Tuesday 5 April 2011

സംസ്കാരം


സംസ്കാരം

“ അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു
അന്വേഷാം ഹിതത്തിങ്കല്‍ ഈര്‍ഷ്യയുണ്ടാകാതെ
ആര്യകര്‍മ്മണാ രഞ്ജിച്ചേറിയ സല്‍ക്കറ്മ്മണാ
ധീരനായിരിപ്പവന്‍ സംസ്കാര ശ്രേഷ്ഠ്നല്ലോ? ”
“സംസ്കാരം“ - ആ വാക്ക് കേള്‍ക്കാത്തവര് ഇല്ലതന്നെ. ധാരാളം സാംസ്കാരിക പരിപാടികളില് പങ്കെടുത്തിട്ടുള്ളവരാണ് അധികവും. സാംസ്കാരിക പ്രഭാഷണങ്ങള് ഒട്ടനവധി നാം കേട്ടിട്ടുണ്ട്.വളരെക്കൂടുതല് സാംസ്കാരിക നായകന്മാര് ഉണ്ടെന്നു കരുതുന്ന നാടാണ് നമ്മുടേത്. ഏന്നാല് നാം അറിയുന്ന സാംസ്കാരിക നായകന്മാരെല്ലാം സംസ്കാരസമ്പന്നരാണോ? അഴുക്കുപറ്റാത്ത വസ്ത്രങ്ങളും ശരീരവും, വിലകൂടിയ മറ്റനുബന്ധവസ്തുക്കളും ഉള്ളയാള്‍ സംസ്കാരസമ്പന്നനാകുമോ? വടിവൊത്തഭാഷയില് സാഹിത്യപരമായും ആലങ്കാരികമായും ഉന്നതമായ രീതിയില് പ്രഭാഷണം ചെയ്യുന്നയാളെ സാംസ്കാരസമ്പന്നന് എന്ന് കണക്കുകൂട്ടാമോ? സംസ്കാരത്തെപ്പറ്റി കൂടുതല് ചിന്തിക്കുമ്പോള്‍ ഇങ്ങനെയുള്ള് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങള്‍ തേടിപ്പോകാനുള്ള താല്പര്യവും നമ്മില് ഉണ്ടാകാം!! ഇനി ആരംഭത്തില് കൊടുത്തിരിക്കുന്ന പദ്യം ഒന്നു ശ്രദ്ധിക്കാം…
“അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു“ – എന്താണ് അന്യായകര്‍മ്മം? ന്യായവും അന്യായവും എങ്ങനെയാണ് വേര്തിരിക്കുന്നത്? ഒരാളുടെ ന്യായം മറ്റൊരാല്ക്ക് അന്യായമായി വരുമോ? ഒരു വ്യക്തി ഇങ്ങനെ ചിന്തിക്കുന്നുവെന്നു കരുതുക…
“തന്റെ കാര്യമഖിലം നടക്കണം
തന്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതി ഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം”
ഇങ്ങനെ ചിന്തിക്കുന്നയാളുകളെ നാം പല സന്ദര്ഭങ്ങളിലും കണ്ടിട്ടുണ്ടാകും. ഇവരെ നാം “സ്വാര്ത്ഥര്” എന്നു വിളിക്കും. എന്നാല് അയാളെ സംബന്ധിച്ചിടത്തോളം അതു ന്യായമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ന്യായാന്യായങ്ങള്‍ ആപേക്ഷികമാണെന്ന് തോന്നാം.
