Friday, 24 May 2013

ഡ്രൈവിംഗ് ലൈസൻസ്

ഈ കഥ നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യക്തമായി പറഞ്ഞാൽ, ഞാൻ ജോലി നോക്കുന്ന കമ്പനിയിൽ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധം ഉണ്ടാകാമെങ്കിലും എല്ലാവരും പറയുന്നതുപോലെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ ജീവനുണ്ടെന്ന് തോന്നാത്തതോ ആയ ആരുമായും ഒരു ബന്ധവുമില്ലെന്ന് ഞാൻ ഊന്നി ഊന്നി പറയുകയാണ്.

ഇത് രംഗനാഥന്റെ കഥയാണ്. മുല്ലപ്പെരിയാറിൽ നിന്നും ജലം ഊറ്റുന്നവന്മാരിൽ ഒരുവൻ. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ പുതുമുഖമാണ് ഇദ്ദേഹം. താൻ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് മറ്റൊരുത്തൻ ചെയ്യുന്നതു കണ്ടാൽ അയാളെ വിമർശിക്കാൻ മുന്നിൽ രംഗനുണ്ടാവും. ഇങ്ങനെ പല പ്രത്യേക സ്വഭാവത്തിനുടമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഇതൊന്നുമല്ല. ആര് എന്ത് ചോദിച്ചാലും അറിയില്ല എന്ന് പറയാനറിയില്ല നമ്മുടെ രംഗന്. നിനക്ക് ഹെലിക്കോപ്റ്ററോടിക്കാൻ അറിയാമോടാ എന്ന് ചോദിച്ചാൽ ഇന്നലെ വൈകിട്ട് രണ്ട് റൗണ്ടേ ഓടിക്കാൻ പറ്റിയുള്ളൂ എന്ന് പറയുന്ന ടൈപ്പ്.

ഇങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ മാനേജർ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. എല്ലാവരും ആകാംശയോടെ ചെന്നിരുന്നു. ദൈവമേ, വല്ല പ്രമോഷനോ ഇംഗ്രിമെന്റോ ആയിരിക്കണേ.. അതും എനിക്കു തന്നെ ആയിരിക്കണേ.. എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനും മീറ്റിംഗിനെത്തി. കാര്യം നിസ്സാരം, ഡിപ്പാർട്ടുമെന്റിലേക്ക് പുതിയൊരു കാറിന് അപ്രൂവൽ കിട്ടിയിരിക്കുന്നു. പക്ഷേ ഓടിക്കാൻ ഒരാൾ വേണം. ആൾക്കാരെയും സാധനസാമഗ്രികളും പല സ്ഥലങ്ങളിൽ എത്തിക്കുന്ന അധിക ചുമതലയും കിട്ടും. അതിന് ആരെങ്കിലും ഒരാൾ സൗദി ലൈസൻസ് എടുക്കണം. ആര് വേണമെന്ന് തീരുമാനിക്കാനാണ് മീറ്റിംഗ്. വണ്ടിയോടിക്കാൻ അറിയാവുന്നവരാരെങ്കിലും ഉണ്ടോയെന്ന മാനേജറുടെ ചോദ്യത്തിന് ആരും കേട്ട ഭാവം ഇല്ല. മിക്കവർക്കും നാട്ടിലെ ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാനും അറിയാം. പക്ഷേ, പണികിട്ടിയാലോ എന്നൊരു സംശയം. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എല്ലാവരും തലകുനിച്ചിരിക്കുന്നു. എന്നാൽ ഒരുത്തൻ മാത്രം രണ്ട് കയ്യും പൊക്കിപ്പിടിച്ചിരിക്കുന്നു. ആരായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ! നമ്മുടെ രംഗനാഥൻ തന്നെ. മാനേജർക്ക് സന്തോഷമായി. അഭിനന്ദനങ്ങളും കൂടെ ലൈസൻസ് എടുക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി മീറ്റിംഗ് അവസാനിപ്പിച്ചു.

നമ്മുടെ കഥാപാത്രത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് ഞങ്ങളെല്ലാം ചുറ്റും കൂടി.

