Saturday, 18 May 2019

ഗുരുകുലം


"അച്ഛാ, ഗുരുകുല സമ്പ്രദായത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതിക്കൊണ്ടുവരാന്‍ ടീച്ചര്‍ പറഞ്ഞു. എന്താ എഴുതുക?"

"പൗരാണിക ഭാരതത്തിലെ, അഥവാ, ഉപനിഷത്ത് കാലത്തിലെ ഗുരുകുല സമ്പ്രദായത്തെ കുറിച്ചു ചില സൂചനകള്‍ ഞാന്‍ തരാം. അതെല്ലാം ക്രോഡീകരിച്ച് ഒരു ഉപന്യാസമാക്കാന്‍ ശ്രമിക്കൂ!

ഉപനിഷത്തുക്കള്‍ എഴുതപ്പെട്ട കാലത്തെ ഗുരുകുല സമ്പ്രദായവും ഇന്നത്തെ വിദ്യാഭ്യാസ രീതികളും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. പഠന രീതിയുടെ കാര്യം എടുത്താലും പഠനവിഷയങ്ങളുടെ കാര്യത്തിലായാലും ഈ അന്തരം പ്രകടമാണ്.'ഉപനിഷത്ത്' എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ 'ആത്യന്തികമായ അറിവിലേയ്ക്കുള്ള ഗമനം' അഥവാ 'ജ്ഞാനത്തെ സമീപിക്കുക' അല്ലെങ്കില്‍ 'ഗുരുവിനടുത്തിരിക്കുക' എന്നൊക്കെയാണ്. ഒരു ഗുരുവിന്റെ പാദാരവിന്ദങ്ങളെ പിന്തുടര്‍ന്നു വിദ്യനേടുക എന്ന രീതിയായിരുന്നു പണ്ടുണ്ടായിരുന്നത്.

ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ ചില സവിശേഷതകള്‍ ഞാന്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടാം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊക്കൊണ്ടിരിക്കുന്നത്. പണ്ടൊക്കെ അത് ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലാണ് കണ്ടിരുന്നെങ്കില്‍ ഇന്നത് സ്കൂളുകളിലേയ്ക്കും എത്തിപ്പെട്ടിരിക്കുന്നു. അദ്ധ്യാപകരെ കാണാതെ തന്നെ പഠിക്കാവുന്ന 'Virtual Classroom' കളിലേയ്ക്കാണ് നാം അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും എല്ലാ അറിവുകളും എന്നതാണ് ഇന്നത്തെ രീതി. അതുകൊണ്ടുതന്നെ തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു. ഉദാഹരണത്തിനു കണക്ക് പഠിക്കാന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി അതു പഠിച്ചു കണക്കദ്ധ്യാപകനാകുന്നു. ശരീരശാസ്ത്രത്തില്‍ താല്പര്യമില്ലാത്ത ആള്‍ അതു പഠിച്ചു ഡോക്ടര്‍ ആകുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും 'bio-computer' ലെയ്ക്ക് പരമാവധി അറിവുകള്‍ കുത്തിനിറയ്ക്കുക എന്ന രീതിയാണു പല സ്കൂളുകളും അവലംബിക്കാറുള്ളത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി അളക്കുന്നതിനുള്ള പരീക്ഷണശാലകള്‍ ആയി മാറുന്നു വിദ്യാലയങ്ങള്‍.

