Monday 7 October 2013

കൗൺസിലിംഗ്

"ചേട്ടാ, ഇങ്ങോട്ടൊന്ന് പെട്ടെന്ന് വന്നേ..”

അകത്തുനിന്നും ഭാര്യയാണ്. കുറച്ചു നേരമായി തട്ടും മുട്ടും തുടങ്ങിയിട്ട്. സമാധാനത്തോടെ ഈ ക്രിക്കറ്റുകളി കാണാൻ അവൾ സമ്മതിക്കില്ല. എന്തായാലും പോയി നോക്കാം. ഞാൻ അകത്തേക്ക് ചെന്നു.

കിടപ്പുമുറി ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്നു. അച്ഛൻ തറയിൽ കിടന്ന് അലമാരിയുടെ അടിയിലേക്ക് ടോർച്ച് അടിച്ചുനോക്കുന്നു. അമ്മ ചൂലുകൊണ്ട് കട്ടിലിന്റെ അടിയിൽ തൂക്കുന്നു. അവൾ പുതപ്പുകൾ എടുത്ത് കുടയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ മകൻ കട്ടിലിലിരുന്ന് കളിക്കുന്നു.

എന്താ, എന്തുപറ്റി? ഞാൻ ചോദിച്ചു.

“അവന്റെ കയ്യിൽ ഇട്ടിരുന്ന ചെയിൻ കാണുന്നില്ല.”

രണ്ടു പവനുള്ള ചെയിനാണ്. അതിട്ടുകൊടുത്തപ്പോഴേ ഞാൻ പറഞ്ഞതാ പിള്ളാർക്ക് ഇത്രയും വിലയുള്ളതൊന്നും ഇടരുതെന്ന്. ആരു കേൾക്കാൻ.

“എപ്പോഴാ പോയതെന്നറിയാമോ?” ഞാൻ ചോദിച്ചു.

“രണ്ടു ദിവസം മുൻപ് അത് കയ്യിൽ കിടന്നത് ഞാൻ കണ്ടതാ. അന്നേ ഞാൻ പറഞ്ഞു അതു അല്പം അയഞ്ഞു കിടക്കുകയാണെന്ന്.“ അമ്മയാണ് അത് പറഞ്ഞത്.

ഈ രണ്ടു ദിവസത്തിനിടയ്ക്ക് അവൻ പോകാത്ത സ്ഥലങ്ങളില്ല. പറമ്പിലെല്ലാം ഓടിക്കളിച്ചിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴും അവനെ കൊണ്ടുപോയിരുന്നു. എവിടെ വച്ചാണ് പോയതെന്ന് ആർക്കും ഒരു രൂപവുമില്ല. പറമ്പിലും വീടിനുള്ളിലുമെല്ലാം ഞങ്ങൾ തിരഞ്ഞു. എല്ലാവർക്കും ഭയങ്കര വിഷമം. ഓരോരുത്തരും അവരവരുടെ അശ്രദ്ധയെച്ചൊല്ലി വിലപിക്കുന്നു. ആകപ്പാടെ അസ്വസ്ഥമായ വീട്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.

“ഇനി തിരഞ്ഞിട്ട് കാര്യമില്ല. ഇവിടെ അടുത്തൊരു ജ്യോത്സ്യനുണ്ട്. അദ്ദേഹത്തെ പോയൊന്നു കാണാം. പലരുടേയും കളവു പോയ സാധനങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.”

എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. എങ്കിലും കൂടെ പോയി. സംഭവം കേട്ടിട്ട് ജ്യോത്സ്യൻ ഒരു പലക എടുത്തുവച്ചു. പിന്നെ കുറേ കൊച്ചു ശംഖുകളും. അതിട്ട് പലവട്ടം കറക്കി കൂട്ടിയും കുറച്ചും നോക്കിയിട്ട് പറഞ്ഞു.

“സാധനം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. എവിടെയും പോയിട്ടില്ല. പക്ഷേ നിങ്ങൾക്ക് അത് കിട്ടാൻ കുറച്ച് താമസമുണ്ട്. ഒന്നും പേടിക്കണ്ട. നിങ്ങളുടെ അലമാരയിൽ അത് ഉണ്ടെന്ന് വിചാരിക്കുക. എത്രനാളായാലും അത് നിങ്ങൾക്ക് തന്നെ കിട്ടിയിരിക്കും.”

