Tuesday, 2 October 2012

മൌനത്തിന്റെ ഭാഷ്യം

ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ അവരെ സഹായിക്കും എന്ന് എന്നോട് എന്റെ നല്ലപാതി കൂടെക്കൂ‍ടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തായാലും ഇവക്കിട്ടൊരു സഹായം ചെയ്യണം!! അതിനുള്ള അവസരവും കാത്ത് ഞാന്‍ ഒരു മലമുഴക്കി വേഴാമ്പലിനെപ്പോലെ ഇരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വീട്ടില്‍ കുറച്ച് അതിഥികള്‍ എത്തിയത്. ഇതുതന്നെ നല്ല അവസരം. ഇപ്പോള്‍ അവളെ സഹായിച്ചാല്‍ പിന്നെ അടുത്തകാലത്തൊന്നും പരാതിയുമായി എത്തില്ല. ഞാന്‍ പതുക്കെ അടുക്കളവാതിലില്‍ ചെന്ന് എത്തിനോക്കി. എന്തെങ്കിലും ഹെല്പ് വേണോ എന്ന് ചോദിക്കുന്നതിനു മുമ്പുതന്നെ എനിക്ക് പണി കിട്ടി. പപ്പടം കാച്ചാന്‍ ഒരവസരം. വലിയ പ്രയാസമില്ലാത്ത പണി. ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഞാന്‍ പണി തുടങ്ങി.

എണ്ണ ചൂടാക്കി ഒരു പപ്പടം അതിലേക്ക് ഡൈവ് ചെയ്യിച്ചു. അത് എണ്ണയില്‍ മുങ്ങി ശീല്‍ക്കാരത്തോടെ പൊങ്ങി പൊള്ളാന്‍ തുടങ്ങി. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു. ഒട്ടും കരിയരുത്. ഈ പപ്പടം കഴിച്ചിട്ട് എല്ലാവരും സംതൃപ്തിയടയണം. നന്നായി മൂത്തത് എടുത്തിട്ട് അടുത്തതിട്ടു. ഇങ്ങനെ രണ്ടുമൂന്നെണ്ണം വേഗത്തില്‍ കഴിഞ്ഞു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. പപ്പടം എണ്ണയിലിടുമ്പോള്‍ ശബ്ദത്തോടെ അത് പൊള്ളി വരുന്നു. എപ്പോള്‍ അത് നന്നായി മൂത്ത് പാകമാകുന്നുവോ അപ്പോള്‍ മുതല്‍ അത് നിശബ്ദമായി. അത് മൂക്കുന്നതുവരെയേയുള്ളൂ അതിന്റെ ചീറ്റലും ശബ്ദവും. നന്നായി പാകമായാല്‍പ്പിന്നെ നിശബ്ദം. ഇതുതന്നെയല്ലേ മനുഷ്യരുടേയും കാര്യം! അറിവ് സമ്പാദിക്കുന്ന സമയം വലിയ കോലാഹലങ്ങളും വിളിച്ചു പറയലും തകൃതിയായിട്ടുണ്ടാകും. അറിവ് പൂര്‍ണ്ണമാകുമ്പോള്‍ മിതഭാഷിയായി അല്ലെങ്കില്‍ കഴിയുന്നതും മൌനിയായി സ്ഥിതിചെയ്യുന്നതായി കാണാം.

എന്തോ കരിയുന്ന മണമടിക്കുന്നല്ലോ!! ഞാന്‍ പാത്രത്തിലേക്ക് നോക്കി. രണ്ടു പപ്പടം എണ്ണയില്‍ കിടന്ന് കരിഞ്ഞു കറുത്ത പുക ഉയരുന്നു. ദൈവമേ ഇതെപ്പോ സംഭവിച്ചു!! എന്തെങ്കിലും ചെയ്യാന്‍ ഒക്കുന്നതിനു മുന്‍പ് ഭാര്യ ഓടി വന്ന് എന്നെ അടുക്കളയില്‍ നിന്ന് പുറത്താക്കി. എന്നിരുന്നാലും ഒരു വലിയ സത്യത്തിന് സാ‍ക്ഷിയായല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ പലതും ചിന്തിച്ചുകൊണ്ടു നടന്നു.

