Monday, 20 January 2014

നാലുമുക്ക്

“നാലുമുക്ക്, നാലുമുക്ക്..” കണ്ടക്ടർ വിളിച്ചു പറഞ്ഞു.

ഞാൻ ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് ബസ്സിൽ നിന്നും ഇറങ്ങി. എനിക്കുപോകേണ്ട വീടിന്റെ മേൽ‌വിലാസം എഴുതിയ കടലാസ് കീശയിൽ പരതി. പതിവുപോലെ എടുക്കാൻ മറന്നിരിക്കുന്നു. മറവി എന്റെ ‘സൽ‌സ്വഭാവ‘ങ്ങളിലൊന്നായതിനാൽ എനിക്ക് വിഷമം തോന്നിയില്ല. ഞാൻ ചുറ്റും നോക്കി. വിശാലമായ ഒരു ജംഗ്ഷൻ. നാലു റോഡുകൾ നാലുവശത്തേക്കും നീളുന്നു. ഏതാണ് ശരിയായ വഴിയെന്നറിയില്ല. കറക്കിക്കുത്തി ഒരു വഴി തിരഞ്ഞെടുക്കാൻ കഴിയുകയുമില്ല. ഞാൻ അതുവഴി പോകുന്ന ആളുകളെ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥനെന്നു തോന്നിക്കുന്ന ഒരാളോടു ചോദിക്കാമെന്നു കരുതി. കാണേണ്ട ആളിന്റെ പേരും മേൽ‌വിലാസവും പറഞ്ഞു. അയാൾ അല്പം ആലോചിച്ച ശേഷം അറിയില്ല എന്നു പറഞ്ഞു. പ്രായമുള്ള ഒരാളോടു ചോദിച്ചപ്പോൾ പോകേണ്ട ദിശ പറഞ്ഞുതന്നു. അവിടെ ചെന്നിട്ട് മറ്റാരോടെങ്കിലും ചോദിക്കാമെന്നുകരുതി പറഞ്ഞുതന്ന വഴിയേ ഞാൻ നടക്കാൻ തുടങ്ങി.

വെറുതേ നടക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചിന്തിച്ചുകൊണ്ടു നടക്കുന്നതല്ലേ എന്ന് എനിക്കുതോന്നി. എന്തിനേപ്പറ്റി ചിന്തിക്കണം എന്നു കുറച്ചുനേരം ചിന്തിച്ചു. ഞാൻ വന്നിറങ്ങിയ നാലുമുക്കിനെപ്പറ്റി ചിന്തിക്കാമെന്നു തീരുമാനിച്ചു.

മനുഷ്യൻ ഈ ഭൂമിയിൽ വന്നിറങ്ങിയതും ഇതുപോലെ തന്നെയല്ലെ. ഭൂമി ഒരു ജംഗ്ഷനായി സങ്കല്പിച്ചു. നമുക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്. അത് ആദ്യമൊന്നും നമുക്കറിയാൻ കഴിയില്ല. കാലക്രമേണ ഈ ജംഗ്ഷനെ തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യും. എന്നാൽ അധികം പേരും ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കാതെ കാലം കഴിച്ചുകൂട്ടുന്നു. അങ്ങനെ അവർ എങ്ങോട്ടുമെത്താതെ നാലുമുക്കിൽ അലഞ്ഞുനടക്കും. ഇതറിഞ്ഞ ജ്ഞാനികളാണ്, മനുഷ്യജന്മം ശ്രേഷ്ഠവും അപൂർവ്വവും ദുർലഭവുമാണെന്ന് പറഞ്ഞിട്ടുള്ളത്. കാരണം മനുഷ്യജന്മത്തിൽ മാത്രമാണ് സത്കർമ്മങ്ങൾ ചെയ്തും ജ്ഞാനം സമ്പാദിച്ചും ഉന്നതലോകങ്ങളിൽ എത്താൻ കഴിയുന്നത്. അതുപോലെതന്നെ നീചകർമ്മങ്ങൾ ചെയ്തും അജ്ഞാനിയായും അധോഗതിയെ പ്രാപിക്കുന്നതും മനുഷ്യജന്മത്തിന്റെ സവിശേഷതയാണ്. മധ്യവർത്തികളായവർ മനുഷ്യജന്മം കൊണ്ട് ഈ ഭൂമിയാകുന്ന നാലുമുക്കിൽ വന്നും പോയും കറങ്ങിക്കൊണ്ടിരിക്കും. ഇതിനെയാണ് വേദാന്തത്തിൽ സംസാരചക്രം എന്നു വിവക്ഷിക്കുന്നത്. ഈ സംസാരചക്രത്തിൽ കിടന്ന് കറങ്ങാതെയും മനുഷ്യജന്മത്തിൽ നിന്നും അധോഗതിയെ പ്രാപിക്കാതെയും ഇരിക്കാനാണ് പല മതങ്ങളും മതഗ്രന്ഥങ്ങളും ഉപദേശിക്കുന്നത്. ഈ സംസാരചക്രത്തിൽ നിന്നുമുള്ള മോചനമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യബിന്ദു.

