Friday, 5 October 2012

ലൗകികദര്‍ശനം

ലൗകികം എന്നാല്‍ ലോകത്തെസംബന്ധിച്ചത് എന്നര്‍ത്ഥം. മതഗ്രന്ഥങ്ങളില്‍നിന്നും അറിവ് നേടിയിട്ടുള്ളവരും, വിവിധ ആരാധനാക്രമങ്ങളും, ആചാരാനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും ഉള്‍ക്കൊള്ളുന്നവരുമാണ് ഈ ലോകത്തു കാണുന്ന എല്ലാ മനുഷ്യരും. മതവിശ്വാസിയും മതവിശ്വാസമില്ലാത്തവരും, ദൈവവിശ്വാസിയും ദൈവവിശ്വാസമില്ലാത്തവരും, മറ്റു പല വൈവിധ്യങ്ങളാര്‍ന്ന സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ച് ജീവിക്കുന്ന ഇടമാണ് ഭൂലോകം. ഇവിടെ ജീവിക്കുന്ന എല്ലാ ജീവികള്‍ക്കും പൊതുവായ ചില പ്രകൃതി നിയമങ്ങള്‍ ഉണ്ട്. അതിനെ മേല്‍പ്പറഞ്ഞ ഒരുവിഭാഗത്തിലേയും വിശ്വാസങ്ങള്‍ക്ക് അതിക്രമിക്കാന്‍ കഴിയില്ല. രോഗം, ജീര്‍ണ്ണത, നാശം എന്നീ മൂന്നുസംഭവങ്ങളും ജീവനുള്ളവയ്ക്കെല്ലാം ബാധകമാണ്. എല്ലാ മതവിശ്വാസങ്ങളും ജീവിതക്രമങ്ങളും മേല്‍പ്പറഞ്ഞ മൂന്നുപരിണാമങ്ങളേയും അംഗീകരിക്കുകയും അത് അലംഘനീയമാണെന്ന് സുവ്യക്തമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ ലോകത്ത് കുറച്ചുകാലം മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ പൊതുവായ ചില പെരുമാറ്റ സ്വഭാവങ്ങള്‍ അംഗീകരിക്കുന്നത് എല്ലാവര്‍ക്കും ഉത്തമമായിരിക്കും. ഇവിടെ ജീവിച്ചിരിക്കുന്നവരില്‍ ശാന്തി, സമാധാനം, സുഖം എന്നിവ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുകയില്ല. ഒരുമിച്ചു ജനിക്കാത്തവരും ഒരുമിച്ച് മരണപ്പെടാത്തവരും ഒത്തുകൂടുന്ന ഒരിടമാണ് ഭൂലോകം. മഹാഗ്രന്ഥങ്ങളിലെ തത്വസംഹിതകളോ ഉല്‍കൃഷ്ടങ്ങളായ ആചാരാനുഷ്ഠാനങ്ങളോ ഒന്നുംതന്നെ അറിയില്ലെങ്കിലും ലൗകികജീവിതം സുഗമമാക്കുന്നതിന് പ്രാഥമികമായ ചില അറിവുകള്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്തോട് ഉദാത്തമായ ഒരു വീക്ഷണം മാത്രം ഉണ്ടായാല്‍ മതി, ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമായ സുഖവും ശാന്തിയും സമാധാനവും കൈവരിക്കാന്‍‌.

ഈ ലോകത്ത് പലതരത്തിലുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും. ജ്ഞാനികള്‍‌, അജ്ഞാനികള്‍‌, ധനാഢ്യര്‍‌, ദരിദ്രര്‍‌, വിദ്യാസമ്പന്നര്‍‌, വിദ്യാഹീനര്‍‌, ബലവാന്‍‌, ദുര്‍ബലന്‍‌, ബുദ്ധിമാന്‍‌, മന്ദബുദ്ധി എന്നിങ്ങനെ അനേകവിധം മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണ് ലോകം. ഈ സാഹചര്യത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് ലൗകികജീവിതം നയിക്കേണ്ടത് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏതൊരാള്‍ക്കും അനായാസമായി അംഗീകരിക്കാനും അനുസരിക്കാനും കഴിയുന്ന ഒരു ചിന്താധാരയാണ് ലൗകികദര്‍ശനം എന്ന ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

“യേ ചൈവ സാത്വിക ഭാവ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷ്ഠ തേ മയി”
                                                                               --  ഭഗവത്ഗീത
 സാത്ത്വികമായും രാജസമായും താമസമായും ഉണ്ടായിട്ടുള്ള ഭാവങ്ങളെല്ലാം എന്നില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. എങ്കിലും ഞാന്‍ അവയിലല്ല അവ എന്നിലാണ്. എനിക്ക് അവ അധീനങ്ങളാണ്.