     ഈ അവസരത്തില് ഒരു സംഭവം ഇവിടെ കുറിക്കട്ടെ – ചരിത്രത്തിലെ “ചാണക്യന്” എന്ന് വ്യക്തിയെപ്പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. “വിഷ്ണുഗുപ്തന്” എന്ന ശുദ്ധബ്രാഹ്മണന് ചന്ദ്രഗുപ്ത മഹാരാജാവിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിപ്രമുഖനായിരുന്നല്ലോ? ജീവിതാന്ത്യംവരെയും അതിന് ഒരു മാറ്റവും ഉണ്ടായില്ലാ. എന്തുകൊണ്ടാണ് മഹാരാജാവിന് ഇദ്ദേഹത്തില് ഇത്രയും വിശ്വാസ്യതയുണ്ടായത്? ദരിദ്രനും ശുദ്ധനുമായ ഇദ്ദേഹം, പണ്ഡിതരും കുബേരപ്രമാണിമാരുമായവരേക്കാള് രാജാവിന് ശ്രേഷ്ഠനായത് എന്ത് കാര്യംകൊണ്ടാണ്? രാജാവിന്റെ സാമന്തന്മാര്ക്കെല്ലാം ചാണക്യനോട് അസൂയയും വെറുപ്പുമായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ പുകച്ചുപുറത്തു ചാടിക്കാനവര് ശ്രമിച്ചു. ചാണക്യന്റെ വീട്ടില് ചെന്ന് സൗഹൃതഭാവേന അദ്ദേഹത്തില് നിന്നും ഉള്ള വിവരങ്ങള് ശേഖരിക്കുക; അങ്ങനെ അദ്ദേഹത്തിനെതിരായി എന്തെങ്കിലും കിട്ടുമോയെന്നു ശ്രമിക്കുക. അതിനായി അവര് രണ്ടുപേരെ കണ്ടെത്തി. ചാണക്യനുമായി ശത്രുതയില്ലാത്ത വ്യക്തികള്. ചാണക്യന്റെ വ്യക്തിമാഹാത്മ്യം അറിയണമെന്ന് ആഗ്രഹമുള്ളവര്. നമ്മുടെ ചാനലുകാര് പലരേയും ഇന്റെര്‍വ്യൂ ചെയ്യുന്നതു കണ്ടിട്ടില്ലേ? അതുപോലെ. അതിലും സദുദ്ദേശവും ദുരുദ്ദേശവും ഉണ്ടല്ലോ? അങ്ങനെ അവര് രണ്ടുപേരും ചാണക്യന്റെ വീട്ടിലെത്തി. പനയോലകൊണ്ടുമേഞ്ഞ ചെറിയൊരു വീട്. മുന് വശത്ത് ഒരു ചെറിയ വരാന്ത. അകത്ത് ഒരു മുറി. ഒരു ചെറിയ വരാന്തയില് അടുക്കള. തീര്‍ന്നൂ മന്ത്രിപ്രമുഖന്റെ കൊട്ടരവിശേഷം. മുന് വശത്ത് വരന്തയില് ചാണക്യനിരുന്ന് പനയോലയില് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ആഗതരെ തലയുയര്‍ത്തി ഒന്നു നോക്കി. കയറിയിരിക്കാന് ആംഗ്യം കാണിച്ചു. പുല്ലുപായില് രണ്ടുപേരും കയറിയിരുന്നു. നിശബ്ദമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. മണ്‍ചുമരില് രണ്ടു കല് വിളക്കുകള്. അതില് ഒന്നില് നിന്നാണ് പ്രകാശം വരുന്നത്. അല്പസമയം കഴിഞ്ഞപ്പോള് അദ്ദേഹം എഴുത്തു നിര്‍ത്തി. എഴുതിയ ഓലകളെല്ലാം ഭംഗിയായി അടുക്കികെട്ടി പെട്ടീയില് വച്ചു. എന്നിട്ട് കത്തിക്കൊണ്ടിരുന്ന കല് വിളക്കില് നിന്നും മറ്റേ കല് വിളക്കിലേക്ക് ദീപം പകര്‍ന്നു. എന്നിട്ട് ആദ്യത്തെ കല് വിളക്കിലെ ദീപം അണച്ചു. പിന്നീട് വിശേഷങ്ങള്, നാട്ടുകാര്യങ്ങള്, രാജഭരണം, ജനങ്ങളുടെ ആവശ്യങ്ങള് എന്നിവയെപ്പറ്റിയെല്ലം വിശദമായി സംഭാഷണം നടത്തി. സംഭാഷണങ്ങള്‍ക്കൊടുവില് ഒരാള് ചാണക്യനോടു പറഞ്ഞു. “എനിക്കു അങ്ങയോട് അവസാനമായി ഒരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങയ്ക്ക് ഇത്രയും വര്‍ഷം അസൂയയും ഈര്‍ഷ്യയും നിറഞ്ഞ ഈ കൊട്ടാരഭരണക്കാരുടെയിടയില് എങ്ങനെ രാജാവിന്റെ വിശ്വസ്തനായി കഴിയാന് സാധിച്ചു? ഇതിന്റെ രഹസ്യമെന്താണ്?” അപ്പോള് രണ്ടാമത്തെയാളും ഒരു ചോദ്യമുന്നയിച്ചു. “ഞങ്ങള് വന്നപ്പോള് ചുമരിലുണ്ടായിരുന്ന രണ്ട് കല് വിളക്കുകളില് ഒരെണ്ണം കത്തിക്കൊണ്ടിരുന്നു. അങ്ങയുടെ എഴുത്ത് കഴിഞ്ഞപ്പോള് ആദ്യം കത്തിക്കൊണ്ടിരുന്ന വിളക്കണച്ചിട്ട് രണ്ടാമത്തെ വിളക്ക് കത്തിച്ചു. ഇതെന്തിനായിരുന്നു?” ചാണക്യന് ചിരിച്ചുകൊണ്ട് പറഞ്ഞു. “ആദ്യത്തെ ചോദ്യത്തിനുത്തരം രണ്ടാമത്തെ ചോദ്യത്തിലുണ്ട്. ഞാന് രാജാവിന്റെ മന്ത്രിയാണല്ലോ! എനിക്ക് പല സാധനങ്ങളും കൊട്ടരത്തില് നിന്നും ലഭിക്കും. കൂടെ ഒരു മാസത്തേക്ക് രണ്ടേകാലിടങ്ങഴി എണ്ണയും വിളക്കുകത്തിക്കാന് കിട്ടിക്കൊണ്ടിരിക്കുന്നു. ആ എണ്ണയുപയോഗിച്ചാണ് ഞാന് ഒന്നാമത്തെ വിളക്ക് കത്തിച്ചുകൊണ്ടിരുന്നത്. അത് രാജ്യകാര്യങ്ങളും കണക്കുകളും രാജകല്പനകളും എഴുതാനാണുപയോഗിക്കുന്നത്. നാളെ ഡര്‍ബാറുള്ളതിനാല് അതിനുവേണ്ട വിളംബരങ്ങളും കണക്കുകളുമൊക്കെയാണ് എഴുതിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞപ്പോള് നിങ്ങളുമായി സംസാരമായി. അത് എന്റെ മാത്രം കാര്യമാണ്‍. രാജ്യകാര്യത്തിനല്ലാ. അതുകൊണ്ടാണ് രാജ്യകാര്യത്തിനുമാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വിളക്കുകെടുത്തി എന്റെ സ്വകാര്യ്വിളക്ക് തെളിയിച്ചത്. എന്റെ സഹധര്‍മിണിയും ഞാനുംകൂടി വനത്തില്‍പ്പോയി ശേഖരിക്കുന്ന കായ്കള് ആട്ടിയെടുത്ത എണ്ണയാണ് അതില് ഉപയോഗിക്കുന്നത്. രാജ്യകാര്യത്തിനുള്ളത് സ്വന്തം കാര്യങ്ങള്‍ക്കുപയോഗിക്കുന്നത് ന്യായമല്ലാ. അത് അന്യായമാണ്.”
     നോക്കൂ, അദ്ദേഹത്തിന്റെ ന്യായാന്യായത്തിന്റെ ഏറ്റവും തീഷ്ണമായ വീക്ഷണം. ഈ രീതിയില് പൊതുമുതലിനെ, രാജ്യസമ്പത്തിനെ കാണുന്ന എത്ര ഭരണാധിപന്മാര് ഭാരതത്തിലുണ്ടായിരിക്കുമെന്ന് നാം ചിന്തിച്ചു നോക്കുക. ഇതാണ് സംസ്കാരത്തിന്റെ ഒന്നാമത്തെ ലക്ഷണം. അന്യായമായകാര്യം ചിന്തകൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ ചെയ്യാന് പാടില്ലാ. “ അന്വേഷാം ഹിതത്തിങ്കല് “, മറ്റുള്ളവരുടെ സുഖസൗകര്യങ്ങളില്, അവരുടെ ഉയര്‍ച്ചയില് “ ഈര്‍ഷ്യയുണ്ടാകാതെ “ അസംതൃപ്തിയുണ്ടാകാതെ, അസൂയയുണ്ടാകാതെ, ശ്രേഷ്ഠമായ കര്‍മ്മങ്ങള് മാത്രം ചെയ്ത് ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ജീവിക്കുന്നയാളെ സംസ്കാരശ്രേഷ്ഠനായി പരിഗണിക്കാം.
“ അര്‍ത്ഥമാകിലും ബലാദൈശ്വര്യമായീടിലും
വിദ്യയാകിലും തനിക്കേറെയൊന്നുണ്ടായ് വന്നാല്
എത്രയും വിനീതനായ സമുന്നുദ്ധനായ
വിദ്വാനുസമമായിട്ടില്ല വിദ്വാന്മാരാരും! “
     ധനവും ഐശ്വര്യവും ധാരാളം കൈവന്നാലും, ലൗകികത്തിലേതായാലും ആദ്ധാത്മികത്തിലേതായാലും വിദ്യ തനിക്കേറെയുണ്ടായിരുന്നാലും ഏറ്റവും വിനീതനായി കാണപ്പെടുന്നവന് വിദ്വാന്മാരില് ശ്രേഷ്ഠനായിരിക്കും.
