Tuesday, 3 February 2015

ഗാർഹസ്ഥ്യം

“എടാ, ഞാൻ വിവാഹം കഴിക്കുന്നില്ലെന്നു ഗൗരവമായി ചിന്തിക്കുന്നു. എന്തിനാണു വെറുതെ പ്രാരാബ്ധം തലയിലേറ്റുന്നത്. കർമ്മങ്ങൾ കുറച്ചുകൊണ്ടുവന്നു മനസ്സിനെ ഏകാഗ്രമാക്കി പരമപദപ്രാപ്തി കൈവരിക്കണമെന്നല്ലേ പറയാറ്! ആദ്ധ്യാത്മികതയ്ക്കു വിവാഹജീവിതം ഒരു തടസ്സമാണ്.”

എന്റെ സുഹൃത്തിന്റെ അഭിപ്രായങ്ങൾ കേട്ടു ഞാൻ അത്ഭുതപ്പെട്ടു. ഞാൻ അവനെ അടിമുടി ഒന്നു നോക്കി. കാണാൻ തരക്കേടില്ല. നല്ല ആരോഗ്യം. വേറെ കുഴപ്പങ്ങളൊന്നും ഇല്ല താനും. എന്നിട്ടും ഇവനെന്താ ഇങ്ങനെ ചിന്തിക്കുന്നത്? കർമ്മം ചെയ്താൽ അതു വാസനകളായി പതിയും പോലും. എന്തു മണ്ണാങ്കട്ടയെങ്കിലും ആകട്ടെ! അറിയാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനു തർക്കിക്കുന്നു.

ഓഫീസിൽ എത്തിയപ്പോൾ എനിക്കൊരു സംശയം. ഇനി അവൻ പറയുന്നതാണോ ശരി. ഈ ഭൗതികലോകത്തിൽ നിന്നും മാറി നിൽക്കുന്നതാണോ ശരിയായ മാർഗ്ഗം? ഇപ്പോൾ ചുറ്റും കാണുന്നതെല്ലാം കഷ്ടപ്പാടുകളും രോഗങ്ങളും! ടിവി തുറന്നാൽ അഴിമതിയും സ്വജനപക്ഷപാതവും! ടിവി അടച്ചാലോ, വീണ്ടും ചുറ്റുമുള്ളവരുടെ ചർച്ചകൾ അതുതന്നെ. കണ്ണടച്ചിരുന്നാൽ കാഴ്ച തീരുമെങ്കിൽ അതല്ലേ നല്ലത്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അധികം സമയം കഴിഞ്ഞില്ല. ഒരു ആക്കിയ ചിരിയുമായി ഉമ്മൻ ചാണ്ടി മുന്നിൽ നിൽക്കുന്നു. ഞാൻ പെട്ടെന്നു കണ്ണുതുറന്നു.

എന്നാൽ പിന്നെ ചെവിയിലാകാം പരീക്ഷണം. ഞാൻ ഒരു ഇയർ പ്ലഗ്ഗുകൊണ്ടു ചെവിയടച്ചു. കുറച്ചു സമയം സുഖമായി ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഒന്നാം ക്ലാസ്സുമുതൽ ടീച്ചർമാർ പഠിപ്പിച്ചതു ചെവിയിൽ മുഴങ്ങാൻ തുടങ്ങി. ചെവി അടച്ചാലും രക്ഷയില്ല. ഞാൻ അടുത്ത പരീക്ഷണത്തിനു തുനിഞ്ഞു. മൗനവ്രതം!

“എടേ, എന്തൊക്കെയുണ്ടു വിശേഷങ്ങൾ. നീ ഇന്നു വൈകിട്ടു സിനിമയ്ക്കു വരുന്നുണ്ടോ? ഞങ്ങൾ പോന്നുണ്ട്.. എന്തുവാടേ ഒന്നും മിണ്ടാത്തത്? നിന്റെ മിണ്ടാട്ടം മുട്ടിപ്പോയോ? ഇരിക്കുന്ന ഇരുപ്പു കണ്ടില്ലേ? ഒരു കുത്തു കൊടുക്കാൻ തോന്നുന്നു.” തൊട്ടടുത്ത ക്യാബിനിലെ അശോകനാണ്.

“മിണ്ടാട്ടം ഒന്നും മുട്ടിപ്പോയില്ലെടാ മരത്തലയാ.. എന്നാ കുത്തെടാ, കുത്ത്.. എന്റെ കൈ എന്താ ആ സമയം മാങ്ങ പറിക്കാൻ പോകുമോ. പോടാ, പോയി വല്ല പണിയും നോക്ക്!“ അത്ഭുതം തന്നെ ഒരു വാക്കു പോലും പുറപ്പെടുവിക്കാതെ ഈ സംഭാഷണം എന്റെ ഉള്ളിൽ മുഴങ്ങി. ഞാൻ ഒന്നും മിണ്ടാത്തതു കണ്ടു ക്ഷമകെട്ട് അവൻ അവന്റെ സീറ്റിൽ പോയിരുന്നു. അവനെ പിന്നെ സമാധാനിപ്പിക്കാം എന്നു കരുതി ഞാൻ അടുത്ത പരീക്ഷണത്തിനു മുതിർന്നു.

മൂക്ക് അടച്ചു പിടിക്കാം. അപ്പോൾ മണം അറിയില്ല. ഒരു മിനിട്ടു വേണ്ടി വന്നില്ല, അതിനു മുൻപു തന്നെ കൈ വിട്ടു. ഹയ്യോ, ഇപ്പോ ചത്തുപോയേനെ.. ഇനി ഇമ്മാതിരി പരീക്ഷണങ്ങൾ വേണ്ട. എന്തായാലും ഒരു കാര്യം തീർച്ചയായി. കണ്ണടച്ചാലും കാണാതിരിക്കില്ല.. ചെവി അടച്ചാലും കേൾക്കാതിരിക്കില്ല.. വായടച്ചാലും വാക്കുകൾ വരും..മൂക്കടയ്ക്കാൻ പറ്റത്തുമില്ല. ഈ ഇന്ദ്രിയങ്ങളെ ആശ്രയിച്ചുകൊണ്ട് അതിനെതിരെ നീന്താൻ നോക്കിയാൽ നടക്കുമോ? തിരുവനന്തപുരത്തേക്കു പോകുന്ന ബസ്സിൽ കയറിയിരിക്കുന്ന ഞാൻ ശവമായാലും ശിവമായാലും ബസ്സിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ചലിച്ചുകൊണ്ടേ ഇരിക്കും. വെറുതെ മസിലുപിടിച്ചിട്ട് ഒരു കാര്യവുമില്ല. നേരത്തെ വിവാഹം കഴിച്ചതിൽ ആശ്വസിച്ചുകൊണ്ടു ഞാൻ ഓഫീസിലെ പണി ചെയ്തു തീർക്കാൻ തീരുമാനിച്ചു.

No comments:

Post a Comment