽ തുറന്നിടും.
ദൈവമില്ലെന്നു ചൊല്ലുന്നോർ
അതുതാൻ ചൊല്ലുമെങ്കിലും
എന്തെങ്കിലും ഉള്ളതായ് ചൊന്നാൽ
അതു ദൈവമെന്നോർക്കണം.


സോമദാസ്