Thursday 5 September 2013

ഞാൻ!

ഗോപാലൻ മുതലാളി നല്ല പണക്കാരനാണ്. വലിയ ഒരു ഇറച്ചിക്കട നടത്തുന്നു. ഒരുപാട് കോഴികളും മുയലുകളും ആടും മാടുമൊക്കെയുള്ള ഒരു ഇറച്ചിക്കട. അത്രയും വലിയ ഒരു ഇറച്ചിക്കട അടുത്തെങ്ങുമില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ശുദ്ധമായ ഇറച്ചി വാങ്ങാൻ ആളുകൾ വന്നുകൊണ്ടേയിരുന്നു. നല്ല വരുമാനം.

ഗോപാലൻ പണ്ട് ഗൾഫിലായിരുന്നു. അവിടെ നിന്നു കുറെ പണമുണ്ടാക്കി. ഒടുവിൽ മതിയാക്കി നാട്ടിലെത്തി. ഉണ്ടാക്കിയ പണം അയാൾ പലിശയ്ക്ക് കൊടുത്തു. കാശ് കുമിഞ്ഞു കൂടി. പലരുടെയും പിരാക്കുകൊണ്ടാണോ എന്തോ ഒരിക്കൽ അയാൾക്ക് ഒരു അക്കിടി പറ്റി. ഭീമമായ ഒരു സംഖ്യ ഒരാൾ പറ്റിച്ചുകൊണ്ടുപോയി. കേസും വഴക്കിനുമൊടുവിൽ ഈടു വച്ച വസ്തുവു പോലും ലഭിക്കാതെയായി. അതോടെ അയാൾ ആ ഏർപ്പാട് നിർത്തി. പിന്നെ തുടങ്ങിയതാണ് ഈ ഇറച്ചിക്കട. എന്തായാലും ആ കച്ചവടത്തിൽ അയാൾ പച്ചപിടിച്ചു. നല്ല ഒരു കുടുംബത്തിലേക്ക് മകളെ കെട്ടിച്ചയച്ചു. ഇനി ഒരു മകനുണ്ട്. അച്ഛനെ സഹായിച്ച് അവൻ കൂടെയുണ്ട്.

ഇത്രയൊക്കെയായാലും കോഴിയേയും മറ്റും സ്വന്തം കൈകൊണ്ട് കൊന്നാലേ ഗോപാലൻ മുതലാളിക്ക് തൃപ്തിയാകൂ. പണ്ടേ തുടങ്ങിയ ശീലമാണ്. കോഴിയുടെ കഴുത്തൊടിച്ച് കൂടെയിലിടുമ്പോൾ മരണവെപ്രാളത്തിൽ അത് കിടന്ന് കൈകാലിട്ടടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു ദിവസം കേട്ടില്ലെങ്കിൽ ഒരു ഉന്മേഷവും തോന്നാറില്ല. അങ്ങനെയുള്ള ഓരോ ശബ്ദവും കാശാണെന്ന ബോധം അതിന്റെ മാധുര്യം കൂട്ടിക്കൊണ്ടിരുന്നു.

ഒരു ദിവസം പതിവുപോലെ ആവശ്യക്കാരൻ ചൂണ്ടിക്കാണിച്ച കോഴിയുടെ കഴുത്തൊടിച്ച് കൂടയിലിട്ട് അത് കിടന്ന് പിടയ്ക്കുന്നതും നോക്കി നിന്ന അയാൾക്ക് തല കറങ്ങുന്നതായി തോന്നി. അതിനെ ശരിയാക്കി കൊടുക്കാൻ മകനെ ഏല്പിച്ചിട്ട് ഗോപാലൻ മുതലാളി വീട്ടിലേക്ക് പോയി. വീടിന്റെ പടിക്കൽ വരെ എത്തിയപ്പോഴേക്കും അയാളുടെ ബോധം പോയി. വീട്ടുകാർ വേഗം തന്നെ അയാളെ നല്ല ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലച്ചോറിൽ രക്തസ്രാവമാണ്. രക്ഷപെടുന്ന കാര്യം സംശയമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അത്യാഹിതവിഭാഗത്തിൽ യന്ത്രങ്ങളുടെ സഹായത്തിൽ അയാൾ കിടന്നു.

