Tuesday, 23 September 2014

രാജപദവി

“മന്ത്രിമുഖ്യാ, നമ്മെ ഇത്രയും നേരം ഇക്ഷു നീര് പോലെ മധുരമുള്ള കവിതകൾ കൊണ്ട് ആനന്ദിപ്പിച്ച ഈ മഹാപണ്ഡിതന് അമ്പത് പൊൻപണം സമ്മാനമായി കൊടുക്കാൻ നാം ഉത്തരവിടുന്നു.”

രാജാ ജെനിഷൻ നീണാൾ വാഴട്ടേ... രാജാ ജെനിഷൻ നീണാൾ വാഴട്ടേ.... എന്നിങ്ങനെ പൗരാവലിയുടെ ശബ്ദഘോഷങ്ങൾ മുഴങ്ങുന്നതിനിടയിൽ ഞാൻ സ്വർണ്ണസിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. മന്ത്രിമാരുടെയും പൗരമുഖ്യരുടെയും കുനിഞ്ഞ ശിരസ്സുകളെയും ജയ് വിളികളെയും പിന്നിലാക്കി രാജസഭയുടെ ആ ചുവന്ന പരവതാനിയിലൂടെ ഞാൻ നടന്നു. പ്രഭാതം മുതൽ രാജ്യകാര്യങ്ങളിൽ മനസ്സ് വ്യാപരിച്ചിരുന്നതിനാൽ സ്വല്പം ക്ഷീണം അനുഭവപ്പെടുന്നു. ആരെയും ശല്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഭടന്മാരെ ചട്ടം കെട്ടി ഞാൻ പള്ളിയുറക്കത്തിനായി അന്തഃപുരത്തിലേക്ക് പ്രവേശിച്ചു. സുഖനിദ്ര കാംക്ഷിച്ചുകൊണ്ട് പട്ടുമെത്തയിൽ കിടന്ന എന്റെ അരികിലിരുന്നുകൊണ്ട് റാണി വെഞ്ചാമരം മെല്ലെ വീശി. പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണൂ.

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഉദ്ദ്വേഗവദനയായി റാണി എന്നെ തട്ടിവിളിക്കുന്നു.

“ക്ഷമിക്കണം പ്രഭോ! ഉറക്കത്തിൽ അങ്ങ് വല്ലാതെ കരയുന്ന ശബ്ദം കേട്ട് ഞാൻ ഭയന്നുപോയി. അതിനാലാണ് അങ്ങയെ ഉണർത്തണമെന്ന് നിരീച്ചത്.”

ഞാൻ പറഞ്ഞു.  “നല്ലത്... സമാധാനമായി... നാം ഒരു സ്വപ്നം കാണുകയായിരുന്നു. സ്വപ്നത്തിൽ നാം ചെയ്ത കൊടും പാതകത്തിന് പ്രായശ്ചിത്തം ചെയ്യുന്നതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഇനിയിപ്പോൾ അത് വേണ്ടല്ലോ! സ്വപ്നത്തിലെ തെറ്റിന് പരിഹാരം കാണണമെന്ന് ഒരു ശാസ്ത്രത്തിലും പറഞ്ഞിട്ടില്ല.”

“വിരോധമില്ലെങ്കിൽ അങ്ങ് കണ്ട സ്വപ്നത്തെക്കുറിച്ച് എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.”

റാണിയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ആ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും നാം ലജ്ജിതനാകുന്നു. മദ്യത്തിന് അടിപ്പെട്ട് ഒരു സാധുപെൺകുട്ടിയെ കയറിപിടിച്ചു. അതുകണ്ട് നമ്മെ തടയാനെത്തിയ അവളുടെ അനുജനെ വാളിനിരയാക്കി. മദ്യത്തിന്റെ പ്രഭാവം വിട്ടനേരം ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് വിലപിക്കുമ്പോഴാണ് റാണി നമ്മെ ഉണർത്തിയത്.”

