Monday, 18 January 2016

നാടകമേ ഉലകം!

“അമ്മാ, വല്ലതും തരണേ..
അമ്മാ, വല്ലതും തരണേ..
തൊണ്ടയിടറുന്നൊരാ നാദത്തിൽ ഞാനാ
മൈക്കിലൂടുച്ചത്തിൽ കെഞ്ചി
അമ്മാ, വല്ലതും തരണേ..
അമ്മാ, വല്ലതും തരണേ..

വേഷഭൂഷാദികൾ വേണ്ടി വന്നില്ലാ,
വേഷപ്പകർച്ചകളാടേണ്ടി വന്നില്ല,
മുന്നൊരുക്കങ്ങളൊന്നുമുണ്ടായില്ല,
പിന്നിൽ നിന്നാരും ചൊല്ലിയതുമില്ല,
കാരണം ഞാനൊരു തെണ്ടി!
ഞാനൊരു നല്ല തെണ്ടി!

റോഡിൽ തെണ്ടിയാൽ കിട്ടുന്നതിനേക്കാ-
ളെത്രയോ കൂടുതൽ കിട്ടുമീ സ്റ്റേജിൽ!
ആവേശത്തോടെ ഞാൻ തെണ്ടി നടന്നു
റോഡിൽ പിന്നീടു തെണ്ടാമെന്നോർത്ത്.

സ്റ്റേജിലും റോഡിലും ചെയ്യുന്നതൊന്നാണ്,
തെണ്ടലാണെന്നുടെ നിത്യത്തൊഴിൽ.
സ്റ്റേജിൽ ഞാൻ ചെയ്യുന്നു സന്തോഷത്തോടെ,
റോഡിലോ തെണ്ടുന്നു ദൈന്യതയോടെ!

സ്റ്റേജിൽ എന്നെ കണ്ടു കയ്യടിച്ചവർതന്നെ,
റോഡിൽ കണ്ടാലോ കൈ കൊണ്ടടിക്കുന്നു!
സ്റ്റേജിലെ യാചകൻ യാചകനല്ല,
റോഡിലിറങ്ങിയാൽ യാചകനാകുന്നു.
സ്റ്റേജിൽ ഞാൻ സർവ്വസ്വതന്ത്രൻ,
റോഡിലോ കെട്ടപ്പെടുന്നു.

വെറുതെയാണീ ദുഃഖമെന്നോർത്തു ഞാനിന്ന്,
സന്തോഷത്തോടെ തെണ്ടുന്നു റോഡിൽ.
റോഡു സ്റ്റേജാക്കി മാറ്റിയിട്ടിന്നുഞാൻ
ആവേശത്തോടെ അഭിനയിക്കുന്നു.
അമ്മാ, വല്ലതും തരണേ..
സന്തോഷത്തോടെ തരണേ..”

No comments:

Post a Comment