“നിനക്ക് വണ്ടിയോടിക്കാൻ അറിയാമോടേ?” കൂട്ടത്തിലൊരുത്തന്റെ ചോദ്യം.

“പിന്നേ, എന്റെ രണ്ടാമത്തെ അമ്മാവന്റെ ജീപ്പും കാറുമൊക്കെ ഞാനല്ലേ ഓടിച്ചിരുന്നത്.” രംഗനാഥന്റെ മറുപടി.

“ശരിക്കും? പുളു അടിക്കാതെ ഏതെങ്കിലുമൊന്ന് കുറയ്ക്കടേ!“ എന്ന് ഞാൻ.

“എനിക്ക് കാറോടിക്കാൻ അറിയാം.

രംഗനാഥൻ ജീപ്പിനെ വിട്ടു. വീണ്ടും ഒന്നുകൂടി സമ്മർദ്ദം ചെലുത്തിയപ്പോൾ കാറ് ടൂവീലറായി. ഈ ടൂവീലർ എന്ന് പറഞ്ഞത് സൈക്കിളാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ഇനിയും ചോദിച്ചാൽ സൈക്കിളിന്റെ ഒരു വീലു കൂടി ആശാൻ ഊരിയാലോ എന്നുകരുതി ഞങ്ങൾ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. ഒരു വാഹനവും ഇന്നേവരെ ഓടിച്ചിട്ടില്ലാത്ത രംഗനാഥനാണ് ഒരാഴ്ച കൊണ്ട് ലൈസൻസ് എടുക്കാൻ പോകുന്നത് എന്നു ചുരുക്കം.

സൗദിയിൽ ലൈസൻസ് കിട്ടാൻ പ്രയാസമാണ്. ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കണം. പുറത്ത് പഠിക്കാൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് സ്കൂളുകളിലെല്ലാം ആയിരക്കണക്കിന് ആൾക്കാരാണ് ലൈസൻസിനായി എത്തുന്നത്. ഇനി അവരെയെല്ലാം മറികടന്ന് അകത്തു കടന്നാലോ, അഞ്ചു ദിവസം വെറും രണ്ട് മിനിട്ട് വീതം മാത്രമാണ് വണ്ടി ഓടിക്കാൻ കിട്ടുക. അതിനിടയ്ക്ക് പഠിച്ചു തീർക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറഞ്ഞതിന്റെ അന്നുതന്നെ രംഗനാഥൻ കമ്പനിയിലെ ഒരു ഡ്രൈവറെ ചാക്കിട്ടു. 50 റിയാൽ ഓഫറും കൊടുത്തു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുറച്ചു സമയം ഡ്രൈവിംഗ് പഠിപ്പിക്കണം. അങ്ങനെ പഠിത്തം തുടങ്ങി. താമസസ്ഥലത്തിനടുത്ത് വാഹനങ്ങൾ വിരളമായ റോഡിലാണ് പ്രകടനം. ജീവതത്തിൽ ഇന്നേവരെ ഒരു സൈക്കിൾ പോലും കൈ കൊണ്ട് തൊട്ടുകാണില്ല ഇവൻ എന്നാണ് രംഗനാഥനെക്കുറിച്ച് ഗുരുവിന്റെ അഭിപ്രായം.

ഇങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞുപോയി. ഒരു ദിവസം പതിവുപോലെ രണ്ടും കൂടി ഡ്രൈവിംഗ് പഠിക്കാനിറങ്ങി. നിർഭാഗ്യവശാൽ ചെന്നുപെട്ടത് ഒരു പോലീസ് വാഹനത്തിനു മുന്നിൽ. വണ്ടിയുടെ വരവ് കണ്ടപ്പോഴേ പോലീസുകാരന് പന്തികേടു തോന്നി. രണ്ടിനേയും പിടിച്ചു. ലൈസൻസില്ലാത്ത രംഗനാഥനെ പോലീസ് വാഹനത്തിൽ കയറ്റി. ഡ്രൈവറോട് വണ്ടിയുമായി പുറകെ വരാൻ പറഞ്ഞു. ഡ്രൈവർ ആകെ അങ്കലാപ്പിലായി. കൈലിയും ബനിയനുമാണ് വേഷം. ഇടികൊള്ളുമ്പോൾ പൊഴിയുന്നത് തടയാൻ പോലും ഒന്നുമില്ല. എന്തു ചെയ്യും? ആലോചിച്ചു നിന്നിട്ട് കാര്യമില്ല! എന്തെങ്കിലും ചെയ്തേ പറ്റൂ. താമസസ്ഥലത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഡ്രൈവർ വണ്ടി തിരിച്ച് ക്യാമ്പിലേക്ക് കയറ്റി. ഓടി റൂമിൽ കയറി ഡ്രസ്സ് മാറാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞാണ് പോലീസുകാരൻ അത് ശ്രദ്ധിച്ചത്. പുറകിൽ വണ്ടിയില്ല. അയാൾ വണ്ടി നിർത്തി ചാടി പുറത്തിറങ്ങി. രംഗനാഥനെ തൂക്കിയെടുത്ത് പുറത്തിട്ടു. എന്തെങ്കിലും പറയുന്നതിനു മുൻപ് ഒരടി പറ്റിച്ചു. അണ്ണന്റെ കണ്ണീന്ന് പൊന്നീച്ചയും തേനീച്ചയും ഒന്നിച്ചു പുറത്തുചാടി. അടുത്തതു കിട്ടുന്നതിനു മുൻപ് ഡ്രൈവർ ക്യാമ്പിൽ പോയിരിക്കുമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. രണ്ടുപേരും നേരെ ക്യാമ്പിലേക്ക്. അപ്പോഴാണ് നമ്മുടെ ഡ്രൈവർ പുത്തനുടുപ്പുമിട്ട് ഫെയർ ആന്റ് ലൗലിയും തേച്ച് പുറത്തിറങ്ങിയത്. കിട്ടിയപാടെ ഡ്രൈവർക്കും കൊടുത്തൊരടി. മൂന്നുദിവസം രണ്ടും അകത്ത്. അതോടെ ഇനി മേലിൽ കാറ് പോയിട്ട് സൈക്കിളുപോലും ഓടിക്കില്ലെന്ന് രംഗണ്ണനും ഇനി ഒരിക്കലും ഒരുത്തനേയും ഡ്രൈവിംഗ് പഠിപ്പിക്കില്ലെന്ന് ഗുരുജിയും തീരുമാനിച്ചു.

Wednesday, 22 May 2013

കുന്നിക്കുരു - 5

കണ്ണിലെ ഇമയെപ്പോലും
കണ്ണിൽ‌പ്പെടാതെയായിടും
തന്നിലെ ദൈവചൈതന്യം
താനറിയാത്തതെന്നപോൽ‌.
ദേവാലയത്തിൻ മുന്നിൽ
ദേവസന്നിധിയോർത്തിടും
എപ്പോഴും ദേവനാമത്തെ
ചിന്തിപ്പോൻ ദേവസന്നിധി
പിതാവിൻ ഇഷ്ടഭാവത്തെ
സൂക്ഷ്മമായിട്ടറിഞ്ഞുടൻ
ഇഷ്ടമായതു ചെയ്യുന്ന
പുത്രൻ ഉത്തമനാണെടോ.
പറയാതെ ചെയ്യാതെയും
പറഞ്ഞിട്ടു ചെയ്യുന്നതും
മധ്യമനായ പുത്രന്റെ
ലക്ഷണം തന്നെ ചൊല്ലിടാം.
പറഞ്ഞാലും പറയാതെയും
കർമ്മം ചെയ്യാത്ത പുത്രനെ
അധമനാണെന്നു കല്പിപ്പൂ
എല്ലാമേ ദേവഭാവവും.
ഉത്തമം മധ്യമം പിന്നെ
അധമം എന്ന ഭാവവും
ദൈവത്തിൻ ഭാവമാണെന്നു
വിദ്വാന്മാർ പറയുന്നിതു.
മരണത്തെ മറവിയാണെന്നും
ജനനത്തെ ഓർമ്മയെന്നതും
കാണുന്നു വേദവിത്തുക്കൾ
കാണുന്നില്ലിതു മാനുഷർ.
ഒരു രാജ്യത്തെ നാണയം
മറുരാജ്യത്തു പറ്റിടാ
ഇഹലോകത്തെ സമ്പാദ്യം
പരലോകത്തിലതെന്ന പോൽ‌‌.
ഇഹലോകത്തെ സമ്പാദ്യം
പുണ്യ സമ്പാദ്യമാക്കുകിൽ
പരലോകത്തതു നേടീടും
പരമോന്നതി സൗഖ്യവും.

