Friday, 3 May 2013

കുന്നിക്കുരു - 4

 സദ്ഗുണങ്ങളതേറീടിൽ
മനസ്സിന്നതലംകൃതി
ഭൂഷണങ്ങളതേറീടിൽ
ശരീരത്തിനലംകൃതി.
 നിദ്രയെന്നാലതജ്ഞാനം
ജ്ഞാനമാകുന്നുണർവ്വിതും
നിദ്രകൊള്ളുന്ന മർത്യന്നെ
ആചാര്യൻ വന്നുണർത്തിടും.
 അന്നം ശരീരരക്ഷക്കായ്
ആശ്രയിക്കുന്നു ജീവികൾ
അന്നം തന്നെ മനസ്സിന്റെ
വിഷയങ്ങളുമായിടും
 വിധിയാണെന്നുചൊല്ലീട്ട്
വിധിച്ചീടരുതാരുമേ
വിധിയല്ലിതു നോക്കീടിൽ
കർമ്മഫലങ്ങളതാണെടോ!
 
അഹങ്കാരമുള്ള മർത്യന്ന്
അഹങ്കാരമുള്ള ലോകവും
അഹങ്കാരമില്ലാത്ത മർത്യന്ന്
അഹങ്കാരമില്ലാത്ത ലോകവും.
 സൗന്ദര്യമുള്ള പുഷ്പത്തിൽ
സുഗന്ധം കൂടെയെങ്കലോ
സൗന്ദര്യമുള്ള മർത്യന്ന്
സത്ഗുണങ്ങളുമെന്നപോൽ.
 പുഷ്പകാന്തി ക്ഷണം നേരം
നൽകീടുന്നതുമെങ്കിലും
ദീർഘായുസ്സുള്ള പാഷാണ-
ഖണ്ഡത്തേക്കാൾ വരിഷ്ടമാം.
 രാത്രിയിൽക്കണ്ട കയറിനെ
പാമ്പെന്നു ധരിച്ചിടാം
തെല്ലു പ്രകാശ സാന്നിധ്യം
കയറാണെന്നു കണ്ടിടും.
ഇക്കണ്ടലോകവും തന്നെ
കയറിനെ പാമ്പെന്നപോൽ
ജ്ഞാനദീപം പ്രകാശിച്ചാൽ
ബ്രഹ്മജ്ഞാനം ലഭിച്ചിടും.
നിറങ്ങളില്ലാത്ത വെള്ളത്തെ
നിറങ്ങളായുള്ള കുപ്പിയിൽ
നിറച്ചാൽ കുപ്പിതൻ കാന്തി
നിറച്ച വെള്ളത്തിനായിടും.
 കാന്തിയില്ലാ ജലത്തിന്ന്
കാന്തിയുണ്ടായതെന്നപോൽ
നാമമില്ലാത്ത ദൈവത്തെ
നാമത്താൽ അറിയാതെടോ!
 
 ദൂരെയുള്ള സുഹൃത്തിന്നെ
ദൂരമില്ലാതെ കണ്ടിടും
ദൂരെയല്ലാത്ത ദൈവത്തെ
ദൂരെയെന്നു നിനച്ചിടും!
 

സോമദാസ്

Monday, 29 April 2013

കലണ്ടർ

കുട്ടികൾ കലണ്ടർ നോക്കി ചുവന്ന അക്കങ്ങൾ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കലണ്ടറിലെ ചുവന്ന അക്കങ്ങൾ സന്തോഷത്തെ നൽകുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുവന്ന അക്കം വളരെ പ്രധാനമാണ്. കലണ്ടർ മറിച്ചുകൊണ്ടിരുന്ന കുട്ടികൾ കൂടുതൽ ചുവന്ന അക്കങ്ങൾ കണ്ട് സന്തോഷിക്കുന്നു. പത്തു ദിവസം ഓണം അവധി. ഈ ദിവസം അച്ഛൻ വരും. ഇനി എത്ര ദിവസമുണ്ടെന്ന് അവർ കണക്കാക്കുന്നു. കലണ്ടർ കൊണ്ട് പല ആളുകൾക്കും പല ഉപയോഗങ്ങളാണ്. ജീവിതം കലണ്ടറുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എന്റെ വീട്ടിലെ കലണ്ടർ മുഴുവൻ പാലിന്റെ കണക്കാണ്. ചിലർ തങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസത്തേയും പരിപാടികൾ കലണ്ടറിൽ കുറിച്ചിടുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ അത് അത്യാവശ്യമാണ്.

