Wednesday, 26 November 2014

ബൂമറാങ്ങ്

ചില ദിവസങ്ങളിൽ ഞാൻ അർദ്ധരാത്രിയിൽ ഉണരാറുണ്ട്. പിന്നീട് പലകാര്യങ്ങളെപ്പറ്റിയും ചിന്തതുടങ്ങും. ചിന്ത പൂർണ്ണമായിട്ടേ പിന്നെ ഉറങ്ങാൻ കഴിയാറുള്ളൂ. ഈ കഴിഞ്ഞദിവസവും അങ്ങനെയായിരുന്നു. പതിവുപോലെ ഉണർന്ന ഞാൻ മനസ്സിനെ ഏകാഗ്രമാക്കി ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. പിന്നീട്, എന്തിനെപ്പറ്റി ചിന്തിക്കണമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. പെട്ടെന്ന് ഒരു വാക്കു മനസ്സിൽ തെളിഞ്ഞുവന്നു - “ബൂമറാങ്ങ്”. അതേ, ഓസ്ട്രേലിയയിലെ ആദിവാസികളുടെ അതിപുരാതന ആയുധം. അത് വൈദഗ്ദ്യത്തോടെ എറിഞ്ഞാൽ ലക്ഷ്യം കണ്ടെത്തിയിട്ടു തിരികെ എറിഞ്ഞ സ്ഥലത്ത് എത്തിച്ചേരും. ഇതിന്റെ ശാസ്ത്രീയത ആധുനിക ശാസ്ത്രം പഠനവിഷയമാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകം ഇതുപോലൊരു തിരിച്ചുവരവിൽ ഏർപ്പെട്ടിരിക്കുകയാണോയെന്നു സംശയിച്ചുപോകും. ഗൃഹനിർമ്മാണം തന്നെയെടുക്കാം. തൊട്ടുമുൻകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള വീടുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിട്ടാണ് ഇപ്പോഴത്തെ നിർമ്മിതി. പഴയകാലത്ത് ഓലമേഞ്ഞ കൂരയായിരുന്നു മിക്കവാറും ഭവനങ്ങൾ. ഈ ആധുനികകാലത്തു നിർമ്മിക്കുന്ന വീടുകളെല്ലാം ഓടുമേഞ്ഞതും കൂരയോടു കൂടിയതുമാണ്. അതുപോലെ തന്നെ പഴയകാലത്തെ വീടുകളിൽ ഒഴുച്ചുകൂടാത്തതാണ് മേലേ ഇറയവും കീഴേ ഇറയവും പിന്നെ തൂണുകളും. ഇന്നത്തെ അത്യാധുനിക വീടുകളിൽ ഇവയെല്ലാം ആഡംബരത്തിന്റേയും പ്രൗഢിയുടേയും അടയാളമായി ഇന്ന് മാറിയിരിക്കുന്നു. വീട്ടിലെ ഉപകരണങ്ങളിലും പുരാതന രാജകാലത്തെ ഓർമ്മിപ്പിക്കുന്ന പലതും കടന്നുവന്നിട്ടുള്ളതായി കാണാം.

ജീവിതത്തിലെ ഏതുമേഖല പരിശോധിച്ചാലും ഈ ഒരു പ്രവണതയുടെ ആരംഭം കാണാൻ കഴിയും. ചികിത്സാരംഗത്ത് ഇത് പ്രകടമായിക്കാണാം. മുൻപ്, ആധുനികചികിത്സാരംഗത്ത് പ്രചുരപ്രചാരം നേടിയ പല ഔഷധങ്ങളും ഗുണത്തേക്കാൾ ദോഷഫലത്തെ ഉണ്ടാക്കുന്നുവെന്ന് ഇപ്പോൾ തെളിയിച്ചിട്ടുണ്ട്. പലരോഗങ്ങൾക്കും പുരാതനചികിത്സാസമ്പ്രദായമായ ആയുർവേദത്തെ കൂടുതലായി ആശ്രയിക്കുന്നതായി കാണാം. ചൈനയിലെ അതിപുരാതനചികിത്സാസമ്പ്രദായമായ ‘അക്യൂപങ്ചർ’ അനേക രാജ്യങ്ങളിൽ ഗവേഷണവിഷയമായി ഇന്നു മാറിയിട്ടുണ്ട്. ആധുനികമായി അനേകം ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചൈനയിലെ പുരാതന ആയോധനകലയായ ‘കരാട്ടെ‘യും ‘കങ് ഫു‘വും ലോകം സ്വയംപ്രതിരോധത്തിനായി അഭ്യസിച്ചു വരുന്നുണ്ട്. സംഗീതലോകത്തും ഈ തിരിച്ചുവരവ് വളരെ പ്രകടമാണ്.

