Sunday, 24 June 2012

യാത്ര

വീട്ടിലേക്കുള്ള ബസ്സ് പോയിക്കാണുമോ എന്ന് സംശയിച്ചാണ് ബസ്റ്റാന്റിലെത്തിയത്. ഭാഗ്യം!! പോയിട്ടില്ല.. ഈ ബസ്സ് പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ റൂട്ടിലേക്ക് അടുത്ത ബസ്സുള്ളൂ.. അതുകൊണ്ടുതന്നെ ബസ്സില്‍ നല്ല തിരക്ക്. മിക്കവാറും എല്ലാ ബസ്സുകളുടെയും സ്ഥിതി ഇതുതന്നെ. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗമായ ലൈന്‍ ബസ്സുകളെ ബാധിക്കുന്നില്ല. കാരണം എന്താണ്? കാരണം ആലോചിച്ച് നിന്നാല്‍ ബസ്സ് പോകും. പിന്നെയും ഒരു മണിക്കൂര്‍ വായിന്നോക്കി നടക്കേണ്ടി വരും. ഞാനും ബസ്സില്‍ കയറാനുള്ള കായികമുറകള്‍ തുടങ്ങി.

ഉള്ളില്‍ കയറിയപ്പോള്‍ ഒരാള്‍ തിരക്കിനിടയില്‍ക്കൂടി പുറത്തേക്ക് വരുന്നു. എന്നെ കണ്ട ഉടനെ അയാള്‍ പറഞ്ഞു. “ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരട്ടേ സാര്‍”. ഞാന്‍ അനുവാദ മൂളല്‍ കൊടുത്തു. ബസ്സിന്റെ പിന്നില്‍ ഭയങ്കര കോലാഹലം. എല്ലാവര്‍ക്കും പിന്നില്‍ നില്‍ക്കണം. ആരും മുന്നിലോട്ട് പോകുന്നില്ല. ഞാനും പിറകില്‍ ഒതുങ്ങാനുള്ള സകല അടവുകളും പ്രയോഗിച്ചു. ഒരു രക്ഷയുമില്ല. ബസ്സിന്റെ മുന്‍ഭാഗത്ത് ഒരു ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്, പിന്നെന്തിനാ പിറകില്‍ കിടന്ന് ഇങ്ങനെ തള്ളുകൂടുന്നതെന്ന് അല്പം ഉറക്കെ ആത്മഗതം ചെയ്തുകൊണ്ട് ഞാന്‍ മുന്നിലേക്ക് നീങ്ങി.

അല്പസമയത്തിനകം രണ്ട് മണിയടി കേട്ടു. ബസ്സ് മുന്നോട്ട് നീങ്ങി. ബസ്സിന്റെ പിന്നില്‍ ഉച്ചത്തിലുള്ള സംസാരം. ഞാന്‍ തിരിഞ്ഞുനോക്കി. കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ രൂക്ഷമായ വാക്പയറ്റ്. രണ്ടുപേരും അതില്‍ നിപുണരാ‍ണെന്ന് കേട്ടാല്‍ അറിയാം. ഒരാള്‍ക്ക് അധികാരത്തിന്റേയും മറ്റെയാള്‍ക്ക് പിന്‍ബലത്തിന്റേയും കരുത്ത്. വണ്ടി നിര്‍ത്തി. കാര്യം ഇതാണ്. യാത്രക്കാരന്‍ കണ്ടക്ടറുടെ അനുവാദത്തോടെ മൂത്രമൊഴിക്കാന്‍ പോയി. അയാള്‍ വരുന്നതിനുമുന്‍പ് കണ്ടക്ടര്‍ വണ്ടി വിട്ടു. തന്നോട് ചോദിച്ചിട്ടല്ല പോയതെന്ന് കണ്ടക്ടറും കണ്ടക്ടറോട് ചോദിച്ചിട്ട് തന്നെയാണ് പോയതെന്ന് യാത്രക്കാരനും. രണ്ടുപേരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അയാള്‍ അനുവാദം ചോദിക്കുന്നത് കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ആരോപണപ്രത്യാരോപണങ്ങള്‍ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നത് കണ്ട യാത്രക്കാര്‍ ഇടപെട്ട് സമവായം ഉണ്ടാക്കി. എല്ലാവര്‍ക്കും യാത്ര ചെയ്യണ്ടേ!! അങ്ങനെ അത് അവസാ‍നിച്ചു. എന്നിരുന്നാലും തീ കെട്ട കൊള്ളിയില്‍ നിന്നും പുക ഉയരുന്നതുപോലെ രണ്ടുപേരും നിന്ന് പുകയുന്നു.

