Sunday, 29 December 2013

ആചാര്യദേവോ ഭവ:

സൂസമ്മ ടീച്ചർ.. എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടീച്ചർ. എന്നോട് വലിയ വാത്സല്യമായിരുന്നു ടീച്ചർക്ക്. എന്നോട് മാത്രമായിരുന്നില്ല, എല്ലാ കുട്ടികളോടും അതെ! ക്രിസ്റ്റ്യൻ സ്കൂളിന്റെ ചിട്ടയായ ശിക്ഷണങ്ങളിൽ നിന്നും എന്നും ടീച്ചർ വേറിട്ട് നിന്നിരുന്നു. സ്നേഹത്തിലൂടെ ക്ലാസിലെ എല്ലാ കുട്ടികളെയും അനുസരണയുള്ളവരാക്കിയിരുന്നു അവർ. കണക്കായിരുന്നു ടീച്ചറിന്റെ വിഷയം. അതുകൊണ്ടുതന്നെ കണക്ക് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഏഴാം ക്ലാസിൽ വച്ച് എനിക്ക് അപ്പെന്റിസൈറ്റിസ് ഓപ്പറേഷൻ വേണ്ടി വന്നു. ഒരു മാസത്തോളം ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് സ്കൂളിലെത്തിയപ്പോൾ ആദ്യ പീരീഡ് മലയാളം. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ ഞങ്ങളുടെ മലയാളം ടീച്ചർ മാറി പുതിയ ആൾ വന്നിരുന്നു. കോമ്പോസിഷൻ എഴുതാത്തവരെല്ലാം എണീറ്റു നിൽക്കാൻ ടീച്ചർ പറഞ്ഞു. ഞാൻ ഉൾപ്പെടെ കുറച്ചുപേർ എണീറ്റു. എണീറ്റവരെല്ലാം ക്ലാസിലെ വിരുതന്മാർ. ടീച്ചർ ഒരറ്റത്തുനിന്ന് അടി തുടങ്ങി. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ കലിതുള്ളി നിന്ന ടീച്ചർക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ കൈനീട്ടി. അപ്പോൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം ഒരു പത്തു കൈ എന്റെ കയ്യുടെ മുകളിൽ! എന്റെ കൂട്ടുകാർ. എന്നിട്ടും ടീച്ചർ തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. എന്റെ കുഞ്ഞിക്കയ്യിൽ രണ്ട് അടി വീണു. എനിക്ക് ഒട്ടും വേദനിച്ചില്ല. കാരണം ഞാൻ ഒരു കുറ്റവും ചെയ്തിരുന്നില്ലല്ലോ.  ആ വിഷയത്തെ ചൊല്ലി പുതിയ ടീച്ചറുമായി സൂസമ്മ ടീച്ചർ വഴക്കിട്ടു എന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു. അതിനു ശേഷം സൂസമ്മ ടീച്ചർ ക്ലാസിൽ എത്തി എന്റെ കയ്യിൽ തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. അടിയുടെ വേദനകൊണ്ടല്ല അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ സംഭവം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലാക്കാൻ പറ്റി. എന്റെ കൂട്ടുകാരും ടീച്ചറും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്.

ഞാൻ വളർന്നു. സ്കൂളിൽ നിന്നും കോളേജിൽ എത്തി. പക്ഷേ എങ്ങും ഞാൻ അതുപോലെ മറ്റൊരു ടീച്ചറെ കണ്ടില്ല. ആയിടയ്ക്കാണ് ഞാൻ ആ വിവരം അറിയുന്നത്. ടീച്ചർക്ക് ഒരു അപകടം പറ്റി. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലോട്ട് നടന്നുപോകുകയായിരുന്ന ടീച്ചറുടെ ശരീരത്തിൽ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് പതിച്ചു. അരയ്ക്കു താഴെ തളർന്നു പോയി. ഞാൻ ടീച്ചറെ കാണാൻ പോയി. എന്നെ കണ്ട് ആ മുഖം വിടർന്നു. ചെറുതായൊന്ന് ചിരിച്ചു. ഒരുപാടുനാൾ ബഡ്ഡിൽ കിടന്നതുമൂലം മുതുകിൽ ഉണ്ടായ ആഴത്തിലുള്ള മുറിവിൽ മകൻ ഉപ്പ് വച്ച് കെട്ടുന്നു. വേദന കടിച്ചമർത്തി ടീച്ചർ കിടന്നു. ആ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു.

