Wednesday 21 January 2015

ഗുരുജി

പുസ്തകമേളയെപ്പറ്റി പത്രത്തിൽ വായിച്ചപ്പോൾ ഒന്നുപോയി നോക്കാം എന്നു കരുതി ഞാൻ പട്ടണത്തിലേക്കു തിരിച്ചു. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തു ലക്ഷക്കണക്കിനു പുസ്തകങ്ങളുടെ പ്രദർശനം. അനേകം പുസ്തക പ്രസാധകർ. വിവിധ ഏജൻസികൾ. വിദേശപുസ്തകങ്ങളുടെ ശേഖരം. ആകപ്പാടെ വിജ്ഞാനത്തിന്റെ മൂർത്തരൂപമായ പുസ്തക ബാഹുല്യം കണ്ടു ഞാൻ വിസ്മയപ്പെട്ടു. പല സ്ഥലത്തും പുസ്തകങ്ങളെ, വിവിധ തരങ്ങളായി തരംതിരിച്ചു പ്രദർശിപ്പിച്ചിരിക്കുന്നു. നോവൽ, കവിത, ചരിത്രാഖ്യായികകൾ, ശാസ്ത്രഗ്രന്ഥങ്ങൾ, ആദ്ധ്യാത്മികഗ്രന്ഥങ്ങൾ  തുടങ്ങി അനേകം ശാഖകൾ വേർതിരിച്ചു ക്രമീകരിച്ചിരിക്കുന്നു. ഒരു സ്റ്റാളിനടുത്തു ചെന്നപ്പോൾ ഒരാൾ ഓടിവന്നുപറഞ്ഞു, “സാർ, ഇതെന്റെ കവിതയാണ്. ഇതു വാങ്ങണം“. കുറച്ചു നടന്നപ്പോൾ മറ്റൊരു പ്രസാധകൻ വന്നു. “ ഞങ്ങളെക്കൂടി പരിഗണിക്കണം. കുറച്ചു പുസ്തകം ഇവിടുന്നുകൂടി വാങ്ങി സഹായിക്കണം.” ഞാൻ അതിശയിച്ചുപോയി. സാഹിത്യകാരന്മാരും കവികളും പ്രസാധകരും സ്വന്തം കൃതികളുമായി ജനത്തിനുപിന്നാലെ പരക്കം പായുന്നു. മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തം. സാഹിത്യമേഖലയിലും വായനാമേഖലയിലും എന്താണു സംഭവിച്ചത്; സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാഹിത്യസൃഷ്ടികളുടെ ഗുണമേന്മക്കുറവോ, വായനാശീലശോഷണം കൊണ്ടോ, ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം കൊണ്ടോ? പഠനാർഹമായ വിഷയമാണ്.

മുൻപൊരിക്കൽ എനിക്കുണ്ടായ ഒരനുഭവം ഓർമ്മയിൽ വന്നു. ഒരു ബാർബർ ഷോപ്പിൽ ചെന്നപ്പോൾ കുറച്ചുസമയം കാത്തിരിക്കേണ്ടിവന്നു. നോക്കിയപ്പോൾ ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങൾ. തുടർ നോവലുകളും പൈങ്കിളിക്കഥകളും മാത്രമേ ഇതിലൊക്കെയുണ്ടാകൂ എന്ന മുൻ‌വിധികൊണ്ടു ഞാൻ അവകളിൽ ഒന്നുംതന്നെ വായിക്കാറില്ലായിരുന്നു. എന്നിരുന്നാലും സമയം പോകാൻ ഒന്നെടുത്തു മറിച്ചുനോക്കി. പ്രതീക്ഷിച്ചതുതന്നെ. അലസമായി താളുകൾ മറിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു കോളത്തിലെ ചെറിയ ഒരു കുറിപ്പു ശ്രദ്ധയിൽ പെട്ടു. “ഗുരുജി”. ഗുരു ശിഷ്യന്മാരോടു സംവദിക്കുന്ന രൂപത്തിൽ എഴുതിയിരിക്കുന്നു.

ഒരു കുരങ്ങൻ മിന്നാമിനുങ്ങിനെ പിടിച്ചു പഞ്ഞിയിൽ പൊതിഞ്ഞ് ഊതിക്കൊണ്ടിരിക്കുന്നു. ഇതുകണ്ടു മരച്ചില്ലയിലിരുന്ന ആൺകിളിയും പെൺകിളിയും സംസാരിക്കുന്നു.