എനിക്ക് കാര്യം മനസ്സിലായി. എന്റെ ഷര്‍ട്ടിന്റെ നിറമാണ് കണ്ടക്ടറിന്റെ ഷര്‍ട്ടിന്. യാത്രക്കാരന്‍ തെറ്റിദ്ധരിച്ച് എന്നോട് അനുവാദം ചോദിച്ചു. ഒരു അപരിചിതന്‍ എന്നെ സാറെന്ന് സംബോധന ചെയ്ത് അനുവാദം ചോദിച്ചപ്പോള്‍ എന്റെ നിഷ്കളങ്കത്തം കൊണ്ട് സമ്മതം മൂളി. അത്രമാത്രം. അത് ഇതുപോലൊരു കോലാഹലം ഉണ്ടാക്കുമെന്ന് കരുതിയില്ല. ബസ്സിനുള്ളിലെ പ്രകാശത്തില്‍ നിന്നും കഴിയുന്നതും ഞാന്‍ ഒഴിഞ്ഞു നിന്നു.

ഭാഗ്യത്തിന് എന്റെ അടുത്തിരുന്ന ആള്‍ ഇറങ്ങാന്‍ എഴുന്നേറ്റു. എനിക്ക് സീറ്റുകിട്ടി. ലോട്ടറി ടിക്കറ്റില്‍ ഒരു ചെറിയ തുക അടിച്ചതുപോലെ മനസ്സിന് ആശ്വാസം. എന്റെ കാല്‍ച്ചുവട്ടില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ എന്തോ കെട്ടി വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഗന്ധം വമിക്കാന്‍ തുടങ്ങി. വണ്ടി നിര്‍ത്തുമ്പോള്‍ അത് രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. ഇത് ചര്‍ച്ചയായി. ഏതോ വല്യമ്മാവന്‍ മീന്‍ വാങ്ങിയിട്ട് അത് ബസ്സില്‍ വച്ച് മറന്നതായിരിക്കും. അഭിപ്രായങ്ങള്‍ വന്നു. ഗന്ധം അസഹ്യമായപ്പോള്‍ വണ്ടി നിര്‍ത്തി. എല്ലാവരും അവരവരുടെ സീറ്റിനടിയില്‍ പരിശോധിച്ചു. എന്റെ അടുത്തിരുന്നയാള്‍ ആ പ്ലാസ്റ്റിക് കെട്ട് മുന്നിലെ സീറ്റിനടിയിലേക്ക് കാലുകൊണ്ട് നീക്കി വയ്ക്കുന്നത് ഞാന്‍ കണ്ടു. മുന്നിലെ സീറ്റിലുള്ളവര്‍ കുനിഞ്ഞ് പരിശോധിച്ചപ്പോള്‍ കെട്ട് കണ്ടെത്തി. ആളുകള്‍ അത് നീക്കിയിട്ടു. അതിന്റെ രൂക്ഷഗന്ധം സഹിക്കാവുന്നതിലും അപ്പുറം. മീനാണ്. ഒരാള്‍ അതെടുത്ത് പുറത്തേക്കിട്ടു. വണ്ടി നീങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലെ ഗന്ധവും ഇല്ലാതായി. ആളുകളുടെ സംസാരം തീരുന്നില്ല.

ഞാന്‍ അടുത്തിരുന്ന ആളെ നോക്കി. മധ്യവയസ്കന്‍. ഉദ്യോഗസ്ഥനാണെന്ന് തോന്നി. അയാള്‍ എന്നെ നോക്കി വിഷാദഭാവത്തില്‍ ചെവിയില്‍ പറഞ്ഞു. 300 രൂപയുടെ ചെമ്മീനായിരുന്നു. അയാളുടെ മനോദുഃഖം മുഖഭാവത്തിലും ശബ്ദത്തിലും മനസ്സിലാക്കാമായിരുന്നു.

രസകരമായ ഒരു യാ‍ത്രയുടെ അന്ത്യത്തില്‍ ഞാന്‍ വീട്ടിലെത്തി. ചെന്നപാടെ കത്താളുമെടുത്ത് പറമ്പിലിറങ്ങി. അല്പം വിളഞ്ഞു നിന്ന ഒരു കൊലവെട്ടി. ഷര്‍ട്ടില്‍ പറ്റിയ വാഴക്കറ ഭാര്യയെ കാണിക്കാതെ കഴുകാനുള്ള തുണിയുടെ കൂടെ ഷര്‍ട്ട് ഇട്ടു. ഭാര്യ ആദ്യമായി വാങ്ങിത്തന്ന പിറന്നാള്‍ സമ്മാനം. ഒഴിവാക്കാന്‍ ഇതേയുള്ളു വഴി.

No comments:

Post a Comment