കലണ്ടർ നോക്കി ഒരു വർഷത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ, വാർഷികപരിപാടികൾ എന്നിവ നേരത്തെ മനസ്സിലാക്കിയിരിക്കാം. എന്നാൽ ഏതെങ്കിലും ഒരു തീയതി നോക്കി, ഈ ദിവസം ഇന്നിന്നകാര്യങ്ങൾ സംഭവിക്കും എന്നറിയാൻ കഴിയില്ല. ഈ വർഷം ഇത്രാം തീയതി ഉണ്ടെന്നും അത് ആഴ്ചയിൽ ഇന്ന ദിവസമാണെന്നും കലണ്ടർ നോക്കി നമുക്ക് പറയാൻ കഴിയും. ഒരു വർഷത്തെ ഏതെങ്കിലും ഒരു തീയതി പറഞ്ഞാൽ അത് ഏതു ദിവസമാണെന്നു ചിലർ പെട്ടെന്ന് പറയും. എന്നാൽ ആ ദിവസം എന്തെല്ലാം  സംഭവങ്ങൾ തനിക്കും മറ്റുള്ളവർക്കും ലോകത്തിനും സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. എന്നുകരുതി ആ ദിവസം സംഭവിക്കുന്നതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതുന്നത് ശരിയല്ല. കാരണം, അങ്ങനെയൊരു ദിവസമുണ്ടെങ്കിൽ ആ ദിവസത്തെ ഓരോ മണിക്കൂറും മിനിട്ടും സെക്കന്റും ഉണ്ടായിരിക്കും. ആ സമയങ്ങളിൽ ഓരോരുത്തർക്കും ഇന്നിന്ന സംഭവങ്ങൾ ഉണ്ടാകുമെന്നും ഉണ്ടായിരിക്കും. എന്നാൽ ആ ദിവസം നമ്മിൽ നിന്നും അകലെയായിരിക്കുന്നതുപോലെ, ആ ദിവസത്തെ സംഭവങ്ങളും നമ്മിൽ നിന്നും അകലെയാണ്. അത് അജ്ഞാതവുമായിരിക്കുന്നു. അറിയാൻ കഴിയാത്തതുകൊണ്ട് ഇല്ല എന്നു ധ്വനിക്കുന്നില്ല. കാരണം, നമുക്കറിയില്ലായിരുന്നെങ്കിലും, ഏതെങ്കിലും ഒരു ദിവസം കലണ്ടറിൽ അടയാളപ്പെടുത്തിയാൽ ആ ദിവസം വരികയും അന്നു സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുകയും ചെയ്യുമല്ലൊ! അപ്പോൾ, സംഭവങ്ങൾ മാത്രമേ നമ്മിൽ നിന്നും മറഞ്ഞിരിക്കുന്നുള്ളൂ എന്ന് വ്യക്തം.