എന്നാല്‍ ഗുരുകുല സമ്പ്രദായം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. 'ഗുരുകുലം' എന്നാല്‍ 'ഗുരുവിന്റെ വീട്' അഥവാ 'ഗുരുവിന്റെ കുടുംബം' എന്നാണ് അര്‍ത്ഥം. വിദ്യ ആഗ്രഹിച്ചു ഗുരുകുലത്തില്‍ എത്തുന്ന ഓരോ വിദ്യാര്‍ത്ഥിയും ഗുരുവിനോടൊപ്പം ഗുരുവിന്റെ കുടുംബത്തോടൊപ്പം കഴിയുന്നു. ആ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് ഓരോ വിദ്യാര്‍ത്ഥിയെയും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഗുരുവുമായി ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടായിരുന്ന ബന്ധം സുദൃഢമായിരുന്നു. പല ശാസ്‌ത്രവിഷയങ്ങളും പഠിപ്പിക്കുന്നതോടൊപ്പം ജീവിതകലയാണ് അന്നത്തെ ഗുരുക്കന്മാര്‍ പഠിപ്പിച്ചിരുന്നത്. പ്രായമോ മറ്റു പ്രത്യേകതകളോ ഒന്നും അറിവു നേടുന്നതില്‍ ഒരു ഘടകമായിരുന്നില്ല. ഇതിനെ സാധൂകരിക്കാന്‍ ഓഷോ പറഞ്ഞ ഒരു കഥ ഞാന്‍ പറയാം..

ഒരിക്കല്‍ പ്രസേനജിത്ത് എന്ന രാജാവ് ഗൗതമബുദ്ധനെ കാണാന്‍ എത്തി. അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരെ പ്രായം ചെന്ന ഒരു ബുദ്ധസന്യാസി അങ്ങോട്ടേക്കു കടന്നുചെന്നു. അദ്ദേഹം ശ്രീബുദ്ധന്റെ കാലുതൊട്ടുവണങ്ങിയിട്ടു പറഞ്ഞു.

"ക്ഷമിക്കണം ഗുരോ, അങ്ങയുടെ സംഭാഷണം തടസ്സപ്പെടുത്തിയതില്‍ എന്നോടു ക്ഷമിക്കണം. നേരം വൈകുന്നു. ഇരുട്ടുന്നതിനു മുന്‍പ് എനിക്കു ദൂരെയുള്ള ഗ്രാമത്തില്‍ എത്തേണ്ടതായുണ്ട്. ഇപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ ചെന്നെത്തിപ്പെടാന്‍ പ്രയാസമാകും. അങ്ങയുടെ പാദം തൊടാതെ പോകാനും വയ്യ. കാരണം ഇനി സാധിച്ചില്ലെങ്കിലോ! അതുകൊണ്ടാണ് ഇടയ്ക്ക് വന്നു തടസ്സപ്പെടുത്തിയത്."

ശ്രീബുദ്ധന്‍: "താങ്കള്‍ക്ക് എത്ര വയസ്സായി?"

സന്ന്യാസി: "നാല്"

ശ്രീബുദ്ധന്‍: "എന്റെ ആശീര്‍വാദത്തോടെ പോയിവരൂ."


ഇതു കേട്ടുകൊണ്ടിരുന്ന രാജാവിന് അത്ഭുതമായി. കണ്ടാല്‍ ഏകദേശം എഴുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന സന്ന്യാസി പറയുകയാണ് തനിക്ക് നാലു വയസ്സേ ഉള്ളുവെന്ന്! സന്ന്യാസി പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അത്ഭുതത്തോടെ ശ്രീബുദ്ധനോടു തന്റെ സംശയം അവതരിപ്പിച്ചു. 

"പ്രഭോ, ആ സന്ന്യാസിയെ കണ്ടാല്‍ ഏകദേശം എഴുപത്തഞ്ചു വയസ്സ് തോന്നിക്കും. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടാണ് തനിക്ക് നാലു വയസ്സേയുള്ളൂ എന്നു പറഞ്ഞത്?"

ശ്രീബുദ്ധന്‍ പറഞ്ഞു.

