Monday, 7 December 2015

നാം നാമം നേം!!!

“നീലീ.. നീലീ .. നീലീ‍ീ‍ീ‍ീ‍....”

“എന്തുവാടേ ഇതു! നീ ആരാ, കള്ളിയങ്കാട്ട് നീലിയോ, ഇങ്ങേരിങ്ങനെ തൊള്ളതുറക്കാൻ!!“

തൊട്ടടുത്തിരിക്കുന്ന പട്ടാമ്പിക്കാരൻ വെളുക്കനെ ചിരിച്ചുകൊണ്ടു പറഞ്ഞു. ഈ സൗദിയുടെ ഒരു കാര്യം. മര്യാദയ്ക്കു നാക്കു വടിക്കത്തുമില്ല, ‘നളിനാക്ഷൻ‘ എന്ന എന്റെ പേര് ശരിക്കു വിളിക്കത്തുമില്ല. ഞാൻ പതുക്കെ സൗദിയുടെ ക്യാബിനിലേക്കു നടന്നു.

“എന്തായിരുന്നു രാവിലെ തന്നെ അങ്ങേരുടെ പ്രശ്നം?” തിരിച്ചെത്തിയപ്പോൾ പട്ടാമ്പിക്കാരൻ അടുത്തുകൂടി.

“സിസ്റ്റത്തിന്റെ പാസ്‌വേർഡ് മറന്നുപോയി പോലും. എന്തു ചെയ്യാനാ..”

“നളിൻ, നളിൻ.. മുഛേ ബാഹർ ജാനാ ചാഹിയേ.. കൊയി ആനേ തോ മേം ടോയ്‌ലറ്റ് ഗയാ.. ഓകെ?” അപ്പുറത്തിരിക്കുന്ന ബീഹാറുകാരനാ. ഏതെങ്കിലും കോഴി വന്നാൽ നീ ടോയ്‌ലറ്റിലാണു രാവിലെ മുതൽ എന്നു തീർച്ചയായും പറയാം എന്നുപറഞ്ഞ് അവനെ സമാധാനിപ്പിച്ചയച്ചു.

“എന്തായാലും നിനക്കിട്ടിരിക്കുന്ന പേരുകൾ കൊള്ളാം.. നീലി, നളിൻ..!!“ പട്ടാമ്പിക്കാരൻ വിടാൻ ഭാവമില്ല.

“ഇതൊന്നുമല്ലടോ.. ഇന്നലെ ആശുപത്രിയിൽ ചെന്നപ്പൊഴായിരുന്നു രസം. ഞാൻ ടോക്കൺ എടുത്തു ഷുഗർ ചെക്കു ചെയ്യാൻ ഇരിക്കുകയായിരുന്നു. ഒരു ഫിലിപ്പീനി സിസ്റ്റർ കുറച്ചു നേരം കൊണ്ട് ‘ആക്ഷൻ, ആക്ഷൻ‘ എന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു. സംശയം തോന്നി ആടുത്തു ചെന്നു ചോദിച്ചപ്പൊഴാ മനസ്സിലായത് എന്നെ തന്നെയാണ് വിളിക്കുന്നതെന്ന്! വിളിച്ചു വിളിച്ചു തൊണ്ടയിലെ വെള്ളം വറ്റിയതുകൊണ്ടാവാം ഭയങ്കര ദേഷ്യം. രക്തം കുത്തിയെടുക്കുമ്പോൾ നല്ല വേദനിപ്പിച്ചു രണ്ടു മൂന്നു കുത്തു കുത്തി അവർ ആ ദേഷ്യം തീർത്തു.”

“ഇങ്ങനെ പലരും പല പേരിട്ടു വിളിക്കുമ്പോൾ നിനക്കു ദേഷ്യം തോന്നാറില്ലേ?”

“എന്തിന്? അവർ അവരുടെ വിവരക്കേടുകൊണ്ടല്ലേ ഇങ്ങനൊക്കെ വിളിക്കുന്നത്? ഒന്നാലോചിച്ചു നോക്കൂ.. നമ്മൾ ഓരോരുത്തരും ദൈവത്തെ എന്തെല്ലാം പേരിട്ടു വിളിക്കുന്നു.. എന്നിട്ടു മൂപ്പരു കോപിക്കാറുണ്ടോ? അങ്ങനെ കോപിക്കുന്ന ദൈവം ദൈവമാണോ? കൃഷ്ണനെന്നും വിഷ്ണുവെന്നും അള്ളായെന്നും യഹോവയെന്നും യേശുവെന്നും ബുദ്ധനെന്നും ടിയാൻസൂവെന്നുമൊക്കെ പലരും അവർക്കറിയുന്നപോലെ പുള്ളിയെ വിളിക്കുന്നു. എന്നാൽ മൂപ്പർക്കറിയാം താൻ ആരാണെന്ന്! എന്നും പറഞ്ഞു പുള്ളി ആരുടെയും വിളി കേൾക്കാതിരിക്കുന്നുമില്ല! അതുപോലെ, നിങ്ങൾ നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് എന്നെയും ഇങ്ങനൊക്കെ വിളിക്കുന്നു. എനിക്കറിയാം ഞാൻ നളിനാക്ഷനാണെന്ന്. അതുപോരേ? പിന്നെ, കാര്യമുള്ള കാര്യമാ‍ണെങ്കിൽ ഞാൻ ആര് എങ്ങനെ വിളിച്ചാലും ചെല്ലുകയും ചെയ്യും.”

“അതു പറഞ്ഞപ്പൊഴാ ഒരു കാര്യം ഓർമ്മ വന്നത്. നിന്റെ 'SAP Login' വന്നിട്ടുണ്ട്. പേരെന്താണെന്നറിയണ്ടേ?”

“എന്തേനൂ?”

“നിന്നെ അവരൊരു ‘ഖാൻ‘ ആക്കി - ‘നളിനാസ് ഖാൻ’.”

“ഹഹഹ.. അതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ.. അതുമായി.. സന്തോഷം..”


No comments:

Post a Comment