ആൺകിളി : പാവം കുരങ്ങ്, തീയാണെന്നു കരുതിയാണു മിന്നാമിനുങ്ങിനെ പഞ്ഞിയിൽ വച്ച് ഊതിക്കൊണ്ടിരിക്കുന്നത്. ഇവൻ ഒരു വിഡ്ഢി തന്നെ.

പെൺകിളി : പാവം, അവന് അറിവില്ലാത്തതുകൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്. അറിവുള്ള നമ്മൾ അതു തിരുത്തേണ്ടതു ധർമ്മമല്ലേ?

ആൺകിളി : നീ പറഞ്ഞതു സത്യം തന്നെ. അറിവുള്ളവർ അറിവില്ലാത്തവരുടെ അജ്ഞാനം നീക്കണം. പക്ഷേ, യോഗ്യനായുള്ളവനു മാത്രമേ അറിവു പകർന്നു കൊടുക്കാൻ പാടുള്ളുവെന്നതും ഒരു നിയമമാണ്. പാത്രം അറിഞ്ഞേ ദാനം ചെയ്യാവൂ. ഇല്ലെങ്കിൽ അതു നൽകുന്നവർക്കുതന്നെ അനർത്ഥം ഉണ്ടാക്കും.

ആൺകിളിയുടെ വാക്കുകളും വിലക്കുകളും കൂട്ടാക്കാതെ പെൺകിളി കുരങ്ങിനെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കാൻ കുരങ്ങന്റെ അടുത്തുള്ള ഒരു കൊമ്പിൽ ചെന്നിരുന്നു.

പെൺകിളി :  ഹേ കുരങ്ങാ, അതു തീ അല്ല. അതൊരു ജീവിയാണ്. അതിൽ നിന്നും തീയുണ്ടാക്കാൻ കഴിയില്ല.

കുരങ്ങൻ തലയുയർത്തി രൂക്ഷമായി കിളിയെ നോക്കിയിട്ടു വീണ്ടും ഊതാൻ തുടങ്ങി. കിളി വീണ്ടും വിളിച്ചു പറഞ്ഞു.

“വിഡ്ഢിയായ കുരങ്ങാ, ഞാൻ പറയുന്നതു കേൾക്കൂ, നിന്റെ യത്നം വിഫലമാണ്.“

കുരങ്ങനു കോപം വന്നു.

“എന്റെ മുഷ്ടിയോളം പോലുമില്ലാത്ത നീയാണോ എന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നത്! എന്നെ ഉപദേശിക്കാനുള്ള യോഗ്യത നിനക്കില്ല. നീ നിന്റെ വഴിക്കു പോ! അതാണു നിനക്കു നല്ലത്.

പെൺകിളി വീണ്ടും കുരങ്ങനെ പരിഹസിച്ചുകൊണ്ടു വിളിച്ചു പറഞ്ഞു. കുരങ്ങൻ ഒറ്റച്ചാട്ടത്തിനു കിളിയെ കയറിപ്പിടിച്ചു. കിളിയുടെ ഭാഗ്യം കൊണ്ടു ചിറകിന്റെ അറ്റത്താണു പിടി വീണത്. ഭയം കൊണ്ടു വിറച്ച പെൺകിളി കുതറിമാറി ഒരുവിധം രക്ഷപെട്ട് ആൺകിളിയുടെ അടുത്തെത്തി.

“ഇപ്പോൾ മനസ്സിലായോ യോഗ്യതയുള്ളവർക്കേ വിദ്യയും നൽകാവൂ എന്ന്.”

പെൺകിളി തല താഴ്ത്തിയിരുന്നു.

ഒറ്റപ്രാവശ്യം വായിച്ചപ്പോൾ തന്നെ മുഴുവൻ ആശയവും ഉൾക്കൊള്ളാൻ കഴിഞ്ഞു. അനുവാചകരെ പിടിച്ചുനിർത്തുന്നതു പ്രതിപാദ്യവിഷയവും പ്രതിപാദനരീതിയുമാണെന്നു ഞാൻ മനസ്സിലാക്കി. പാലും വെള്ളവും ചേർത്തു കൊടുത്താൽ പാൽ മാത്രം ഊറ്റിക്കുടിച്ചിട്ടു വെള്ളം ബാക്കിവെയ്ക്കുന്ന അരയന്നത്തിന്റെ കഥ അമ്മ പണ്ടു പറഞ്ഞുതന്നതു ഞാൻ ഓർത്തു. കുപ്പയിൽ നിന്നും രത്നം നാം ചികഞ്ഞു കണ്ടെത്തുക തന്നെ വേണം.
സോമദാസ്

No comments:

Post a Comment