“എവിടെ പോകുന്നു?”

ഞാൻ പെട്ടെന്ന് ഉത്തരം പറഞ്ഞു, “എത്രയും വേഗം എനിക്ക് ഈ ചക്രഗതിയിൽ നിന്നും പുറത്തുകടക്കണം!“

ചോദ്യകർത്താവ് ഉച്ചത്തിൽ ചിരിച്ചു. ഞാൻ ചിന്തയിൽ നിന്നും ഉണർന്നു. ഞാൻ അന്വേഷിച്ചു നടന്നയാൾ ഇതാ മുന്നിൽ!

സോമദാസ്

Monday, 6 January 2014

കുന്നിക്കുരു - 13


ഇക്കണ്ട ജീവജാലങ്ങൾ
നൂറുകൊല്ലത്തിനപ്പുറം
എവിടെയായിരുന്നെന്ന്
ചിന്തനം ചെയ്തുനോക്കുക.


നൂറുകൊല്ലം കഴിയുമ്പോൾ
ഇന്നു കാണുന്ന ജീവികൾ
എങ്ങുപോയി മറഞ്ഞീടും
എന്നതും എന്തൊരത്ഭുതം.


ഇക്കണ്ടതോർത്തു നോക്കീടിൽ
പ്രപഞ്ചം എന്ന ദൃശ്യവും
അനിത്യമാണെന്നു കാണുന്നു
നിത്യം മറ്റൊന്നു നിശ്ചയം.


ഒന്നുമില്ലാത്തതിൽനിന്നും
ഒന്നുമുണ്ടാകയില്ലെടോ
അനിത്യം എന്നതുണ്ടായാൽ
കാരണം ഉണ്ടു നിശ്ചയം.


ഏതിൽ നിന്നൊന്നുണ്ടായി
അത് കാരണമായിടും
കാരണത്തിൽ നിന്നുണ്ടാകും
കാര്യമാണെന്നു തത്വവും.


കാര്യകാരണതത്വത്തെ
പുറകോട്ടു ചിന്തചെയ്യുകിൽ
കാരണം കാണാത്ത ഒന്നായി
അവശേഷിക്കുന്നു കാരണം.


ഇക്കാണുന്നോരു കാരണം
എല്ലാത്തിൻ മൂലമാകയാൽ
‘ബ്രഹ്മ’മെന്നു വദിക്കുന്നു
തത്വത്തിൻ പൊരുളാമത്.


ബ്രഹ്മത്തിൽ നിന്നുമെല്ലാം
ഉണ്ടായീടുന്നതെന്നപോൽ
ബ്രഹ്മത്തിൽ തന്നെ ചേരുന്നു
കാലവൈഭവമാണുകേൾ.


ഗുണങ്ങളില്ലാത്ത ബ്രഹ്മത്തിൽ
സ്പന്ദനം ഹേതുവാകയാൽ
‘മഹത്ത്’ എന്ന ജഡത്വത്തെ
കാണുന്നു സൂക്ഷ്മദർശാൽ.


മഹത്തിൽ നിന്നുമുണ്ടായി
മൂന്നുഗുണങ്ങൾ വേറെയായ്
സത്വ രജഃസ്തമസ്സെന്ന്
ചൊല്ലുന്നൂ വേദസംഹിത.


