Tuesday, 18 December 2012

എന്റെ സമ്പാദ്യം :-

എന്റെ കൂടെ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വിദേശത്ത് ജോലിക്ക് പോയിട്ട് ലീവിനു വന്നിട്ടുണ്ടെന്നറിഞ്ഞ് ഒന്നു പോയി കണ്ടുകളയാമെന്ന് കരുതി. ഭാഗ്യം, കക്ഷി വീട്ടിലുണ്ട്. ദീര്‍ഘനാള്‍ കാണാതിരുന്നതുകൊണ്ട് ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. നാട്ടിലുണ്ടായ വിശേഷങ്ങളൊക്കെ വളരെ ചുരുക്കമായി വേഗത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്കറിയേണ്ടത് അദ്ദേഹത്തിന്റെ വിദേശത്തുള്ള ജീവിതാനുഭവങ്ങളായിരുന്നു. അത് അദ്ദേഹം ഒരു യാത്രാവിവരണം പോലെ പറഞ്ഞുതുടങ്ങി.

“ഞാന്‍ ആഫ്രിക്കയിലേക്കാണ് ജോലിക്ക് പോയത്. നമ്മള്‍ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്നിടത്തേക്ക്. അനേകം യാത്രകള്‍ ചെയ്ത് അവസാനം നൈജീരിയായിലെ ‘സിറാലിയോണ്‍‌‘ എന്ന സ്ഥലത്തെത്തി. അവിടുത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജോലി കിട്ടിയത്. നാം കണ്ടും കേട്ടും പരിചയപ്പെട്ടിട്ടുള്ളതില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജാലങ്ങളും സമൂഹവും. അവിടുത്തെ സ്കൂള്‍ അന്തരീക്ഷവും ആഹാരവും വിദ്യാര്‍ത്ഥികളുമൊക്കെ എന്നില്‍ അത്ഭുതവും ഉല്‍കണ്ഠയും ഉണ്ടാക്കി. അവിടുത്തെ ഭാഷയായ ‘സ്വാഹിലി’ ഞാന്‍ പഠിക്കാന്‍ തുടങ്ങി. അദ്ധ്യാപകരെ ദൈവത്തെപ്പോലെ കാണുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവവും പെരുമാറ്റവും എനിക്ക് പുതിയ അനുഭവമായിരുന്നു.കുട്ടികള്‍ എന്തെങ്കിലും തെറ്റു ചെയ്യുകയോ നാം അവരെ ശകാരിക്കുകയോ ചെയ്താല്‍ അവര്‍ തറയില്‍ സാഷ്ടാംഗം വീണ് കാലുപിടിച്ചു ക്ഷമ ചോദിക്കുന്ന രീതി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. നല്ല ശമ്പളവും ഉന്നത പദവിയും കിട്ടിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.

ശമ്പളത്തില്‍ നിന്നും ചെറിയ ഒരു സംഖ്യ അടച്ച് വിലകൂടിയ ഒരു കാര്‍ ഞാന്‍ സ്വന്തമാക്കി. വിദേശ അദ്ധ്യാപകര്‍ക്ക് അവിടെ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പക്ഷേ ഒരു പ്രശ്നമുണ്ട്. അവിടെനിന്നും സമ്പാദിക്കുന്നതൊന്നും രാജ്യത്തിനു പുറത്തുകൊണ്ടുപോകാന്‍ അവിടുത്തെ നിയമം അനുവദിക്കുകയില്ല. എത്ര ഉയര്‍ന്ന ശമ്പളമായാലും വളരെ കുറഞ്ഞ ഒരു തുക മാത്രമേ നാട്ടിലേക്കയയ്ക്കാന്‍ കഴിയൂ. അനേകനാള്‍ അവിടെ ജോലിചെയ്ത് ഉണ്ടാക്കിയ എന്റെ സമ്പാദ്യമൊന്നും എനിക്ക് കൂടെ കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ധനം ഇന്ത്യന്‍ കറന്‍സി ആക്കിയേ കൊണ്ടുവരാന്‍ കഴിയൂ. ചുരുക്കത്തില്‍ സമ്പാദിച്ചതെല്ലാം അവിടെ വച്ച് അനുഭവിച്ചിട്ട് അവിടെത്തന്നെ ഉപേക്ഷിച്ചുപോരണം.“ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചെറിയ ഒരു ശോകഭാവം എനിക്കനുഭവപ്പെട്ടു. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടറിയാം എന്നു മനസ്സില്‍ കരുതി ഞാന്‍ തിരികെപ്പോന്നു.

വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ എന്റെ മനസ്സ് ഉടക്കിനിന്നു. “ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് അവിടെ ഉപേക്ഷിച്ചിട്ടുവേണം മടങ്ങിപ്പോരാന്‍‌. പിന്നെ കുറച്ചു ധനം ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം!!” എന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി.

ഇതുതന്നെയല്ലേ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്? ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ടല്ലേ എല്ലാവരും അന്ത്യയാത്ര ചെയ്യുന്നത്? ഒരു പൈസ പോലും ആ യാത്രയില്‍ നമുക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ! എന്റെ കൂട്ടുകാരന് സിറാലിയോണിലെ നാണയത്തെ ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം. അതുപോലെ നമ്മുടെ ജീവിത സമ്പാദ്യത്തെ മറ്റൊന്നാക്കി മാറ്റിയാല്‍ അന്ത്യയാത്രയില്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയുമോ? ‘കഴിയും’ എന്ന് എന്റെ അന്തരംഗം മന്ത്രിച്ചു!! ആഫ്രിക്കന്‍ നാണയത്തെ ഇന്ത്യന്‍ നാണയമാക്കിയതുപോലെ നമ്മുടെ സമ്പാദ്യത്തേയും പുണ്യമാക്കി മാറ്റിയാല്‍ അത് പരലോകത്തേക്ക് കൊണ്ടുപോകാം. പൂക്കളുടെ സുഗന്ധം വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അതുപോലെതന്നെ ഈ ജീവന്‍ പുണ്യത്തെ വഹിച്ചുകൊണ്ട് പരലോകത്തേക്ക് പോകുന്നു എന്ന് ഉപനിഷത്തുക്കളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. ധനം സത്പ്രവൃത്തികള്‍ക്കും സന്മാര്‍ഗ്ഗത്തിലും ഉപയോഗിച്ചാല്‍ പുണ്യമാക്കി മാറ്റാം. അല്ലാതെ മറ്റൊരു രീതിയിലും ഒരു പൈസ പോലും അന്ത്യയാത്രയില്‍ ഉപയോഗപ്പെടുകയില്ല. ഈ തത്വം ഗ്രഹിച്ചു ജീവിച്ചാല്‍ ഇന്ന് ലോകത്തുകാണുന്ന എല്ലാം ദുഃഖങ്ങള്‍ക്കും പ്രതിവിധിയാകും എന്നത് സത്യമായിത്തന്നെ ഞാനറിഞ്ഞു. ചിന്തയുടെ തീവ്രതയില്‍ എന്റെ വീടും കടന്ന് ഞാന്‍ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. ‘എവിടെ പോകുന്നു’ എന്ന പരിചയക്കാരന്റെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്. ഞാന്‍ തിരികെ നടന്നു.

സോമദാസ്

Sunday, 25 November 2012

ആത്മസഞ്ചാരികള്‍

ആദ്യമാദ്യം എനിക്കൊന്നും വ്യക്തമായില്ല. ഏതുവഴിയേ പോകണം, പോയാല്‍ എവിടെ ചെന്നെത്തും, ഏതുവഴിയാണ് ദുര്‍ഘടം, ഏതാണ് സുഗമം എന്നിങ്ങനെയൊന്നിനും ഒരു ധാരണയും ഇല്ലായിരുന്നു. കാണുന്ന വഴികളിലൂടെ അലസമായി നടന്നു. ലക്ഷ്യബോധമില്ലാതെ നീരൊഴുക്കില്‍പ്പെട്ട ഇലപോലെ എത്രനാള്‍ ഒഴുകി സഞ്ചരിച്ചുവെന്ന് അറിയില്ല. ഈ കാലയളവിലുണ്ടായ അനുഭവങ്ങള്‍‌; തിക്തവും മധുരവും; എന്നില്‍ ഒരു ബോധമുണ്ടാക്കി. ഞാന്‍ ഒരു ഘോരവനത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഏതുവഴിയേ നടന്നാലും അനന്തമായി നീളുന്ന മാര്‍ഗ്ഗം! ചില വഴികളില്‍ സഞ്ചരിക്കുമ്പോള്‍ നയനമനോഹരങ്ങളായ കാഴ്ചകള്‍ കാണാം. ഭൂമിയുടെ നിമ്ന്നോന്നതങ്ങള്‍‌, കാനനസസ്യങ്ങള്‍ പൂത്തുലയുമ്പോള്‍ ഉണ്ടാകുന്ന സൗരഭ്യം, ആകാശശോഭ, എല്ലാം എന്നെ ഉന്മത്തനാക്കി. എന്നാല്‍‌, ഇവയെല്ലാംതന്നെ ക്ഷണികമായിരുന്നു. സന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍‌, മാരുതനില്‍ മാറിപ്പോകുന്ന ആകാശശോഭ, പ്രകൃതിയുടെ രൗദ്രഭാവത്തില്‍ രൂപം മാറിപ്പോകുന്ന ഭൂതലങ്ങള്‍ എല്ലാം ക്ഷണികങ്ങളായി എനിക്കനുഭവപ്പെട്ടു. ഇതെല്ലാം സുഖദായകങ്ങളായിരുന്നുവെങ്കിലും മനസ്സ്, ഭയവും അന്ധതയും അശാന്തിയും നിറഞ്ഞതായിരുന്നു. ഞാന്‍ ഇച്ഛിച്ചിട്ട് ലഭിക്കുന്നതല്ല ഈ ജീവിതം. അഭിനയം അറിയാത്ത എന്നെ വേദിയിലേക്ക്, എന്റെ അനുവാദമില്ലാതെ, തള്ളി വിട്ടപോലെ ഞാന്‍ അസ്വസ്ഥനായി അലഞ്ഞു. ചുറ്റുപാടും ഞാന്‍ ശ്രദ്ധിച്ചു. എന്നെപ്പോലെ തന്നെ എല്ലാവരും ഒരു ലക്ഷ്യബോധവുമില്ലാതെ എവിടേക്കോ സഞ്ചരിക്കുന്നു.

ഈ സഞ്ചാരത്തില്‍ ചിലപ്പോള്‍ ഹിംസ്രജന്തുക്കളാല്‍ ആക്രമിക്കപ്പെടും. ശിഷ്ടകാലം അതിന്റെ ദുരിതബാക്കിയായി ജീവിക്കേണ്ടിവരുന്നു. ഈ ഘോരവനത്തില്‍ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടെന്ന് എനിക്ക് അറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഇവിടെ ജീവിക്കാന്‍ വന്നവനാണ്. ഞാന്‍ വരുന്നതിനു മുമ്പും ധാരാളം ജീവികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും. പിന്നെ എനിക്കുമാത്രമായി എന്താണിത്ര പ്രത്യേകത!

ഒരുനാള്‍ യാത്രാമദ്ധ്യേ ഒരു വൃദ്ധനെ കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം ഈ ‘ലൗകിക’ വനത്തില്‍ അനേകകാലം ജീവിച്ച ആളാണ്. അതുകൊണ്ടുതന്നെ ധാരാളം അനുഭവങ്ങളും കഴിവുകളുമുണ്ട്. ഈ സ്ഥലത്തിന് വ്യത്യസ്ഥമായി മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ഇതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആര്‍ക്കും നിര്‍ഭയമായി ഇരിക്കാം. മാനസിക ശാരീരിക വ്യഥകളില്ല. ഉള്‍ഭയം വേണ്ട. സ്വതന്ത്രശാന്തമായ അങ്ങനൊരിടം ഉണ്ടെന്ന് എന്റെ കുട്ടിക്കാലത്ത് ആരോ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു. പലനാള്‍ ഞാന്‍ അവിടം അന്വേഷിച്ചു നടന്നു. കണ്ടുകിട്ടിയില്ല. പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല. ചിലര്‍ കളിയാക്കി. ചിലര്‍ ചിത്തഭ്രമമാണെന്നും, സ്വപ്നം കാണാന്‍ കൊള്ളാമെന്നും പറഞ്ഞു. യാഥാര്‍ത്ഥ്യം അറിയുന്നവരെ തേടി ഞാന്‍ അലഞ്ഞു. അങ്ങനെ ഒരു സ്ഥാനം ഉണ്ടെന്നോ, അത് സത്യമോ മിഥ്യയോ എന്നോ അറിയില്ല. അതെങ്കിലും അറിഞ്ഞാല്‍ കൊള്ളാമെന്നായിരുന്നു എനിക്ക്.

ഒരുനാള്‍ എല്ലാവരും ഒരു സ്ഥലത്തേക്ക് പാഞ്ഞുപോകുന്നത് കണ്ട് ഞാനും കൂടി. ഇല്ലാത്ത വഴികളിലൂടെ കഷ്ടപ്പെട്ടുള്ള യാത്ര. അവസാനം ഒരു മൈതാനത്തെത്തി. ഒരുയര്‍ന്ന സ്ഥലത്ത് ഇരിക്കുന്ന ആള്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. ജനക്കൂട്ടം ശ്രദ്ധയോടെ കേട്ടുനിന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറേക്കഴിഞ്ഞപ്പോള്‍ ജനം പകുതിയും പിരിഞ്ഞുപോയി. ഇരിക്കുന്നവരില്‍ കൂടുതല്‍ പേരും അശ്രദ്ധമായിരുന്ന് എന്തിനേപ്പറ്റിയോ സംസാരിക്കുന്നു. മിക്കവാറും ആരും ശ്രദ്ധിക്കാതെയായി. ഞാന്‍ എന്റെ അറിവുകൊണ്ട് ശ്രദ്ധിച്ചുനോക്കി. ഒന്നുംതന്നെ വ്യക്തമല്ല. അവസാനം പറയുന്ന ആളും ഞാനും മാത്രം ബാക്കിയായി. ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളൊന്നും എനിക്ക് മനസ്സിലായില്ല.
 “അങ്ങുപറയുന്നതെന്താണെന്ന് അങ്ങയ്ക്ക് മനസ്സിലായിട്ടുണ്ടോ?”, ഞാന്‍ തിരിച്ചു ചോദിച്ചു.
“ഉവ്വ്“ എന്നദ്ദേഹം തലയാട്ടി.
“എന്താണത്?”
“ബ്രഹ്മപുരം.” അദ്ദേഹം പ്രതിവചിച്ചു.
“അതെന്താണ്? എവിടെയാണ്?” ഞാന്‍ ചോദിച്ചു.
“അതെനിക്കറിഞ്ഞുകൂടാ.”
“പിന്നെ അങ്ങെങ്ങനെയാണ് ഇതെല്ലാം പറയുന്നത്?”
“അത് വേറെ ഒരാള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.” അയാള്‍ എവിടെയുണ്ടാകുമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു.

എനിക്ക് ഉത്സാഹമായി. ഞാന്‍ യാത്രയായി. വഴിയില്‍ പലരേയും കൂട്ടിനുകിട്ടി. ഞാന്‍ അതീവ സന്തുഷ്ടനായി. അവര്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടാണ് നടന്നത്. ഈ ഘോരവനത്തിനു വെളിയില്‍ ‘ബ്രഹ്മപുരം’ ഉണ്ടോ എന്നതായിരുന്നു പ്രധാനവിഷയം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ഏകാന്തസുന്ദരമായ സ്ഥലത്തെത്തി. ചിലര്‍ അവിടെ വിശ്രമിച്ചു. സുന്ദരങ്ങളായ കാഴ്ചകളും അനുഭൂതികളും ആസ്വദിച്ച് അവിടെ തങ്ങി. കുറേക്കഴിഞ്ഞ് തങ്ങള്‍ എത്തിക്കോളാം എന്നുപറഞ്ഞ് അവര്‍ ഞങ്ങളെ യാത്രയാക്കി. ഞങ്ങള്‍ വീണ്ടും അനേകദൂരം സഞ്ചരിച്ചു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. ബ്രഹ്മപുരത്തേക്ക് പോയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താം. മരുഭൂമിയില്‍ മഴ പെയ്തതുപോലെയായി എനിക്ക്.

