Tuesday, 22 May 2012

മൂന്നു ബള്‍ബുകള്‍

കുറച്ച് അരി പൊടിപ്പിക്കണം. ഉത്സവകാലമായതിനാല്‍ മില്ലില്‍ സാമാന്യം നല്ല തിരക്ക്. സീനിയോരിറ്റി അനുസരിച്ചാണ് ധാന്യം പൊടിച്ചു കൊടുക്കുന്നത്. ഞാന്‍ ഏറ്റവും ജൂനിയര്‍ ആയതുകൊണ്ട് ഒഴിഞ്ഞ സ്ഥലത്ത് മാറി സ്വസ്ഥമായി ഇരുന്നു. ആളുകളുടെ സംസാരവും മുന്‍‌ഗണനാ തര്‍ക്കവും തകൃതിയായി നടക്കുന്നു. എല്ലാവര്‍ക്കും തിരക്കാണ്. ഏറ്റവും മുന്‍പേ കാര്യം സാധിച്ചു പോകണം. അതിന്റെ അസ്വസ്ഥത പലരിലും കാണാം. ഒരു ക്ലാസ്സിലുള്ള എല്ലാ‍ കുട്ടികളും കൂടി എഴുന്നേറ്റു നിന്ന് ‘എല്ലാ‍വരും നിശബ്ദരായിരിക്കണം’ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് അവസ്ഥ!

മില്ലിന്റെ സൈഡിലുള്ള സ്വിച്ച് ബോര്‍ഡിലേക്ക് യാദൃശ്ചികമായി ഞാന്‍ നോക്കി. അനേകം സ്വിച്ചുകളും സ്റ്റാര്‍ട്ടറുകളും. വലത് ഭാഗത്ത് ഏറ്റവും മുകളിലായി മൂന്നു ബള്‍ബുകള്‍. വലത്തേ അറ്റത്ത് വെള്ളയും മധ്യത്തില്‍ മഞ്ഞയും അടുത്തത് ചുവപ്പും. ഒറ്റ സ്വിച്ചിലാണ് മൂന്നു ബള്‍ബുകളും പ്രകാശിക്കുന്നത്. അതിന്റെ പ്രകാശം ഞാ‍ന്‍ ശ്രദ്ധിച്ചു. വെള്ള ബള്‍ബിന് പൂര്‍ണ്ണപ്രകാശം. മധ്യത്തേതിന് കുറഞ്ഞ പ്രകാശം. കടും ചുവപ്പുനിറമുള്ളതിന് വളരെ കുറച്ചുമാത്രം പ്രകാശം. ഇതെന്തിനാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