സോമദാസ്

Saturday, 18 May 2013

ഇഡ്ഡലിയും സാമ്പാറും

രണ്ടായിരത്തി നാനൂറ് വർഷങ്ങൾക്കു മുൻപ് ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ‘കണാദൻ‌‘. അദ്ദേഹമാണ് ആദ്യമായി കണികാസിദ്ധാന്തം ആവിഷ്ക്കരിച്ചത്. ഔലുക്യൻ എന്ന ആ മഹർഷി കണികാസിദ്ധാന്തം ആവിഷ്ക്കരിച്ചതുകൊണ്ട് അദ്ദേഹത്തെ കണാദൻ എന്ന പേരിൽ അറിയപ്പെടുന്നു. നാം ലോകത്തു കാണുന്ന എല്ലാ വസ്തുക്കളും നാമും അതിസൂക്ഷ്മങ്ങളായ കണങ്ങളാൽ നിർമ്മിതമാണെന്ന് കണാദൻ പ്രഖ്യാപിച്ചു. പലരും അദ്ദേഹത്തെ കളിയാക്കി. നിങ്ങൾ ഭക്ഷിക്കുന്ന ഭക്ഷണവും കണങ്ങളാണോ എന്ന് പരിഹസിച്ചു. അങ്ങനെ കണങ്ങളെ ഭക്ഷിക്കുന്നവൻ എന്നർത്ഥമുള്ള ‘കണാദൻ‌‘ (കണത്തെ ആദാനം ചെയ്യുന്നവൻ‌) എന്ന അപരനാമം അദ്ദേഹത്തിനു സിദ്ധിച്ചു.

ഇന്നത്തെപ്പോലെ ശാസ്ത്രം വികസിച്ചിട്ടില്ലാത്ത ആ കാലത്താണ് കണാദൻ ഇത് വിളിച്ചു പറഞ്ഞത്. താൻ കഴിക്കുന്ന ഇഡ്ഡലിയും സാമ്പാറും വരെ കണങ്ങളാണെന്ന് അദ്ദേഹത്തിനു പറയേണ്ടി വന്നു. എന്നാൽ ആധുനിക ശാസ്ത്രം കണാദന്റെ ദർശനത്തെ; കണികാസിദ്ധാന്തത്തെ; വളരെ ആദരവോടെയാണ് നോക്കിക്കാണുന്നത്.