ഗീതയില്‍ക്കൂടി ഒരു ലൗകികതത്വം വിളംബരം ചെയ്യുകയാണ്. ലോകത്ത് ഉത്തമം, മധ്യമം, അധമം എന്നീ വിഭാഗങ്ങളുണ്ടെന്ന് സര്‍വ്വസമ്മതമാണ്. ഓരോ വ്യക്തികളേയും പരിശോധിച്ചാല്‍ ഈ മൂന്നു വിഭാഗത്തിലുമുള്ളവരാണ് ലോകത്ത് മുഴുവനും എന്നുകാണാന്‍ കഴിയും. ശാന്തരും, കോപ - താപ - ദ്വേഷ - മത്സര - കാര്‍പണ്യ - ലോഭ - മോഹാദി - അഹങ്കാര ദോഷങ്ങള്‍ കുറഞ്ഞവരും, സമത്വദര്‍ശികളായിട്ടുമുള്ള മഹത്‌വ്യക്തികള്‍ അപൂര്‍വ്വമായിട്ടെങ്കിലും ലോകത്ത് എപ്പോഴും ഉണ്ടായിരിക്കും. ഇവരെ ഉത്തമന്മാര്‍ എന്ന വിഭാഗത്തില്‍ ഗണിക്കുന്നു. ചിലര്‍ മധ്യമന്മാരായും കാണപ്പെടുന്നു. സമൂഹത്തിന് വലിയ ബാധ്യതയില്ലാത്തവരായി വര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍‌. സമൂഹത്തിനും ലോകത്തിനുതന്നെയും ഉപദ്രവകാരികളായി, അവരില്‍ നിന്നും എപ്പോഴും അനിഷ്ടം മാത്രം ഉണ്ടായിക്കൊണ്ടിരിക്കുന്നവരും ആയിട്ടുള്ളവരെ അധമന്മാര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ മൂന്നു ഭാവങ്ങളും (ഉത്തമ - മധ്യമ - അധമ) ഈ പ്രപഞ്ച സൃഷ്ടാവില്‍ നിന്നുതന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.

പ്രപഞ്ചകാരണമായ ദിവ്യചൈതന്യത്തിന് ഗുണത്രയങ്ങള്‍ (സത്വരജഃസ്തമോഗുണങ്ങള്‍‌) ബാധകമാണ് എന്നത് അതിശയോക്തിയായി തോന്നാം. എന്നാല്‍‌, ഗുണത്രയങ്ങളെ അംഗീകരിച്ചുകൊണ്ട് പ്രപഞ്ചം ദൃഷ്ടമായപ്പോള്‍ അങ്ങനയേ പരാമര്‍ശിക്കുവാന്‍ കഴിയൂ.  കാരണം ഇതില്‍ ഏതെങ്കിലുമൊന്ന് സൃഷ്ടാവിന് ഇല്ല എന്നുവാദിച്ചാല്‍‌, പ്രപഞ്ചസൃഷ്ടാവിന് പുറത്ത് മറ്റൊന്നുണ്ട് എന്നുവരും. അപ്പോള്‍ സൃഷ്ടാവ് പൂര്‍ണ്ണനല്ല, അപൂര്‍ണ്ണനാണ് എന്നുവരും. പൂര്‍ണ്ണനായ പ്രപഞ്ചചൈതന്യത്തിന് അപ്പൂര്‍ണ്ണത യോജിക്കുന്നതല്ല. അപൂര്‍ണ്ണത മാനുഷികമാണ്. അതിനാല്‍ ഈ ലോകത്ത് നാം കാണുന്ന എല്ലാ ഭാവങ്ങളേയും ഈശ്വരസൃഷ്ടിയാണെന്നും ആയതിനാല്‍ എല്ലാത്തിനേയും സമഭാവനയോടെ കാണണമെന്നും സിദ്ധിക്കുന്നു. ഇവിടെ ഉച്ചനീചത്വങ്ങള്‍ വിഷയീഭവിക്കുന്നില്ല. ഇത് ആത്മാവിന്റെ ഉയര്‍ന്ന നിലയാകുന്നു. ലോകത്തെ സമഭാവനയോടെ ദര്‍ശിക്കുന്നവനെ എല്ലാമനുഷ്യരും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യും.
ലൗകികത്തില്‍‌,  വൈദ്യുതിയെക്കൊണ്ടു പ്രവര്‍ത്തിക്കുന്ന പലതരത്തിലുള്ള ഉപകരണങ്ങളും നാം നിത്യവും ഉപയോഗിക്കുന്നുണ്ടല്ലൊ. ഉഷ്ണവും ശീതവും ഉളവാക്കുന്നവയെ വൈരുദ്ധ്യമായി തോന്നാമെങ്കിലും അതിന്റെ ചേതനശക്തി വൈദ്യുതി ഒന്നുമാത്രമാണ്. മറ്റനേകം ഉപകരണങ്ങള്‍‌, നമുക്ക് ഹിതങ്ങളും അഹിതങ്ങളുമായവയെല്ലാം, ലോകത്തിന് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും, പ്രവര്‍ത്തിക്കുന്നത് വൈദ്യുതി എന്ന ഒറ്റചാലകത്തിന്റെ ശക്തികൊണ്ടാണ്. ഇതുപോലെതന്നെ ലോകത്തില്‍ കാണപ്പെടുന്ന എല്ലാജീവജാലങ്ങളുടേയും ചൈതന്യശക്തിയായി, അവകളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്നത് ഒരേ ചൈതന്യം തന്നെയാകുന്നു. ഈ വിധത്തില്‍ ലോകത്തെ ദര്‍ശിക്കുന്ന ആള്‍ക്ക് ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ സമഭാവനയാണ് ഉണ്ടാകുക എന്നത് നിസ്തര്‍ക്കമാണ്. ലൗകികജീവിതവിജയത്തിന് ഉച്ചനീചത്വങ്ങള്‍ പരമാവധികുറച്ച്, കഴിയുന്നതും സമഭാവനയോടെ വര്‍ത്തിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.