........................................................................................................

ഗോപാലൻ മുതലാളിയുടെ കൂട്ടിലെ കോഴി ഒരു മുട്ടയിട്ടു. കുറച്ചുദിവസങ്ങൾ കഴിഞ്ഞു. മുട്ട വിരിഞ്ഞ് ഒരു കോഴിക്കുഞ്ഞ് പുറത്തുചാടി. ആ കോഴിക്കുഞ്ഞ് ചുറ്റും അത്ഭുതത്തോടെ നോക്കി. എല്ലാം പരിചിതമായ സ്ഥലങ്ങൾ. അതിന് അത്ഭുതം അടക്കാൻ കഴിയുന്നില്ല.

“ഇതെന്റെ വീടല്ലേ?” കോഴിക്കുഞ്ഞ് തന്നോടുതന്നെ ചോദിച്ചു.

“അപ്പോൾ ഞാൻ?...... ഞാൻ ഗോപാലൻ.... പക്ഷേ ഈ രൂപം???” കോഴിക്കുഞ്ഞിന് എന്തുചെയ്യണമെന്നറിയാതെയായി.

“ഇതെന്റെ വീട് തന്നെ! ഈ കോഴിക്കൂട് ഞാൻ ഉണ്ടാക്കിയതാണ്! ചുറ്റുമുള്ള മരങ്ങളും ചെടികളും എല്ലാം ഞാൻ നട്ടുവളർത്തിയവ തന്നെ! പക്ഷേ ഞാൻ....” കോഴിക്കുഞ്ഞ് മയങ്ങിവീണു.

ബോധം വീണപ്പോൾ കോഴിക്കുഞ്ഞ് അതിന്റെ തള്ളക്കോഴിയുടെ അടുത്തുതന്നെയായിരുന്നു. താൻ വാത്സല്യത്തോടെ വളർത്തിയ ചക്കിപ്പൂച്ച തന്നെ നോക്കി നാക്ക് നുണയുന്നത് കണ്ട് ഗോപാലൻ ഞെട്ടി. താൻ വളർത്തി വലുതാക്കിയ ടൈഗറിന്റെ കുര കേട്ട് ആ കോഴിക്കുഞ്ഞ് ഞെട്ടി വിറച്ചു. പെട്ടന്ന് ഒരു കൂട് തുറക്കുന്ന ശബ്ദം കേട്ട് കോഴിക്കുഞ്ഞ് തലപൊക്കി നോക്കി. തന്റെ മകൻ അതാ ഒരു കോഴിയെ പിടിക്കുന്നു. ഗോപാലന് അവനെ വിളിക്കണമെന്ന് തോന്നി. ശബ്ദം പുറത്തുവരുന്നില്ല. മകൻ പിടിച്ചുകൊണ്ടുപോയ കോഴിയുടെ നിലവിളി ആ കോഴിക്കുഞ്ഞിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന്റെ കൂടെ കൂട്ടിലുണ്ടായിരുന്ന മറ്റ് കോഴികളും ഉറക്കെ നിലവിളിക്കുന്നു. എങ്ങും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ മാത്രം. കോഴിക്കുഞ്ഞായ ഗോപാലൻ തള്ളക്കോഴിയോട് ചേർന്നിരുന്നു.

ദിവസങ്ങൾ കടന്നുപോയി. ആ കോഴിക്കുഞ്ഞ് വളർന്നു. ഓരോ ദിവസവും അത് ഭയത്തോടെ മാത്രം തള്ളിനീക്കി. ഗോപാലനായിരുന്നപ്പോൾ താൻ സഹകരിച്ചിരുന്ന പലരും അവിടെ വന്നു പോയി. അവരെല്ലാം ഭയം മാത്രമാണ് ഇപ്പോൾ തരുന്നത്. ഓരോ കാലടി ശബ്ദവും ആ കോഴിക്ക് ഞെട്ടലുണ്ടാക്കി. ഒരു ദിവസം തന്റെ മകളും മരുമകനും പേരക്കുട്ടികളും വീട്ടിലേക്ക് കയറിപ്പോകുന്നത് അയാൾ കണ്ടു. പേരക്കുട്ടികൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അയാൾക്ക് സന്തോഷം തോന്നി.

