Saturday 20 December 2014

കിട്ടാത്ത മുന്തിരിങ്ങ!!

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും പോലും! ആരാ പറയുന്നത്? ഒരു കുറുക്കൻ! കുറുക്കനും മുന്തിരിങ്ങയും തമ്മിലെന്താണു ബന്ധം? വല്ല കോഴിയോ മറ്റോ ആയിരുന്നേൽ വിശ്വസിക്കാമായിരുന്നു. ഇതിപ്പോൾ മുന്തിരിയാണ്. മുന്തിരിങ്ങ പുളിക്കുമെന്നു പറയണമെങ്കിൽ ആ കുറുക്കൻ നേരത്തേ പുളിയില്ലാത്തതും പുളിക്കുന്നതുമായ മുന്തിരികൾ കഴിച്ചിട്ടുണ്ടാകണം.. അല്ലെങ്കിൽ പിന്നെ എങ്ങനെ അറിയും മുന്തിരിയുടെ പുളി!

മനസ്സ് ഇങ്ങനെ കാടുകയറി ചിന്തിക്കുമ്പോഴും കാലുകൾ ചലിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നു മൂക്ക് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. നല്ല മണം. ഞാൻ ഒരു ബ്രോസ്റ്റഡ് കടയുടെ മുന്നിലെത്തിയിരിക്കുന്നു. മണം അറിഞ്ഞതോടെ അതുകഴിക്കാൻ കൊതിയായി. ഞാൻ ചിന്തിച്ചു. ഇതിനേക്കാൾ നല്ല ബ്രോസ്റ്റഡ് ആണു KFC-യുടേത്. അടുത്ത ഗല്ലി കഴിഞ്ഞാൽ ആ കടയായി. എന്തായാലും വാങ്ങുമ്പോൾ നല്ലതുതന്നെ വാങ്ങാമെന്നുകരുതി ഞാൻ അങ്ങോട്ടേക്ക് ആഞ്ഞുനടന്നു.

സലയ്ക്ക് ഇനി അഞ്ചുമിനിട്ടുകൂടിയേ ഉള്ളൂ. സൗദിയിൽ സല സമയത്തു കടകളെല്ലാം അടയ്ക്കും. അതിനു മുൻപ് അങ്ങെത്തണം. ഞാൻ ഒരു നടയോട്ടം നടത്തി വാങ്കു വിളിക്കുന്നതിനു മുൻപ് ഒരുവിധത്തിൽ കടയുടെ വാതിൽക്കലെത്തി. ആശ്വാസത്തോടെ ഞാൻ കതകിലൊന്നു തള്ളി. തുറക്കുന്നില്ല. കുറച്ചുകൂടി ആഞ്ഞു തള്ളി. രക്ഷയില്ല. അകത്ത് ആളുകൾ ഇരുന്നു ഭക്ഷണം കഴിക്കുന്നു. പ്രാർത്ഥനാസമയത്തിന് അഞ്ചു മിനിട്ടു മുൻപുതന്നെ കൗണ്ടർ അടച്ചിരിക്കുന്നു. ഇനി അര മണിക്കൂർ കഴിഞ്ഞേ തുറക്കൂ. വെളിയിലാണെങ്കിൽ ഭയങ്കര തണുപ്പ്. ഇനി നിന്നാൽ പനി പിടിച്ചു കിടപ്പായേക്കും എന്നുതോന്നിയതോടെ ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു.

അത്താഴത്തിനു ചപ്പാത്തിയും വെജിറ്റബിൾ കറിയും ഭാര്യ വിളമ്പുമ്പോൾ ബ്രോസ്റ്റഡിന്റെ മണം എന്റെ മൂക്കിൽ തത്തിക്കളിച്ചു. ഈ ബ്രോസ്റ്റഡിനൊക്കെ എന്താ ടേസ്റ്റ്! നാളെ എന്തായാലും ഒരെണ്ണം വാങ്ങണം.

പിറ്റേന്നു നേരത്തെ തന്നെ കടയിലെത്തി. ബ്രോസ്റ്റഡിന് ഓർഡർ കൊടുത്തു.

“Sir, Pepsi or Cola?" കൗണ്ടർ ബോയിയാണ്.

“No need." ഞാൻ പറഞ്ഞു.

"It's free sir. No need extra money."

ഫ്രീ എന്നു കേട്ടതോടെ ഞാൻ ആവേശത്തോടെ പറഞ്ഞു. “Pepsi!"

ബ്രോസ്റ്റഡുമായി വീട്ടിലേക്കു നടക്കുമ്പോൾ തന്നെ അതു കഴിക്കുമ്പോഴുള്ള സ്വാദ് നാവിൽ നിറഞ്ഞു. ഒപ്പം ഭാര്യയുടെയും മകന്റെയും സന്തോഷവും. ബ്രോസ്റ്റഡ് കണ്ടപ്പോഴേ മകൻ തുള്ളിച്ചാടി. ആ ബഹളത്തിനും സന്തോഷത്തിനുമിടയിൽ അവന്റെ കൈ അറിയാതെ കതകിനിടയിൽ പെട്ടു. പിന്നെ അവിടെ ആകെ നിലവിളിയായി. ഞാൻ ബ്രോസ്റ്റഡ് മേശയിലേക്കെറിഞ്ഞു. കുഞ്ഞിന്റെ ഒരു വിരൽ ചപ്പിയിരിക്കുന്നു. ദൈവമേ ഒടിഞ്ഞുകാണുമോ? ഞങ്ങൾ ഉടനെ അവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി.

ആശുപത്രിയിലെത്തിയപ്പോൾ അവിടെ തൃശൂർ പൂരം. കിട്ടിയ ടോക്കൺ നമ്പർ ‘54‘. ഇനിയും പത്തിരുപത്തഞ്ചുപേർ കഴിഞ്ഞേ ഡോക്ടറെ കാണാൻ കഴിയൂ. കുറച്ചു കഴിഞ്ഞപ്പോൾ മകൻ കരച്ചിൽ നിർത്തി. അവന്റെ വിരൽ പഴയതുപോലെയായി. അവൻ അടുത്തിരിക്കുന്ന കുട്ടിയുമായി കളിയും തുടങ്ങി. ഹോസ്പിറ്റലിൽ പോയതു വെറുതെ ആയി. ഡോക്ടറെ കണ്ടപ്പോൾ ഏതു വിരലിനാണുകുഴപ്പമെന്നു തന്നെ കൺഫ്യൂഷൻ. എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പ്ലാസ്റ്റിക് ഗ്ലാസ്സിൽ കിട്ടിയ പെപ്സി മറിഞ്ഞു ബ്രോസ്റ്റഡ് മുഴുവൻ പെപ്സിയിൽ കുതിർന്നു തണുത്തിരിക്കുന്നു. നനയാത്ത ഭാഗം കുറച്ചെടുത്തു മകനു കൊടുത്തിട്ട് ഞങ്ങൾ ചപ്പാത്തി കഴിച്ചു. കിട്ടാത്ത ബ്രോസ്റ്റഡിനു നല്ല രുചി!

പിറ്റേന്ന് അവധിയായിരുന്നതിനാൽ ഉച്ചയ്ക്ക് തന്നെ പോയി രണ്ട് ബ്രോസ്റ്റഡ് വാങ്ങി. ഫ്രീ കിട്ടിയ പെപ്സി വേറെ കവറിലാക്കാൻ പ്രത്യേകം ഓർത്തു. അങ്ങനെ രണ്ടു ദിവസത്തെ പരിശ്രമത്തിനൊടുവിൽ ബ്രോസ്റ്റഡ് കഴിക്കാൻ കിട്ടി. അത്രയും രുചിയോടെ അതു മുൻപ് കഴിച്ചിട്ടില്ല! അപ്പോഴാണ് സുഹൃത്തിന്റെ കാൾ! വൈകിട്ട് ഒന്നും വെക്കണ്ട! അവൻ ഭക്ഷണം വാങ്ങിക്കൊണ്ടുവരും! ഭാര്യയ്ക്കു സന്തോഷമായി. അവൾ അടുക്കള പൂട്ടി താക്കോൽ അലമാരിയിൽ വച്ചു.

വൈകുന്നേരം അവനെത്തി. കയ്യിൽ നാലു ബ്രോസ്റ്റഡ്! ഉച്ചയ്ക്ക് കഴിച്ചതുതന്നെ ദഹിച്ചില്ല! ഒരേ ദിവസം തന്നെ ബ്രോസ്റ്റഡ് രുചിയും മടുപ്പും നൽകി. അപ്രാപ്യമായതിനു രുചി കൂടും. പ്രാപ്യമായതിനു പുളിയും!

Monday 1 December 2014

സഞ്ചാരം

തീവണ്ടി സ്റ്റേഷനിൽ നിന്നും സാവധാനം നീങ്ങി. ക്രമേണ അതിന്റെ വേഗത കൂടി. അതീവശക്തിയോടും വേഗതയോടും വണ്ടി പാഞ്ഞുകൊണ്ടിരുന്നു. അതിൽ ഇരിക്കുന്നവർ സന്തോഷത്തോടെ എല്ലാം മറന്ന് ആനന്ദിച്ചിരുന്നു.

ദീർഘസമയത്തെ ഓട്ടത്തിൽ വണ്ടിക്ക് യാതൊരു ക്ഷീണവും തോന്നിയിരുന്നില്ല. പെട്ടെന്ന് ഒരു ശബ്ദം; ഒരു കുലുക്കം. വണ്ടിയുടെ വേഗത കുറഞ്ഞു. ഒരു കടിഞ്ഞാൺ വീണപോലെ! ക്രമേശാൽ വേഗത കുറഞ്ഞു. എന്നാലും അതീവ ശക്തിയോടെ എങ്ങോട്ടോ അതു പ്രവേശിക്കുന്നതുപോലെ തോന്നി. ഞാൻ പുറത്തേക്കുനോക്കി. ലക്ഷ്യസ്ഥാനമായ റെയിൽവേസ്റ്റേഷനിൽ പ്രൗഢതയോടെ വണ്ടിനിന്നു. മണിക്കൂറുകൾക്കു മുമ്പ് ആരംഭിച്ച യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു.

ഒരു ജീവി ജനിക്കുമ്പോൾ മുതൽ അത് അന്ത്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. തീവണ്ടിയെപ്പോലെ ഉച്ചാവസ്ഥയിൽ അതിന്റെ പ്രവർത്തനക്ഷമത കൂടുതലായിരിക്കും. പെട്ടെന്നു വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. അവസാനം വേഗതയെല്ലാം കുറഞ്ഞ്, തന്റെ മരണത്തിൽ അവസാനിച്ചു നിൽക്കുന്നു. ഇതാണ് ജീവിതം.

സോമദാസ്

Wednesday 26 November 2014

ബൂമറാങ്ങ്

ചില ദിവസങ്ങളിൽ ഞാൻ അർദ്ധരാത്രിയിൽ ഉണരാറുണ്ട്. പിന്നീട് പലകാര്യങ്ങളെപ്പറ്റിയും ചിന്തതുടങ്ങും. ചിന്ത പൂർണ്ണമായിട്ടേ പിന്നെ ഉറങ്ങാൻ കഴിയാറുള്ളൂ. ഈ കഴിഞ്ഞദിവസവും അങ്ങനെയായിരുന്നു. പതിവുപോലെ ഉണർന്ന ഞാൻ മനസ്സിനെ ഏകാഗ്രമാക്കി ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. പിന്നീട്, എന്തിനെപ്പറ്റി ചിന്തിക്കണമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. പെട്ടെന്ന് ഒരു വാക്കു മനസ്സിൽ തെളിഞ്ഞുവന്നു - “ബൂമറാങ്ങ്”. അതേ, ഓസ്ട്രേലിയയിലെ ആദിവാസികളുടെ അതിപുരാതന ആയുധം. അത് വൈദഗ്ദ്യത്തോടെ എറിഞ്ഞാൽ ലക്ഷ്യം കണ്ടെത്തിയിട്ടു തിരികെ എറിഞ്ഞ സ്ഥലത്ത് എത്തിച്ചേരും. ഇതിന്റെ ശാസ്ത്രീയത ആധുനിക ശാസ്ത്രം പഠനവിഷയമാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകം ഇതുപോലൊരു തിരിച്ചുവരവിൽ ഏർപ്പെട്ടിരിക്കുകയാണോയെന്നു സംശയിച്ചുപോകും. ഗൃഹനിർമ്മാണം തന്നെയെടുക്കാം. തൊട്ടുമുൻകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള വീടുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിട്ടാണ് ഇപ്പോഴത്തെ നിർമ്മിതി. പഴയകാലത്ത് ഓലമേഞ്ഞ കൂരയായിരുന്നു മിക്കവാറും ഭവനങ്ങൾ. ഈ ആധുനികകാലത്തു നിർമ്മിക്കുന്ന വീടുകളെല്ലാം ഓടുമേഞ്ഞതും കൂരയോടു കൂടിയതുമാണ്. അതുപോലെ തന്നെ പഴയകാലത്തെ വീടുകളിൽ ഒഴുച്ചുകൂടാത്തതാണ് മേലേ ഇറയവും കീഴേ ഇറയവും പിന്നെ തൂണുകളും. ഇന്നത്തെ അത്യാധുനിക വീടുകളിൽ ഇവയെല്ലാം ആഡംബരത്തിന്റേയും പ്രൗഢിയുടേയും അടയാളമായി ഇന്ന് മാറിയിരിക്കുന്നു. വീട്ടിലെ ഉപകരണങ്ങളിലും പുരാതന രാജകാലത്തെ ഓർമ്മിപ്പിക്കുന്ന പലതും കടന്നുവന്നിട്ടുള്ളതായി കാണാം.

