Sunday 29 December 2013

ആചാര്യദേവോ ഭവ:

സൂസമ്മ ടീച്ചർ.. എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടീച്ചർ. എന്നോട് വലിയ വാത്സല്യമായിരുന്നു ടീച്ചർക്ക്. എന്നോട് മാത്രമായിരുന്നില്ല, എല്ലാ കുട്ടികളോടും അതെ! ക്രിസ്റ്റ്യൻ സ്കൂളിന്റെ ചിട്ടയായ ശിക്ഷണങ്ങളിൽ നിന്നും എന്നും ടീച്ചർ വേറിട്ട് നിന്നിരുന്നു. സ്നേഹത്തിലൂടെ ക്ലാസിലെ എല്ലാ കുട്ടികളെയും അനുസരണയുള്ളവരാക്കിയിരുന്നു അവർ. കണക്കായിരുന്നു ടീച്ചറിന്റെ വിഷയം. അതുകൊണ്ടുതന്നെ കണക്ക് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഏഴാം ക്ലാസിൽ വച്ച് എനിക്ക് അപ്പെന്റിസൈറ്റിസ് ഓപ്പറേഷൻ വേണ്ടി വന്നു. ഒരു മാസത്തോളം ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് സ്കൂളിലെത്തിയപ്പോൾ ആദ്യ പീരീഡ് മലയാളം. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ ഞങ്ങളുടെ മലയാളം ടീച്ചർ മാറി പുതിയ ആൾ വന്നിരുന്നു. കോമ്പോസിഷൻ എഴുതാത്തവരെല്ലാം എണീറ്റു നിൽക്കാൻ ടീച്ചർ പറഞ്ഞു. ഞാൻ ഉൾപ്പെടെ കുറച്ചുപേർ എണീറ്റു. എണീറ്റവരെല്ലാം ക്ലാസിലെ വിരുതന്മാർ. ടീച്ചർ ഒരറ്റത്തുനിന്ന് അടി തുടങ്ങി. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ കലിതുള്ളി നിന്ന ടീച്ചർക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ കൈനീട്ടി. അപ്പോൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം ഒരു പത്തു കൈ എന്റെ കയ്യുടെ മുകളിൽ! എന്റെ കൂട്ടുകാർ. എന്നിട്ടും ടീച്ചർ തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. എന്റെ കുഞ്ഞിക്കയ്യിൽ രണ്ട് അടി വീണു. എനിക്ക് ഒട്ടും വേദനിച്ചില്ല. കാരണം ഞാൻ ഒരു കുറ്റവും ചെയ്തിരുന്നില്ലല്ലോ.  ആ വിഷയത്തെ ചൊല്ലി പുതിയ ടീച്ചറുമായി സൂസമ്മ ടീച്ചർ വഴക്കിട്ടു എന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു. അതിനു ശേഷം സൂസമ്മ ടീച്ചർ ക്ലാസിൽ എത്തി എന്റെ കയ്യിൽ തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. അടിയുടെ വേദനകൊണ്ടല്ല അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ സംഭവം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലാക്കാൻ പറ്റി. എന്റെ കൂട്ടുകാരും ടീച്ചറും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്.

ഞാൻ വളർന്നു. സ്കൂളിൽ നിന്നും കോളേജിൽ എത്തി. പക്ഷേ എങ്ങും ഞാൻ അതുപോലെ മറ്റൊരു ടീച്ചറെ കണ്ടില്ല. ആയിടയ്ക്കാണ് ഞാൻ ആ വിവരം അറിയുന്നത്. ടീച്ചർക്ക് ഒരു അപകടം പറ്റി. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലോട്ട് നടന്നുപോകുകയായിരുന്ന ടീച്ചറുടെ ശരീരത്തിൽ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് പതിച്ചു. അരയ്ക്കു താഴെ തളർന്നു പോയി. ഞാൻ ടീച്ചറെ കാണാൻ പോയി. എന്നെ കണ്ട് ആ മുഖം വിടർന്നു. ചെറുതായൊന്ന് ചിരിച്ചു. ഒരുപാടുനാൾ ബഡ്ഡിൽ കിടന്നതുമൂലം മുതുകിൽ ഉണ്ടായ ആഴത്തിലുള്ള മുറിവിൽ മകൻ ഉപ്പ് വച്ച് കെട്ടുന്നു. വേദന കടിച്ചമർത്തി ടീച്ചർ കിടന്നു. ആ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു.

കുറച്ചു കഴിഞ്ഞ് പ്രസന്നമായ മുഖത്തോടെ ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു. "മോൻ എന്തിനാ കരയുന്നത്. എനിക്കൊന്നുമില്ല. നീ നന്നായി പഠിക്കണം. വലിയ ആളാകണം. നിന്നിൽ എനിക്ക് പ്രതീക്ഷയുണ്ട്. ദൈവത്തിന്റെ അക്കൗണ്ടിൽ എനിക്ക് വീട്ടാൻ ഒരുപാട് കടങ്ങളുണ്ട്. അത് ഞാൻ വീട്ടിക്കൊണ്ടിരിക്കുന്നു. ആ കടങ്ങൾ തീരുന്നതല്ലേ നല്ലത്. നീ ഇതു കേട്ടിട്ടുണ്ടോ? ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കു വേണ്ടി പീഢനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.“

ടീച്ചറുടെ അടുത്തുനിന്നും തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു. ഈ ശാരീരികവ്യഥകളൊന്നും തന്നെ ടീച്ചറുടെ മനസ്സിനെ കീഴടക്കിയിട്ടില്ല. തന്റെ കർമ്മഫലങ്ങൾ എല്ലാം അനുഭവിക്കാൻ ആ മനസ്സ് സന്നദ്ധമാണ്. ആ കർമ്മഫലങ്ങൾ അനുഭവിച്ചതിനു ശേഷം സ്വർഗ്ഗരാജ്യം ടീച്ചർക്ക് ലഭിക്കും എന്ന് എനിക്കു തോന്നി. സൂസമ്മ ടീച്ചർ ഒരു ദേവതയാണ്. ആചാര്യനെ ദൈവമായി കരുതുന്നതാണ് ഭാരതീയ ദർശനം. അങ്ങനെ കരുതണമെങ്കിൽ അദ്ദേഹം ആ നിലയിലേക്കുയരണം. എന്റെ സൂസമ്മ ടീച്ചറെപ്പോലെ!

No comments:

Post a Comment