നൂറ്റിപ്പത്ത് നിലകളുണ്ടായിരുന്ന അമേരിക്കയിലെ   “വേൾഡ് ട്രേഡ് സെന്ററി“ന്റെ ശിലാസ്ഥാപനം വർഷങ്ങൾക്കുമുമ്പാണ് നടന്നത്. ആദ്യത്തെ കല്ല് ഇത്രാം വർഷം ഇത്രാം തീയതി ഇന്നസമയത്തായിരുന്നു വച്ചത് എന്ന് പറയാൻ സാധിക്കും. അങ്ങനെ വച്ചപ്പോൾ തന്നെ 2001 സെപ്റ്റംബർ 11 എന്നൊരു തീയതിയും മറ്റ് തീയതികളുടെ കൂട്ടത്തിൽ കലണ്ടറിൽ ഉണ്ടായിരുന്നു. എന്നാൽ ആ ദിവസത്തെ പ്രാധാന്യം ലോകത്ത് ആർക്കും മുൻ‌കൂട്ടി അറിയാൻ കഴിഞ്ഞില്ല. കൃത്യം ആ തീയതി ആ സമയം സൗധം നാമാവശേഷമായി. സൗരയൂഥങ്ങൾക്കും ആകാശ ഗോളങ്ങൾക്കും ഇത് ബാധകമാണ്. അങ്ങനെവരുമ്പോൾ ഭൂമിയിൽ വസിക്കുന്ന ജീവജാലങ്ങളുടേയും മറ്റു വസ്തുക്കളുടേയും കാര്യം പറയാനുണ്ടോ? ഒരു സിനിമ സീഡിയിൽ ഫീഡുചെയ്തുവച്ചിരിക്കുന്നതുപോലെ, ഈ ബ്രഹ്മാണ്ഡരൂപീകരണവും അവസാനവും രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതിന്റെ അറിവ് നിഗൂഢവും ശ്രേഷ്ഠവുമാണ്. ഇത് ഗ്രഹിച്ചവരാണ് താഴപ്പറയുന്നത് രേഖപ്പെടുത്തി വച്ചിരിക്കുന്നത്:

“കാലോ ഭൂതി മസൃജത്
കാലേ തപതി സൂര്യഃ
കാലേഹ വിശ്വ ഭൂതാനി
കാലേ ചക്ഷുർ പ്രപശ്യതി.”

സാരം :- “സമയം ലോകത്തെ സൃഷ്ടിച്ചു. സൂര്യൻ പ്രകാശിക്കുന്നതും സമയത്തിന്റെ പ്രഭാവം കൊണ്ടുതന്നെ. സമയമാണ് എല്ലാ സൃഷ്ടികളുടേയും ആധാരം. നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും സമയത്തെ ആസ്പദമാക്കി പ്രവർത്തിക്കുന്നു.“
മേൽ‌പ്പറഞ്ഞ ദർശനത്തിൽ ‘സമയം’ എന്ന സ്ഥലത്തൊക്കെ ‘കലണ്ടർ’ എന്നു ചേർത്തു ചിന്തിച്ചാലോ എന്ന് ഞാൻ ഓർത്തുപോകുന്നു.