ജീവിതത്തിലെ ഏതുമേഖല പരിശോധിച്ചാലും ഈ ഒരു പ്രവണതയുടെ ആരംഭം കാണാൻ കഴിയും. ചികിത്സാരംഗത്ത് ഇത് പ്രകടമായിക്കാണാം. മുൻപ്, ആധുനികചികിത്സാരംഗത്ത് പ്രചുരപ്രചാരം നേടിയ പല ഔഷധങ്ങളും ഗുണത്തേക്കാൾ ദോഷഫലത്തെ ഉണ്ടാക്കുന്നുവെന്ന് ഇപ്പോൾ തെളിയിച്ചിട്ടുണ്ട്. പലരോഗങ്ങൾക്കും പുരാതനചികിത്സാസമ്പ്രദായമായ ആയുർവേദത്തെ കൂടുതലായി ആശ്രയിക്കുന്നതായി കാണാം. ചൈനയിലെ അതിപുരാതനചികിത്സാസമ്പ്രദായമായ ‘അക്യൂപങ്ചർ’ അനേക രാജ്യങ്ങളിൽ ഗവേഷണവിഷയമായി ഇന്നു മാറിയിട്ടുണ്ട്. ആധുനികമായി അനേകം ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചൈനയിലെ പുരാതന ആയോധനകലയായ ‘കരാട്ടെ‘യും ‘കങ് ഫു‘വും ലോകം സ്വയംപ്രതിരോധത്തിനായി അഭ്യസിച്ചു വരുന്നുണ്ട്. സംഗീതലോകത്തും ഈ തിരിച്ചുവരവ് വളരെ പ്രകടമാണ്.

ഇനി മറ്റൊന്നു ചിന്തിക്കാം. നമ്മുടെ വാക്കുകൾ ജനങ്ങളിലേക്ക് എറിഞ്ഞാൽ അതേപോലെതന്നെ തിരിച്ചു നമ്മെത്തന്നെ തേടിയെത്തും. നല്ല വാക്കാണെങ്കിൽ അതുതന്നെയും നല്ലതല്ലാത്തതാണെങ്കിൽ അതുതന്നെയും നമുക്കു തിരികെ ലഭിക്കും. അതിനാലാണു വാക്കുകൾ എപ്പോഴും സൂക്ഷിച്ചുപയോഗിക്കണമെന്നു പറയുന്നത്. “വായിലേക്കുപോകുന്നതല്ല വായിൽ നിന്നും വരുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്.” “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം”  എന്നു കുട്ടിക്കാലത്തു സന്ധ്യക്കു പ്രാർത്ഥിച്ചിരുന്നത് എന്റെ മനസ്സിൽ തെളിഞ്ഞു. ഇതുപോലെതന്നെ നന്മക്കു നന്മയും, തിന്മക്കു തിന്മയും നമുക്കു തിരികെ ലഭിക്കും. നമ്മുടെ ജീവിതം തന്നെ ഒരു ബൂമറാങ്ങ് പോലെയാണ്. നമ്മൾ ഈ ലോകത്ത് എങ്ങനെയാണോ ജീവിക്കുന്നത് അതിന്റെ തിരിച്ചുവരവായിരിക്കും നമുക്കു വന്നുചേരുന്നതും.


സോമദാസ്

Tuesday 4 November 2014

നല്ല കുഴിമടിയൻ

രണ്ടു വർഷം കൊണ്ട് വിചാരിക്കുന്നു സുഹൃത്തിന് ഒരു കത്തെഴുതണമെന്ന്.
പിന്നെയാകട്ടെ, പിന്നെയാകട്ടെ എന്നുകരുതി മാറ്റിവയ്ക്കും.
ഇന്നെന്തായാലും എഴുതുക തന്നെ.
എഴുതാൻ സാധനങ്ങൾ നോക്കിയപ്പോൾ പേനയിൽ മഷിയില്ല.
ഓ, ഇനി കടയിൽ നിന്നും വാങ്ങി പിന്നെ എഴുതാം.
ഈ അവധിവയ്പ്പ് അഞ്ചുവർഷമായിട്ടും തീർന്നില്ല.
കൂട്ടുകാർ അയാൾക്കൊരു പേരിട്ടു - “കുഴിമടിയൻ”.

എന്തുകാര്യം ചെയ്യുന്നതിനും മടിയാണെങ്കിലും അടുത്തുള്ള കള്ളുഷാപ്പിൽ പോയി കള്ള് കുടിക്കുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെ അയാൾ ഒരു നല്ല കുടിയനുമാണ്.

ഒരു ദിവസം കുടിക്കാൻ ഷാപ്പിൽ പോയി.
ഷാപ്പ് അടഞ്ഞുകിടക്കുന്നു.
അന്വേഷിച്ചപ്പോൾ അത് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് മാറ്റിയെന്നറിഞ്ഞു.
നടന്നുപോയി കുടിച്ചു.
എന്നാൽ എല്ലാ ദിവസവും നടന്നുപോകാൻ അയാൾക്ക് മടിയായി.
ക്രമേണ കുടി കുറഞ്ഞു വന്നു.
പിന്നെ വല്ലപ്പോഴുമായി.
മടി കാരണം അയാൾ ഷാപ്പിൽ പോകാതെയായി.

ഒടുവിൽ അയാൾ കുടി നിർത്തി.
ക്രമേണ ഒരു നല്ല മനുഷ്യനായി.
ഇപ്പോൾ അയാളെ എല്ലാപേരും വിളിക്കുന്നത് “നല്ല കുഴിമടിയൻ” എന്നാണ്.

“ചീത്തസാധനങ്ങളുടെ സുലഭത സമൂഹത്തെ ദുഷിപ്പിക്കും.”

സോമദാസ്

Saturday 1 November 2014

ക്യാൻസറിന്റെ കുഞ്ഞ്

കൂട്ടുകാരൻ കൊടുത്ത സാധനം കുട്ടി വാങ്ങി അവൻ പറഞ്ഞ സ്ഥലത്തു വച്ചു.
എന്താണെന്നു പറയാൻ കഴിയാത്ത ഒരു അനുഭവം.
ഉന്മേഷവും രസാനുഭൂതിയും.
വെറുതെ ഒരു രസത്തിനു വച്ചതാണ്.
അടുത്ത ദിവസവും അത് വയ്ക്കണമെന്ന് തോന്നി.
കൂട്ടുകാരൻ വാങ്ങിക്കൊടുത്തു.
ക്രമേണ അതൊരു ശീലമായി.
കുട്ടി വളർന്നു. കൂടെ അവന്റെ ശീലവും.
ഒരുനാൾ അയാൾക്ക് ആസ്വാസ്ഥ്യമുണ്ടായി.
പരിശോധനയിൽ ഒരു കാര്യം തെളിഞ്ഞു.
‘വായിൽ ക്യാൻസറിന്റെ ആരംഭം.’
താൻ വർഷങ്ങൾക്കുമുമ്പ്, കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങി വായിൽ വച്ചത് ക്യാൻസറിന്റെ കുഞ്ഞിനെ ആയിരുന്നു.
“ഓർക്കുക, ലഹരിപദാർത്ഥങ്ങൾ വായിൽ വയ്ക്കുമ്പോൾ, അത് ക്യാൻസറിന്റെ കുഞ്ഞാണെന്ന്.”

സോമദാസ്

Tuesday 23 September 2014

രാജപദവി

“മന്ത്രിമുഖ്യാ, നമ്മെ ഇത്രയും നേരം ഇക്ഷു നീര് പോലെ മധുരമുള്ള കവിതകൾ കൊണ്ട് ആനന്ദിപ്പിച്ച ഈ മഹാപണ്ഡിതന് അമ്പത് പൊൻപണം സമ്മാനമായി കൊടുക്കാൻ നാം ഉത്തരവിടുന്നു.”

രാജാ ജെനിഷൻ നീണാൾ വാഴട്ടേ... രാജാ ജെനിഷൻ നീണാൾ വാഴട്ടേ.... എന്നിങ്ങനെ പൗരാവലിയുടെ ശബ്ദഘോഷങ്ങൾ മുഴങ്ങുന്നതിനിടയിൽ ഞാൻ സ്വർണ്ണസിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. മന്ത്രിമാരുടെയും പൗരമുഖ്യരുടെയും കുനിഞ്ഞ ശിരസ്സുകളെയും ജയ് വിളികളെയും പിന്നിലാക്കി രാജസഭയുടെ ആ ചുവന്ന പരവതാനിയിലൂടെ ഞാൻ നടന്നു. പ്രഭാതം മുതൽ രാജ്യകാര്യങ്ങളിൽ മനസ്സ് വ്യാപരിച്ചിരുന്നതിനാൽ സ്വല്പം ക്ഷീണം അനുഭവപ്പെടുന്നു. ആരെയും ശല്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഭടന്മാരെ ചട്ടം കെട്ടി ഞാൻ പള്ളിയുറക്കത്തിനായി അന്തഃപുരത്തിലേക്ക് പ്രവേശിച്ചു. സുഖനിദ്ര കാംക്ഷിച്ചുകൊണ്ട് പട്ടുമെത്തയിൽ കിടന്ന എന്റെ അരികിലിരുന്നുകൊണ്ട് റാണി വെഞ്ചാമരം മെല്ലെ വീശി. പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണൂ.

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഉദ്ദ്വേഗവദനയായി റാണി എന്നെ തട്ടിവിളിക്കുന്നു.

“ക്ഷമിക്കണം പ്രഭോ! ഉറക്കത്തിൽ അങ്ങ് വല്ലാതെ കരയുന്ന ശബ്ദം കേട്ട് ഞാൻ ഭയന്നുപോയി. അതിനാലാണ് അങ്ങയെ ഉണർത്തണമെന്ന് നിരീച്ചത്.”

ഞാൻ പറഞ്ഞു.  “നല്ലത്... സമാധാനമായി... നാം ഒരു സ്വപ്നം കാണുകയായിരുന്നു. സ്വപ്നത്തിൽ നാം ചെയ്ത കൊടും പാതകത്തിന് പ്രായശ്ചിത്തം ചെയ്യുന്നതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഇനിയിപ്പോൾ അത് വേണ്ടല്ലോ! സ്വപ്നത്തിലെ തെറ്റിന് പരിഹാരം കാണണമെന്ന് ഒരു ശാസ്ത്രത്തിലും പറഞ്ഞിട്ടില്ല.”

“വിരോധമില്ലെങ്കിൽ അങ്ങ് കണ്ട സ്വപ്നത്തെക്കുറിച്ച് എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.”

റാണിയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ആ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും നാം ലജ്ജിതനാകുന്നു. മദ്യത്തിന് അടിപ്പെട്ട് ഒരു സാധുപെൺകുട്ടിയെ കയറിപിടിച്ചു. അതുകണ്ട് നമ്മെ തടയാനെത്തിയ അവളുടെ അനുജനെ വാളിനിരയാക്കി. മദ്യത്തിന്റെ പ്രഭാവം വിട്ടനേരം ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് വിലപിക്കുമ്പോഴാണ് റാണി നമ്മെ ഉണർത്തിയത്.”

ആരോ ശക്തിയായി കാലിൽ പിടിച്ച് വലിക്കുന്നു ഞാൻ കണ്ണുതുറന്നു. എയർകണ്ടീഷ്ണറുടെ മുരൾച്ചയും മുറിയിൽ നല്ല തണുപ്പും! പതുക്കെ കിടക്കയിൽ എണീറ്റിരുന്നു. ഞാൻ രാജാവല്ലേ? അതും ഒരു സ്വപ്നമായിരുന്നോ? സ്വപ്നത്തിൽ മറ്റൊരു സ്വപ്നം! സ്വപ്നത്തിലെ രാജ്യത്തിൽ നിന്നും രാജ്യഭ്രഷ്ടനാക്കപ്പെട്ടതോർത്ത് എനിക്ക് ചിരിയാണ് വന്നത്. ലോകത്തിലൊരു രാജാവും രാജപദവി നഷ്ടപ്പെട്ടപ്പോൾ ചിരിച്ചു കാണില്ല!

“കൊച്ചുവെളുപ്പാൻ കാലത്ത് കിടക്കപ്പായയിൽ ഇരുന്നു വെളുക്കനെ ചിരിക്കാതെ എണീറ്റ് പല്ലുതേക്കാൻ നോക്ക് മനുഷ്യാ... ഇന്ന് ഓഫീസിലൊന്നും പോണ്ടേ? നേരം വൈകി..” അവൾ അടുക്കളയിലേക്ക് നടന്നു.

ഞാൻ പതുക്കെ കയ്യിലൊന്ന് നുള്ളി നോക്കി. സ്വപ്നത്തിലെ തെറ്റിനെക്കുറിച്ചോർത്ത് ആരും പശ്ചാത്തപിക്കാറില്ല. സ്വപ്നത്തിലെ രാജപദവി നഷ്ടമാകുമ്പോൾ ആരും ദുഃഖിക്കാറുമില്ല. ഈ ഉണർന്നിരിക്കുന്ന ശരീരം സ്വപ്നത്തിലില്ലായിരുന്നു. സ്വപ്നത്തിലെ രാജാവ് ഇപ്പോൾ ഇല്ല തന്നെ. ഇനിയും ഞാൻ ഉണരേണ്ടതുണ്ടോ? ഇതും ഒരു സ്വപ്നമായെങ്കിൽ!!

