അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനം. ഇനി രണ്ട്
ദിവസം രാവിലെ എണീക്കണ്ട, പല്ല് തേക്കണ്ട, ഓഫീസിലേക്ക് വരുകയും വേണ്ട.
വ്യാഴവും വെള്ളിയും അവധിയല്ലേ!! അങ്ങനെ ആ സന്തോഷത്തിന്റെ ദിനത്തില്‍
ഉച്ചയൂണും കഴിഞ്ഞ് ചെറുതായൊന്ന് കണ്ണടച്ച് ചിന്തിക്കാനുള്ള
ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. പണ്ടാരമെടുത്ത്
നിലത്തടിച്ചാലോ!! വേണ്ട.. വെറുതെ എന്തിനാ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നത്.
പതിയെ കണ്ണ് തുറന്ന് ഫോണെടുത്തു.
അരാടാ ഈ ഒരു മണിക്കൂര്‍ ബ്രേക്കിന്റെ ഇടയില്‍ ശല്യപ്പെടുത്തുന്നതെന്ന്
അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് നിന്ന്
ശബ്ദം കേട്ടു. ബോസാണ്. അങ്ങേര്‍ക്ക് അത്യാവശ്യമായി എന്നെയും യാസിറിനെയും
കാണണം. അപ്പുറത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന യാസിറിനെ തട്ടി വിളിച്ച്
ഞാന്‍ വിവരം പറഞ്ഞ്. ഷോക്കടിച്ച് കെട്ട് വിട്ടവനെപ്പോലെ അവന്‍ റെഡിയായി.
ഞങ്ങള്‍ രണ്ടും ബോസിന്റെ മുറിയിലേക്ക്..
ഈ യാത്രയ്കിടയില്‍ ഞാന്‍ യാസിറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. 6
അടിയില്‍ കൂടുതല്‍ നീളം, നല്ല ബലം, സാധാരണ സൌദികളുടെ കൂട്ട് പണി ചെയ്യാന്‍
മടിയില്ലാത്ത പ്രകൃതം, പിന്നെ എന്റെ നല്ല സുഹൃത്തും, ഇവയൊക്കെയാണ്
യാസിറിന്റെ പ്രത്യേകതകള്‍. എന്ത് കാര്യത്തിനും കൂടെ നിന്നോളും. ഞങ്ങളുടെ
അലൈന്‍മെന്റ് ടെക്നീഷ്യനാണ്.
അങ്ങനെ ഞങ്ങള്‍ ബോസിന്റെ മുറിയിലെത്തി. വളരെ നല്ല സ്വീകരണമാണ്
ഞങ്ങള്‍ക്ക് അവിടെ കിട്ടിയത്. ചെന്നപാടെ ബോസ് എണീറ്റ് വന്ന് ഷേക് ഹാന്‍ഡ്
തന്നു. പിന്നെ യാസിറിനെയും എന്നെയും കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ഹേ,
നിങ്ങള്‍ സംശയിക്കേണ്ട.. നടന്നതാണ്. സൌദികള്‍ അതിഥികളെ സ്വീകരിക്കുന്നത്
ഉമ്മവച്ചാണ്. ആദ്യമൊക്കെ എനിക്കൊരു അമ്പരപ്പായിരുന്നു. ഇപ്പോള്‍ അതൊരു
ശീലമായി. എന്തായാലും ഉമ്മ വയ്പ്പും കെട്ടിപ്പിടുത്തവും കഴിഞ്ഞ് ടീ
ബോയ്‌യോട് ചായകോണ്ടു വരാന്‍ പറഞ്ഞിട്ട് ബോസ് വിശേഷങ്ങളൊക്കെ തിരക്കി. എന്താ
കഥ, ഇങ്ങേര് ഭയങ്കര സന്തോഷത്തിലാണല്ലോ! വല്ല ബോണസും... ഇത്രയും
ചിന്തിക്കുമ്പോഴേക്കും ബോസ് ചോദിച്ചു..
“ജനിഷ്, ഈ ആഴ്ചയിലെ പണിയൊക്കെ കഴിഞ്ഞോ?”
വെറുതെ കഴിഞ്ഞില്ലാന്ന് പറഞ്ഞ് അപ്രീതിക്ക് പാത്രമാകണ്ട.. ഞാനാരാ മോന്‍.
“അത് കഴിഞ്ഞ ആഴ്ചയിലേ കഴിഞ്ഞ് സാര്‍!!” ഞാന്‍ പറഞ്ഞു.
“Good. I really appreciate your work".
എന്ത്? എന്റെ നീളം സ്വല്പം കൂടിയോ. ഹേയ്.. ഇല്ല.. എനിക്ക് തോന്നിയതാ..
“അപ്പോള്‍ കാര്യത്തിലേക്ക് വരാം. നമ്മുടെ കമ്പനിക്ക് ജിദ്ദയിലും
ഫാക്ടറി ഉള്ള കാര്യം അറിയാമല്ലോ? അവിടെ ചില മെഷീന്റെ അലൈന്‍മെന്റ്
നോക്കണം. അവര് ഇപ്പോള്‍ വിളിച്ചതേയുള്ളൂ. നാളെ രാവിലെ അവിടെ എത്തണം.
യാസിറിനെ തന്നെ അയയ്ക്കാന്‍ കഴിയില്ല. ഒരു മേല്‍നോട്ടത്തിന് ജനിഷ് കൂടി..”
ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ ഉള്ള നീളവും പോയി ഗ്യാസും പോയി.