സോമദാസ്

Friday, 12 April 2013

കുന്നിക്കുരു-3

അർത്ഥമില്ലാത്ത മർത്യന്
അനർത്ഥം പലതായിടും
അർത്ഥമുള്ളോരുമർത്യന്
മനഃശാന്തിയതില്ലടോ!
 അർദ്ധകാലം മാനുഷർക്ക്
നിദ്രയായി ഭവിച്ചിടും
അർദ്ധകാലം മാനുഷർക്ക്
ദുഃഖകാലവുമായിടും.
കർമ്മചിന്തയതില്ലാതെ
കർമ്മം ചെയ്യുന്ന മാനുഷൻ
കർമ്മയോഗിയതായീടും
കർമ്മയോഗിയതുല്യനും.
 എല്ലാ കാര്യവുമറിഞ്ഞിട്ട്
ഒന്നുമറിയാത്ത ഭാവത്തിൽ
എല്ലാകാര്യവും നന്നായി
എപ്പോഴും ജ്ഞാനിചെയ്തിടും.
 ഭക്തിയുള്ളോരു ഭക്തൻ
അമൃതകുംഭസമാനനാം
ഭക്തിയില്ലാത്ത മാനുഷൻ
ശുഷ്കതടാകവുമെന്നപോൽ.
 മിതമായ ഭക്ഷണം
മിതമായ ഭാഷണം
മിതമായ ഭൂഷണം
മിതം തന്നെ ഭൂഷണം.
 മനസ്സിലാകാത്ത മനസ്സിനെ
മനസ്സിലാക്കണമെന്നാകിൽ
മനസ്സിലുള്ളോരു ദോഷത്തെ
മനസാ ദൂരെമാറ്റുക.
 വസ്ത്രം മുഷിഞ്ഞതാകുമ്പോൾ
വസ്ത്രം മാറ്റുന്നു മാനുഷർ
ഗാത്രം മുഷിഞ്ഞതാകുമ്പോൾ
ഗാത്രം മാറ്റുന്നു ദേഹിയും!
 ജനനം തന്നെ വരവും
ജനനം തന്നെ പ്രകൃതിയും
മരണം തന്നെ ചെലവും
മരണം തന്നെ പ്രകൃതിയും.
 കാറ്റിലാടുന്നു വൃക്ഷങ്ങൾ
കാറ്റിലോടുന്നു മേഘങ്ങൾ
കാലമോടുന്ന വേഗത്തിൽ
ജീവിതം പോയിടുന്നിതാ!
 മനുഷ്യൻ മാനുഷഭാവത്തെ
മനസാ ദൂരെ മാറ്റുകിൽ
മാനുഷനല്ല ലോകത്തിൽ
മനുഷ്യമൃഗമതായിടും.
 ബ്രഹ്മാണ്ഡമെന്ന അണ്ഡത്തെ
ബ്രഹ്മമാണെന്നു കാണണം
ബ്രഹ്മാണ്ഡമെന്ന അണ്ഡം താൻ
ബ്രഹ്മത്തിൽ വിലയിപ്പതും.
 ദാനം നൽകുന്നു ആചാര്യൻ
ദാനം വാങ്ങുന്നു ശിഷ്യനും
ജ്ഞാനമാം ശ്രേഷ്ഠദാനത്താൽ
ജ്ഞാനിയായി ഭവിച്ചിടും.
 

സോമദാസ്

Tuesday, 9 April 2013

മരീചിക

ഒരിക്കൽ ഞാൻ മരുഭൂമിയിൽ മരീചിക കണ്ടു. നല്ല ചൂടുള്ള ദിവസങ്ങളിൽ, നാട്ടിൽ വിശാലമായ സ്ഥലത്തും റോഡിൽ ദൂരെയായും മരീചിക കണ്ടിട്ടുണ്ട്. ടാറിട്ട റോഡിനുമുകളിൽ വായു ചലിക്കുന്നതുപോലെ, ജലാശയം പോലെ തോന്നുന്നതാണ് നാടൻ മരീചിക! എന്നാൽ ഞാൻ കണ്ടത് ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തതും അതിശയിപ്പിക്കുന്നതുമായിരുന്നു. കാരണം ആ കാഴ്ച അത്രകണ്ട് ദൃഢവും സ്പഷ്ടവുമായിരുന്നു. അതിവിശാലമായ മരുഭൂമി. നാലുഭാഗത്തും അതിരുകളില്ലാത്ത മണൽ‌പ്പരപ്പ്. ഭൂമിയുടെ അതിര് ആകാശമാകുന്ന കാഴ്ചപ്പുറം. ബിസ്ക്കറ്റുനിറത്തിലുള്ള മണൽ‌പ്പരപ്പ് കുറേദൂരം. പിന്നെ കാളിമയാർന്നതും ചെറിയ ഓളങ്ങൾ ഉള്ളതുമായ അതിവിശാല സമുദ്രം പോലെ. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ കടപ്പുറത്തുപോയി നിൽക്കുന്നതുപോലെ. വലിയ തിരമാലയില്ല എന്ന വ്യത്യാസം മാത്രം. മണൽ‌പ്പരപ്പും സമുദ്രവുമല്ലാതെ മറ്റൊരുരൂപത്തിൽ അതിനെക്കാണാൻ കൂടെക്കൂടെ പരിശ്രമിക്കേണ്ടിവന്നു. ഈ പ്രതിഭാസത്തെപ്പറ്റി നന്നായി അറിയാവുന്ന ഏതൊരാളും തന്റെ ദൃശ്യബോധത്തെ അനവരതം തിരുത്തിക്കൊണ്ടേയിരിക്കും. അത്രയ്ക്ക് ജലാശയ വിഭ്രാന്തിയാണ് നമുക്കുണ്ടാവുക.

