Wednesday, 18 December 2013

പ്രപഞ്ചം ഒരു അത്ഭുതം!

“ദേ, ഇങ്ങോട്ടൊന്ന് വന്നേ!“

എന്നെയാണല്ലോ വിളിക്കുന്നത്. എന്തിനാണാവോ? വല്ല പണിയും തരാനാണോ? ഞാൻ പതുക്കെ അടുക്കളയിലേക്ക് ചെന്നു.

“ഈ കറിക്ക് ഉപ്പുണ്ടോ എന്നൊന്ന് നോക്കിയേ. എന്റെ നാവിന് ഇപ്പൊ ശരിക്ക് രുചി അറിയുന്നില്ല.” ഭാര്യ പറഞ്ഞു.

അവധിയായതുകൊണ്ട് ഇന്നേതോ പുതിയ കറി പരീക്ഷിക്കുകയാണവൾ. ടിവിയിലെ കുക്കറി ഷോകളുടെയും ഇന്റർനെറ്റിന്റെയും വരവ് അടുക്കളകളിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഏതു നാട്ടിലെ വിഭവങ്ങൾ ഉണ്ടാക്കുന്ന വിധവും ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്.

“നോക്കി നിൽക്കാതെ ആ കയ്യൊന്ന് നീട്ട്.” തവി കൊണ്ട് കറി നല്ലതുപോലെ ഒന്ന് ഇളക്കിയിട്ട് അവൾ അതിൽ നിന്നും ഒരു തുള്ളി കറി കോരി എന്റെ നേരെ നീട്ടി. ഞാൻ രുചിച്ചു നോക്കി. കൊള്ളാം! ഉപ്പും മുളകും എല്ലാം പാകത്തിന്. അടുത്തിടെയായി ഇവൾ എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.

“ങാ, കുഴപ്പമില്ല. കഴിക്കാൻ കൊള്ളാം!“ ഞാൻ പറഞ്ഞു.

“ഉപ്പ് പാകത്തിനുണ്ടോ?”

“ഉണ്ടെടീ..” ഞാൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.

ഞാൻ ചിന്തിച്ചു. ആ കറിയുടെ ഉപ്പ് നോക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്? കറിയുടെ ഒരു അംശം എടുത്ത് രുചിച്ചു. ഉപ്പുണ്ടോ എന്നറിയാൻ കറി മുഴുവൻ ആരെങ്കിലും കുടിച്ചു നോക്കുമോ? ഇതുപോലെ തന്നെ, ഈ പ്രപഞ്ചത്തെക്കുറിച്ചറിയാൻ പ്രപഞ്ചം മുഴുവൻ ചുറ്റി സഞ്ചരിക്കേണ്ട കാര്യമില്ല. അതിലെ ഒരു അണുവിനെ പറ്റി അറിഞ്ഞാൽ മതിയെന്ന് എനിക്ക് തോന്നി. ഓരോ അണുവിലും പ്രപഞ്ച ചൈതന്യം ഒരു പോലെ വർത്തിക്കുന്നു. ഓരോ അണുവിലും ഉണ്ട് പ്രപഞ്ചപുരുഷന്റെ കയ്യൊപ്പ്. ആറ്റത്തിൽ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകൾ കറങ്ങുന്നതുപോലെ നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങൾ കറങ്ങുന്നു. അചേതനമെന്ന് നമ്മൾ കരുതുന്ന വസ്തുക്കളിലെ അണുക്കളും ചലനാത്മകമാണ്. ഒരു അണുവിൽ അടങ്ങിയിരിക്കുന്ന ശക്തി എത്ര വലുതാണെന്ന് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നു. അപ്പോൾ അതിന്റെ സ്ഥൂലരൂപമായ പ്രപഞ്ചശക്തിയെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രയാസമല്ലേ!

നമുക്ക് ജാഗ്രത്, സ്വപ്ന, സുഷുപ്താവസ്ഥയുള്ളതുപോലെ ഈ പ്രപഞ്ചത്തിനും ഉണ്ട്. പ്രപഞ്ചത്തിന്റെ സുഷുപ്താവസ്ഥയെയാണ് പലരും മഹാപ്രളയമെന്ന് വിശേഷിപ്പിച്ചത്. സചേതനമായ ചിലന്തിയിൽ നിന്നും അചേതനമായ വലയും അചേതനമായ പൃഥ്വിയിൽ നിന്നും സചേതനമായ ഔഷധികളും സചേതനമായ പുരുഷനിൽ നിന്നും രോമങ്ങളും ഉണ്ടാകുന്നതുപോലെ, ചൈതന്യവസ്തുവായ പരബ്രഹ്മത്തിൽ നിന്നും സചേതനവും അചേതനവുമായി കാണപ്പെടുന്ന ഈ പ്രപഞ്ചം ഉണ്ടാകുന്നു എന്ന് ഉപനിഷത്തുക്കൾ പറയുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെ കർത്തവ്യം വ്യക്തമായി അറിയാം. എന്റെ അന്തഃകരണത്തിന് ചിത്തം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ ഭാവങ്ങളുള്ളതുപോലെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനും അഹങ്കാരം - താൻ ആരാണെന്നുള്ള തിരിച്ചറിവ് - ഉണ്ട്.

ഞാൻ മുറ്റത്തേക്കിറങ്ങി. പൂർണ്ണചന്ദ്രൻ മനോഹരമായി പ്രകാശിച്ചു നിൽക്കുന്നു. ആകാശം മുഴുവൻ നക്ഷത്രങ്ങൾ. ഞാൻ ഈ കാണുന്ന പല നക്ഷത്രങ്ങളുടെയും പ്രകാശം പണ്ട് കൃഷ്ണനും യേശുവും മുഹമ്മദ് നബിയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് പുറപ്പെടുവിക്കപ്പെട്ടതാണ്. അവർ നോക്കിക്കണ്ട അതേ ചന്ദ്രനെയും സൂര്യനെയുമാണ് ഇന്ന് ഞാനും കാണുന്നത്. ചിന്തകൾക്ക് അവസാനമില്ല. ഈ പ്രപഞ്ചം ഒരു അത്ഭുതം തന്നെ.

അത്താഴം വിളമ്പി വച്ചിരിക്കുന്നു എന്ന് അകത്തുനിന്നും അറിയിപ്പു വന്നതോടെ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. കുറച്ചു മുൻപ് രുചി നോക്കിയ കറി കൂട്ടി കഴിക്കാമെന്ന ചിന്ത എന്റെ വായിൽ വെള്ളം നിറച്ചു.

No comments:

Post a Comment