കേരളത്തീന്ന് ബോംബെയ്ക്ക് പോകുന്ന ദൂരമുണ്ട് ഇവിടവും ജിദ്ദയുമായി. എന്റെ
ഒരു വീക്കെന്റ് പോയല്ലോ എന്റീശ്വരാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു.
ഇനിയിപ്പോ പണിയുണ്ടെന്ന് പറഞ്ഞ് ഒഴിയാനും പറ്റില്ല.. ഞാന്‍ യാസിറിനെ ഒന്ന്
നോക്കി. അവന്റെ ഇരുപ്പ് കണ്ടാല്‍ കഷ്ടം തോന്നും. ശ്വാസം പോകുന്നതുകൊണ്ട്
ജീവനില്ലെന്ന് സംശയിക്കില്ല.
അങ്ങനെ പിറ്റേന്ന് പെട്ടിയും കുടുക്കയുമെടുത്ത് ഞങ്ങള്‍ ജിദ്ദയിലേക്ക്
യാത്രയായി. കുറ്റം പറയരുതല്ലോ! കമ്പനി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫ്ലൈറ്റ്
ടിക്കറ്റും താമസ സൌകര്യവുമെല്ലാം ഇവിടുന്നേ ശരിയാക്കിയിട്ടുണ്ട്..
ജിദ്ദ.. വളരെ പുരാതന നഗരം. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍
ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ജിദ്ദ നഗരം മൊത്തം ഒന്ന് ഓടിച്ച് കാണാന്‍
കഴിഞ്ഞു. ഞങ്ങളുടെ അല്‍-ഖോബാറിന്റെ കൂട്ട് അത്ര ‘പോഷ്’ അല്ല ജിദ്ദ.
എല്ലായിടത്തും ഒരു പഴമയുണ്ട്.
ഞങ്ങള്‍ കമ്പനിയിലെത്തി. അവിടെയും നല്ല സ്വീകരണം. ഉമ്മ വയ്പ്പ്. പക്ഷേ,
പിന്നീടാണ് അവരുടെ മനസ്സിലിരുപ്പ് മനസ്സിലായത്. ഗ്രഹണി പിടിച്ച പിള്ളാര്
ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് അവര്‍ ഞങ്ങളെ കണ്ടത്. രണ്ട് മെഷീന്‍
നോക്കാന്‍ പോയ ഞങ്ങള്‍ക്ക് അവിടെ ഉള്ള സകലമാന മെഷീനും നോക്കണമെന്ന
നിര്‍ദ്ദേശമാണ് അവിടുത്തെ മാനേജര്‍ നല്‍കിയത്. രണ്ട് ദിവസം കഴിഞ്ഞ്
തിരിച്ച് പോരാനായി കയ്യില്‍ കരുതിയിരുന്ന ടിക്കറ്റ് വാങ്ങി ഒരാഴ്ച കൂടി
നീട്ടാനും ആ മഹാത്മാവ് മറന്നില്ല. പടപേടിച്ച് ജിദ്ദയില്‍ ചെന്നപ്പോ പന്തവും
കൊളുത്തി ദാ ഒരു മാനേജര്‍ എന്ന് പറഞ്ഞതുപോലായി.
ഞങ്ങളുടെ ഫാക്ടറിയില്‍ നിന്നും കമ്പനി ആവശ്യങ്ങള്‍ക്ക് ജിദ്ദയില്‍
ചെല്ലാറുള്ളവര്‍ക്ക് ഗ്രെയ്ഡ് അനുസരിച്ചാണ് അവര്‍ താമസസൌകര്യം
ഒരുക്കാറുള്ളത്. വലിയ പുള്ളികള്‍ക്ക് 5 star hotel. അത്തപ്പാടികള്‍ക്ക്
കമ്പനി ക്യാമ്പ്. യാസിറിന്റെ രൂപവും ഭാവവും കണ്ട് ഏതോ അത്തപ്പാടിയാണെന്ന്
അവര്‍ക്ക് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ഞങ്ങളെ കമ്പനിയുടെ
ക്യാമ്പിലാക്കാന്‍ തീരുമാനമായി.
മടിച്ച് മടിച്ച് കെട്ടും ഭാണ്ഡവുമെടുത്ത് ഞങ്ങള്‍ മുറിയിലേക്ക് നീങ്ങി.
ജനറല്‍ മാനേജര്‍ ചിലപ്പോഴൊക്കെ വിശ്രമിക്കാറുള്ള മുറിയാണെന്നൊക്കെപ്പറഞ്ഞ്
സമാധാനിപ്പിച്ചാണ് ഞങ്ങളെ അങ്ങോട്ടേക്ക് ആനയിച്ചത്. മസാജ് ചെയ്യാനുള്ള
സൌകര്യം ഉണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു. അവിടെ ചെന്നപ്പോള്‍
അപ്പുറവുമിപ്പുറവും ഓരോ കമ്പിക്കട്ടില്‍ ഇട്ടിരിക്കുന്നു. നടുക്ക് ഒരു തടി
സ്റ്റൂള്‍. മസാജിന്റെ കാര്യം ഞാന്‍ കൂടെ വന്ന പയ്യനോട് ചോദിച്ചു. എണ്ണ
തേച്ച് സ്റ്റൂളിലിരുന്നിട്ട് യാസിറിനോട് പറഞ്ഞാല്‍ മതിയെന്ന്. അപ്പോഴേ
ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒന്നുകില്‍ 5 star hotel അല്ലെങ്കില്‍
മടക്കടിക്കറ്റ്. ഇത് രണ്ടും കിട്ടിയില്ലെങ്കില്‍ മരണം വരെ സമരം നടത്തും.
