Tuesday 17 September 2013

നെക്ലസ്

കുറച്ചു നാളായി ഭാര്യ ഒരു നെക്ലസ് വാങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു തുടങ്ങിയിട്ട്. സാമ്പത്തിക നിലയും അതിന്റെ വിലയും തമ്മിലെ അന്തരം ഓർത്ത് മന:പൂർവ്വം കുറച്ചു കാലം അത് കേൾക്കാത്തതു പോലെ നടന്നു. ഒടുക്കം അത് പറ്റില്ലെന്ന സ്ഥിതി വന്നു. ഗൃഹാന്തരീക്ഷത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ട് അടുത്ത ബോൺസ് കിട്ടുമ്പോൾ നെക്ലസ് വാങ്ങാം എന്ന് അവസാനം അവൾക്ക് ഉറപ്പു കൊടുക്കേണ്ടി വന്നു. ഇന്നിപ്പോൾ ബോണസ് കിട്ടിയിട്ടുണ്ട്. എന്തായാലും ഒരെണ്ണം വാങ്ങുക തന്നെ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അടുത്തു കണ്ട വലിയ സ്വർണ്ണക്കടയിലേക്ക് കയറി.

സ്വീകരണത്തിനൊന്നും ഒരു കുറവുമില്ല. സുമുഖരായ ചെറുപ്പക്കാർ നല്ല വസ്ത്രങ്ങളും നല്ല പെരുമാറ്റവും കൊണ്ട് ആരെയും ആകർഷിക്കുന്നു. ഭിത്തിയിലെ പെട്ടികളിലും കണ്ണാടിക്കൂടുകളിലും മഞ്ഞ ലോഹം കൊണ്ടുണ്ടാക്കിയ ആകർഷകങ്ങളായ ആഭരണങ്ങൾ അടുക്കിവച്ചിരിക്കുന്നു. അതിനകത്തു കയറിയപ്പോൾ കണ്ണിനാനന്ദവും മനസ്സിലൊരു കുളിർമയും തോന്നി. തിരിച്ചിറങ്ങുമ്പോഴും ആ തോന്നലുകൾ കണ്ടാൽ മതിയായിരുന്നു എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ നെക്ലസിന്റെ വിഭാഗത്തിലേക്ക് നടന്നു. സ്വർണ്ണത്തിന് വിലകൂടിയിട്ടും കടയിലെ തിരക്കിനൊരു കുറവുമില്ല. എങ്കിലും ആ തിരക്കിനിടയിലും ഒരു ചെറുപ്പക്കാരൻ എന്നെ സഹായിക്കാനെത്തി.

പല പല രൂപത്തിലുള്ള നെക്ലസുകൾ അയാൾ എന്നെ കാണിച്ചുകൊണ്ടിരുന്നു. കല്ലുവച്ചതും വയ്ക്കാത്തതും പഴയ ഫാഷനിലുള്ളതും ഏറ്റവും പുതിയ ഫാഷനുകളും എല്ലാം കണ്ടു. ഓരോന്നും ഒന്നിനൊന്ന് മെച്ചമായവ. അവയിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. എങ്കിലും ചുവപ്പു കല്ലുകളാൽ തിളങ്ങുന്ന ഒരു നെക്ലസ് എന്റെ കണ്ണിലുടക്കി നിന്നു. വില സ്വല്പം കൂടുതലാണ്. ഏറ്റവും പുതിയ ഫാഷനിലുള്ളത്. അതിന്റെ രൂപത്തിനും പണിക്കൂലിക്കും അധികം രൂപ കൊടുക്കേണ്ടി വരും എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു. കല്ലുകളോടെ തിളങ്ങുന്ന ആ നെക്ലസിന്റെ രൂപ ഭംഗിക്ക് അധികം പണം കൊടുത്താലും നഷ്ടമില്ലെന്ന് എനിക്കു തോന്നി. പിന്നെ ആലോചിച്ചു നിന്നില്ല. വാങ്ങി. കൂടെ എന്തോ ഗിഫ്റ്റും കിട്ടി.

കടയിൽ നിന്നിറങ്ങി എത്രയും പെട്ടന്ന് വീട്ടിലെത്തുക എന്ന ലക്ഷ്യമായിരുന്നു. നെക്സ്ലസ് കാണുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ആ നെക്ലസിന്റെ തിളക്കത്തിനേക്കാൾ പതിന്മടങ്ങ് ശോഭയുള്ളതായിരിക്കും എന്ന് മനസ്സിലോർത്തു. ആ സന്തോഷം കാണുമ്പോൾ എനിക്കുണ്ടാകുന്ന നിർവൃതിയെക്കുറിച്ചോർത്ത് നെക്ലസിന്റെ വിലയെ മറക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നെക്ലസ് കണ്ട് അവൾ തുള്ളിച്ചാടി. അവളുടെ സന്തോഷം മക്കളിലേക്കും പ്രവഹിച്ചു. വീട് മുഴുവൻ ആനന്ദത്തിൽ ലയിച്ചു. അന്ന് അതുവരെ കിട്ടാത്ത ഒരു സുഖവും സന്തോഷത്തോടും കൂടി ഞാൻ ഉറങ്ങി.