“ നഷ്ടമായതു ചിന്തിച്ചേതുമേ ദുഃഖിയാതെ
തുഷ്ടനായ് അപ്രാപ്യമായുള്ളതു കാമിയാതെ
ആപത്തുവരുംകാലം ഏതുമേ ദുഃഖിയാതെ
താപത്തെ ത്യജിപ്പവന്‍ സംസ്കാരശ്രേഷ്ഠനല്ലോ! ”
     നമുക്ക് എന്തുതന്നെ നഷ്ടപ്പെട്ടാലും, ധനം ആണെങ്കിലും വസ്തുവകകളാണെങ്കിലും ബന്ധുജനങ്ങളാണെങ്കിലും നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഃഖിക്കരുത്. നഷ്ടപ്പെട്ടതൊന്നും നമ്മുടേതല്ലായെന്നുകരുതി അതിനെ മനസ്സില് നിന്നും മായിച്ചുകളയണം. അതുപോലെ ആപത്തുവരുമ്പോള് എന്തുചെയ്യണമെന്നു ചിന്തിക്കാന് കഴിയാതെ ഒന്നും ചെയ്യാന് കഴിയാത്തവനായി ഇരിക്കരുത്. ഏതാപത്തിനേയും അതിജീവിക്കാനുള്ള മനസ്സും ആര്‍ജ്ജവവും തനിക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകത്തക്കവിധമായിരിക്കണം ഒരു സംസ്കാരസമ്പന്നന്റെ ചിന്തയും പ്രവൃത്തിയും.
“ സമ്മാനത്തിങ്കലുള്ളില് സമ്മോദമുണ്ടാകാതെ
നിര്‍മ്മൂലം അപമാനത്തിങ്കലും ഖേദിയാതെ
അക്ഷോഭ്യനായ് ഗംഗ തന്നിലെ ഹൃദം പോലെ
രക്ഷിച്ചു ധര്‍മ്മത്തേയും വാണീടുന്നവന് വിദ്വാന്! “
     നമുക്ക് കീര്‍ത്തി, പാരിതോഷികങ്ങള്, ആശംസകള്, പ്രത്യേകപരിഗണനകള്, ദേശീയഅന്തര്‍ദേശീയപുരസ്കാരങ്ങള് എന്നിവ വന്നുചേര്‍ന്നാലും അതില് അമിതമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ മറ്റുള്ളവരോട് പുച്ഛഭാവമുണ്ടാകുകയോ അരുത്. കാരണം ഇതെല്ലാം ജീവിതത്തിലെ നൈമിഷിക അനുഭവങ്ങളാണ്. ലൗകിക ജീവിതത്തിന്റെ പരമകാഷ്ഠയിതല്ലായെന്ന് മനസ്സിലാക്കി അമിതമായി അതില് അഭിമാനമത്തനാകരുതെന്നുസാരം. അതുപോലെതന്നെ “ നിര്‍മ്മൂല അപമാനത്തിങ്കലും ” – കാരണമില്ലാതെയുണ്ടാകുന്ന അപമാനത്തിലും വൃധാ ആരോപണങ്ങള് പറഞ്ഞ് തന്നെ അപമാനിച്ചാലും അതില്‍ കോപഭാവമുണ്ടാകരുത്. രണ്ട് സന്ദര്‍ഭങ്ങളേയും സമഭാവത്തോടെ കാണാനുള്ള മനോനിലയുള്ള ആളായിരിക്കണം. ക്ഷോഭം ഇല്ലാത്തവനായിരിക്കണം. എന്തുകണ്ടാലും കേട്ടാലും പെട്ടന്ന് എടുത്തുചാടാതെ വലിയ പ്രശ്നങ്ങളേയും വളരെ ശാന്തതയോടെ കൈകാര്യം ചെയ്യണം. “ ഗംഗ തന്നിലെ ഹൃദം “, ഗംഗയിലെ അഗാധമായ കയം, താഴ്ചയുള്ളഭാഗം, പുറമേ നിശ്ചലമായിരിക്കും. എന്നാല് അഗാധമായ ആഴവുമുണ്ടായിരിക്കും. ആഴമില്ലാത്ത ചെറിയ കാട്ടരുവികള് വലിയ ശബ്ദത്തോടെ കുത്തിയൊഴുകി വലിയ ബഹളം വച്ചാണ് ഒഴുകിപ്പോകുന്നത്. ഇതുപോലെ സംസ്കാരസമ്പന്നരായവര് വളരെ ശാന്തരായി അഗാധമായ ജ്ഞാനം കൊണ്ട് ഏതിലും നിശ്ചലരായി നേരിടാന് കഴിവുള്ളവരായിരിക്കും.