Tuesday 16 September 2014

മായ

“എടാ, നീ അവളെ കണ്ടോ. എന്തു ഭംഗിയാണ് കാണാൻ. കണ്ണെടുക്കാൻ തോന്നുന്നില്ല..”

ഇടനാഴിയിലൂടെ നടന്നുവരുന്ന സുന്ദരിക്കുട്ടിയെ നോക്കി ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു. ഞാനും എന്റെ കൂട്ടുകാരനും ഞങ്ങളുടെ ക്ലാസിന്റെ മുന്നിലുള്ള അരഭിത്തിയിൽ കയറി കാലുമാട്ടി ഇരിക്കുമ്പോഴാണ് അവളുടെ വരവ്.

"അവൾക്ക് ആ ചുരിദാറ് നന്നായി ഇണങ്ങുന്നുണ്ട്. എന്താ ഫ്രെഷ്നസ്സ്.. വാരണം ആയിരത്തിലെ സമീറാ റെഡ്ഡിയെപ്പോലുണ്ട്. നീ ഇതൊന്നും കാണുന്നില്ലിയോടേ?” ഞാൻ എന്റെ കൂട്ടുകാരനെ തോണ്ടിവിളിച്ചുകൊണ്ട് ചോദിച്ചു.

“എല്ലാം കാണുന്നുണ്ടേ! ഇന്നലെയും അവൾ ഇതുവഴിപോയപ്പോൾ നീ ഈ ഡയലോഗ് ഒക്കെത്തന്നെയല്ലേ പറഞ്ഞത്. അവൾ ഇന്നലെ ഇട്ട ചുരിദാർ തന്നെയാണ് ഇന്നും ഇട്ടിരിക്കുന്നത്.” അവൻ പറഞ്ഞു.

അത് ശ്രദ്ധിക്കാതെ ഞാൻ തുടർന്നു. “എന്ത് മുഖശ്രീയാടാ അവൾക്ക്. അവൾ പാസ്സ് ചെയ്തപ്പോൾ അടിച്ച ആ കാറ്റിന് എന്ത് സുഗന്ധം. ശാലീന സുന്ദരി...”

“എടാ അത് ഞാൻ അടിച്ച പെർഫ്യൂമിന്റെ ഗന്ധമാ... ഞാൻ കൈ പൊക്കിയപ്പോൾ മണം നിനക്ക് കിട്ടിയതാ..” അവൻ പതുക്കെ പറഞ്ഞു.

ഞാൻ തുടർന്നു.

“അവൾ കടന്നുപോയപ്പോൾ എന്നെ നോക്കിയത് നീ കണ്ടോ? അപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരിയുണ്ടായിരുന്നു. എനിക്ക് ഒറപ്പാ‍ണ് മോനേ, അവൾക്ക് എന്നോട് എന്തോ ഒരു ‘ഇത്‘ ഉണ്ട്!!“

“അവൾ നിന്നെയല്ല നോക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.” അവൻ പറഞ്ഞു.

ഞാൻ അവനെ രൂക്ഷമായൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

“ഒന്നെണീറ്റ് പോകാൻ വല്ലതും തരണോ? മണവും ഗുണവും ഇല്ലാത്തവൻ!”

ഇതുകേട്ട് അവൻ ചിരിച്ചു. ഞാൻ എണീറ്റിട്ട് പറഞ്ഞു.

“നീ ഇവിടെ ഇരിക്ക്. എന്തായാലും ഞാൻ അവളെ പരിചയപ്പെടാൻ പോവുകയാ.“

അവൻ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും ഞാൻ പെട്ടന്ന് നടന്നു നീങ്ങി.

“എക്സ്ക്യൂസ് മീ.” അവളുടെ അടുത്തെത്തി ഞാൻ പറഞ്ഞു.

അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ജീവൻ അല്ലേ?”

“അതെ, എന്നെ അറിയാമോ? എന്താ കുട്ടിയുടെ പേര്?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“എന്റെ പേര് മായ. സോറി, എന്റെ ക്ലാസ്സ് തുടങ്ങി. ഞാൻ പോട്ടേ. ലേറ്റ് ആകും. പിന്നെക്കാണാം”

“ഏത് ബാച്ചാ?” ഞാൻ പെട്ടന്ന് ചോദിച്ചു.

“ഫസ്റ്റ് ഇയർ സുവോളജി.” അവൾ നടന്നു നീങ്ങി.

“എടാ, സക്സസ്സ്.. പരിചയപ്പെട്ടു. അവൾക്ക് എന്റെ പേരറിയാം. അവൾ മായ... എന്താ‍ാ‍ാ പെണ്ണ്!” ഞാൻ എന്റെ കൂട്ടുകാരന്റെ അടുത്തെത്തി പറഞ്ഞു.

“എടാ അത് എനിക്കറിയാവുന്ന കുട്ടിയാ. അവൾ അങ്ങനെ പലതും കാണിക്കും. നീ അതു കണ്ട് വീണുപോകരുത്. അവൾ പലരേയും ഇങ്ങനെ വീഴ്ത്തിയിട്ടുണ്ട്. അവളുടെ പിന്നാലെ പോയി നിന്റെ വിലപ്പെട്ട സമയം വെറുതെ കളയരുത്.” അവൻ പറഞ്ഞു.

ഞാൻ ജീവൻ. അവൻ പരമൻ. എന്റെ ഒരേ ഒരു സുഹൃത്ത്. ഒരു വൃക്ഷത്തിന്റെ കൊമ്പിലിരിക്കുന്ന രണ്ട് കിളികളെപ്പോലെ ആ അരഭിത്തിയിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾ തർക്കിക്കുകയാണ്. മായയെ ചൊല്ലി. ഞാൻ പൂർണ്ണമായും മായയിൽ ആകൃഷ്ടനാണ്. അവൻ നിസ്സംഗനായി എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

ഓരോ തവണ കാണുമ്പോഴും മായ കൂടുതൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നുന്നു. അവളുടെ ഭാവപ്രകടനങ്ങളിൽ നിന്ന് അവൾക്ക് എന്നോട് ഇഷ്ടമാണെന്ന് ഞാൻ ധരിക്കുന്നു. അവളുടെ പുഞ്ചിരി എന്നെ പൂർണ്ണമായി കീഴടക്കുന്നു. എന്റെ കൂട്ടുകാരന്റെ ഉപദേശങ്ങളൊന്നും ശ്രദ്ധിക്കാൻ എനിക്ക് ശക്തിയില്ലാതാകുന്നു. അവൾ എല്ലാം എന്നിൽ നിന്ന് മറയ്ക്കുന്നു. അവൻ സകലതിനേയും പ്രകാശിപ്പിക്കുന്നു. ഇത് അനുസ്യൂതം തുടരുന്നു.

Tuesday 9 September 2014

പുലികളി

ഘോഷയാത്ര വരുന്നതുകണ്ട് ഞങ്ങൾ വഴിയരുകിൽ കാത്തുനിന്നു. ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള ഘോഷയാത്രയാണ്. മഹാബലിയും, വാമനനും, പുലികളിയും, മയിലും, പെൺവേഷം കെട്ടിയവരും ചെണ്ടമേളവും പിന്നെ കുറെ വിദേശികളും എല്ലാം കൂടി നാടിളക്കിക്കൊണ്ട് ഘോഷയാത്ര കടന്നു വന്നുകൊണ്ടിരിക്കുന്നത് കണ്ട് ഞാനും മകനും വലിയ ഉത്സാഹത്തിലായി. പുലികളിക്കാർ വരുന്നതുകണ്ടപ്പോൾ മകൻ എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചോദിച്ചു,

“അച്ഛാ, ആ പുലി കടിക്കുമോ?”

“അത് കടിക്കത്തൊന്നുമില്ല. ഒരാൾ വേഷം കെട്ടിയതല്ലേ.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും പുലികളി ഞങ്ങളുടെ അടുത്തെത്തി. കുട്ടിയെ കണ്ട് പുലികളിക്കാരൻ ഞങ്ങളുടെ നേരെ ചാടി അടുത്തു. ഇത് കണ്ടതോടെ മകൻ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പുറകോട്ടോടി. ഞാൻ അവന്റെ അടുത്തുചെന്ന് സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു,

“അയ്യേ, എന്തിനാ പേടിച്ചെ! അച്ഛൻ പറഞ്ഞില്ലിയോ അതൊരു മാമൻ പുലിവേഷം കെട്ടിയതാണെന്ന്?”

ഞാൻ അവനെ എടുത്ത് പുലികളിക്കാരന്റെ അടുത്തു കൊണ്ടുച്ചെന്ന് ഒരു ഷേക്ക് ഹാൻഡ് കൊടുപ്പിച്ചപ്പോൾ അവന്റെ പേടിമാറി. ഞങ്ങൾ പതിയെ വീട്ടിലേക്ക് നടന്നു.

ഘോഷയാത്രയുടെ ദൃശ്യങ്ങൾ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞുവെങ്കിലും ആ ചോദ്യം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. “ആ പുലി കടിക്കുമോ?” പുലിവേഷം കെട്ടിയ ആൾക്ക് പുലിയായി മാറി ആൾക്കാരെ കടിച്ച് കൊല്ലാൻ ആഗ്രഹം ഉദിക്കുമോ? സ്ത്രീ വേഷം കെട്ടിയ ഒരാൾ ഭർത്താവിനെ കിട്ടാൻ ആഗ്രഹിക്കുമോ? ഇല്ലേയില്ല! അവരൊക്കെ പ്രാരബ്ധം കൊണ്ട് വേഷം കെട്ടിയവരാണ്. ഈ വേഷം കെട്ടി തകർത്താടുമ്പോഴും പുലിയോ സ്ത്രീയോ ആകാതെ അവരിലെ ആൾ മാറി നിൽക്കുന്നു. ഈ വേഷത്തിൽ അയാൾക്ക് ലവലേശം ആഗ്രഹമില്ല. ഈ വേഷമായി കാട്ടികൂട്ടുന്നതൊന്നുമല്ല യഥാർത്ഥത്തിൽ അയാൾ.

ഇതുതന്നെയല്ലേ എന്റെയും സ്ഥിതി. ഞാൻ കെട്ടിയാടുന്ന ഈ വേഷത്തിന് സാക്ഷിയായി എന്റെ ആത്മാവ് മാറിനിൽക്കുന്നു. തന്റെ പ്രാരബ്ധകർമ്മഫലം മൂലമാണ് ആത്മാവിന് ഈ വേഷം കെട്ടേണ്ടിവന്നത്. ഈ വേഷത്തിൽ അവന് ലവലേശം താല്പര്യമില്ല. ജെനിഷായും, കബീറായും, യോഹന്നാനായും വേഷം കെട്ടിയാടി തന്റെ കർമ്മഫലവും നേടി വേഷം അഴിച്ച് ആത്മാവ് മുക്തനാകുന്നു. വീണ്ടും അടുത്ത വേഷം കെട്ടാനായി! ഇതിനിടയിൽ പുലികളിക്കാരൻ തന്റെ വേഷം നന്നാക്കാനായി കാട്ടികൂട്ടുന്നതുപോലെ നമ്മളും കിട്ടിയ വേഷം നന്നാക്കാൻ പരിശ്രമിക്കണം. ഇത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അവൻ സാക്ഷിയാണ്. സാക്ഷി മാത്രം!

Monday 8 September 2014

ശവത്തെ ഇഷ്ടപ്പെടുന്നവർ!

അവൻ മരിച്ചു. ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അങ്ങോട്ട് ചെയ്യുന്നതിനൊക്കെ തിരികെ കിട്ടാതിരിക്കുമോ? പാർട്ടിക്ക് മറ്റൊരു രക്തസാക്ഷികൂടി! മരണവീട്ടിലേക്ക് പോകുന്നവരോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവനെക്കുറിച്ചോർത്തു.

ഞാനും അവനും ഒരു ബഞ്ചിലിരുന്ന് പഠിച്ചവർ. അവനെ എനിക്കിഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു കളിയും കറക്കവും എല്ലാം. പത്ത് കഴിഞ്ഞതോടെ പലരും പല വഴിക്ക് പിരിഞ്ഞു. ഞങ്ങളും! എങ്കിലും ഇടയ്ക്ക് കാണുമ്പോൾ അവൻ ഓടിവരും, സന്തോഷത്തോടെ. കുറച്ചുനാളായി പാർട്ടിപ്രവർത്തനം തുടങ്ങിയിട്ട്. വെട്ടും കുത്തും അടിയും പിടിയും. ഞാൻ പറഞ്ഞു നോക്കി. അവൻ അതൊക്കെ കേട്ടു, പക്ഷേ പിന്തിരിഞ്ഞില്ല!

ഒരുപാടുപേർ കൂടിയിട്ടുണ്ട് വീട്ടിൽ. അവന്റെ അമ്മയുടെയും അനുജത്തിമാരുടേയും കരച്ചിൽ ദൂരെ നിന്നേ കേൾക്കാം. ആൾക്കാരുടെ ഇടയിലൂടെ ഞാൻ അകത്തുകയറി. എന്റെ പ്രിയ സുഹൃത്ത് കിടക്കുന്നു. ഉറങ്ങിയതുപോലെ.