പുരാതന ദാർശനികർ കണികാസിദ്ധാന്തത്തെപ്പറ്റി അഗാഥമായി ചിന്തിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ചില തത്വദർശനങ്ങളിൽ അവർ എത്തിച്ചേരുകയും ചെയ്തു. എല്ലാവസ്തുക്കളും ചെറുകണികകളാൽ നിർമ്മിതം എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ഈ കണികകൾ എന്തുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് അന്വേഷിച്ചു. ചെറിയ ആറ്റങ്ങൾ കൊണ്ടാണെന്ന് കണ്ടെത്തി. ആറ്റങ്ങളുടെ നിർമ്മിതിക്ക് എന്താണ് കാരണം എന്നു നോക്കിയപ്പോൾ ഇന്ന് ഇലക്ട്രോൺ, പ്രോട്ടോൺ‌, ന്യൂട്രോൺ‌ എന്നിങ്ങനെ അറിയപ്പെടുന്ന അതിസൂക്ഷ്മ കണികകൾ കൊണ്ടാണെന്ന് മനസ്സിലായി. ഇവകളുടെ കാരണത്തെപ്പറ്റി ചിന്തിച്ചപ്പോൾ , ആറ്റങ്ങളായി രൂപപ്പെടാതെ ഈ സൂക്ഷ്മവസ്തുക്കൾ ‘പ്ലാസ്മ’ എന്ന വസ്തു കൊണ്ടാണെന്നു കണ്ടെത്തി. അതിന്റെ കാരണത്തെ അവർ ‘ആകാശ’ എന്നും ആകാശത്തിന്റെ കാരണത്തെ ‘ബുദ്ധി’യെന്നും ബുദ്ധിയുടെ കാരണം ‘മഹത്ത്’ എന്ന ജഡവസ്തുവാണെന്നും കണ്ടെത്തി. മഹത്ത്, ‘അവ്യക്ത’ത്തിൽ നിന്നും രൂപപ്പെട്ടുവെന്നും അറിഞ്ഞു. അവ്യക്തത്തിന്റെ കാരണവും അവർ കണ്ടെത്തി. അതിന് പല ദാർശനികരും പല പേരുകളും നിർദ്ദേശിച്ചു. ഭാരതീയ ഋഷികൾ അതിനെ ‘ബ്രഹ്മം’ എന്നു നാമകരണം ചെയ്തു. അതിന്റെ കാരണത്തെ അന്വേഷിച്ചവർക്ക് അങ്ങനെയൊന്നിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അത് ജഡവസ്തുവല്ല. അത് കാരണമില്ലാത്ത, എല്ലാത്തിന്റേയും കാരണമാണ്. ജലത്തിന് പല ഭാഷകളിൽ പല പേരുകൾ പറയുന്നതുപോലെ ഇതും പല പേരുകളാൽ അറിയപ്പെടുന്നു. ഇതിന്റെ സമീപത്തുവരെ ചെന്നിട്ട് അവർ പറഞ്ഞു - ആനന്ദമയം, കാരണരഹിതം, അജ്ഞാതം- എന്നൊക്കെ. ഇതിൽ നിന്നാണ് അതിസൂക്ഷ്മമായ അവ്യക്തവും അതിനു താഴോട്ടുള്ള എല്ലാ ജഡവസ്തുക്കളും ഉണ്ടായത്. അതിനാൽ ഈ കാണുന്നതെല്ലാം അവ്യക്തത്താൽ ഉണ്ടായിട്ടുള്ളതാണെന്നും അവ്യക്തമെന്ന ജഡവസ്തു ബ്രഹ്മത്താൽ നിർമ്മിതമാണെന്നും പറയുന്നു. ഈ ദർശനത്തിലാണ്, ഈ കാണുന്നതിലെല്ലാം ബ്രഹ്മം സ്ഥിതിചെയ്യുകയല്ല, മറിച്ച് ഇവയെല്ലാം ബ്രഹ്മം തന്നെയാണ് എന്ന് ഭാരതീയ ഋഷികൾ ദൃഢമായ ഉദ്ബോധിപ്പിക്കുന്നത്.

ഇന്ന് പ്രഭാത ഭക്ഷണം ഇഡ്ഡലിയും സാമ്പാറുമായിരുന്നു. ഇഡ്ഡലി കയ്യിലെടുത്തപ്പോൾ പാവം കണാദനെ ഓർമ്മ വരികയും മേല്പറഞ്ഞതെല്ലാം മനസ്സിൽ തെളിയുകയും ചെയ്തു. കുറെ നാളായി ഇഡ്ഡലി കാണുമ്പോൾ കണാദനെ ഓർക്കുന്നത് ഒരു പതിവായിരിക്കുന്നു.

സോമദാസ്

Monday, 13 May 2013

നഷ്ടക്കച്ചവടം

വർഗ്ഗീസ് മുതലാളി. കോടികളുടെ ആസ്തിയുള്ള കച്ചവടക്കാരൻ‌. പ്രാധമിക വിദ്യാഭ്യാസമേ നേടിയിട്ടുള്ളുവെങ്കിലും വ്യാപാരത്തെപ്പറ്റി നല്ല പരിജ്ഞാനം. ഞാൻ പലപ്പോഴും സാധനങ്ങൾ വാങ്ങാൻ അവിടെ പോകാറുണ്ട്. കച്ചവടത്തെപ്പറ്റി സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു.