“യദൃച്ഛാലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സര
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ.”

അവിചാരിതമായി ലഭിക്കുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവനും, സുഖദുഃഖാദിദ്വന്ദ്വങ്ങളെ അതിക്രമിച്ചവനും, മത്സരബുദ്ധി ഇല്ലാത്തവനും, ലഭിച്ചാലും ലഭിക്കാതെ പോയാലും ഒരേ സ്ഥിതിയില്‍ സ്ഥിതിചെയ്യുന്നവനും ആയവന്‍ കര്‍മ്മം ചെയ്താലും ആ കര്‍മ്മം ബന്ധകാരണമായി ഭവിക്കുന്നില്ല.

ലോകത്തുള്ള കൂടുതല്‍ പേര്‍ക്കും നിഷ്ഠകളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. കൃത്യനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ അധികരിച്ചിരിക്കും. ആഹാരപാനീയങ്ങള്‍‌, വസ്ത്രധാരണം, ഗൃഹം, ഇരിപ്പിടം, ശയനം എന്നിവയില്‍ തുടങ്ങി മറ്റുള്ളവര്‍ തന്നോട് ഇന്ന രീതിയില്‍ പെരുമാറണം എന്നുള്ളതില്‍ വരെ പലരും നിഷ്ഠ പാലിക്കാറുണ്ട്. ഇഷ്ടാനിഷ്ടങ്ങള്‍ എത്രയും അധികരിക്കുന്നുവോ അത്രയും ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുകയും അത് തനിക്ക് ഒരു ബന്ധനമായിത്തീരുകയും ചെയ്യുമെന്നതാണ് സത്യം.