കുറച്ചു കഴിഞ്ഞ് പ്രസന്നമായ മുഖത്തോടെ ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു. "മോൻ എന്തിനാ കരയുന്നത്. എനിക്കൊന്നുമില്ല. നീ നന്നായി പഠിക്കണം. വലിയ ആളാകണം. നിന്നിൽ എനിക്ക് പ്രതീക്ഷയുണ്ട്. ദൈവത്തിന്റെ അക്കൗണ്ടിൽ എനിക്ക് വീട്ടാൻ ഒരുപാട് കടങ്ങളുണ്ട്. അത് ഞാൻ വീട്ടിക്കൊണ്ടിരിക്കുന്നു. ആ കടങ്ങൾ തീരുന്നതല്ലേ നല്ലത്. നീ ഇതു കേട്ടിട്ടുണ്ടോ? ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കു വേണ്ടി പീഢനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.“

ടീച്ചറുടെ അടുത്തുനിന്നും തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു. ഈ ശാരീരികവ്യഥകളൊന്നും തന്നെ ടീച്ചറുടെ മനസ്സിനെ കീഴടക്കിയിട്ടില്ല. തന്റെ കർമ്മഫലങ്ങൾ എല്ലാം അനുഭവിക്കാൻ ആ മനസ്സ് സന്നദ്ധമാണ്. ആ കർമ്മഫലങ്ങൾ അനുഭവിച്ചതിനു ശേഷം സ്വർഗ്ഗരാജ്യം ടീച്ചർക്ക് ലഭിക്കും എന്ന് എനിക്കു തോന്നി. സൂസമ്മ ടീച്ചർ ഒരു ദേവതയാണ്. ആചാര്യനെ ദൈവമായി കരുതുന്നതാണ് ഭാരതീയ ദർശനം. അങ്ങനെ കരുതണമെങ്കിൽ അദ്ദേഹം ആ നിലയിലേക്കുയരണം. എന്റെ സൂസമ്മ ടീച്ചറെപ്പോലെ!

Wednesday, 18 December 2013

പ്രപഞ്ചം ഒരു അത്ഭുതം!

“ദേ, ഇങ്ങോട്ടൊന്ന് വന്നേ!“

എന്നെയാണല്ലോ വിളിക്കുന്നത്. എന്തിനാണാവോ? വല്ല പണിയും തരാനാണോ? ഞാൻ പതുക്കെ അടുക്കളയിലേക്ക് ചെന്നു.

“ഈ കറിക്ക് ഉപ്പുണ്ടോ എന്നൊന്ന് നോക്കിയേ. എന്റെ നാവിന് ഇപ്പൊ ശരിക്ക് രുചി അറിയുന്നില്ല.” ഭാര്യ പറഞ്ഞു.

അവധിയായതുകൊണ്ട് ഇന്നേതോ പുതിയ കറി പരീക്ഷിക്കുകയാണവൾ. ടിവിയിലെ കുക്കറി ഷോകളുടെയും ഇന്റർനെറ്റിന്റെയും വരവ് അടുക്കളകളിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഏതു നാട്ടിലെ വിഭവങ്ങൾ ഉണ്ടാക്കുന്ന വിധവും ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്.

“നോക്കി നിൽക്കാതെ ആ കയ്യൊന്ന് നീട്ട്.” തവി കൊണ്ട് കറി നല്ലതുപോലെ ഒന്ന് ഇളക്കിയിട്ട് അവൾ അതിൽ നിന്നും ഒരു തുള്ളി കറി കോരി എന്റെ നേരെ നീട്ടി. ഞാൻ രുചിച്ചു നോക്കി. കൊള്ളാം! ഉപ്പും മുളകും എല്ലാം പാകത്തിന്. അടുത്തിടെയായി ഇവൾ എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.

“ങാ, കുഴപ്പമില്ല. കഴിക്കാൻ കൊള്ളാം!“ ഞാൻ പറഞ്ഞു.

“ഉപ്പ് പാകത്തിനുണ്ടോ?”

“ഉണ്ടെടീ..” ഞാൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.