“ഇതിനെ മതി!“ മകളുടെ ശബ്ദം കേട്ട് ഗോപാലൻ ഞെട്ടിവിറച്ചു. മകൻ അതാ തന്റെ നേരെ വരുന്നു. ഗോപാലൻ കുതറി മാറാൻ നോക്കി. പക്ഷേ കഴിഞ്ഞില്ല. നിത്യഭ്യാസിയെപ്പോലെ  മകൻ ആ കോഴിയുടെ കഴുത്തിൽ പിടിമുറുക്കി. ഗോപാലന് തന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടുവെന്ന് മനസ്സിലായി.

“വേണ്ട മോനേ.. ഇത് നിന്റെ അച്ഛനാണ്!” എന്ന് പറയാൻ അയാൾ കൊതിച്ചു. കോഴി തന്റെ കണ്ണുകൾ മുറുക്കി അടച്ചു.

........................................................................................................

ഗോപാലൻ മുതലാളിയുടെ കൂട്ടിലെ മുയൽ പ്രസവിച്ചു. ഒരുപാട് കുഞ്ഞുങ്ങൾ. ഒരു കുഞ്ഞ് പതുക്കെ തലപൊക്കി നോക്കി. നല്ല പരിചിതമായ സ്ഥലം..

“ഇതെന്റെ വീടു തന്നെ... ഞാൻ ഗോപാലൻ... മുൻപ് ഞാൻ കിടന്നത് ആ കോഴിക്കൂട്ടിലാണ്.. ഇപ്പോൾ മുയലിന്റെ കൂട്ടിലും..” കുഞ്ഞുമുയൽ ആത്മഗതം ചെയ്തു. അത് തന്റെ തള്ളയുടെ മാറിലേക്ക് ചേർന്നു കിടന്നു.

എല്ലാം പഴയതുപോലെ തന്നെ. കോഴിയായിരുന്നപ്പോൾ അനുഭവിച്ചിരുന്നതിന്റെ ഇരട്ടി ദുഃഖവും ഭയവുമാണ് ഇപ്പോൾ അതിന്. ചുറ്റും പേടിപ്പെടുത്തുന്ന രൂപങ്ങൾ മാത്രം. ഉറക്കം വരാത്ത രാത്രികൾ. മുയലായ ഗോപാലന്റെ അവസ്ഥ ഭീകരമായിരുന്നു. നിസ്സഹായമായ ഒരു ജന്മം. എങ്ങും പതിയിരിക്കുന്ന അപകടങ്ങൾ. ഗോപാലൻ അശക്തനായി അത്യധികം വിഷാദത്തോടെ ആ കൂട്ടിൽ കഴിഞ്ഞു.

ഒരു ദിവസം സന്ധ്യയായി. മകൻ കൂടുകൾ ഓരോന്നും അടയ്ക്കുന്നത് ഗോപാലൻ മുയൽ നോക്കി നിന്നു. അവനെന്താണ് തന്റെ കൂട് അടയ്ക്കാത്തത്? അവൻ മറന്നുപോയിരിക്കുന്നു. ഞാൻ പണ്ട് അവനെ ഇതുപോലെ അശ്രദ്ധ കാണിക്കുമ്പോൾ ഒരുപാട് ശകാരിച്ചതാണ്. പക്ഷേ എന്തു പ്രയോജനം? ഗോപാലന് ദേഷ്യം വന്നു.

നേരം ഇരുട്ടുന്തോറും ഗോപാലന് ഭയം കൂടിക്കൊണ്ടിരുന്നു. കൂട് അടച്ചിട്ടില്ല. എന്തും സംഭവിക്കാം. കൂടിന് വെളിയിൽ അനക്കം കേട്ട് കുഞ്ഞ് മുയൽ തലപൊക്കി നോക്കി. നിലാവെളിച്ചത്തിൽ രണ്ട് തീക്കട്ട കണ്ണുകൾ. ഗോപാലൻ ഞെട്ടിവിറച്ചു. ചക്കിപ്പൂച്ചയാണ്! അത് തന്റെ നേരെ നടന്നടുക്കുകയാണ്. ഒഴിഞ്ഞുമാറാൻ കഴിയുന്നതിനു മുൻപ് പൂച്ച മുയലിന്റെ കഴുത്തിൽ കടിച്ചെടുത്തു ദൂരേക്ക് ഓടിപ്പോയി.

