ആദ്യമാദ്യം എനിക്കൊന്നും വ്യക്തമായില്ല. ഏതുവഴിയേ പോകണം, പോയാല്‍ എവിടെ ചെന്നെത്തും, ഏതുവഴിയാണ് ദുര്‍ഘടം, ഏതാണ് സുഗമം എന്നിങ്ങനെയൊന്നിനും ഒരു ധാരണയും ഇല്ലായിരുന്നു. കാണുന്ന വഴികളിലൂടെ അലസമായി നടന്നു. ലക്ഷ്യബോധമില്ലാതെ നീരൊഴുക്കില്‍പ്പെട്ട ഇലപോലെ എത്രനാള്‍ ഒഴുകി സഞ്ചരിച്ചുവെന്ന് അറിയില്ല. ഈ കാലയളവിലുണ്ടായ അനുഭവങ്ങള്‍; തിക്തവും മധുരവും; എന്നില്‍ ഒരു ബോധമുണ്ടാക്കി. ഞാന്‍ ഒരു ഘോരവനത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഏതുവഴിയേ നടന്നാലും അനന്തമായി നീളുന്ന മാര്‍ഗ്ഗം! ചില വഴികളില്‍ സഞ്ചരിക്കുമ്പോള്‍ നയനമനോഹരങ്ങളായ കാഴ്ചകള്‍ കാണാം. ഭൂമിയുടെ നിമ്ന്നോന്നതങ്ങള്‍, കാനനസസ്യങ്ങള്‍ പൂത്തുലയുമ്പോള്‍ ഉണ്ടാകുന്ന സൗരഭ്യം, ആകാശശോഭ, എല്ലാം എന്നെ ഉന്മത്തനാക്കി. എന്നാല്‍, ഇവയെല്ലാംതന്നെ ക്ഷണികമായിരുന്നു. സന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍, മാരുതനില്‍ മാറിപ്പോകുന്ന ആകാശശോഭ, പ്രകൃതിയുടെ രൗദ്രഭാവത്തില്‍ രൂപം മാറിപ്പോകുന്ന ഭൂതലങ്ങള്‍ എല്ലാം ക്ഷണികങ്ങളായി എനിക്കനുഭവപ്പെട്ടു. ഇതെല്ലാം സുഖദായകങ്ങളായിരുന്നുവെങ്കിലും മനസ്സ്, ഭയവും അന്ധതയും അശാന്തിയും നിറഞ്ഞതായിരുന്നു. ഞാന്‍ ഇച്ഛിച്ചിട്ട് ലഭിക്കുന്നതല്ല ഈ ജീവിതം. അഭിനയം അറിയാത്ത എന്നെ വേദിയിലേക്ക്, എന്റെ അനുവാദമില്ലാതെ, തള്ളി വിട്ടപോലെ ഞാന്‍ അസ്വസ്ഥനായി അലഞ്ഞു. ചുറ്റുപാടും ഞാന്‍ ശ്രദ്ധിച്ചു. എന്നെപ്പോലെ തന്നെ എല്ലാവരും ഒരു ലക്ഷ്യബോധവുമില്ലാതെ എവിടേക്കോ സഞ്ചരിക്കുന്നു.
ഈ സഞ്ചാരത്തില്‍ ചിലപ്പോള്‍ ഹിംസ്രജന്തുക്കളാല്‍ ആക്രമിക്കപ്പെടും. ശിഷ്ടകാലം അതിന്റെ ദുരിതബാക്കിയായി ജീവിക്കേണ്ടിവരുന്നു. ഈ ഘോരവനത്തില്‍ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടെന്ന് എനിക്ക് അറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഇവിടെ ജീവിക്കാന്‍ വന്നവനാണ്. ഞാന്‍ വരുന്നതിനു മുമ്പും ധാരാളം ജീവികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും. പിന്നെ എനിക്കുമാത്രമായി എന്താണിത്ര പ്രത്യേകത!