ഒരുനാള്‍ അദ്ദേഹം എത്തി. ജനം ഒത്തുകൂടി. ബ്രഹ്മപുരത്തെക്കുറിച്ചും അവിടെയെത്താനുള്ള വഴിയെക്കുറിച്ചും അദ്ദേഹം പറഞ്ഞുതുടങ്ങി. ഭാഷ വളരെ പഴയതായിരുന്നതിനാല്‍ മനസ്സിലാക്കാന്‍ പ്രയാസം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലരും പലവിധത്തില്‍ എഴുതിയെടുത്തു. ബ്രഹ്മപുരത്തേക്കുള്ള വഴിലഭിച്ച സന്തോഷത്തോടെ പലരും അവിടം വിട്ടു. എനിക്ക് അതിയായ ദുഃഖം തോന്നി. അദ്ദേഹത്തിന്റെ ഭാഷ, പിന്നെ അദ്ദേഹം പറഞ്ഞ വിഷയം, ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല. ഇതറിഞ്ഞ അദ്ദേഹം ശാന്തനായി എനിക്കറിയാവുന്ന ഭാഷയില്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും പറയുന്ന വിഷയത്തിന്റെ ഗഹനതകാരണം അദ്ദേഹത്തോടൊപ്പം എന്റെ മനസ്സ് സഞ്ചരിച്ചില്ല.

സ്വതേ അലസനും മടിയനുമായിരുന്ന ഞാന്‍ പരിശ്രമിക്കാന്‍ പിന്നിലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കണമെന്ന് അദമ്യമായ ആഗ്രഹം ഉള്ളില്‍ ഉണ്ടായി. പല പ്രാവശ്യം ആവര്‍ത്തിച്ചതിന്റെ ഫലമായി ഒരുനാള്‍ എന്നെയുംകൂടെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാമെന്ന് അദ്ദേഹം സമ്മതിച്ചു. എനിക്ക് ഏറ്റവും ഉന്മാദമായ അനുഭവമായിരുന്നു പിന്നീട്. എന്റെ എല്ലാ ഭയാശങ്കകളും അകന്നു. ദുഃഖങ്ങള്‍ സുഖങ്ങളായി. സ്വതന്ത്രമായി ഒരു കൊച്ചുകുട്ടിയെപ്പോലെ ദിനങ്ങള്‍ കഴിച്ചുകൂട്ടി.

ബ്രഹ്മപുരത്തെപ്പറ്റി ലഭിച്ച അറിവ് പലവിധത്തില്‍ എഴുതി എടുത്തവര്‍ പലതരത്തില്‍ അതിനെ വ്യാഖ്യാനിച്ചു. അവരവരുടെ പാണ്ഡിത്യം അനുസരിച്ച് വ്യാഖ്യാനങ്ങളും പാഠഭേദങ്ങളും വെട്ടിത്തിരുത്തലുകളും ഉണ്ടാക്കി. അതിനെ വ്യാഖ്യാനിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും അനേകം പേര്‍ കാലംകഴിച്ചു. മറ്റുചിലര്‍ അതിനെ വിശകലനം ചെയ്ത് ശാസ്ത്രീയമായി കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങി. ബ്രഹ്മപുരത്തേക്കുള്ള ഒരു മാര്‍ഗ്ഗരേഖ അവര്‍ തയ്യാറാക്കി. അതിന്മേല്‍ അനേകകാലം വാദപ്രതിവാദങ്ങളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. പലരും വേര്‍പെട്ടുപോയി സ്വന്തമായി പ്രയത്നിച്ചുതുടങ്ങി. മാര്‍ഗ്ഗരേഖ തയ്യാറാക്കിയവര്‍ അതിന് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി. ബ്രഹ്മപുരത്തേക്കുള്ള വഴികള്‍ അവരവരുടെ ഭാവനക്കനുസരിച്ച് സങ്കല്പിച്ചു. അതിലേക്കുള്ള പദ്ധതിക്കായി അവര്‍ ആ ദിശയിലേക്ക് തിരിഞ്ഞു. അവര്‍ നിന്ന പാദത്തിനടിയിലെ മണ്ണിന്റെ ഘടന, അതിന്റെ സവിശേഷതകള്‍‌, അവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, അവയുടെ അളവ്, സ്വഭാവം, അവതമ്മില്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വൈവിധ്യങ്ങളായ വസ്തുക്കള്‍‌, അവയുടെ അനന്തമായ ഉപയോഗങ്ങള്‍‌, അവയൊക്കെയുണ്ടാക്കാവുന്ന നാശഹേതുക്കളായ ഉപകരണങ്ങള്‍ എന്നിങ്ങനെ അവര്‍ക്ക് തോന്നിയതൊക്കെ പരീക്ഷണവിധേയമാക്കി. കണ്ടതെല്ലാം സത്യമാണെന്നും തങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് തോന്നി. എന്നാല്‍ അവര്‍ അവരുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ക്ക് നില്‍ക്കുന്നിടത്തുനിന്നും അല്പം പോലും മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ അവര്‍ ബ്രഹ്മപുരത്ത് എന്നെങ്കിലും എത്തിച്ചേരും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാതെയായി.

മറ്റൊരുകൂട്ടര്‍ ചുറ്റുപാടും കണ്ട സസ്യജാലങ്ങളെയും, ജന്തുവൈരുദ്ധ്യങ്ങളെയും, അവയുടെ സങ്കീര്‍ണ്ണതകളെയും കുറിച്ചുള്ള പഠനത്തിലേക്ക് തിരിഞ്ഞു. ബ്രഹ്മപുരത്തേക്കുള്ള വഴിയില്‍ കാണുന്ന എല്ലാത്തിനേയും പറ്റി വിശദമായി പഠിക്കാന്‍ അവര്‍ തീരുമാനിച്ചു. മുന്നില്‍ കണ്ട സസ്യജാലങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. എത്ര ഇലകള്‍‌, അതിന്റെ ആകാരവിശേഷം, അവയുടെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒരു സസ്യത്തിന്റെ എല്ലാം അറിഞ്ഞപ്പോള്‍ത്തന്നെ ജന്മാവസാനമായി. ഇതിനിടക്ക് ബ്രഹ്മപുരത്തേക്കുള്ള വഴി അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കാരണം വഴി മുഴുവനും നിബിഡമായ വനമാണ്. അതില്‍ അനേകായിരം സസ്യങ്ങള്‍ നില്‍ക്കുന്നു. അവയുടെയെല്ലാം സവിശേഷതകള്‍ സൂക്ഷ്മമായി ഗ്രഹിക്കുവാന്‍‌, ജന്മാന്തരങ്ങള്‍ കൊണ്ടേ കഴിയൂ. അവരും ബ്രഹ്മപുരത്ത് എന്ന് എത്തിച്ചേരും എന്ന് പ്രവചിക്കാന്‍ കഴിയില്ല.

ഇങ്ങനെ അവരവര്‍ നില്‍ക്കുന്നതിനു മുന്നിലുള്ള ദിശയിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം പോലും സംഭവിക്കാതെ എല്ലാം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍‌, പുതിയ പുതിയ അറിവുകളുമായി പുതിയ പുതിയ ആളുകള്‍ വന്നുകൊണ്ടേയിരുന്നു.

ഇതൊന്നുംതന്നെ ബ്രഹ്മപുരത്തേക്കുള്ള വഴികളല്ലെന്നും, ആ വഴിയില്‍ മുമ്പ് പോയിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അത് ഘോരവനത്തിലെ ചില കല്ലുകളില്‍ കൊത്തിവച്ചിട്ടുണ്ടെന്നും ഒരാള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടന്നു. അതുകാണാനായി ചിലര്‍ അയാളോടൊപ്പം കൂടി. എന്നാല്‍ കല്ലില്‍ കണ്ട ലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞില്ല. അത് വായിക്കാന്‍ കഴിവുള്ളയാളെത്തേടി ആളുകള്‍ അലഞ്ഞു. അനേകനാളുകള്‍ക്കുശേഷം ഒരാള്‍ ആ ലിഖിതങ്ങള്‍ വായിച്ചു. എന്നാല്‍, തങ്ങളില്‍ ഒരാളായി മാത്രം കണ്ട അയാളെ അംഗീകരിക്കാനോ അയാള്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാനോ കൂടുതല്‍ പേരും തയ്യാറായില്ല. പല വാദപ്രതിവാദങ്ങളും നടന്നു. അയാളുടെ പക്ഷത്ത് ആളുകള്‍ കുറവായിരുന്നു. അവര്‍ക്കുപോലും അദ്ദേഹം പറഞ്ഞ വഴിയുടെ യഥാര്‍ത്ഥരൂപം മനസ്സിലായില്ല. അവര്‍ പല വ്യാഖ്യാനങ്ങളും നല്‍കി യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോയി. ഇത് കണ്ട് വ്യസനിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പലതരം അറിവുകളുള്ളവരെ കൊണ്ട് വനം നിറഞ്ഞു. അവരുടെ മത്സരപ്രവൃത്തികൊണ്ട് ആ വനം വിറകൊണ്ടു. സമാധാനം, ശാന്തി, തത്വദര്‍ശനം എന്നിവ മറഞ്ഞു. എവിടെയും വൃഥാപാണ്ഡിത്യമുള്ളവര്‍ വിഹരിച്ചു. അവര്‍ക്കെല്ലാവര്‍ക്കും അസംഖ്യം അനുയായികളെയും ലഭിച്ചു. ഇവരൊന്നും ഒരു കാലത്തും ബ്രഹ്മപുരം സ്വപ്നം കാണുക പോലുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി.

ബ്രഹ്മപുരം യാത്രയുടെ സമയം അടുത്തു. ഞാന്‍ എപ്പോഴും എന്റെ വഴികാട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവിടുത്തെ പല വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കണ്ടിട്ടില്ലെങ്കിലും അതെല്ലാം വെറുതെ സങ്കല്പിച്ചു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. ഇതുവരെയും കണ്ടിട്ടില്ലാത്ത നിറത്തേപ്പറ്റി ചിന്തിക്കുന്നതുപോലെ, കണ്ടിട്ടില്ലാത്ത ഒരു ജീവിയെ സങ്കല്പിക്കുന്നതുപോലെ, കേട്ടിട്ടില്ലാത്ത ശബ്ദം സങ്കല്പിക്കുന്നതുപോലെ ശ്രമിച്ചു നോക്കി. എന്റെ ചുറ്റുപാടും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമല്ലാതെ മറ്റൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

അവസാനം അനേകശതം ബ്രഹ്മപുരം സഞ്ചാരികളുടെ നടുവില്‍ക്കൂടി, അവരെയെല്ലാം നിശബ്ദമായി മറികടന്ന് ഞാന്‍ എന്റെ വഴികാട്ടിയുടെ പിന്നാലെ നടന്നു. ഒന്നും അറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ശാന്തമായി, സ്വതന്ത്രചിത്തനായി, ഭയമില്ലാത്തവനായി, ആശ്രയം ഉള്ളവനായി, ലക്ഷ്യബോധം ഉള്ളവനായി എന്റെ സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോഴും ഞാന്‍ കടന്നുപോകുന്ന ബ്രഹ്മപുരം സഞ്ചാരികളെപ്പറ്റി ഓര്‍ക്കുകയും, അവരുടെ ദൈന്യത മനസ്സിലാക്കുകയും അവരും എന്നെങ്കിലും ശരിയായ പാതയില്‍ എത്തിച്ചേരും എന്ന് പ്രത്യാശിക്കുകയും ചെയ്തു.

സോമദാസ്

Monday, 12 November 2012

കുന്നിക്കുരു

"സത്യമാണെന്നു ചൊല്ലിയാല്‍
അസത്യം സത്യമാകുമോ?
സത്യമില്ലാത്ത ലോകത്ത്
അസത്യം സത്യമായിടും!!”
 
 “മുഖം സര്‍വ്വത്ര മുഖം
വികസനം സര്‍വ്വതോന്മുഖം
മുഖം മിനുക്കുവാന്‍ നോക്കി
മുഖംമൂടി തന്നെ സര്‍വ്വതും!!“
“സ്നേഹം തന്നെയമൃതം
സ്നേഹം തന്നെ ശക്തിയും
സ്നേഹം ലോകശാന്തിക്കായ്
സ്നേഹം ബന്ധനമായിടും!!”
“കോപംകൊണ്ടു ശപിക്കൊല്ലാ
കോപം ദുഃഖമതേകിടും
കോപം സര്‍വ്വമനര്‍ത്ഥം താന്‍
കോപം ത്യാജ്യമതാണെടോ!!”
“സത്യം നിലനിന്നീടാന്‍
സഹായം കാര്യമല്ലിതു
സഹായം കൂടെയുണ്ടേലും
അസത്യം സ്ഥിരമല്ലെടോ!!”
“ശാന്തി തേടിഞാന്‍ ശാന്തനായ്
ശാന്തിയില്ലാതെയായിതു
ശാ‍ന്തിയില്ലിതു ലോകത്തില്‍
ശാന്തി തേടുന്നു ലോകവും!!”
“മായ തന്നെ മായ
കാണുന്നതെല്ലാം മായ
മായയല്ലാതൊന്നുമില്ല
മായയല്ലാത്തതന്നവും!!”
“ഏതിനും ആയുസ്സുകാണാം
ആയുസ്സില്‍ത്തന്നെ ലോകവും
ആയുസ്സില്ലാത്തതൊന്നുണ്ട്
‘അജ്ഞാനം’ തന്നെ ഭൂമിയില്‍!!”
“ധര്‍മ്മം കൊടുക്കും മാലോകര്‍
ധര്‍മ്മം വാങ്ങുന്നു സാധുവും
ധര്‍മ്മമെന്തെന്നറിഞ്ഞീലാ
അനുഷ്ടിക്കേണ്ടതു ധര്‍മ്മവും!!”
“നീതികാക്കുന്ന കോടതി
നീതിതേടുന്ന മാനുഷര്‍
നീതിസ്റ്റോര്‍ തന്‍മുമ്പില്‍
നീതിക്കായ് കാത്തു നിന്നിടും!!”

“മദ്യമില്ലാതെ ലോകര്‍ക്ക്
ജീവിതം സാധ്യമാകുമോ?
മദ്യ’മന്ത്രി’യതില്ലാതെ
ഭരണം സാധ്യമാകുമോ?”

“സംസ്കാരമെന്ന ‘കാരത്തെ’
വസ്ത്രശുദ്ധിക്കു പറ്റിടാ
സംസ്കാരം കൊണ്ടുതന്നെ
ചിന്തശുദ്ധി തരപ്പെടും!!”

“വിദ്യതന്നെ പരം ശ്രേഷ്ഠം
വിദ്യതന്നെ മഹാധനം
ചെപ്പടിവിദ്യ കാട്ടുന്ന
മാനുഷന്‍ ഭോഷനാണെടോ!!”

“ഒന്നില്‍ നിന്നു തുടങ്ങുന്നു
ഒന്നില്‍ത്തന്നെ മടക്കവും
ഒന്നിനെത്തന്നെ പലതായ്
കാണുന്നൂ ലോകം മായയാല്‍‌!!”

“‘ദയ’ എന്ന രണ്ടക്ഷരത്തെ
ദഹിക്കാത്ത ജനത്തിന്
ദയയില്ലാത്ത വിധിതന്‍
ദയക്കു പാത്രമാകുമോ!!”

“ജ്ഞാനി തന്നെ മഹാശ്രേഷ്ഠന്‍
ജ്ഞാനമില്ലാത്ത മാനുഷന്‍
ജ്ഞാനിയാണെന്ന ഭാവേന
ജ്ഞാനിയെ പരിഹസിച്ചിടും!!”

“സുഖം തന്നെ ലക്ഷ്യം
സുഖം തന്നെ മാര്‍ഗ്ഗം
സുഖം തന്നെ സ്വപ്നം
സുഖം മാത്രമില്ല!!”

“സുവര്‍ണ്ണം തന്നെ മാലകള്‍
സുവര്‍ണ്ണം തന്നെ മോതിരം
ബ്രഹ്മം തന്നെ ജീവികള്‍
ബ്രഹ്മം തന്നെ ലോകവും!!”

 “ജോലിയില്ലായെന്നുചൊല്ലി
ജോലിചെയ്യാതെ ലോകവും
ജോലിയില്ലാതെയായിന്നു
ജോലിയില്ലാ ജനത്തിന്!!”