ആരോ ശക്തിയായി കാലിൽ പിടിച്ച് വലിക്കുന്നു ഞാൻ കണ്ണുതുറന്നു. എയർകണ്ടീഷ്ണറുടെ മുരൾച്ചയും മുറിയിൽ നല്ല തണുപ്പും! പതുക്കെ കിടക്കയിൽ എണീറ്റിരുന്നു. ഞാൻ രാജാവല്ലേ? അതും ഒരു സ്വപ്നമായിരുന്നോ? സ്വപ്നത്തിൽ മറ്റൊരു സ്വപ്നം! സ്വപ്നത്തിലെ രാജ്യത്തിൽ നിന്നും രാജ്യഭ്രഷ്ടനാക്കപ്പെട്ടതോർത്ത് എനിക്ക് ചിരിയാണ് വന്നത്. ലോകത്തിലൊരു രാജാവും രാജപദവി നഷ്ടപ്പെട്ടപ്പോൾ ചിരിച്ചു കാണില്ല!

“കൊച്ചുവെളുപ്പാൻ കാലത്ത് കിടക്കപ്പായയിൽ ഇരുന്നു വെളുക്കനെ ചിരിക്കാതെ എണീറ്റ് പല്ലുതേക്കാൻ നോക്ക് മനുഷ്യാ... ഇന്ന് ഓഫീസിലൊന്നും പോണ്ടേ? നേരം വൈകി..” അവൾ അടുക്കളയിലേക്ക് നടന്നു.

ഞാൻ പതുക്കെ കയ്യിലൊന്ന് നുള്ളി നോക്കി. സ്വപ്നത്തിലെ തെറ്റിനെക്കുറിച്ചോർത്ത് ആരും പശ്ചാത്തപിക്കാറില്ല. സ്വപ്നത്തിലെ രാജപദവി നഷ്ടമാകുമ്പോൾ ആരും ദുഃഖിക്കാറുമില്ല. ഈ ഉണർന്നിരിക്കുന്ന ശരീരം സ്വപ്നത്തിലില്ലായിരുന്നു. സ്വപ്നത്തിലെ രാജാവ് ഇപ്പോൾ ഇല്ല തന്നെ. ഇനിയും ഞാൻ ഉണരേണ്ടതുണ്ടോ? ഇതും ഒരു സ്വപ്നമായെങ്കിൽ!!

Tuesday, 16 September 2014

മായ

“എടാ, നീ അവളെ കണ്ടോ. എന്തു ഭംഗിയാണ് കാണാൻ. കണ്ണെടുക്കാൻ തോന്നുന്നില്ല..”

ഇടനാഴിയിലൂടെ നടന്നുവരുന്ന സുന്ദരിക്കുട്ടിയെ നോക്കി ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു. ഞാനും എന്റെ കൂട്ടുകാരനും ഞങ്ങളുടെ ക്ലാസിന്റെ മുന്നിലുള്ള അരഭിത്തിയിൽ കയറി കാലുമാട്ടി ഇരിക്കുമ്പോഴാണ് അവളുടെ വരവ്.

"അവൾക്ക് ആ ചുരിദാറ് നന്നായി ഇണങ്ങുന്നുണ്ട്. എന്താ ഫ്രെഷ്നസ്സ്.. വാരണം ആയിരത്തിലെ സമീറാ റെഡ്ഡിയെപ്പോലുണ്ട്. നീ ഇതൊന്നും കാണുന്നില്ലിയോടേ?” ഞാൻ എന്റെ കൂട്ടുകാരനെ തോണ്ടിവിളിച്ചുകൊണ്ട് ചോദിച്ചു.

“എല്ലാം കാണുന്നുണ്ടേ! ഇന്നലെയും അവൾ ഇതുവഴിപോയപ്പോൾ നീ ഈ ഡയലോഗ് ഒക്കെത്തന്നെയല്ലേ പറഞ്ഞത്. അവൾ ഇന്നലെ ഇട്ട ചുരിദാർ തന്നെയാണ് ഇന്നും ഇട്ടിരിക്കുന്നത്.” അവൻ പറഞ്ഞു.

അത് ശ്രദ്ധിക്കാതെ ഞാൻ തുടർന്നു. “എന്ത് മുഖശ്രീയാടാ അവൾക്ക്. അവൾ പാസ്സ് ചെയ്തപ്പോൾ അടിച്ച ആ കാറ്റിന് എന്ത് സുഗന്ധം. ശാലീന സുന്ദരി...”

“എടാ അത് ഞാൻ അടിച്ച പെർഫ്യൂമിന്റെ ഗന്ധമാ... ഞാൻ കൈ പൊക്കിയപ്പോൾ മണം നിനക്ക് കിട്ടിയതാ..” അവൻ പതുക്കെ പറഞ്ഞു.

