Sunday, 19 April 2015

മൊഴിമുത്തുകൾ

“തന്റെ ഇഷ്ടം പോലെ എല്ലാം സംഭവിക്കും എന്നു കരുതുന്നതു മൗഢ്യമാണ്...
തന്റെ ഇഷ്ടത്തിനു വിരുദ്ധമായതേ സംഭവിക്കൂ എന്ന് കരുതുന്നതും ശരിയല്ല...
 അസ്വതന്ത്രനായ മനുഷ്യനു പൂർവ്വജന്മകർമ്മഫലമനുസരിച്ചു സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുന്നു..”

“നീ ശേഖരിച്ചു വച്ചവയെല്ലാം നാശത്തിൽ പര്യവസാനിക്കും..
നീ നേടിയ പദവികളെല്ലാം വീഴ്ചയിൽ അവസാനിക്കും..
നിന്റെ ചേർച്ചകളെല്ലാം വേർപാടിൽ കലാശിക്കും..
ഈ ജീവതമോ മരണത്തിലവസാനിക്കും..”

“മരത്തിൽ നിന്ന് നന്നായി പഴുത്ത പഴത്തിനു വീഴ്ചയാണ് ഏറ്റവും വലിയ ഭയം..
ഈ ലോകത്തിൽ ജനിച്ച മനുഷ്യനു മരണമാണ് ഏറ്റവും വലിയ ഭയം..”

“ഉറച്ച തൂണുകളോടുകൂടിയ ഭവനം കാലക്രമേണ നശിക്കുന്നതുപോലെ,
കാലപ്രവാഹത്തിൽ ഈ സുന്ദര ശരീരവും ജീർണ്ണിച്ചു മണ്ണോടു ചേരുന്നു.”

“ഏതു രാത്രിയാണോ കടന്നുപോയത്, അത് ഇനി തിരിച്ചുവരില്ല!
കരകവിഞ്ഞൊഴുകുന്ന യമുനയിലെ ജലവും അവസാനം സമുദ്രത്തോടു ചേരുന്നു.”

“ഈ ലോകത്തിൽ പകലും രാത്രിയും വേഗത്തിൽ കടന്നുപോകുന്നു..
വേനൽകാലത്തു സൂര്യകിരണങ്ങൾ ജലത്തെ ആവിയാക്കുന്നതുപോലെ,
ജീവികളുടെ ആയുസ്സും കുറഞ്ഞുകൊണ്ടേയിരിക്കുന്നു..”

“ജീവനോടിരിക്കുന്നവനെക്കുറിച്ചോ പരലോകം പ്രാപിച്ചവനെക്കുറിച്ചോ ചിന്തിക്കാതെ
നീ നിന്റെ ആത്മാവിനെക്കുറിച്ചു ചിന്തിക്കൂ.. നിന്റെ ആയുസ്സു കുറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നു തിരിച്ചറിയൂ..”

“മരണം നിന്നോടൊപ്പം നടക്കുന്നു..
മരണം നിന്നോടൊപ്പം വസിക്കുന്നു..
ഏതു ദീർഘിച്ച വഴിയിലും 
നിന്റെ കൂടെവന്നു മടങ്ങുന്നു..”

“തൊലി ചുളുങ്ങിത്തുടങ്ങി
മുടിയും നരച്ചുതുടങ്ങി
ഇനി ഞാൻ എന്തു ചെയ്തിട്ടു
പഴയ രൂപം പ്രാപിക്കണം!“

“സൂര്യൻ ഉദിച്ചതുകണ്ടു ഞാൻ സന്തോഷിക്കുന്നു..
സൂര്യൻ അസ്തമിക്കുന്നതുകണ്ടും ഞാൻ സന്തോഷിക്കുന്നു..
ഇതിനിടയിൽ എന്റെ ജീവിതം, കുറയുന്നതു ഞാൻ അറിയുന്നില്ല!“

“സമുദ്രത്തിൽ രണ്ടു തടികഷണങ്ങൾ കൂട്ടിമുട്ടി...
കുറച്ചുസമയം ഒന്നിച്ചിരുന്നു..
പിന്നെ തിരയിൽ പെട്ടു വേർപെട്ടു...
ഭാര്യയും മക്കളും ധനവും ബന്ധുക്കളും എന്നിൽ കൂട്ടിമുട്ടുന്നു..
ഇതുപോലെ പിരിയുവാൻ വേണ്ടി..”

“ശവമഞ്ചവുമായി ആളുകൾ നടന്നു നീങ്ങി..
ഞാൻ ശവത്തോടു പറഞ്ഞു..
ഞാനും നിന്റെ പിന്നാലെ വരാം..”

“പിന്തിരിഞ്ഞൊഴുകാത്ത പ്രവാഹം പോലെ
എന്റെ ആയുസ്സും കുറഞ്ഞുകൊണ്ടിരിക്കുന്നു.
നദിക്കു സമുദ്രമാണു ലക്ഷ്യം
എനിക്കോ മോക്ഷവും!“

(രാമായണത്തിൽ നിന്ന് - ശ്രീരാമൻ ഭരതനു നൽകുന്ന ഉപദേശങ്ങൾ)


No comments:

Post a Comment