Friday 29 June 2012

തോമസച്ചായനു കിട്ടിയ നിധി

ഞാന്‍ ഈ കമ്പനിയില്‍ ചേരുന്നതിന് എത്രയോ വര്‍ഷം മുന്‍പേ തോമസച്ചായന്‍ ഇവിടെയുണ്ട്. ഞങ്ങളുടെ കെട്ടിടത്തിലെ ജാനിറ്റര്‍ ആണ് അദ്ദേഹം. ‘ജാനിറ്റര്‍’ എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ തൂത്ത് തുടച്ച് ഇടുന്നയാളാണെന്ന് അച്ചായനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്. സംഭവം എന്തായാലും പിടിപ്പത് ജോലിയാണ് അച്ചായന്. മൂന്ന് നില കെട്ടിടത്തിലെ ഓരോ മുക്കും മൂലയും അച്ചായന്റെ നിയന്ത്രണത്തിലാണ്. എവിടെയെങ്കിലും ഒരു പൊടിയോ അഴുക്കോ കണ്ടുപിടിച്ച് പണി കൊടുക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവിടെയുള്ള സൌദി ജോലിക്കാരില്‍ അധികവും. സ്വന്തം ചെരുപ്പില്‍ നിന്നാണ് അഴുക്ക് പറ്റിയതെന്നൊന്നും അവര്‍ ശ്രദ്ധിക്കില്ല. ഉടന്‍ അച്ചായനെ വിളിച്ച് വഴക്ക് പറയും. അച്ചായന്‍ അതെല്ലാം വൃത്തിയാക്കിക്കൊണ്ട് തന്നെ അവന്മാരെ മലയാളത്തില്‍ മുട്ടന്‍ തെറി വിളിക്കും. മുഖത്ത് നോക്കി ചിരിച്ചോണ്ട് തെറി വിളിക്കുന്നത് കേട്ട് സംതൃപ്തിയടഞ്ഞ് സൌദികള്‍ പോകുകയും ചെയ്യും.

ഇങ്ങനൊക്കെയാണെങ്കിലും അച്ചായനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. തെറി വിളിച്ചുകൊണ്ടായാലും എല്ലാ ജോലികളും ചെയ്യും. ആരെ സഹായിക്കാന്‍ കിട്ടുന്ന അവസരവും പാഴാക്കത്തില്ല. ഞങ്ങളുടെ കെട്ടിടത്തിലേക്ക് പുതുതായി എത്തിയ ഐടി മാനേജര്‍ക്ക് ഓഫീസ് സെറ്റ് ചെയ്യാന്‍ സഹായിച്ചത് അച്ചായനാണ്. 150 കിലോയിലധികമുള്ള മനേജര്‍ കസേരയിലിരുന്നതും കസേരയുടെ ഷാഫ്റ്റ് ഒടിഞ്ഞു പോയി. കസേരയുടെ സീറ്റ് പിറകില്‍ കുടുങ്ങിയ നിലയില്‍ എണീറ്റ് നിന്ന് പരുങ്ങിയ അയാളെ സീറ്റ് വലിച്ചൂരി സഹായിച്ചത് നമ്മുടെ അച്ചായനാണ്. പിന്നൊരു ദിവസം ഈര്‍ക്കില്‍ പരുവത്തിലുള്ള ഖാലിദ് യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ കയറി നിന്ന് അഭ്യാസം കാണിച്ച് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയപ്പോള്‍ അത് എടുത്തുകൊടുക്കാന്‍ സഹായിച്ചതും തോമസച്ചായനാണ്. അതുകൊണ്ട് തന്നെ സൌദികള്‍ക്ക് പലര്‍ക്കും അദ്ദേഹത്തോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഇതൊക്കെ പറഞ്ഞാലും ചെയ്യുന്ന ജോലിക്ക് പറ്റിയ ശമ്പളമല്ല അച്ചായന് അവരുടെ കമ്പനി കൊടുക്കുന്നത്. ആകെ 350 റിയാല്‍. ഡബിള്‍ ഡ്യൂട്ടി നോക്കിയും ഓവര്‍ടൈ ചെയ്തും ഒരു 700 റിയാല്‍ വരെ ഒരു മാസം കയ്യില്‍ കിട്ടും. മാസം 5000 രൂപ നാട്ടിലയയ്ക്കും. ബാക്കി കൊണ്ട് കഷ്ടിച്ച് കഴിഞ്ഞ് കൂടും. മിച്ചം വെക്കാന്‍ ഒന്നും കാണാത്ത ജീവിതം.

ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം ഇതുപോലെയാണ്. നാട്ടില്‍ നിന്ന് ഏതെങ്കിലും ഏജന്റ് വഴി ഭീമമായ തുക കൊടുത്ത് വിസയും കാത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. വിസ കിട്ടിയാല്‍ ഏതോ നല്ല കമ്പനിയില്‍ ജോലി കിട്ടി എന്നാണ് പലരുടെയും വിചാരം. സൌദിയില്‍ കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ രണ്ട് തരമുണ്ട്. ഒന്ന്, സ്വന്തമായി പ്രോജക്റ്റും ഇഷ്ടം പോലെ ആള്‍ക്കാരും മറ്റുമുള്ള ശരിക്കുള്ള കമ്പനി. രണ്ടാമത്തേത് ചെറിയ ഒരു റൂമിലല്‍ ഒതുങ്ങുന്ന മാന്‍ പവര്‍ സപ്ലെ കമ്പനി. ഇതില്‍ രണ്ടാമത്തേതിലാണ് നാട്ടില്‍ നിന്ന് വന്നിട്ടുള്ള അധികം ആളുകളും ഉള്‍പ്പെടുക.

ഒരു സൌദി പൌരന്‍, തന്റെ പ്രോജക്ടിന്റെ പണിക്ക് ആളിനെ വേണമെന്ന് പറഞ്ഞ് ഗവണ്മെന്റില്‍ നിന്നും വിസ സംഘടിപ്പിക്കുന്നു. ഇത് അയാള്‍ക്ക് പരിചയമുള്ള ഏതെങ്കിലും വിദേശി ഏജന്റ് വഴി നാട്ടില്‍ എത്തിക്കുന്നു. ഏജന്റ് കമ്മീഷനും മറ്റും വാങ്ങി ആള്‍ക്കാരെ സംഘടിപ്പിക്കുന്നു. ഇങ്ങനെ എത്തുന്ന ആള്‍ക്കാരാണ് മാന്‍ പവര്‍ സപ്ലെ കമ്പനിയിലെ ജോലിക്കാര്‍. ഇവര്‍ പല കൈമറിഞ്ഞാണ് ശരിക്കുള്ള കമ്പനിയില്‍ എത്തുന്നത്. കമ്പനി അവര്‍ക്ക് 5000 റിയാല്‍ ശബളം കൊടുത്താല്‍ അത് ജോലിക്കാരന്റെ കയ്യിലെത്തുമ്പോള്‍ 1000 റിയാലാകും. ബാക്കിയെല്ലാം ഇടനിലക്കാര്‍ക്ക്.

എന്തായാലും ഇങ്ങനൊരു കമ്പനിയിലാണ് നമ്മുടെ അച്ചായനും വന്ന് പെട്ടത്. എന്നെ കണ്ടുമുട്ടിയപ്പോള്‍ത്തന്നെ ഈ വിവരങ്ങളെല്ലാം തോമസച്ചായന്‍ പറഞ്ഞുതന്നു. അച്ചായന്‍ അങ്ങനെയാണ്. ആദ്യം കാണുമ്പോള്‍ തന്നെ തന്റെ എല്ലാ വിഷമതകളും പ്രാരാബ്ദങ്ങളും പറഞ്ഞ് നമ്മളെ കരയിച്ചിട്ടേ വിടൂ. അങ്ങനെ പറയുന്നതുകൊണ്ട് പലപ്പോഴും ഗുണവും ഉണ്ടാകാറുണ്ട്. ചില സൌദികള്‍ കരഞ്ഞുകരഞ്ഞ് ഒരു പരുവത്തിലാകുമ്പോള്‍ നൂറോ ഇരുനൂറോ റിയാല്‍ നല്കും.

അച്ചായന് ഒറ്റ മകളാണ്. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ നഴ്സിങ്ങിന് പോകണമെന്നാണ് അവള്‍ പറയുന്നത്. അതിന് ഒരുപാട് ചിലവാണ്. എന്തുചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈശ്വരന്‍ രാമചന്ദ്രന്റെ രൂപത്തില്‍ അച്ചായന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തൊരു കമ്പനിയില്‍ സ്റ്റോര്‍ മാനേജറാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ തന്റെ പ്രാരാബ്ദങ്ങളും വിഷമതകളും രാമചന്ദ്രനെ അറിയിച്ചു. ഇതെല്ലാം കേട്ട് മനസ്സലിഞ്ഞ രാമചന്ദ്രന്‍, മകളെ പഠിപ്പിക്കാനുള്ള സകല ചിലവുകളും താന്‍ വഹിച്ചോളാമെന്ന് അച്ചായന് വാക്ക് കൊടുത്തു. അങ്ങനെ അച്ചായന്റെ മകള്‍ ഗുജറാത്തില്‍ നഴ്സിങ്ങ് പഠനം ആരംഭിച്ചു.