അയാൾക്ക് കാശ് കൊടുത്തിട്ട് തിരികെ നടക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തം. വീട്ടിലെത്തി ഈ വിവരം പറഞ്ഞതോടെ വീട് വീണ്ടും പഴയപോലെയായി. ആകപ്പാടെ സന്തോഷം. എല്ലാവരും അവരവരുടെ പ്രവൃത്തികളിൽ മുഴുകി. ചെയിനിനെ പൂർണ്ണമായി മറന്നു.

ഞാൻ ചിന്തിച്ചു! എന്താണ് ഇവിടെ നടന്നത്? രണ്ടു പവന്റെ ഒരു സ്വർണ്ണചെയിൻ കാണുന്നില്ല. വീടും പറമ്പും മുഴുവനും തിരഞ്ഞു. കിട്ടിയില്ല. അതിന്റെ അർത്ഥം അത് നഷ്ടപ്പെട്ടു എന്നു തന്നെയല്ലേ? പക്ഷേ ആ ജ്യോത്സ്യൻ കുറേ ശംഖുകൾ കറക്കി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എന്താണ് ഇവർക്ക് സംഭവിച്ചത്? അത് നഷ്ടപ്പെട്ടതിനെ പ്രതി അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ ദുഃഖം പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു. ഇത്രയും ഭംഗിയായി ഒരു കൗൺസിലിംഗ് നടത്താൻ ഏത് മനഃശാസ്ത്രജ്ഞനാണ് കഴിയുക. ഏത് ആധുനിക ശാസ്ത്രജ്ഞനാണ് ദുഃഖത്തെ ഇത്രയും പെട്ടെന്ന് മനുഷ്യരുടെ മനസ്സിൽ നിന്നും നീക്കാൻ കഴിയുക. ആർക്കും കഴിയുമെന്ന് തോന്നുന്നില്ല!

മരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി ഒരു ജ്യോത്സ്യനെ കണ്ടെന്നു വിചാരിക്കുക. ജ്യോത്സ്യൻ കവടി നിരത്തി പറയുന്നത് ഏകദേശം ഇങ്ങനെയായിരിക്കും. “താങ്കൾക്ക് ഇപ്പോൾ കണ്ടകശനിയാണ്. കുറേ അനുഭവിക്കേണ്ടി വരും. കഷ്ടകാലത്തിന്റെ അങ്ങേയറ്റമാണ്. പക്ഷേ ആറു മാസം കഴിഞ്ഞാൽ പിന്നെ ശുക്രനാണ്. അപ്പോൾ താങ്കളുടെ ദുരിതങ്ങളെല്ലാം മാറും.” ഇത് കേട്ടു കഴിയുമ്പോൾ മരിക്കാൻ നിശ്ചയിച്ച ആളും വിചാരിക്കും; എന്തായാലും ആറു മാസം കൂടി അനുഭവിച്ചാൽ മതിയല്ലോ, അതു കഴിഞ്ഞ് നല്ലകാലമല്ലേ,  ജീവിക്കാമെന്ന്! കുറേ കൊച്ചു ശംഖുകളും ഒരു പലകയും കൊണ്ട് ആ വിദ്വാൻ ചെയ്തതെന്താണ്? ദുഃഖത്തിന് അദ്ദേഹം ഒരു expiry date കൊടുത്തു! അതുകഴിഞ്ഞാലോ? ഒരു ദുഃഖമുണ്ടെങ്കിൽ അതിനു ശേഷം ഒരു സുഖം ഉണ്ടായിരിക്കും. അത് പ്രകൃതി നിയമമാണ്. അതുകൊണ്ടുതന്നെ പല പ്രവചനങ്ങളും സത്യമായി ഭവിക്കുന്നു. ഇത്രയും ഭംഗിയായി ഒരാൾക്ക് ജീവിക്കാനുള്ള ഇച്ഛ പ്രദാനം ചെയ്യാൻ പ്രാപ്തിയുള്ള മറ്റൊരു വിദ്യയുമില്ല എന്ന് എനിക്കു തോന്നി. നമ്മുടെ പൂർവ്വികരുടെ കണ്ടെത്തൽ അതി ഗംഭീരം തന്നെ!!