കേരളത്തിലെ സമരങ്ങളെക്കുറിച്ചും സത്യാഗ്രഹത്തെക്കുറിച്ചും
അച്യുദാനന്ദനെക്കുറിച്ചുമൊന്നും വിവരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് കൂടെ
നിന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞിട്ട് യാസിറിനേയും കൂട്ടി മാനേജരുടെ
മുന്‍പിലേക്ക് ഞാന്‍ നീങ്ങി.
എന്തായാലും അവിടെ ചെന്നപ്പോള്‍ യാസിര്‍ വാക്ക് പാലിച്ചു. അവന്‍ കൂടെ
നിന്നു എന്ന് മാത്രമല്ല എന്നെക്കൂടെ കൂടെകൂട്ടി. മാനേജരും സൌദി യാസിറും
സൌദി. അവര് അറബിയില്‍ ചീത്തവിളി ആരംഭിച്ചു. എനിക്കൊന്നും
പിടികിട്ടിയില്ലെങ്കിലും ഞാന്‍ തലകുലുക്കി സമ്മതം എന്ന്
കാണിച്ചുകൊണ്ടേയിരുന്നു. എന്തായാലും അവസാനം ഞങ്ങള്‍ ജയിച്ചു. മാനേജര്‍
തോറ്റു..
“നേടിയെടുത്തേ, നേടിയെടുത്തേ, 5 star hotel നേടിയെടുത്തേ..”
അങ്ങനെ ഞങ്ങള്‍ സംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരിച്ച്. ആദ്യമായി ഒരു 5 star
hotel-ല്‍ താമസിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. സാധാരണ
സിനിമകളില്‍ മാത്രം കാണപ്പെടുന്ന കുന്തവും പിടിച്ച് വടിപോലെ നില്‍ക്കുന്ന
പാറാവുകാര്‍ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹോട്ടലില്‍ എല്ലാ സൌകര്യവുമുണ്ട്.
ജിം, നീന്തല്‍ക്കുളം, പലതരം കളികള്‍ക്കുള്ള കോര്‍ട്ടുകള്‍, സോനാ ബാത്ത്,
മസാജ് സെന്റര്‍ എന്ന് വേണ്ട ഒരുപാട് സൌകര്യങ്ങളുള്ള ഹോട്ടല്‍. ഒരാഴ്ച
എന്നല്ല ഒരുമാസം കൊണ്ട് ഫാക്ടറിയിലെ സകലമാന പണികളും തീര്‍ത്തിട്ട്
മടക്കയാത്രയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് യാസിര്‍!! ഈ ഉപദേശം ഞാന്‍
നിനക്ക് തരാനിരുന്നതാണെന്ന് ഞാന്‍!!
റൂം ബോയ് ഞങ്ങളെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ തന്നെ കതക്
തുറന്ന് ബാഗുകളെല്ലാം അകത്ത് കൊണ്ട് വച്ചു തന്നു. എനിക്കും യാസിറിനും
പ്രത്യേകം പ്രത്യേകം മുറികള്‍. അവന്റെ മുറി എന്റേതിന്റെ നേരെ അപ്പുറത്ത്.
ഞാന്‍ എന്റെ മുറിക്കകത്ത് കയറി കതകടച്ചു. കതകുകള്‍ തുറക്കാന്‍ കീ അല്ല
അവിടെ ഉപയോഗിക്കുന്നത്. നമ്മുടെ ATM കാര്‍ഡ് പോലെയൊരു കാര്‍ഡ്. ഇത്
മുറിക്ക് പുറത്തുള്ള കാര്‍ഡ് റീഡറില്‍ കടത്തിയാല്‍ മുറി തുറക്കുകയായി.
ഞാന്‍ കാര്‍ഡ് എന്റെ പോക്കറ്റില്‍ വച്ചു. മുറിയില്‍ അരണ്ട വെളിച്ചമേയുള്ളൂ.
ലൈറ്റുകളൊക്കെ ഇട്ട് നോക്കി. നോ രക്ഷ.. ഒന്നും കത്തുന്നില്ല.
ദൈവമേ ഇവിടെയും പവര്‍ക്കട്ടോ? ഒന്നുമില്ലെങ്കിലും ഇതൊരു 5 star hotel
അല്ലേ. ഇവമ്മാര്‍ക്കൊരു ജനറേറ്ററെങ്കിലും വാങ്ങി വച്ചുകൂടേ? ഇനിയിപ്പോ
എന്ത് ചെയ്യും? എന്തായാലും ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ബാത്ത്‌റൂമില്‍ കയറി
ഒരു കുളി പാസാക്കി. പോയി പരാതി പറഞ്ഞിട്ടുതന്നെ കാര്യം. യാസിറിനേക്കൂടി ഒരു
ബലത്തിന് കൂടെ കൂട്ടാമെന്ന് കരുതി ഞാന്‍ അവന്റെ മുറിയില്‍ തട്ടിവിളിച്ചു.
കതക് തുറന്നപ്പോള്‍ നല്ല പ്രകാശം. അവന്റെ മുറിയില്‍ വെളിച്ചമുണ്ട്. ഞാന്‍
യാസിറിനോട് കാര്യം പറഞ്ഞു.