"ഞാന്‍ താങ്കള്‍ക്കു വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. കാരണം ഇത്രയും നേരവും താങ്കള്‍ നിരര്‍ത്ഥകമായ കാര്യങ്ങളാണ് ചോദിച്ചുകൊണ്ടിരുന്നത്. താങ്കളില്‍ നിന്നും അര്‍ത്ഥവത്തായ ഒരു സംശയംവരണമെന്നു ഞാന്‍ ആഗ്രഹിച്ചു. ശരിയാണ്, ആ സന്ന്യാസിക്കു നാലു വയസ്സേയുള്ളൂ! കാരണം, ഞങ്ങള്‍ വയസ്സ് കണക്കാക്കി തുടങ്ങുന്നത് ഒരാള്‍ ഒരു ഗുരുവിനെ കണ്ടെത്തി ആ ഗുരു അയാളില്‍ പരിവര്‍ത്തനം വരുത്തിയതിനു ശേഷം മാത്രമാണ്. അതിനു ശേഷമേ ഒരാള്‍ ജീവിതം ആരംഭിക്കുന്നുള്ളൂ. താങ്കളുടെ 60 വര്‍ഷം വ്യര്‍ഥമായിരിക്കുന്നു. ഇനിയെങ്കിലും ഒരു ഗുരുവിനെ കണ്ടെത്തി ജീവിതം തുടങ്ങൂ!"


ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ Primary, Highschool, College എന്നിങ്ങനെ പല ഘട്ടങ്ങള്‍ ഉള്ളതുപോലെ ഗുരുകുല വിദ്യാഭ്യാസ രീതിയിലും പല അവസ്ഥകള്‍ ഉണ്ട്. അവയെ പ്രധാനമായും നാലായി തിരിക്കാം. അതില്‍ ആദ്യത്തേതാണ് വിദ്യാര്‍ത്ഥി. ഒരാള്‍ വിദ്യ നേടുന്നതിനുള്ള അതിയായ ആഗ്രഹവുമായി ഗുരുവിനെ തേടി ഇറങ്ങുന്ന ഘട്ടമാണത്. പല അദ്ധ്യാപകരെ കണ്ടു പല വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടാവും. അവന്‍ സംശയാലുവായിരിക്കും. 

അറിവുതേടി പലയിടത്തും ചുറ്റിത്തിരിയുന്ന വിദ്യാര്‍ത്ഥി അവസാനം തനിക്കുപറ്റിയ ഒരു ഗുരുവിനെ കണ്ടെത്തുന്നു. ആ ഗുരുവില്‍ ആകൃഷ്ടനാകുന്ന അയാള്‍ അദ്ദേഹത്തിന്റെ ശിഷ്യനാകുന്നു. വിദ്യാര്‍ത്ഥി എന്ന ചട്ടകൂട് പൊളിച്ച് ശിഷ്യനാവുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെവലിയ ഒരു പരിവര്‍ത്തനമാണ്. ശിഷ്യനാകുന്നതോടെ അയാളുടെ സംശയങ്ങള്‍ നീങ്ങിത്തുടങ്ങുന്നു. ഗുരു പറയുന്ന വാക്കുകള്‍ എല്ലാം വ്യക്തമാവുന്നു എന്നതിലപ്പുറം ഗുരുവിന്റെ വാക്കുകള്‍ക്കിടയിലുള്ള അര്‍ത്ഥതലങ്ങള്‍ കൂടി അയാള്‍ മനസ്സിലാക്കിതുടങ്ങുന്നു.

ശിഷ്യന്‍ ഗുരുവിനോടു കൂടുതല്‍ അടുക്കുന്നതിനനുസരിച്ച് അവന്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു; 'ഭക്തന്‍' എന്ന നിലയിലേക്ക് എത്തുന്നു. വിദ്യാര്‍ത്ഥിയില്‍ നിന്നും ശിഷ്യനിലേക്കുള്ള പരിവര്‍ത്തനം വളരെ വലുതാണ്. എന്നാല്‍ അതിലും എത്രയോ കഠിനമാണ് ഒരു ശിഷ്യനില്‍ നിന്നും ഭക്തനിലേക്കുള്ള പരിവര്‍ത്തനം! ഗുരുവിനെ പിന്തുടരുന്ന ശിഷ്യന്‍ അദ്ദേഹത്തിന്റെ ചൈതന്യത്തിലും ജ്ഞാനത്തിലും സ്നേഹത്തിലും എന്തിനേറെ സാമീപ്യത്തില്‍ പോലും കൃതാര്‍ത്ഥന്‍ ആകുന്നു. ഗുരുവില്‍ നിന്നും ലഭിക്കുന്ന ആ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഒന്നുമില്ല എന്നു മനസ്സിലാകുന്നതോടെ ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. അതോടെ ശിഷ്യന്‍ ഗുരുവിന്റെ ഒരു ഭാഗമായി മാറുന്നു. അവന്‍ ഭക്തനായി മാറുന്നു. ഇന്ന് 'ഭക്തന്‍' എന്നത് ഒരു സാമാന്യപദമായി മാറിയിരിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ജ്ഞാനത്തിന്റെ പരമോന്നത പദവിയിലെത്തിയ ഒരു വ്യക്തിയാണ് ഭക്തന്‍!