“കവിത്വമില്ലാത്ത കവിതന്‍
കവിതകള്‍ ശ്രേഷ്ഠമാകവേ
കവിത്വമുള്ളോരു മര്‍ത്യന്ന്‍
കീര്‍ത്തിയില്ലാതെയായിടാം!!”
 
“ദൈവമില്ലെന്നു ചൊല്ലിയാല്‍
ദൈവമില്ലാതെയാകുമോ
ദൈവമല്ലാതെയെന്തുണ്ട്
ദൈവമാകുന്നു സര്‍വ്വതും!!”

 “പല ബിന്ദുക്കള്‍ ചേര്‍ത്തിട്ട്
പല ചിത്രങ്ങളാക്കിടാം
പല മാര്‍ഗ്ഗങ്ങള്‍ ചേര്‍ത്തിട്ട്
പല മതങ്ങളുമെന്നപോല്‍‌!!”
  

സോമദാസ്

Friday, 5 October 2012

ലൗകികദര്‍ശനം

ലൗകികം എന്നാല്‍ ലോകത്തെസംബന്ധിച്ചത് എന്നര്‍ത്ഥം. മതഗ്രന്ഥങ്ങളില്‍നിന്നും അറിവ് നേടിയിട്ടുള്ളവരും, വിവിധ ആരാധനാക്രമങ്ങളും, ആചാരാനുഷ്ടാനങ്ങളും, വിശ്വാസപ്രമാണങ്ങളും ഉള്‍ക്കൊള്ളുന്നവരുമാണ് ഈ ലോകത്തു കാണുന്ന എല്ലാ മനുഷ്യരും. മതവിശ്വാസിയും മതവിശ്വാസമില്ലാത്തവരും, ദൈവവിശ്വാസിയും ദൈവവിശ്വാസമില്ലാത്തവരും, മറ്റു പല വൈവിധ്യങ്ങളാര്‍ന്ന സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ച് ജീവിക്കുന്ന ഇടമാണ് ഭൂലോകം. ഇവിടെ ജീവിക്കുന്ന എല്ലാ ജീവികള്‍ക്കും പൊതുവായ ചില പ്രകൃതി നിയമങ്ങള്‍ ഉണ്ട്. അതിനെ മേല്‍പ്പറഞ്ഞ ഒരുവിഭാഗത്തിലേയും വിശ്വാസങ്ങള്‍ക്ക് അതിക്രമിക്കാന്‍ കഴിയില്ല. രോഗം, ജീര്‍ണ്ണത, നാശം എന്നീ മൂന്നുസംഭവങ്ങളും ജീവനുള്ളവയ്ക്കെല്ലാം ബാധകമാണ്. എല്ലാ മതവിശ്വാസങ്ങളും ജീവിതക്രമങ്ങളും മേല്‍പ്പറഞ്ഞ മൂന്നുപരിണാമങ്ങളേയും അംഗീകരിക്കുകയും അത് അലംഘനീയമാണെന്ന് സുവ്യക്തമായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ ലോകത്ത് കുറച്ചുകാലം മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ പൊതുവായ ചില പെരുമാറ്റ സ്വഭാവങ്ങള്‍ അംഗീകരിക്കുന്നത് എല്ലാവര്‍ക്കും ഉത്തമമായിരിക്കും. ഇവിടെ ജീവിച്ചിരിക്കുന്നവരില്‍ ശാന്തി, സമാധാനം, സുഖം എന്നിവ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുകയില്ല. ഒരുമിച്ചു ജനിക്കാത്തവരും ഒരുമിച്ച് മരണപ്പെടാത്തവരും ഒത്തുകൂടുന്ന ഒരിടമാണ് ഭൂലോകം. മഹാഗ്രന്ഥങ്ങളിലെ തത്വസംഹിതകളോ ഉല്‍കൃഷ്ടങ്ങളായ ആചാരാനുഷ്ഠാനങ്ങളോ ഒന്നുംതന്നെ അറിയില്ലെങ്കിലും ലൗകികജീവിതം സുഗമമാക്കുന്നതിന് പ്രാഥമികമായ ചില അറിവുകള്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്തോട് ഉദാത്തമായ ഒരു വീക്ഷണം മാത്രം ഉണ്ടായാല്‍ മതി, ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമായ സുഖവും ശാന്തിയും സമാധാനവും കൈവരിക്കാന്‍‌.

ഈ ലോകത്ത് പലതരത്തിലുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും. ജ്ഞാനികള്‍‌, അജ്ഞാനികള്‍‌, ധനാഢ്യര്‍‌, ദരിദ്രര്‍‌, വിദ്യാസമ്പന്നര്‍‌, വിദ്യാഹീനര്‍‌, ബലവാന്‍‌, ദുര്‍ബലന്‍‌, ബുദ്ധിമാന്‍‌, മന്ദബുദ്ധി എന്നിങ്ങനെ അനേകവിധം മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണ് ലോകം. ഈ സാഹചര്യത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് ലൗകികജീവിതം നയിക്കേണ്ടത് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏതൊരാള്‍ക്കും അനായാസമായി അംഗീകരിക്കാനും അനുസരിക്കാനും കഴിയുന്ന ഒരു ചിന്താധാരയാണ് ലൗകികദര്‍ശനം എന്ന ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

“യേ ചൈവ സാത്വിക ഭാവ
രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി
ന ത്വഹം തേഷ്ഠ തേ മയി”
                                                                               --  ഭഗവത്ഗീത
 സാത്ത്വികമായും രാജസമായും താമസമായും ഉണ്ടായിട്ടുള്ള ഭാവങ്ങളെല്ലാം എന്നില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. എങ്കിലും ഞാന്‍ അവയിലല്ല അവ എന്നിലാണ്. എനിക്ക് അവ അധീനങ്ങളാണ്.

ഗീതയില്‍ക്കൂടി ഒരു ലൗകികതത്വം വിളംബരം ചെയ്യുകയാണ്. ലോകത്ത് ഉത്തമം, മധ്യമം, അധമം എന്നീ വിഭാഗങ്ങളുണ്ടെന്ന് സര്‍വ്വസമ്മതമാണ്. ഓരോ വ്യക്തികളേയും പരിശോധിച്ചാല്‍ ഈ മൂന്നു വിഭാഗത്തിലുമുള്ളവരാണ് ലോകത്ത് മുഴുവനും എന്നുകാണാന്‍ കഴിയും. ശാന്തരും, കോപ - താപ - ദ്വേഷ - മത്സര - കാര്‍പണ്യ - ലോഭ - മോഹാദി - അഹങ്കാര ദോഷങ്ങള്‍ കുറഞ്ഞവരും, സമത്വദര്‍ശികളായിട്ടുമുള്ള മഹത്‌വ്യക്തികള്‍ അപൂര്‍വ്വമായിട്ടെങ്കിലും ലോകത്ത് എപ്പോഴും ഉണ്ടായിരിക്കും. ഇവരെ ഉത്തമന്മാര്‍ എന്ന വിഭാഗത്തില്‍ ഗണിക്കുന്നു. ചിലര്‍ മധ്യമന്മാരായും കാണപ്പെടുന്നു. സമൂഹത്തിന് വലിയ ബാധ്യതയില്ലാത്തവരായി വര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍‌. സമൂഹത്തിനും ലോകത്തിനുതന്നെയും ഉപദ്രവകാരികളായി, അവരില്‍ നിന്നും എപ്പോഴും അനിഷ്ടം മാത്രം ഉണ്ടായിക്കൊണ്ടിരിക്കുന്നവരും ആയിട്ടുള്ളവരെ അധമന്മാര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ മൂന്നു ഭാവങ്ങളും (ഉത്തമ - മധ്യമ - അധമ) ഈ പ്രപഞ്ച സൃഷ്ടാവില്‍ നിന്നുതന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.

പ്രപഞ്ചകാരണമായ ദിവ്യചൈതന്യത്തിന് ഗുണത്രയങ്ങള്‍ (സത്വരജഃസ്തമോഗുണങ്ങള്‍‌) ബാധകമാണ് എന്നത് അതിശയോക്തിയായി തോന്നാം. എന്നാല്‍‌, ഗുണത്രയങ്ങളെ അംഗീകരിച്ചുകൊണ്ട് പ്രപഞ്ചം ദൃഷ്ടമായപ്പോള്‍ അങ്ങനയേ പരാമര്‍ശിക്കുവാന്‍ കഴിയൂ.  കാരണം ഇതില്‍ ഏതെങ്കിലുമൊന്ന് സൃഷ്ടാവിന് ഇല്ല എന്നുവാദിച്ചാല്‍‌, പ്രപഞ്ചസൃഷ്ടാവിന് പുറത്ത് മറ്റൊന്നുണ്ട് എന്നുവരും. അപ്പോള്‍ സൃഷ്ടാവ് പൂര്‍ണ്ണനല്ല, അപൂര്‍ണ്ണനാണ് എന്നുവരും. പൂര്‍ണ്ണനായ പ്രപഞ്ചചൈതന്യത്തിന് അപ്പൂര്‍ണ്ണത യോജിക്കുന്നതല്ല. അപൂര്‍ണ്ണത മാനുഷികമാണ്. അതിനാല്‍ ഈ ലോകത്ത് നാം കാണുന്ന എല്ലാ ഭാവങ്ങളേയും ഈശ്വരസൃഷ്ടിയാണെന്നും ആയതിനാല്‍ എല്ലാത്തിനേയും സമഭാവനയോടെ കാണണമെന്നും സിദ്ധിക്കുന്നു. ഇവിടെ ഉച്ചനീചത്വങ്ങള്‍ വിഷയീഭവിക്കുന്നില്ല. ഇത് ആത്മാവിന്റെ ഉയര്‍ന്ന നിലയാകുന്നു. ലോകത്തെ സമഭാവനയോടെ ദര്‍ശിക്കുന്നവനെ എല്ലാമനുഷ്യരും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യും.
ലൗകികത്തില്‍‌,  വൈദ്യുതിയെക്കൊണ്ടു പ്രവര്‍ത്തിക്കുന്ന പലതരത്തിലുള്ള ഉപകരണങ്ങളും നാം നിത്യവും ഉപയോഗിക്കുന്നുണ്ടല്ലൊ. ഉഷ്ണവും ശീതവും ഉളവാക്കുന്നവയെ വൈരുദ്ധ്യമായി തോന്നാമെങ്കിലും അതിന്റെ ചേതനശക്തി വൈദ്യുതി ഒന്നുമാത്രമാണ്. മറ്റനേകം ഉപകരണങ്ങള്‍‌, നമുക്ക് ഹിതങ്ങളും അഹിതങ്ങളുമായവയെല്ലാം, ലോകത്തിന് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും, പ്രവര്‍ത്തിക്കുന്നത് വൈദ്യുതി എന്ന ഒറ്റചാലകത്തിന്റെ ശക്തികൊണ്ടാണ്. ഇതുപോലെതന്നെ ലോകത്തില്‍ കാണപ്പെടുന്ന എല്ലാജീവജാലങ്ങളുടേയും ചൈതന്യശക്തിയായി, അവകളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്നത് ഒരേ ചൈതന്യം തന്നെയാകുന്നു. ഈ വിധത്തില്‍ ലോകത്തെ ദര്‍ശിക്കുന്ന ആള്‍ക്ക് ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ സമഭാവനയാണ് ഉണ്ടാകുക എന്നത് നിസ്തര്‍ക്കമാണ്. ലൗകികജീവിതവിജയത്തിന് ഉച്ചനീചത്വങ്ങള്‍ പരമാവധികുറച്ച്, കഴിയുന്നതും സമഭാവനയോടെ വര്‍ത്തിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.

“യദൃച്ഛാലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സര
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ.”

അവിചാരിതമായി ലഭിക്കുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവനും, സുഖദുഃഖാദിദ്വന്ദ്വങ്ങളെ അതിക്രമിച്ചവനും, മത്സരബുദ്ധി ഇല്ലാത്തവനും, ലഭിച്ചാലും ലഭിക്കാതെ പോയാലും ഒരേ സ്ഥിതിയില്‍ സ്ഥിതിചെയ്യുന്നവനും ആയവന്‍ കര്‍മ്മം ചെയ്താലും ആ കര്‍മ്മം ബന്ധകാരണമായി ഭവിക്കുന്നില്ല.

ലോകത്തുള്ള കൂടുതല്‍ പേര്‍ക്കും നിഷ്ഠകളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. കൃത്യനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ അധികരിച്ചിരിക്കും. ആഹാരപാനീയങ്ങള്‍‌, വസ്ത്രധാരണം, ഗൃഹം, ഇരിപ്പിടം, ശയനം എന്നിവയില്‍ തുടങ്ങി മറ്റുള്ളവര്‍ തന്നോട് ഇന്ന രീതിയില്‍ പെരുമാറണം എന്നുള്ളതില്‍ വരെ പലരും നിഷ്ഠ പാലിക്കാറുണ്ട്. ഇഷ്ടാനിഷ്ടങ്ങള്‍ എത്രയും അധികരിക്കുന്നുവോ അത്രയും ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുകയും അത് തനിക്ക് ഒരു ബന്ധനമായിത്തീരുകയും ചെയ്യുമെന്നതാണ് സത്യം.

സമാധാനജീവിതത്തിന് ഇഷ്ടാനിഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. ഈ ലോകത്തുനിന്ന് നാം എത്രമാത്രം വിഭവങ്ങള്‍ സ്വീകരിക്കുന്നുവോ, എത്രമാത്രം പ്രതീക്ഷിക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിത സമാധാനം. അതിനാലാണ് “യദൃശ്ചലാഭസന്തുഷ്ടോ” എന്ന് ഗീത ഉപദേശിക്കുന്നത്. എന്താണോ നമുക്ക് ലഭിക്കുന്നത് അതില്‍ സന്തുഷ്ടനാകുക. നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ വിഹിതം. അതിനാല്‍ അസന്തുഷ്ടി പ്രകടിപ്പിക്കാതിരിക്കുക. ഈ ലോകത്ത് എന്തുലഭിച്ചാലും തൃപ്തിവരാത്തവരാണ് അധികവും. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ചതിനെ കാണുവാനോ അതില്‍ അഭിമാനിക്കുവാനോ കഴിയുന്നില്ല. ഫലമോ നിത്യ അനിഷ്ടം, മാനസികവിഷമം, ജീവിതം ക്ലേശകരം എന്ന് എപ്പോഴും വിലപിക്കുന്നു. ഇത് മാറ്റാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ലഭ്യമായതില്‍ സന്തുഷ്ടനാകുക; എന്നിരുന്നാലും ഉയര്‍ച്ചക്കുവേണ്ടി കര്‍മ്മം ചെയ്തുകൊണ്ടും ഇരിക്കുക. മാത്സര്യം ഒഴിവാക്കുക. ഇത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമാകും. നാം എന്തെങ്കിലും ആഗ്രഹിച്ചിട്ട് അത് ലഭിച്ചാല്‍ സന്തോഷവും അലഭ്യതയില്‍ സന്താപവും ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ തത്വദര്‍ശികള്‍ ഉപദേശിക്കുന്നത് സിദ്ധിയിലും അസിദ്ധിയിലും ഒരേ മനസ്സോടുകൂടിയിരിക്കണം എന്നതാണ്. ഈ ആത്മനിയന്ത്രണം ദുഷ്ക്കരമാണ്. എന്നിരുന്നാലും നിരന്തരമായ പരിശ്രമം കൊണ്ട് ഇതിന്റെയെല്ലാം തീവ്രത കുറയ്ക്കാന്‍ കഴിയും. അങ്ങനെയുള്ളവനെ കര്‍മ്മപാശങ്ങള്‍ ബന്ധിക്കുന്നില്ല.