“എടാ മണ്ടാ...“ ഞാന്‍ തിരിഞ്ഞു നോക്കി. ഇവന്‍ എന്നെത്തന്നെയാണോ വിളിച്ചത്. ആ പരിസരത്തൊന്നും ആരുമില്ല. അപ്പോള്‍ എന്നെത്തന്നെ..
“നിന്റെ കാര്‍ഡ് എവിടെ..” ഞാന്‍ പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത്
കാണിച്ചു. അവന്‍ കാര്‍ഡ് വാങ്ങിയിട്ട് ആധികാരികമായി അതിന്റെ ഉപയോഗങ്ങള്‍
വിവരിച്ച് തുടങ്ങി. കതക് തുറന്നതിന് ശേഷം കാര്‍ഡ് മുറിക്കകത്തുള്ള ഒരു
യന്ത്രത്തില്‍ തിരുകി വയ്ക്കണം. അപ്പോഴേ മുറിയില്‍ വൈദ്യുതി കിട്ടൂ.
എന്തെല്ലാം കുണ്ടാമണ്ടികളാണോ!! എന്നാലും ഇവനെങ്ങനെ ഇത് കണ്ടുപിടിച്ചു.
ഞാന്‍ ആദരവോടെ അവനെ നോക്കി. എന്നിട്ടു ചമ്മിയ മുഖഭാവത്തില്‍ അവനോട്
ചോദിച്ചു.
“യാസിര്‍, നീ ഇതിന് മുന്‍പ് 5 star hotel-ല്‍ താമസിച്ചിട്ടുണ്ടോ?”
“ഹേ, ഇല്ല.”
“പിന്നെങ്ങനെ നിനക്ക് ഇവിടുത്തെ ഈ സമ്പ്രദായങ്ങളൊക്കെ അറിയാം.”
“ഞാന്‍ നിന്നേപ്പോലല്ല. നല്ല ബുദ്ധിയാ..” പിന്നേ അവന്റെയൊരു ബുദ്ധി!!
അവന്‍ പെട്ടന്ന് കുളിച്ച് റെഡിയായി വന്നു. ഞങ്ങള്‍ രണ്ടും കൂടി ഡിന്നറ്
കഴിക്കാനായി ഡൈനിംഗ് റൂമിലേക്ക് പോയി. വഴിക്ക് വച്ച് ആ ഹോട്ടലിലെ ഒരു
ജോലിക്കാരനെ കണ്ടു.
“ഇപ്പോള്‍ ലൈറ്റ് കത്തുന്നുണ്ടോ?” അയാള്‍ യാസിറിനോട്.
യാസിര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. എന്നിട്ട് അതെ എന്ന് തലകുലുക്കി.
അപ്പോ, അതാണ് കാര്യം. ലൈറ്റ് കത്തുന്നില്ലെന്നും പറഞ്ഞ് ഇവന്‍
താഴെപ്പോയി അടിയുണ്ടാക്കി. അങ്ങനെ കിട്ടിയതാണ് മുന്‍പ് പറഞ്ഞ ബുദ്ധി.
ഞങ്ങള്‍ക്ക് രണ്ടിനും എല്ലാം കാര്യങ്ങളും വ്യക്തമായതുകൊണ്ട് കൂടുതലൊന്നും
പറയാതെ ആക്രാന്തത്തോടെ വേഗം ഡൈനിംഗ് ഹാളിലേക്ക്..
രാവിലെ 7:30 ന് റെഡിയായി നില്‍ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഞങ്ങള്‍ക്ക്
കിട്ടിയത്. ഹോട്ടലില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരെയാണ് ഫാക്ടറി.
രാവിലെ ഞങ്ങളെ കൊണ്ടുപോകാനുള്ള ശകടം വരും. അതിന്‍ പ്രകാരം 7
മണിയായപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും ഒരുങ്ങി ബ്രേക് ഫാസ്റ്റ് കഴിക്കാന്‍
പോയി. ഒരുപാട് ഐറ്റം ഉള്ളതുകൊണ്ട് എല്ലാം ഒന്ന് ടേസ്റ്റ് ചെയ്ത്
വന്നപ്പോഴേക്കും സമയം സ്വല്പം വൈകി. അതിന് ആ ഡ്രൈവര്‍ അബ്ദുള്ള ചൂടാകേണ്ട
കാര്യമുണ്ടോ? നാളെമുതല്‍ വിളിക്കാന്‍ വരാന്‍ വേറെ ആളെ നോക്കാന്‍ വരെ
അങ്ങേര് പറഞ്ഞുകളഞ്ഞു. എന്തായാലും ഒരു വിധത്തില്‍ ആ മാന്യദേഹത്തെ
സമാധാനിപ്പിച്ച് വണ്ടിയില്‍ കയറ്റി. യാസിര്‍ മുന്‍പിലും ഞാന്‍ ഒറ്റയ്ക്ക്
രാജകീയമായി പിറകിലും യാത്ര ആരംഭിച്ചു.
അബ്ദുള്ളയും യാസിറും അറബിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഞാന്‍
വെളിയിലേക്ക് നോക്കി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. വണ്ടി അമിത വേഗത്തിലാണ്
പായുന്നത്. അതിന്റെ കൂടെ ഇടയ്ക്കിടയ്ക്ക് ട്രാക്കുകള്‍
മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കാഴ്ചകള്‍ കാണല്‍ ഒക്കെ മതിയാക്കി.