മുമ്പൊരിക്കല്‍ കടല്‍ കാണാന്‍ പോയ കാര്യം ഞാന്‍ ഓര്‍ത്തു. കടല്‍തീരത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ കടല്‍ കോപിച്ചിരിക്കയാണെന്ന് അവിടെയുള്ളവര്‍ പറയുന്നതു കേട്ടു. കടലിന്റെ ഇരമ്പലും ശക്തിയാ‍യ തിരമാലയും കണ്ടപ്പോള്‍ അത് ബോധ്യമാകുകയും ചെയ്തു. എത്രനേരം കണ്ടാലും മതിവരാ‍ത്ത ഭംഗിയും ഗാംഭീര്യവും കടലിനുണ്ട് എന്നത് സത്യമാണെന്നു തോന്നി. സമുദ്രത്തിന്റെ ഭംഗി തന്നെ അതിലെ തിരമാലകളാണ്. തിരമാലകളില്ലാത്ത സമുദ്രത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. പസഫിക് സമുദ്രത്തില്‍ തിരമാലകളില്ലെന്ന് കേട്ടിട്ടുണ്ട്. എന്തായിരിക്കും അതില്‍ തിരമാലകളില്ലാത്തത്? ഏറ്റവും ആഴം കൂടിയ സമുദ്രമാണത്. അനേകം അഗാധ ഗര്‍ത്തങ്ങള്‍ അതിലുണ്ട്. അതിന്റെ അഗാധത കൊണ്ടാണ് അതില്‍ തിരമാലകളുണ്ടാകാത്തത്. ആഴം കുറഞ്ഞ കാട്ടാറുകള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടും അതിവേഗത്തിലും ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ആഴമില്ലാത്ത പുഴകളും സമുദ്രങ്ങളും, ഒഴുക്കിന്റെ ശക്തികൊണ്ടോ തിരമാലകളുടെ ശക്തി കൊണ്ടോ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അഗാധമായവ നിശബ്ദവും നിശ്ചലവുമായിരിക്കും. അല്പജ്ഞാനികളായ മനുഷ്യര്‍ വലിയ കോലാഹലങ്ങളും വാക്കുതര്‍ക്കങ്ങളും മത്സരപ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും.കുടം ജലാശയത്തില്‍ മുക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ജലം അതില്‍ കയറുന്നു. കുടം പൂര്‍ണ്ണമായും നിറയുമ്പോള്‍ ശബ്ദം നിലയ്ക്കുകയും ചെയ്യും. പൂര്‍ണ്ണജ്ഞാനികള്‍ അവരുടെ ജ്ഞാനത്തിന്റെ അഗാധതയാല്‍ ശാന്തരും, മിതഭാഷികളും, ചിലപ്പോള്‍ മൌനികളുമായി കാണപ്പെടും. അങ്ങനെയുള്ളവരുടെ മൌനം വാചാലമായിരിക്കും. ആ മൌനത്തിന്റെ ഭാഷ പൂര്‍ണ്ണവും അര്‍ത്ഥഗര്‍ഭവുമായിരിക്കും. അതുകൊണ്ടാണ് ‘മൌനം വിദ്വാനു ഭൂഷണം’ എന്നും, ജ്ഞാനി, ‘ഗംഗ തന്നിലെ ഹൃദം പോലെ’ എന്നും പറഞ്ഞുകാണുന്നത്.

അതിഥികളെ എല്ലാം ഒരുവിധം ഭംഗിയായി പറഞ്ഞയച്ചു. എന്റെ സഹായത്തിന്റെ മേന്മയെക്കുറിച്ച് അവള്‍ വാചാലയായിത്തുടങ്ങി. മൌനത്തിന്റെ ഭാഷ്യം അതുല്യമാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മിതഭാഷിയായും വീണ്‍‌വാക്ക് പറയാത്തവനായും ആകാന്‍ കൊതിച്ചു.

സോമദാസ്

No comments:

Post a Comment