അവന്റെ മുഖത്ത് വലിയ പരിക്കുകളൊന്നും കണ്ടില്ല. തന്റെ ശരീരത്തെക്കുറിച്ച് ചെറുപ്പം മുതലേ അവന് വലിയ ശ്രദ്ധയായിരുന്നു. അല്പം ഇരുണ്ടനിറമായിപ്പോയി എന്ന പരാതി അവൻ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. കയ്യിൽ കിട്ടിയ ക്രീമുകളൊക്കെ ഉപയോഗിച്ചു നോക്കും. കഴിഞ്ഞതവണ കണ്ടപ്പോൾ അവൻ ആളാകെ ഒന്ന് മാറിയതായി തോന്നി. ജിമ്മിൽ പോയി മസിലൊക്കെ വച്ച് സ്പൈക്ക് ഹെയർസ്റ്റൈലുമായി എന്റെ മുൻപിൽ വന്നുനിന്ന അവനെ തിരിച്ചറിയാൻ തന്നെ കുറച്ച് സമയമെടുത്തു.

ഞാൻ പതിയെ പുറത്തേക്കിറങ്ങി. അവൻ ജീവനെപ്പോലെ സ്നേഹിച്ച അവന്റെ ബുള്ളറ്റ് വെയിലത്തിരിക്കുന്നു. ജീവനുണ്ടായിരുന്നെങ്കിൽ ആ ബുള്ളറ്റും അവന്റെ മരണത്തിൽ നിലവിളിച്ചേനെ എന്ന് തോന്നി. യാന്ത്രികമായി ഞാൻ റോഡിലേക്കിറങ്ങി. നിലവിളി ശബ്ദം പതിയെ പതിയെ ഇല്ലാതായി.

കുറച്ചു കഴിയുമ്പോൾ അവന്റെ ശരീരം ഒരുപിടി ചാരമാകും. ശവശരീരത്തിൽ ആർക്കും ആഗ്രഹമില്ല. ശവത്തിന് പ്രവർത്തിക്കാനും വയ്യ. സൗന്ദര്യവുമില്ല. ഇതെല്ലാവർക്കുമറിയാം. പക്ഷേ എന്നിട്ടും ശരീരത്തിൽ ആത്മാഭിമാനം! ശങ്കരാചാര്യസ്വാമികളുടെ ഒരു ശ്ലോകമാണ് ഓർമ്മയിൽ വന്നത്.

“ദേഹസ്ത്രീപുത്രമിത്രാനുചരഹയവൃഷാസ്തോഷഹേതുർമമേത്ഥം
സർവേ സ്വായുർനയന്തി പ്രഥിതമലമമീ മാംസമീമാംസയേഹ
ഏതേ ജീവന്തി യേന വ്യവഹൃതിപടവോ യേന സൗഭാഗ്യഭാജ-
സ്തം പ്രാണാധീശമന്തർഗതമമൃതമമും നൈവ മീമാംസയന്തി.”

ഈ ദേഹം, സ്ത്രീ, പുത്രൻ, മിത്രം, അനുചരൻ, പല തരത്തിലുള്ള വാഹനങ്ങൾ എന്നിവയിൽ പ്രാധാന്യം കല്പിച്ച്, അവയാണ് എല്ലാ സുഖങ്ങൾക്കും കാരണമെന്നു കരുതി വെറുതെ ജീവിതം കളയുന്നു.  എന്നാൽ, ഏതൊരു ചൈതന്യത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് താൻ ജീവനുള്ളവനായും പ്രവർത്തിക്കുന്നവനായും സൗന്ദര്യമുള്ളവനായും ഇരിക്കുന്നത്, ആ സർവ്വാന്തര്യാമിയും, പ്രാണേശ്വരനും, നാശരഹിതനുമായ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഇത് ആശ്ചര്യം തന്നെ!

മറ്റാർക്കോ വേണ്ടി വെട്ടാനും കുത്താനും നടന്ന് അവനും തന്റെ ജീവിതം വ്യർത്ഥമാക്കി. ഇനിയും എത്രയോപേർ അവന്റെ വഴിയേ നടക്കാനിരിക്കുന്നു. കുളിക്കാതെ തേച്ചുമിനുക്കിയ ശുഭ്രവസ്ത്രവും ധരിച്ച് സുഗന്ധദ്രവ്യങ്ങളും പൂശി നടക്കുന്ന ഇവർ ഇനിയെങ്കിൽ ജ്ഞാനസ്നാനം ചെയ്തെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചുപോയി..

Wednesday 3 September 2014

ഭക്ഷണം

അയാൾക്ക് പഴഞ്ചോറ് വളരെ ഇഷ്ടമാണ്. തൈരും ചമ്മന്തിയും മെഴുക്കുപുരട്ടിയുമുണ്ടെങ്കിൽ മൃഷ്ടാന്നഭോജനമായി.
ഇനിയൊരാൾക്ക് ചോറും കറികളും ഇഷ്ടമേയല്ല. ബിരിയാണിയും നെയ്ച്ചോറും ഇറച്ചിയുമുണ്ടെങ്കിൽ മൃഷ്ടാന്നമായി.

രണ്ടുപേർക്കും രണ്ടും ഒരേ അളവിൽ രുചികരമാണ്.
എന്നാൽ ഇതിൽ ഏതിനാണ് ശരിയായ രുചി ഉള്ളത്?
രണ്ടുപേരെ സംബന്ധിച്ചും അവരവരുടെ ഭക്ഷണമാണ് അവർക്ക് രുചികരമായിരിക്കുന്നത്.
“രുചി ആപേക്ഷികമാണ്!“

ഇതുപോലെ തന്നെയാണ് ഈശ്വരൻ ഉണ്ടോ, ഇല്ലയോ എന്നതും.
ഉള്ളവർക്ക് ഉള്ളതായും ഇല്ലാത്തവർക്ക് ഇല്ലാത്തതായും അനുഭവപ്പെടും.
തികച്ചും ആപേക്ഷികം.
ഭക്ഷണത്തിൽ യഥാർത്ഥത്തിൽ ഏതിനാണ് ശരിയായ രുചി?
ഈശ്വരൻ ഉണ്ടോ, ഇല്ലയോ? ഏതാണ് യഥാർത്ഥ ശരി?

സോമദാസ്

Wednesday 18 June 2014

പച്ചപ്പുതപ്പ്

നോക്കെത്താ ദൂരത്തോളം പച്ചപ്പുതപ്പ്. വിശാലമായ ആ പ്രദേശം മുഴുവൻ പച്ച പുതപ്പിനാൽ മൂടപ്പെട്ടിരിക്കുന്നു. ‘ആഫ്രിക്കൻ പായൽ’ എന്ന സസ്യം രാക്ഷസീയ ആക്രമണം തോന്നിപ്പിക്കുന്ന വിധം അതിവേഗം വളർന്നു വ്യാപിച്ചിരിക്കുന്നു.

ഒരാൾ കടവിൽ വന്ന് ആ പച്ചപ്പുതപ്പ് ഒന്നു മാറ്റി. മാറിപ്പോയ ഭാഗത്ത് സ്ഫടികം പോലെയുള്ള ജലം. ആ കാണുന്ന പ്രദേശം ഒരു വലിയ പാടശേഖരമാണ്. അത് ആഫിക്കൻ പായൽകൊണ്ട് മൂടിപ്പോയി. അതിനടിയിൽ ശുദ്ധജലം ഉണ്ടെന്ന് തോന്നുകയേയില്ല കണ്ടാൽ.

ഇത് മനുഷ്യമനസ്സുകളെ ഓർമ്മിപ്പിക്കുന്നു. കോപം, താപം, മദം, മത്സരം, കാർപ്പണ്യം, ലോഭം, മോഹം, അസൂയ, ഡംഭ്, അഹങ്കാരം തുടങ്ങിയ സസ്യങ്ങളെക്കൊണ്ട് മനുഷ്യമനസ്സുകൾ മൂടപ്പെട്ടിരിക്കുന്നു. മേൽ‌പ്പറഞ്ഞിട്ടുള്ള ദോഷങ്ങളെ മാറ്റിയാൽ, പായലിനടിയിൽ ശുദ്ധജലത്തെ കണ്ടപോലെ, അത്ഭുതപ്രഭാവമുള്ള മനസ്സിനെ കാണാം. ഒരു മഹാഗുരുവിന്റെ തൂവൽ സ്പർശത്താലേ മനോമാലിന്യങ്ങളെ നീക്കിക്കളയാൻ സാധിക്കൂ.

സോമദാസ്

Wednesday 28 May 2014

കിളി പോയാൽ!!

അലമാര തുറന്നപ്പോൾ എന്തോ ഒരു സാധനം സാവധാനം താഴേക്കു വീണു. സൂക്ഷിച്ചു നോക്കി. നാളുകൾക്ക് മുൻപ് ചത്ത ഒരു ചിലന്തിയുടെ ശരീരക്കൂട്. ശരീരത്തിനകത്ത് ഒന്നും ഇല്ലാതിരുന്നതിനാൽ അത് ഒരു ചിലന്തിക്കൂടുപോലെ തോന്നി.

പക്ഷിനോട്ടക്കാരന്റെ കൂട്ടിലെ കിളി പറന്ന് പുറത്തേക്കുപോയാൽ ആ കൂടിന്റെ അവസ്ഥ എന്തായിരിക്കും? എല്ലാ ജീവികളുടേയും മരണവും ഇതുപോലെ തന്നെയാണ്. ശരീരത്തിനുള്ളിലെ കിളി പറന്നുപോയാൽ പിന്നെ ശരീരം ഉപയോഗശൂന്യം. അതുകൊണ്ടുതന്നെയാണ് കൂട്ടിനല്ല, കിളിക്കാണ് പ്രാധാന്യം എന്ന് ജ്ഞാനികൾ പറയുന്നത്.

സോമദാസ്

Tuesday 27 May 2014

ചിന്ത

ചിന്തിക്കുന്ന ജീവി മനുഷ്യനായിരിക്കും...
ചിന്തിക്കുന്ന മനുഷ്യൻ നല്ല മനുഷ്യനായിരിക്കും...
ചിന്തിക്കുന്ന നല്ല മനുഷ്യനാണ് വിശിഷ്ടവ്യക്തി...
ചിന്തിക്കുന്ന വിശിഷ്ടവ്യക്തിയാണ് ‘ദിവ്യാത്മാക്കൾ’...
ചിന്തിക്കുന്ന ദിവ്യാത്മാക്കളാ‍ണ് അവതാരങ്ങൾ...
ചിന്തിക്കുന്ന അവതാരങ്ങൾ ചിന്തയില്ലാത്ത പദത്തിലെത്തുന്നു...

സോമദാസ്

Sunday 25 May 2014

കൂട്ടുകാർ

കുശസ്ഥലി എന്ന രാജ്യത്തെ രാജാവിന് ഒരു ഉണ്ണി പിറന്നു. കുട്ടി വളരും തോറും കൂട്ടുകാരും ഉണ്ടായി. കളിക്കൂട്ടുകാരെ കൂടാതെ രഹസ്യമായി 9 കൂട്ടുകാർ കൂടി അവനുണ്ടായിരുന്നു. അവന്റെ നിഴൽ പോലെ എപ്പോഴും കൂടെനിന്ന അവരെ അവൻ കൂടുതൽ സ്നേഹിച്ചു.

മാതാപിതാക്കളേക്കാളും കളിക്കൂട്ടുകാരേക്കാളും കൂടുതലായി സ്നേഹിച്ച് ആ 9 കൂട്ടുകാരേയും അവൻ കൂടെ കൊണ്ടുനടന്നു. അയാളുടെ ഭരണകാലത്തും അയാളോടൊപ്പം ആ 9 കൂട്ടുകാരും ഒന്നു ചേർന്നുനിന്നു. മറ്റുള്ള കൂട്ടുകാർ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ആ 9 കൂട്ടുകാർ ഒരിക്കലും അയാളെ വിട്ടുപോയില്ല.

ഒരുനാൾ ഈ കൂട്ടുകാർ രാജാവിനെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ഥലപരിചയമില്ലാതെ രാജാവ് ചുറ്റും നോക്കി. ഒരു സ്ഥലത്ത് എന്തോ എഴുതി വച്ചിരിക്കുന്നത് രാജാവ് വായിച്ചു, “നരകം”.

നരകവാതിൽ തുറന്നു. രാജാവിനെ കൊണ്ടുപോകാൻ ആളുകൾ വന്നു. അയാൾ കൂട്ടുകാരെ നോക്കി. അവർ പറഞ്ഞു.

“രാജാവ് പൊയ്ക്കൊള്ളൂ! ഞങ്ങൾക്ക് ഇവിടം വരെയേ നിങ്ങളോടൊത്തു വരാൻ കഴിയൂ. ഇവിടം വരെ മനുഷ്യരെ എത്തിക്കുകയാണ് ഞങ്ങളുടെ ജോലി.”

അവർ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് ജോലി തുടരാൻ ഭൂമിയിലേക്ക് തിരിച്ചു. ആ കൂട്ടുകാരുടെ പുറകിൽ എഴുതിയിരിക്കുന്നത് രാജാവ് വായിച്ചു.

“കോപം, കാമം, ദ്വേഷം, മത്സരം, കാർപ്പണ്യം, ലോപം, മോഹം, അസൂയ, അഹങ്കാരം.”

ഇവരായിരുന്നോ തന്റെ കൂട്ടുകാർ എന്നോർത്ത് രാജാവ് ഉച്ചത്തിൽ വിലപിച്ചു.