അവിടെ ജലാശയമില്ല! മരുഭൂമി മാത്രമാണുള്ളത്. ജലാശയം തോന്നലാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ആ കാണുന്ന ജലാശയത്തോന്നലിൽ നിന്നും ജലം കോരിക്കുടിക്കാം എന്നു തോന്നിയില്ല. എന്നാലും അത് ജലാശയമല്ലെന്ന് എനിക്ക് പലപ്പോഴും മനസ്സിനോട് പറയേണ്ടിവന്നിരുന്നു. എന്നാൽ ഇത് ആദ്യമായി കാണുന്ന ഒരാൾക്കോ? മരീചികയെപ്പറ്റി അറിയാത്ത ഒരാളിന്റെ ചിന്താഗതിയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കാം. അയാളുടെ ദൃഢമായ വിശ്വാസം അതിൽ നിന്നും ജലംകുടിച്ച് തന്റെ ദാഹം തീർക്കാം എന്നുതന്നെയായിരിക്കും. അതിൽ അയാൾക്ക് സംശയത്തിന്റെ കണിക പോലും ഉണ്ടായിരിക്കുകയുമില്ല. ഞാൻ എത്ര വിശദമായി വിവരിച്ചാലും അയാൾ അത് ചെവിക്കൊള്ളുകയോ വിശ്വസിക്കുകയോ ഇല്ല. എന്തുതന്നെ ശാസ്ത്രീയത നിരത്തിയാലും അതിന് ഒരു ഫലവുമുണ്ടാകുകയുമില്ല. ഞങ്ങൾ രണ്ടുപേരും അതിനെക്കാണുന്നത് ഒരുപോലെയാണ്. എന്നാൽ അത് ഞങ്ങളിൽ ചെലുത്തുന്ന സ്വാധീനം വ്യത്യസ്ഥമാണ്. എനിക്ക് അയാളിൽ നിന്നുള്ള വ്യത്യാസം, മരീചികയെപ്പറ്റിയുള്ള ശാസ്ത്രീയവും സത്യവുമായ അറിവാണ്. അയാൾക്കില്ലാത്തതും അതുതന്നെ.

ഈ ലൗകികത്തെ മരീചികപോലെ നോക്കിക്കാണുന്നവരുണ്ട്. ഭാരതീയ ദർശനങ്ങളുടെ ഉപജ്ഞാതാക്കളിൽ ഭൂരിഭാഗവും ഈ വീക്ഷണം ഉള്ളവരാണ്. നമുക്ക് മരീചികയെ എപ്രകാരമാണോ ശാസ്ത്രീയമായി അറിയാവുന്നത് അതേപോലെതന്നെ അവരും ഏതോ ശാസ്ത്രസത്യം അനുഭവിച്ചറിഞ്ഞിട്ട് ‘ജഗത് മിഥ്യ’ എന്നു പ്രഖ്യാപിക്കുന്നു. കാനൽജലത്തെപ്പറ്റി അറിയാത്ത ആൾ എങ്ങനെയാണോ അത് ജലാശയമല്ലെന്ന് വിശ്വസിക്കാതിരിക്കുന്നത് അതുപോലെയാണ് സത്യമറിയാത്ത സാമാന്യ ജനങ്ങളും ‘ജഗത് മിഥ്യ’യെ കാണുന്നത്. പരമമായ സത്യം എന്നാണോ വെളിപ്പെടുന്നത് അതുവരേയും മരീചികയെ പാനം ചെയ്ത് ദാഹശമനം വരുത്താം എന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ടിരിക്കും. എന്നാലും മരീചിക പാനയോഗ്യമാക്കാം എന്നു വിശ്വസിക്കുന്നതിനേക്കാൾ പ്രയാസമാണ് ജഗത് മിഥ്യ എന്നു വിശ്വസിക്കുന്നത് എന്നെനിക്ക് തോന്നി.

