Tuesday, 9 April 2013

മരീചിക

ഒരിക്കൽ ഞാൻ മരുഭൂമിയിൽ മരീചിക കണ്ടു. നല്ല ചൂടുള്ള ദിവസങ്ങളിൽ, നാട്ടിൽ വിശാലമായ സ്ഥലത്തും റോഡിൽ ദൂരെയായും മരീചിക കണ്ടിട്ടുണ്ട്. ടാറിട്ട റോഡിനുമുകളിൽ വായു ചലിക്കുന്നതുപോലെ, ജലാശയം പോലെ തോന്നുന്നതാണ് നാടൻ മരീചിക! എന്നാൽ ഞാൻ കണ്ടത് ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തതും അതിശയിപ്പിക്കുന്നതുമായിരുന്നു. കാരണം ആ കാഴ്ച അത്രകണ്ട് ദൃഢവും സ്പഷ്ടവുമായിരുന്നു. അതിവിശാലമായ മരുഭൂമി. നാലുഭാഗത്തും അതിരുകളില്ലാത്ത മണൽ‌പ്പരപ്പ്. ഭൂമിയുടെ അതിര് ആകാശമാകുന്ന കാഴ്ചപ്പുറം. ബിസ്ക്കറ്റുനിറത്തിലുള്ള മണൽ‌പ്പരപ്പ് കുറേദൂരം. പിന്നെ കാളിമയാർന്നതും ചെറിയ ഓളങ്ങൾ ഉള്ളതുമായ അതിവിശാല സമുദ്രം പോലെ. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ കടപ്പുറത്തുപോയി നിൽക്കുന്നതുപോലെ. വലിയ തിരമാലയില്ല എന്ന വ്യത്യാസം മാത്രം. മണൽ‌പ്പരപ്പും സമുദ്രവുമല്ലാതെ മറ്റൊരുരൂപത്തിൽ അതിനെക്കാണാൻ കൂടെക്കൂടെ പരിശ്രമിക്കേണ്ടിവന്നു. ഈ പ്രതിഭാസത്തെപ്പറ്റി നന്നായി അറിയാവുന്ന ഏതൊരാളും തന്റെ ദൃശ്യബോധത്തെ അനവരതം തിരുത്തിക്കൊണ്ടേയിരിക്കും. അത്രയ്ക്ക് ജലാശയ വിഭ്രാന്തിയാണ് നമുക്കുണ്ടാവുക.

അവിടെ ജലാശയമില്ല! മരുഭൂമി മാത്രമാണുള്ളത്. ജലാശയം തോന്നലാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ആ കാണുന്ന ജലാശയത്തോന്നലിൽ നിന്നും ജലം കോരിക്കുടിക്കാം എന്നു തോന്നിയില്ല. എന്നാലും അത് ജലാശയമല്ലെന്ന് എനിക്ക് പലപ്പോഴും മനസ്സിനോട് പറയേണ്ടിവന്നിരുന്നു. എന്നാൽ ഇത് ആദ്യമായി കാണുന്ന ഒരാൾക്കോ? മരീചികയെപ്പറ്റി അറിയാത്ത ഒരാളിന്റെ ചിന്താഗതിയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കാം. അയാളുടെ ദൃഢമായ വിശ്വാസം അതിൽ നിന്നും ജലംകുടിച്ച് തന്റെ ദാഹം തീർക്കാം എന്നുതന്നെയായിരിക്കും. അതിൽ അയാൾക്ക് സംശയത്തിന്റെ കണിക പോലും ഉണ്ടായിരിക്കുകയുമില്ല. ഞാൻ എത്ര വിശദമായി വിവരിച്ചാലും അയാൾ അത് ചെവിക്കൊള്ളുകയോ വിശ്വസിക്കുകയോ ഇല്ല. എന്തുതന്നെ ശാസ്ത്രീയത നിരത്തിയാലും അതിന് ഒരു ഫലവുമുണ്ടാകുകയുമില്ല. ഞങ്ങൾ രണ്ടുപേരും അതിനെക്കാണുന്നത് ഒരുപോലെയാണ്. എന്നാൽ അത് ഞങ്ങളിൽ ചെലുത്തുന്ന സ്വാധീനം വ്യത്യസ്ഥമാണ്. എനിക്ക് അയാളിൽ നിന്നുള്ള വ്യത്യാസം, മരീചികയെപ്പറ്റിയുള്ള ശാസ്ത്രീയവും സത്യവുമായ അറിവാണ്. അയാൾക്കില്ലാത്തതും അതുതന്നെ.

ഈ ലൗകികത്തെ മരീചികപോലെ നോക്കിക്കാണുന്നവരുണ്ട്. ഭാരതീയ ദർശനങ്ങളുടെ ഉപജ്ഞാതാക്കളിൽ ഭൂരിഭാഗവും ഈ വീക്ഷണം ഉള്ളവരാണ്. നമുക്ക് മരീചികയെ എപ്രകാരമാണോ ശാസ്ത്രീയമായി അറിയാവുന്നത് അതേപോലെതന്നെ അവരും ഏതോ ശാസ്ത്രസത്യം അനുഭവിച്ചറിഞ്ഞിട്ട് ‘ജഗത് മിഥ്യ’ എന്നു പ്രഖ്യാപിക്കുന്നു. കാനൽജലത്തെപ്പറ്റി അറിയാത്ത ആൾ എങ്ങനെയാണോ അത് ജലാശയമല്ലെന്ന് വിശ്വസിക്കാതിരിക്കുന്നത് അതുപോലെയാണ് സത്യമറിയാത്ത സാമാന്യ ജനങ്ങളും ‘ജഗത് മിഥ്യ’യെ കാണുന്നത്. പരമമായ സത്യം എന്നാണോ വെളിപ്പെടുന്നത് അതുവരേയും മരീചികയെ പാനം ചെയ്ത് ദാഹശമനം വരുത്താം എന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ടിരിക്കും. എന്നാലും മരീചിക പാനയോഗ്യമാക്കാം എന്നു വിശ്വസിക്കുന്നതിനേക്കാൾ പ്രയാസമാണ് ജഗത് മിഥ്യ എന്നു വിശ്വസിക്കുന്നത് എന്നെനിക്ക് തോന്നി.

അഹോ! മരീചികയും ജഗത് മിഥ്യയും എത്രയോ ഗഹനവും അർത്ഥഗർഭവുമാണ്!!

സോമദാസ്

No comments:

Post a Comment