സോമദാസ്

Tuesday 13 May 2014

ലഗേജ്

അയാൾ ട്രെയിനിൽ കയറി തന്റെ ലഗേജുകൾ എല്ലാം ഒതുക്കി സ്വസ്ഥമായി ഇരുന്നു. സീറ്റിന്റെ സൈഡിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു.
“Less luggage more comfort."
ശരിയാണ്, കുറച്ചു ലഗേജേ ഉള്ളെങ്കിൽ യാത്ര സുഖകരമാണ്.
ലഗേജ് എത്ര കൂടുതൽ ഉണ്ടോ അത്രയും ആയാസകരമായിരിക്കും യാത്ര.
ലഗേജ് എത്ര കുറയുന്നോ അത്രയും ആയാസരഹിതവും.
ലൗകിക ജീവിതത്തിലും ഇതുതന്നെയല്ലേ!
ലോകത്തുനിന്നും ആവശ്യമുള്ളതുമാത്രം സ്വീകരിച്ചാൽ ജീവിതം സമാധാനപരമായിരിക്കും.
ലോകത്തുനിന്നും എത്രമാത്രം കൂടുതൽ സ്വീകരിക്കുന്നുവോ അത്രയും സമാധാനം കുറഞ്ഞിരിക്കും.
അയാൾ തന്റെ ലഗേജിലേക്ക് നോക്കി!
സോമദാസ്

Thursday 24 April 2014

ജിലേബി!

നാട്ടിൽ നിന്ന് എന്റെ ഒരു സുഹൃത്ത് സൗദിയിലേക്ക് വരുന്നെന്നറിഞ്ഞ് അച്ഛനോട് ചില ആയുർവേദ മരുന്നുകൾ കൊടുത്തുവിടാൻ പറഞ്ഞിരുന്നു. കെട്ട് കിട്ടി. നല്ല ഭാരം. തുറന്നുനോക്കിയപ്പോൾ പറഞ്ഞ മരുന്നുകളെല്ലാം ഉണ്ട്. കൂടെ വലിയ ഒരു കവറ് ജിലേബിയും. കൊല്ലം സുപ്രീമിലെയാണെന്ന് മണം കൊണ്ട് തന്നെ തിരിച്ചറിയാം. നെയ്യിൽ ഉണ്ടാക്കിയത്. നല്ല രുചി. എല്ലാം കൂടി തിന്നാൽ ഷുഗർ പിടിക്കില്ലേ എന്നൊരു സംശയം. തന്നെയുമല്ല നെയ്യിൽ ഉണ്ടാക്കിയതുകൊണ്ട് കൂടുതൽ നാൾ വച്ചിരിക്കാനും കഴിയില്ല. കുറച്ച് ഓഫീസിലെ സുഹൃത്തുക്കൾക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു.

പിറ്റേന്ന് ജിലേബിയുമായി ഓഫീസിലെത്തി. കൂട്ടുകാർക്കെല്ലാം സന്തോഷം. മധുരം ഇഷ്ടമുള്ളവരാണ് ഭൂരിഭാഗവും. കഴിച്ചവരിൽ പലരും വീണ്ടും ചോദിക്കുന്നു. ആരെങ്കിലും ഇനി നാട്ടിൽ നിന്ന് വരുന്നെങ്കിൽ ഒരു കവറുകൂടി കൊടുത്തയയ്ക്കാൻ അച്ഛനോട് പറയാൻ പറഞ്ഞവരുമുണ്ട്. എല്ലാം സമ്മതിച്ച് ഞാൻ സെൽ‌വരാജിന്റെ കാബിനിലേക്ക് ചെന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ മാനേജരാണ്. അദ്ദേഹം എന്നെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഞാൻ കാര്യം പറഞ്ഞു. ജിലേബിക്കവറ് അദ്ദേഹത്തിന് നേരെ നീട്ടി. നന്ദി പറഞ്ഞുകൊണ്ട് അതിൽ നിന്നും ഒരു ജിലേബി എടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം മറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. കണ്ണ് നിറഞ്ഞിരിക്കുന്നു.

അന്ന് മുഴുവൻ അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തുചെന്നു.

“എന്തുപറ്റി സാർ. ഞാൻ ജിലേബി തന്നതുമുതൽ അങ്ങ് ആകെ അസ്വസ്ഥനാണല്ലോ. എന്തെങ്കിലും പ്രശ്നം?”

അദ്ദേഹം കുറച്ചു നേരം മൗനമായി ഇരുന്നു. എന്നിട്ട് പറഞ്ഞു.

“ഞാൻ ജിലേബി തിന്നാറില്ല!“

വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയതുപോലെ. കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം തുടർന്നു.

“എന്റെ അച്ഛൻ കഴിഞ്ഞ വർഷം ഈ മാസത്തിലാണ് മരിച്ചത്. പെട്ടന്നായിരുന്നു രോഗം മൂർച്ഛിച്ചത്. പലതരം അസുഖങ്ങൾ. അതിന്റെ കൂടെ പ്രമേഹവും. ഹോസ്പിറ്റലിലാണെന്നറിഞ്ഞുടൻ ഞാൻ ഇവിടെ നിന്നും തിരിച്ചു. എന്നെ കണ്ടപ്പോൾ അച്ഛന്റെ മുഖം പ്രസന്നമായി. എന്റെ കൈ പിടിച്ച് കുറച്ചു നേരം അദ്ദേഹം നോക്കിയിരുന്നു. പിന്നെ അടുത്തേക്ക് വിളിച്ചു ചെവിയിൽ പറഞ്ഞു, ‘മോനേ, എനിക്കൊരു ജിലേബി തിന്നാൻ തോന്നുന്നു’. ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുകയാണ്. ഞാൻ ഡോക്ടറോട് ചോദിച്ചു. അദ്ദേഹവും എന്റെ മറ്റ് ബന്ധുക്കളും സമ്മതിച്ചില്ല. അസുഖം മാറുമ്പോൾ അച്ഛന് ജിലേബി വാങ്ങിത്തരാം എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.  എന്തും വരട്ടെയെന്നു കരുതി പിറ്റേന്ന് ജിലേബിയും വാങ്ങി ഞാൻ ചെല്ലുമ്പോഴേക്കും അദ്ദേഹം..”

എന്റെ കണ്ണും നിറഞ്ഞുപോയി. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജിലേബിയുമായി അദ്ദേഹത്തിന്റെ മുമ്പിൽ പോകില്ലായിരുന്നു. ഞാൻ ചിന്തിച്ചു. ജിലേബി മധുരമുള്ളതാണ്. മധുരം മിക്കവർക്കും പ്രിയങ്കരവുമാണ്. ജിലേബി കിട്ടിയപ്പോൾ എനിക്കും എന്റെ സുഹൃത്തുക്കൾക്കും സന്തോഷമാണ് തോന്നിയത്. അദ്ദേഹത്തിനോ? ദുഃഖവും. ഒരേ വസ്തുവിൽ സുഖവും ദുഃഖവും അടങ്ങുമോ? ഇല്ല. ഈ പ്രപഞ്ചത്തിലെ ഒരു ഭൗതികവസ്തുവിനും സുഖമോ ദുഃഖമോ തരാൻ കഴിയില്ല. കാരണം സുഖവും ദുഃഖവും സന്തോഷവും വിഷമവുമെല്ലാം നമ്മളിലാണുള്ളത്, പുറമേയല്ല. ഈ ഭൗതികവസ്തുക്കൾ കൊണ്ട് നമുക്ക് എന്താണ് വേണ്ടത് എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സുഖവും ദുഃഖവും കാഴ്ചപ്പാടിന്റെ സൃഷ്ടികളാണ്. എന്തിലും സന്തോഷവും സുഖവും കണ്ടെത്തുന്നവന് ഭൂമി സ്വർഗ്ഗമാകും; എന്തിലും ദുഃഖവും വിഷമവും കാണുന്നവന് ഭൂമി നരകവും.

Tuesday 8 April 2014

പാദസരം

കതിർമണ്ഡപത്തിൽ വധു പ്രത്യക്ഷപ്പെട്ടു. സർവ്വാഭരണവിഭൂഷിത. മഞ്ഞലോഹത്തിന് ശ്രേഷ്ഠത കല്പിച്ചിരിക്കുന്നത് വെറുതേയല്ല. ആഭരണങ്ങൾ തമ്മിൽ സംസാരിക്കുന്നുവോ?

വളകൾ :- “ഹേ പാദസരങ്ങളേ, നിങ്ങൾ എന്നേക്കാൾ എത്രയോ താഴെയാണ് സ്ഥിതിചെയ്യുന്നത്. എന്റെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്. പാദങ്ങളിൽ കിടന്ന് മലിനപ്പെടാവുന്ന നിങ്ങൾക്ക് എനിക്കുള്ള പവിത്രത ഉണ്ടായിരിക്കയില്ല.”

മാലകൾ : - “ഹേ വളകളേ, നിങ്ങളേക്കാൾ ഉപരിയാണ് എന്റെ സ്ഥാനം. അതു മറക്കണ്ട!

കാതിലെ ആഭരണങ്ങളും തലയിലെ ആഭരണങ്ങളും താഴേക്കുനോക്കി ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ സഹികെട്ട് പാദസരം മേല്പോട്ടുനോക്കി പറഞ്ഞു.

“നാം വിവിധങ്ങളായ ആഭരണങ്ങളാണ്. ഈ ആഭരണങ്ങളെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി അണിഞ്ഞിരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി നമ്മളെല്ലാം ഒന്നാണ് - “സ്വർണ്ണം“. എത്ര ഉയരത്തിലോ താഴ്ചയിലോ സ്ഥിതിചെയ്താലും ഞാനും നിങ്ങളും സ്വർണ്ണം തന്നെയാണ്. അതിനാൽ നമ്മുടെ മൂല്യവും ഒന്നുതന്നെ. നമ്മെയെല്ലാം ഉരുക്കി ഒന്നാക്കുമ്പോൾ നമ്മുടെ ഉച്ചനീചത്വങ്ങൾ ഇല്ലാതാകുന്നു.”

ഇതുപോലെതന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തിൽ കാണുന്ന സർവ്വചരാചരങ്ങളും എന്നാണ് ജ്ഞാനികൾ ഉദ്ബോധനം ചെയ്യുന്നത്.

സോമദാസ്

Monday 17 March 2014

അറിവ്

അയാൾ മല കയറുകയാണ്.
മലയുടെ നെറുകയിൽ എത്താറായി.
പാതയരികിൽ കണ്ട തണലിൽ വിശ്രമിക്കാം എന്നു കരുതി.
പെട്ടെന്ന് ഒരു കൂർത്ത കല്ലിൽ തട്ടി കാൽ മുറിഞ്ഞു; രക്തം ഒഴുകി.
വേദനയോടെ അയാൾ ഒരു പാറമേൽ ഇരുന്നു.
വേദന കുറയുന്നില്ല.
എന്നാലും വേദനയോടെ അയാൾ മലമുകളിലേക്ക് കയറിപ്പോയി.
മറ്റൊരാൾ ആ വഴിയേ വന്നു.
അത്ഭുതം, അയാളുടെ കാലിലും ആ കല്ല് തട്ടി. മുറിഞ്ഞു. രക്തം ഒഴുകി.
വേദനയോടെ അയാൾ ചുറ്റും നോക്കി.
അടുത്ത് ഒരു ചെടി നിൽക്കുന്നു.
അത് ദിവ്യൗഷധമാണെന്ന് അയാൾക്ക് അറിയാമായിരുന്നു.
അതിന്റെ ഇല പിഴിഞ്ഞ് കാലിൽ പുരട്ടി.
വേദനയും രക്തസ്രാവവും ശമിച്ചു.
സന്തോഷത്തോടെ അയാൾ മുകളിലേക്ക് നടന്നു.
ആദ്യത്തെ ആൾ വന്നപ്പോഴും ആ ചെടി അയാളെ തൊട്ടുരുമി നിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിന്റെ ‘ദിവ്യത്വം’ അയാൾക്ക് അറിയില്ലായിരുന്നു.
അഹോ!! അറിവിന്റെ മഹത്വം.

സോമദാസ്

Thursday 13 March 2014

ഗുരുദക്ഷിണ

ഗുരു സന്നിധിയിൽ ശിഷ്യൻ എത്തി.

ശിഷ്യൻ :- “ഞാൻ വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും എല്ലാം പഠിച്ചു. ഇനി എനിക്ക് ‘ബ്രഹ്മജ്ഞാനം’ ലഭിക്കണം.“

ഗുരു :- “അതിനു മുൻപ് നീ എനിക്ക് ഗുരുദക്ഷിണ നൽകണം.”

ശിഷ്യൻ :- “ഗുരു ദക്ഷിണ അവസാനം എന്നാണ് വിധി."

ഗുരു :- “പറ്റില്ല, ഇതിനു ഗുരുദക്ഷിണ മുന്നാലേ തരണം. ‘ബ്രഹ്മജ്ഞാനം’ ലഭിച്ചാൽ നീയും ഞാനും ഇല്ലാതാകും.”