“ചക്കീ, ഇത് നിന്റെ യജമാനനാണ്. പാലും മീനും ഒക്കെ തന്ന് നിന്നെ വളർത്തി വലുതാക്കിയവൻ!“ ഗോപാലന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി. പക്ഷേ ഒരു ശബ്ദവും പുറത്തു വന്നില്ല. പ്രാണവേദനയോടെ മുയൽ കണ്ണുകൾ ഇറുക്കിയടച്ചു.

........................................................................................................

“ഇത് ഒരു അത്ഭുതം തന്നെ! ഇത്രയും അത്യാസന്നനിലയിലായിരുന്ന ഒരു രോഗി രക്ഷപെട്ട ചരിത്രമില്ല. ഇനി പേടിക്കാനില്ല. വാർഡിലേക്ക് മാറ്റാം!“ ഡോക്ടർമാരുടെ ശബ്ദം കേട്ട് ഗോപാലൻ മുതലാളി കണ്ണുതുറന്നു. ചുറ്റും നിന്ന ബന്ധുക്കളെയെല്ലാം അയാൾ തിരിച്ചറിഞ്ഞു. അയാൾ തന്നെത്തന്നെ ഒന്നു നോക്കി.

“അതെ.. ഞാൻ ഗോപാലൻ തന്നെയാണ്!“ അയാൾ ദീർഘനിശ്വാസം കഴിച്ചു.

അസുഖം മാറി വീട്ടിലെത്തിയത് ഒരു പുതിയ ഗോപാലൻ ആയിരുന്നു. ഇറച്ചിക്കട എന്നന്നേക്കുമായി അടച്ചുപൂട്ടി. പക്ഷേ ആ കോഴിക്കൂടും മുയലിന്റെ കൂടും അയാൾ അവിടെ നിന്നും മാറ്റിയില്ല. എന്നും അയാൾ ആ കൂടുകളുടെ അടുത്തു ചെല്ലും. അതിനടുത്തെത്തുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ആ ഭയം അയാളെ എല്ലാ തെറ്റുകളിൽ നിന്നും അകറ്റി ഒരു പുതിയ മനുഷ്യനാക്കി.

 വാൽക്കഷ്ണം :-

നമ്മളോരോരുത്തരും ഓരോ ഗോപാലൻ മുതലാളിമാരാണ്. തിരുത്താൻ സമയമായി. മൃത്യു എന്ന ഒരു അവസ്ഥയേയില്ല. ഇവിടെയാരും മരിക്കുന്നുമില്ല ആരും ജനിക്കുന്നുമില്ല. മൃത്യു എന്നത് ബ്രഹ്മജ്ഞാനത്തിൽ നിന്നുള്ള വ്യതിചലനമാണ്. ജ്ഞാനമാണ് അമരത്വം നേടാനുള്ള ഏക മാർഗ്ഗം.  അജ്ഞാനത്തിൽ നിന്നുണ്ടായ മനസ്സും മനസ്സിൽ ആത്മാവിന്റെ പ്രതിബിംബമായ ജീവനും ജീവന്റെ തോന്നലായ ഈ ജഗത്തും ഇല്ലെന്ന് കരുതിയാൽ അവശേഷിക്കുന്നതാണ് “ഞാൻ”! സമുദ്രത്തിലെ തിരമാലകൾ ഓരോന്നും തമ്മിൽ മത്സരിക്കുന്നു, കലപില കൂടുന്നു, തങ്ങളുടെ ശക്തിയിൽ ഊറ്റം കൊള്ളുന്നു. ഇതുപോലെയാണ് നമ്മൾ ഓരോരുത്തരും. എപ്പോഴാണോ തിരമാലയ്ക്ക് ഞാനും സമുദ്രമാണെന്ന് തോന്നുന്നത് അപ്പോഴാണ് യഥാർത്ഥ ജ്ഞാനത്തിന്റെ തുടക്കം.


No comments:

Post a Comment