ലോലമായൊരു സത്വത്തിൽ
നിന്നല്ലോ മനസ്സുവന്നത്
ഇന്ദ്രിയങ്ങൾ രജോഗുണം
തമസ്സിൽ നിന്നാകാശവും.


ആകാശത്തിൽനിന്നു വായുവും
വായുവിൽ നിന്ന് അഗ്നിയും
അഗ്നിയാൽ ജലമുണ്ടായി
പഞ്ചഭൂതങ്ങളായ് ഭൂമിയും.


പഞ്ചഭൂതങ്ങളാലല്ലോ
ദൃശ്യപ്രപഞ്ചസർവ്വവും
ഉണ്ടാകുന്നു ലയിക്കുന്നു
അനന്തമായോരു കർമ്മവും.



സോമദാസ്

Wednesday, 1 January 2014

എരുമയ്ക്ക് പകരം പോത്ത്!

ഞാൻ നളിനാക്ഷൻ.. പേരു കേട്ടാൽ പഴഞ്ചനാണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല. ഇരുപത്തെട്ട് വയസ്സേയുള്ളൂ. കല്ല്യാണം പോലും കഴിച്ചിട്ടില്ല. സൗദിയിൽ വലിയ ഒരു കമ്പനിയിലെ പൈപ്പ് ഫിറ്ററാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നളിനാക്ഷൻ എന്ന് കേൾക്കുമ്പോൾ തന്നെ പെൺപിള്ളാർക്ക് ഒരു എന്തോപോലെ. പല കല്ല്യാണാലോചനകളും ഈ പേരു മൂലം മുടങ്ങിയിട്ടുണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്. അച്ഛൻ ഒരു മലയാളം മാഷായതുകൊണ്ട് നല്ല മലയാളിത്തമുള്ള പേരുതന്നെ മകനിട്ടു. എന്നിട്ട് പുള്ളിക്കാരൻ മടങ്ങി. അനുഭവിക്കേണ്ടത് ഈ ഞാനും.

ആദ്യമായി സൗദിയിലെത്തി ഇമിഗ്രേഷനിൽ ചെന്നപ്പോൾ അവിടെയിരുന്ന കശ്മലന് ഇത് വായിക്കാൻ അറിയില്ല. അവൻ ചോദിച്ചു, “നീലി ആക്ഷൻ?”. ഞാൻ തലകുലുക്കി. ഇക്കാമ കിട്ടിയപ്പോൾ ആ പേര് തന്നെ അതിലും. അതോടെ സൗദികൾ നീലിയെന്നും മലയാളികൾ ‘നളി‘ എന്നും വിളിച്ചു പോന്നു. വല്ല അസുഖവും ബാധിച്ച് ഹോസ്പിറ്റലിൽ ചെന്നാലാണ് അതിലും കഷ്ടം. കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് നഴ്സ് വന്ന് നീലി എന്ന് ഉറക്കെ വിളിക്കും. ഞാൻ പതുക്കെ എണീക്കുമ്പോൾ സിസ്റ്റർക്കും ചിരി, അവിടെ ഇരിക്കുന്നവർക്കും ചിരി.

ഒരു വെക്കേഷൻ കാലം. ഒരു കല്യാണം കഴിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെയാണ് നാട്ടിലെത്തിയത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നതുകൊണ്ട് ഞാൻ ചെന്നതിനു ശേഷം മാത്രമാണ് കല്യാണാലോചനകൾ തുടങ്ങിയത്. ആകെ രണ്ടു മാസമാണ് അവധി. അതിനിടയിൽ എല്ലാം നടക്കണം. രാവിലെ തന്നെ ഒരു സുഹൃത്തിനേയും കൂട്ടി പെണ്ണുകാണാൻ ഇറങ്ങി. എന്റെ ഒരു അമ്മാവൻ ബസ്റ്റോപ്പിൽ കാത്ത് നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്.  കാരണവരുടെ സ്ഥാനത്ത് അദ്ദേഹമാണ്.

ഞാൻ ചെന്നപ്പോൾ അമ്മാവൻ ബസ്റ്റോപ്പിലുണ്ട്.

“എന്താടാ നളിനാക്ഷാ, കല്യാണത്തിനു മുൻപ് ഇങ്ങനെയാണെങ്കിൽ ഇതൊന്ന് കഴിഞ്ഞുകിട്ടിയാൽ എന്തായിരിക്കും സ്ഥിതി. ഞാൻ എത്ര നേരമായി ഇവിടെ ഇങ്ങനെ നില്പ് തുടങ്ങിയിട്ട്”.

ഞാൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. എന്തായാലും ഒരു ശുഭകാര്യത്തിനു പോകുന്നതല്ലേ വെറുതെ അമ്മാവനെ ചൂടാക്കേണ്ടെന്നു കരുതി.

“അമ്മാവന്റെ കയ്യിലെന്താ ഒരു കുപ്പി.”

“ഓ, ഒന്നും പറയണ്ട. ചുമ പിടിച്ചിട്ട് അങ്ങോട്ട് മാറുന്നില്ല. കമ്പോണ്ടറെ കണ്ട് ഒരു കുപ്പി സിറപ്പ് വാങ്ങി.”

ഡോക്ടറും അമ്മാവനും തമ്മിൽ അത്ര സുഖത്തിലല്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. മുമ്പെങ്ങോ ഒരിക്കൽ ഡോക്ടർ കൊടുത്ത മരുന്ന് കഴിച്ചിട്ട് അസുഖം കുറഞ്ഞില്ലെന്നും പറഞ്ഞ് അമ്മാവൻ അദ്ദേഹത്തിന്റെ എം.ബി.ബി.എസ് സർട്ടിഫിക്കറ്റ് കാണണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കി. അന്ന് ഡോക്ടർ അമ്മാവനെ ‘ഗെറ്റ് ഔട്ട്‘ അടിച്ചതാണ്.

ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് നിൽക്കുമ്പോൾ ബസ്സ് വന്നു. സൂചികുത്താനിടമില്ല. എങ്കിലും അമ്മാവനെ തിരികി കയറ്റി ഞങ്ങളും പുറകിൽ കയറി. ബസ്സിൽ കയറിയപ്പോൾ തന്നെ അമ്മാവൻ കുപ്പി എന്നെ ഏല്പിച്ചു. ഏതോ കല്യാണത്തിനു പോകുന്ന ഒരു സംഘം ആണ് എന്റെ മുന്നിൽ. അവരുടെ സംസാരത്തിൽ നിന്നും അത് മനസ്സിലായി. എല്ലാവരും ശുഭ്രവസ്ത്രധാരികൾ. എന്റെ കല്യാണത്തേക്കുറിച്ച് ഞാൻ ദിവാസ്വപ്നം കണ്ടുകൊണ്ട് നിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. തൊട്ടുമുന്നിൽ നിൽക്കുന്ന ആളുടെ മുണ്ടിൽ ചുവപ്പുനിറത്തിൽ ഒരു വൃത്തം. ഞാൻ ആലോചിച്ചു, പാവം കല്യാണത്തിനു പോകുകയാണ്; എവിടെ നിന്നോ അഴുക്ക് പറ്റിയിരിക്കുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ചുവപ്പ് നിറം കുറച്ചുകൂടി പടർന്നിരിക്കുന്നു. ഞാൻ അയാളെ വിളിക്കാൻ കൈ ആഞ്ഞു. പെട്ടന്ന് ഞാൻ ഓർത്തു. അമ്മാവന്റെ മരുന്നുകുപ്പി! ഇനി ഒന്നും ചെയ്യാനില്ല, അയാൾ അറിയുന്നതിനു മുൻപ് പുറത്തു കടക്കണം. ഞങ്ങൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. കുപ്പിയിലെ പകുതി മരുന്ന് തീർന്നിരുന്നു. എന്നാലും നീ എന്റെ മരുന്ന് കൊണ്ടു കളഞ്ഞല്ലോടാ എന്ന അമ്മാവന്റെ കമന്റ് ഞാൻ കേട്ടില്ലെന്നു നടിച്ചു. ഇതു ചെയ്തവന് ഈ ജന്മത്തിൽ കല്യാണം കഴിക്കാൻ പറ്റാതെ പോകട്ടേ എന്നൊന്നും ആ മുണ്ടിന്റെ ഉടമസ്ഥൻ ശപിക്കാൻ ഇടയാക്കല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.