ഇനി മറ്റൊന്നു ചിന്തിക്കാം. നമ്മുടെ വാക്കുകൾ ജനങ്ങളിലേക്ക് എറിഞ്ഞാൽ അതേപോലെതന്നെ തിരിച്ചു നമ്മെത്തന്നെ തേടിയെത്തും. നല്ല വാക്കാണെങ്കിൽ അതുതന്നെയും നല്ലതല്ലാത്തതാണെങ്കിൽ അതുതന്നെയും നമുക്കു തിരികെ ലഭിക്കും. അതിനാലാണു വാക്കുകൾ എപ്പോഴും സൂക്ഷിച്ചുപയോഗിക്കണമെന്നു പറയുന്നത്. “വായിലേക്കുപോകുന്നതല്ല വായിൽ നിന്നും വരുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്.” “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം”  എന്നു കുട്ടിക്കാലത്തു സന്ധ്യക്കു പ്രാർത്ഥിച്ചിരുന്നത് എന്റെ മനസ്സിൽ തെളിഞ്ഞു. ഇതുപോലെതന്നെ നന്മക്കു നന്മയും, തിന്മക്കു തിന്മയും നമുക്കു തിരികെ ലഭിക്കും. നമ്മുടെ ജീവിതം തന്നെ ഒരു ബൂമറാങ്ങ് പോലെയാണ്. നമ്മൾ ഈ ലോകത്ത് എങ്ങനെയാണോ ജീവിക്കുന്നത് അതിന്റെ തിരിച്ചുവരവായിരിക്കും നമുക്കു വന്നുചേരുന്നതും.


സോമദാസ്

Tuesday, 4 November 2014

നല്ല കുഴിമടിയൻ

രണ്ടു വർഷം കൊണ്ട് വിചാരിക്കുന്നു സുഹൃത്തിന് ഒരു കത്തെഴുതണമെന്ന്.
പിന്നെയാകട്ടെ, പിന്നെയാകട്ടെ എന്നുകരുതി മാറ്റിവയ്ക്കും.
ഇന്നെന്തായാലും എഴുതുക തന്നെ.
എഴുതാൻ സാധനങ്ങൾ നോക്കിയപ്പോൾ പേനയിൽ മഷിയില്ല.
ഓ, ഇനി കടയിൽ നിന്നും വാങ്ങി പിന്നെ എഴുതാം.
ഈ അവധിവയ്പ്പ് അഞ്ചുവർഷമായിട്ടും തീർന്നില്ല.
കൂട്ടുകാർ അയാൾക്കൊരു പേരിട്ടു - “കുഴിമടിയൻ”.

എന്തുകാര്യം ചെയ്യുന്നതിനും മടിയാണെങ്കിലും അടുത്തുള്ള കള്ളുഷാപ്പിൽ പോയി കള്ള് കുടിക്കുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെ അയാൾ ഒരു നല്ല കുടിയനുമാണ്.

ഒരു ദിവസം കുടിക്കാൻ ഷാപ്പിൽ പോയി.
ഷാപ്പ് അടഞ്ഞുകിടക്കുന്നു.
അന്വേഷിച്ചപ്പോൾ അത് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് മാറ്റിയെന്നറിഞ്ഞു.
നടന്നുപോയി കുടിച്ചു.
എന്നാൽ എല്ലാ ദിവസവും നടന്നുപോകാൻ അയാൾക്ക് മടിയായി.
ക്രമേണ കുടി കുറഞ്ഞു വന്നു.
പിന്നെ വല്ലപ്പോഴുമായി.
മടി കാരണം അയാൾ ഷാപ്പിൽ പോകാതെയായി.

ഒടുവിൽ അയാൾ കുടി നിർത്തി.
ക്രമേണ ഒരു നല്ല മനുഷ്യനായി.
ഇപ്പോൾ അയാളെ എല്ലാപേരും വിളിക്കുന്നത് “നല്ല കുഴിമടിയൻ” എന്നാണ്.

“ചീത്തസാധനങ്ങളുടെ സുലഭത സമൂഹത്തെ ദുഷിപ്പിക്കും.”

സോമദാസ്

Saturday, 1 November 2014

ക്യാൻസറിന്റെ കുഞ്ഞ്

കൂട്ടുകാരൻ കൊടുത്ത സാധനം കുട്ടി വാങ്ങി അവൻ പറഞ്ഞ സ്ഥലത്തു വച്ചു.
എന്താണെന്നു പറയാൻ കഴിയാത്ത ഒരു അനുഭവം.
ഉന്മേഷവും രസാനുഭൂതിയും.
വെറുതെ ഒരു രസത്തിനു വച്ചതാണ്.
അടുത്ത ദിവസവും അത് വയ്ക്കണമെന്ന് തോന്നി.
കൂട്ടുകാരൻ വാങ്ങിക്കൊടുത്തു.
ക്രമേണ അതൊരു ശീലമായി.
കുട്ടി വളർന്നു. കൂടെ അവന്റെ ശീലവും.
ഒരുനാൾ അയാൾക്ക് ആസ്വാസ്ഥ്യമുണ്ടായി.
പരിശോധനയിൽ ഒരു കാര്യം തെളിഞ്ഞു.
‘വായിൽ ക്യാൻസറിന്റെ ആരംഭം.’
താൻ വർഷങ്ങൾക്കുമുമ്പ്, കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങി വായിൽ വച്ചത് ക്യാൻസറിന്റെ കുഞ്ഞിനെ ആയിരുന്നു.
“ഓർക്കുക, ലഹരിപദാർത്ഥങ്ങൾ വായിൽ വയ്ക്കുമ്പോൾ, അത് ക്യാൻസറിന്റെ കുഞ്ഞാണെന്ന്.”

സോമദാസ്