രണ്ട് വര്‍ഷം കഴിഞ്ഞു. കോഴ്സ് പൂര്ത്തിയായി. ഇനി 6 മാസം അവിടെ ജോലി ചെയ്യണം. ബോണ്ട് തെറ്റിച്ചാല്‍ 50,000 രൂപ പിഴ ഒടുക്കണം. എങ്ങനെങ്കിലും മകളെ നാട്ടിലെത്തിക്കണമെന്ന് ഒറ്റ വിചാരമാണ് അച്ചായന്. നാട്ടില്‍ സഭയുടെ ഒരു ഹോസ്പിറ്റലില്‍ ജോലി പറഞ്ഞു വച്ചിട്ടുണ്ട്. അച്ചായന്‍ രാമചന്ദ്രനെ വിളിച്ച് കാര്യം പറഞ്ഞു. 6 മാസം അവിടെ ജോലി ചെയ്താല്‍ അത്രയും പരിചയം ആകുമല്ലോ എന്ന ഉപദേശമാണ് രാമചന്ദ്രന്‍ നല്കിയത്. ഇത് അച്ചായന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഫോണ്‍ അപ്പൊഴേ കട്ട് ചെയ്തു. പിന്നെ ഒരിക്കലും രാമചന്ദ്രനെ അച്ചായന്‍ വിളിച്ചിട്ടില്ല.

ഇങ്ങനെ ഒരുപാട് വിഷമതകളുമായി ഇരിക്കുന്ന ഒരു വൈകുന്നേരം. പതിവുപോലെ ഓഫീസിലെ ജീവനക്കാരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ തന്റെ പണി ആരംഭിച്ചു. ഇനി ഒരു മണിക്കൂര്‍ കൂടി ഉണ്ട് ഡ്യൂട്ടി അവസാനിക്കാന്‍. അതിന് മുന്‍പ് ടോയ്‌ലറ്റെല്ലാം വൃത്തിയാക്കണം. ഇങ്ങനെ മരിച്ച് പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം അച്ചായന്റെ ശ്രദ്ധയില്‍ പെട്ടത്. വാഷ്‌ബെയ്സിന്റെ കണ്ണാടിക്ക് മുന്‍പിലുള്ള സ്റ്റാന്റില്‍ ഒരു പേഴ്സ് ഇരിക്കുന്നു. അച്ചായന്‍ ചുറ്റും നോക്കി. ആരുമില്ല. ടോയ്‌ലെറ്റിന്റെ കതകുകളെല്ലാം തുറന്ന് കിടക്കുന്നു. ആരെയും കണ്ടില്ല. ഓഫീസിലെ ജോലിക്കാരെല്ലാം എപ്പൊഴേ പോയി. പേഴ്സിന് നല്ല കനം. ദൈവമേ, ദൈവം തന്ന നിധിയാകുമോ!!

പതുക്കെ പേഴ്സുമെടുത്ത് ഒരു ടോയ്‌ലറ്റിനുള്ളില്‍ കയറി വാതിലടച്ചു. ആകാംക്ഷയോടെ തുറന്നു നോക്കി. പേഴ്സ് നിറച്ച് പല ബാങ്കുകളുടെ കാര്‍ഡുകള്‍. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിങ്ങനെ പലതരം. ഒരൊറ്റ റിയാലില്ല. സംഭവം മുകളിലെ നിലയില്‍ ജോലി ചെയ്യുന്ന ഒരു സൌദിയുടേതാണ്. അഞ്ച് പൈസയ്ക്ക് ഗുണമില്ലാത്തവന്‍. തന്നെയുമല്ല എപ്പൊ നോക്കിയാലും എന്തെങ്കിലും പണിയും പറയും. കഴിഞ്ഞ തവണ വെക്കേഷന്‍ പോകാന്‍ നേരം രണ്ട് തവണ അവനോട് പോയി പോകുന്ന വിവരം പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ ഒരു റിയാലുപോലും തന്നില്ല. പേഴ്സ് ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്താലോ! എന്തായാലും പേഴ്സില്‍ ഒന്നു കൂടി തിരയാം.