 സോമദാസ്

Monday 10 March 2014

ഉള്ളിവടയിലെ ഉള്ളി

ഗൾഫിലെ ഒരു മലയാളി ഹോട്ടൽ.
മസാല ദോശ, ഇഡ്ഡലി, ഉഴുന്നുവട, ഉള്ളിവട തുടങ്ങി എല്ലാം പേരുകേട്ടവ.
ഇന്ത്യക്കാരുടേയും, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയവരുടേയും വലിയ തിരക്കാണ് എപ്പോഴും.
ഒരു മലയാളി കടയിൽ കയറി.
ഉള്ളിവട വാങ്ങിത്തിന്നു.
പകുതി തിന്നപ്പോൾ അതിനുള്ളിൽ ഒരു പാറ്റ മൊരിഞ്ഞിരിക്കുന്നു.
അയാൾ കയർത്തു.
“ഇത് ഇപ്പോൾ ഞാൻ റിപ്പോർട്ട് ചെയ്യും. ഈ കട ഞാൻ പൂട്ടിക്കും.”
മലയാളി മാനേജർ വന്നു നോക്കി.
പാറ്റയെ എടുത്തു.
“ഓ! ഇതാണോ? ഇത് ഉള്ളിയുടെ ഒരു ഭാഗമല്ലേ?”
അയാൾ അത് വായിലിട്ട് ചവച്ചിറക്കി.
“ഇദ്ദേഹത്തിന് ഒരു ഉഴുന്നുവട കൊടുക്ക്.”
മാനേജർ നിർദ്ദേശിച്ചു.
സോമദാസ്

Saturday 8 March 2014

മനസ്സെന്ന വില്ലൻ!

ഒരു കാർ വാങ്ങണമെന്ന ആഗ്രഹവുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവസാനം ഒരുനാൾ വാങ്ങാനങ്ങു നിശ്ചയിച്ചു. അന്വേഷിച്ചപ്പോൾ, പുതിയതാണ് പറ്റിയത് എന്ന് തോന്നി. നല്ല ഒരു സെക്കൻഹാൻഡ് കാർ വാങ്ങണമെങ്കിൽ ഒരു 30,000 റിയാൽ എങ്കിലും കയ്യിൽ വേണം. പുതിയതിന് ആ പ്രശ്നമില്ല. കമ്പനിയിൽ നിന്നൊരു പേപ്പർ, പഴയ ഒരു ഇലക്ട്രിസിറ്റി ബില്ല്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി ചെന്നാൽ ഒന്നും കൊടുക്കാതെ ഒരു വണ്ടിയുമായി തിരികെ പോരാം. അങ്ങനെ ഞാനും പുതിയ ഒരു കാർ വാങ്ങി.

കാറ് സ്വന്തമായിക്കഴിഞ്ഞപ്പോഴാണ് കാറുള്ളതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. പാർക്കിംഗിന് ഇടം കിട്ടുന്നതിനേക്കാൾ എളുപ്പമാണ് ലോട്ടറി അടിക്കാൻ എന്ന് തോന്നിത്തുടങ്ങി. വലുതും ചെറുതും വിലകൂടിയതും വില കുറഞ്ഞതുമായ കാറുകൾ റോഡ് സൈഡിൽ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നു. അരമണിക്കൂർ ഫ്ലാറ്റിനു ചുറ്റും കാറുമായി കറങ്ങുമ്പോൾ ആയിരിക്കും എവിടെയെങ്കിലും ഒരിടം കിട്ടുക. അവിടെ കുത്തിക്കയറ്റിയിട്ടിട്ട് തിരിച്ച് എടുക്കാൻ ചെല്ലുമ്പോൾ ചളുക്കവും ഉരസലും മറ്റ് കേടുപാടുകളുമില്ലെങ്കിൽ ഭാഗ്യം! ഇങ്ങനെ കഴിഞ്ഞുപോകുമ്പോഴാണ് കുറച്ച് ദൂരെ ഒരു മൈതാനം ശ്രദ്ധയിൽ പെട്ടത്. അവിടെ പാർക്കിംഗിന് ഇടം കിട്ടും. കാറിന് വലിയ പരിക്കുകളും ഉണ്ടാകില്ല. ഒരു അര കിലോമീറ്റർ നടക്കണമെന്നതേയുള്ളു പ്രശ്നം. ആ നടത്തം ഒരു എക്സർസൈസ് ആയി എടുത്തതോടെ പാർക്കിംഗ് പ്രശ്നം പരിഹരിച്ചു.

ഒരു ദിവസം പതിവുപോലെ രാവിലെ മൈതാനത്തു ചെന്നപ്പോൾ കാറിനടുത്ത് ഒരാൾ നിൽക്കുന്നു. ചുവപ്പ് ടീഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ. ദൂരെ നിന്നു തന്നെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞു. ഞാൻ അടുത്തെത്തിയപ്പോഴേക്കും അയാൾ ദൂരേയ്ക്ക് നടന്നു മറഞ്ഞു. പെട്ടന്ന് തന്നെ ഞാൻ അതു ശ്രദ്ധിച്ചു. കാറിനു പുറകിൽ “HYUNDAI" എന്ന് എഴുതിയിരുന്നതിൽ “H“ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം ആരോ കുത്തിയെടുത്തോണ്ട് പോയി. ഞാൻ ആ ചെറുപ്പക്കാരൻ നടന്നുനീങ്ങിയിടത്തേക്ക് കുറച്ചു ദൂരം പോയി നോക്കി. അവിടെയെങ്ങും അയാളുടെ പൊടിപോലും കണ്ടില്ല. അക്ഷരങ്ങൾ പോയതോ പോകട്ടെ, കുത്തിയെടുക്കുന്നതിനിടയിൽ പല ഇടങ്ങളിലെ പെയിന്റും ഇളകിയിരിക്കുന്നു. എനിക്ക് ദേഷ്യവും വിഷമവും ഒരു പോലെ വന്നു. ആ ചുവപ്പു ഷർട്ടുകാരൻ തന്നെയാണ് അത് ചെയ്തതെന്ന് ഞാൻ തീർച്ചപ്പെടുത്തി. അവനെ കയ്യിൽ കിട്ടിയാൽ കൈ തല്ലി ഒടിക്കുകയാണ് വേണ്ടത് എന്ന് മനസ്സിൽ കരുതി ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു.

അന്ന് മുഴുവനും Yഉം Uഉം Nഉം Dഉം Aഉം Iഉം ഒക്കെ എന്റെ മനസ്സിൽ നൃത്തം വച്ചുകൊണ്ടിരുന്നു. തട്ടും മുട്ടും ഒന്നും കൂടാതെ വളരെ സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന വണ്ടി. എന്നിട്ടും...

ഏതോ ഒരു സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ്ഗ് ആയിരുന്നു മനസ്സ് നിറയെ.
“കലിപ്പ് തീരണില്ലല്ലോ!!“

പിറ്റേന്ന്,  ബാക്കിയുള്ള “H“ അവിടെയുണ്ടാകുമോ എന്ന് ചിന്തിച്ചാണ് ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് ചെന്നത്. ആ ചുവപ്പ് ഷർട്ടുകാരൻ അതാ മറ്റൊരു വണ്ടിയുടെ പുറകിൽ നിൽക്കുന്നു. മുഖം കണ്ടില്ല. എങ്കിലും അയാളാണതെന്ന് ഞാൻ ഉറപ്പിച്ചു. ഇന്ത്യൻ പട്ടാളക്കാർ പാകിസ്ഥാൻ ബോർഡറിലേക്ക് ആക്രമണത്തിനു പോകുന്നതുപോലെ കുനിഞ്ഞും നിരങ്ങിയും ഞാൻ പതുക്കെ അയാളുടെ പുറകിലെത്തി. കയ്യെത്തുന്ന ദൂരത്ത് ആളെ കണ്ടപ്പോഴേക്കും എന്റെ ശരീരം കോപം കൊണ്ട് വിറച്ചു. ഞാൻ ശക്തിയായി അയാളുടെ ചുമലിൽ പിടിച്ചു.

“അയ്യോ... Sorry.. I'm really sorry. Wrong person. I thought somebody else.." ഞാൻ പറഞ്ഞു.

അയാൾ രൂക്ഷമായി എന്നെ നോക്കുമ്പോഴേക്കും ഞാൻ എന്റെ വണ്ടിയുടെ അടുത്തെത്തി. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ആളുമാറിപ്പോയി. എന്തായാലും തല്ലുകൊള്ളാതെ രക്ഷപെട്ടു. ഡ്രൈവ് ചെയ്യുമ്പോൾ ആ സംഭവമായിരുന്നു മനസ്സ് നിറയെ. കോപം വന്നാൽ കണ്ണു കാണില്ല എന്ന് പലരും പറയാറുള്ളത് വെറുതെയാണെന്ന് എനിക്കു തോന്നി. സെക്കന്റിന്റെ ഒരംശത്തിനുള്ളിൽ എന്റെ കോപം ദൈന്യതയായും പിന്നീട് ചിരിയായും മാറിയത് ഞാൻ അനുഭവിച്ചതാണ്. കോപം വരുമ്പോൾ, തെറ്റായ കാര്യത്തിനോ അതല്ലെങ്കിൽ ഒരു കാര്യവുമില്ലാതെയോ ആണ് താൻ കോപിക്കുന്നത് എന്ന് ഒരാൾ തന്റെ മനസ്സിനെ ബോദ്ധ്യപ്പെടുത്തിയാൽ കോപിക്കുന്നതിൽ നിന്നും മനസ്സ് വളരെ പെട്ടന്ന് പിന്മാറുക തന്നെ ചെയ്യും എന്ന് എനിക്ക് ബോദ്ധ്യമായി. കോപത്തെ അടക്കാൻ പലരും പറയുന്നത്ര പ്രയാസമൊന്നും ഉള്ളതായി എനിക്ക് തോന്നിയില്ല.

കോപം വന്നപ്പോൾ, എന്റെ അക്ഷരങ്ങൾ അടിച്ചുമാറ്റിക്കൊണ്ടുപോയവന്റെ കൈ തല്ലി ഒടിക്കണമെന്ന് ഞാൻ ചിന്തിച്ചു. ഭാരതീയ ചിന്താധാര അനുസരിച്ച് മനസ്സാണ് കർമ്മം ചെയ്യുന്നത്, ശരീരമല്ല! ഒരാൾ തന്റെ ഭാര്യയെയും മകളെയും ആലിംഗനം ചെയ്യുമ്പോൾ ആലിംഗനം ചെയ്യുന്ന രീതിക്കോ ആലിംഗനം ചെയ്യുന്ന കയ്കൾക്കോ വ്യത്യാസമില്ലെങ്കിൽ പോലും രണ്ടും വ്യത്യസ്തമായിരിക്കുന്നതിനു കാരണം മനസ്സ് ചെയ്യുന്ന കർമ്മങ്ങളുടെ വ്യത്യാസം മൂലമാണ്. അതായത്, കോപം മൂലം ഞാൻ അയാളുടെ കൈ തല്ലിയൊടിക്കണമെന്ന് ചിന്തിച്ചപ്പോൾ തന്നെ ആ കർമ്മം മനസ്സിൽ ചെയ്തു കഴിഞ്ഞു. മനസ്സിൽ ചെയ്തു കഴിഞ്ഞ കർമ്മം ശരീരം അനുവർത്തിച്ചില്ലെങ്കിൽ അത് വാസനയായി മാറും. അതായത്, ഇനി എന്നെങ്കിലും ഇതുപോലെയുള്ള ഒരു സന്ദർഭം വരുമ്പോൾ എന്റെ മനസ്സ് എന്റെ ശരീരത്തിലൂടെ ആ കർമ്മം ആരുടെ മേലെങ്കിലും ചെയ്യാൻ ശ്രമിക്കും. ചുരുക്കം പറഞ്ഞാൽ ആകെ പ്രശ്നമാണ്. ടിപി വധക്കേസിൽ പെട്ടവരുടെ ശിക്ഷ ഇളവു ചെയ്തു എന്ന് കേട്ട് അവരെയും ടിപിയെ കൊന്നതുപോലെ കൊല്ലണമായിരുന്നുവെന്ന് ഞാൻ മനസ്സിൽ കരുതി. അതായത് മനസ്സുകൊണ്ട് ഞാൻ ഒരു കൊലപാതകി ആയിക്കഴിഞ്ഞു. ഇനി തരം കിട്ടിയാൽ ശരീരം അത് നിർവ്വഹിക്കുകയേ വേണ്ടൂ. “മനസ്സേ, നീയാണ് ശരിയായ വില്ലൻ!!!“

Saturday 1 March 2014

കുന്നിക്കുരു - 15


സന്മാർഗ്ഗേണ സമാർജിച്ച
ധനം ഉത്തമമാണുകേൾ
മറിച്ചുള്ള ധനസമ്പാദ്യം
അനർത്ഥം തന്നു പോയിടും.
ആർജിച്ച സമ്പത്തിന്റെ
ഒരുഭാഗം നീക്കി വക്കണം
സാധുജന നന്മക്കായ്
അതാണു ദേവമാർഗ്ഗവും.
വൃദ്ധരായുള്ള മാതാ-
പിതാക്കളെയുമൊന്നുപോൽ
സംരക്ഷിച്ചീടുന്നതത്രേ
പുത്രധർമ്മമതെന്നുകേൾ.
സത്യധർമ്മാദി വിദ്യകൾ
താനാർജിച്ച കണക്കിനെ
സന്താനങ്ങൾക്കു നൽകേണം
പിതൃധർമ്മമതാണെടോ.
പുത്രർക്കു നല്ല മാർഗ്ഗങ്ങൾ
ഉപദേശിച്ചു കൊടുപ്പതും
പിതാവിൻ കടമയാണെന്നു
ചൊല്ലുന്നു ധർമ്മസംഹിത.
പുത്രർ കുടുംബസ്ഥരായാൽ
പിതാക്കൾ തൻ കടമകൾ
പൂർത്തിയായെന്നു കല്പിപ്പൂ
ശാന്തമായിതു ജീവിതം.
തൻ പിതാക്കളെ താൻ നന്നായ്
സംരക്ഷിച്ച അതേ വിധം
തങ്ങളെ കാത്തു നോക്കുന്ന
പുത്രന്മാർ ശ്രേഷ്ഠരാണുകേൾ.
ലൗകികത്തിലുള്ള സമ്പാദ്യം
ലൗകികത്തിലെ ആശയും
ഒക്കെയും തീർത്തു വാഴേണം
കാലം വാർദ്ധക്യമെന്നതും.
ദൈവവിശ്വാസവും പിന്നെ
സത്സംഗപ്പരിരക്ഷയും
ശാന്തമായോരു വാർദ്ധക്യം
ശാന്തമായി നയിച്ചിടാം.
സോമദാസ്