ഒരുനാള്‍ യാത്രാമദ്ധ്യേ ഒരു വൃദ്ധനെ കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം ഈ ‘ലൗകിക’ വനത്തില്‍ അനേകകാലം ജീവിച്ച ആളാണ്. അതുകൊണ്ടുതന്നെ ധാരാളം അനുഭവങ്ങളും കഴിവുകളുമുണ്ട്. ഈ സ്ഥലത്തിന് വ്യത്യസ്ഥമായി മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ഇതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആര്‍ക്കും നിര്‍ഭയമായി ഇരിക്കാം. മാനസിക ശാരീരിക വ്യഥകളില്ല. ഉള്‍ഭയം വേണ്ട. സ്വതന്ത്രശാന്തമായ അങ്ങനൊരിടം ഉണ്ടെന്ന് എന്റെ കുട്ടിക്കാലത്ത് ആരോ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു. പലനാള്‍ ഞാന്‍ അവിടം അന്വേഷിച്ചു നടന്നു. കണ്ടുകിട്ടിയില്ല. പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല. ചിലര്‍ കളിയാക്കി. ചിലര്‍ ചിത്തഭ്രമമാണെന്നും, സ്വപ്നം കാണാന്‍ കൊള്ളാമെന്നും പറഞ്ഞു. യാഥാര്‍ത്ഥ്യം അറിയുന്നവരെ തേടി ഞാന്‍ അലഞ്ഞു. അങ്ങനെ ഒരു സ്ഥാനം ഉണ്ടെന്നോ, അത് സത്യമോ മിഥ്യയോ എന്നോ അറിയില്ല. അതെങ്കിലും അറിഞ്ഞാല്‍ കൊള്ളാമെന്നായിരുന്നു എനിക്ക്.
ഒരുനാള്‍ എല്ലാവരും ഒരു സ്ഥലത്തേക്ക് പാഞ്ഞുപോകുന്നത് കണ്ട് ഞാനും കൂടി. ഇല്ലാത്ത വഴികളിലൂടെ കഷ്ടപ്പെട്ടുള്ള യാത്ര. അവസാനം ഒരു മൈതാനത്തെത്തി. ഒരുയര്‍ന്ന സ്ഥലത്ത് ഇരിക്കുന്ന ആള്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. ജനക്കൂട്ടം ശ്രദ്ധയോടെ കേട്ടുനിന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറേക്കഴിഞ്ഞപ്പോള്‍ ജനം പകുതിയും പിരിഞ്ഞുപോയി. ഇരിക്കുന്നവരില്‍ കൂടുതല്‍ പേരും അശ്രദ്ധമായിരുന്ന് എന്തിനേപ്പറ്റിയോ സംസാരിക്കുന്നു. മിക്കവാറും ആരും ശ്രദ്ധിക്കാതെയായി. ഞാന്‍ എന്റെ അറിവുകൊണ്ട് ശ്രദ്ധിച്ചുനോക്കി. ഒന്നുംതന്നെ വ്യക്തമല്ല. അവസാനം പറയുന്ന ആളും ഞാനും മാത്രം ബാക്കിയായി. ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളൊന്നും എനിക്ക് മനസ്സിലായില്ല.
“അങ്ങുപറയുന്നതെന്താണെന്ന് അങ്ങയ്ക്ക് മനസ്സിലായിട്ടുണ്ടോ?”, ഞാന്‍ തിരിച്ചു ചോദിച്ചു.
“ഉവ്വ്“ എന്നദ്ദേഹം തലയാട്ടി.
“എന്താണത്?”
“ബ്രഹ്മപുരം.” അദ്ദേഹം പ്രതിവചിച്ചു.
“അതെന്താണ്? എവിടെയാണ്?” ഞാന്‍ ചോദിച്ചു.
“അതെനിക്കറിഞ്ഞുകൂടാ.”
“പിന്നെ അങ്ങെങ്ങനെയാണ് ഇതെല്ലാം പറയുന്നത്?”
“അത് വേറെ ഒരാള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.” അയാള്‍ എവിടെയുണ്ടാകുമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു.
