Wednesday, 11 November 2015

ചായ വിചാരം!

കമ്പനി ഇനി മുതൽ ചായ നൽകുന്നതല്ല!!

പുതിയ ഇ-മെയിൽ എത്തി. എല്ലാവർക്കും ആധിയായി. കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്. മുൻപ് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിലായിരുന്നു ചായ കുടി മുട്ടിയിരുന്നത്. ഇതിപ്പോൾ എന്താണു കാര്യം! ഞാൻ ഗോവിന്ദൻ ചേട്ടനെ സമീപിച്ചു. പുള്ളിക്കാരനാണെങ്കിൽ കാര്യങ്ങളൊക്കെ താത്വികമായി അവലോകനം നടത്തി മനസ്സിലാക്കിത്തരും.

“എടോ, ചായ എന്നു പറയുന്നതു നീ ചിന്തിക്കുന്നതുപോലെ വെറും കാലിച്ചായ അല്ല. ഈ ചായ നിർത്തിയതിനു പിന്നിൽ ഒരു സന്ദേശമുണ്ട്. വർഷം അവസാനിക്കാറായി. തൊഴിലാളികൾ  ബോണസിനും ശമ്പളവർദ്ധനവിനും എല്ലാം ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. അതൊന്നും കിട്ടില്ല, കമ്പനിയുടെ അവസ്ഥ അത്ര ശോഭനീയമല്ല, എന്നെല്ലാം പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.“

“ചുരുക്കം പറഞ്ഞാൽ ഈ വർഷവും ഒന്നും കിട്ടില്ല, അല്ലേ?“ ഞാൻ നെടുവീർപ്പിട്ടു.

“കിട്ടില്ല എന്നു മാത്രമല്ല, ഈ അടുത്തകാലത്തൊന്നും ആരും ഒന്നും ചോദിച്ചുപോകരുതെന്ന ഒരു താക്കീതും അതിലുണ്ട്..”

“എന്തായാലും ചായ കുടിക്കാതെ പണിക്കൊന്നും ഒരു ഉത്സാഹവും കാണില്ല. നമ്മുടെ അപ്പുറം ഇരിക്കുന്ന ഫിലിപ്പീനോ ഇവിടെ വന്നിട്ടാണു പ്രഭാത കൃത്യങ്ങളൊക്കെ ചെയ്തിരുന്നത്. രാവിലെ ചായ കിട്ടില്ലെന്ന് അറിഞ്ഞതുമുതൽ കിടന്നു ഞെരിപിരി കൊള്ളുന്നതു കണ്ടില്ലേ..” ഞാൻ പറഞ്ഞു.

“ഹഹഹ.. ഈ ചായ പലരേയും പല രീതിയിലാണു ബാധിക്കുന്നത്. ഈ ചായ തന്നെ ഏതെല്ലാം വിധത്തിലാണ് ആളുകൾ ഉപയോഗിക്കുന്നത്. കാലിച്ചായ, വിത്തൌട്ട്, പാൽച്ചായ, മസാലച്ചായ, വാനിലച്ചായ, ഏലക്കാച്ചായ, റോസാച്ചായ, തുളസിച്ചായ, കോൾഡ് ടീ,  ലൈം ടീ, ഗ്രീൻ ടീ, ഹെർബൽ ടീ, പെപ്പർ ടീ എന്നിങ്ങനെ എത്രയെത്ര രുചിയിലും മണത്തിലുമാണു ചായ ഉള്ളത്..” ഗോവിന്ദൻ ചേട്ടൻ വാചാലനായി.

“അതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ഈ അടുത്തിടയ്ക്ക് നമ്മുടെ സുലൈമാന്റെ ബൂഫിയയിൽനടന്ന സംഭവം ഗോവിന്ദൻ ചേട്ടൻ അറിഞ്ഞിരുന്നോ? അവിടുത്തെ ചായ പ്രസിദ്ധമാണല്ലോ! കഴിഞ്ഞ ദിവസം രാവിലെ ഒരു പോലീസുവണ്ടി കടയുടെ മുന്നിൽ കൊണ്ടു നിർത്തി. രണ്ടു പോലീസുകാർ യൂണിഫോമിൽ കടയിലേക്കു കയറി. ഇതുകണ്ടുടനെ ഒരാൾ കടയിൽ നിന്നും ഇറങ്ങി ഓടി. പോലീസുകാർ നോക്കിയപ്പോൾ നമ്മുടെ സുലൈമാൻ. ‘സുലൈമാനേ, ഞങ്ങൾ ചെക്കിങ്ങിനു വന്നതല്ല, ചായ കുടിക്കാൻ കയറിയതാണ്!‘ എന്നുപറഞ്ഞ് അവർ അയാളെ തിരികെ വിളിച്ചു. നിതാഖത്തിന്റെ ചെക്കിങ്ങു നടക്കുന്ന സമയമല്ലേ. സുലൈമാനാണെങ്കിൽ രേഖകളൊന്നും ഇല്ലാതെ നിൽക്കുന്നു. പാവം പേടിച്ചു പോയി!”