Tuesday 25 February 2014

ഷോപ്പിംഗ് മാൾ

അയാൾ കൂട്ടുകാരനോടു പറഞ്ഞു.
“എനിക്ക് ജീവിതം മടുത്തു. ഞാൻ ആഗ്രഹിക്കുന്നതൊന്നും നടക്കുന്നില്ല. ഞാൻ സംന്യാസിയാകാൻ പോകുകയാണ്.”
ജീവിത നൈരാശ്യം!
നാളുകൾക്കുശേഷം അതിൽ ഒരാൾ പട്ടണത്തിൽ പോയി.
ഒരു ഷോപ്പിംഗ് മാളിൽ കയറി.
സംന്യാസിയാകാൻ പോയ സുഹൃത്ത് അതിന്റെ മാനേജരായിരിക്കുന്നു.
അയാൾ സുഹൃത്തിനെ സമീപിച്ചു ചോദിച്ചു.
“നീ സംന്യാസിയാകാൻ പോയതല്ലേ, പിന്നെ എന്തുപറ്റി?”
“ഞാൻ സംന്യാസിയാകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.” മറ്റെയാൾ മറുപടി പറഞ്ഞു.
“നല്ല ഒരു സംന്യാസിയാകുന്നതിന് ചിലവുണ്ട്.” അയാൾ തുടർന്നു.
“നല്ലതും വലുതുമായ ഒരു ആശ്രമം വേണം. അതിന് 5 ഏക്കർ സ്ഥലമെങ്കിലും വേണം. പിന്നെ ആശ്രമക്കെട്ടിടങ്ങൾ, വരുമാനത്തിന് എസ്റ്റേറ്റുകൾ, രുദ്രാക്ഷമാലകൾ - സ്വർണ്ണം കെട്ടിയത്, യോഗദണ്ഡ്, കമണ്ഡലു - വെള്ളിയായാലും മതി, കൂടിയ കാഷായവസ്ത്രങ്ങൾ - മൂന്നുനാലു ജോഡിയെങ്കിലും വേണം, ശിഷ്യന്മാർ, അവരുടെ ചിലവുകൾ എല്ലാം കൂടി നല്ല ഒരു സംഖ്യയുണ്ടെങ്കിലേ സ്റ്റാന്റേർഡുള്ള ഒരു സംന്യാസിയാകാൻ കഴിയൂ. അതിനുള്ള ധനം കണ്ടെത്താനാണ് ഞാൻ ഈ ഷോപ്പിംഗ് മാൾ നടത്തുന്നത്.”
ഇതുകേട്ട സുഹൃത്ത് മനസ്സിൽ പറഞ്ഞു :
“സർവ്വ സംഗപരിത്യാഗോ
സംന്യാസി അഭിധീയതേ.” എന്നാണല്ലോ കേട്ടിട്ടുള്ളത്.
“ഓ! അത് പണ്ടത്തെ സംന്യാസിയും ഇത് ആധുനിക സംന്യാസിയും ആയിരിക്കും. എന്റെ ഒരറിവില്ലായ്മയേ!!!“
സോമദാസ്

Saturday 22 February 2014

ശിഷ്യൻ

ഒരു മഹർഷിയുടെ ആശ്രമത്തിൽ പുതിയ ശിഷ്യരെ എടുക്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്.
രാജകുമാരൻ, മന്ത്രിപുത്രൻ, സർവ്വസൈന്യാധിപന്റെ മകൻ, ഒരു സാധു ബ്രാഹ്മണപുത്രൻ...
മഹർഷി തന്റെ ശിഷ്യന് നിർദ്ദേശം കൊടുത്തു.
“ആശ്രമമുറ്റത്തു നിൽക്കുന്ന ആ നെടുംപനയിൽ കയറണം.“
രാജകുമാരൻ തന്റെ സർവ്വ ശക്തിയുമെടുത്ത് പനയിൽ കയറി. പകുതി കയറിയപ്പോൾ ഇനി പറ്റില്ല എന്നു പറഞ്ഞു.
“എന്നാൽ കൈവിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുമാരൻ ഭയന്ന് കൈവിട്ടില്ല; താഴെയിറങ്ങി.
ഇതുതന്നെ മന്ത്രിപുത്രനും സംഭവിച്ചു. പനയുടെ മുകളിൽ കയറിയ മന്ത്രിപുത്രനോട് കൈ വിടാൻ നിർദ്ദേശിച്ചു. മന്ത്രിപുത്രനും താഴെയിറങ്ങി.
സർവ്വ സൈന്യാധിപന്റെ മകനും ഇതുതന്നെ ആവർത്തിച്ചു.
അവസാനം സാധുവായ ബ്രാഹ്മണപുത്രൻ കയറി.
പനയുടെ മുകളിൽ കയറിയ കുട്ടിയോട് പനയോലയിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ഗുരു നിർദ്ദേശിച്ചു.
കുട്ടി അത് അനുസരിച്ചു.
“കൈ വിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുട്ടി കൈവിട്ടു.
ഒരു പഞ്ഞി ശകലം പോലെ കുട്ടി താഴേക്കു വന്നു.
ഗുരു കൈകൾ നീട്ടി കുട്ടിയെ പിടിച്ചു.
കുട്ടി സുരക്ഷിതനായി ഗുരുസന്നിധിയിൽ നിന്നു.
“ഈ കുട്ടിയെ ഞാൻ എന്റെ ശിഷ്യനായി തെരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയുള്ളവർക്ക് പോകാം.” ഗുരു നിർദ്ദേശിച്ചു.

സോമദാസ്

Tuesday 18 February 2014

മാങ്ങയും മാങ്ങാണ്ടിയും

എന്റെ മാവ് പൂത്തു. നിറയെ പൂക്കൾ.
കുറച്ചുനാൾ കഴിഞ്ഞുനോക്കിയപ്പോൾ മാവ് നിറയെ കണ്ണിമാങ്ങകൾ.
പിന്നെ അത് വലുതായി.
കടും പച്ച നിറമുള്ള മാങ്ങകൾ. നല്ല ബലവും കട്ടിയും.
പതുക്കെ അതിന്റെ നിറം മാറി.
മഞ്ഞനിറമായി. നല്ല സുഗന്ധവും സൗന്ദര്യവും.
പിന്നെ പിന്നെ അതിന്റെ നിറം മങ്ങിത്തുടങ്ങി. സുഗന്ധം ദുർഗന്ധത്തിന് വഴിമാറി.
അത് താഴെവീണു.
ഇന്ന് നോക്കിയപ്പോൾ ഒരു മാങ്ങാണ്ടി മാത്രം!
മാവ് ഈ ലോകവും ഞാൻ അതിലെ ഒരു മാങ്ങയുമാണെന്ന് എനിക്കു തോന്നി.
ഇപ്പോൾ ഞാൻ സുഗന്ധം പൊഴിച്ച് സുന്ദരനായിരിക്കുന്നു.
ഇനി വരാനുള്ളത് ദുർഗന്ധത്തിന്റെ നാളുകൾ.
അതുകഴിഞ്ഞാൽ എന്റെ ശരീരം എന്നെ വിട്ടുപോകും.
പിന്നെ ഞാൻ വെറുമൊരു മാങ്ങാണ്ടി!!

Sunday 16 February 2014

പരിപ്പുവട

ആൽത്തറയിൽ ക്ഷീണിതരായി രണ്ടു കൂട്ടുകാർ ഇരിക്കുന്നു. രണ്ടുപേർക്കും നല്ല വിശപ്പ്.
ഒരാൾ അവിടെ ഒരു പൊതി ഇരിക്കുന്നതു കണ്ടു.
അപരൻ അതെടുത്തു തുറന്നു.
ഒരു പരിപ്പുവട!
അയാൾ ആർത്തിയോടെ അത് തിന്നാൻ ഭാവിച്ചു.
മറ്റെയാൾ കയർത്തു. “ഞാനാണതു കണ്ടത്.”
“ഞാനാണത് എടുത്തത്.” രണ്ടുപേരും വടയ്ക്ക് അവകാശം ഉന്നയിച്ചു.
വഴക്കായി; പിടിവലിയായി.
വട തെറിച്ച് ദൂരെ വീണു.
എന്നിട്ടും അവരുടെ ശണ്ഠ തുടർന്നു.
ഒരു പട്ടി അതുവഴി വന്നു.
വടയുടെ അടുത്തുവന്ന് രണ്ടുകയ്യും നീട്ടിക്കിടന്നു.
കൈകൾക്കുള്ളിൽ വട വച്ച് ശാന്തമായി തിന്നു.
അപ്പോഴും സുഹൃത്തുക്കൾ ശണ്ഠകൂടിക്കൊണ്ടേയിരുന്നു.
സോമദാസ്

Sunday 9 February 2014

ഞാനും എന്റെ ലോകവും!

ആരോ എന്റെ കാലിൽ ശക്തിയായി പിടിച്ചു വലിക്കുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഭാര്യയാണ്. അലാറത്തിന്റെ ശബ്ദം പലപ്പോഴും ഞാൻ കേൾക്കാറില്ല. പിന്നെ അവളു വേണം കുത്തി എണീപ്പിക്കാൻ. എനിക്ക് ചിരി വന്നു. പണ്ടുകാലത്ത് ഭാര്യമാർ എന്നും രാവിലെ ഭർത്താവിന്റെ കാലുതൊട്ട് വന്ദിച്ചിട്ടാണ് അടുക്കളയിൽ കയറാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ചിരിച്ചോണ്ട് കിടന്നാൽ സമയം പോകും എന്ന് ആരോ ഉള്ളിൽ നിന്നു പറയുന്നു. ഞാൻ ചാടിയെണീറ്റു.

പ്രാഥമിക കാര്യങ്ങളും പ്രാതലും കഴിഞ്ഞപ്പോൾ സമയം 6:30. ഇന്നും 140-ൽ പോയാലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കമ്പനിയിൽ എത്തി ഐ.ഡിയും ഫിങ്കർപ്രിന്റും കാണിച്ച് ഹാജർ വച്ചപ്പോൾ 7:30. തിർക്കുപിടിച്ച ഒരു ഓഫീസ് ദിനം കൂടി തുടങ്ങുകയായി. പിടിപ്പതു പണിയുള്ള ഒരു ദിവസം. അതിനിടയ്ക്കാണ് ഐ.ടി ക്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റാൻ എത്തിയത്. എല്ലാവരുടേയും കമ്പ്യൂട്ടറിൽ വിന്റോസ്-8 ഇൻസ്റ്റാൾ ചെയ്യുന്നു. എന്റെ കമ്പ്യൂട്ടറിൽ പണി നടക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളുടെ ഡെസ്കിൽ പോയി നോക്കി. എല്ലാത്തിലും ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം. പക്ഷേ കണ്ടാലോ.. എല്ലാം വ്യത്യസ്തം. പുതിയത് കിട്ടിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് അവയുടെ രൂപഭാവങ്ങൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. രൂപഭാവങ്ങളിലേ അവയ്ക്ക് വ്യത്യാസമുള്ളൂ. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. ഇതു തന്നെയല്ലേ ഈ ലോകത്തിന്റേയും സ്ഥിതി. “The operating system of the universe applies to everyone alike, and it works along principles that do not require your cooperation."

ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. സമയം 5 ആയത് അറിഞ്ഞില്ല. പഞ്ച് ഔട്ട് ചെയ്ത് കമ്പനിയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും കൂടയുള്ളവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞിരുന്നു. എന്തൊരു വേഗതയാണ് ഈ ലോകത്തിന്! ഇനിയും 140-ൽ പോകണം. എന്നാലേ പാർക്കിങ്ങിന് ഇടം കിട്ടുകയുള്ളൂ എന്ന് ചിന്തിച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തി കുളിച്ച്, മകനുമായി പുറത്തൊക്കെ ഒന്നുപോയി തിരിച്ചു വന്ന് അവനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ ഒരു പേപ്പറുമായി എത്തുന്നത്. മകന്റെ സ്കൂളിൽ നിന്നും കൊടുത്തയച്ചതാണ്. ആ ഫോം പൂരിപ്പിച്ച് തിരിച്ച് കൊടുത്തു വിടണം. ചേർത്തപ്പോൾ ഈ വിവരങ്ങളെല്ലാം കൊടുത്തതാണല്ലോ!

“ഇനി മോൻ തനിയെ കളിക്ക്. അച്ഛൻ ഈ ഫോം ഒന്ന് പൂരിപ്പിക്കട്ടെ.”