എനിക്ക് ഉത്സാഹമായി. ഞാന്‍ യാത്രയായി. വഴിയില്‍ പലരേയും കൂട്ടിനുകിട്ടി. ഞാന്‍ അതീവ സന്തുഷ്ടനായി. അവര്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടാണ് നടന്നത്. ഈ ഘോരവനത്തിനു വെളിയില്‍ ‘ബ്രഹ്മപുരം’ ഉണ്ടോ എന്നതായിരുന്നു പ്രധാനവിഷയം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ഏകാന്തസുന്ദരമായ സ്ഥലത്തെത്തി. ചിലര്‍ അവിടെ വിശ്രമിച്ചു. സുന്ദരങ്ങളായ കാഴ്ചകളും അനുഭൂതികളും ആസ്വദിച്ച് അവിടെ തങ്ങി. കുറേക്കഴിഞ്ഞ് തങ്ങള്‍ എത്തിക്കോളാം എന്നുപറഞ്ഞ് അവര്‍ ഞങ്ങളെ യാത്രയാക്കി. ഞങ്ങള്‍ വീണ്ടും അനേകദൂരം സഞ്ചരിച്ചു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. ബ്രഹ്മപുരത്തേക്ക് പോയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താം. മരുഭൂമിയില്‍ മഴ പെയ്തതുപോലെയായി എനിക്ക്.
ഒരുനാള്‍ അദ്ദേഹം എത്തി. ജനം ഒത്തുകൂടി. ബ്രഹ്മപുരത്തെക്കുറിച്ചും അവിടെയെത്താനുള്ള വഴിയെക്കുറിച്ചും അദ്ദേഹം പറഞ്ഞുതുടങ്ങി. ഭാഷ വളരെ പഴയതായിരുന്നതിനാല്‍ മനസ്സിലാക്കാന്‍ പ്രയാസം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലരും പലവിധത്തില്‍ എഴുതിയെടുത്തു. ബ്രഹ്മപുരത്തേക്കുള്ള വഴിലഭിച്ച സന്തോഷത്തോടെ പലരും അവിടം വിട്ടു. എനിക്ക് അതിയായ ദുഃഖം തോന്നി. അദ്ദേഹത്തിന്റെ ഭാഷ, പിന്നെ അദ്ദേഹം പറഞ്ഞ വിഷയം, ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല. ഇതറിഞ്ഞ അദ്ദേഹം ശാന്തനായി എനിക്കറിയാവുന്ന ഭാഷയില്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും പറയുന്ന വിഷയത്തിന്റെ ഗഹനതകാരണം അദ്ദേഹത്തോടൊപ്പം എന്റെ മനസ്സ് സഞ്ചരിച്ചില്ല.
സ്വതേ അലസനും മടിയനുമായിരുന്ന ഞാന്‍ പരിശ്രമിക്കാന്‍ പിന്നിലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കണമെന്ന് അദമ്യമായ ആഗ്രഹം ഉള്ളില്‍ ഉണ്ടായി. പല പ്രാവശ്യം ആവര്‍ത്തിച്ചതിന്റെ ഫലമായി ഒരുനാള്‍ എന്നെയുംകൂടെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാമെന്ന് അദ്ദേഹം സമ്മതിച്ചു. എനിക്ക് ഏറ്റവും ഉന്മാദമായ അനുഭവമായിരുന്നു പിന്നീട്. എന്റെ എല്ലാ ഭയാശങ്കകളും അകന്നു. ദുഃഖങ്ങള്‍ സുഖങ്ങളായി. സ്വതന്ത്രമായി ഒരു കൊച്ചുകുട്ടിയെപ്പോലെ ദിനങ്ങള്‍ കഴിച്ചുകൂട്ടി.