വണ്ടിയുടെ ഒത്ത നടുക്ക് രണ്ട് സീറ്റിന്റേയും ഹെഡ് റെസ്റ്റില്‍ മുറുകെ
പിടിച്ച് ഇരിപ്പായി. പേടിയില്ലെങ്കിലും ദൈവത്തെ വിളിച്ചു തുടങ്ങി. എല്ലാ
സമയത്തും നമുക്ക് ദൈവവിചാരം ഉണ്ടാകുന്നത് നല്ലതല്ലേ?
നിരീക്ഷരവാദികളെയെല്ലാം കൂടി അബ്ദുള്ളയുടെ വണ്ടിയില്‍ ഒരു മണിക്കൂര്‍
സഞ്ചരിക്കാന്‍ വിട്ടാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും അവര്‍
ഈശ്വരവിശ്വാസികളായിരിക്കുമെന്ന് ഉറപ്പാണ്.
എന്നാലും ഈ യാസിറിനെ സമ്മതിക്കണം. അവനും അബ്ദുള്ളയും എന്തൊക്കെയോ
ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവന്മാര് രണ്ടും
ഇലവെട്ടിവെക്കാന്‍ വീട്ടില്‍ പറഞ്ഞിട്ടായിരിക്കും ഇറങ്ങിയത്!!
“അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി.. “
അടുത്ത ട്രാക്കിലൂടെ ഒരു ട്രെയ്‌ലര്‍ പോകുന്നു. അബ്ദുള്ള സ്പീഡ് കൂട്ടി
അതിന്റെ മുന്നില്‍ കയറി. എന്നിട്ട് ട്രെയ്‌ലറിന്റെ മുന്നില്‍ കാറുകൊണ്ട്
രണ്ട് ‘S' വരച്ചു. എന്റെ ജീവന്‍ സ്വര്‍ഗ്ഗത്തോട്ട് പോണോ അതോ നരകത്തോട്ട്
പോണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. എന്തായാലും അപകടമൊന്നും സംഭവിച്ചില്ല.
അപ്പോഴും ലവന്മാര് രണ്ടും തകര്‍ത്ത് ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വണ്ടിയുടെ സ്പീഡ് കുറയുമെന്ന
സിദ്ധാന്തമൊന്നും അബ്ദുള്ളയുടെ കാര്യത്തില്‍ ശരിയാകുന്നില്ല.
അവസാനം ഫാക്ടറിയിലെത്തി. കാറില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ എന്തൊര്
ആശ്വാസം. ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതി. അപ്പോഴും യാസിറും അബ്ദുള്ളയും
എന്തൊക്കെയോ തമ്മില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും രണ്ടുപേരും ഷേക്
ഹാന്‍ഡ് നല്‍കി പിരിഞ്ഞു.
നെഞ്ചിടിപ്പൊന്ന് കുറഞ്ഞപ്പോള്‍ ഞാന്‍ യാസിറിനോട് ചോദിച്ചു.
“നിനക്ക് പേടിയെന്താണെന്ന് അറിയാമോ?”
“അതെന്താ നീ അങ്ങനെ ചോദിച്ചത്?”
“അല്ല. ഈ അബ്ദുള്ളയുടെ മരണപ്പാച്ചില്‍ കണ്ടിട്ട് നിനക്കെങ്ങനെ അവനോട്
വീട്ടുകാര്യങ്ങളും പറഞ്ഞ് സമാധാനത്തോടെ ഇരിക്കാന്‍ കഴിഞ്ഞു. ഞാനാണെങ്കില്‍
അറിയാത്ത ദൈവത്തെപ്പോലും വിളിച്ചു പോയി.”
“ഞാന്‍.... വീട്ടുകാര്യങ്ങള്‍ പറഞ്ഞെന്നോ?... കേറിയപ്പോ മുതല്‍ ഞാന്‍
അവനെ തെറിവിളിച്ചു തുടങ്ങിയതാ. ഇടയ്ക്ക് അവന്‍ ഒരു ട്രെയ്‌ലറിന്റെ
മുന്‍പില്‍ കാണിച്ച പരാക്രമം നീ കണ്ടിരുന്നോ? ആ പരാക്രമം കാണിച്ചിട്ട്
അവന്‍ എന്നോട് പറയുകയാ ആ ട്രെയ്‌ലറുകാരന്‍ പേടിച്ച് കാണുമെന്ന്! അപ്പോള്‍
ഞാന്‍ അവനോട് പറഞ്ഞതാ സൈഡിലോട്ട് വണ്ടി ഒതുക്ക്, ഞാന്‍ ഏതെങ്കിലും ടാക്സി
വിളിച്ച് പൊയ്ക്കോളാമെന്ന്. അവന്‍ സമ്മതിച്ചില്ല.“
“ഇവിടെ വന്നിട്ട് നിങ്ങള്‍ കൈകൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞത്?”
“അതോ? ഇന്ന് വന്നതിരിക്കട്ടെ, ഇനി മേലാല്‍ വണ്ടിയും ഉരുട്ടി ഞങ്ങളെ വിളിക്കാന്‍ വരരുതെന്നും പറഞ്ഞ് കൈകൊടുത്ത് വിട്ടതാ.”
എന്തായാലും ഈ യാത്രകൊണ്ട് ഒരു കാര്യം എനിക്ക് പിടികിട്ടി. സൌദികള്‍
പതുക്കെ കുശുകുശുത്താല്‍ എന്തൊക്കെയോ മുട്ടന്‍ തെറിവിളി നടക്കുകയാണെന്ന്
വിചാരിച്ചോണം. ഉറക്കെയാണ് സംസാരമെങ്കില്‍ സന്തോഷത്തോടെ എന്തെങ്കിലും തമാശ
പറയുകയാണെന്നും.
