Sunday 17 November 2013

ബോധക്കേട്

ഞാൻ ഇടവഴിയിലൂടെ നടന്നു. പഴയകാലത്തെ വഴി. അധികം വീതിയില്ലാതെ രണ്ടു ഭാഗത്തും ഉയർന്ന കയ്യാലകൾ. കുറേ ദൂരം നടന്നപ്പോൾ എതിരേ എന്തോ വരുന്നതായി തോന്നി. ആദ്യം അതൊരു കറുത്ത രൂപമായിരുന്നു. അടുത്തു വരുന്തോറും സ്പഷ്ടമായി കണ്ടു; ഒരു ആന! ആന നേരെ നടന്നു വരികയാണ്. ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി. അത് എന്നെ ക്രുദ്ധമായി നോക്കി എന്റെ നേരെ നടന്നടുത്തു. എന്റെ ശരീരം മുഴുവനും ഒരു മരവിപ്പ് ബാധിച്ചു. ഞാൻ തിരിഞ്ഞോടി. എന്റെ സർവ്വ ശക്തിയുമെടുത്ത് ഓടി. കുറേ ഓടിയിട്ട് തിരിഞ്ഞു നോക്കി. ആന എന്റെ തൊട്ടു പിന്നിൽ. വീണ്ടും ശരീരം വിറച്ചു; ശക്തി സംഭരിച്ചുകൊണ്ട് ഓടി. തൊട്ടുമുന്നിൽ എന്തോ തൂങ്ങിക്കിടക്കുന്നു. പെട്ടന്ന് എനിക്കു മനസ്സിലായി; അതൊരു ഊഞ്ഞാലാണ്! അതിൽ കയറിയിരുന്നു. അത് എന്നേയും കൊണ്ട് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഞാൻ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തു. ഉയരത്തിലിരുന്ന ഞാൻ താഴേക്കു നോക്കി. താഴെനിന്നും ഒരു തുമ്പിക്കൈ പൊങ്ങിവന്ന് ഊഞ്ഞാലിനു തൊട്ടടുത്തായി നിൽക്കുന്നു. ഞാൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് മേല്പോട്ടു പൊങ്ങി. വീണ്ടും അതാ തുമ്പിക്കൈ പൊങ്ങി വരുന്നു. അത് എന്നെ ഒറ്റത്തട്ട്. ഞാൻ ഊഞ്ഞാലിൽ നിന്നും തെറിച്ചു താഴെവീണു. ഒരു വലിയ പഞ്ഞിക്കെട്ടിൽ ആണ്ടിറങ്ങുന്നതുപോലെ തോന്നി. കൂടെ ശ്വാസം മുട്ടലും. പെട്ടെന്ന് ഞാൻ ബോധം കെട്ടു.

ഒരു ശബ്ദം കേട്ടു ഞാൻ സാവധാനം ഉണർന്നു. “എന്തിനാ മോനേ കരയുന്നത്?” ഞാൻ കണ്ണുതുറന്നു നോക്കിയെങ്കിലും കുറേസമയത്തേക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അമ്മയുടെ മടിയിൽ കിടന്ന് ഏങ്ങലടിച്ചു കരയുന്നു. ഞാൻ സ്വപ്നം കാണുകയായിരുന്നെന്ന് അമ്മ പറയുന്നതു കേട്ടു. എനിക്കും അത് മനസ്സിലായിത്തുടങ്ങി. എന്നിരുന്നാലും എന്റെ ഭയത്തോടെയുള്ള കരച്ചിൽ കുറച്ചുനേരം വെറുതേ തുടർന്നുകൊണ്ടിരുന്നു.

എന്റെ കുട്ടിക്കാലത്തു കണ്ട ആ സ്വപ്നം പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. അത് സ്വപ്നമായിരുന്നെങ്കിലും സ്പഷ്ടവും അതുകൊണ്ടുതന്നെ ഭീതിദവുമായിരുന്നു. ഈ ലൗകിക ജീവിതവും ഇതുപോലെ ദീർഘവും ദൃഢവുമായ ഒരു സ്വപ്നമല്ലേ? ആ‍ന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഞാൻ താഴേക്കു വീണു തെളിഞ്ഞതുപോലെ ജീവിതാവസാനം ഒരു തട്ടുകൊണ്ട് ബോധം കെട്ട് നമ്മളെല്ലാപേരും മറ്റൊരു ലോകത്ത് തെളിയും. സ്വപ്നത്തിൽ നിന്നും ഉണർന്ന് തെളിയുമ്പോൾ ഇതേവരെയും കണ്ടത് സ്വപ്നമായിരുന്നല്ലോ എന്ന് അതിശയിക്കുന്നതുപോലെ, ഈ ജീവിതത്തിൽ നിന്നും, മരണം എന്ന ഞെട്ടിയുണരലിലൂടെ മറ്റൊരു ലോകത്തെത്തുമ്പോൾ ഇതേവരെയും കണ്ട ജീവിതവും സ്വപ്നമായിരുന്നല്ലോ എന്ന് അത്ഭുതപ്പെടും. ഇതറിഞ്ഞവരല്ലേ “സ്വപ്നസന്നിഭം ലോകം” എന്ന് പറയുന്നത്. സ്വപ്നം കാണുമ്പോൾ എപ്രകാരമാണോ ഇത് സ്വപ്നമാണെന്ന് തോന്നാത്തത് അപ്രകാരം തന്നെയാണ് ലൗകിക ജീവിതത്തേയും നോക്കിക്കാണുന്നത്. ഇതുകൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾ ലൗകിക ജീവിതത്തിലേക്ക് ആണ്ടുപോകുന്നതും.

ഇപ്പോൾ ഞാൻ സ്വപ്നത്തെ ഭയപ്പെടുന്നില്ല. കാരണം അത് എത്ര ഭയത്തെ ഉണ്ടാക്കിയാലും ഉണർന്ന് സുരക്ഷിതമായി ഇരിക്കാമല്ലോ എന്നോർത്ത്. ഇതുപോലെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ ദുഃഖങ്ങളേയും ‘സ്വപ്നസന്നിഭം’ എന്നുകരുതി അവഗണിക്കാറുമുണ്ട്. എന്നാൽ ശാരീരികവ്യഥകളേയും വിശപ്പിനേയും സ്വപ്ന സന്നിഭത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്!

 സോമദാസ്

No comments:

Post a Comment