Thursday 12 September 2013

സമ്പന്നത

ഉച്ചഭക്ഷണത്തിനു ശേഷം അദ്ധ്യാപകരെല്ലാം സ്റ്റാഫ്‌റൂമിൽ ഒത്തുകൂടിയിട്ടുണ്ട്. വിഷയാവതരണങ്ങൾക്കുശേഷം അതിഗഹനമായ വിഷയങ്ങളെപ്പറ്റി ഗ്രൂപ്പുചർച്ചകൾ പോലെ പലരും കൂട്ടംകൂടി സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ബഷീർ മാഷ് ഒറ്റക്ക് ഒരു സ്ഥലത്ത് മൂകനായിരിക്കുന്നതുകണ്ട് ഞാനും രാജേന്ദ്രൻപിള്ള സാറും അടുത്തുചെന്നു. ബഷീർ മാസ്റ്റർക്ക് ജീവിതത്തോട് വിരസതയാണെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അത് മാറ്റാനാണ് ഞങ്ങൾ അടുത്തുകൂടിയത്. ബഷീർ മാസ്റ്ററും ഭാര്യയും അദ്ധ്യാപകർ. രണ്ടു കുട്ടികൾ. മൂത്ത മകൾക്ക് ബാങ്കിൽ ജോലി. ഇളയ മകൻ എഞ്ചിനീയർ. രണ്ടുപേരും വിവാഹിതരായി സുഖമായി ജീവിക്കുന്നു. പുറമെ നോക്കിയാൽ ഉന്നതമായ കുടുംബം. ശാന്തമായി ജീവിക്കാം. ഒന്നിനും ഒരു കുറവുമില്ല. എന്നാൽ ബഷീർ മാസ്റ്റർക്ക് ജീവിതത്തോട് വിരസത! ഒന്നിലും ഒരു സംതൃപ്തിയില്ലായ്മ. ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ച് അദ്ദേഹത്തിന്റെ നിരാശ മാറ്റാൻ ശ്രമിച്ചു.

പെട്ടെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് ജീവിക്കണമെന്നില്ല; മരിച്ചാൽ മതിയായിരുന്നു!“

ഞാൻ സ്തംഭിച്ചുപോയി. അല്പസമയം കഴിഞ്ഞ് രാജേന്ദ്രൻ മാസ്റ്റർ പറഞ്ഞു.

“മാഷിന്റെ തീരുമാനം അതുതന്നെയാണോ? തീരുമാനം ഉറച്ചതാണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്. ഞങ്ങളുടെ സംഘടനയെപ്പറ്റി മാസ്റ്റർക്കറിയാമല്ലോ? ഞങ്ങളുടെ സംഘടനയ്ക്കേ ഉള്ളൂ രക്തസാക്ഷികളില്ലാത്തത്. മാഷ് എന്തായാലും മരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങളുടെ സംഘടനയ്ക്കുവേണ്ടി മരിച്ചാൽ ഞങ്ങൾക്ക് അതൊരു വലിയ അനുഗ്രഹമായിരിക്കും. അടുത്തമാസം നടക്കുന്ന ഓഫീസ് ഉപരോധത്തിൽ രക്തസാക്ഷിയായാൽ വലിയ ഉപകാരമായിരുന്നു.”

എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് പിരിമുറക്കം തീർന്ന് മൂന്നുപേരും പൊട്ടിച്ചിരിച്ചു.

ഭൗതിക ജീവിതത്തിൽ എന്തെല്ലാം നേടിയാലും മനസ്സ് നിയന്ത്രിതമല്ലെങ്കിൽ എല്ലാം ഉപയോഗശൂന്യം പോലെയാണ്. തനിക്കുള്ളതിനെയെല്ലാം ചെറുതാക്കി കാണാനും മറ്റുള്ളവരുടേതിനെയെല്ലാം വലുതാക്കികാണാനുമുള്ള പ്രവണത അധികം പേരിലും കാണാം. മറ്റുള്ളവരെ താഴ്ത്തിപ്പറയുന്നത്  നല്ല സംസ്കാരമല്ല. അതുപോലെ തന്നെയാണ് തന്നെപ്പറ്റിയും പറയുന്നത്. തനിക്ക് കുറച്ചേ ഉള്ളു എങ്കിലും അത് പൂർണ്ണതൃപ്തിയോടെ സ്വീകരിക്കുകയും കൂടുതലിനു വേണ്ടി പ്രയത്നിക്കുകയും വേണം. സുഖവും ദുഃഖവും, തൃപ്തിയും അതൃപ്തിയും സമ്പന്നതയും ദാരിദ്ര്യവുമൊക്കെ മനസ്സിലാണുള്ളത്. എന്തെല്ലാം ഉണ്ടെങ്കിലും തനിക്കൊന്നുമില്ലേയെന്നും മറ്റുള്ളവർക്കെല്ലാം ഉണ്ടേയെന്നും വിലപിക്കുന്നവർ എപ്പോഴും ദുഃഖത്തെ ക്ഷണിച്ചു വരുത്തുകയാണ്. അവരുടെ ജീവിതം മുഴുവനും അതൃപ്തിയും ദുഃഖപൂർണ്ണവുമായിരിക്കും. സമ്പന്നത മനസ്സിന്റെ ഒരു ഭാവമാണ്.

ഒരു സംഭവം ഓർമ്മയിൽ വരുന്നു. ഒന്നാം ക്ലാസിൽ പരീക്ഷ കഴിഞ്ഞു. എല്ലാപേർക്കും ടീച്ചർ സ്ലേറ്റിൽ മാർക്കിട്ടു കൊടുത്തു. എല്ലാപേരും സന്തോഷത്തോടെ പുറത്തേക്കുപോയി. ഒരു കുട്ടി സ്ലേറ്റു ഉയർത്തിപ്പിടിച്ച് അത്യുത്സാഹത്തോടെ തുള്ളിച്ചാടുന്നു. അവന് പതിനഞ്ചു മാർക്കുണ്ട്. ടീച്ചർ കാര്യം ചോദിച്ചു. അവന് ഇതുവരെയും പൂജ്യമാണ് കിട്ടിക്കൊണ്ടിരുന്നത്. മറ്റൊരു കുട്ടി ബഞ്ചിൽ ഇരുന്നു കരയുന്നു. ആ കുട്ടിക്ക് 49 മാർക്കേ ഉള്ളു. ഒരു മാർക്കു കുറഞ്ഞതിൽ ദുഃഖിക്കുന്നു. കഷ്ടിച്ചു ജയിച്ചവൻ സന്തോഷിക്കുമ്പോൾ ഏറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടി സങ്കടപ്പെടുന്നു. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവർ സമ്പന്നരായിരിക്കും. തന്റെ സമ്പത്തിനെ കാണാതെ അന്യന്റെ ഉയർന്ന  സമ്പത്തുമായി താരത‌മ്യം ചെയ്തു ദുഃഖിക്കുന്നവരത്രെ ദരിദ്രർ‌. അതെ! ദരിദ്രൻ സമ്പന്നനായും സമ്പന്നൻ ദരിദ്രനായും ജീവിക്കുന്നു.

                                                                                                                                           സോമദാസ്

No comments:

Post a Comment