സമാധാനജീവിതത്തിന് ഇഷ്ടാനിഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. ഈ ലോകത്തുനിന്ന് നാം എത്രമാത്രം വിഭവങ്ങള്‍ സ്വീകരിക്കുന്നുവോ, എത്രമാത്രം പ്രതീക്ഷിക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിത സമാധാനം. അതിനാലാണ് “യദൃശ്ചലാഭസന്തുഷ്ടോ” എന്ന് ഗീത ഉപദേശിക്കുന്നത്. എന്താണോ നമുക്ക് ലഭിക്കുന്നത് അതില്‍ സന്തുഷ്ടനാകുക. നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ വിഹിതം. അതിനാല്‍ അസന്തുഷ്ടി പ്രകടിപ്പിക്കാതിരിക്കുക. ഈ ലോകത്ത് എന്തുലഭിച്ചാലും തൃപ്തിവരാത്തവരാണ് അധികവും. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ചതിനെ കാണുവാനോ അതില്‍ അഭിമാനിക്കുവാനോ കഴിയുന്നില്ല. ഫലമോ നിത്യ അനിഷ്ടം, മാനസികവിഷമം, ജീവിതം ക്ലേശകരം എന്ന് എപ്പോഴും വിലപിക്കുന്നു. ഇത് മാറ്റാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ലഭ്യമായതില്‍ സന്തുഷ്ടനാകുക; എന്നിരുന്നാലും ഉയര്‍ച്ചക്കുവേണ്ടി കര്‍മ്മം ചെയ്തുകൊണ്ടും ഇരിക്കുക. മാത്സര്യം ഒഴിവാക്കുക. ഇത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമാകും. നാം എന്തെങ്കിലും ആഗ്രഹിച്ചിട്ട് അത് ലഭിച്ചാല്‍ സന്തോഷവും അലഭ്യതയില്‍ സന്താപവും ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ തത്വദര്‍ശികള്‍ ഉപദേശിക്കുന്നത് സിദ്ധിയിലും അസിദ്ധിയിലും ഒരേ മനസ്സോടുകൂടിയിരിക്കണം എന്നതാണ്. ഈ ആത്മനിയന്ത്രണം ദുഷ്ക്കരമാണ്. എന്നിരുന്നാലും നിരന്തരമായ പരിശ്രമം കൊണ്ട് ഇതിന്റെയെല്ലാം തീവ്രത കുറയ്ക്കാന്‍ കഴിയും. അങ്ങനെയുള്ളവനെ കര്‍മ്മപാശങ്ങള്‍ ബന്ധിക്കുന്നില്ല.

 ലൗകികജീവിതത്തില്‍ കര്‍മ്മം ചെയ്യാതെ ഒരു ജീവിക്കും ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നതും തിര്യക്കുകള്‍ കര്‍മ്മം ചെയ്യുന്നതും വ്യത്യാസം ഉണ്ട്. മനുഷ്യനൊഴികെ മറ്റൊരുജീവിയും അംഗീകാരത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നില്ല. അതിജീവനമാണ് ജന്തുക്കളുടെ കര്‍മ്മത്തിന്റെ ലക്ഷ്യം. ഈ കര്‍മ്മത്തെയല്ല ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തില്‍ പ്രശംസ പിടിച്ചുപറ്റാനും തന്റെ നിഗൂഡമായ ആഗ്രഹസഫലീകരണത്തിനും മാത്രമുള്ള കര്‍മ്മത്തെയാണ് ഇവിടെ നിരുത്സാഹപ്പെടുത്തുന്നത്. നീ എല്ലായ്പ്പോഴും കര്‍മ്മംചെയ്യണം. എന്നാല്‍ അതിന്റെ ഫലം ലഭിച്ചിരിക്കണം എന്ന നിര്‍ബന്ധം നന്നല്ല. സമൂഹത്തിന്റെ നന്മക്കു വേണ്ടി കര്‍മ്മം ചെയ്യുക. അതിനുപകരമായി, തന്നെ അംഗീകരിക്കണമെന്നും ഉന്നതപദവി ലഭിക്കണമെന്നും ആഗ്രഹിക്കുന്നത് ഉത്തമമായ കര്‍മ്മം അല്ല. ഫലത്തെ ഇച്ഛിക്കാതെ, തിരിച്ച് പ്രതിഫലം ലഭിക്കണം എന്ന് ചിന്തിക്കാതെ, സത്പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ നാം ഉദ്ദേശിക്കുന്ന ഫലം തിരികെ ലഭിക്കാതെവരുമ്പോള്‍ ദ്വേഷിക്കുകയും കര്‍മ്മത്തില്‍ നിന്നും പിന്മാറുകയും ചെയ്തേക്കാം. ദ്വേഷം സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ സത്കര്‍മ്മങ്ങള്‍ ചെയ്തിട്ട് അത് അപ്പോള്‍ത്തന്നെ മനസ്സില്‍നിന്നും ഉപേക്ഷിക്കുക എന്ന് മഹത്തുക്കള്‍ ഉപദേശിക്കുന്നു. നിഷ്കാമകര്‍മ്മം ഏറ്റവും അധികം വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വിഷയമാണ്. എന്നാല്‍ ലൗകികജീവിതവിജയത്തിന്റെ  ആണിക്കല്ലാണ് നിഷ്കാമകര്‍മ്മം എന്നാണ് ഭാരതീയ ദാര്‍ശനികര്‍ കല്പിച്ചിരിക്കുന്നത്.

