Tuesday 3 May 2011

എന്ഡോസള്ഫാന് നിരോധനം – ഒരു അനുബന്ധം



എന്ഡോസള്ഫാന് നിരോധനം – ഒരു അനുബന്ധം

എന്ഡോസള്ഫാനെക്കുറിച്ചുള്ള ചര്ച്ചകളും അഭിപ്രായപ്രകടനങ്ങളുമൊക്കെ നിരോധനം പ്രഖ്യാപിച്ചതോടെ കെട്ടടങ്ങിത്തുടങ്ങി. പക്ഷേ അതിന്റെ തിക്തഫലങ്ങള് അനുഭവിച്ചു തീര്ക്കുന്ന എത്രയോ നിരപരാധികള്! അവരുടെ ഒരിക്കലും വറ്റാത്ത കണ്ണീരിന് പകരം വയ്ക്കാന് ഒരു ചെറിയ ആശ്വാസവാക്ക് മാത്രമേ ആകുന്നുള്ളൂ ഈ പ്രഖ്യാപനം. ഈ മാരക വിഷത്തിന്റെ മഹത്വം വാഴ്ത്തിപ്പാടി നിരോധനത്തിന് എതിര് നിന്നവരോട് നാം എന്താണ് പറയേണ്ടത്. എന്ഡോസള്ഫാന് ബാധിതരുടെ ചിത്രങ്ങള് ഒരു സാധാരണ മനുഷ്യന് വേദനയോടെയേ നോക്കികാണാന് കഴിയൂ. പക്ഷേ ഈ ചിത്രങ്ങള് കണ്ടിട്ടും കോര്പ്പറേറ്റ് മുതലാളിമാര്ക്ക് വേണ്ടി വാദിച്ച് പരാജയപ്പെട്ട കേന്ദ്രസര്ക്കാരിനെയും പ്രധാനമന്ത്രിയെയും പാര്ട്ടി അനുഭാവികളെയും മനുഷ്യത്വം പഠിപ്പിക്കാന് ആര്ക്കാണ് സാധിക്കുക? ലോകരാഷ്ട്രങ്ങള്ക്ക് മുന്നില് ഇന്ത്യയെന്ന മഹാരാഷ്ട്രത്തെ നാണം കെടുത്തിയതിന് എന്ത് ശിക്ഷയാണ് അവര്ക്ക് നല്കേണ്ടത്? ഏറ്റവും കൂടുതല് ദുരിതബാധിതരുണ്ടായ കേരളത്തില് നിന്നുപോലും എന്ഡോസള്ഫാനുവേണ്ടി വാദിക്കാന് ആളെക്കിട്ടിയെന്നത് ലജ്ജാകരമാണ്!!
     പാര്ട്ടി സ്നേഹികളോടൊരു വാക്ക് – എല്ലാപാര്ട്ടികളും മനുഷ്യന്റെ സൗകര്യത്തിനായി ഉണ്ടാക്കിയിട്ടുള്ളതാണ്. പാര്ട്ടി സ്നേഹം ഒരിക്കലും മനുഷ്യത്വത്തിന് വിലങ്ങുതടിയാകരുത്. ഏത് പാര്ട്ടി അനുഭാവികളായാലും സ്വന്തം പാര്ട്ടി കാണിക്കുന്ന തെറ്റുകളെ എതിര്ക്കുമ്പോഴേ, രാഷ്ട്രീയ നേതാക്കള്ക്ക് നിങ്ങളെ ഭയമുണ്ടാകൂ, വിലയുണ്ടാകൂ!! എന്തും കണ്ണുമടച്ച് ശരി മൂളിയാല് നിങ്ങളുടെ വിവേചന ബുദ്ധിയും ചിന്തയും എല്ലാം മറ്റുള്ളവര്ക്ക് അടിയറവ് വയ്ക്കുന്നതിന് സമമാണ്.
     ഈ മാരകവിഷത്തിന്റെ ഉല്പാദകര്ക്ക് ഈ നിരോധനം മൂലം നഷ്ടമുണ്ടാകും. അവരുടെ ഫാക്ടറികളിലെ ഉല്പന്നങ്ങള് ഉപയോഗിക്കാനാകാതെ കെട്ടിക്കിടക്കും. ഇങ്ങനെ കെട്ടിക്കിടക്കുന്നതില് നിന്നും ഓരോ ഔണ്സ് എന്ഡോസള്ഫാന് കഴിച്ച് തങ്ങളുടെ വാദത്തില് ഉറച്ചു നില്ക്കുകയാണ് ഈ വിഷത്തിനു വേണ്ടി ശക്തിയുക്തം വാദിച്ചവര്ക്ക് ചെയ്യാവുന്ന ഒരു സഹായം.