ഞാൻ ചിന്തിച്ചു. ആ കറിയുടെ ഉപ്പ് നോക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്? കറിയുടെ ഒരു അംശം എടുത്ത് രുചിച്ചു. ഉപ്പുണ്ടോ എന്നറിയാൻ കറി മുഴുവൻ ആരെങ്കിലും കുടിച്ചു നോക്കുമോ? ഇതുപോലെ തന്നെ, ഈ പ്രപഞ്ചത്തെക്കുറിച്ചറിയാൻ പ്രപഞ്ചം മുഴുവൻ ചുറ്റി സഞ്ചരിക്കേണ്ട കാര്യമില്ല. അതിലെ ഒരു അണുവിനെ പറ്റി അറിഞ്ഞാൽ മതിയെന്ന് എനിക്ക് തോന്നി. ഓരോ അണുവിലും പ്രപഞ്ച ചൈതന്യം ഒരു പോലെ വർത്തിക്കുന്നു. ഓരോ അണുവിലും ഉണ്ട് പ്രപഞ്ചപുരുഷന്റെ കയ്യൊപ്പ്. ആറ്റത്തിൽ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകൾ കറങ്ങുന്നതുപോലെ നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങൾ കറങ്ങുന്നു. അചേതനമെന്ന് നമ്മൾ കരുതുന്ന വസ്തുക്കളിലെ അണുക്കളും ചലനാത്മകമാണ്. ഒരു അണുവിൽ അടങ്ങിയിരിക്കുന്ന ശക്തി എത്ര വലുതാണെന്ന് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നു. അപ്പോൾ അതിന്റെ സ്ഥൂലരൂപമായ പ്രപഞ്ചശക്തിയെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രയാസമല്ലേ!

നമുക്ക് ജാഗ്രത്, സ്വപ്ന, സുഷുപ്താവസ്ഥയുള്ളതുപോലെ ഈ പ്രപഞ്ചത്തിനും ഉണ്ട്. പ്രപഞ്ചത്തിന്റെ സുഷുപ്താവസ്ഥയെയാണ് പലരും മഹാപ്രളയമെന്ന് വിശേഷിപ്പിച്ചത്. സചേതനമായ ചിലന്തിയിൽ നിന്നും അചേതനമായ വലയും അചേതനമായ പൃഥ്വിയിൽ നിന്നും സചേതനമായ ഔഷധികളും സചേതനമായ പുരുഷനിൽ നിന്നും രോമങ്ങളും ഉണ്ടാകുന്നതുപോലെ, ചൈതന്യവസ്തുവായ പരബ്രഹ്മത്തിൽ നിന്നും സചേതനവും അചേതനവുമായി കാണപ്പെടുന്ന ഈ പ്രപഞ്ചം ഉണ്ടാകുന്നു എന്ന് ഉപനിഷത്തുക്കൾ പറയുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെ കർത്തവ്യം വ്യക്തമായി അറിയാം. എന്റെ അന്തഃകരണത്തിന് ചിത്തം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ ഭാവങ്ങളുള്ളതുപോലെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനും അഹങ്കാരം - താൻ ആരാണെന്നുള്ള തിരിച്ചറിവ് - ഉണ്ട്.

ഞാൻ മുറ്റത്തേക്കിറങ്ങി. പൂർണ്ണചന്ദ്രൻ മനോഹരമായി പ്രകാശിച്ചു നിൽക്കുന്നു. ആകാശം മുഴുവൻ നക്ഷത്രങ്ങൾ. ഞാൻ ഈ കാണുന്ന പല നക്ഷത്രങ്ങളുടെയും പ്രകാശം പണ്ട് കൃഷ്ണനും യേശുവും മുഹമ്മദ് നബിയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് പുറപ്പെടുവിക്കപ്പെട്ടതാണ്. അവർ നോക്കിക്കണ്ട അതേ ചന്ദ്രനെയും സൂര്യനെയുമാണ് ഇന്ന് ഞാനും കാണുന്നത്. ചിന്തകൾക്ക് അവസാനമില്ല. ഈ പ്രപഞ്ചം ഒരു അത്ഭുതം തന്നെ.

അത്താഴം വിളമ്പി വച്ചിരിക്കുന്നു എന്ന് അകത്തുനിന്നും അറിയിപ്പു വന്നതോടെ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. കുറച്ചു മുൻപ് രുചി നോക്കിയ കറി കൂട്ടി കഴിക്കാമെന്ന ചിന്ത എന്റെ വായിൽ വെള്ളം നിറച്ചു.

Monday, 9 December 2013

കുന്നിക്കുരു - 12


മാതാപിതാക്കളിൽ നിന്നും
സമൂഹത്തിൽ നിന്നുമായ്
അറിവുകൾ നേടുന്നോരു
ബാല്യം ഉത്തമമാണുകേൾ.


ബാല്യകാലം പഠിക്കുന്ന
ശീലങ്ങൾ തുടരുന്നിതു
അന്ത്യകാലം വരുവോളം
നിഴൽ പോൽ തന്റെ കൂടെയും.


