Wednesday, 20 November 2013

ചിലവ്

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ഒരാഴ്ചയോളമായി. അവധിക്കാലമായതിനാൽ മടി പിടിച്ചിരിക്കാനുള്ള ഒരു പ്രവണത കൂടുതലായിരുന്നു. എങ്കിലും ചെയ്തു തീർക്കാനുള്ള കടമകൾ നിർവ്വഹിക്കണമല്ലോ എന്നോർത്ത് ഞാൻ എഴുന്നേറ്റു. ഗൾഫിലുള്ള സുഹൃത്തുക്കളിൽ പലരും അവരുടെ വീട്ടിൽ കൊടുക്കാനായി ചില സാധനങ്ങൾ തന്നയച്ചിട്ടുണ്ട്. അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം. ആദ്യം തന്നെ വിജയേട്ടന്റെ വീട്ടിൽ പോകാം എന്ന് നിശ്ചയിച്ച് ചെല്ലുന്ന കാര്യം വിളിച്ചറിയിച്ചു.

രണ്ടു മൂന്ന് ബസ്സ് കയറി വേണം അവിടെ എത്താൻ. ബസ്സിൽ ഇരിക്കുമ്പോൾ മുഴുവനും വിജയേട്ടനായിരുന്നു മനസ്സിൽ. ഒരു കൈലിയുമുടുത്ത് അടുക്കളയിൽ കുപ്പൂസിനുള്ള കറി ഉണ്ടാക്കുന്ന വിജയേട്ടൻ. അവിടെ ഒരു കമ്പനിയിലെ വെൽഡറാണ് കക്ഷി. തുച്ഛമായ ശമ്പളം. അതുകൊണ്ടുതന്നെ വളരെ ചിലവ് ചുരുക്കിയുള്ള ജീവിതം. ചിലവ് കൂടുമെന്ന് പേടിച്ച് കടകളിലേക്കൊന്നും പുള്ളിക്കാരൻ പോകാറില്ല. സാധനങ്ങൾ വല്ലതും വേണമെങ്കിൽ ആരുടെയെങ്കിലും കയ്യിൽ പണം കൊടുത്തയക്കുകയാണ് പതിവ്. ചിലവ് ചുരുക്കുന്ന കാര്യത്തിൽ ഞങ്ങളുടെയെല്ലാം ഒരു മാതൃകയായിരുന്നു വിജയേട്ടൻ. എങ്കിലും പുള്ളിക്കാരന് കടത്തിന്റെ പുറത്ത് കടമാണ്. കിട്ടുന്ന ശമ്പളം മുഴുവൻ കടം തീർക്കാനെ ഉണ്ടാകൂ.

രണ്ടു വർഷത്തിലൊരിക്കലേ വിജയേട്ടൻ നാട്ടിലേക്ക് പോകാറുള്ളൂ. കാരണം കമ്പനി രണ്ടു വർഷത്തിൽ ഒരിക്കലേ ടിക്കറ്റ് കൊടുക്കാറുള്ളൂ എന്നത് മാത്രമല്ല. ഓരോതവണ നാട്ടിലേക്ക് പോകുമ്പോഴുള്ള ചിലവുകൾ ഭയങ്കരമാണെന്നാണ് പുള്ളിക്കാരന്റെ അഭിപ്രായം. സാധാരണ നാട്ടിൽ പോകുന്നതിന് ഒരു മാസം മുൻപ് വിജയേട്ടൻ ഒരു ചിട്ടി തുടങ്ങുന്ന പതിവുണ്ട്. ആദ്യത്തെ ചിട്ടി ഉടമസ്ഥനാണെന്നാണ് നിയമം. അങ്ങനെ കിട്ടുന്ന പണവുമായാണ് നാട്ടിലേക്ക് പോകാറുള്ളത്. തിരിച്ചു വന്നാൽ പിന്നെ ചിട്ടി അടയ്ക്കാനേ ശമ്പളം തികയൂ.

ഒരോന്ന് ചിന്തിച്ചിരുന്ന് സ്ഥലം എത്തിയതറിഞ്ഞില്ല. ബസ്സിൽ നിന്നിറങ്ങി ഞാൻ ചുറ്റും നോക്കി. സാമാന്യം വലിയ ഒരു മുക്ക്. അടുത്തു കണ്ട ബേക്കറിയിൽ അന്വേഷിക്കാമെന്ന് കരുതി അങ്ങോട്ടു നടന്നു.

“ഈ വിജയൻ എന്നു പറയുന്ന ആളുടെ വീടേതാ?” ഞാൻ കടക്കാരനോട് തിരക്കി.

“വിജയനോ?”

“അതെ, സൗദിയിൽ ജോലി ചെയ്യുന്ന..”