കാലം കടന്നുപോയി. പഴയ ജോലിയിൽ നിന്നും മാറേണ്ടി വന്നത് സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിരിക്കുന്നു. പുതിയ കമ്പനിയിൽ നിന്ന് കിട്ടുന്നത് മാസത്തിലെ ചിലവിനു തന്നെ തികയാതെയായി. അതിനിടയ്ക്കായിരുന്നു ആ ആക്സിഡന്റ്. ഇൻഷുറൻസ്, സമയത്ത് പുതുക്കാതിരുന്നത് വലിയ കഷ്ടമായി. ഭീമമായ നഷ്ടപരിഹാരം കൊടുക്കാൻ എവിടെ നിന്ന് പണം ഉണ്ടാക്കുമെന്നോർത്ത് ഞാൻ വിഷമിക്കുന്നതു കണ്ട് ഭാര്യ ആ നെക്ലസ് എന്നെ ഏൽ‌പ്പിച്ചു.

“ഇത് എവിടെയെങ്കിലും കൊടുത്ത് പണം വാങ്ങൂ. കാര്യങ്ങൾ നടക്കട്ടെ. പിന്നെ നമുക്ക് പണം കിട്ടുമ്പോൾ എനിക്കൊരെണ്ണം വാങ്ങിത്തന്നാൽ മതി. ഒരുപാട് തവണ ഞാൻ ഇത് അണിഞ്ഞു. ഇതിനോടുള്ള എന്റെ താല്പര്യത്തേക്കാൾ വലുതാണ് നമ്മുടെ ആവശ്യങ്ങൾ. അതുകൊണ്ട് ഇത് വിറ്റേക്കൂ!“

അവൾ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കാൻ ഒരാൾ ഉണ്ടാകുന്നത് ഒരു ആശ്വാസമാണ്. അവളോട് എനിക്ക് ആദരവ് തോന്നി. ആ നെക്ലസ് ഞാൻ അവളെ ഒന്നുകൂടി അണിയിച്ചു. അപ്പോൾ അവൾ കൂടുതൽ സുന്ദരിയായതായി കാണപ്പെട്ടു.

നെക്ലസുമായി ഞാൻ കടയിലേക്ക് തിരിച്ചു. വാങ്ങിയ കടയിൽ തന്നെ കൊടുത്താൽ വില അധികം കുറക്കില്ല എന്നുകരുതി അവിടെ തന്നെ ചെന്നു. കടയിൽ അപ്പോഴും നല്ല തിരക്ക്. നെക്ലസ് വാങ്ങാൻ ചെന്നപ്പോൾ സഹായിച്ച ചെറുപ്പക്കാരൻ തിരക്കിലായിരുന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അടുത്തു വന്നു.

“പുതിയ ഫാഷനിലുള്ള ആഭരണങ്ങൾ വന്നിട്ടുണ്ട്. എന്താണ് സാറിന് വേണ്ടത്?” അയാൾ ഹസ്തദാനം ചെയ്തുകൊണ്ട് ചോദിച്ചു.

“ഈ നെക്ലസ് ഇവിടെ നിന്ന് വാങ്ങിയതാണ്. ഇപ്പോൾ വിൽക്കാനാണ് വന്നിരിക്കുന്നത്.”

അയാൾ നെക്ലസ് വാങ്ങി ഉരച്ചു നോക്കി.

“ഇതിന്റെ കല്ലുകളൊക്കെ മാറ്റണം. എന്നിട്ട് എത്ര തൂക്കമുണ്ടെന്ന് പറയാം. എന്തായാലും 10% കുറവ് വരുത്തും.” അയാൾ പറഞ്ഞു.

“അതെങ്ങനെയാ ശരിയാകുക. വാങ്ങാൻ വന്നപ്പോൾ ഇതിന്റെ കല്ലിനും രൂപഭംഗിക്കും ചേർത്തല്ലേ വിലയിട്ടത്. വാങ്ങിയിട്ട് അധികം ആയതുമില്ല.” എനിക്ക് ദേഷ്യം വന്നു.

