തിരഞ്ഞെടുപ്പെന്ന ഉത്സവവും ഘോഷയാത്രയുമൊക്കെ കഴിഞ്ഞു. ആരവങ്ങളടങ്ങിത്തുടങ്ങി. തോറ്റവര്ക്ക് വീട്ടില് കുത്തിയിരിക്കാനും ജയിച്ചവര്ക്ക് നിയമസഭയിലിരിക്കാനും സമയമായിത്തുടങ്ങി. പക്ഷേ ഈ തിരഞ്ഞെടുപ്പില് ജയിച്ചത് ജനങ്ങളാണെന്നാണ് സ്കോര് ബോര്ഡ് കണ്ടിട്ട് തോന്നുന്നത്. രണ്ട് കൂട്ടരെയും ഇളിഭ്യരാക്കിക്കൊണ്ട് ജനം വിധിയെഴുതിയപ്പോള് അത് രാഷ്ട്രീയ കക്ഷികളുടെ മൂല്യച്യുതിയെയാണ് കാണിക്കുന്നത്. പണ്ടൊക്കെ തമ്മില് ഭേദം ഉണ്ടായിരുന്നു. ഇപ്പോള് രണ്ടും കണക്കാണെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങി.
“കോമഡി സ്റ്റാര്” എന്ന ടിവി പരിപാടിയുടെ സ്ഥിരം പ്രേക്ഷകരായിരുന്ന ഞങ്ങള് കുറച്ചുപേര് ഈ രണ്ടുമാസക്കാലവും അത് കാണാതെയായി. കാരണം, 24 മണിക്കൂര് ന്യൂസ് ചാനലുള്ളപ്പോള് എന്തിനൊരു കോമഡി പരിപാടി. അതില് വരുന്ന നേതാക്കന്മാരുടെ കോപ്രായങ്ങളും പ്രകടനങ്ങളും കണ്ട് ചിരിച്ചു ചിരിച്ച് ഒരു വഴിയായെന്ന് പറഞ്ഞാല് മതിയല്ലോ!! ഇപ്പോള് തോന്നുന്നു തിരഞ്ഞെടുപ്പുകാലം തീരേണ്ടിയിരുന്നില്ലായെന്ന്!! ഇനി കുറച്ച് തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്:
1. ഉമ്മന്ചാണ്ടി
വളരെ തിളക്കമാര്ന്ന വിജയം കാഴ്ചവെച്ച ഉമ്മന്ചാണ്ടി കോണ്ഗ്രസ്സിലെ ഏറ്റവും ജനസമ്മതനായ നേതാവെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രിയാകാന് കൊള്ളാവുന്ന കോണ്ഗ്രസ്സ് നേതാവ്, നിലവില് അദ്ദേഹം തന്നെയാണെന്നതില് സംശയമില്ല. (ബാക്കി ഉണ്ടായിരുന്ന നല്ല നേതാക്കന്മാരെയെല്ലാം ഒന്നുകില് കേന്ദ്രത്തിലേക്കോ അല്ലെങ്കില് രാഷ്ട്രീയ വനവാസത്തിനോ അയച്ചു കഴിഞ്ഞല്ലോ!!) പക്ഷേ അദ്ദേഹത്തിന്റെ പല അഭിപ്രായപ്രകടനങ്ങളും കേള്ക്കുമ്പോള് വ്യക്തിത്വമില്ലാത്ത ഒരാളിന്റെ ജല്പനങ്ങളായേ തോന്നുകയുള്ളൂ. ഉദ്ദാഹരണത്തിന്, എന്ഡോസള്ഫാന് വിഷയം. കേരളം മുഴുവന് സൂക്ഷ്മതയോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഒരു വിഷയമാണത്. മന്മോഹന് സിംഗിന്റെ കേന്ദ്ര സര്ക്കാര് അവസാനം വരെ ആ വിഷത്തിനുവേണ്ടി പോരാടിയതും നാം കണ്ടതാണ്. അവസാനം ഗത്യന്തരമില്ലാതെ നിരോധനം പ്രഖ്യാപിച്ചപ്പോള് ഉമ്മന്ചാണ്ടിയുടെ വിശദീകരണം വന്നു. കേന്ദ്രസര്ക്കാരിന്റെ അശാന്ത പരിശ്രമത്തിന്റെ ഫലമാണ് നിരോധനമെന്ന്!! ചിരിക്കാതെ ഏന്തുചെയ്യും? ബാലകൃഷ്ണപിള്ള അഴിക്കുള്ളിലായപ്പോഴും വന്നൂ കമന്റ്!! വി.