“ഓ! ഗൾഫ് വിജയൻ. ദാ ഇവിടുന്ന് മൂന്നാമത്തെ വീട്”

നന്ദി പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു. വിജയേട്ടന് ഇവിടെ നല്ല പേരാണ്. ‘ഗൾഫ് വിജയൻ!‘

മൂന്നാമത്തെ വീട് തിരക്കി പോയ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു മണിമാളിക ആയിരുന്നു. വീടുതെറ്റിയതായിരിക്കുമോ എന്ന് സംശയിച്ച് മടിച്ചു മടിച്ചാണ് ആ വലിയ ഗേറ്റ് തുറന്നത്. അകത്തേക്കു കയറിയ വേഗത്തിൽ തന്നെ പുറത്തുചാടി. പട്ടികൾ ഓടിച്ചിട്ടു കടിച്ച പ്രതീതി. ഗേറ്റിന്റെ തൊട്ടടുത്തായിരുന്നു പട്ടിക്കൂട്. പട്ടികൾ രണ്ടും കൂട്ടിനകത്തുതന്നെയാണെന്ന് ഉറപ്പു വരുത്തിയിട്ട് വീണ്ടും അകത്തേക്ക് കടന്നു. മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിരിക്കുന്നു. രണ്ടുവശത്തും പൂന്തോട്ടം. കാർപോർച്ചിൽ ഒരു വിലകൂടിയ കാറ്. വലിയ വീട്. എല്ലാം കണ്ട് പകച്ചു നിന്ന എന്നെ ഒരു പ്രൗഢയായ സ്ത്രീ അകത്തേക്ക് ക്ഷണിച്ചു. ഞാനാരാണെന്ന് വെളിപ്പെടുത്തിയപ്പോൾ സന്തോഷത്തോടെ അകത്ത് സ്വീകരിച്ചിരുത്തി. അകത്തും ആർഭാടത്തിനൊരു കുറവും വരുത്തിയിട്ടില്ല.

"ഭാര്യയേയും മക്കളേയും എന്തേ കൊണ്ടുവരാതിരുന്നത്?” വിജയേട്ടന്റെ ഭാര്യ ചോദിച്ചു.

“ഓ, ഞാൻ ഒറ്റയ്ക്ക് ബസ്സിൽ ഇങ്ങ് പോരുന്നു. ഇനി വേറെ രണ്ടുമൂന്നിടത്തും കൂടി കയറാനുണ്ട്.”ഞാൻ പറഞ്ഞു.

എന്തായാലും അടിപൊളി ഒരു ശാപ്പാടായിരുന്നു പുള്ളിക്കാരി ഒരുക്കിയിരുന്നത്. ഭക്ഷണത്തിനിടയിൽ വിജയേട്ടനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരുന്നു.

“ഏട്ടൻ എന്തായാലും ഇപ്പോൾ ദൈവം സഹായിച്ച് കമ്പനിയിൽ നല്ല ഒരു പൊസിഷനിൽ ആണ്. നല്ല ശമ്പളം. ഫ്ലാറ്റും വസ്ത്രങ്ങളുമൊക്കെ വൃത്തിയാക്കാൻ വരെ ആളുണ്ട്. കമ്പനി കാർ. അതിന്റെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ട്.“

ഞാൻ ഒന്നും മിണ്ടിയില്ല. വിഭവസ‌മൃദ്ധമായ ഭക്ഷണവും കഴിച്ച് വിജയേട്ടന്റെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് തിരിച്ചിറങ്ങുമ്പോഴും കൂട്ടിനകത്തു കിടന്ന് പട്ടികൾ കുരച്ചുകൊണ്ടേയിരുന്നു. അതിലൊരു പട്ടി കുര നിർത്തി തറയിൽ കിടന്ന മുട്ട പപ്സ് തിന്നാൻ തുടങ്ങി. അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് കുപ്പൂസും കടിച്ച് കഴിയുന്ന വിജയേട്ടന്റെ ചിത്രമായിരുന്നു.

വെക്കേഷൻ എല്ലാം കഴിഞ്ഞ് ഞാൻ തിരികെ സൗദിയിൽ എത്തിയപ്പോൾ കേട്ട വാർത്ത നിതാഖത്ത് മൂലം പണി പോയവരുടെ കൂട്ടത്തിൽ വിജയേട്ടനും ഉണ്ടെന്നായിരുന്നു. കമ്പനിയിൽ നിന്നു പിരിഞ്ഞു പോയപ്പോൾ കിട്ടിയ തുക മുഴവൻ ഇവിടുത്തെ കടം തീർത്തിട്ട് വിജയേട്ടൻ നാട്ടിലേക്ക് വിമാനം കയറി. ഇനി എന്തെന്നറിയാതെ.

“നാം സത്യനിഷ്ഠരായിരിക്കണം. നമ്മുടെ പത്തിൽ ഒൻപത് ഭാഗം ഊർജ്ജവും ചെലവഴിക്കപ്പെടുന്നത് നാമല്ലാത്തത് നാമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ്. നാം ആകേണ്ടതിനുവേണ്ടി ആ ഊർജ്ജം ചിലവഴിക്കപ്പെട്ടാൽ അതാണ് നേരായ വഴിക്കുള്ള ചിലവിടൽ.” സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി.

2 comments:

  1. വിശുദ്ധർക്ക് ദാനം കൊടൂക്കുന്ന പങ്കും
    നമുക്കൂണിനന്നന്നെടൂക്കുന്ന പങ്കും
    കണക്കാക്കിടാം വിത്തമായ്, ബാക്കിയെല്ലാം 
    സ്വരൂപിച്ചു കാക്കുന്നിതാർക്കോ മുടിക്കാൻ

    ReplyDelete
  2. അതു കലക്കി...

    ReplyDelete