 ലൗകികജീവിതത്തില്‍ കര്‍മ്മം ചെയ്യാതെ ഒരു ജീവിക്കും ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നതും തിര്യക്കുകള്‍ കര്‍മ്മം ചെയ്യുന്നതും വ്യത്യാസം ഉണ്ട്. മനുഷ്യനൊഴികെ മറ്റൊരുജീവിയും അംഗീകാരത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നില്ല. അതിജീവനമാണ് ജന്തുക്കളുടെ കര്‍മ്മത്തിന്റെ ലക്ഷ്യം. ഈ കര്‍മ്മത്തെയല്ല ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തില്‍ പ്രശംസ പിടിച്ചുപറ്റാനും തന്റെ നിഗൂഡമായ ആഗ്രഹസഫലീകരണത്തിനും മാത്രമുള്ള കര്‍മ്മത്തെയാണ് ഇവിടെ നിരുത്സാഹപ്പെടുത്തുന്നത്. നീ എല്ലായ്പ്പോഴും കര്‍മ്മംചെയ്യണം. എന്നാല്‍ അതിന്റെ ഫലം ലഭിച്ചിരിക്കണം എന്ന നിര്‍ബന്ധം നന്നല്ല. സമൂഹത്തിന്റെ നന്മക്കു വേണ്ടി കര്‍മ്മം ചെയ്യുക. അതിനുപകരമായി, തന്നെ അംഗീകരിക്കണമെന്നും ഉന്നതപദവി ലഭിക്കണമെന്നും ആഗ്രഹിക്കുന്നത് ഉത്തമമായ കര്‍മ്മം അല്ല. ഫലത്തെ ഇച്ഛിക്കാതെ, തിരിച്ച് പ്രതിഫലം ലഭിക്കണം എന്ന് ചിന്തിക്കാതെ, സത്പ്രവൃത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ നാം ഉദ്ദേശിക്കുന്ന ഫലം തിരികെ ലഭിക്കാതെവരുമ്പോള്‍ ദ്വേഷിക്കുകയും കര്‍മ്മത്തില്‍ നിന്നും പിന്മാറുകയും ചെയ്തേക്കാം. ദ്വേഷം സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ സത്കര്‍മ്മങ്ങള്‍ ചെയ്തിട്ട് അത് അപ്പോള്‍ത്തന്നെ മനസ്സില്‍നിന്നും ഉപേക്ഷിക്കുക എന്ന് മഹത്തുക്കള്‍ ഉപദേശിക്കുന്നു. നിഷ്കാമകര്‍മ്മം ഏറ്റവും അധികം വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വിഷയമാണ്. എന്നാല്‍ ലൗകികജീവിതവിജയത്തിന്റെ  ആണിക്കല്ലാണ് നിഷ്കാമകര്‍മ്മം എന്നാണ് ഭാരതീയ ദാര്‍ശനികര്‍ കല്പിച്ചിരിക്കുന്നത്.

“യസ്യ സര്‍വേ സമാരംഭാഃ
കാമസങ്കല്പ വര്‍ജിതാഃ
ജ്ഞാനാഗ്നിദഗ്ദ്ധകര്‍മ്മാണാം
തമാഹുഃ പണ്ഡിതം ബുധാഃ”

ആരുടെയാണോ എല്ലാ കര്‍മ്മങ്ങളും ഫലാശയോ കാമനകളോ കൂടാതെയിരിക്കുന്നത്, ജ്ഞാനമാകുന്ന അഗ്നിയില്‍ കര്‍മ്മങ്ങളെല്ലാം ദഹിപ്പിച്ച ആ ആളെയാണ് അറിവുള്ളവര്‍ ‘പണ്ഡിതന്‍‌‘ എന്ന് സംബോധന ചെയ്യുന്നത്.

ലൗകികവിദ്യാസമ്പന്നരും ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരും വലിയ അധികാരശേഷി ഉള്ളവരുമായ വ്യക്തികളെ, മഹാപണ്ഡിതന്‍ എന്നോ മഹത് വ്യക്തി എന്നോ ജനം തെറ്റിദ്ധരിക്കാറുണ്ട്. അവര്‍ പുറമേ കാണിക്കുന്നതെല്ലാം അവരുടെ ലൗകികസ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമാണ്. ഇങ്ങനെയുള്ളവരെയാണ് ശങ്കരാചാര്യര്‍ ‘ഉദരനിബദ്ധൗ ബഹുകൃതവേഷ’ എന്ന് പരിഹസിച്ചിട്ടുള്ളത്. ഉദരപൂരണത്തിനായി ബഹുകൃതങ്ങളായ വേഷങ്ങളെ അവര്‍ കൈക്കൊള്ളുന്നു. ഏതൊരു വ്യക്തിയാണോ എല്ലാ കര്‍മ്മങ്ങളും ഫലേച്ഛകൂടാതെ അനുഷ്ഠിക്കുന്നത്, അവരാണ് യഥാര്‍ത്ഥ പണ്ഡിതന്മാര്‍‌. ഇതു തന്നെയാണ് ബുധജനങ്ങളുടെ, അറിവുള്ള വ്യക്തികളുടെ, അഭിപ്രായവും. ഇവരുടെ കര്‍മ്മങ്ങള്‍ അഖിലവും ജ്ഞാനമാകുന്ന അഗ്നിയാല്‍ സമ്പുഷ്ടവും ആക്കപ്പെട്ടിരിക്കുന്നു. അഗ്നിക്ക് എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് പരിശുദ്ധമാക്കുന്നതിനുള്ള സവിശേഷ ഗുണമുണ്ട്. അതിനാലാണ് ജ്ഞാനത്തെ അഗ്നിയോട് സാമ്യപ്പെടുത്തിയിരിക്കുന്നത്. അഗ്നി എപ്രകാരമാണോ എല്ലാ വസ്തുക്കളേയും ഭസ്മീകരിച്ച് ശുദ്ധമാക്കുന്നത്, അപ്രകാരംതന്നെ ജ്ഞാനമാകുന്ന അഗ്നിയില്‍ തന്റെ എല്ലാ കര്‍മ്മങ്ങളേയും ഭസ്മീകരിക്കുന്ന വിദ്വാന്മാരെയാണ് പണ്ഡിതന്‍ എന്ന് വിശേഷിപ്പിക്കാവുന്നത്. നന്മതിന്മകളെ വേര്‍തിരിച്ച് നന്മ മാത്രം സ്വീകരിക്കുകയും, ലോകത്തുള്ള സമസ്ത ജീവികളോടും കരുണാപൂര്‍ണ്ണമായ മാനസിക ഭാവം ഉണ്ടാകുകയും ചെയ്താല്‍ ലൗകികജീവിതം സുഗമവും, ശാന്തവും, ഉന്നതവുമായി ഭവിക്കും. സഹജീവികളോട് കരുണ കാണിക്കാത്തവന് സൃഷ്ടാവിന്റെ കരുണ ലഭിക്കുകയില്ല. ആയതിനാല്‍ മനസ്സ്, വാക്ക്, പ്രവൃത്തി ഇവയില്‍ എപ്പോഴും പരിശുദ്ധി കാത്തുസൂക്ഷിക്കണം. ഇതുതന്നെയാണ് എല്ലാമതങ്ങളുടേയും, ദാര്‍ശനികരുടേയും പരമമായ ലക്ഷ്യവും ധര്‍മ്മവും.

സോമദാസ്

Tuesday, 2 October 2012

മൌനത്തിന്റെ ഭാഷ്യം

ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ അവരെ സഹായിക്കും എന്ന് എന്നോട് എന്റെ നല്ലപാതി കൂടെക്കൂ‍ടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തായാലും ഇവക്കിട്ടൊരു സഹായം ചെയ്യണം!! അതിനുള്ള അവസരവും കാത്ത് ഞാന്‍ ഒരു മലമുഴക്കി വേഴാമ്പലിനെപ്പോലെ ഇരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വീട്ടില്‍ കുറച്ച് അതിഥികള്‍ എത്തിയത്. ഇതുതന്നെ നല്ല അവസരം. ഇപ്പോള്‍ അവളെ സഹായിച്ചാല്‍ പിന്നെ അടുത്തകാലത്തൊന്നും പരാതിയുമായി എത്തില്ല. ഞാന്‍ പതുക്കെ അടുക്കളവാതിലില്‍ ചെന്ന് എത്തിനോക്കി. എന്തെങ്കിലും ഹെല്പ് വേണോ എന്ന് ചോദിക്കുന്നതിനു മുമ്പുതന്നെ എനിക്ക് പണി കിട്ടി. പപ്പടം കാച്ചാന്‍ ഒരവസരം. വലിയ പ്രയാസമില്ലാത്ത പണി. ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞ് ഞാന്‍ പണി തുടങ്ങി.

എണ്ണ ചൂടാക്കി ഒരു പപ്പടം അതിലേക്ക് ഡൈവ് ചെയ്യിച്ചു. അത് എണ്ണയില്‍ മുങ്ങി ശീല്‍ക്കാരത്തോടെ പൊങ്ങി പൊള്ളാന്‍ തുടങ്ങി. ഞാന്‍ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു. ഒട്ടും കരിയരുത്. ഈ പപ്പടം കഴിച്ചിട്ട് എല്ലാവരും സംതൃപ്തിയടയണം. നന്നായി മൂത്തത് എടുത്തിട്ട് അടുത്തതിട്ടു. ഇങ്ങനെ രണ്ടുമൂന്നെണ്ണം വേഗത്തില്‍ കഴിഞ്ഞു. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. പപ്പടം എണ്ണയിലിടുമ്പോള്‍ ശബ്ദത്തോടെ അത് പൊള്ളി വരുന്നു. എപ്പോള്‍ അത് നന്നായി മൂത്ത് പാകമാകുന്നുവോ അപ്പോള്‍ മുതല്‍ അത് നിശബ്ദമായി. അത് മൂക്കുന്നതുവരെയേയുള്ളൂ അതിന്റെ ചീറ്റലും ശബ്ദവും. നന്നായി പാകമായാല്‍പ്പിന്നെ നിശബ്ദം. ഇതുതന്നെയല്ലേ മനുഷ്യരുടേയും കാര്യം! അറിവ് സമ്പാദിക്കുന്ന സമയം വലിയ കോലാഹലങ്ങളും വിളിച്ചു പറയലും തകൃതിയായിട്ടുണ്ടാകും. അറിവ് പൂര്‍ണ്ണമാകുമ്പോള്‍ മിതഭാഷിയായി അല്ലെങ്കില്‍ കഴിയുന്നതും മൌനിയായി സ്ഥിതിചെയ്യുന്നതായി കാണാം.

എന്തോ കരിയുന്ന മണമടിക്കുന്നല്ലോ!! ഞാന്‍ പാത്രത്തിലേക്ക് നോക്കി. രണ്ടു പപ്പടം എണ്ണയില്‍ കിടന്ന് കരിഞ്ഞു കറുത്ത പുക ഉയരുന്നു. ദൈവമേ ഇതെപ്പോ സംഭവിച്ചു!! എന്തെങ്കിലും ചെയ്യാന്‍ ഒക്കുന്നതിനു മുന്‍പ് ഭാര്യ ഓടി വന്ന് എന്നെ അടുക്കളയില്‍ നിന്ന് പുറത്താക്കി. എന്നിരുന്നാലും ഒരു വലിയ സത്യത്തിന് സാ‍ക്ഷിയായല്ലോ എന്ന സന്തോഷത്തോടെ ഞാന്‍ പലതും ചിന്തിച്ചുകൊണ്ടു നടന്നു.

മുമ്പൊരിക്കല്‍ കടല്‍ കാണാന്‍ പോയ കാര്യം ഞാന്‍ ഓര്‍ത്തു. കടല്‍തീരത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ കടല്‍ കോപിച്ചിരിക്കയാണെന്ന് അവിടെയുള്ളവര്‍ പറയുന്നതു കേട്ടു. കടലിന്റെ ഇരമ്പലും ശക്തിയാ‍യ തിരമാലയും കണ്ടപ്പോള്‍ അത് ബോധ്യമാകുകയും ചെയ്തു. എത്രനേരം കണ്ടാലും മതിവരാ‍ത്ത ഭംഗിയും ഗാംഭീര്യവും കടലിനുണ്ട് എന്നത് സത്യമാണെന്നു തോന്നി. സമുദ്രത്തിന്റെ ഭംഗി തന്നെ അതിലെ തിരമാലകളാണ്. തിരമാലകളില്ലാത്ത സമുദ്രത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. പസഫിക് സമുദ്രത്തില്‍ തിരമാലകളില്ലെന്ന് കേട്ടിട്ടുണ്ട്. എന്തായിരിക്കും അതില്‍ തിരമാലകളില്ലാത്തത്? ഏറ്റവും ആഴം കൂടിയ സമുദ്രമാണത്. അനേകം അഗാധ ഗര്‍ത്തങ്ങള്‍ അതിലുണ്ട്. അതിന്റെ അഗാധത കൊണ്ടാണ് അതില്‍ തിരമാലകളുണ്ടാകാത്തത്. ആഴം കുറഞ്ഞ കാട്ടാറുകള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടും അതിവേഗത്തിലും ഒഴുകിപ്പോകുന്നത് കണ്ടിട്ടുണ്ട്. ആഴമില്ലാത്ത പുഴകളും സമുദ്രങ്ങളും, ഒഴുക്കിന്റെ ശക്തികൊണ്ടോ തിരമാലകളുടെ ശക്തി കൊണ്ടോ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അഗാധമായവ നിശബ്ദവും നിശ്ചലവുമായിരിക്കും. അല്പജ്ഞാനികളായ മനുഷ്യര്‍ വലിയ കോലാഹലങ്ങളും വാക്കുതര്‍ക്കങ്ങളും മത്സരപ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും.കുടം ജലാശയത്തില്‍ മുക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ജലം അതില്‍ കയറുന്നു. കുടം പൂര്‍ണ്ണമായും നിറയുമ്പോള്‍ ശബ്ദം നിലയ്ക്കുകയും ചെയ്യും. പൂര്‍ണ്ണജ്ഞാനികള്‍ അവരുടെ ജ്ഞാനത്തിന്റെ അഗാധതയാല്‍ ശാന്തരും, മിതഭാഷികളും, ചിലപ്പോള്‍ മൌനികളുമായി കാണപ്പെടും. അങ്ങനെയുള്ളവരുടെ മൌനം വാചാലമായിരിക്കും. ആ മൌനത്തിന്റെ ഭാഷ പൂര്‍ണ്ണവും അര്‍ത്ഥഗര്‍ഭവുമായിരിക്കും. അതുകൊണ്ടാണ് ‘മൌനം വിദ്വാനു ഭൂഷണം’ എന്നും, ജ്ഞാനി, ‘ഗംഗ തന്നിലെ ഹൃദം പോലെ’ എന്നും പറഞ്ഞുകാണുന്നത്.

അതിഥികളെ എല്ലാം ഒരുവിധം ഭംഗിയായി പറഞ്ഞയച്ചു. എന്റെ സഹായത്തിന്റെ മേന്മയെക്കുറിച്ച് അവള്‍ വാചാലയായിത്തുടങ്ങി. മൌനത്തിന്റെ ഭാഷ്യം അതുല്യമാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മിതഭാഷിയായും വീണ്‍‌വാക്ക് പറയാത്തവനായും ആകാന്‍ കൊതിച്ചു.

സോമദാസ്

Sunday, 12 August 2012

ശര്‍ക്കര വരട്ടി

ആ വലിയ വാതില്‍ തുറക്കുന്നതും നോക്കിക്കൊണ്ട് ഞാന്‍ നിന്നു. നിശ്ചലമായി നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം തിരമാലപോലെ ഒരു സമ്മര്‍ദ്ദപ്രവാഹം ആ ജനക്കൂട്ടത്തെ ചലിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സമ്മര്‍ദ്ദം കൂടുകയും ഞാന്‍ തറയില്‍ നിന്നും പൊങ്ങുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. അല്പസമയത്തിനുള്ളില്‍ എങ്ങനൊക്കെയോ ഞാന്‍ ഒരു കസേരയില്‍ ഇരുന്നു. അതിവേഗം ചലിക്കുന്ന മനുഷ്യരെക്കണ്ട് തലകറങ്ങാതിരിക്കാന്‍ മുന്‍പില്‍ കണ്ട ഇലയിലേക്ക് നോക്കി. ഹൊ! അവസാനം എന്റെ സ്വന്തം ഇലയ്ക്കുമുന്നില്‍ ഞാന്‍ എത്തിപ്പെട്ടിരിക്കുന്നു.തൊട്ടടുത്ത കസേര ഒഴിഞ്ഞു കിടക്കുന്നതുകണ്ട് ആ കസേരയിലേക്ക് മാറിയിരിക്കാന്‍ ഒരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ മാറിയിരുന്നു. ഓ.. അപ്പോള്‍ ഇതായിരുന്നു എന്റെ ഇല. ഞാന്‍ മന്ത്രിച്ചു. ഈ ഇല ഇന്നലെ ഈ സമയം ആയിരക്കണക്കിനു ഇലകളുടെ ഇടയിലായിരുന്നു. എന്നാല്‍ ഞാന്‍ ഈ ഇലയുടെ അടുത്തല്ലല്ലോ നേരത്തേ ഇരുന്നത്. ഞാന്‍ ഇരുന്ന ഇല എന്റേതല്ലാത്തതുകൊണ്ടാണ് എനിക്ക് മാറിയിരിക്കേണ്ടി വന്നത്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഇലയുടെ അടുത്തേ അവര്‍ക്ക് ഇരിക്കാന്‍ കഴിയുകയുള്ളൂ. പലരും അവരുടെ ഇല കിട്ടാതെ ഇറങ്ങിപ്പോയി. ഇനി അടുത്ത തവണ ഇല ഇടുമ്പോള്‍ അവര്‍ക്കും സദ്യ ഉണ്ണാം.