എസ്സിന്റെ “രാഷ്ട്രീയ പകപോക്കല്“. സുപ്രീം കോടതി കള്ളനെ പിടിച്ച് കൂട്ടിലടച്ചതെങ്ങനെ വി.എസ്സിന്റെ കുറ്റമാകും? തിരഞ്ഞെടുപ്പില് സീറ്റ് കുറഞ്ഞുപോയതിനെക്കുറിച്ച് ചോദിച്ചപ്പോള് പറഞ്ഞു, വി.എസ്സ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന്. അതിനര്ത്ഥം ഒരു വി.എസ്സ് തരംഗം ഉണ്ടായിരുന്നുവെന്നല്ലേ? പിറ്റേന്ന് വന്നു കമന്റ്!! വി.എസ്സ് തരംഗം ഉണ്ടായില്ല!! ഇനി നാളെ പെട്രോളിന്റെ വില കൂട്ടിയതിന് കേന്ദ്രത്തെ ഇദ്ദേഹം അഭിനന്ദിക്കില്ലെന്ന് ആരു കണ്ടു. പെട്രോളിന്റെയും അവശ്യസാധനങ്ങളുടെയും വില കൂട്ടിയത് വളരെ നല്ല കാര്യമാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഉയര്ച്ച കണ്ടോ എന്നോ മറ്റോ ആയിരിക്കും കമന്റ്. നട്ടെല്ലുള്ള നേതാക്കള്ക്ക് ചേര്ന്നതല്ല ഇത്തരം പ്രസ്താവനകള്. സ്വന്തം നിലപാടുകളില്ലാത്ത ഒരാള് ഒരിക്കലും ഒരു നല്ല നേതാവല്ല. അതാണ് വി.എസ്സും ഉമ്മന്ചാണ്ടീയും തമ്മിലുള്ള വ്യത്യാസം.
2. വി. എസ്സ്
തിളക്കമാര്ന്ന വിജയമാണ് അദ്ദേഹത്തിനും ഈ തിരഞ്ഞെടുപ്പില് ലഭിച്ചത്. പക്ഷേ പാര്ട്ടി തോറ്റുപോയി. തോക്കുമ്പോഴുള്ള പഴയ ആ ചിരി അദ്ദേഹത്തില് കണ്ടീല്ല. മുഖ്യമന്ത്രിക്കസേരയില് നിന്നും ഇറങ്ങുവാനുള്ള വിഷമമോ അതോ ഇനിയൊരങ്കത്തിന് ബാല്യമില്ലല്ലോ എന്നുള്ള തിരിച്ചറിവോ ആയിരിക്കാം കാരണം. പക്ഷേ കൂടുതല് ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തോറ്റ് തൊപ്പിയിടുമായിരുന്ന പാര്ട്ടിയെയാണ് ഇത്രയെങ്കിലും കുറഞ്ഞ വ്യത്യാസത്തില് അദ്ദേഹം കൊണ്ടെത്തിച്ചിരിക്കുന്നത്. അത് അംഗീകരിക്കാതെ വയ്യ. ഏതെങ്കിലും തരത്തില് ഒരു തരംഗം സൃഷ്ടിക്കാന് സാദ്ധ്യതയുണ്ടോ ഇല്ലയോ എന്ന സംശയം പ്രകടിപ്പിക്കുവാനെങ്കിലും സാധിക്കുമാറാക്കുന്ന വേറെ ഏത് നേതാവുണ്ട് കേരളത്തില്? “ഉമ്മന്ചാണ്ടി തരംഗം”, രമേഷ് ചെന്നിത്തല തരംഗം” എന്നൊക്കെ പറയുന്നത് കേള്ക്കുമ്പോള് തന്നെ “അലുവയും മീന്കറിയും“ പോലെയിരിക്കുന്നു. വ്യക്തിത്വവും നട്ടെല്ലും ഉള്ള നേതാവാണ് അദ്ദേഹം. അതാണ് അദ്ദേഹത്തെ ജനങ്ങള് ഇഷ്ടപ്പെടുന്നതും.