“യദ് ഭാവഃ തദ് ഭവതി “ എന്നാണ് പറയാറുള്ളത്. എന്താണോ നാം ആഗ്രഹിക്കുന്നത്, അതുതന്നെയാണ് നമുക്ക് സംഭവിക്കുന്നത്. തനിക്ക് നല്ലതേ വരൂ എന്ന് ചിന്തിക്കുന്നവർക്ക് നല്ലത് തന്നെ വന്നു ഭവിക്കുന്നു. തനിക്ക് എന്നും കഷ്ടപ്പാടായിരിക്കും എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെത്തന്നെയായിരിക്കും വന്ന് ഭവിക്കുക. ഇവിടെ ജ്യോത്സ്യൻ ചെയ്തത് നമ്മളെ കൊണ്ട് നല്ലത് വരും എന്ന് ചിന്തിപ്പിക്കുകയാണ്. അങ്ങനെ അടിയുറച്ച് വിശ്വസിച്ച് ജീവിക്കാൻ പ്രചോദിപ്പിക്കുകയാണ്. അതിലൂടെ നമുക്ക് വന്നുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാതെ നമ്മുടെ മനസ്സ് നല്ലതുമാത്രം ശ്രദ്ധിച്ചു തുടങ്ങുന്നു. അപ്പോൾ ജ്യോത്സ്യന്റെ പ്രവചനങ്ങൾ ശരിയായി ഭവിക്കുന്നു. നമുക്കും ശുക്രനുദിക്കുന്നു!!


4 comments:

  1. സത്യമായും വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.

    പഴയകാലത്ത് പാമ്പു കടിച്ചവർക്ക് വെള്ളം ജപിച്ചു കൊടുക്കുന്നതും മറ്റും ഇതുപോപ്പ്ലെ തന്നെ ആയിരുന്നിരിക്കനം

    പാമ്പുകടി ഏറ്റവരിൽ 90 ശതമാനത്തിനും വിഷം ഉണ്ടായിരിക്കില്ല പക്ഷെ മരിക്കുന്നവരിൽ 99 ശതമാനവും ഭയം മൂലം ആയിരിക്കുകയും ചെയ്യും

    ആ ഭയത്തെ അകറ്റാൻ ഇത്രയും ലളിതമായ ഒരു മാർഗ്ഗം പൂർവികർ ഉണ്ടാക്കിയിരുന്നു

    ഇന്നോ ആ ഭയത്തെ കച്ചഹ്വടമാക്കി കീശ വീർപ്പിക്കുന്ന പഞ്ചനക്ഷത്ര ആശുപത്രികൾ

    ആരോടു പറയാൻ

    അനുഭവയോഗം ഉള്ളവർ അനുഭവിച്ചല്ലെ മതിയാകൂ. ചാണക്യൻ ഇതു വെറുതെ ആയിരിക്കില്ല പറഞ്ഞത്
    ആത്മാപരാധവൃക്ഷസ്യ ഫലാന്യേതാനി ദേഹിനാം
    ദാരിദ്ര്യരോഗദുഃഖാനി ബന്ധനം വ്യസനാനി ച

    ആത്മാപരാധവൃക്ഷസ്യ = ആത്മാപരാധമാകുന്ന വൃക്ഷത്തിന്റെ- തന്നാല്‍ ചെയ്യപെട്ട അപരാധങ്ങള്‍ ആകുന്ന വൃക്ഷത്തിന്റെ
    ഫലാനി = ഫലങ്ങളാണ്‌
    ദേഹിനാം = ജീവികളുടെ
    ഏതാനി = ഈ
    ദാരിദ്ര്യരോഗദുഃഖാനി = ദാരിദ്ര്യം , രോഗങ്ങള്‍, മറ്റു ദുഃഖങ്ങള്‍
    ബന്ധനം = ബന്ധനം - തടവ്‌
    വ്യസനാനി ച= മറ്റു ദുരിതങ്ങളും

    അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലമാണ്‌ അവനവന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്‌പാടുകള്‍. അത്‌ ഈ ജന്മത്തില്‍ തന്നെ അനുഭവിച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ജന്മത്തില്‍ അനുഭവിക്കേണ്ടി വരുന്നു.

    ReplyDelete
    Replies
    1. പണിക്കർ സാർ, നന്ദി...

      Delete
  2. Replies
    1. ഇത് മനസ്സിലായില്ല!!!

      Delete