ഞങ്ങള്‍ പണിതുടങ്ങി...
ആദ്യ ദിവസമായതിനാല്‍ എല്ലാവരെയും പരിചയപ്പെട്ട്, ജോലിയെക്കുറിച്ച് ഒരു
ഏകദേശ രൂപവും ഉണ്ടാക്കി വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക്
തിരിച്ചു. നാളെ മുതല്‍ വേറെ ഡ്രൈവറെ രാവിലെ അയയ്ക്കണം എന്ന ഞങ്ങളുടെ
നിര്‍ദ്ദേശം ആ കശ്മലന്‍ മാനേജര്‍ തള്ളി. അതായത് നാളെയും രാവിലെ
അബ്ദുള്ളയുടെ ശകടത്തില്‍ തന്നെ യാത്ര എന്ന് ഉറപ്പായി.
ഹോട്ടലില്‍ എത്തിയപാടെ വിശാലമായ ഒരു കുളി പാസാക്കി. പിന്നീട് ജിദ്ദ
സിറ്റിയിലൂടെ ഒരു ചെറിയ യാത്ര. ഷോപ്പിംഗ് മാള്‍ പലതും കയറിയിറങ്ങി.
രാത്രിയില്‍ ഗംഭീരമായ ഒരു ഡിന്നറും കഴിഞ്ഞ് ശുഭരാത്രി ആശംസിച്ച് ഞങ്ങള്‍
മുറിയിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ നേരത്തേ എണീക്കണമെന്ന് ഞാന്‍
യാസിറിനെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.
രാവിലെ 6 മണിക്ക് തന്നെ ഞാന്‍ എണീറ്റ് കുളിച്ച് റെഡിയായി. റൂമിലെ
ഫോണില്‍ നിന്നും യാസിറിന്റെ മുറിയിലേക്ക് വിളിച്ചു. ആരും എടുക്കുന്നില്ല.
പതുക്കെ പുറത്തിറങ്ങി വാതിലില്‍ തട്ടിനോക്കി. അനക്കമില്ല. മൊബൈലില്‍
വിളിച്ചു. അവന്റെ മുറിയില്‍ നിന്നും റിംഗ് ടോണ്‍ കേള്‍ക്കാം. അപ്പൊ ആള്
അകത്ത് തന്നെ കാണും. ബാത്ത്‌റൂമിലോ മറ്റോ ആയിരിക്കും. ശല്യപ്പെടുത്തണ്ട.
പതിനഞ്ച് മിനിട്ടിന് ശേഷം ഞാന്‍ വീണ്ടും അവന്റെ മുറിയില്‍ തട്ടിനോക്കി.
ഒരനക്കവുമില്ല. ഫോണില്‍ വിളിച്ചു. ആരും എടുക്കുന്നില്ല. ഇത്
പ്രശ്നമാകുമല്ലോ.. എന്തായാലും കുറച്ച് സമയം കൂടി നോക്കാം എന്ന് കരുതി ഞാന്‍
തിരിച്ച് എന്റെ മുറിയിലേക്ക് പോന്നു.
സമയം 7 മണിയായി. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അബ്ദുള്ളയുടെ
വായിലിരിക്കുന്നത് മുഴുവന്‍ യാസിറ് കേള്‍ക്കുമെന്ന് ഉറപ്പായി. എനിക്ക്
പ്രശ്നമില്ല. അറബ് അറിയാത്തതുകൊണ്ട് തെറിവിളിച്ചാലും ഏല്‍ക്കില്ല.
ഞാന്‍ വാതിലില്‍ തട്ടുന്നത് പതുക്കെ ആയതുകൊണ്ടായിരിക്കും അവന്‍
എണീക്കാത്തത്. ഇപ്രാവശ്യം എന്റെ സര്‍വ്വ ശക്തിയുമെടുത്ത് വാതിലില്‍
അടിച്ചു. കുറച്ച് നേരം അടിച്ചു കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ മുറിയുടെ
വാതില്‍ തുറന്ന് ഒരു സൌദി ഉറക്കച്ചടവോടെ തല വെളിയിലേക്ക് നീട്ടി.
എന്തൊക്കെയോ പതുക്കെ കുശുകുശുത്തു. എന്നിട്ട് ആമ തലവലിക്കുന്നതുപോലെ തല
ഉള്ളിലേക്കിട്ട് കതകടച്ചു. ഞാന്‍ ഉറപ്പിച്ചു. അവന്‍ തെറി വിളിച്ചതാണ്. ഇനി
തട്ടിയാല്‍ ചിലപ്പോള്‍ അവന്‍ എന്റെ കയ്യിലിരിക്കുന്നത് വാങ്ങും. (ഇവിടെ
പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും
മാറ്റാവുന്നതാണ്.)
ഞാന്‍ കതകില്‍ തട്ടുന്ന പരിപാടി നിര്‍ത്തി. ഇനി എന്നെ കൂട്ടാതെ യാസിര്‍
താഴെ ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയിക്കാണുമോ? എന്തായാലും ഡൈസിംഗ്
ഹാളില്‍ ഒന്ന് പോയി നോക്കാം.
ഡൈനിംഗ് ഹാളിലൊന്നും അവനില്ല. ദൈവമേ, ഇന്നത്തെ കാര്യം പോക്കാണല്ലോ.
ഇന്ന് ആരെയാണോ കണികണ്ടത്? രാവിലെ എണീറ്റ് കണ്ണാടിയില്‍ നോക്കണ്ടായിരുന്നു.