ഞാൻ തുടർന്നു.

“അവൾ കടന്നുപോയപ്പോൾ എന്നെ നോക്കിയത് നീ കണ്ടോ? അപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരിയുണ്ടായിരുന്നു. എനിക്ക് ഒറപ്പാ‍ണ് മോനേ, അവൾക്ക് എന്നോട് എന്തോ ഒരു ‘ഇത്‘ ഉണ്ട്!!“

“അവൾ നിന്നെയല്ല നോക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.” അവൻ പറഞ്ഞു.

ഞാൻ അവനെ രൂക്ഷമായൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

“ഒന്നെണീറ്റ് പോകാൻ വല്ലതും തരണോ? മണവും ഗുണവും ഇല്ലാത്തവൻ!”

ഇതുകേട്ട് അവൻ ചിരിച്ചു. ഞാൻ എണീറ്റിട്ട് പറഞ്ഞു.

“നീ ഇവിടെ ഇരിക്ക്. എന്തായാലും ഞാൻ അവളെ പരിചയപ്പെടാൻ പോവുകയാ.“

അവൻ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും ഞാൻ പെട്ടന്ന് നടന്നു നീങ്ങി.

“എക്സ്ക്യൂസ് മീ.” അവളുടെ അടുത്തെത്തി ഞാൻ പറഞ്ഞു.

അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ജീവൻ അല്ലേ?”

“അതെ, എന്നെ അറിയാമോ? എന്താ കുട്ടിയുടെ പേര്?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“എന്റെ പേര് മായ. സോറി, എന്റെ ക്ലാസ്സ് തുടങ്ങി. ഞാൻ പോട്ടേ. ലേറ്റ് ആകും. പിന്നെക്കാണാം”

“ഏത് ബാച്ചാ?” ഞാൻ പെട്ടന്ന് ചോദിച്ചു.

“ഫസ്റ്റ് ഇയർ സുവോളജി.” അവൾ നടന്നു നീങ്ങി.

“എടാ, സക്സസ്സ്.. പരിചയപ്പെട്ടു. അവൾക്ക് എന്റെ പേരറിയാം. അവൾ മായ... എന്താ‍ാ‍ാ പെണ്ണ്!” ഞാൻ എന്റെ കൂട്ടുകാരന്റെ അടുത്തെത്തി പറഞ്ഞു.

“എടാ അത് എനിക്കറിയാവുന്ന കുട്ടിയാ. അവൾ അങ്ങനെ പലതും കാണിക്കും. നീ അതു കണ്ട് വീണുപോകരുത്. അവൾ പലരേയും ഇങ്ങനെ വീഴ്ത്തിയിട്ടുണ്ട്. അവളുടെ പിന്നാലെ പോയി നിന്റെ വിലപ്പെട്ട സമയം വെറുതെ കളയരുത്.” അവൻ പറഞ്ഞു.

ഞാൻ ജീവൻ. അവൻ പരമൻ. എന്റെ ഒരേ ഒരു സുഹൃത്ത്. ഒരു വൃക്ഷത്തിന്റെ കൊമ്പിലിരിക്കുന്ന രണ്ട് കിളികളെപ്പോലെ ആ അരഭിത്തിയിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾ തർക്കിക്കുകയാണ്. മായയെ ചൊല്ലി. ഞാൻ പൂർണ്ണമായും മായയിൽ ആകൃഷ്ടനാണ്. അവൻ നിസ്സംഗനായി എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

ഓരോ തവണ കാണുമ്പോഴും മായ കൂടുതൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നുന്നു. അവളുടെ ഭാവപ്രകടനങ്ങളിൽ നിന്ന് അവൾക്ക് എന്നോട് ഇഷ്ടമാണെന്ന് ഞാൻ ധരിക്കുന്നു. അവളുടെ പുഞ്ചിരി എന്നെ പൂർണ്ണമായി കീഴടക്കുന്നു. എന്റെ കൂട്ടുകാരന്റെ ഉപദേശങ്ങളൊന്നും ശ്രദ്ധിക്കാൻ എനിക്ക് ശക്തിയില്ലാതാകുന്നു. അവൾ എല്ലാം എന്നിൽ നിന്ന് മറയ്ക്കുന്നു. അവൻ സകലതിനേയും പ്രകാശിപ്പിക്കുന്നു. ഇത് അനുസ്യൂതം തുടരുന്നു.