ബ്രഹ്മപുരത്തെപ്പറ്റി ലഭിച്ച അറിവ് പലവിധത്തില്‍ എഴുതി എടുത്തവര്‍ പലതരത്തില്‍ അതിനെ വ്യാഖ്യാനിച്ചു. അവരവരുടെ പാണ്ഡിത്യം അനുസരിച്ച് വ്യാഖ്യാനങ്ങളും പാഠഭേദങ്ങളും വെട്ടിത്തിരുത്തലുകളും ഉണ്ടാക്കി. അതിനെ വ്യാഖ്യാനിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും അനേകം പേര്‍ കാലംകഴിച്ചു. മറ്റുചിലര്‍ അതിനെ വിശകലനം ചെയ്ത് ശാസ്ത്രീയമായി കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങി. ബ്രഹ്മപുരത്തേക്കുള്ള ഒരു മാര്‍ഗ്ഗരേഖ അവര്‍ തയ്യാറാക്കി. അതിന്മേല്‍ അനേകകാലം വാദപ്രതിവാദങ്ങളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. പലരും വേര്‍പെട്ടുപോയി സ്വന്തമായി പ്രയത്നിച്ചുതുടങ്ങി. മാര്‍ഗ്ഗരേഖ തയ്യാറാക്കിയവര്‍ അതിന് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി. ബ്രഹ്മപുരത്തേക്കുള്ള വഴികള്‍ അവരവരുടെ ഭാവനക്കനുസരിച്ച് സങ്കല്പിച്ചു. അതിലേക്കുള്ള പദ്ധതിക്കായി അവര്‍ ആ ദിശയിലേക്ക് തിരിഞ്ഞു. അവര്‍ നിന്ന പാദത്തിനടിയിലെ മണ്ണിന്റെ ഘടന, അതിന്റെ സവിശേഷതകള്‍, അവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, അവയുടെ അളവ്, സ്വഭാവം, അവതമ്മില്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വൈവിധ്യങ്ങളായ വസ്തുക്കള്‍, അവയുടെ അനന്തമായ ഉപയോഗങ്ങള്‍, അവയൊക്കെയുണ്ടാക്കാവുന്ന നാശഹേതുക്കളായ ഉപകരണങ്ങള്‍ എന്നിങ്ങനെ അവര്‍ക്ക് തോന്നിയതൊക്കെ പരീക്ഷണവിധേയമാക്കി. കണ്ടതെല്ലാം സത്യമാണെന്നും തങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് തോന്നി. എന്നാല്‍ അവര്‍ അവരുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ക്ക് നില്‍ക്കുന്നിടത്തുനിന്നും അല്പം പോലും മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ അവര്‍ ബ്രഹ്മപുരത്ത് എന്നെങ്കിലും എത്തിച്ചേരും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാതെയായി.
മറ്റൊരുകൂട്ടര്‍ ചുറ്റുപാടും കണ്ട സസ്യജാലങ്ങളെയും, ജന്തുവൈരുദ്ധ്യങ്ങളെയും, അവയുടെ സങ്കീര്‍ണ്ണതകളെയും കുറിച്ചുള്ള പഠനത്തിലേക്ക് തിരിഞ്ഞു. ബ്രഹ്മപുരത്തേക്കുള്ള വഴിയില്‍ കാണുന്ന എല്ലാത്തിനേയും പറ്റി വിശദമായി പഠിക്കാന്‍ അവര്‍ തീരുമാനിച്ചു. മുന്നില്‍ കണ്ട സസ്യജാലങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. എത്ര ഇലകള്‍, അതിന്റെ ആകാരവിശേഷം, അവയുടെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒരു സസ്യത്തിന്റെ എല്ലാം അറിഞ്ഞപ്പോള്‍ത്തന്നെ ജന്മാവസാനമായി. ഇതിനിടക്ക് ബ്രഹ്മപുരത്തേക്കുള്ള വഴി അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കാരണം വഴി മുഴുവനും നിബിഡമായ വനമാണ്. അതില്‍ അനേകായിരം സസ്യങ്ങള്‍ നില്‍ക്കുന്നു. അവയുടെയെല്ലാം സവിശേഷതകള്‍ സൂക്ഷ്മമായി ഗ്രഹിക്കുവാന്‍, ജന്മാന്തരങ്ങള്‍ കൊണ്ടേ കഴിയൂ. അവരും ബ്രഹ്മപുരത്ത് എന്ന് എത്തിച്ചേരും എന്ന് പ്രവചിക്കാന്‍ കഴിയില്ല.
ഇങ്ങനെ അവരവര്‍ നില്‍ക്കുന്നതിനു മുന്നിലുള്ള ദിശയിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം പോലും സംഭവിക്കാതെ എല്ലാം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍, പുതിയ പുതിയ അറിവുകളുമായി പുതിയ പുതിയ ആളുകള്‍ വന്നുകൊണ്ടേയിരുന്നു.