സദ്യ പൊതുവേ എല്ലാപേര്‍ക്കും ഇഷ്ടമാണ്. കാരണം അത് ‘ ചതുര്‍വിധാന്ന സമ്പന്ന’മാണ്. നാലുവിധത്തിലും ഭക്ഷിക്കാവുന്ന വിഭവങ്ങള്‍ അടങ്ങിയതിനെയാണ് ചതുര്‍വിധാന്ന സമ്പന്നമെന്നു വിവക്ഷിക്കുന്നത്. കടിച്ചുപൊട്ടിച്ച് തിന്നുക, തൊട്ടുനക്കുക, ചവച്ചു തിന്നുക, കോരിക്കുടിക്കുക എന്നിവയാണ് ആ നാലു ഭക്ഷ്യങ്ങള്‍. ഇവയെല്ലാം ഈ സദ്യയില്‍ ഉണ്ട്. ഞാന്‍, കടിച്ചുപൊട്ടിച്ചുതിന്നുന്ന ശര്‍ക്കരവരട്ടിയും ഉപ്പേരിയും എടുത്ത് തിന്നാന്‍ തുടങ്ങി. ഈ ശര്‍ക്കരവരട്ടി ഏതോസ്ഥലത്തെ ഏത്തക്കുലയില്‍ ഉണ്ടായിരുന്നതാണ്. അത് ഇവിടെ കൊണ്ടുവന്നപ്പോഴും കഷണങ്ങളാക്കിയപ്പോഴും എന്റെ കഷണം ഉണ്ടായിരുന്നു. ആ കഷണം തന്നെ എനിക്ക് കിട്ടുകയും ചെയ്തു. അത് അനേകം കഷണക്കൂട്ടങ്ങള്‍ക്കിടയില്‍ കിടന്ന് ഇളകി മറിയുമ്പോഴും ആ കഷണം എന്റേതായിത്തന്നെയിരുന്നു. വിളമ്പുകാര്‍ പല പാത്രങ്ങളില്‍ അവകളെ പങ്കുവച്ചപ്പോഴും എന്റേത് കൃത്യമായി എന്റെ മുന്നില്‍ എത്തി.ഇതുതന്നെയാണ് ഉപ്പേരിയുടേയും പപ്പടത്തിന്റേയും പഴത്തിന്റേയുമൊക്കെ സ്ഥിതി. എനിക്കുള്ളതെല്ലാം എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ട്.ഇങ്ങനെ എന്റെ ഇലയില്‍ ഒത്തുകൂടിയിട്ടുണ്ടെങ്കിലും അവ എന്റേതല്ലായെങ്കില്‍ എനിക്കത് തിന്നാന്‍ കഴിയില്ല. അതുകൊണ്ടാണ് ചോറ് ഇലയില്‍ ഇട്ടപ്പോള്‍, ഇലയില്‍ നിന്നും കുറച്ചു ചോറ് തറയില്‍ വീണത്. ഞാന്‍ താഴേക്കു നോക്കി. അതില്‍ എന്റെ പേര് എഴുതിയിട്ടില്ലായിരിക്കും എന്നു ഞാന്‍ സമാധാനിച്ചു. “നീ ഭക്ഷിക്കുന്ന ഓരോ അരിമണിയിലും നിന്റെ പേര് എഴുതിയിട്ടുണ്ടാകും’ എന്ന് ഖുര്‍‌-ആനില്‍ എഴുതിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. എന്റെ പേരില്ലാത്തതൊന്നും എനിക്ക് ഭക്ഷിക്കാന്‍ കഴിയില്ല എന്നാണല്ലോ അതിനര്‍ത്ഥം.

ഇതിന് ഒരു ശാസ്ത്രീയത നല്‍കാന്‍ കഴിയുമോ എന്നു ഞാന്‍ ചിന്തിച്ചു. ഒരാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കത്ത് അയയ്ക്കുന്നു എന്ന് സങ്കല്പിച്ചു. കത്തെഴുതി, കവറില്‍ കിട്ടേണ്ട ആളുടെ മേല്‍‌വിലാസവും എഴുതി പോസ്റ്റു ചെയ്തു. പിന്നീട് ആ എഴുത്തിന് എന്തെല്ലാം സംഭവിക്കുന്നുവെന്ന് അയച്ച ആളോ കിട്ടേണ്ട ആളോ അറിയുന്നില്ല. അതിനെ പോസ്റ്റുമാന്‍ എടുത്ത് മറ്റുകത്തുകളോടൊപ്പം ഓഫീസില്‍ കൊണ്ടുപോയി സീല്‍ ചെയ്തു. എന്നിട്ട് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകാനുള്ള ബാഗില്‍ ഇട്ട് ഭദ്രമായി കെട്ടിവച്ചു. കെട്ടുകള്‍ എടുത്ത ആള്‍ക്ക് തെറ്റുപറ്റി അത് മറ്റൊരു രാജ്യത്തിലേക്കുള്ള കെട്ടുകളുടെ കൂട്ടത്തില്‍ വച്ചു. പിന്നീടുള്ള പരിശോധനയില്‍ തെറ്റ് കണ്ടെത്തി ആ കെട്ട് ഇന്ത്യയിലേക്കുള്ളവയുടെ കൂട്ടത്തില്‍ ആക്കി. വിമാനത്തിന്റെ അടിഭാഗത്തുള്ള ഇരുണ്ട അറയില്‍ കിടന്ന് ആ കത്ത് കടല്‍ കടന്ന് ഇന്ത്യയിലെത്തി. കേരളത്തിലേക്കുള്ള ബാഗില്‍ അത് കേരളത്തിലും എന്റെ പോസ്റ്റാഫീസിലും എത്തി. അവസാനം അത് എന്റെ കയ്യില്‍ത്തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ കത്ത് പോസ്റ്റുചെയ്യുന്ന സമയം മുതല്‍ അത് എന്റെ കയ്യില്‍ എത്തിച്ചേരുന്നതുവരെയുള്ള ഒന്നുംതന്നെ എനിക്കോ ആര്‍ക്കുമോ അറിയാന്‍ കഴിയില്ല. എന്നിരുന്നാലും അത് കൃത്യമായി എന്റെ കയ്യില്‍ത്തന്നെ എത്തി. ഇതുപോലെ ഓരോരുത്തരുടേയും ഭക്ഷ്യവസ്തുക്കളിലും അവരവരുടെ പേര് അദൃശ്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. ഈ വിശ്വാസം കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്? നമുക്കുള്ളത്  നമുക്കുതന്നെ ലഭിച്ചിരിക്കും. നമുക്ക് ലഭിക്കാത്തത് നമ്മുടേതല്ല.

അടുത്തിരുന്നയാള്‍ എഴുന്നേറ്റപ്പോള്‍ ഞാനും എണീറ്റു. എന്ത് കഴിച്ചിട്ടാണ് എന്റെ വയര്‍ നിറഞ്ഞത് എന്നോ അതിന്റെയൊക്കെ രുചി എന്തായിരുന്നെന്നോ ഞാനറിഞ്ഞില്ല. അടുത്ത സദ്യയ്ക്കെങ്കിലും രുചിയറിഞ്ഞ് കഴിക്കണം എന്ന ചിന്തയോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

സോമദാസ്

Saturday, 14 July 2012

മുടിയനായ പുത്രന്‍

ഭാരതീയ ദര്‍ശനങ്ങളില്‍ ‘വസുധൈവകുടുംബകം’ എന്നൊരു സങ്കല്പമുണ്ട്. ഈ ലോകത്തെ മുഴുവന്‍ ഒറ്റ കുടുംബമായി കാണുക എന്നതാണത്. ഈ ലോകകുടുംബത്തിലെ അംഗങ്ങളാണ് ഭൂമിയില്‍ കാണുന്ന എല്ലാ ജീവജാലങ്ങളും. ജലത്തില്‍ ജീവിക്കുന്ന അസംഖ്യം ജീവികളും കരയില്‍ ജീവിക്കുന്ന അനേകലക്ഷം ജീവജാലങ്ങളും പറവകളും എല്ലാം എല്ലാം ഭൂമി എന്ന കുടുംബത്തിലെ അംഗങ്ങളാണ്. സ്വാഭാവികമായും കുടുംബത്തിന് ഒരു കുടുംബനാഥന്‍ വേണമല്ലോ! അത് ഈ ലോകത്തിന്റെ സൃഷ്ടാവാണെന്ന് സങ്കല്പിക്കാം. ഈ ലോകവും അതിലെ സമസ്ത ജീവജാലങ്ങളെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും അവയ്ക്ക് വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതുമായ ഒരു സ്ഥാനം സങ്കല്പിച്ച് അതിനെ നമുക്ക് നമ്മുടെ കുടുംബനാഥനായി കരുതാം.

ഈ സൃഷ്ടാവ് - പ്രകൃതി - അതിലെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഭൂമിയില്‍ ഒരുക്കിക്കൊടുക്കുന്നു. ശ്വസിക്കാനും കുടിക്കാനും ഭക്ഷണത്തിനും ആവശ്യമുള്ളത്രയും ശുദ്ധമായി പ്രകൃതിയിലൂടെ സൃഷ്ടാവ് അവകള്‍ക്ക് നല്‍കി. എല്ലാ ജീവികളും കുടുംബനാഥന്‍ നല്‍കിയ വിഭവങ്ങള്‍ സ്വീകരിച്ച് സുഖമായി ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ എല്ലാ ജീവികളിലും വച്ച് മനുഷ്യനുമാത്രം വിശേഷബുദ്ധി എന്നൊന്നുണ്ടായിരുന്നു. ഈ വിശേഷബുദ്ധികൊണ്ട് അവന്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് എല്ലാ ജീവജാലങ്ങളെയും തന്റെ അധീനതയിലാക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു. അവന്‍ ആഗ്രഹിച്ചതൊക്കെ സാധിക്കുമെന്നായപ്പോള്‍ കൂടുതല്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവന്റെ വാസസ്ഥാനത്തേയും പ്രകൃതിയേയും അവന്‍ ചൂഷണം ചെയ്യാന്‍ തുടങ്ങി. എല്ലാം അവന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടിയായിരുന്നു. ഈ പ്രക്രിയ ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഒരു പുത്രന്‍ തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വിഭവങ്ങള്‍ മുഴുവനും തനിക്കുവേണമെന്ന് ശാഠ്യം പിടിക്കുകയും അത് തട്ടിപ്പറിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്താല്‍ ലോകം അവനെ എങ്ങനെ ഗണിക്കും? അതുപോലെതന്നെ ലോകമാകുന്ന കുടുംബത്തിന്റെ പ്രകൃതി വിഭവങ്ങളെ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കുടുംബധനം നശിപ്പിക്കുന്ന പുത്രനെ ‘മുടിയനായ പുത്രന്‍‌‘ എന്നു ഗണിക്കുന്നതുപോലെ ഭൂമിയുടെ മുടിയനായ പുത്രനാണ് മനുഷ്യന്‍‌. കഥയിലെ മുടിയനായ പുത്രന്‍ തെറ്റ് മനസ്സിലാക്കി അവസാനം പിതൃസന്നിധിയില്‍ അണഞ്ഞു മാപ്പു ചോദിച്ചു. ഭൂമിയുടെ മുടിയനായ പുത്രനായ മനുഷ്യനും എന്നെങ്കിലും മാനസാന്തരപ്പെട്ട് പ്രകൃതിക്ക് അനുസൃതമായി വരണേ എന്ന് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കുന്നു.

സോമദാസ്

Monday, 2 July 2012

തേന്‍ തുള്ളികള്‍

അതിമനോഹരമായ ഒരു വനപ്രദേശത്തുകൂടി ഞാന്‍ നടക്കുകയാണ്. നിലം കാണാത്തവിധം കരിയില മൂടിക്കിടക്കുന്നു. നടക്കാന്‍ നടപ്പാതയില്ല. നി‌മ്നോന്നതഭൂമി. അടിക്കാടുകള്‍ അധികമില്ലാത്തതിനാല്‍ മുന്‍ഭാഗം കാണാം. ചെറിയ ചെടികളെയും വള്ളികളെയും വകഞ്ഞ് മാറ്റിക്കൊണ്ട് ഞാന്‍ നടന്നു. പ്രകാശമുണ്ട്; പക്ഷേ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നില്ല. അതിനാല്‍ത്തന്നെ ആതീവ ഹൃദ്യമായ ഒരു കുളിര്‍മ. വളരെ പ്രയാസപ്പെട്ട് നോക്കിയാലേ വൃക്ഷങ്ങളുടെ തലപ്പുകള്‍ കാണാന്‍ കഴിയൂ. ഉയരമുള്ള ചില വൃക്ഷങ്ങളില്‍ നിന്നും കനമുള്ള കാട്ടുവള്ളികള്‍ ഭയാനകമാംവിധം താഴേക്ക് തൂങ്ങിക്കിടക്കുന്നു. ദൂരെയായിക്കാണുന്ന വൃക്ഷങ്ങളുടെ മുകള്‍ഭാഗം മുഴുവന്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കണ്ണിന് അതീവ സുന്ദരമായ ഒരു വിരുന്ന് തന്നെയാണ്. ഞാന്‍ കണ്ടിട്ടുള്ള ബോണ്‍സായ് വൃക്ഷങ്ങളാണ് അപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത്. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി രൂപപ്പെടുത്തിയ അവ അതീവ ദുഃഖത്തോടെ എന്റെ മുന്നില്‍ നില്‍ക്കുന്നതായി തോന്നി. ഇവിടെയോ, വന്‍‌വൃക്ഷങ്ങള്‍ മത്സരിച്ച് വളര്‍ന്നതുപോലെതോന്നും കണ്ടാല്‍. ഈ മനോഹരമായ പ്രകൃതിയുടെ കളിത്തൊട്ടിലില്‍ എത്തിയപ്പോള്‍ എന്തോ ഒരു ആത്മബന്ധസ്മരണ ഉജ്ജ്വലമായി തെളിഞ്ഞു വന്നു.

മുന്‍പില്‍ കണ്ട ഒരു വലിയ വൃക്ഷത്തിന്റെ കൊമ്പില്‍ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നു. ഒരു വലിയ കുട്ടകത്തിന്റെ വലിപ്പം. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് ഒരു തേനീച്ചക്കൂടാണെന്ന് മനസ്സിലായി. അതില്‍ നിന്നും ‘തേന്‍‌തുള്ളികള്‍’ താഴേക്ക് വീണുകൊണ്ടിരിക്കുന്നു. താഴെക്കു വീണ അത് അക്ഷരങ്ങളും വാക്കുകളുമായി രൂപാന്തരപ്പെടുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കിനിന്നു. ആ വാക്കുകള്‍ ഞാന്‍ വായിക്കാന്‍ ശ്രമിച്ചു...

“നീ ലോകത്തുനിന്ന് എന്ത് ആഗ്രഹിക്കുന്നുവോ
അതുപോലെ ലോകത്തോടു ചെയ്യുക.”

“നീ മറ്റുള്ളവരെ ബഹുമാനിച്ചാല്‍
മറ്റുള്ളവര്‍ നിന്നെയും ബഹുമാനിക്കും.”

“സംസാരം രചതവും
മൌനം സുവര്‍ണ്ണവുമാണ്.”

“വായിലേക്ക് എന്ത് പോകുന്നുവെന്നതിനേക്കാള്‍ പ്രധാനം
വായില്‍ നിന്നും എന്ത് വരുന്നുവെന്നുള്ളതിനാണ്.”

“പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ ശ്രേഷ്ഠം
അന്യരെ സഹായിക്കുന്ന ഹസ്തങ്ങളത്രേ.”