3. രമേഷ് ചെന്നിത്തല
കഷ്ടമെന്നല്ലാതെ എന്ത് പറയാന്!! മുഖ്യമന്ത്രിയാകാന് വേണ്ടി ഡല്ഹിയില് പോയി സീറ്റുറപ്പിച്ചു. അതു തന്നെ ലോക മണ്ടത്തരം. ഹെലിക്കോപ്റ്ററില് മണ്ടലത്തിനുചുറ്റും വട്ടമിട്ട് പറന്നു. എന്നിട്ട് ജയിച്ചതോ 5000-ല് പരം വോട്ടുകള്ക്ക്. അപ്പുറത്ത് യഥാര്ത്ഥ എതിരാളിക്ക് 35,000-ന് അടുത്താണ് ഭൂരിപക്ഷം. മുഖ്യമന്ത്രിയാകാന് പോയിട്ട് കെ.പി.സി.സി പ്രസിഡന്റ്, ഉമ്മന്ചാണ്ടിയുടെ കീഴില് മന്ത്രിയാകുന്നത് അപമാനം തന്നെ!! നിരുപാധികം നാടകീയമായോരു പിന്മാറ്റം. ഒരു എം.എല്.എ ആകാനുള്ള കൊതികൊണ്ടാണോ മത്സരിച്ചതെന്ന ചോദ്യം പ്രസക്തം. പണ്ട് കെ.പി.സി.സി പ്രസിഡന്റായിരുന്ന മുരളീധരന് അതിലും ഉയരം കൊതിച്ച് സ്വന്തം പാര്ട്ടിയുണ്ടാക്കാന് ചാടിയ ചാട്ടം പോലെ തന്നെയാണ് ചെന്നിത്തലയുടെയും പ്രവൃത്തികള്. ഇതൊക്കെ കാണുമ്പോള് തോന്നും ഈ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഇത്ര വിലയില്ലാത്തതാണോയെന്ന്!!
4. പിണറായി വിജയന്
പാര്ട്ടി ജയിച്ചാലും തോറ്റാലും വി.എസ്സ് മുഖ്യനായില്ലല്ലോ എന്ന സമാധാനമായിരിക്കും അദ്ദേഹത്തിന്. ആലപ്പുഴയും കൊല്ലവും ഇടതുതരംഗം അലയടിച്ചപ്പോള് കണ്ണൂരു പോയതിന് കാരണം കണ്ടെത്താന് കുറെ പ്രയാസപ്പെടും കക്ഷി. അതിനിടയ്ക്കാണ് കാരാട്ടിന് നട്ടെല്ല് വെച്ചത്. വി.എസ്സിനെ പിടിച്ച് പ്രതിപക്ഷ നേതാവാക്കിയതോ പോകട്ടെ, അദ്ദേഹം ജനസമ്മതനാണെന്നും ഫോട്ടോ വച്ച് പ്രചാരണം നടത്തിയതില് തെറ്റില്ലെന്നും പറയുക കൂടി ചെയ്തു. താത്വികമായി പറഞ്ഞാല് പഴയ പരിപ്പുവടയും ചായയും വീണ്ടും മെനുവില് ഉള്പ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്!!