“ഒരു രൂപ വിലയുള്ള ഒരു സാധനം രണ്ടുരൂപയ്ക്ക് വിറ്റാൽ ലാഭമോ നഷ്ടമോ എത്ര?“


ആർക്കും ഉത്തരം പറയാവുന്ന ചോദ്യമാണെങ്കിലും ഞാൻ അല്പം ആലോചിച്ചശേഷം ഉത്തരം പറഞ്ഞു.


“ഒരു രൂപ ലാഭം.“

“തെറ്റ്! ഒരു രൂപ നഷ്ടം.” മുതലാളി പറഞ്ഞു.

അതെങ്ങനെയെന്നു ചോദിച്ചപ്പോൾ പിന്നീടു പറയാം എന്നു പറഞ്ഞ് അദ്ദേഹം കച്ചവടത്തിൽ മുഴുകി. ആളൊന്നൊഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.

“ഒരു രൂപ കൊടുത്ത് സാധനം വാങ്ങി അത് വിൽക്കാൻ ഇതുപോലൊരു കടയും ഒരുക്കിവയ്ക്കുന്നതിന് ചിലവുണ്ട്. ആ ചിലവും സാധനം വിറ്റുപോകുന്നതു വരെയുള്ള ഒരു രൂപയുടെ പലിശയും കൂടി ഒരു രൂപ. അങ്ങനെ രണ്ടു രൂപ. ലാഭം കിട്ടണമെങ്കിൽ അത് മൂന്നുരൂപയ്ക്ക് വിൽക്കണം. എങ്കിലേ ഒരു രൂപ ലാഭം കിട്ടൂ!“

അദ്ദേഹത്തിന്റെ പ്രയോഗ സാമ്പത്തിക അറിവിനെ മനസാ അഭിനന്ദിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.

വർഷങ്ങൾക്കുശേഷം ഇന്ന് ഞാൻ അത് ഓർക്കാൻ ഒരു കാരണമുണ്ട്. നമ്മുടെ വർഗ്ഗീസ് മുതലാളി ഒരു നഷ്ടക്കച്ചവടം നടത്തിയിരിക്കുന്നു. ഇപ്പോൾ വീട്ടിനടുത്തുള്ള പള്ളിയിൽ നിന്നും ഒരു അറിയിപ്പുണ്ടായി. വരുന്ന പള്ളിപ്പെരുനാളിന് അന്നദാനത്തിന് വർഗ്ഗീസ് മുതലാളി ഒരു ചാക്ക് അരി സംഭാവന നൽകിയിരിക്കുന്നു. ഇത് വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അന്നദാനം നൽകുന്നതും അന്യരെ സഹായിക്കുന്നതുമൊക്കെ സദ്പ്രവൃത്തി തന്നെയാണ്. അതിന്റെ പ്രതിഫലം വലുതുമാണ്. അന്നദാനത്തിനായി നല്ലൊരു തുകയാണ് അദ്ദേഹം ചിലവാക്കിയത്. എന്നാൽ ഈ പ്രവൃത്തികൊണ്ട് കിട്ടിയത് നിസ്സാരമായ ഒരു പരസ്യപ്പെടുത്തൽ‌. വലിയ തുക ചിലവാക്കി, അത് നിസ്സാരമായ ഒരു വിളിച്ചുപറയലിനു കൊടുത്തത് നഷ്ടക്കച്ചവടം തന്നെയാണ്. ബൈബിളിൽ മുൻപ് വായിച്ചത് ഞാൻ ഓർത്തു.

യേശുവും ശിഷ്യന്മാരും ഒരു ദേവാലയത്തിനടുത്ത് വിശ്രമിക്കുകയായിരുന്നു. ദേവാലയത്തിൽ എന്തോ ആഘോഷം നടക്കുന്നു. വലിയ ധനാഢ്യന്മാർ പരിവാരസമേതം എഴുന്നള്ളി വൻ തുകകൾ സംഭാവന നൽകുന്നു. ഇത് അപ്പോൾ തന്നെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. ഇതുകേട്ട് യേശു ശിഷ്യന്മാരോട് പറഞ്ഞു.

