Tuesday, 17 September 2019

രാമരാജ്യം


ക്ലബ്ബില്‍ ചൂടേറിയ ചര്‍ച്ചകളും ബഹളങ്ങളും നടക്കുന്നു. പലരും ആവേശത്തോടെ പ്രതികരിക്കുന്നതു കണ്ടു ഞാന്‍ ഒരാളോടു കാര്യം ആരാഞ്ഞു. വിഷയം ഗൌരവമേറിയതു തന്നെ! ഉത്തരേന്ത്യയിലെ ഏതോ നേതാവ് രാമരാജ്യം കൊണ്ടുവരും എന്നു പറഞ്ഞിരിക്കുന്നു! കേട്ടപാതി കേള്‍ക്കാത്തപാതി ഇടതനും വലതനും ഇതില്‍ രണ്ടിലും പെടാത്തവനുമെല്ലാം എതിര്‍പ്പുമായി ഇറങ്ങിയിരിക്കുന്നു. ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു,

"ഭാരതം ഒരു രാമരാജ്യം ആകുന്നതിനെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത്?"

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്‍പേ ബഹളം ആരംഭിച്ചു. 'സംഘി, സംഘി...' വിളികള്‍ അവിടവിടെ ഉയര്‍ന്നു. രംഗം ഒന്നു ശാന്തമായപ്പോള്‍ ഒരാള്‍ എണീറ്റു പറഞ്ഞു.

"ഭാരതം ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാന്‍ എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഞാന്‍ സമ്മതിക്കില്ല. വര്‍ഗ്ഗീയത തുലയട്ടെ.."

തന്റെ കൊക്ക് ചത്താലും കുഴപ്പമില്ല, ഭാരതം ഒരു രാമരാജ്യം ആകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു എന്നു പറയണമെന്നുണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നെ പഞ്ഞിക്കിടുമെന്നു ബോധ്യമുള്ളതുകൊണ്ടു മിണ്ടിയില്ല. ഞാന്‍ പറഞ്ഞു.

"ഈ സെമറ്റിക് മതങ്ങളൊക്കെ ഭാരതത്തില്‍ എങ്ങനെ വന്നുവെന്നറിയാമോ?ഭാരതത്തിലേക്കു വന്ന ഒരു മതത്തെയും ഭാരതീയര്‍ പുറത്താക്കാന്‍ ശ്രമിച്ചില്ല. അവരെ അഥിതികളെപ്പോലെ ചുവന്നപരവതാനി വിരിച്ചു സ്വീകരിക്കുകയാണുണ്ടായത്. ആ ഭാരതീയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരത്തെയാണു നിങ്ങള്‍ മതാധിഷ്ഠിതം എന്നു വിളിക്കുന്നത്!"

"അതൊക്കെ ശരിയാണു സുഹൃത്തേ.. പക്ഷേ, ഇങ്ങനെ എല്ലാ മതവിശ്വാസികളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നിടത്താണ് ഈ വര്‍ഗ്ഗീയവാദികള്‍ രാമരാജ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതാണ് എതിര്‍ക്കപ്പെടേണ്ടത്."

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

"രാമരാജ്യം എന്ന പേര് നോക്കണ്ട.. ഈ രാജ്യം പുരോഗമിക്കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ? നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനെ ആരാണ് അനുകൂലിക്കാത്തത്?"

പലരും ഒന്നും പറയാതെ സംശയദൃഷ്ടിയോടെ നോക്കുന്നു. ഞാന്‍ തുടര്‍ന്നു.