അഹോ! മരീചികയും ജഗത് മിഥ്യയും എത്രയോ ഗഹനവും അർത്ഥഗർഭവുമാണ്!!

സോമദാസ്

Wednesday, 27 March 2013

എന്നിലെ ഞാൻ‌!!

എല്ലാ കുട്ടികളേയും പോലെതന്നെ കുട്ടിക്കാലത്ത് എനിക്കും യാത്ര വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്റെ ഇഷ്ടവും വളർന്നു. അസുഖമായിരുന്നാൽ പോലും ഇന്നും യാത്രയെ ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ഏകാന്തചിന്തകൾ വികാസരൂപം പ്രാപിക്കുന്നത് യാത്രാവേളകളിലാണ്. അതും ബസ്സ് യാത്രയിൽ. മിക്ക ബസ്സ് യാത്രകളിലും ഞാനും എന്റെ ചിന്തകളും മാത്രം എനിക്ക് അനുഭവവേദ്യമാകും. എന്റെ അനേകം ചിന്തകളുടേയും സങ്കല്പങ്ങളുടേയും ഉറവിടം ഈ യാത്രാവേളകളിലാണ്. ഇന്നും അതിന് ഭ്രംശം വന്നിട്ടില്ല.

ഒരു യാത്രയിൽ എന്റെ ചിന്തമുഴുവൻ എന്നേയും വഹിച്ചുകൊണ്ടുപോകുന്ന ബസ്സിനേപ്പറ്റിയായിരുന്നു. ഞാനും ബസ്സും രണ്ട് വസ്തുക്കളാണ്. ഞാൻ ബസ്സിൽ ഇരിക്കുന്നു, അധിവസിക്കുന്നു. ബസ്സിനുണ്ടാകുന്ന എല്ലാ ചലനങ്ങളും എന്നേയും ബാധിക്കുന്നു. ബസ്സ് നിമ്നോന്നതങ്ങളിൽ സഞ്ചരിക്കുമ്പോൾ അതിന്റെ ആഘാതത്താൽ ഞാൻ വിഷമിക്കുന്നു. ഞാൻ ബസ്സിൽ സ്ഥിതി ചെയ്യുന്നു. എങ്കിലും എനിക്കും ബസ്സിനുമിടയിൽ വേർതിരിവുണ്ട്. ഞാൻ എത്ര അമർന്നിരുന്നാലും ബസ്സിനും എനിക്കും ഇടയിൽ ഇടമുണ്ട്. എന്നിരുന്നാലും ബസ്സിനുണ്ടാകുന്ന എല്ലാ ആഘാതങ്ങളും എനിക്കും ബാധകമാണ്. ഇതിന്റെ കാരണം ഞാൻ ജഡവസ്തുവായ ബസ്സിൽ രൂഢമായി ചേർന്നിരിക്കുന്നുവെന്നതാണ്. ഇതിൽ വലിയ ശാസ്ത്രമൊന്നുമില്ലെങ്കിലും ഞാൻ എന്നെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ തീരുമാനിച്ചു.