     ആരോഗ്യരംഗമുള്പ്പെടെ പല രംഗങ്ങളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിന്റെ വിജയം തന്നെയാണ് ഈ നിരോധനം. കേരളത്തില് നിന്നും പ്രതിനിധികളെ അയച്ച് ലോകത്തെ നമ്മുടെ ദുരിതം അറിയിച്ച കേരളസര്ക്കാരിന് അഭിമാനിക്കാം. പ്രധാനമന്ത്രിക്ക് സമര്പ്പിച്ച് ചവറ്റുകുട്ടയില് തള്ളപ്പെട്ട റിപ്പോര്ട്ട് പക്ഷേ ലോകരാഷ്ട്രങ്ങള് പൂര്ണ്ണമായി സ്വീകരിക്കുകയായിരുന്നു. ഇത് പ്രധാനമന്ത്രിയുടെ പരാജയമാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരാളും മഹത്വമുള്ളവനാകുന്നില്ല. കേരളത്തില് നിന്നും ജയിച്ച് പോയ ഒരു എം.പി വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ വിടുവായത്തവും പ്രവൃത്തിദോഷവും ആരോപിച്ച് മാറ്റിനിര്ത്തപ്പെട്ടത്? പ്രധാനമന്ത്രിക്ക് എത്ര ഡിഗ്രിയുണ്ടായിട്ടും പ്രയോജനമില്ല. അദ്ദേഹത്തിന് ചുറ്റുമുള്ളവര് കട്ടുമുടിക്കുമ്പോള് അവരെ തള്ളിപ്പറയുവാനുള്ള ആര്ജ്ജവമോ വ്യക്തിത്വമോ അദ്ദേഹത്തിനില്ലാതെപോയി. “രാജ” എന്നെ കളിപ്പിച്ചു; “കല്മാഡി“യുമായി ഒരു ബന്ധവുമില്ല; എന്ഡോസള്ഫാനെക്കുറിച്ച് പഠിക്കാം; എന്നെല്ലാം പറഞ്ഞ് ഓടിയൊളിക്കുന്നത് ഒരു രാഷ്ട്രനേതാവിന്റെ പദവിക്ക് ചേര്ന്നതല്ല.
     ഇതുപോലെയുള്ള വിഷയങ്ങളും പ്രശ്നങ്ങളും ഇനിയും ഉണ്ടാകും. അപ്പോഴെങ്കിലും പാര്ട്ടിയും മതവും ജാതിയും മറന്ന് ഒറ്റക്കെട്ടായി പ്രതികരിക്കാന് നമുക്ക് കഴിയണം. മറ്റുള്ളവരുടെ ദുഃഖം തന്റെ ദുഃഖമായി കാണുമ്പോഴേ ഒരാള് മനുഷ്യസ്നേഹിയാകൂ. എന്ഡോസള്ഫാന് അനുകൂലികളേ, ഈ മാരകവിഷം മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള് നിങ്ങള്ക്ക് മാപ്പ് നല്കട്ടെ!!!
     മാരകവിഷം പ്രയോഗിച്ച് കീടങ്ങള്ക്ക് ഉന്മൂലനാശം വിതച്ച് ഉല്പാദനം കൂട്ടാമെന്നുള്ള മനുഷ്യന്റെ ലാഭക്കൊതി തെറ്റാണ്. ഇത് വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ എണ്ണം വര്ദ്ധിപ്പിക്കാനേ ഉപകരിക്കൂ. ഒരു കാലത്ത് നമ്മളും ആ ലിസ്റ്റില് അംഗമാകാനും മതി. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന കാര്യം നാം മറന്നുകൂടാ.


--------------------------------------------------------------------------------
-------------------------------------------------------------
---------------------------------
----------
---

No comments:

Post a Comment