Tuesday, 9 September 2014

പുലികളി

ഘോഷയാത്ര വരുന്നതുകണ്ട് ഞങ്ങൾ വഴിയരുകിൽ കാത്തുനിന്നു. ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള ഘോഷയാത്രയാണ്. മഹാബലിയും, വാമനനും, പുലികളിയും, മയിലും, പെൺവേഷം കെട്ടിയവരും ചെണ്ടമേളവും പിന്നെ കുറെ വിദേശികളും എല്ലാം കൂടി നാടിളക്കിക്കൊണ്ട് ഘോഷയാത്ര കടന്നു വന്നുകൊണ്ടിരിക്കുന്നത് കണ്ട് ഞാനും മകനും വലിയ ഉത്സാഹത്തിലായി. പുലികളിക്കാർ വരുന്നതുകണ്ടപ്പോൾ മകൻ എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചോദിച്ചു,

“അച്ഛാ, ആ പുലി കടിക്കുമോ?”

“അത് കടിക്കത്തൊന്നുമില്ല. ഒരാൾ വേഷം കെട്ടിയതല്ലേ.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും പുലികളി ഞങ്ങളുടെ അടുത്തെത്തി. കുട്ടിയെ കണ്ട് പുലികളിക്കാരൻ ഞങ്ങളുടെ നേരെ ചാടി അടുത്തു. ഇത് കണ്ടതോടെ മകൻ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പുറകോട്ടോടി. ഞാൻ അവന്റെ അടുത്തുചെന്ന് സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു,

“അയ്യേ, എന്തിനാ പേടിച്ചെ! അച്ഛൻ പറഞ്ഞില്ലിയോ അതൊരു മാമൻ പുലിവേഷം കെട്ടിയതാണെന്ന്?”

ഞാൻ അവനെ എടുത്ത് പുലികളിക്കാരന്റെ അടുത്തു കൊണ്ടുച്ചെന്ന് ഒരു ഷേക്ക് ഹാൻഡ് കൊടുപ്പിച്ചപ്പോൾ അവന്റെ പേടിമാറി. ഞങ്ങൾ പതിയെ വീട്ടിലേക്ക് നടന്നു.

ഘോഷയാത്രയുടെ ദൃശ്യങ്ങൾ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞുവെങ്കിലും ആ ചോദ്യം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. “ആ പുലി കടിക്കുമോ?” പുലിവേഷം കെട്ടിയ ആൾക്ക് പുലിയായി മാറി ആൾക്കാരെ കടിച്ച് കൊല്ലാൻ ആഗ്രഹം ഉദിക്കുമോ? സ്ത്രീ വേഷം കെട്ടിയ ഒരാൾ ഭർത്താവിനെ കിട്ടാൻ ആഗ്രഹിക്കുമോ? ഇല്ലേയില്ല! അവരൊക്കെ പ്രാരബ്ധം കൊണ്ട് വേഷം കെട്ടിയവരാണ്. ഈ വേഷം കെട്ടി തകർത്താടുമ്പോഴും പുലിയോ സ്ത്രീയോ ആകാതെ അവരിലെ ആൾ മാറി നിൽക്കുന്നു. ഈ വേഷത്തിൽ അയാൾക്ക് ലവലേശം ആഗ്രഹമില്ല. ഈ വേഷമായി കാട്ടികൂട്ടുന്നതൊന്നുമല്ല യഥാർത്ഥത്തിൽ അയാൾ.

ഇതുതന്നെയല്ലേ എന്റെയും സ്ഥിതി. ഞാൻ കെട്ടിയാടുന്ന ഈ വേഷത്തിന് സാക്ഷിയായി എന്റെ ആത്മാവ് മാറിനിൽക്കുന്നു. തന്റെ പ്രാരബ്ധകർമ്മഫലം മൂലമാണ് ആത്മാവിന് ഈ വേഷം കെട്ടേണ്ടിവന്നത്. ഈ വേഷത്തിൽ അവന് ലവലേശം താല്പര്യമില്ല. ജെനിഷായും, കബീറായും, യോഹന്നാനായും വേഷം കെട്ടിയാടി തന്റെ കർമ്മഫലവും നേടി വേഷം അഴിച്ച് ആത്മാവ് മുക്തനാകുന്നു. വീണ്ടും അടുത്ത വേഷം കെട്ടാനായി! ഇതിനിടയിൽ പുലികളിക്കാരൻ തന്റെ വേഷം നന്നാക്കാനായി കാട്ടികൂട്ടുന്നതുപോലെ നമ്മളും കിട്ടിയ വേഷം നന്നാക്കാൻ പരിശ്രമിക്കണം. ഇത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അവൻ സാക്ഷിയാണ്. സാക്ഷി മാത്രം!