ഞാന്‍ പതുക്കെ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അയാള്‍ ഉടനെ ഒരു
സെക്യൂരിറ്റിയെ കൂട്ടി എന്നെ യാസിറിന്റെ മുറിയിലേക്ക് വിട്ടു. സെക്യൂരിറ്റി
സന്തോഷത്തോടെ വിശേഷങ്ങളൊക്കെ തിരക്കിയാണ് കൂടെ വരുന്നത്. അവന്‍ മുറിയുടെ
വാതിലില്‍ മുട്ടി വിളിച്ചു. ആ മുട്ട് കേട്ട് യാസിറ് പോയിട്ട് അപ്പുറത്തെ
മുറിയിലെ ആമത്തലയന്‍ പോലും എണീറ്റ് വരില്ലെന്ന് എനിക്കുറപ്പായിരുന്നു.
കുറച്ച് നേരം മുട്ടിയപ്പോള്‍ കൈ കഴച്ചിട്ടാണെന്ന് തോന്നുന്നു, സെക്യൂരിറ്റി
എന്നെയും കൂട്ടി താഴേക്ക് പോയി. റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍
അവര്‍ യാസിറിന്റെ വാതില്‍ തുറക്കാനായി പുതിയൊരു കാര്‍ഡ് തന്നു.
സെക്യൂരിറ്റിയും ഞാനും വീണ്ടും മുകളിലേക്ക്. പഴയ സന്തോഷമൊന്നും അവന്റെ മുഖത്തില്ല.
“ഹേയ്, ഒന്നും സംഭവിച്ചു കാണത്തില്ല.” അവന്‍ പറഞ്ഞു.
എന്ത് സംഭവിക്കാന്‍? ആ പഹയന്‍ മൂടിപ്പുതച്ച് കിടന്ന്
ഉറങ്ങുകയായിരിക്കും. അയ്യോ, ഇനി ഇവന്‍ പറഞ്ഞതുപോലെ എന്തെങ്കിലും സംഭവിച്ചു
കാണുമോ? സെക്യൂരിറ്റി ആണത്രേ, സെക്യൂരിറ്റി!! മനുഷ്യനെ പേടിപ്പിക്കാനായി
ഇറങ്ങിത്തിരിച്ചിരിക്കുന്നു.
എന്തായാലും മടിച്ച് മടിച്ച് അവന്‍ യാസിറിന്റെ കതക് തുറന്നു. ഞാന്‍
അകത്തേക്ക് കടന്നു. മുറിയില്‍ നല്ല തണുപ്പ്. കട്ടിലില്‍ യാസിര്‍
മൂടിപ്പുതച്ച് കിടക്കുന്നു. കൂര്‍ക്കം വലി നല്ലപോലെ കേള്‍ക്കാം.
എന്റെ സകല സമനിലയും തെറ്റി. ഓടിച്ചെന്ന് അവന്റെ നടുവിന് തന്നെ ഒരു
ചവിട്ട്. യാസിര്‍ തെറിച്ച് കട്ടിലില്‍ നിന്ന് താഴേക്ക്. എന്താണ്
സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നതിന് മുന്‍പ് മുതുകത്ത് കയറി ഇരുന്ന്
അറിയാവുന്ന താളത്തില്‍ നല്ല ഇടിയും പാസാക്കി.
ഇല്ല.. ഞാന്‍ ഇപ്പോഴും വാതിലിനടുത്ത് തന്നെ നില്‍ക്കുകയാണ്. ഇതൊക്കെ
ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ യാസിര്‍.. 6
അടി നീളം. നല്ല ബലം. വേണ്ട ക്ഷമിച്ചിരിക്കുന്നു. ഞാന്‍ കട്ടിലിനടുത്തേക്ക്
ചെന്ന് പതിയെ അവന്റെ കാലില്‍ ഒന്ന് തൊട്ടു. അവന്‍ ഞെട്ടി എണീറ്റു. “ഞാന്‍
ലേറ്റായില്ലല്ലോ, അല്ലേ?” അവന്‍ ചോദിച്ചു.
“ഇല്ല..” ഞാന്‍ പറഞ്ഞു.
ഫാക്ടറിയിലേക്കുള്ള യാത്രയിലുടനീളം അബ്ദുള്ള എന്തൊക്കെയോ
കുശുകുശുക്കുന്നു. യാസിറിന് മിണ്ടാട്ടമില്ല. നാട്ടുകാര്യങ്ങളായിരിക്കും
അവര്‍ സംസാരിക്കുന്നത് എന്നാശ്വസിച്ച് ഞാന്‍ ചിരി അടക്കി.
പണി തുടങ്ങി.. പണിയെന്ന് പറഞ്ഞാല്‍ ഇമ്മാതിരി ഒരു പണി ജീവിതത്തില്‍
കിട്ടിയിട്ടില്ല. രാവിലെ 8 മണിക്ക് കയറിയാല്‍ രാത്രി 9 വരെ. ഇതിനിടയ്ക്ക്
ഉച്ചയ്ക്ക് ഒരു സാന്‍വിച്ചും പെപ്സിയും. രാത്രിയില്‍ തിരിച്ച്
ഹോട്ടലിലെത്തുമ്പോഴേക്കും ഡൈനിംഗ് ഹാള്‍ അടയ്ക്കും. അതായത് പുറത്തു നിന്ന്
വല്ലതും വാങ്ങി കഴിക്കണം. എന്നിട്ട് ഒരു കുളിയും കഴിഞ്ഞാല്‍ പിന്നെ
കട്ടിലിലേക്ക് മറിയുകയായി.