“ഈശ്വരന്‍ നിന്റെ രൂപത്തിലേക്കല്ല നോക്കുന്നത്
ഹൃദയത്തിലേക്കത്രെ.”

“ഒരു തെറ്റും ചെയ്യാത്ത മനുഷ്യന്‍
ഒന്നും ചെയ്യാത്തവനായിരിക്കും.”

“ഒരു വണ്ടി നിറയെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അറിവിനേക്കാള്‍ ശ്രേഷ്ഠം
ഒരുപിടി ക്ഷമയത്രേ.“

“ഉയരമുള്ള ഒരു സ്ഥലത്തെത്തുവാന്‍
അത്രയും ഉയരമുള്ള ഒരു കോണി ആവശ്യമാണ്.”

“ജ്ഞാനം - അത് നിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട രത്നമാണ്.
അത് എവിടെക്കണ്ടാലും എടുക്കണം.”

“ജീവികളോട് കരുണ കാണിക്കാത്തവന്
ഈശ്വരന്റെ കരുണ ലഭിക്കുകയില്ല.”

“സത്യത്തിന് നിലനില്‍ക്കാന്‍
ഒന്നിന്റേയും സഹായം ആവശ്യമില്ല.”

“തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍
താഴ്ത്തപ്പെടും.”

“താഴ്മതാനഭ്യുന്നതി.”

“നല്‍കുന്നവന്‍ നേടുന്നു.”

“നീ ഈശ്വരന്റെ അടുത്തേക്ക് ഒരടി നടക്കുമ്പോള്‍
ഈശ്വരന്‍ നിന്റെ അടുത്തേക്ക് പത്തടി വരും.”

“ശരീരം ആത്മാവിന്റെ ഉപകരണമത്രെ.”

“പാലിലേക്ക് എത്ര സൂക്ഷിച്ച് നോക്കിയാലും വെണ്ണ കാണാന്‍ കഴിയില്ല,
ലോകത്തിലേക്ക് എത്ര സൂക്ഷിച്ചു നോക്കിയാലും ഈശ്വരനെ കാണാന്‍ കഴിയില്ല.”

“അനുഷ്ടിക്കേണ്ടതേതോ
അത് ധര്‍മ്മമാകുന്നു.”

“അനേകം വിളക്കുകള്‍ കത്തിക്കാവുന്ന
വിളക്കായിരിക്കണം അദ്ധ്യാപകന്‍‌.“

“ദുഃഖം എടുക്കരുത്,
ദുഃഖം കോടുക്കരുത്.”

“തിന്നുന്നത് മണ്ണിനും
നല്‍കുന്നത് വിണ്ണിനും.”

“ഒരാളെ അസഭ്യം പറയാന്‍ വലിയ അറിവുവേണ്ട
എന്നാല്‍ അസഭ്യം പറയുന്ന ഒരാളിന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ഒരു വിശാലഹൃദയനേ കഴിയൂ.”

“കല്ല് ഈശ്വരനല്ല
എന്നാല്‍ ഈശ്വരന്‍ കല്ലുമാണ്.”

“മനഃപ്പൂര്‍വ്വം തോറ്റു കൊടുക്കുന്നത്
യഥാര്‍ത്ഥത്തില്‍ വിജയമാണ്.”

“തെറ്റ് മാനുഷികമാണ്
ക്ഷമ ദൈവീകവും.”

“നമ്മുടെ കയ്യില്‍ മൂല്യങ്ങളുണ്ടെങ്കിലേ
നമുക്ക് മറ്റുള്ളവര്‍ക്ക് അത് നല്‍കുവാന്‍ കഴിയൂ.”

“ഏഴു സമുദ്രങ്ങള്‍ ജ്ഞാനം ആണെങ്കില്‍
അതില്‍ ഒരു തുള്ളിയാണ് എന്റെ ജ്ഞാനം.”

“എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്നത്
എനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ്.”

പകല്‍ കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് ഉച്ചത്തില്‍ പറയുന്നതുകേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഹൊ, കുറച്ചു തേന്‍‌തുള്ളികള്‍ കൂടി തൊട്ടുനക്കാമായിരുന്നു എന്ന എന്റെ വാക്കുകള്‍ കേട്ട് ഭാര്യ പൊട്ടിച്ചിരിച്ചു.

സോമദാസ്

Friday, 29 June 2012

തോമസച്ചായനു കിട്ടിയ നിധി

ഞാന്‍ ഈ കമ്പനിയില്‍ ചേരുന്നതിന് എത്രയോ വര്‍ഷം മുന്‍പേ തോമസച്ചായന്‍ ഇവിടെയുണ്ട്. ഞങ്ങളുടെ കെട്ടിടത്തിലെ ജാനിറ്റര്‍ ആണ് അദ്ദേഹം. ‘ജാനിറ്റര്‍’ എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ തൂത്ത് തുടച്ച് ഇടുന്നയാളാണെന്ന് അച്ചായനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്. സംഭവം എന്തായാലും പിടിപ്പത് ജോലിയാണ് അച്ചായന്. മൂന്ന് നില കെട്ടിടത്തിലെ ഓരോ മുക്കും മൂലയും അച്ചായന്റെ നിയന്ത്രണത്തിലാണ്. എവിടെയെങ്കിലും ഒരു പൊടിയോ അഴുക്കോ കണ്ടുപിടിച്ച് പണി കൊടുക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവിടെയുള്ള സൌദി ജോലിക്കാരില്‍ അധികവും. സ്വന്തം ചെരുപ്പില്‍ നിന്നാണ് അഴുക്ക് പറ്റിയതെന്നൊന്നും അവര്‍ ശ്രദ്ധിക്കില്ല. ഉടന്‍ അച്ചായനെ വിളിച്ച് വഴക്ക് പറയും. അച്ചായന്‍ അതെല്ലാം വൃത്തിയാക്കിക്കൊണ്ട് തന്നെ അവന്മാരെ മലയാളത്തില്‍ മുട്ടന്‍ തെറി വിളിക്കും. മുഖത്ത് നോക്കി ചിരിച്ചോണ്ട് തെറി വിളിക്കുന്നത് കേട്ട് സംതൃപ്തിയടഞ്ഞ് സൌദികള്‍ പോകുകയും ചെയ്യും.

ഇങ്ങനൊക്കെയാണെങ്കിലും അച്ചായനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. തെറി വിളിച്ചുകൊണ്ടായാലും എല്ലാ ജോലികളും ചെയ്യും. ആരെ സഹായിക്കാന്‍ കിട്ടുന്ന അവസരവും പാഴാക്കത്തില്ല. ഞങ്ങളുടെ കെട്ടിടത്തിലേക്ക് പുതുതായി എത്തിയ ഐടി മാനേജര്‍ക്ക് ഓഫീസ് സെറ്റ് ചെയ്യാന്‍ സഹായിച്ചത് അച്ചായനാണ്. 150 കിലോയിലധികമുള്ള മനേജര്‍ കസേരയിലിരുന്നതും കസേരയുടെ ഷാഫ്റ്റ് ഒടിഞ്ഞു പോയി. കസേരയുടെ സീറ്റ് പിറകില്‍ കുടുങ്ങിയ നിലയില്‍ എണീറ്റ് നിന്ന് പരുങ്ങിയ അയാളെ സീറ്റ് വലിച്ചൂരി സഹായിച്ചത് നമ്മുടെ അച്ചായനാണ്. പിന്നൊരു ദിവസം ഈര്‍ക്കില്‍ പരുവത്തിലുള്ള ഖാലിദ് യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ കയറി നിന്ന് അഭ്യാസം കാണിച്ച് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയപ്പോള്‍ അത് എടുത്തുകൊടുക്കാന്‍ സഹായിച്ചതും തോമസച്ചായനാണ്. അതുകൊണ്ട് തന്നെ സൌദികള്‍ക്ക് പലര്‍ക്കും അദ്ദേഹത്തോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഇതൊക്കെ പറഞ്ഞാലും ചെയ്യുന്ന ജോലിക്ക് പറ്റിയ ശമ്പളമല്ല അച്ചായന് അവരുടെ കമ്പനി കൊടുക്കുന്നത്. ആകെ 350 റിയാല്‍. ഡബിള്‍ ഡ്യൂട്ടി നോക്കിയും ഓവര്‍ടൈ ചെയ്തും ഒരു 700 റിയാല്‍ വരെ ഒരു മാസം കയ്യില്‍ കിട്ടും. മാസം 5000 രൂപ നാട്ടിലയയ്ക്കും. ബാക്കി കൊണ്ട് കഷ്ടിച്ച് കഴിഞ്ഞ് കൂടും. മിച്ചം വെക്കാന്‍ ഒന്നും കാണാത്ത ജീവിതം.

ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം ഇതുപോലെയാണ്. നാട്ടില്‍ നിന്ന് ഏതെങ്കിലും ഏജന്റ് വഴി ഭീമമായ തുക കൊടുത്ത് വിസയും കാത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. വിസ കിട്ടിയാല്‍ ഏതോ നല്ല കമ്പനിയില്‍ ജോലി കിട്ടി എന്നാണ് പലരുടെയും വിചാരം. സൌദിയില്‍ കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ രണ്ട് തരമുണ്ട്. ഒന്ന്, സ്വന്തമായി പ്രോജക്റ്റും ഇഷ്ടം പോലെ ആള്‍ക്കാരും മറ്റുമുള്ള ശരിക്കുള്ള കമ്പനി. രണ്ടാമത്തേത് ചെറിയ ഒരു റൂമിലല്‍ ഒതുങ്ങുന്ന മാന്‍ പവര്‍ സപ്ലെ കമ്പനി. ഇതില്‍ രണ്ടാമത്തേതിലാണ് നാട്ടില്‍ നിന്ന് വന്നിട്ടുള്ള അധികം ആളുകളും ഉള്‍പ്പെടുക.

ഒരു സൌദി പൌരന്‍, തന്റെ പ്രോജക്ടിന്റെ പണിക്ക് ആളിനെ വേണമെന്ന് പറഞ്ഞ് ഗവണ്മെന്റില്‍ നിന്നും വിസ സംഘടിപ്പിക്കുന്നു. ഇത് അയാള്‍ക്ക് പരിചയമുള്ള ഏതെങ്കിലും വിദേശി ഏജന്റ് വഴി നാട്ടില്‍ എത്തിക്കുന്നു. ഏജന്റ് കമ്മീഷനും മറ്റും വാങ്ങി ആള്‍ക്കാരെ സംഘടിപ്പിക്കുന്നു. ഇങ്ങനെ എത്തുന്ന ആള്‍ക്കാരാണ് മാന്‍ പവര്‍ സപ്ലെ കമ്പനിയിലെ ജോലിക്കാര്‍. ഇവര്‍ പല കൈമറിഞ്ഞാണ് ശരിക്കുള്ള കമ്പനിയില്‍ എത്തുന്നത്. കമ്പനി അവര്‍ക്ക് 5000 റിയാല്‍ ശബളം കൊടുത്താല്‍ അത് ജോലിക്കാരന്റെ കയ്യിലെത്തുമ്പോള്‍ 1000 റിയാലാകും. ബാക്കിയെല്ലാം ഇടനിലക്കാര്‍ക്ക്.

എന്തായാലും ഇങ്ങനൊരു കമ്പനിയിലാണ് നമ്മുടെ അച്ചായനും വന്ന് പെട്ടത്. എന്നെ കണ്ടുമുട്ടിയപ്പോള്‍ത്തന്നെ ഈ വിവരങ്ങളെല്ലാം തോമസച്ചായന്‍ പറഞ്ഞുതന്നു. അച്ചായന്‍ അങ്ങനെയാണ്. ആദ്യം കാണുമ്പോള്‍ തന്നെ തന്റെ എല്ലാ വിഷമതകളും പ്രാരാബ്ദങ്ങളും പറഞ്ഞ് നമ്മളെ കരയിച്ചിട്ടേ വിടൂ. അങ്ങനെ പറയുന്നതുകൊണ്ട് പലപ്പോഴും ഗുണവും ഉണ്ടാകാറുണ്ട്. ചില സൌദികള്‍ കരഞ്ഞുകരഞ്ഞ് ഒരു പരുവത്തിലാകുമ്പോള്‍ നൂറോ ഇരുനൂറോ റിയാല്‍ നല്കും.

അച്ചായന് ഒറ്റ മകളാണ്. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ നഴ്സിങ്ങിന് പോകണമെന്നാണ് അവള്‍ പറയുന്നത്. അതിന് ഒരുപാട് ചിലവാണ്. എന്തുചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈശ്വരന്‍ രാമചന്ദ്രന്റെ രൂപത്തില്‍ അച്ചായന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തൊരു കമ്പനിയില്‍ സ്റ്റോര്‍ മാനേജറാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ തന്റെ പ്രാരാബ്ദങ്ങളും വിഷമതകളും രാമചന്ദ്രനെ അറിയിച്ചു. ഇതെല്ലാം കേട്ട് മനസ്സലിഞ്ഞ രാമചന്ദ്രന്‍, മകളെ പഠിപ്പിക്കാനുള്ള സകല ചിലവുകളും താന്‍ വഹിച്ചോളാമെന്ന് അച്ചായന് വാക്ക് കൊടുത്തു. അങ്ങനെ അച്ചായന്റെ മകള്‍ ഗുജറാത്തില്‍ നഴ്സിങ്ങ് പഠനം ആരംഭിച്ചു.

രണ്ട് വര്‍ഷം കഴിഞ്ഞു. കോഴ്സ് പൂര്ത്തിയായി. ഇനി 6 മാസം അവിടെ ജോലി ചെയ്യണം. ബോണ്ട് തെറ്റിച്ചാല്‍ 50,000 രൂപ പിഴ ഒടുക്കണം. എങ്ങനെങ്കിലും മകളെ നാട്ടിലെത്തിക്കണമെന്ന് ഒറ്റ വിചാരമാണ് അച്ചായന്. നാട്ടില്‍ സഭയുടെ ഒരു ഹോസ്പിറ്റലില്‍ ജോലി പറഞ്ഞു വച്ചിട്ടുണ്ട്. അച്ചായന്‍ രാമചന്ദ്രനെ വിളിച്ച് കാര്യം പറഞ്ഞു. 6 മാസം അവിടെ ജോലി ചെയ്താല്‍ അത്രയും പരിചയം ആകുമല്ലോ എന്ന ഉപദേശമാണ് രാമചന്ദ്രന്‍ നല്കിയത്. ഇത് അച്ചായന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഫോണ്‍ അപ്പൊഴേ കട്ട് ചെയ്തു. പിന്നെ ഒരിക്കലും രാമചന്ദ്രനെ അച്ചായന്‍ വിളിച്ചിട്ടില്ല.

ഇങ്ങനെ ഒരുപാട് വിഷമതകളുമായി ഇരിക്കുന്ന ഒരു വൈകുന്നേരം. പതിവുപോലെ ഓഫീസിലെ ജീവനക്കാരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ തന്റെ പണി ആരംഭിച്ചു. ഇനി ഒരു മണിക്കൂര്‍ കൂടി ഉണ്ട് ഡ്യൂട്ടി അവസാനിക്കാന്‍. അതിന് മുന്‍പ് ടോയ്‌ലറ്റെല്ലാം വൃത്തിയാക്കണം. ഇങ്ങനെ മരിച്ച് പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം അച്ചായന്റെ ശ്രദ്ധയില്‍ പെട്ടത്. വാഷ്‌ബെയ്സിന്റെ കണ്ണാടിക്ക് മുന്‍പിലുള്ള സ്റ്റാന്റില്‍ ഒരു പേഴ്സ് ഇരിക്കുന്നു. അച്ചായന്‍ ചുറ്റും നോക്കി. ആരുമില്ല. ടോയ്‌ലെറ്റിന്റെ കതകുകളെല്ലാം തുറന്ന് കിടക്കുന്നു. ആരെയും കണ്ടില്ല. ഓഫീസിലെ ജോലിക്കാരെല്ലാം എപ്പൊഴേ പോയി. പേഴ്സിന് നല്ല കനം. ദൈവമേ, ദൈവം തന്ന നിധിയാകുമോ!!