“സാറ് ദേഷ്യപ്പെടണ്ട. എല്ലായിടത്തും ഇങ്ങനെയാണ്. സ്വർണ്ണത്തിനാണ് കാശ്. ബാക്കിയൊക്കെ വെറുതെയാണ്. വേണമെങ്കിൽ ഞാൻ സ്വർണ്ണം തൂക്കി പണം തരാം.”

ആവശ്യക്കാരൻ നമ്മളായിപ്പോയില്ലേ. ഞാൻ അനുവാദം കൊടുത്തു. ആ നെക്ലസിന്റെ രൂപഭംഗി അയാൾ ശ്രദ്ധിച്ചതേയില്ല.അയാൾ നിഷ്കരുണം ആ കല്ലുകൾ ഓരോന്നും വലിച്ചിളക്കി.  എന്നിട്ട് അത് കൊണ്ടുപോയി ഒന്ന് ചൂടാക്കി കൊണ്ടുവന്നു. അഴുക്ക് കളയാനാണുപോലും. തിളക്കവും ഭംഗിയുമുണ്ടായിരുന്ന ആ നെക്ലസ് ഇപ്പോൾ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരിക്കുന്നു. ബില്ലടിക്കാൻ കൊടുത്തിട്ട് ഞാൻ ഓരോന്നാലോചിച്ചുകൊണ്ട് അവിടെ ഇരുന്നു.

ഈ പ്രപഞ്ചത്തിലെ പദാർത്ഥങ്ങളെല്ലാം എന്നും ആകൃതി മാറിക്കൊണ്ടിരിക്കും എന്ന് എനിക്ക് തോന്നി. ഇന്ന് നെക്ലസെന്ന് വിളിച്ച് ഞാൻ കൊടുത്തത് നാളെ വളയായി ഈ കണ്ണാടിചില്ലുകളിൽ വരും. ഞാൻ ആ രൂപത്തെയാണ് ഒരു പേരിട്ട് വിളിച്ചത്. ആ രൂപത്തെയാണ് അവൾ മതിപ്പോടെ കണ്ട് ആനന്ദിച്ചിരുന്നത്. ആ രൂപത്തിനാണ് ഞാൻ അധിക പണം നൽകിയത്. ഇന്ന് ആ രൂപം ഇല്ല. പക്ഷേ ആ രൂപം നിർമ്മിക്കാൻ ഉയോഗിച്ച സാധനം എന്റെ മുന്നിൽ ഇരിക്കുന്നു. അതായത് രൂപം സത്യമല്ല. ഇന്ന് ഞാൻ ഉപയോഗിക്കുന്ന കട്ടിൽ ഉപയോഗിച്ച് നാളെ കസേര പണിയാം. ഒന്നാലോചിച്ചാൽ നമ്മളും വെറും രൂപങ്ങൾ മാത്രം. ഓരോ രൂപത്തേയും ഓരോ പേരിട്ട് വിളിക്കുന്നു. ജനീഷും ബിനീഷും ബഷീറും യോഹന്നാനും.. സ്ഥൂലം സൂക്ഷ്മമാകുന്നു! സൂക്ഷ്മം സ്ഥൂലമാകുന്നു. സൂക്ഷ്മമായ വിത്തിൽ നിന്നും വടവൃക്ഷങ്ങൾ ഉണ്ടാകുന്നു. സ്ഥൂലമായ ഈ ശരീരം വിട്ട് ഞാൻ സൂക്ഷ്മമായി പ്രപഞ്ചത്തിൽ ലയിക്കുന്നു. ലയിക്കുന്നു എന്നതിന് നശിക്കുന്നു എന്നർത്ഥമില്ല. പ്രപഞ്ചത്തിൽ ഒന്നും പുതിയതായി ഉണ്ടാകുന്നതുമില്ല ഇല്ലാതാകുന്നുമില്ല.

ഇത്രയും ആയപ്പോഴേക്കും ബില്ല് വന്നു. ചിന്തിച്ചാൽ ഒരു അന്തവുമില്ല; ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല. നെക്ലസെന്ന രൂപത്തെ ഉപേക്ഷിച്ച് സ്വർണ്ണം വിറ്റ പണവുമായി ഞാൻ കടങ്ങൾ വീട്ടാനായി നടന്നു നീങ്ങി.

2 comments:

  1. ഒന്നും പുതിയതായി ഉണ്ടാകുന്നതുമില്ല ഇല്ലാതാകുന്നുമില്ല....... അപ്പോള്‍ ആ ദിനോസറുകള്‍ എവിടെ പോയി കാണും?

    ReplyDelete
  2. ഒരു കുഞ്ഞ് ദിനോസർ ഞാനായും മറ്റൊന്ന് ലാലു അണ്ണനുമായി മാറി...

    ReplyDelete