“വേണ്ട, വേണ്ട.. അച്ഛൻ വരണം കളിക്കാൻ. ഞാൻ ഹനുമാൻ. അച്ഛൻ സുരസ. നമുക്ക് ഇടികൂടാം..” അവൻ വിടാൻ ഭാവമില്ല.

അത് വകവയ്ക്കാതെ ഞാൻ ഫോം പൂരിപ്പിക്കാൻ തുടങ്ങി. അവൻ എന്നെ അതിനു സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുക്കം ആ പേപ്പറിന്റെ ഒരു ഭാഗം കീറി.

“നിന്നോടല്ലിയോടാ പറഞ്ഞത് കുറച്ചു നേരം മിണ്ടാതിരിക്കാൻ.” ഞാൻ കണ്ണുരുട്ടി. അതിനു പകരമായി അവിടെ കിടന്ന തലയിണ കൊണ്ടവൻ എന്റെ തലമണ്ടയിലടിച്ചു. അടി കൊണ്ടതോടെ ഞാൻ ചിന്തിച്ചു. ഇപ്പോൾ എനിക്കു വേണമെങ്കിൽ ഒരടി കൊടുത്ത് ഇവനെ മാറ്റി നിർത്താം. അങ്ങനെ ഇവിടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കാം. അവന്റെ കണ്ണീരോടെ ഈ ദിവസത്തെ എനിക്ക് അവസാനിപ്പിക്കാം. ദീപക് ചോപ്ര എഴുതിയ ഒരു പുസ്തകത്തിലെ വരികൾ എനിക്ക് ഓർമ്മ വന്നു - " You are not in the world; the world is in you. Everyone is a creator."

ഞാൻ അവനെ അടുത്തു വിളിച്ചു. അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഷോക്കടിച്ചതുപോലെ അവൻ അല്പനേരം എന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി അവന്റെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് നടന്നുനീങ്ങി. ഞാൻ എന്റെ ലോകം സൃഷ്ടിച്ചിരിക്കുന്നു. സുന്ദരമായ ഒരു ലോകം. അപ്പോഴും ദീപക് ചോപ്രയുടെ വരികൾ എന്റെ കാതുകളിൽ മുഴങ്ങി.  "Being a creator is more important than the whole world." ഭൂരിഭാഗം മനുഷ്യരും തങ്ങൾ സൃഷ്ടിച്ച ലോകത്തെ നോക്കി കരയുകയാണെന്ന് എനിക്ക് തോന്നി. അവനവന്റെ ലോകം സൃഷ്ടിക്കാനുള്ള സകല അധികാരവും കയ്യിലുള്ളപ്പോഴും അതറിയാതെ വെറുതേ പരിതപിക്കുന്നു. കഷ്ടം തന്നെ!!

Wednesday 5 February 2014

New Year Resolution

എയർപോർട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ വഴിയിൽ കണ്ട ഒരു നല്ല ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്തി. വിമാനത്തിന്റെ സമയമാറ്റം കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടിറങ്ങിയിരുന്ന പതിവു രീതി ഉപേക്ഷിക്കേണ്ടതായി വന്നു. കണ്ടാൽ നല്ല വൃത്തിയുള്ള ഹോട്ടൽ. ഞാൻ തിരിച്ചു പോകുന്നതിലുള്ള ദുഃഖം വീട്ടുകാരുടെ മുഖത്ത് തെളിഞ്ഞു കാണാം. എങ്കിലും ഭക്ഷണം വന്നപ്പോഴേക്കും എല്ലാവരും ഉഷാറായി. ഒരു പ്ലേറ്റ് കണവഫ്രൈ എനിക്കായി ഓർഡർ ചെയ്യപ്പെട്ടു. അത് മുമ്പിൽ വന്നപ്പോഴേക്കും എന്റെ വായിൽ വെള്ളമൂറി. നല്ല മണം. നല്ല സ്വാദ്. എത്ര തിന്നാലും മതിവരില്ല. ഞങ്ങൾ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഇനി വരുമ്പോഴും ആ ഹോട്ടലിൽ തന്നെ കയറണം എന്ന് നിശ്ചയിച്ച് വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു.

ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുമ്പോഴും ആ ഭക്ഷണത്തിന്റെ സ്വാദ് നാക്കിൽ നിന്നും പോയിരുന്നില്ല. അവസാനം വിമാനമെത്തി. വിമാനയാത്ര ഒരിക്കലും എനിക്ക് സുഖമായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കയറാൻ വലിയ ഉന്മേഷമൊന്നും തോന്നിയില്ല.  എങ്കിലും ഒരുവിധം കയറി സീറ്റ് കണ്ടുപിടിച്ചിരുന്നു. പതിവ് അറിയിപ്പുകളും കലാപരിപാടികളും ഇപ്പോൾ മുഷിപ്പ് ഉണ്ടാക്കുന്നവയായിരിക്കുന്നു. ആദ്യമൊക്കെ വളരെ കൗതുകത്തോടെയായിരുന്നു ഞാൻ ഇവയെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ സ്ഥിരമായി യാത്രചെയ്യുന്നതുകൊണ്ട് എങ്ങനെയെങ്കിൽ ഈ നരകയാത്ര ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് പലപ്പോഴും ചിന്തിക്കാറ്. വിമാനം പറന്നുപൊങ്ങി ഏകദേശം ഒരു മണിക്കൂർ ആയിക്കാണും. ആകെപ്പാടെ ഒരു അസ്വസ്ഥത! ഞാൻ പതുക്കെ ടോയ്ലറ്റിലേക്ക് പോയി. അകത്ത് കയറിയതും ഛർദ്ദി തുടങ്ങി. രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി. ഛർദ്ദി ഒന്ന് അടങ്ങിയപ്പോൾ ഞാൻ സീറ്റിൽ വന്നിരുന്നു. ഒരു 10 മിനിട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. ഓടി ടോയ്ലറ്റിലെത്തിയപ്പോഴേക്കും വീണ്ടും ഛർദ്ദിച്ചു. കുടൽ പുറത്തുവരുമെന്ന് തോന്നി. അങ്ങനെ മൂന്നു നാല് പ്രാവശ്യം കഴിഞ്ഞപ്പോൾ ഇനി കുടലിലൊന്നും ബാക്കിയില്ലെന്ന അവസ്ഥയായി. തളർന്ന് അവശനായി ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ എയർഹോസ്റ്റസ് എന്റെ നേരെ നീട്ടിയ ഭക്ഷണ പദാർത്ഥങ്ങൾ ഞാൻ ദൈന്യതയോടെ നിരസിച്ചു. ജലപാനം ചെയ്യാതെ ഞാൻ എന്റെ സീറ്റിൽ ചുരുണ്ടുകൂടി.

ഞാൻ ചിന്തിച്ചു. എന്ത് രുചിയോടെയാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. ഇപ്പോഴോ, അത് കഴിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. അത് കഴിക്കാതെ വന്നിരുന്നെങ്കിൽ എനിക്ക് വിശപ്പ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ വിശപ്പും, ക്ഷീണവും, വേദനയും എന്നുവേണ്ട ഒരുപാട് അസ്വസ്ഥതകൾ. ഇതുപോലെതന്നെയാണ് ഈ ലൗകികസുഖങ്ങളെല്ലാമെന്ന് എനിക്ക് തോന്നി. യോഗവാസിഷ്ഠത്തിലെ വരികൾ എന്റെ മനസ്സിൽ ഓടിയെത്തി.
“സ്വസ്വരൂപമജാനന്വൈ
ജനോയം ദൈവവർജ്ജിതഃ
വിഷയേതു സുഖം വേത്തി
പശ്ചാത്പാകേവിഷാന്നവത്.”
(ഒരുവൻ വിശപ്പുകൊണ്ട് വിഷാന്നം തയ്യാറാക്കുന്നു, പിന്നീട് വിഷബാധ ഉണ്ടാകുന്ന സമയം ദുഃഖാർത്തനാവുന്നു. ഇതുപോലെയാണ് ഭോഗസുഖം അനുഭവിക്കുന്നവന്റെയും കഥ. വിഷയാനുഭവം തൽക്കാലസുഖം നൽകുന്നുവെങ്കിലും പിന്നീട് ഭയങ്കരമായ ദുഃഖത്തെയാണ് നൽകുന്നത്.)

പണം, പ്രശസ്തി തുടങ്ങി ഈ ഭൂമിയിലുള്ള സകല ഭൗതികസുഖങ്ങളും, ലഭിക്കുമ്പോൾ മധുരമായിരിക്കുകയും പിന്നീട് കയ്പായി മാറുകയും ചെയ്യുന്നവയാണ്. ദരിദ്രർ, പട്ടിണിയും മറ്റ് അനുബന്ധദുഃഖങ്ങളും അനുഭവിച്ച് സംസാരലോകത്തിൽ നിന്നും മടങ്ങുമ്പോൾ ധനികർ, എല്ലാമുണ്ടായിട്ടും രോഗങ്ങൾ മൂലം ഒന്നും കഴിക്കാനൊക്കാതെ പട്ടിണിയും രോഗപീഡയും കൊണ്ട് കഷ്ടപ്പെട്ട് ഇവിടം വിട്ടുപോകുന്നു. യക്ഷപ്രശ്നത്തിൽ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;
“ഈ ലോകത്തിൽ ഏറ്റവും അത്ഭുതകരമായിരിക്കുന്നതെന്താണ്?”
“ചുറ്റും ദിവസവും അനേകം പേർ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇവരൊന്നും ഇവിടെ നിന്നും ഒന്നും എടുക്കാതെയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നതെന്ന് കണ്ടുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവർ പലതരം ഭൗതികവസ്തുക്കൾ കുന്നുകൂട്ടാൻ പരക്കം പായുന്നത് തികച്ചും അത്ഭുതം തന്നെ” എന്നാണ് യുധിഷ്ഠിരൻ അതിനു നൽകിയ മറുപടി.

അന്ന് ആകാശത്തിലൂടെ പറക്കുമ്പോൾ ഞാൻ 2014-ലെ എന്റെ New Year Resolution തീരുമാനിച്ചു.
  • ഭൗതികവസ്തുക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഞാൻ പരക്കം പായില്ല. എന്റെ കർമ്മങ്ങളുടെ പ്രതിഫലമായി സ്വാഭാവികമായി ലഭിക്കുന്നവയെ മാത്രം യാതൊരു ഇച്ഛയും കൂടാതെ സ്വീകരിക്കും.
  • മാംസാഹാരം പരമാവധി ഒഴിവാക്കും.
  • ജീവിക്കുന്ന ഒരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കും.

Sunday 2 February 2014

കുന്നിക്കുരു - 14

വസ്തുക്കളതോരോന്നും
സൂക്ഷ്മമായിട്ടു നോക്കുകിൽ
വസ്തുവിൻ കാരണത്തേയും
കണ്ടിടാം തർക്കമെന്നിയേ.
ജലത്തിൻ കാരണമായിട്ട്
കണങ്ങളാണെന്നു കണ്ടിടാം
കണങ്ങൾ തൻ കാരണത്തെ
ആറ്റമാണെന്നു ശാസ്ത്രവും
ആറ്റത്തിൻ കാരണമായി
സൂക്ഷ്മവസ്തുക്കൾ കണ്ടിടാം
അവയിൽ നിന്നുമാണല്ലോ
ദൃശ്യപ്രപഞ്ചമായതും
ഇച്ചൊന്ന സൂക്ഷ്മവസ്തുക്കൾ
ഏതിൽ നിന്നുത്ഭവിച്ചിടും
എന്നു ശാസ്ത്രം ദർശിച്ചു
ഊർജ്ജം തന്നെ കാരണം.
ആറ്റസംഘാതമാണല്ലൊ
എല്ലാവസ്തുവുമെന്നതും
മുന്നേ ‘കണാദൻ’ കണ്ടെത്തി
ആർഷഭാരത മാമുനി.
ജഡമായവയെല്ലാമേ
ഊർജ്ജത്താൽ സൃഷ്ടമായിടും
എന്നു ശാസ്ത്രം കണ്ടെത്തി
സത്യത്തിൻ പൊരുൾ തന്നെയും.
ഊർജ്ജത്തിൻ കാരണത്തേയും
കണ്ടെത്താനതി ദുർഘടം
ഭാരതത്തിൻ മനീഷികൾ
കണ്ടെത്തി ‘മഹത്’ എന്നത്.
ബ്രഹ്മത്തിൻ സ്പന്ദഹേതുവായ്
രൂപമായുള്ളോരവ്യക്തം
അവ്യക്തമായതിൽ നിന്നും
‘മഹത്’ ഉണ്ടായി അത്ഭുതം.
മഹത്തിൽത്തന്നെയാകുന്നു
ത്രിഗുണങ്ങൾ തന്നുത്ഭവം
ദൃശ്യപ്രപഞ്ചമതുപോൽ
മനസും രൂപമായതും.
മഹത്തിൻ പരിണാമത്തെ
ശാസ്ത്രം ചൊല്ലുന്നു ‘സൃഷ്ടിയായ്’
പരിണാമമതുപോൽതന്നെ
‘വിലയവും’ പ്രകൃതിയാണത്.
ഉത്പത്തി പ്രളയം എന്നും
എപ്പോഴും സംഭവിച്ചിടും
അതുതാൻ പ്രകൃതിധർമ്മവും
അതുതാൻ ബ്രഹ്മമായയും.
സോമദാസ്