“യസ്യ സര്‍വേ സമാരംഭാഃ
കാമസങ്കല്പ വര്‍ജിതാഃ
ജ്ഞാനാഗ്നിദഗ്ദ്ധകര്‍മ്മാണാം
തമാഹുഃ പണ്ഡിതം ബുധാഃ”

ആരുടെയാണോ എല്ലാ കര്‍മ്മങ്ങളും ഫലാശയോ കാമനകളോ കൂടാതെയിരിക്കുന്നത്, ജ്ഞാനമാകുന്ന അഗ്നിയില്‍ കര്‍മ്മങ്ങളെല്ലാം ദഹിപ്പിച്ച ആ ആളെയാണ് അറിവുള്ളവര്‍ ‘പണ്ഡിതന്‍‌‘ എന്ന് സംബോധന ചെയ്യുന്നത്.

ലൗകികവിദ്യാസമ്പന്നരും ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരും വലിയ അധികാരശേഷി ഉള്ളവരുമായ വ്യക്തികളെ, മഹാപണ്ഡിതന്‍ എന്നോ മഹത് വ്യക്തി എന്നോ ജനം തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ പുറമേ കാണിക്കുന്നതെല്ലാം അവരുടെ ലൗകികസ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമാണ്. ഇങ്ങനെയുള്ളവരെയാണ് ശങ്കരാചാര്യര്‍ ‘ഉദരനിബദ്ധൗ ബഹുകൃതവേഷ’ എന്ന് പരിഹസിച്ചിട്ടുള്ളത്. ഉദരപൂരണത്തിനായി ബഹുകൃതങ്ങളായ വേഷങ്ങളെ അവര്‍ കൈക്കൊള്ളുന്നു. ഏതൊരു വ്യക്തിയാണോ എല്ലാ കര്‍മ്മങ്ങളും ഫലേച്ഛകൂടാതെ അനുഷ്ഠിക്കുന്നത്, അവരാണ് യഥാര്‍ത്ഥ പണ്ഡിതന്മാര്‍‌. ഇതു തന്നെയാണ് ബുധജനങ്ങളുടെ, അറിവുള്ള വ്യക്തികളുടെ, അഭിപ്രായവും. ഇവരുടെ കര്‍മ്മങ്ങള്‍ അഖിലവും ജ്ഞാനമാകുന്ന അഗ്നിയാല്‍ സമ്പുഷ്ടവും ആക്കപ്പെട്ടിരിക്കുന്നു. അഗ്നിക്ക് എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് പരിശുദ്ധമാക്കുന്നതിനുള്ള സവിശേഷ ഗുണമുണ്ട്. അതിനാലാണ് ജ്ഞാനത്തെ അഗ്നിയോട് സാമ്യപ്പെടുത്തിയിരിക്കുന്നത്. അഗ്നി എപ്രകാരമാണോ എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് ശുദ്ധമാക്കുന്നത്, അപ്രകാരംതന്നെ ജ്ഞാനമാകുന്ന അഗ്നിയില്‍ തന്റെ എല്ലാ കര്‍മ്മങ്ങളേയും ഭസ്മീകരിക്കുന്ന വിദ്വാന്മാരെയാണ് പണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കാവുന്നത്. നന്മതിന്മകളെ വേര്‍തിരിച്ച് നന്മ മാത്രം സ്വീകരിക്കുകയും, ലോകത്തുള്ള സമസ്ത ജീവികളോടും കരുണാപൂര്‍ണ്ണമായ മാനസിക ഭാവം ഉണ്ടാകുകയും ചെയ്താല്‍ ലൗകികജീവിതം സുഗമവും, ശാന്തവും, ഉന്നതവുമായി ഭവിക്കും. സഹജീവികളോട് കരുണ കാണിക്കാത്തവന് സൃഷ്ടാവിന്റെ കരുണ ലഭിക്കുകയില്ല. ആയതിനാല്‍ മനസ്സ്, വാക്ക്, പ്രവൃത്തി ഇവയില്‍ എപ്പോഴും പരിശുദ്ധി കാത്തുസൂക്ഷിക്കണം. ഇതുതന്നെയാണ് എല്ലാമതങ്ങളുടേയും, ദാര്‍ശനികരുടേയും പരമമായ ലക്ഷ്യവും ധര്‍മ്മവും.

സോമദാസ്

No comments:

Post a Comment