Monday, 28 October 2013

കളക്ടർ

അഭ്യസ്തവിദ്യരായ അനേകം യുവാക്കൾ ഉള്ള നാടാണു കേരളം. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ബിരുദധാരികളേയും ബിരുദാനന്തര ബിരുദധാരികളേയും സുലഭമായി കാണാം. എല്ലാ മേഖലയിലും അൻപതുവർഷം മുൻപുള്ള സാമൂഹ്യക്രമത്തിൽ നിന്നും, സമൂഹത്തിന്റെ ജീവിതവീക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിയിലാണ് കേരളീയജനത എത്തിപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ നാലിലൊരുഭാഗം സമയംകൊണ്ടുതന്നെ വിദ്യാഭ്യാസവും ജീവനോപാധിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് ജനങ്ങൾ. അതിന്റെ പരക്കം പാച്ചിലിൽ ഉന്നതമൂല്യങ്ങൾക്കും സദാചാരബോധത്തിനും ഒരു വിലയും കല്പിക്കാതെയുള്ള പിടിച്ചടക്കത്തിന്റെ ലോകത്താണ് എല്ലാവരും. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ഉന്നതസ്ഥാനലബ്ധിയേക്കാൾ ധനസമ്പാദനത്തിന് നൽകിയിരിക്കുന്നു. സമ്പത്ത് എങ്ങനെയുണ്ടാക്കുന്നുവെന്നതിനേക്കാൾ എത്രത്തോളം ഉണ്ടാക്കുന്നു എന്നുള്ളതിനാണ് ഇന്ന് പ്രഥമസ്ഥാനം നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനമേ വിദ്യാഭ്യാസത്തിനു നൽകിയിട്ടുള്ളു. എന്നിരുന്നാലും വിദ്യാഭ്യാസചിന്ത കൂടുതലായി സമൂഹത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു സവിശേഷതയാണ്.

സാധാരണയായി എല്ലാംകൊണ്ടും തന്നെക്കാൾ അല്പം താഴ്ന്നു നിൽക്കുന്നവരെയാണ് കൂടുതൽ പേരും അടുത്തു സഹകരിക്കാൻ തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ളവർ ഏതെങ്കിലും മേഖലയിൽ തന്നെ കടന്നുപോയാൽ അവരുമായുള്ള സഹകരണം കുറയ്ക്കാൻ തുടങ്ങും. അവരുടെ ഉയർച്ച തുടർന്നുകൊണ്ടിരുന്നാൽ അവരുമായുള്ള അകൽച്ച കൂടുകയും അവസാനം അവരെ ശത്രുഭാവത്തിൽ കാണുന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യും. ഇത് സാമാന്യമായി മനുഷ്യസമൂഹത്തിൽ കാണപ്പെടുന്ന ഒരു അനിഷേധ്യ വസ്തുതയാണ്. ഇത് ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടോ എന്നറിയില്ല. അത്തരമൊരു സംഭവത്തെപ്പറ്റി ഞാൻ ഓർക്കുകയാണ്.

എന്റെ ഗ്രാമത്തിൽ ധാരാളം യുവാക്കൾ ഉന്നത വിദ്യാഭ്യാസം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. അവരിൽ ഒരാളാണ് ‘വിദ്യാസാഗർ’. സൽ‌സ്വഭാവിയും പരസഹായ  മനോഭാവവും സത്സംഗസ്വഭാവവും ഉള്ള അയാൾ ഒരു ജോലിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്നു. നാട്ടിൽ പലർക്കും സർക്കാരുദ്യോഗം എന്ന നിധികുംഭം ലഭിച്ചുവെങ്കിലും സാഗറിനെ ഭാഗ്യം കടാക്ഷിച്ചില്ല. തൊട്ടടുത്തവീട്ടിലെ ഏകദേശം സമപ്രായക്കാരായ രണ്ടുപേർക്ക് ജോലി കിട്ടി. അവർ ഒറ്റ വീടുപോലെ കഴിഞ്ഞവർ. അവരുടെ അമ്മ സാഗറിനെ എവിടെവച്ചു കണ്ടാലും ജോലിതരമായോ എന്ന് അന്വേഷിക്കുകയും കിട്ടാത്തതിൽ ദുഃഖം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. താലൂക്കാഫീസിലും പഞ്ചായത്തിലും ജോലിയുള്ള തന്റെ മക്കളോടുപറഞ്ഞാൽ അവർ ശരിയാക്കിത്തരും എന്ന് കൂടെക്കൂടെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. വഴിയിൽ വച്ചുകണ്ടാലും വിവാഹസ്ഥലത്തുകണ്ടാലും മരണവീട്ടിൽ കണ്ടാലും ആളുകളുടെ സാന്നിധ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. രാവിലെ കണ്ട് ചോദിച്ചശേഷം വൈകുന്നേരം കാണുമ്പോഴും ചോദ്യം ആവർത്തിക്കും. ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ലെങ്കിലും അത് അസഹ്യമായപ്പോൾ ഇതിനൊരു പ്രതിവിധി കാണണമെന്ന് സാഗറിനു തോന്നി.

ഒരു ദിവസം ഒരു വിവാഹവീട്ടിൽ വച്ച് പതിവുപോലെ ഇത് ആവർത്തിച്ചു. സാഗർ ഉടനെ മറുപടി പറഞ്ഞു.

“അമ്മയുടെ പ്രാർത്ഥനകൊണ്ട് എനിക്ക് ജോലി കിട്ടി.”

അത്ഭുതത്തോടെ അവർ ചോദിച്ചു.
“എവിടെയാണ് ജോലി?”
“കൊല്ലത്താണ്.”
“എന്റെ മക്കടെപോലെ നല്ല ജോലിയാണോ?”
“അതേ. നല്ല ജോലിയാണ്.”
“ഏത് ഓഫീസിലാണ്?”
“കളക്ട്രേറ്റിൽ.”
“കളക്ട്രേറ്റിൽ എന്തുജോലിയാണ്?”
“കളക്ടറാണ്!“

അവർ കുറച്ചുസമയം മിണ്ടാതെ നിന്നു. പിന്നീട് ഒന്നും പറയാതെ നടന്നുനീങ്ങി. ശേഷം സാഗറിനെ കാണുമ്പോൾ അവർ ഒഴിഞ്ഞുമാറാൻ തുടങ്ങി. പിന്നീടൊരിക്കലും ജോലിയെപ്പറ്റി ചോദിക്കുകയോ ഒരു സഹകരണവും ഉണ്ടാകുകയോ ചെയ്തിട്ടില്ല.

“യഥാർത്ഥസ്നേഹം ആപേക്ഷികമല്ല.”

സോമദാസ്

1 comment:

  1. താണനിലത്തേ നീരോടൂ.......

    ReplyDelete