Saturday 16 February 2013

കുന്നിക്കുരു - 2

മനനം ചെയ്യുന്ന മാനുഷന്‍‌
മൗനിയായിട്ടിരുന്നിടും
മൗനിയാകുന്ന മര്‍ത്ത്യന്‍ താന്‍‌
‘മുനി’യെന്നു ഗണിച്ചിടും.
അറിവുണ്ടെന്നു ഭാവിച്ചാല്‍‌
അറിവില്ലാത്തവനായിടും
അറിവില്ലെന്ന് ഭാവിച്ചാല്‍‌
അറിയുന്നവനുമായിടും.
 
യോഗം സിദ്ധിച്ച പുണ്യവാന്‍‌
യോഗിയാണെന്നു ലോകവും
യോഗമില്ലാത്ത മാനുഷന്‍‌
യോഗമില്ലാത്തവനായിടും.
 
പുണ്യവും പാപവുമില്ല
കര്‍മ്മവും കര്‍മ്മസാക്ഷിയും
ബന്ധനം മോക്ഷമില്ലാത്ത
മാനുഷന്‍ അവധൂതനാം.
 
വിദ്യയാര്‍ജിച്ച മാനുഷന്‍
വിദ്യയെ സംരക്ഷിച്ചിടും
വിദ്യയില്ലാത്ത മാനുഷന്‍‌
വിദ്വാനെ പരിഹസിച്ചിടും.
 
വിദ്യ നല്‍കുന്ന വിദ്വാന്
വിദ്യ നല്‍കുന്നു കീര്‍ത്തിയും
വിദ്യയെ ശരണമാക്കീടില്‍‌
വിദ്വാനായി ഭവിച്ചിടും.
 
വാക്കാണു സത്യം
വാക്കാണു ശക്തി
വാക്കാണു ശീതം
വാക്കാണു ദോഷം.
 
മനഃശുദ്ധിയതുപിന്നെ
വാക്ശുദ്ധിയുമെന്നപോല്‍‌
ഭക്ഷ്യശുദ്ധി ദേഹശുദ്ധി
കര്‍മ്മശുദ്ധിയുമെന്നിവ
 
വസ്ത്രശുദ്ധിയുമുള്ളോരു
മാനുഷര്‍ കുറവെങ്കിലും
ആറു ശുദ്ധിയെയാര്‍ജിക്കില്‍‌
ശ്രേഷ്ഠനായീടുമാനരന്‍‌.
 
മതിയുള്ളോരുമര്‍ത്ത്യന്ന്
മതിഭ്രമവുമൊത്തിടാ
മതിയെ മതിയെന്നു കണ്ടീടില്‍‌
മതിയില്ലാതെയായിടും.
 
താന്‍ തന്നെ ബന്ധു
താന്‍ തന്നെ ശത്രു
താന്‍ തന്നെ ദുഃഖം
താന്‍ തന്നെ ശാന്തി.
 
ആരോഗ്യം തന്നെയമൃതം
ആരോഗ്യം രോഗമുക്തിയും
ആരോഗ്യമുള്ള ദേഹത്തില്‍‌
ആരോഗ്യമുള്ള ബുദ്ധിയും.
 
ദൂരെനില്‍ക്കുന്ന സൂര്യന്‍‌
ദൂരെ നില്‍ക്കുന്ന ഭൂമിയെ
ദൂരെ നിന്നു തപിപ്പിപ്പൂ
ദൂരെ മാറ്റുന്നിരുട്ടിനെ.
 
നക്ഷത്രഭംഗിയെത്തന്നെ
നഗ്നനേത്രേണകണ്ടിടാം
നക്ഷത്രമില്ലേല്‍ വാനം
നേത്രസൗഖ്യത്തെ നല്‍കിടാ.
മരങ്ങള്‍ തന്നെ പക്ഷിക്ക്
മരണം വരെയാശ്രയം
മരങ്ങളില്ലാത്ത ലോകത്ത്
മരണം തന്നെയാശ്രയം.

സോമദാസ്