കളങ്കമില്ലാത്ത ബാല്യത്തെ
കളങ്കപ്പെടുത്തിയാക്കുവാൻ
ബാഹ്യപ്രേരണയായ് നിൽ‌പ്പൂ
ബാഹ്യലോകമതെപ്പൊഴും.
ബാല്യത്തിൽ നല്ല ശീലങ്ങൾ
ശ്രദ്ധയോടെ പഠിക്കുകിൽ
ദുർഘടമായ ലോകത്തിൽ
വിജയം സാധ്യമായ് വരും.
ഉദാത്തമായ വിദ്യയും
ഉദാത്തമായ ചിന്തയും
ഉദാത്തമായ ലക്ഷ്യവും
ഉദാത്തമായ ജീവിതം.
എന്തുചെയ്യണമെന്നപോൽ
എങ്ങനെ ചെയ്യണമെന്നതും
കൗമാരത്തിൽ ശങ്കിപ്പൂ
ചാഞ്ചല്യമുള്ള ചിത്തവും.
അന്യരെ അനുകരിക്കുവാൻ
മനസ്സിൽ തോന്നുന്നിതെപ്പൊഴും
നല്ല അനുകരണം തന്നിൽ
നല്ല ഭാവങ്ങൾ നൽകിടും.
വിദ്യ അഭ്യസിച്ചീടുവാൻ
ബ്രഹ്മചര്യമനുഷ്ഠിച്ച്
ഗുരുവിൻ മാർഗ്ഗമാരാഞ്ഞ്
ഗുരുവോടൊത്തുവസിക്കണം.
ആചാര്യൻ ചൊന്ന കാര്യങ്ങൾ
ഓരോന്നും ശ്രദ്ധയോടെയും
തന്റെ വിദ്യയതാക്കീട്ട്
തന്നെത്താൻ അറിഞ്ഞീടണം.
പഠിച്ചവിദ്യയെ ചേർത്തിട്ട്
അനുയോജിച്ചൊരു ജോലിയും
കരസ്ഥമാക്കി വച്ചീടാൻ
യൗവ്വനം തന്നെ ഉത്തമം.
സംസ്കാരമുള്ള ജോലിക്ക്
തന്നെ വേണം ശ്രമിക്കുവാൻ
ജീവിതം ശാന്തമാക്കീടാൻ
തൊഴിൽ നൽകുന്നു ശക്തിയും.
അസത്യം ചൊൽ‌വതും പിന്നെ
പൊതുസമ്പാദ്യ മോഷണം
നീതിമാനായ് ഭാവിച്ചും
നീതിനിഷേധനമോടെയും
മദ്യനിർമ്മാണ ജോലിയും
മദ്യവില്പന ജോലിയും
മദ്യമായിട്ടു ചേർന്നുള്ള
ജോലികൾ ശുദ്ധമല്ലകേൾ.
മാതാപിതാക്കൾ കണ്ടുവച്ച
വിവാഹം തന്നെയുത്തമം
ശിഷ്ടഫലങ്ങൾ കാണേണം
കർമ്മത്തിൻ ഫലമെന്നതായ്.
കുടുംബാംഗങ്ങളെത്തമ്മിൽ
ബന്ധിച്ചീടുന്ന കണ്ണിയായ്
സ്നേഹ വിശ്വാസ ധർമ്മങ്ങൾ
നീതിയോടെ പുലർത്തണം.