“ആ ധനവാൻ അന്നദാനത്തിനു നൽകിയ തുക വലുതായിരുന്നു. അദ്ദേഹത്തിന്റെ പേര് വീണ്ടും വീണ്ടും വിളിച്ചു പറയുന്നതുകൊണ്ട് അതിന്റെ ഉൽകൃഷ്ടമായ ഫലം ലഭിക്കാതെ പരസ്യപ്പെടുത്തലിൽ തീരുന്നു. ഒരിക്കലും വലതു കൈ കൊണ്ട് ദാനം നൽകിയത് ഇടതു കൈ അറിയരുത്”

ഞാൻ ഓർത്തു. വലിയ സാമ്പത്തിക വിദഗ്ധനായ വർഗ്ഗീസ് മുതലാളി വലിയ ഒരു തുക മുടക്കി നിസ്സാരമായ ഒന്ന് നേടിയിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ നഷ്ടക്കച്ചവടമായിരിക്കും!

സോമദാസ്

Friday, 3 May 2013

കുന്നിക്കുരു - 4

 സദ്ഗുണങ്ങളതേറീടിൽ
മനസ്സിന്നതലംകൃതി
ഭൂഷണങ്ങളതേറീടിൽ
ശരീരത്തിനലംകൃതി.
 നിദ്രയെന്നാലതജ്ഞാനം
ജ്ഞാനമാകുന്നുണർവ്വിതും
നിദ്രകൊള്ളുന്ന മർത്യന്നെ
ആചാര്യൻ വന്നുണർത്തിടും.
 അന്നം ശരീരരക്ഷക്കായ്
ആശ്രയിക്കുന്നു ജീവികൾ
അന്നം തന്നെ മനസ്സിന്റെ
വിഷയങ്ങളുമായിടും
 വിധിയാണെന്നുചൊല്ലീട്ട്
വിധിച്ചീടരുതാരുമേ
വിധിയല്ലിതു നോക്കീടിൽ
കർമ്മഫലങ്ങളതാണെടോ!
 
അഹങ്കാരമുള്ള മർത്യന്ന്
അഹങ്കാരമുള്ള ലോകവും
അഹങ്കാരമില്ലാത്ത മർത്യന്ന്
അഹങ്കാരമില്ലാത്ത ലോകവും.
 സൗന്ദര്യമുള്ള പുഷ്പത്തിൽ
സുഗന്ധം കൂടെയെങ്കലോ
സൗന്ദര്യമുള്ള മർത്യന്ന്
സത്ഗുണങ്ങളുമെന്നപോൽ.
 പുഷ്പകാന്തി ക്ഷണം നേരം
നൽകീടുന്നതുമെങ്കിലും
ദീർഘായുസ്സുള്ള പാഷാണ-
ഖണ്ഡത്തേക്കാൾ വരിഷ്ടമാം.
 രാത്രിയിൽക്കണ്ട കയറിനെ
പാമ്പെന്നു ധരിച്ചിടാം
തെല്ലു പ്രകാശ സാന്നിധ്യം
കയറാണെന്നു കണ്ടിടും.
ഇക്കണ്ടലോകവും തന്നെ
കയറിനെ പാമ്പെന്നപോൽ
ജ്ഞാനദീപം പ്രകാശിച്ചാൽ
ബ്രഹ്മജ്ഞാനം ലഭിച്ചിടും.
നിറങ്ങളില്ലാത്ത വെള്ളത്തെ
നിറങ്ങളായുള്ള കുപ്പിയിൽ
നിറച്ചാൽ കുപ്പിതൻ കാന്തി
നിറച്ച വെള്ളത്തിനായിടും.
 കാന്തിയില്ലാ ജലത്തിന്ന്
കാന്തിയുണ്ടായതെന്നപോൽ
നാമമില്ലാത്ത ദൈവത്തെ
നാമത്താൽ അറിയാതെടോ!
 
 ദൂരെയുള്ള സുഹൃത്തിന്നെ
ദൂരമില്ലാതെ കണ്ടിടും
ദൂരെയല്ലാത്ത ദൈവത്തെ
ദൂരെയെന്നു നിനച്ചിടും!
 

സോമദാസ്