"എന്നാല്‍ ഞാന്‍ ഒരു കഥ പറയാം.. ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. പേര് 'ഉട്ടോപ്യ'. ആ രാജ്യത്തിന് ഒരുപാടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അവിടെ രോഗികള്‍ ഉണ്ടായിരുന്നില്ല. യുദ്ധവും കലാപവും ഉണ്ടായിരുന്നില്ല. ഓരോ പൌരന്മാരും അവരവരുടെ ജോലിയില്‍ സംതൃപ്തരായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കള്ളവും ചതിയും ഉണ്ടായിരുന്നില്ല. ആ രാജ്യത്തെ യുവതികള്‍ക്ക് ഒരിക്കലും വൈധവ്യദുഃഖം അനുഭവിക്കേണ്ടി വന്നിരുന്നില്ല. മാതാപിതാക്കള്‍ക്ക് ഒരിക്കലും മക്കള്‍ക്കു ശ്രാദ്ധമൂട്ടേണ്ടി വന്നിരുന്നില്ല.

വന്യജീവികളില്‍ നിന്നുമുള്ള ഭയം ആ നാട്ടിലെ ജനങ്ങള്‍ക്ക് ഒരിക്കലും ഉണ്ടായില്ല. അനര്‍ത്ഥം എന്നതു കേട്ടുകേള്‍വി പോലും ഇല്ലായിരുന്നില്ല. എല്ലാ ജനങ്ങളും ധര്‍മ്മിഷ്ടരായിരുന്നു. അനേകം പുത്രപൌത്രാദികളോടെ അരോഗദൃഢഗാത്രരായി ജനങ്ങള്‍ വളരെക്കാലം ജീവിച്ചു.

ആ രാജ്യത്തെ ചെടികളും വൃക്ഷങ്ങളും എല്ലാവര്‍ക്കും തണല്‍ നല്‍കി എന്നും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയായിരുന്നു. മഴ അതാതു കാലങ്ങളില്‍ പെയ്തു. പ്രകൃതി ഒരിക്കലും ഒരു ദുരന്തവും ഉണ്ടാക്കിയിരുന്നില്ല. സുഖകരമായ കാറ്റ് എപ്പോഴും അവിടങ്ങളില്‍ വീശിക്കൊണ്ടിരുന്നു. ജനങ്ങളെല്ലാം സത്യവ്രതരും സദാചാരയുക്തരും ആയതുകൊണ്ട് ഒരു ആപത്തും കൂടാതെ പ്രകൃതി അവരെ കാത്തുരക്ഷിച്ചു. സമ്പല്‍സമൃദ്ധിയോടെ ജനങ്ങള്‍ അനേകം വര്‍ഷങ്ങള്‍ അവിടെ ജീവിച്ചു.

ഇനി പറയൂ, 'ഉട്ടോപ്യ' പോലെ ഒരു രാജ്യമായി ഭാരതം മാറുന്നതിനെ നിങ്ങള്‍ എതിര്‍ക്കുമോ?"

"ഞങ്ങള്‍ ഒരു വികസനത്തിനും എതിരല്ല. പക്ഷേ, 'രാമരാജ്യം'.. അതു നടക്കില്ല.."

വീണ്ടും ബഹളം തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞു.

"സുഹൃത്തേ, ഞാന്‍ ഈ പറഞ്ഞ 'ഉട്ടോപ്യ'യാണ് വാല്മീകിയുടെ രാമരാജ്യം.

ന പര്യദേവന്‍ വിധവാ ന ച വ്യാളകൃതം ഭയം
ന വ്യാധിജം ഭയം വാപി രാമേ രാജ്യം പ്രശാസതി

എന്നു തുടങ്ങി വാല്മീകീമഹര്‍ഷി രാമായണത്തില്‍ അയോദ്ധ്യയെ കുറിച്ചു വിവരിക്കുന്നതില്‍ എന്തു വര്‍ഗ്ഗീയതയാണു നിങ്ങള്‍ കണ്ടെത്തിയത്. നമ്മുടെ രാജ്യം അതുപോലെയാവണം എന്നാഗ്രഹിക്കുന്നതില്‍ എന്തിനാണ് എതിര്‍പ്പുമായി വരുന്നത്?"

ആരും ഒന്നും മിണ്ടിയില്ല. ചര്‍ച്ചയും ബഹളവും അവിടെ അവസാനിച്ചു.