എന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് പോയി. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആണ്. അപ്പോള്‍ അതില്‍ പ്രവേശിക്കുന്ന വൈദ്യുതി തുല്യ അളവിലായിരിക്കും. എന്നാല്‍ അത് പുറപ്പെടുവിക്കുന്ന പ്രകാശത്തിന് വളരെ അന്തരം ഉണ്ട്. വെള്ള ബള്‍ബ് പൂര്‍ണ്ണപ്രകാശം തരുന്നു. മഞ്ഞ അല്പം മങ്ങിയ പ്രകാശവും കടുത്ത നിറമുള്ളതിന് അല്പം പ്രകാശവും. ഇതിനെ ഞാന്‍ മറ്റൊരു രീതിയില്‍ ക്രമീകരിച്ചു നോക്കി. 100 വാട്ട്സ് ഉള്ള മൂന്ന് ബള്‍ബുകള്‍. ഒന്നിന് യാതൊരു നിറവും നല്‍കാതെ തനി രൂപത്തില്‍. രണ്ടാമത്തേതിനെ ഒരു പത്രക്കടലാസുകൊണ്ട് മൂടിക്കെട്ടി. മൂന്നാമത്തേതിനെ വളരെ കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ടും മൂടി. സ്വിച്ച് ഓണ്‍ ചെയ്തു. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആയതിനാല്‍ മൂന്നും ഒരുപോലെ കത്തുന്നുണ്ടാകും. എന്നാല്‍ മാലിന്യങ്ങളൊന്നുമില്ലാത്ത ബള്‍ബ് പൂര്‍ണ്ണപ്രകാശത്തോടെ കത്തുമ്പോള്‍ വളരെയധികം മാലിന്യമുള്ള ബള്‍ബ് (കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ട് പൊതിഞ്ഞത്) അല്പം പോലും പ്രകാശം ചൊരിഞ്ഞില്ല. അല്പം മാലിന്യമുള്ളത് (പത്രക്കടലാസുകൊണ്ട് പൊതിഞ്ഞത്) പകുതി പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് ബള്‍ബുകളുടേയും സ്ഥാനത്ത് മൂന്ന് മനുഷ്യരെ സങ്കല്‍പ്പിച്ചുനോക്കി. മൂന്നുപേരിലും വൈദ്യുതിയുടെ സ്ഥാനത്ത് ജീവചൈതന്യം. ഒരേ ജീവചൈതന്യം തന്നെയാണ് മൂന്നുപേരിലും ഉള്ളത്. എന്നാല്‍ അതില്‍ ഒരാള്‍ പൂര്‍ണ്ണ തേജസ്വിയായി, ജ്ഞാനിയായി, ദിവ്യാത്മാവായി കാണുന്നു. അദ്ദേഹത്തിന് മാലിന്യങ്ങളില്ല. അതിനാല്‍ തന്റെ ആത്മചൈതന്യം പൂര്‍ണ്ണ ശക്തിയോടെ ജ്വലിച്ചു നില്‍ക്കുന്നു. രണ്ടാമത്തേതില്‍ കുറച്ചു മാലിന്യങ്ങള്‍ ഉള്ളതിനാല്‍ ആത്മചൈതന്യം ആത്മജ്ഞാനം എന്നിവ കുറച്ചുമാത്രം ബഹിര്‍ഗമിക്കുന്നു. മൂന്നാമത്തെ ആളില്‍ പൂര്‍ണ്ണ മാലിന്യമാണുള്ളത്. അയാളില്‍ നിന്നും സത്ഗുണങ്ങളൊന്നും പ്രകാശിക്കുന്നില്ല. പൂര്‍ണ്ണപ്രകാശമായ ജീവചൈതന്യത്തിന്റെ പ്രഭാവം അതിന്മേലുള്ള മാലിന്യങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.

ഈ ജീവചൈതന്യത്തിന്റെ മേല്‍ മൂടപ്പെട്ടിരിക്കുന്ന മാലിന്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു. കോപം, താപം, മത്സരം, കാര്‍പ്പണ്യം, മോഹം, ലോപം, അസൂയ, ഡംഭ് തുടങ്ങി അനേകം മാലിന്യങ്ങളാണ് ജീവനെ മൂടി അതിന്റെ യഥാര്‍ത്ഥരൂപത്തെ മറയ്ക്കുന്നത്. ഈ മാലിന്യങ്ങള്‍ നീക്കിയാല്‍ പൂര്‍ണ്ണപ്രകാശചൈതന്യമായ ജീവാത്മാവ് തിളങ്ങും. അങ്ങനെ പൂര്‍ണ്ണ മാലിന്യശോഷണം വന്ന അനേകം ദിവ്യപുരുഷന്മാരും ഋഷീശ്വരന്മാരും ഭാരതത്തിലും ലോകത്തിന്റെ പല ഭാഗത്തും ജനിച്ചിട്ടുണ്ട്. അവരുടെ ദര്‍ശനങ്ങളും ആദ്ധ്യാത്മിക വിശകലനങ്ങളുമാണ് എല്ലാ മതങ്ങളുടേയും അടിത്തറ. മനോമാലിന്യം കുറയുന്നതനുസരിച്ച് വ്യക്തി പരിശുദ്ധനായി പരിണമിച്ചുകൊണ്ടിരിക്കും. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോകത്ത് മാലിന്യങ്ങളാല്‍ മൂടപ്പെട്ട (കറുത്ത കട്ടിക്കടലാസുകൊണ്ട് മൂടിയ ബള്‍ബ്) മനുഷ്യരാണ് കൂടുതലും. അല്പമാലിന്യക്കാരാണ് സമൂഹത്തിനിടയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കറുത്തതും കട്ടികൂടിയതുമായ കടലാസുകൊണ്ട് മൂടിക്കെട്ടിയ ബള്‍ബു പോലെയാകാതെ പൂര്‍ണ്ണപ്രകാശമുള്ള ബള്‍ബാകാനായിരിക്കണം മനുഷ്യജന്മം ഉപയോഗിക്കേണ്ടത്.

എന്റെ ധാന്യം പൊടിച്ച് മുമ്പില്‍ കൊണ്ടുവന്നു വച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. സുഖകരമായ ഒരു ചിന്തയുടെ സുഖവും അനുഭവിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

സോമദാസ്

No comments:

Post a Comment