ഞാൻ ആരാണ്? ഇതെന്റെ കണ്ണ്, ഇതെന്റെ മൂക്ക്, ഇതെന്റെ ശിരസ്സ്, ഇതെന്റെ കൈകാലുകൾ, ഇതെന്റെ ശരീരം - അപ്പോൾ ഈ കാണുന്ന ശരീരവും മറ്റവയവങ്ങളുമല്ല ഞാൻ എന്നു സിദ്ധിക്കുന്നു. ഈ കാണുന്നതൊന്നുമല്ലാത്ത മറ്റൊന്നാണ് ഞാൻ. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ എന്റെ പ്രവർത്തനോപകരണങ്ങളാണ് ഈ ശരീരവും അതിലെ അവയവങ്ങളും. അങ്ങനെയാകുമ്പോൾ എന്റെ തിരിച്ചറിയൽ കാർഡിൽ എന്നെ തിരിച്ചറിയാൻ കൊടുത്തിരിക്കുന്ന വിവരങ്ങളോ ഫോട്ടോയോ അല്ല ഞാൻ. അതെല്ലാം എന്റെ ഉപകരണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവയുടെ ചിത്രവുമാണ്. ബസ്സിൽ ഞാൻ അമർന്നിരിക്കുന്നതുപോലെ ഞാൻ എന്ന ഉപകരണസംഘാതത്തിന്റെ ഉള്ളിലും യഥാർത്ഥമായ മറ്റൊരു ഞാൻ സ്ഥിതിചെയ്യുന്നുണ്ട്. ഈ ശരീരവും ഞാൻ എന്ന അതിസൂക്ഷ്മചൈതന്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. അതാണ് പ്രാണവായു. ഈ പ്രാണവായു സംബന്ധമായേ ഞാൻ എന്ന ചൈതന്യത്തിന് ഈ ശരീരത്തിൽ സ്ഥിതിചെയ്യാൻ കഴിയൂ. എപ്പോൾ ഈ പ്രാണവായുവിനെ നിരോധിക്കുന്നുവോ അപ്പോൾ ഈ ഞാൻ എന്ന ചൈതന്യം ഈ ശരീരം വിട്ടുപോകുകയും ചെയ്യും.

ബസ്സിനുണ്ടാകുന്ന ചലനങ്ങളും വ്യഥകളും അതിൽ അധിവസിക്കുന്ന എനിക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് അതേപോലെതന്നെ, ശരീരമാകുന്ന ഈ വാഹനത്തിലിരിക്കുന്ന ഞാൻ എന്ന ജീവചൈതന്യത്തിനും ബാധിക്കുന്നു. വാഹനം കേടായാൽ എനിക്ക് പുറത്തുപോയി വേറെ വാഹനം സ്വീകരിക്കാം. അതേപോലെതന്നെ ഈ ശരീരമാകുന്ന വാഹനം കേടായാൽ മറ്റൊരു വാഹനം (ശരീരം) സ്വീകരിക്കാം. ‘ഞാൻ’ എന്ന് സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ ശരീരത്തിനുള്ളിൽ മറ്റൊരു ഞാനായ ജീവചൈതന്യം ഉണ്ട്. ഇതിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത്. അത് ഈ ശരീരത്തിൽ ബസ്സിൽ ഞാൻ എങ്ങനെ അധിവസിക്കുന്നുവോ അതുപോലെതന്നെ വസിക്കുന്നു. ഇവിടെ രണ്ട് ‘ഞാൻ’ വരുന്നു. ജീവചൈതന്യം എന്ന യഥാർത്ഥ ഞാനും, ശരീരം എന്ന താല്കാലിക ഞാനും.

“പാളയം, പാളയം” എന്ന കണ്ടക്ടറുടെ ശബ്ദം എന്നെ മനോരാജ്യത്തിൽ നിന്നും ഉണർത്തി. ഇത്രയും സമയം അധിവസിച്ചിരുന്ന ബസ്സിൽ നിന്നും ഞാനും എന്റെ ഉപകരണങ്ങളും പുറത്തിറങ്ങി..

സോമദാസ്