Monday, 8 September 2014

ശവത്തെ ഇഷ്ടപ്പെടുന്നവർ!

അവൻ മരിച്ചു. ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അങ്ങോട്ട് ചെയ്യുന്നതിനൊക്കെ തിരികെ കിട്ടാതിരിക്കുമോ? പാർട്ടിക്ക് മറ്റൊരു രക്തസാക്ഷികൂടി! മരണവീട്ടിലേക്ക് പോകുന്നവരോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവനെക്കുറിച്ചോർത്തു.

ഞാനും അവനും ഒരു ബഞ്ചിലിരുന്ന് പഠിച്ചവർ. അവനെ എനിക്കിഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു കളിയും കറക്കവും എല്ലാം. പത്ത് കഴിഞ്ഞതോടെ പലരും പല വഴിക്ക് പിരിഞ്ഞു. ഞങ്ങളും! എങ്കിലും ഇടയ്ക്ക് കാണുമ്പോൾ അവൻ ഓടിവരും, സന്തോഷത്തോടെ. കുറച്ചുനാളായി പാർട്ടിപ്രവർത്തനം തുടങ്ങിയിട്ട്. വെട്ടും കുത്തും അടിയും പിടിയും. ഞാൻ പറഞ്ഞു നോക്കി. അവൻ അതൊക്കെ കേട്ടു, പക്ഷേ പിന്തിരിഞ്ഞില്ല!

ഒരുപാടുപേർ കൂടിയിട്ടുണ്ട് വീട്ടിൽ. അവന്റെ അമ്മയുടെയും അനുജത്തിമാരുടേയും കരച്ചിൽ ദൂരെ നിന്നേ കേൾക്കാം. ആൾക്കാരുടെ ഇടയിലൂടെ ഞാൻ അകത്തുകയറി. എന്റെ പ്രിയ സുഹൃത്ത് കിടക്കുന്നു. ഉറങ്ങിയതുപോലെ.

അവന്റെ മുഖത്ത് വലിയ പരിക്കുകളൊന്നും കണ്ടില്ല. തന്റെ ശരീരത്തെക്കുറിച്ച് ചെറുപ്പം മുതലേ അവന് വലിയ ശ്രദ്ധയായിരുന്നു. അല്പം ഇരുണ്ടനിറമായിപ്പോയി എന്ന പരാതി അവൻ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. കയ്യിൽ കിട്ടിയ ക്രീമുകളൊക്കെ ഉപയോഗിച്ചു നോക്കും. കഴിഞ്ഞതവണ കണ്ടപ്പോൾ അവൻ ആളാകെ ഒന്ന് മാറിയതായി തോന്നി. ജിമ്മിൽ പോയി മസിലൊക്കെ വച്ച് സ്പൈക്ക് ഹെയർസ്റ്റൈലുമായി എന്റെ മുൻപിൽ വന്നുനിന്ന അവനെ തിരിച്ചറിയാൻ തന്നെ കുറച്ച് സമയമെടുത്തു.

ഞാൻ പതിയെ പുറത്തേക്കിറങ്ങി. അവൻ ജീവനെപ്പോലെ സ്നേഹിച്ച അവന്റെ ബുള്ളറ്റ് വെയിലത്തിരിക്കുന്നു. ജീവനുണ്ടായിരുന്നെങ്കിൽ ആ ബുള്ളറ്റും അവന്റെ മരണത്തിൽ നിലവിളിച്ചേനെ എന്ന് തോന്നി. യാന്ത്രികമായി ഞാൻ റോഡിലേക്കിറങ്ങി. നിലവിളി ശബ്ദം പതിയെ പതിയെ ഇല്ലാതായി.