എന്തെല്ലാം ആശകളായിരുന്നു. വൈകിട്ട് ജിമ്മില്‍ കസര്‍ത്ത്. അതുകഴിഞ്ഞ്
മസാജും നീന്തലും സോനാബാത്തും. എന്നിട്ട് അടിപൊളി ഡിന്നര്‍. എല്ലാം പോയി.
ഇതിലും നല്ലത് കമ്പനിയുടെ ക്യാമ്പായിരുന്നു എന്ന് ചിന്തിച്ചു പോയി.
എന്തായാലും ടിക്കറ്റിലെ ഡേറ്റ് ആകുന്നതുവരെ കഴിഞ്ഞിട്ട് രക്ഷപെട്ട്
ഓടുകയായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത്. എല്ലാം
കഴിഞ്ഞു. ഇനി വീണ്ടും ഞങ്ങളുടെ സ്വന്തം തട്ടകത്തിലേക്ക്.
അലൈന്‍മെന്റിന് വേണ്ടിയുള്ള ഉപകരണം അടങ്ങിയ പെട്ടി സ്കാനറിലൂടെ കടന്ന്
പോയപ്പോള്‍ അതുവരെ അവിടിരുന്ന് ഉറങ്ങുകയായിരുന്ന സൌദി ഞെട്ടി എണീറ്റു.
എന്തോ കുഴപ്പമുള്ളത് മാതിരി ഞങ്ങളെ നോക്കുന്നു. പെട്ടി എന്റേതല്ല എന്ന
ഭാവത്തില്‍ ഞാന്‍ നിന്നു. അപ്പോഴേക്കും യാസിറും സെക്യൂരിറ്റിയും തമ്മില്‍
അറബിയില്‍ സംഭാഷണം തുടങ്ങി.
“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ
ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” യാസിര്‍
സെക്യൂരിറ്റിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ലേസര്‍ എന്ന്
കേട്ടതും അവന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ശരീരമുള്ള ഒരു ഉദ്യോഗസ്ഥന്‍ എത്തി. എന്താണ് ഈ ഉപകരണമെന്ന് അയാള്‍ യാസിറിനോട് ചോദിച്ചു.
“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ
ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..”
തീര്‍ന്നു കഥ. അയാള്‍ ഉടനെ ഫോണ്‍ എടുത്ത് വേറെ ആരെയോ വിളിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ അതിലും ബോഡിയുള്ള മറ്റൊരുത്തന്‍ വരുന്നു. പണി
പാളിയല്ലോ ഭഗവാനെ. ഇവന്മാര്‍ ഞങ്ങളെ ഇവിടെ തടഞ്ഞു വയ്ക്കുമോ? ജെയിലില്‍
കഫ്സയും ബിരിയാണിയുമൊക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. വെറുതെ
ആശിപ്പിക്കരുതേ..
മൂന്നാമനും ലേസര്‍ ബീമിന്റെ കാര്യം കേട്ടതും പുറകോട്ട് മാറി.
ഇവന്മാര്‍ക്ക് ആകെ അറിയാവുന്നത് തോക്കില്‍ ഉപയോഗിക്കുന്ന
ലേസറിനെപ്പറ്റിയാണ് എന്ന് ബോധ്യമായി. ഇനിവരുന്നവനോട് ലേസറിന്റെ കാര്യം
പറയണ്ട എന്ന് ഞാന്‍ യാസിറിനോട് പറഞ്ഞ്. നാലാമന്‍ വന്നപ്പോള്‍ യാസിര്‍
ബുദ്ധിപൂര്‍വം ലേസറിന്റെ കാര്യം പറഞ്ഞില്ല. യാസിര്‍ ഒരുവിധം അവനെ അതിന്റെ
ഉപയോഗം പഠിപ്പിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരുത്തനെയെങ്കിലും
പഠിപ്പിച്ചെടുക്കാന്‍ കഴിഞ്ഞല്ലോ. പഠിച്ച് കഴിഞ്ഞപ്പോള്‍ അവനൊരു സംശയം.
മോട്ടറും പമ്പും ഒരേ രേഖയിലാണെന്ന് എങ്ങനെ മനസ്സിലാകും? പഠിപ്പിക്കാനുള്ള
ആവേശത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു. “അത് ലേസര്‍ബീം..“ യാസിര്‍ എന്നെ
ഒന്ന് നോക്കി. ബലൂണില്‍ നിന്നും കാറ്റ് തുറന്നുവിട്ടതു പോലെയായി ഞാന്‍. ഇനി
എന്ത് ചെയ്യും. എന്തായാലും ആ ഉദ്യോഗസ്ഥന്‍ വേറെ ആരെയും വിളിച്ച്
വരുത്തിയില്ല. അവന് മുകളില്‍ വിളിക്കാന്‍ വേറെ ആരും ഇല്ലായിരിക്കും. പെട്ടി
അവിടെ വച്ചിട്ട് സ്ഥലം വിട്ടോളാന്‍ ഞങ്ങളോട് പറഞ്ഞു. പെട്ടി പോയാലും
വേണ്ടില്ല രക്ഷപെട്ടാല്‍ മതിയെന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞ് നോക്കാതെ വിമാനം
കയറാനുള്ള ഗേറ്റിലേക്ക് നടന്നു. അങ്ങനെ സംഭവബഹുലമായ ഒരു ജിദ്ദ യാത്ര
അവസാനിച്ചു.