നാലാമത്തെ ഘട്ടത്തില്‍ ഒരു ഭക്തന്‍ ഗുരുവായി മാറുകയാണ്. ഇതിനെക്കുറിച്ച് ഓഷോ പറഞ്ഞ ഒരു കഥ കൂടി പറയാം.

ഒരു ഗുരുകുലത്തില്‍ ഗുരുവും കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഒരിക്കല്‍ ഗുരു വരുവാന്‍ സ്വല്പം വൈകി. അപ്പോള്‍ അതിലൊരു ശിഷ്യന്‍ ഗുരുവിന്റെ ഇരുപ്പിടത്തില്‍ കയറിയിരുന്നു. ഗുരു വരുമ്പോള്‍ ശിഷ്യന്‍ തന്റെ സ്ഥാനത്തിരിക്കുന്നു. അദ്ദേഹം ഒന്നും മിണ്ടാതെ ശിഷ്യന്റെ ഇരുപ്പിടത്തില്‍ ഇരുന്നു. ബാക്കിയുള്ള ശിഷ്യന്മാരൊക്കെ അത്ഭുതപ്പെട്ടു. അന്ന് ആ ശിഷ്യനാണ് പാഠങ്ങള്‍ പറഞ്ഞുകൊടുത്തത്. എല്ലാം കഴിഞ്ഞു ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.

"ഗുരോ, ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ അങ്ങയ്ക്ക് എന്നോടു നീരസം ഉണ്ടോ?"

ഗുരു പറഞ്ഞു.

"ഒരിക്കലുമില്ല! ഇരുപതു വര്‍ഷം മുന്‍പ് ഇവിടെ ഒരു വിദ്യാര്‍ത്ഥി ആയി എത്തിയ നീ എന്റെ ശിഷ്യനായി, ഭക്തനായി, ഇപ്പോള്‍ ഗുരുവായി മാറിയിരിക്കുന്നു. എനിക്ക് അതിയായ സന്തോഷമായി. എന്റെ ജോലികള്‍ പങ്കുവയ്ക്കാന്‍ ഒരാളായല്ലോ! പക്ഷേ നീ വളരെ മടിയനാണ്. മൂന്നുമാസമായി ഞാന്‍ ആലോചിക്കുന്നു, നീ എന്തിനാണ് ഇപ്പോഴും എന്റെ കാലുപിടിക്കുന്നതെന്ന്. ഇനിയും നീ താമസിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ ഇവിടെനിന്നും പുറത്താക്കിയേനെ!"

ശിഷ്യന്‍ ചിന്തിച്ചു. ശരിയാണ്, മൂന്നുമാസമായി തന്നില്‍ ഈ ചിന്ത ഉദിച്ചിട്ട്. ഗുരു അതും അറിഞ്ഞിരിക്കുന്നു.

ഇതാണ് പൗരാണിക ഭാരതത്തിലെ ഗുരുകുലങ്ങളുടെ രീതി. ഇനി ഈ ആശയങ്ങള്‍ ഉപയോഗിച്ച് ഒരു ഉപന്യാസം എഴുതാന്‍ ശ്രമിക്കൂ."


No comments:

Post a Comment