ഇതൊന്നുംതന്നെ ബ്രഹ്മപുരത്തേക്കുള്ള വഴികളല്ലെന്നും, ആ വഴിയില്‍ മുമ്പ് പോയിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അത് ഘോരവനത്തിലെ ചില കല്ലുകളില്‍ കൊത്തിവച്ചിട്ടുണ്ടെന്നും ഒരാള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടന്നു. അതുകാണാനായി ചിലര്‍ അയാളോടൊപ്പം കൂടി. എന്നാല്‍ കല്ലില്‍ കണ്ട ലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞില്ല. അത് വായിക്കാന്‍ കഴിവുള്ളയാളെത്തേടി ആളുകള്‍ അലഞ്ഞു. അനേകനാളുകള്‍ക്കുശേഷം ഒരാള്‍ ആ ലിഖിതങ്ങള്‍ വായിച്ചു. എന്നാല്‍, തങ്ങളില്‍ ഒരാളായി മാത്രം കണ്ട അയാളെ അംഗീകരിക്കാനോ അയാള്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാനോ കൂടുതല്‍ പേരും തയ്യാറായില്ല. പല വാദപ്രതിവാദങ്ങളും നടന്നു. അയാളുടെ പക്ഷത്ത് ആളുകള്‍ കുറവായിരുന്നു. അവര്‍ക്കുപോലും അദ്ദേഹം പറഞ്ഞ വഴിയുടെ യഥാര്‍ത്ഥരൂപം മനസ്സിലായില്ല. അവര്‍ പല വ്യാഖ്യാനങ്ങളും നല്‍കി യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോയി. ഇത് കണ്ട് വ്യസനിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പലതരം അറിവുകളുള്ളവരെ കൊണ്ട് വനം നിറഞ്ഞു. അവരുടെ മത്സരപ്രവൃത്തികൊണ്ട് ആ വനം വിറകൊണ്ടു. സമാധാനം, ശാന്തി, തത്വദര്‍ശനം എന്നിവ മറഞ്ഞു. എവിടെയും വൃഥാപാണ്ഡിത്യമുള്ളവര്‍ വിഹരിച്ചു. അവര്‍ക്കെല്ലാവര്‍ക്കും അസംഖ്യം അനുയായികളെയും ലഭിച്ചു. ഇവരൊന്നും ഒരു കാലത്തും ബ്രഹ്മപുരം സ്വപ്നം കാണുക പോലുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
ബ്രഹ്മപുരം യാത്രയുടെ സമയം അടുത്തു. ഞാന്‍ എപ്പോഴും എന്റെ വഴികാട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവിടുത്തെ പല വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കണ്ടിട്ടില്ലെങ്കിലും അതെല്ലാം വെറുതെ സങ്കല്പിച്ചു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. ഇതുവരെയും കണ്ടിട്ടില്ലാത്ത നിറത്തേപ്പറ്റി ചിന്തിക്കുന്നതുപോലെ, കണ്ടിട്ടില്ലാത്ത ഒരു ജീവിയെ സങ്കല്പിക്കുന്നതുപോലെ, കേട്ടിട്ടില്ലാത്ത ശബ്ദം സങ്കല്പിക്കുന്നതുപോലെ ശ്രമിച്ചു നോക്കി. എന്റെ ചുറ്റുപാടും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമല്ലാതെ മറ്റൊന്നും മനസ്സില്‍ തെളിഞ്ഞില്ല.
അവസാനം അനേകശതം ബ്രഹ്മപുരം സഞ്ചാരികളുടെ നടുവില്‍ക്കൂടി, അവരെയെല്ലാം നിശബ്ദമായി മറികടന്ന് ഞാന്‍ എന്റെ വഴികാട്ടിയുടെ പിന്നാലെ നടന്നു. ഒന്നും അറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ശാന്തമായി, സ്വതന്ത്രചിത്തനായി, ഭയമില്ലാത്തവനായി, ആശ്രയം ഉള്ളവനായി, ലക്ഷ്യബോധം ഉള്ളവനായി എന്റെ സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോഴും ഞാന്‍ കടന്നുപോകുന്ന ബ്രഹ്മപുരം സഞ്ചാരികളെപ്പറ്റി ഓര്‍ക്കുകയും, അവരുടെ ദൈന്യത മനസ്സിലാക്കുകയും അവരും എന്നെങ്കിലും ശരിയായ പാതയില്‍ എത്തിച്ചേരും എന്ന് പ്രത്യാശിക്കുകയും ചെയ്തു.
സോമദാസ്