ഒടുവിൽ പെണ്ണിനെ കണ്ടു. വലിയ കുഴപ്പമില്ല. അധികം സാമ്പത്തികമില്ലെങ്കിലും നല്ല കുടുംബം. അമ്മാവനും ഇഷ്ടപ്പെട്ടു. അവരുടെ പെരുമാറ്റത്തിൽ നിന്നും ഇത് ഏകദേശം നടക്കുമെന്നു തോന്നി. എനിക്ക് സന്തോഷമായി. തിരിച്ചു പോരുന്നതിനിടയിൽ അമ്മാവൻ പറഞ്ഞു.

“എന്തായാലും വന്ന കാര്യം ഭംഗിയായി നടന്നല്ലോ. നിനക്ക് സന്തോഷമായില്ലേ? ഇതിന്റെ സന്തോഷത്തിന് ചിലവൊന്നുമില്ലിയോടാ?”

കൃത്യം ബിവറേജസിന്റെ മുൻപിലെത്തിയപ്പോഴാണ് ചോദ്യം. ഞാൻ ഒരു ഫുള്ളുവാങ്ങി അമ്മാവനെ ഏല്പിച്ചു. കാരണവർ കുറച്ചുകൂടി ഉഷാറായി.

“എന്നാപ്പിന്നെ നമ്മൾ ഇത്രയും വന്നതല്ലേ. ഇവിടെ അടുത്തൊരു പെണ്ണുണ്ട്. എന്റെ പരിചയക്കാരൻ ബാബുവിന്റെ മകൾ. അതിനേക്കൂടി കണ്ടിട്ട് പോകാം. ഇത് നടന്നില്ലെങ്കിൽ അതിനെക്കുറിച്ച് ആലോചിച്ചാൽ മതി.” അമ്മാവൻ പറഞ്ഞു. മൂത്തവർ പറയുന്നത് കേൾക്കണമെന്നാണാല്ലോ. ഒന്ന് പോയി നോക്കാം എന്ന് എനിക്കും തോന്നി.

“എടാ, ഈ കുപ്പിയും കൊണ്ടൊക്കെ പെണ്ണ് കാണാൻ പോകുന്നതെങ്ങനെയാ..” സുഹൃത്ത് അഭിപ്രായപ്പെട്ടു.

അമ്മാവൻ പറഞ്ഞു. “മറ്റേതാണെന്ന് പറയണ്ട. ചുമയ്ക്കുള്ള മരുന്നാണെന്ന് പറയാം.”

“ഒരു ഫുള്ളിന്റെ കുപ്പിയിൽ ചുമയ്ക്കുള്ള മരുന്നോ?”

“എന്നാൽ പിന്നെ അരിഷ്ടമാണെന്ന് പറയാം!“ അമ്മാവന്റെ അടുത്ത ബുദ്ധി.

“വിശ്വസിച്ചില്ലെങ്കിൽ എന്താ, നമുക്ക് അവിടുന്ന് ഒരു ഗ്ലാസ് വാങ്ങി അവിടെ വച്ച് അടിക്കാം. ബാബുവിനും കൊടുക്കാം കുറച്ച്.” അമ്മാവൻ അഭിപ്രായപ്പെട്ടു.

ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ ഞങ്ങൾ ബാബുവിന്റെ വീടന്വേഷിച്ച് നടന്നുതുടങ്ങി. പലരോടും ചോദിച്ച് ഒടുവിൽ വീട് കണ്ടെത്തി. റോഡിൽ നിന്ന് വിട്ട് കുറച്ച് ദൂരം നടന്ന് ഒരു വയലും ഒരു തോടും കടന്ന് ചെല്ലണം. ഓടിട്ട ഒരു ചെറിയ വീട്. വീടിനു മുന്നിൽ എരുത്തിലുണ്ട്. അതിൽ മൂന്ന് പോത്തുകളെ കെട്ടിയിരിക്കുന്നു. ചെറിയ സ്വീകരണമുറിയിൽ തോർത്ത് വിരിച്ച് ഒരാൾ കിടക്കുന്നു. ഞങ്ങൾ കയറി വരുന്നതുകണ്ട് അയാൾ കിടന്നുകൊണ്ട് തന്നെ കാര്യം തിരക്കി. അമ്മാവൻ കാര്യം പറയുന്നതിനിടയിൽ അയാളുടെ ഭാര്യ കസേര കൊണ്ടുവന്നിട്ടു. ആ കിടക്കുന്ന ആളാണ് ബാബു എന്ന് എനിക്കു മനസ്സിലായി. അമ്മാവനുമായി ചെറിയ പരിചയമുണ്ട്. ഭാര്യയും മകളും സ്വീകരണമുറിയുടെ വാതിലിൽ വന്നുനിന്നു. പെണ്ണിനു നല്ല വണ്ണം. കാക്കക്കറുപ്പാണ്. വന്ന കാര്യം പറഞ്ഞപ്പോൾ ബാബു പറഞ്ഞു.

“ഓ, അവളു പഠിക്കുകയാണ്. ഇപ്പൊഴൊന്നും അയയ്ക്കാൻ താല്പര്യമില്ല.”

കിടപ്പുകണ്ടിട്ട് അയാൾ വെള്ളമാണെന്ന് എനിക്ക് തോന്നി. അവർക്ക് താല്പര്യമില്ലെന്നറിഞ്ഞിട്ടും അമ്മാവൻ അവിടെ തന്നെ ഇരിപ്പാണ്. ബാബുവും അമ്മാവനും കൊച്ചുവർത്തമാനവും തുടങ്ങി. ഞാൻ അമ്മാവനോട് പറഞ്ഞു.

“എന്നാൽ നമുക്ക് ഇറങ്ങാം.”

“എന്തായാലും വന്നതല്ലേ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ട് പോകാം.” കിടക്കുന്ന ചേട്ടൻ പറഞ്ഞു. ഇതുകേട്ടതോടെ അയാളുടെ ഭാര്യ അടുക്കളയിലേക്ക് പോയി. ഞാൻ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.

നാരങ്ങാവെള്ളം കുടിക്കാൻ ഇരിക്കുകയാണ് അമ്മാവൻ. ഇതിനിടയിൽ കൃഷിയെപ്പറ്റിയും പോത്തുകളെപ്പറ്റിയും ഒക്കെ ആയി ചർച്ച. ഒരു പോത്തിനെ വാങ്ങാൻ നടക്കുകയാണെന്ന് അമ്മാവൻ പറഞ്ഞു. എന്നാൽ പിന്നെ തന്റെ പോത്തിലൊന്നിനെ തരാമെന്നായി ബാബു. കൂട്ടുകാരൻ എന്റെ ചെവിയിൽ പറഞ്ഞു.

“ദോ ആ കിടക്കുന്നതാണ് പോത്ത്. ഈ ഇരിക്കുന്നത് കാള!“ ഞാൻ ചിരി അടക്കി.

പോത്തുകച്ചവടം ഏകദേശം നടക്കുമെന്ന് തോന്നി. വിലയിലും ഏകദേശ ധാരണയായി. അപ്പോഴാണ് അമ്മാവൻ ഒരു അമിട്ടു പൊട്ടിച്ചത്.

“എരുമയെ കിട്ടിയില്ലെങ്കിലെന്താ ഒരു പോത്തിനെ കിട്ടിയില്ലേ.”

ഇതുകേട്ടതും അത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ടു നിന്ന പെണ്ണ് അകത്തേക്കോടി. ഞങ്ങൾ പതുക്കെ പുറത്തുകടന്നു. അകത്തു ശബ്ദമൊന്നും കേൾക്കുന്നില്ല. ഞങ്ങൾ തോട് മുറിച്ചു കടന്ന് ഓടാൻ തയ്യാറായി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ എത്തി. കണ്ടിട്ട് ഒന്നും പറ്റിയ ലക്ഷണമില്ല. പക്ഷേ കൂടെ ഒരു പോത്തുണ്ടായിരുന്നു.