കുറച്ചു കഴിയുമ്പോൾ അവന്റെ ശരീരം ഒരുപിടി ചാരമാകും. ശവശരീരത്തിൽ ആർക്കും ആഗ്രഹമില്ല. ശവത്തിന് പ്രവർത്തിക്കാനും വയ്യ. സൗന്ദര്യവുമില്ല. ഇതെല്ലാവർക്കുമറിയാം. പക്ഷേ എന്നിട്ടും ശരീരത്തിൽ ആത്മാഭിമാനം! ശങ്കരാചാര്യസ്വാമികളുടെ ഒരു ശ്ലോകമാണ് ഓർമ്മയിൽ വന്നത്.

“ദേഹസ്ത്രീപുത്രമിത്രാനുചരഹയവൃഷാസ്തോഷഹേതുർമമേത്ഥം
സർവേ സ്വായുർനയന്തി പ്രഥിതമലമമീ മാംസമീമാംസയേഹ
ഏതേ ജീവന്തി യേന വ്യവഹൃതിപടവോ യേന സൗഭാഗ്യഭാജ-
സ്തം പ്രാണാധീശമന്തർഗതമമൃതമമും നൈവ മീമാംസയന്തി.”

ഈ ദേഹം, സ്ത്രീ, പുത്രൻ, മിത്രം, അനുചരൻ, പല തരത്തിലുള്ള വാഹനങ്ങൾ എന്നിവയിൽ പ്രാധാന്യം കല്പിച്ച്, അവയാണ് എല്ലാ സുഖങ്ങൾക്കും കാരണമെന്നു കരുതി വെറുതെ ജീവിതം കളയുന്നു.  എന്നാൽ, ഏതൊരു ചൈതന്യത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് താൻ ജീവനുള്ളവനായും പ്രവർത്തിക്കുന്നവനായും സൗന്ദര്യമുള്ളവനായും ഇരിക്കുന്നത്, ആ സർവ്വാന്തര്യാമിയും, പ്രാണേശ്വരനും, നാശരഹിതനുമായ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഇത് ആശ്ചര്യം തന്നെ!

മറ്റാർക്കോ വേണ്ടി വെട്ടാനും കുത്താനും നടന്ന് അവനും തന്റെ ജീവിതം വ്യർത്ഥമാക്കി. ഇനിയും എത്രയോപേർ അവന്റെ വഴിയേ നടക്കാനിരിക്കുന്നു. കുളിക്കാതെ തേച്ചുമിനുക്കിയ ശുഭ്രവസ്ത്രവും ധരിച്ച് സുഗന്ധദ്രവ്യങ്ങളും പൂശി നടക്കുന്ന ഇവർ ഇനിയെങ്കിൽ ജ്ഞാനസ്നാനം ചെയ്തെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചുപോയി..

Wednesday, 3 September 2014

ഭക്ഷണം

അയാൾക്ക് പഴഞ്ചോറ് വളരെ ഇഷ്ടമാണ്. തൈരും ചമ്മന്തിയും മെഴുക്കുപുരട്ടിയുമുണ്ടെങ്കിൽ മൃഷ്ടാന്നഭോജനമായി.
ഇനിയൊരാൾക്ക് ചോറും കറികളും ഇഷ്ടമേയല്ല. ബിരിയാണിയും നെയ്ച്ചോറും ഇറച്ചിയുമുണ്ടെങ്കിൽ മൃഷ്ടാന്നമായി.

രണ്ടുപേർക്കും രണ്ടും ഒരേ അളവിൽ രുചികരമാണ്.
എന്നാൽ ഇതിൽ ഏതിനാണ് ശരിയായ രുചി ഉള്ളത്?
രണ്ടുപേരെ സംബന്ധിച്ചും അവരവരുടെ ഭക്ഷണമാണ് അവർക്ക് രുചികരമായിരിക്കുന്നത്.
“രുചി ആപേക്ഷികമാണ്!“

ഇതുപോലെ തന്നെയാണ് ഈശ്വരൻ ഉണ്ടോ, ഇല്ലയോ എന്നതും.
ഉള്ളവർക്ക് ഉള്ളതായും ഇല്ലാത്തവർക്ക് ഇല്ലാത്തതായും അനുഭവപ്പെടും.
തികച്ചും ആപേക്ഷികം.
ഭക്ഷണത്തിൽ യഥാർത്ഥത്തിൽ ഏതിനാണ് ശരിയായ രുചി?
ഈശ്വരൻ ഉണ്ടോ, ഇല്ലയോ? ഏതാണ് യഥാർത്ഥ ശരി?

സോമദാസ്