     വിലകൂടിയ വസ്ത്രങ്ങള് ഒരു പൊടിപോലും പറ്റാതെ സൂക്ഷിച്ച്, വിലകൂടിയ ആഭരണങ്ങളും ധരിച്ച് വളരെ ഭംഗിയായ സംഭാഷണവും ചിട്ടയുമുള്ള ആളുകളെ കാണാം. മോശപ്പെട്ട വ്യക്തികളല്ലയവര്. അവരാണ് “പരിഷ്കാരികള്”. “Civilization – നാഗരികത” എന്ന വാക്കാ‍ണ് അതിന് യോജിച്ചത്. നല്ല പെരുമാറ്റവും ടേബിള് മാനേഴ്സും ഉള്ളവരെ സംസ്കാരസമ്പന്നര് എന്ന് കരുതാന് കഴിയില്ല. സംസ്കാരം മനസ്സിന്റെ ഉന്നതമായ ഒരു ഭാവമാണ്. അത് ആന്തരികമാണ്; ബാഹ്യമല്ല. ഒരു സംസ്കാരസമ്പന്നന് പരിഷ്കാരം ഉണ്ടായെന്നുവരില്ല. ആന്തരികമായും ബാഹ്യമായും സംസ്കാരമുള്ളയാളെ ഉത്തമനായും, ആന്തരികസംസ്കാരമില്ലാതയും എന്നാല് ബാഹ്യപരിഷ്കാരമുള്ളതുമായവരെ മധ്യമനായും ആന്തരികമായും ബാഹ്യമായും സംസ്കാരമില്ലാത്തയാളെ അധമനായും വിദ്വാന്മാര് നിര്‍വചിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള് ബാഹ്യമായ ശുദ്ധതയേക്കാള് ആന്തരിക ശുദ്ധതയാണ് ശ്രേഷ്ഠമെന്ന് കാണാം.
“ What harm is there, if thy cloths become tortured and stain “ – ഗീതാഞ്ജലിയിലെ ഈ വരികള് നോക്കൂ. നിങ്ങളുടെ പരിശുദ്ധമായവസ്ത്രത്തില് അല്പം അഴുക്കോ പൊടിയോ കറയോ പറ്റിയാല് എന്തിനാണ് നിങ്ങല് വിഷമിക്കുന്നത്. അത് വീണ്ടും വീണ്ടും കഴുകിക്കളയാമല്ലോ! മനസ്സില് അഴുക്ക് പറ്റിയാലോ? അതാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്.
“ Wealth is lost, Nothing is lost ” – നിങ്ങള്‍ക്ക് കുറെ ധനം നഷ്ടപ്പെട്ടെങ്കില് വിഷമിക്കാനില്ല; അത് വീണ്ടുമുണ്ടാക്കാം.
“ Health is lost, Something is lost “ – നിങ്ങള്‍ക്ക് ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുക. രോഗങ്ങളോ ശാരീരിക അവശതകളോ ആണ് ഇവിടെ വിവക്ഷിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് ചില നഷ്ടങ്ങള് തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് കരുതാം.
“ Character is lost, Everything is lost “ – നിങ്ങളുടെ സ്വഭാവമാണ് നഷ്ടപ്പെട്ടിട്ടുള്ളതെങ്കില്, നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതണം. ഇത് പരമമായ സത്യം തന്നെയാണ്. ആയതിനാല് എല്ലാവരും, വിശിഷ്യാ മാതാപിതാക്കള്, തങ്ങളുടെ കുഞ്ഞുങ്ങള് പരീക്ഷയില് എത്ര മാര്‍ക്ക് വാങ്ങി, എന്തെല്ലാം ഡിഗ്രികള് അവന് എടുത്തുവെന്ന് അഭിമാനിക്കുമ്പോള് അവന്റെ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതാണ് കുടുംബജീവിതത്തില് മാതാപിതാക്കളുടെ പരമമായ കര്‍ത്തവ്യം. അങ്ങനെ സംസ്കാരസമ്പന്നരായ ഒരു ഭാവിതലമുറയെ നമുക്ക് രൂപപ്പെടുത്താന് ശ്രമിക്കാം…
                                                           സോമദാസ്

No comments:

Post a Comment