5. കുഞ്ഞാലിക്കുട്ടി
കുട്ടി എത്ര ഐസ്ക്രീം തിന്നാലും തരക്കേടില്ല ബാപ്പയ്ക്കും ഉമ്മയ്ക്കും തന്കുഞ്ഞ് പൊന്കുഞ്ഞ് തന്നെ!! കേരളത്തില് ജയിച്ചതില് ഏറ്റവും ജനസമ്മതനായ നേതാവ്. പാര്ട്ടിക്കോ 24-ല് 20-ഉം ജയം. ഇനിയെന്ത് വേണം സന്തോഷിക്കാന്? ലഡുവിന്റെ നിറം മഞ്ഞ. പക്ഷേ ഈ ജയത്തിന് “പച്ച ലഡു” തന്നെ വേണം. കൂട്ടുപ്രതിയും അളിയനുമല്ല ഇനി ആര് മാപ്പുസാക്ഷിയായാലും ഒരു കേസ്സും മുന്പോട്ട് പോകില്ലെന്ന് ഉറപ്പല്ലേ!! ഈ ജയത്തിലും കല്ലുകടിയായി ഐസ്ക്രീം കേസിന്റെ കാര്യം ഒരു ന്യൂസ് റിപ്പോര്ട്ടര് ഓര്മ്മപ്പെടുത്തിയപ്പോള് “കേള്ക്കുന്നില്ല, കേള്ക്കുന്നില്ല” എന്ന് പറഞ്ഞത് മുകേഷിന്റെ ഒരു സിനിമയെ ഓര്മ്മപ്പെടുത്തി.
6. രാമചന്ദ്രന് മാസ്റ്റ്ര്
ഈ തിരഞ്ഞെടുപ്പില് ഞങ്ങളെ ഏറ്റവും കൂടുതല് ചിരിപ്പിച്ചത് അങ്ങാണ്!! ആ കരച്ചില് മറക്കുന്നതെങ്ങനെ? ഇപ്പോള് ഡല്ഹിയിലിരുന്നാണ് അതിയാന്റെ പ്രസ്താവനകളെന്ന് അറിയുന്നു. കേരളത്തിലെത്തിയാല് ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭ്യുദയകാംക്ഷികള് മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞിട്ടുണ്ടാകാം.
7. ഗൗരിയമ്മ
വടിയും കുത്തിപ്പിടിച്ച് ജനങ്ങളോട് വോട്ട് ചോദിക്കാനെത്തി. ജനങ്ങള് തൂക്കിയെടുത്ത് വീട്ടില് കൊണ്ടുചെന്നിരുത്തി. ഒരു പ്രായം കഴിഞ്ഞാല് രാമായണവും വായിച്ച് വീട്ടിലിരിക്കുകയാണ് നല്ലതെന്ന് സ്വയം തോന്നാന് ഇത് നല്ലതാണ്.
ഇങ്ങനെ എഴുതാന് തുടങ്ങിയാല് ഒരുപാടുണ്ട് കഥാപാത്രങ്ങള്. എന്തായാലും നേതാക്കളുടെ പ്രകടനങ്ങള് ബഹുരസം. ഇനി മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള കടിപിടിയില് എന്തെല്ലാം കാണാന് കിടക്കുന്നു. എന്തായാലും ഉമ്മന്ചാണ്ടിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്. നല്ലൊരു ഭരണം കാഴ്ചവയ്ക്കാന് കഴിയട്ടെയെന്ന ആശംസയോടൊപ്പം ഒരു പിന് കുറിപ്പും. ഇത് പുതിയതായിട്ട് കേട്ട് തുടങ്ങിയ ഒരു പരസ്യമാണ്. പരസ്യമെന്ന് വച്ചാല് ഒരു റിയല് എസ്റ്റേറ്റ് കമ്പനിയുടേത്. അതില് പറയുന്നതനുസരിച്ച് ഫ്ലാറ്റുകള്ക്കൊക്കെ വില കുറയും. എല്ലാവരും എത്രയും പെട്ടന്ന് വാങ്ങുക. ഭരണം മാറിയിരിക്കുന്നു. ഇനി നമ്മുടെ കാലമാണ്!!!!
---------------------------------------