സോമദാസ്

നിക്ഷേപം

രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തകരെല്ലാം അത്യുത്സാഹത്തോടെ രംഗത്തുണ്ട്. സ്ഥാനാർത്ഥികൾ അവരവർക്ക് അനുവദിച്ചിട്ടുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നു. അവർ യോഗങ്ങൾ വിളിച്ചുകൂട്ടി തങ്ങൾ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി നിരത്തുന്നു. ആത്മാർത്ഥതയോടും നിസ്വാർത്ഥമായിട്ടുമാണ് തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടി ഇത്രയും കാലം പ്രവർത്തിച്ചിരുന്നതെന്ന് ചിലർ പറഞ്ഞുനടക്കുന്നു. അതെല്ലാം നിരത്തി അയാൾ ജനങ്ങളുടെ സമ്മതിദാനാവകാശം ചോദിക്കുകയാണ്. അയാളുടെ മുൻകാല പ്രവർത്തനങ്ങളെല്ലാം സമൂഹത്തിന്മേലുള്ള നിക്ഷേപങ്ങളായിരുന്നു. ഇന്ന് അയാൾക്ക് ആവശ്യം വന്നപ്പോൾ പലിശ സഹിതം വോട്ടായി അയാൾ ചോദിക്കുകയാണ്. ജനം അത് തിരികെ കൊടുക്കാൻ ബാധ്യസ്ഥരുമാണ്. കാരണം അയാൾ അയാളുടെ സാമൂഹ്യസേവനം ഒരു സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയായിരുന്നു. ഇങ്ങനെയൊരു അവസരം വരുമെന്നും അപ്പോൾ തിരികെ കിട്ടുമെന്നും ഉള്ള കണക്കുകൂട്ടലിലാണ് അയാൾ ധാരാളം വികസനങ്ങളും ഉപകാരങ്ങളും സമൂഹത്തിൽ ചെയ്തിരുന്നത്. പലരും തന്റെ സമ്പാദ്യമെല്ലാം വിറ്റ് പണമാക്കി ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യം വരുമ്പോൾ പലിശസഹിതം അയാൾ ചെക്കെഴുതി കൊടുക്കും. ബാങ്കുകാർ അത് തിരികെ കൊടുക്കാൻ ബാധ്യസ്ഥരുമാണ്. അതേപോലെതന്നെയാണ് ഒരാൾ തന്റെ കഴിവുകളെല്ലാം സാമൂഹ്യപ്രവർത്തനം, പരോപകാരം, പരസഹായം തുടങ്ങിയ വകുപ്പുകളിൽ ആക്കി ജനസമൂഹത്തിനുമേൽ സ്ഥിരനിക്ഷേപമായി ഇടുന്നത്. തിരഞ്ഞെടുപ്പെന്ന തന്റെ ആവശ്യം വരുമ്പോഴോ തനിക്ക് മറ്റെന്തെങ്കിലും സ്ഥാനത്തേക്ക് ആവശ്യം വരുമ്പോഴോ തിരിച്ചു ചോദിക്കുന്നത് ശരിയല്ലെന്നു പറയുവാൻ കഴിയുമോ?

ചില ആളുകൾ തങ്ങളുടെ പ്രയത്നവും ധനവും ചില മൃഗങ്ങളിലാണ് നിക്ഷേപിക്കുക. ആന, കുതിര, മറ്റു ജീവികൾ തുടങ്ങിയവയെ അയാൾ ശ്രദ്ധാപൂർവ്വം പോറ്റിവളർത്തുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നായയിലോ പറവകളിലോ, അയാൾക്ക് ഒരു പ്രയോജനവുമില്ലാത്ത ജന്തുക്കളിലോ അയാൾ നിക്ഷേപം കരുതുന്നില്ല. ഇനിയും മറ്റൊരു കൂട്ടരുടെ നിക്ഷേപം സസ്യങ്ങളിലാണ്. തന്റെ കഴിവും ശ്രദ്ധയും നൽകി വിവിധതരത്തിലുള്ള സസ്യങ്ങളെ പരിപാലിച്ചുകൊണ്ട് അയാൾ തന്റെ സമ്പാദ്യം നിക്ഷേപിക്കുന്നു. അയാളുടെ നിക്ഷേപം തിരികെക്കൊടുക്കാൻ കഴിയാത്ത സസ്യങ്ങളെ അയാൾ വെട്ടി നശിപ്പിക്കുന്നു. കളകൾക്കോ മുൾച്ചെടികൾക്കോ മറ്റ് ഒരു പ്രയോജനവുമില്ലാത്ത സസ്യങ്ങൾക്കോ ആരും പരിരക്ഷ നൽകാറില്ലല്ലോ. മേൽപറഞ്ഞ മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം നിക്ഷേപപ്രവർത്തനങ്ങളാണ്. തന്റെ എല്ലാ നിക്ഷേപപ്രവർത്തനങ്ങളിലും അയാൾ തിരികെ ഒന്നു പ്രതീക്ഷിക്കുന്നു.

മേൽ‌പറഞ്ഞിട്ടുള്ളതൊന്നും നിഷ്കാമമായിട്ടുള്ള പ്രവർത്തനങ്ങളല്ല. അതെല്ലാം സോദ്ദേശ്യത്തോടുകൂടി നടത്തുന്ന കർമ്മങ്ങളാണ്. സോദ്ദേശ്യമില്ലാതെ നടത്തുന്ന കർമ്മങ്ങളാണ് ശ്രേഷ്ഠം. ശ്രേഷ്ഠപുരുഷന്മാരുടെ കർമ്മങ്ങളെല്ലാം നിക്ഷേപവും സമാഹരണവും എന്ന ചിന്തക്കതീതമായിരിക്കും.

സോമദാസ്