കൂടുതല്‍ തിരഞ്ഞപ്പോള്‍ അകത്തെ അറയില്‍ വച്ചിരുന്ന ഒരു നോട്ട് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. 100 ഡോളര്‍. നാട്ടിലെ ഏകദേശം 5000 രൂപ. എടുക്കണോ വേണ്ടയോ? ആകെ ഒരു കണ്‍ഫ്യൂഷന്‍. മനസ്സ് രണ്ടായി പകുത്ത് വാഗ്വാദം നടക്കുന്നു. അവസാനം കഷ്ടപ്പാടുകളുടെയും പ്രാരാബ്ദങ്ങളുടെയും ഭാഗം ജയിച്ചു. ഡോളര്‍ പോക്കറ്റില്‍ തിരുകി. എന്തായാലും കിട്ടിയതാകട്ടെ. ഇനി ഈ പേഴ്സ് എന്ത് ചെയ്യും. ഇരുന്നിടത്തുതന്നെ വച്ചിട്ട് പോയാലോ? കഴിഞ്ഞതവണ ഇതുപോലെ ഒരു സൌദിയുടെ ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുകിട്ടിയത് തിരിച്ച് കൊടുത്തതിന് അവന്‍ 50 റിയാല്‍ തന്നു. ഇത് തിരിച്ചേല്പിച്ചാല്‍ വല്ലതും കൂടി തടഞ്ഞാലോ? തിരിച്ചുകൊടുക്കുമ്പോള്‍ ഡോളറിനെക്കുറിച്ച് അവന്‍ ചോദിച്ചാല്‍ താന്‍ കണ്ടതേയില്ലെന്ന് ഉറപ്പിച്ച് പറയാനുള്ള തീരുമാനത്തോടെ പേഴ്സ് അച്ചായന്‍ പോക്കറ്റിലാക്കി.

പിറ്റേന്ന് സൌദി നേരത്തെ എത്തി. ഓഫീസില്‍ എന്തോ തിരയുന്നു. അച്ചായന്‍ പതുക്കെ അവന്റെ ഓഫീസില്‍ ചെന്ന് പേഴ്സ് കൊടുത്തു. താഴെ ബാത്ത്റൂമില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു. സൌദിയുടെ മുഖം തെളിഞ്ഞു. അവന്‍ നന്ദി പറഞ്ഞ് പേഴ്സ് വാങ്ങി. പക്ഷേ, പേഴ്സ് തുറന്നതോടെ ആളുടെ മുഖം മാറി. ചിരി മാഞ്ഞു.

“അയ്ന അല്‍ ഖംസത്ത് അല്‍ഫ് റിയാല്‍?” സൌദി അച്ചായനു നേരെ അലറി.

അച്ചായന്‍ ഞെട്ടിവിറച്ചു. കംസത്ത് അല്‍ഫ് എന്നാല്‍ 5000. ദൈവമേ, ഇവന്റെ 5000 റിയാല്‍ എവിടെയെന്നാണ് ചോദിക്കുന്നത്. അച്ചായന്‍ കൈ മലര്‍ത്തി. സൌദി ഉടനെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി വന്ന് ചോദ്യം ചെയ്യലായി. അച്ചായന്‍ നടന്ന സംഭവം പറഞ്ഞു. പേഴ്സിനുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. തലേന്ന് സാലറി കൊടുത്ത ദിവസമായതിനാല്‍ 5000 സൌദിക്ക് കിട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. ആകെ പൊല്ലാപ്പായി. സെക്യൂരിറ്റി അച്ചായന്റെ അലമാര പരിശോധിച്ചു. കിട്ടിയത് 100 ഡോളറിന്റെ നോട്ട്. ആ നോട്ട് തന്റെ പേഴ്സില്‍ ഇരുന്നതാണെന്ന് സൌദി സ്ഥിരീകരിച്ചു. അതുകൂടിയായപ്പോള്‍ അച്ചായന്‍ തന്നെയാണ് 5000 റിയാല്‍ എടുത്തതെന്ന വാദം ശക്തമായി.

ഇതോടെ അച്ചായന്റെ കമ്പനിമാനേജറെ വിവരം അറിയിച്ചു. പണം തിരിച്ചു കൊടുത്താല്‍ പോലീസ് കേസാക്കാതെ വിടാം. പോലീസ് കേസായാല്‍ കമ്പനിക്ക് ചീത്തപ്പേരാകും. എന്തായാലും അച്ചായന്റെ കമ്പനി പണം കൊടുത്തു. പകരം അവര്‍ അച്ചായന്റെ എല്ലാ അലവന്‍സുകളും ബാക്കിയുള്ള സാലറിയും കട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം അച്ചായനെ അവര്‍ നാട്ടിലേക്ക് കയറ്റി വിട്ടു. സുഹൃത്തുകള്‍ നല്കിയ ചെറിയ തുകയും പിടിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന അയാളെ വേദനയോടെയാണ് ഞങ്ങള്‍ യാത്രയാക്കിയത്. തന്റെ വിഷമതകളും പ്രാരാബ്ദങ്ങളും ഓര്‍മ്മപ്പെടുത്തി ഞങ്ങളെ കരയിച്ചുകൊണ്ട് തോമസച്ചായന്‍ യാത്രയായി. പുതിയൊരു ലോകം കെട്ടിപ്പടുക്കുവാന്‍. 

No comments:

Post a Comment