Saturday 28 April 2012

പതിനഞ്ചാം നൂറ്റാണ്ട്


അത്യുഗ്രമായ വെയിലില്‍ നിന്നും അല്പം ആശ്വാസം ലഭിക്കാന്‍ പട്ടണത്തിലെ പാതയോരത്തെ ചെറിയ കടയുടെ വശത്തുള്ള ചെറിയ തണലില്‍ ഒതുങ്ങിക്കൂടി. എതിര്‍വശത്ത് ഒരു ഫ്ലക്സ് ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. അതിലെ അക്ഷരങ്ങളിലൂടെ ഞാന്‍ കണ്ണോടിച്ചു. “സംസ്ഥാന ചിത്രകലാ പ്രദര്‍ശനം”. അറുപത്തിനാലു കലകളില്‍ നാലാമത്തെ കലയായ “ആലേഖ്യം” എനിക്ക് ഒട്ടും വഴങ്ങുകയില്ലെങ്കിലും ഉഷ്ണശമനം സാധിക്കുമല്ലോ എന്നോര്‍ത്ത് പ്രദര്‍ശന ഹാളില്‍ കയറി. പരിശുദ്ധമായ ചുവരില്‍ ആകര്‍ഷകമായ രീതിയില്‍ വിവിധ ചിത്രകലാനിപുണന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല ചിത്രങ്ങളുടേയും മുന്‍പില്‍ മുതിര്‍ന്നവരും യുവതലമുറക്കാരും കൂടിനിന്ന് ആസ്വാദനവും ചര്‍ച്ചകളും ചെയ്യുന്നു.

ഞാന്‍ കണ്ട മിക്ക ചിത്രങ്ങളുടേയും പൊരുള്‍ എനിക്ക് മനസ്സിലായില്ല. എന്നിരുന്നാലും എല്ലാം അറിയുന്നവനെപ്പോലെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് നടന്നു. വെറുതേ ഒരു ചിത്രത്തിനു മുന്‍പില്‍ നിന്നു. രാജവീഥിയിലൂടെ ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം. ആ സ്ത്രീക്ക് അസാധാരണ ഉയരം. ചെറിയ തല. അനുയോജ്യമല്ലാത്ത മൂക്കും കണ്ണും. കാലുകളേക്കാള്‍ നീളമുള്ള കൈകള്‍. ഞാന്‍ ചിന്തിച്ചു. ഈ സ്ത്രീ ആ റോഡിന് കുറുകേ കിടന്നാല്‍ പാദവും തലയും റോഡിന്റെ വശങ്ങള്‍ക്ക് വെളിയിലായിരിക്കും. ആളുകള്‍ എന്നെ മുട്ടിയുരുമി പോയപ്പോള്‍ ഞാന്‍ ചിന്ത നിര്‍ത്തി മുന്നോട്ട് നടന്നു.

മറ്റൊരു ചിത്രത്തിനു മുന്‍പില്‍ യുവചിത്രകാരന്മാര്‍ കൂട്ടം കൂടിയിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു നോക്കി. നല്ല കടുത്ത വര്‍ണ്ണങ്ങളിലുള്ള ചിത്രം. ഒരു സ്ത്രീശരീരത്തിന്റെ പല ഭാഗങ്ങളും പല സ്ഥലങ്ങളിലായി വരച്ചിരിക്കുന്നു.വളരെ നേരത്തെ പ്രയത്നം കൊണ്ടേ ഒരു അവയവത്തെ കണ്ടെത്താന്‍ കഴിയൂ! ഒരു കണ്ണ്, ഒരു ചെവി, ഒരു കൈ എന്നിവ വളരെ ശ്രമം ചെയ്ത് ഞാന്‍ കണ്ടെത്തി.

അടുത്ത ചിത്രത്തിന് മുന്‍പില്‍ കൂടുതല്‍ ആധുനികര്‍ ഉണ്ട്. ചിത്രം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയത് പുറത്തു പറയാന്‍ മനസ്സ് വന്നില്ല. എങ്കിലും ഞാന്‍ ആത്മഗതം ചെയ്തു. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയിലെ അരയാലിന്‍ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് മുകളില്‍ പറവകള്‍ കാഷ്ഠിച്ചപ്പോള്‍ കണ്ട സുകുമാര രൂപം അതേപടി അതിമനോഹരമായ ചായക്കൂട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂടിനിന്നവര്‍, ഉന്നതം, ഉദാത്തം, ഉല്‍കൃഷ്ടം പിന്നെ കുറേ ആംഗലേയ പദങ്ങളും ചേര്‍ത്ത് വിശേഷിപ്പിക്കുന്നു. മൈസൂര്‍ ആര്‍ട്ട് ഗാലറിയില്‍ രാജാ രവിവര്‍മ്മയുടെ ‘വിളക്കേന്തിയ കന്യക’ എന്ന ചിത്രം ഞാന്‍ മുന്‍പ് കണ്ടിരുന്നു. വിളക്കിന്റെ പ്രകാശവും ദീപം അണയാതിരിക്കാന്‍ കൈ പിടിച്ചപ്പോള്‍ വിരലുകള്‍ക്കിടയില്‍ കൂടി പുറത്തുവരുന്ന പ്രകാശത്തനിമയും മനസ്സില്‍ മിന്നിമറഞ്ഞു.

എന്റെ ഉഷ്ണം മിക്കവാറും ശമിച്ചിരുന്നു. ഞാന്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഒരു സുഹൃത്ത് ഒരു ബാറിന് മുന്‍പില്‍ വച്ച് പറഞ്ഞതാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്. “താന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിക്കേണ്ട ആളാണ്”!! ശരിയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിച്ചാല്‍ മതിയായിരുന്നു.

സോമദാസ്