“അതാണു ചായയുടെ ബലം. സുലൈമാന്റെ കടയിൽ ആരും പരിശോധനയ്ക്കു കയറില്ല. അല്ലാ, ഞാൻ ഒന്നു ചോദിച്ചോട്ടേ! ഈ ചായയ്ക്കു ഇംഗ്ലീഷിൽ എന്താണു പറയുന്നത്?

“ടീ”

“അറബിയിലോ?”

“ചായ്, സുലൈമാനി..”

“തഗാലോയിൽ?”

“ചാ-ആ”

“അതെന്തായാലും ശരി, ഇതിൽ ടീ ആണോ, ചായയാണോ, സുലൈമാ‍നിയാണോ‍ ഏറ്റവും നല്ലത്?”

“ഇതെന്തു ചോദ്യമാ ഗോവിന്ദേട്ടാ, എല്ലാം ഒരേ സാധനത്തെ തന്നെയല്ലേ വിളിക്കുന്നത്?”

“അങ്ങനെയാണെങ്കിൽ വിഷ്ണുവാണോ യഹോവായാണോ അള്ളായാണോ ശ്രേഷ്ഠൻ?”

“അതു പിന്നെ..”

“എന്തേ ഇതിനു മാത്രം ഉത്തരമില്ലേ.. ഓരോ രാജ്യക്കാര് ഒരേ സാധനത്തെ അവരവരുടെ ഭാഷയിൽ പല പേരിൽ വിളിക്കുന്നു. അതു ചായയാലും കാപ്പിയായാലും പച്ചവെള്ളമായാലും പ്രശ്നമില്ല, ഞങ്ങൾ അംഗീകരിക്കും. പക്ഷേ ദൈവത്തിന്റെ കാര്യത്തിൽ അംഗീകരിക്കില്ല എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്. ടീ ഷോപ്പായാലും, ബൂഫിയയായാലും നമ്മുടെ ചായക്കടയാണെങ്കിലും കയറിച്ചെന്നാൽ കിട്ടുന്നത് ഒരേ സാധനമാണെങ്കിൽ പിന്നെ ഈ കലപിലയൊക്കെ എന്തിനു വേണ്ടിയാണ്?”

“അതു ശരിയാണ്..”

“നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം. നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഓരോ ആശയങ്ങളെയും ബന്ധിപ്പിച്ചു വാക്കുകൾ ഉണ്ടായിരിക്കും. ഈ വാക്കും ആശയവും തമ്മിൽ വേർതിരിക്കാനേ പറ്റില്ല. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണവ. ആശയങ്ങൾ ആന്തരികമായി പ്രവർത്തിക്കുമ്പോൾ വാക്കുകൾ ബാഹ്യമായി പ്രവർത്തിക്കുന്നു. മലയാളിക്കു വിശപ്പെന്ന വികാരം ഉണ്ടാക്കുമ്പോൾ വിശക്കുന്നു എന്ന വാക്ക് ആ വികാരത്തോടൊപ്പം ചേരുന്നു. ഇംഗ്ലീഷുകാരന് ഇതേ വികാരം ഉണ്ടാകുമ്പോൾ ‘ഹംഗ്രി‘ എന്ന വാക്കാണ് ആ ആശയത്തോടു ചേരുക. ഹിന്ദിക്കാരനാണെങ്കിൽ അവൻ ‘ഭൂക്ക്’ എന്ന വാക്കാണ് അതേ ചിന്തയോടു ചേർക്കുക. ഇവിടെ ഒരേ വികാരത്തിൽ പല വാക്കുകൾ ചേരുന്നതുകൊണ്ടു പുറത്തു വരുമ്പോൾ പലതായി തോന്നുന്നു. ഇതുപോലെ തന്നെയാണു ദൈവത്തിന്റെ കാര്യവും. അള്ളാ എന്നും യഹോവ എന്നും വിഷ്ണു എന്നും പല ശബ്ദങ്ങൾ പുറപ്പെടുവിക്കുമ്പോൾ ഒരേ ആശയത്തെയാണു ബാഹ്യമായി പലതായി പ്രകടിപ്പിക്കുന്നതെന്നറിഞ്ഞാൽ പല വേർതിരിവുകളും അവസാനിക്കും.”

”പക്ഷേ ഇതൊന്നും ആരും മനസ്സിലാക്കുന്നില്ലല്ലോ,, ഗോവിന്ദേട്ടാ.. രാവിലെ ചായ കുടിക്കാത്തതു കൊണ്ട് ഒരു ഉന്മേശവും തോന്നുന്നില്ല. നമുക്കു പുറത്തുപോയി ബൂഫിയയിൽ നിന്ന് ഓരോ ചായ കുടിച്ചാലോ?”

“നീ ചായ കുടിച്ചോ.. ഞാൻ ‘ടീ‘ മാത്രമേ കുടിക്കൂ..” ഗോവിന്ദേട്ടൻ ചിരിച്ചുകൊണ്ടെണീ‍റ്റു.