പതുക്കെ പേഴ്സുമെടുത്ത് ഒരു ടോയ്‌ലറ്റിനുള്ളില്‍ കയറി വാതിലടച്ചു. ആകാംക്ഷയോടെ തുറന്നു നോക്കി. പേഴ്സ് നിറച്ച് പല ബാങ്കുകളുടെ കാര്‍ഡുകള്‍. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിങ്ങനെ പലതരം. ഒരൊറ്റ റിയാലില്ല. സംഭവം മുകളിലെ നിലയില്‍ ജോലി ചെയ്യുന്ന ഒരു സൌദിയുടേതാണ്. അഞ്ച് പൈസയ്ക്ക് ഗുണമില്ലാത്തവന്‍. തന്നെയുമല്ല എപ്പൊ നോക്കിയാലും എന്തെങ്കിലും പണിയും പറയും. കഴിഞ്ഞ തവണ വെക്കേഷന്‍ പോകാന്‍ നേരം രണ്ട് തവണ അവനോട് പോയി പോകുന്ന വിവരം പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ ഒരു റിയാലുപോലും തന്നില്ല. പേഴ്സ് ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്താലോ! എന്തായാലും പേഴ്സില്‍ ഒന്നു കൂടി തിരയാം.

കൂടുതല്‍ തിരഞ്ഞപ്പോള്‍ അകത്തെ അറയില്‍ വച്ചിരുന്ന ഒരു നോട്ട് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. 100 ഡോളര്‍. നാട്ടിലെ ഏകദേശം 5000 രൂപ. എടുക്കണോ വേണ്ടയോ? ആകെ ഒരു കണ്‍ഫ്യൂഷന്‍. മനസ്സ് രണ്ടായി പകുത്ത് വാഗ്വാദം നടക്കുന്നു. അവസാനം കഷ്ടപ്പാടുകളുടെയും പ്രാരാബ്ദങ്ങളുടെയും ഭാഗം ജയിച്ചു. ഡോളര്‍ പോക്കറ്റില്‍ തിരുകി. എന്തായാലും കിട്ടിയതാകട്ടെ. ഇനി ഈ പേഴ്സ് എന്ത് ചെയ്യും. ഇരുന്നിടത്തുതന്നെ വച്ചിട്ട് പോയാലോ? കഴിഞ്ഞതവണ ഇതുപോലെ ഒരു സൌദിയുടെ ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുകിട്ടിയത് തിരിച്ച് കൊടുത്തതിന് അവന്‍ 50 റിയാല്‍ തന്നു. ഇത് തിരിച്ചേല്പിച്ചാല്‍ വല്ലതും കൂടി തടഞ്ഞാലോ? തിരിച്ചുകൊടുക്കുമ്പോള്‍ ഡോളറിനെക്കുറിച്ച് അവന്‍ ചോദിച്ചാല്‍ താന്‍ കണ്ടതേയില്ലെന്ന് ഉറപ്പിച്ച് പറയാനുള്ള തീരുമാനത്തോടെ പേഴ്സ് അച്ചായന്‍ പോക്കറ്റിലാക്കി.

പിറ്റേന്ന് സൌദി നേരത്തെ എത്തി. ഓഫീസില്‍ എന്തോ തിരയുന്നു. അച്ചായന്‍ പതുക്കെ അവന്റെ ഓഫീസില്‍ ചെന്ന് പേഴ്സ് കൊടുത്തു. താഴെ ബാത്ത്റൂമില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു. സൌദിയുടെ മുഖം തെളിഞ്ഞു. അവന്‍ നന്ദി പറഞ്ഞ് പേഴ്സ് വാങ്ങി. പക്ഷേ, പേഴ്സ് തുറന്നതോടെ ആളുടെ മുഖം മാറി. ചിരി മാഞ്ഞു.

“അയ്ന അല്‍ ഖംസത്ത് അല്‍ഫ് റിയാല്‍?” സൌദി അച്ചായനു നേരെ അലറി.

അച്ചായന്‍ ഞെട്ടിവിറച്ചു. കംസത്ത് അല്‍ഫ് എന്നാല്‍ 5000. ദൈവമേ, ഇവന്റെ 5000 റിയാല്‍ എവിടെയെന്നാണ് ചോദിക്കുന്നത്. അച്ചായന്‍ കൈ മലര്‍ത്തി. സൌദി ഉടനെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി വന്ന് ചോദ്യം ചെയ്യലായി. അച്ചായന്‍ നടന്ന സംഭവം പറഞ്ഞു. പേഴ്സിനുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. തലേന്ന് സാലറി കൊടുത്ത ദിവസമായതിനാല്‍ 5000 സൌദിക്ക് കിട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. ആകെ പൊല്ലാപ്പായി. സെക്യൂരിറ്റി അച്ചായന്റെ അലമാര പരിശോധിച്ചു. കിട്ടിയത് 100 ഡോളറിന്റെ നോട്ട്. ആ നോട്ട് തന്റെ പേഴ്സില്‍ ഇരുന്നതാണെന്ന് സൌദി സ്ഥിരീകരിച്ചു. അതുകൂടിയായപ്പോള്‍ അച്ചായന്‍ തന്നെയാണ് 5000 റിയാല്‍ എടുത്തതെന്ന വാദം ശക്തമായി.

ഇതോടെ അച്ചായന്റെ കമ്പനിമാനേജറെ വിവരം അറിയിച്ചു. പണം തിരിച്ചു കൊടുത്താല്‍ പോലീസ് കേസാക്കാതെ വിടാം. പോലീസ് കേസായാല്‍ കമ്പനിക്ക് ചീത്തപ്പേരാകും. എന്തായാലും അച്ചായന്റെ കമ്പനി പണം കൊടുത്തു. പകരം അവര്‍ അച്ചായന്റെ എല്ലാ അലവന്‍സുകളും ബാക്കിയുള്ള സാലറിയും കട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം അച്ചായനെ അവര്‍ നാട്ടിലേക്ക് കയറ്റി വിട്ടു. സുഹൃത്തുകള്‍ നല്കിയ ചെറിയ തുകയും പിടിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന അയാളെ വേദനയോടെയാണ് ഞങ്ങള്‍ യാത്രയാക്കിയത്. തന്റെ വിഷമതകളും പ്രാരാബ്ദങ്ങളും ഓര്‍മ്മപ്പെടുത്തി ഞങ്ങളെ കരയിച്ചുകൊണ്ട് തോമസച്ചായന്‍ യാത്രയായി. പുതിയൊരു ലോകം കെട്ടിപ്പടുക്കുവാന്‍. 

Sunday, 24 June 2012

യാത്ര

വീട്ടിലേക്കുള്ള ബസ്സ് പോയിക്കാണുമോ എന്ന് സംശയിച്ചാണ് ബസ്റ്റാന്റിലെത്തിയത്. ഭാഗ്യം!! പോയിട്ടില്ല.. ഈ ബസ്സ് പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ റൂട്ടിലേക്ക് അടുത്ത ബസ്സുള്ളൂ.. അതുകൊണ്ടുതന്നെ ബസ്സില്‍ നല്ല തിരക്ക്. മിക്കവാറും എല്ലാ ബസ്സുകളുടെയും സ്ഥിതി ഇതുതന്നെ. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗമായ ലൈന്‍ ബസ്സുകളെ ബാധിക്കുന്നില്ല. കാരണം എന്താണ്? കാരണം ആലോചിച്ച് നിന്നാല്‍ ബസ്സ് പോകും. പിന്നെയും ഒരു മണിക്കൂര്‍ വായിന്നോക്കി നടക്കേണ്ടി വരും. ഞാനും ബസ്സില്‍ കയറാനുള്ള കായികമുറകള്‍ തുടങ്ങി.

ഉള്ളില്‍ കയറിയപ്പോള്‍ ഒരാള്‍ തിരക്കിനിടയില്‍ക്കൂടി പുറത്തേക്ക് വരുന്നു. എന്നെ കണ്ട ഉടനെ അയാള്‍ പറഞ്ഞു. “ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരട്ടേ സാര്‍”. ഞാന്‍ അനുവാദ മൂളല്‍ കൊടുത്തു. ബസ്സിന്റെ പിന്നില്‍ ഭയങ്കര കോലാഹലം. എല്ലാവര്‍ക്കും പിന്നില്‍ നില്‍ക്കണം. ആരും മുന്നിലോട്ട് പോകുന്നില്ല. ഞാനും പിറകില്‍ ഒതുങ്ങാനുള്ള സകല അടവുകളും പ്രയോഗിച്ചു. ഒരു രക്ഷയുമില്ല. ബസ്സിന്റെ മുന്‍ഭാഗത്ത് ഒരു ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്, പിന്നെന്തിനാ പിറകില്‍ കിടന്ന് ഇങ്ങനെ തള്ളുകൂടുന്നതെന്ന് അല്പം ഉറക്കെ ആത്മഗതം ചെയ്തുകൊണ്ട് ഞാന്‍ മുന്നിലേക്ക് നീങ്ങി.

അല്പസമയത്തിനകം രണ്ട് മണിയടി കേട്ടു. ബസ്സ് മുന്നോട്ട് നീങ്ങി. ബസ്സിന്റെ പിന്നില്‍ ഉച്ചത്തിലുള്ള സംസാരം. ഞാന്‍ തിരിഞ്ഞുനോക്കി. കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ രൂക്ഷമായ വാക്പയറ്റ്. രണ്ടുപേരും അതില്‍ നിപുണരാ‍ണെന്ന് കേട്ടാല്‍ അറിയാം. ഒരാള്‍ക്ക് അധികാരത്തിന്റേയും മറ്റെയാള്‍ക്ക് പിന്‍ബലത്തിന്റേയും കരുത്ത്. വണ്ടി നിര്‍ത്തി. കാര്യം ഇതാണ്. യാത്രക്കാരന്‍ കണ്ടക്ടറുടെ അനുവാദത്തോടെ മൂത്രമൊഴിക്കാന്‍ പോയി. അയാള്‍ വരുന്നതിനുമുന്‍പ് കണ്ടക്ടര്‍ വണ്ടി വിട്ടു. തന്നോട് ചോദിച്ചിട്ടല്ല പോയതെന്ന് കണ്ടക്ടറും കണ്ടക്ടറോട് ചോദിച്ചിട്ട് തന്നെയാണ് പോയതെന്ന് യാത്രക്കാരനും. രണ്ടുപേരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അയാള്‍ അനുവാദം ചോദിക്കുന്നത് കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ആരോപണപ്രത്യാരോപണങ്ങള്‍ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നത് കണ്ട യാത്രക്കാര്‍ ഇടപെട്ട് സമവായം ഉണ്ടാക്കി. എല്ലാവര്‍ക്കും യാത്ര ചെയ്യണ്ടേ!! അങ്ങനെ അത് അവസാ‍നിച്ചു. എന്നിരുന്നാലും തീ കെട്ട കൊള്ളിയില്‍ നിന്നും പുക ഉയരുന്നതുപോലെ രണ്ടുപേരും നിന്ന് പുകയുന്നു.

എനിക്ക് കാര്യം മനസ്സിലായി. എന്റെ ഷര്‍ട്ടിന്റെ നിറമാണ് കണ്ടക്ടറിന്റെ ഷര്‍ട്ടിന്. യാത്രക്കാരന്‍ തെറ്റിദ്ധരിച്ച് എന്നോട് അനുവാദം ചോദിച്ചു. ഒരു അപരിചിതന്‍ എന്നെ സാറെന്ന് സംബോധന ചെയ്ത് അനുവാദം ചോദിച്ചപ്പോള്‍ എന്റെ നിഷ്കളങ്കത്തം കൊണ്ട് സമ്മതം മൂളി. അത്രമാത്രം. അത് ഇതുപോലൊരു കോലാഹലം ഉണ്ടാക്കുമെന്ന് കരുതിയില്ല. ബസ്സിനുള്ളിലെ പ്രകാശത്തില്‍ നിന്നും കഴിയുന്നതും ഞാന്‍ ഒഴിഞ്ഞു നിന്നു.

ഭാഗ്യത്തിന് എന്റെ അടുത്തിരുന്ന ആള്‍ ഇറങ്ങാന്‍ എഴുന്നേറ്റു. എനിക്ക് സീറ്റുകിട്ടി. ലോട്ടറി ടിക്കറ്റില്‍ ഒരു ചെറിയ തുക അടിച്ചതുപോലെ മനസ്സിന് ആശ്വാസം. എന്റെ കാല്‍ച്ചുവട്ടില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ എന്തോ കെട്ടി വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഗന്ധം വമിക്കാന്‍ തുടങ്ങി. വണ്ടി നിര്‍ത്തുമ്പോള്‍ അത് രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. ഇത് ചര്‍ച്ചയായി. ഏതോ വല്യമ്മാവന്‍ മീന്‍ വാങ്ങിയിട്ട് അത് ബസ്സില്‍ വച്ച് മറന്നതായിരിക്കും. അഭിപ്രായങ്ങള്‍ വന്നു. ഗന്ധം അസഹ്യമായപ്പോള്‍ വണ്ടി നിര്‍ത്തി. എല്ലാവരും അവരവരുടെ സീറ്റിനടിയില്‍ പരിശോധിച്ചു. എന്റെ അടുത്തിരുന്നയാള്‍ ആ പ്ലാസ്റ്റിക് കെട്ട് മുന്നിലെ സീറ്റിനടിയിലേക്ക് കാലുകൊണ്ട് നീക്കി വയ്ക്കുന്നത് ഞാന്‍ കണ്ടു. മുന്നിലെ സീറ്റിലുള്ളവര്‍ കുനിഞ്ഞ് പരിശോധിച്ചപ്പോള്‍ കെട്ട് കണ്ടെത്തി. ആളുകള്‍ അത് നീക്കിയിട്ടു. അതിന്റെ രൂക്ഷഗന്ധം സഹിക്കാവുന്നതിലും അപ്പുറം. മീനാണ്. ഒരാള്‍ അതെടുത്ത് പുറത്തേക്കിട്ടു. വണ്ടി നീങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലെ ഗന്ധവും ഇല്ലാതായി. ആളുകളുടെ സംസാരം തീരുന്നില്ല.

ഞാന്‍ അടുത്തിരുന്ന ആളെ നോക്കി. മധ്യവയസ്കന്‍. ഉദ്യോഗസ്ഥനാണെന്ന് തോന്നി. അയാള്‍ എന്നെ നോക്കി വിഷാദഭാവത്തില്‍ ചെവിയില്‍ പറഞ്ഞു. 300 രൂപയുടെ ചെമ്മീനായിരുന്നു. അയാളുടെ മനോദുഃഖം മുഖഭാവത്തിലും ശബ്ദത്തിലും മനസ്സിലാക്കാമായിരുന്നു.

രസകരമായ ഒരു യാ‍ത്രയുടെ അന്ത്യത്തില്‍ ഞാന്‍ വീട്ടിലെത്തി. ചെന്നപാടെ കത്താളുമെടുത്ത് പറമ്പിലിറങ്ങി. അല്പം വിളഞ്ഞു നിന്ന ഒരു കൊലവെട്ടി. ഷര്‍ട്ടില്‍ പറ്റിയ വാഴക്കറ ഭാര്യയെ കാണിക്കാതെ കഴുകാനുള്ള തുണിയുടെ കൂടെ ഷര്‍ട്ട് ഇട്ടു. ഭാര്യ ആദ്യമായി വാങ്ങിത്തന്ന പിറന്നാള്‍ സമ്മാനം. ഒഴിവാക്കാന്‍ ഇതേയുള്ളു വഴി.

Wednesday, 6 June 2012

ഇന്റര്‍വ്യൂ

ഞങ്ങളുടെ കമ്പനിയിലേക്ക് സ്വദേശികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി നടത്തിയ ഇന്റര്‍വ്യൂ റൂം ആണ് രംഗം. അതാ അങ്ങോട്ട് നോക്കൂ.. ഞാനും ഞങ്ങളുടെ ബോസ്സും ആണ് അവിടെ പെട്ടിക്കടയും തുറന്ന് ഇരിക്കുന്നത്. പണ്ട് ഒരുപാട് ഇന്റര്‍വ്യൂവിന് പോയി കിട്ടാതെവന്നപ്പോള്‍ തോന്നിയിരുന്ന ദേഷ്യവും വിഷമവും നിരാശയും കലിപ്പുമെല്ലാം ഇന്നിവിടെ തീര്‍ക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. ആദ്യം വന്ന രണ്ട് സൌദികളെയും ചോദ്യങ്ങളാല്‍ നിര്‍ത്തിപ്പൊരിച്ചു. അവസാനം അവന്മാര്‍ ജീവനും കൊണ്ട് ഓടി. ഇത്രയും വലിയ കഠിനാദ്ധ്വാനം ചെയ്ത് ക്ഷീണിച്ചിരിക്കുന്ന എനിക്ക് അല്പം വിശ്രമം ആവശ്യമാണെന്ന് ബോസ്സിന് തോന്നിയതുകൊണ്ടാകാം അര മണിക്കൂര്‍ ബ്രേക്ക് അനുവദിച്ചത്. എന്തായാലും ഈ ഇടവേളയില്‍ ഞാന്‍ എന്റെ ആദ്യ ഇന്റര്‍വ്യൂ വിനെക്കുറിച്ച് ഓര്‍ത്തുപോയി.

ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് സെലക്ഷന്‍ നടക്കുന്ന സമയം. ആദ്യമായി റിക്രൂട്ട്മെന്റിന് വരുന്ന കമ്പനിയെ എല്ലാവരും പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും ഒരു ഐടി കമ്പനിയാണ് ആദ്യം എത്തുമെന്നറിയിച്ചത്. ബുജികള്‍ ഒരുപാടുള്ള കോളേജ്. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷയില്ലായിരുന്നു എനിക്ക്. പക്ഷേ, ഇതറിഞ്ഞതും ഇന്റര്‍വ്യൂവിന് പോകാനായി അച്ഛന്‍ രണ്ട് ഷര്‍ട്ട് വാങ്ങിത്തന്നു. ചന്ദനക്കളറില്‍ ഒരെണ്ണം. കടും ചുവപ്പു നിറത്തില്‍ മറ്റൊന്ന്. ചന്ദനക്കളര്‍ ഷര്‍ട്ടുമിട്ട് ആദ്യ ക്യാമ്പസ് സെലക്ഷന് പോയി. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍. എഴുത്ത് പരീക്ഷയില്‍ ഒന്നാമത്. അടുത്ത കടമ്പ GD എന്നറിയപ്പെടുന്ന ഗ്രൂപ്പ് വാചകമടി ആണ്. അതിലും ഒരുവിധം കടന്നുകൂടി. ഇനി ആകെ അവശേഷിക്കുന്നത് ഇന്റര്‍വ്യൂ. പക്ഷേ എന്റെ കഷ്ടകാലത്തിന് ഇന്റര്‍വ്യൂ അന്ന് നടന്നില്ല. ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടവരെല്ലാം പിറ്റേന്ന് ടെക്നോപാര്‍ക്കില്‍ ചെല്ലാന്‍ പറഞ്ഞിട്ട് കമ്പനി അവരുടെ പാട്ടിന് പോയി.

അങ്ങനെ വിജയശ്രീലാളിതനായി ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ വീട്ടിലേക്ക്. വീട്ടിലെത്തിയപാടെ അമ്മ ചോദിച്ചു.

“നീ പോയത് കോളേജിലോട്ടോ അതോ ചന്തയിലോ? “

ഞാന്‍ അമ്പരന്നു. അന്നത്തെ ദിവസം എനിക്ക് ചന്തയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് GD -ക്ക് പങ്കെടുത്തുവെന്നതാണ്. പിന്നീടാണ് കാര്യം പിടി കിട്ടിയത്. എന്നെ ആകെപ്പാടെ നല്ല മീന്‍ നാറ്റം. ഉടുപ്പിന്റെ ഒരു ഭാഗത്ത് നനവുമുണ്ട്. കൂടാതെ അവിടവിടെ കരിയും പറ്റിയിട്ടുണ്ട്. ഏതോ പെണ്ണുമ്പിള്ള മീന്‍ കൊട്ടയും കൊണ്ട് ബസ്സില്‍ കയറിയത് ഞാന്‍ ഓര്‍ത്തു.

എന്തായാലും ഇനി ഈ ഷര്‍ട്ട് നാളെ ഇടാന്‍ കഴിയില്ല. മറ്റേ ഷര്‍ട്ട് ഇട്ടോണ്ട് പോകാം എന്ന് തീരുമാനിച്ചു. ഈ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്ന് കേട്ടിട്ടേയുള്ളൂ. അപ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടന്‍ നിര്‍ദ്ദേശിച്ചത്. ഇന്റര്‍വ്യൂവിന് ടൈ നിര്‍ബന്ധമാണ്. പിന്നെ ടൈ തപ്പി പാച്ചിലായി. അവസാനം ഒരുത്തന്‍ ഒരു ടൈ സംഘടിപ്പിച്ചു തന്നു.

പിറ്റേന്ന് രാവിലെ ചുവന്ന ഷര്‍ട്ടും ധരിച്ച് ടൈ കെട്ടാന്‍ എടുത്തപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. സംഭവം കെട്ടാനറിയില്ല. എന്തായാലും അത് പോകറ്റില്‍ തിരുകി. ടൈ എന്തിയേ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ എടുത്ത് കാണിക്കുകയെങ്കിലും ചെയ്യാമല്ലോ. സമയത്ത് തന്നെ ടെക്നോപാര്‍ക്കിലെത്തി. എല്ലാ വിരുതന്മാരും നേരത്തേതന്നെ എത്തിയിട്ടുണ്ട്. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. കോണ്‍ഗ്രസ്സ് സമ്മേളനം ആണോ എന്ന് തോന്നിപ്പോയി. എല്ലാ അവന്മാരും ശുഭ്രവസ്ത്രധാരികള്‍. പെണ്‍കൊച്ചൊരെണ്ണം ഉണ്ടായിരുന്നതുപോലും വെള്ള ചുരിദാറുമിട്ട് വന്നിരിക്കുന്നു. ഞാന്‍ മാത്രം കമ്മ്യൂണിസ്റ്റ് സഖാവ്.

എന്തായാലും ടൈ കുറയ്ക്കണ്ട എന്ന് കരുതി കെട്ടാന്‍ അറിയാവുന്ന ഒരുത്തനെക്കൊണ്ട് കെട്ടിച്ചു. അവന്‍ എന്നെ ഉപദേശിച്ചു. ടൈയ്ക്ക് രണ്ട് വാലുണ്ട്. അതില്‍ ചെറുതില്‍ മാത്രം പിടിച്ച് വലിക്കുക. വലുതില്‍ തൊടുകയേ ചെയ്യരുത്.

അങ്ങനെ അവസാനം എന്റെ ഊഴമെത്തി. പേര് വിളിച്ചപ്പോള്‍ ടെന്‍ഷന്‍ കാരണം കോളറ് ശരിയാക്കിയ കൂട്ടത്തില്‍ ടൈയ്യുടെ വലിയ വാലില്‍ തന്നെ പിടിച്ചു വലിച്ചു. സംഭവം തൊണ്ടയില്‍ മുറുകി. ഇനി ഒന്നും നോക്കാനില്ല. ഇന്റര്‍വ്യൂ റൂമിലേക്ക് കയറുന്നതിനു മുന്‍പ് ഒരുവിധം വലിച്ചൂരി പോക്കറ്റില്‍ തിരുകി. അകത്ത് കയറിയിട്ട് 'May I come in, Sir' എന്ന് പറഞ്ഞപ്പോള്‍ അകത്തിരുന്നവര്‍ തലപൊക്കി നോക്കി. ഒരു പെണ്ണും ഒരു ആണും. എന്തായാലും കൂടുതല്‍ ഒന്നും പറയിക്കാതെ ഇരിക്കാന്‍ പറഞ്ഞു.

വലിയ ഭാരിച്ച കാര്യങ്ങളൊന്നും ചോദിക്കുന്നില്ല. പേഴ്സണല്‍ ഇന്റര്‍വ്യൂ ആണ്. പേരും അഡ്രസ്സും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ചോദ്യം.

'What is your Hobby?'

നേരത്തെ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. ഞാന്‍ ചാടിക്കയറി ഹെഡ്ഡ് ചെയ്തു.

Stamp collection, Cricket ..

ക്രിക്കറ്റ് എന്ന് കേട്ടപ്പോള്‍ ഇന്റര്‍വ്യൂവിനിരുന്ന വനിത മറ്റെ ആളോട് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ചോദിക്കാം. എന്റെ മനസ്സില്‍ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി. ക്രിക്കറ്റിനെക്കുറിച്ച് എന്ത് ചോദിച്ചാലും പറയാം. പിന്നെ ക്രിക്കറ്റ് കമന്ററി കേട്ട് കേട്ട് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ പറയാനും എളുപ്പം.

അപ്പോഴാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റേ കശ്മലന്‍ ഇടംകോലിട്ടത്. ക്രിക്കറ്റ് വേണ്ട സ്റ്റാമ്പ് മതി പോലും. ഒരു ഗമയ്ക്ക സ്റ്റാമ്പ് കളക്ഷന്‍ പറഞ്ഞും പോയി.

ചോദ്യം : Whatz the scientific name of 'stamp collection'?

ഉത്തരം :Philately.. മാങ്ങാത്തൊലി.. അങ്ങേര് വിടാന്‍ ഭാവമില്ല.

ചോദ്യം :How many different country's stamps do you have?

ഉത്തരം :ആകെ 5 എണ്ണമേയുള്ളൂ. വേണ്ട 2 കൂടി ചേര്‍ക്കാം.. 25

ചോദ്യം :Which are the countries do you have?

ഉത്തരം :പെട്ടല്ലോ ഈശ്വരാ.. ആകെ ഓര്‍മ്മവരുന്നത് ഇന്ത്യയുടെ അയല്‍‌രാജ്യങ്ങളാണ്. എന്തായാലും എണ്ണി എണ്ണി 10 എണ്ണം പറഞ്ഞപ്പോള്‍ അങ്ങേര് പറഞ്ഞു പൊയ്ക്കോളാന്‍.

ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് മനസ്സിലായതോടെ എനിക്ക് സമാധാനമായി. പിന്നെ ഞാന്‍ ചോദ്യം ചോദിക്കുന്നു, അവര്‍ ഉത്തരം പറയുന്നു.

ചോദ്യം :If i'm selected for this job what will be my scope of work?

ഉത്തരം :അത് ഞങ്ങള്‍ അറിയിക്കാം.

ചോദ്യം :How many vacancies are available?

ഉത്തരം :ഒരുപാട് പേരെ വേണം.

ചോദ്യം :How is my performance?

ഉത്തരം :   :)

എന്തായാലും എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. അവരെന്നെ എടുത്തില്ല. സമരം ചെയ്ത് കമ്പനി പൂട്ടിക്കും എന്ന് പേടിച്ചായിരുന്നിരിക്കും. 

Tuesday, 22 May 2012

മൂന്നു ബള്‍ബുകള്‍

കുറച്ച് അരി പൊടിപ്പിക്കണം. ഉത്സവകാലമായതിനാല്‍ മില്ലില്‍ സാമാന്യം നല്ല തിരക്ക്. സീനിയോരിറ്റി അനുസരിച്ചാണ് ധാന്യം പൊടിച്ചു കൊടുക്കുന്നത്. ഞാന്‍ ഏറ്റവും ജൂനിയര്‍ ആയതുകൊണ്ട് ഒഴിഞ്ഞ സ്ഥലത്ത് മാറി സ്വസ്ഥമായി ഇരുന്നു. ആളുകളുടെ സംസാരവും മുന്‍‌ഗണനാ തര്‍ക്കവും തകൃതിയായി നടക്കുന്നു. എല്ലാവര്‍ക്കും തിരക്കാണ്. ഏറ്റവും മുന്‍പേ കാര്യം സാധിച്ചു പോകണം. അതിന്റെ അസ്വസ്ഥത പലരിലും കാണാം. ഒരു ക്ലാസ്സിലുള്ള എല്ലാ‍ കുട്ടികളും കൂടി എഴുന്നേറ്റു നിന്ന് ‘എല്ലാ‍വരും നിശബ്ദരായിരിക്കണം’ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് അവസ്ഥ!

മില്ലിന്റെ സൈഡിലുള്ള സ്വിച്ച് ബോര്‍ഡിലേക്ക് യാദൃശ്ചികമായി ഞാന്‍ നോക്കി. അനേകം സ്വിച്ചുകളും സ്റ്റാര്‍ട്ടറുകളും. വലത് ഭാഗത്ത് ഏറ്റവും മുകളിലായി മൂന്നു ബള്‍ബുകള്‍. വലത്തേ അറ്റത്ത് വെള്ളയും മധ്യത്തില്‍ മഞ്ഞയും അടുത്തത് ചുവപ്പും. ഒറ്റ സ്വിച്ചിലാണ് മൂന്നു ബള്‍ബുകളും പ്രകാശിക്കുന്നത്. അതിന്റെ പ്രകാശം ഞാ‍ന്‍ ശ്രദ്ധിച്ചു. വെള്ള ബള്‍ബിന് പൂര്‍ണ്ണപ്രകാശം. മധ്യത്തേതിന് കുറഞ്ഞ പ്രകാശം. കടും ചുവപ്പുനിറമുള്ളതിന് വളരെ കുറച്ചുമാത്രം പ്രകാശം. ഇതെന്തിനാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

എന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് പോയി. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആണ്. അപ്പോള്‍ അതില്‍ പ്രവേശിക്കുന്ന വൈദ്യുതി തുല്യ അളവിലായിരിക്കും. എന്നാല്‍ അത് പുറപ്പെടുവിക്കുന്ന പ്രകാശത്തിന് വളരെ അന്തരം ഉണ്ട്. വെള്ള ബള്‍ബ് പൂര്‍ണ്ണപ്രകാശം തരുന്നു. മഞ്ഞ അല്പം മങ്ങിയ പ്രകാശവും കടുത്ത നിറമുള്ളതിന് അല്പം പ്രകാശവും. ഇതിനെ ഞാന്‍ മറ്റൊരു രീതിയില്‍ ക്രമീകരിച്ചു നോക്കി. 100 വാട്ട്സ് ഉള്ള മൂന്ന് ബള്‍ബുകള്‍. ഒന്നിന് യാതൊരു നിറവും നല്‍കാതെ തനി രൂപത്തില്‍. രണ്ടാമത്തേതിനെ ഒരു പത്രക്കടലാസുകൊണ്ട് മൂടിക്കെട്ടി. മൂന്നാമത്തേതിനെ വളരെ കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ടും മൂടി. സ്വിച്ച് ഓണ്‍ ചെയ്തു. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആയതിനാല്‍ മൂന്നും ഒരുപോലെ കത്തുന്നുണ്ടാകും. എന്നാല്‍ മാലിന്യങ്ങളൊന്നുമില്ലാത്ത ബള്‍ബ് പൂര്‍ണ്ണപ്രകാശത്തോടെ കത്തുമ്പോള്‍ വളരെയധികം മാലിന്യമുള്ള ബള്‍ബ് (കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ട് പൊതിഞ്ഞത്) അല്പം പോലും പ്രകാശം ചൊരിഞ്ഞില്ല. അല്പം മാലിന്യമുള്ളത് (പത്രക്കടലാസുകൊണ്ട് പൊതിഞ്ഞത്) പകുതി പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് ബള്‍ബുകളുടേയും സ്ഥാനത്ത് മൂന്ന് മനുഷ്യരെ സങ്കല്‍പ്പിച്ചുനോക്കി. മൂന്നുപേരിലും വൈദ്യുതിയുടെ സ്ഥാനത്ത് ജീവചൈതന്യം. ഒരേ ജീവചൈതന്യം തന്നെയാണ് മൂന്നുപേരിലും ഉള്ളത്. എന്നാല്‍ അതില്‍ ഒരാള്‍ പൂര്‍ണ്ണ തേജസ്വിയായി, ജ്ഞാനിയായി, ദിവ്യാത്മാവായി കാണുന്നു. അദ്ദേഹത്തിന് മാലിന്യങ്ങളില്ല. അതിനാല്‍ തന്റെ ആത്മചൈതന്യം പൂര്‍ണ്ണ ശക്തിയോടെ ജ്വലിച്ചു നില്‍ക്കുന്നു. രണ്ടാമത്തേതില്‍ കുറച്ചു മാലിന്യങ്ങള്‍ ഉള്ളതിനാല്‍ ആത്മചൈതന്യം ആത്മജ്ഞാനം എന്നിവ കുറച്ചുമാത്രം ബഹിര്‍ഗമിക്കുന്നു. മൂന്നാമത്തെ ആളില്‍ പൂര്‍ണ്ണ മാലിന്യമാണുള്ളത്. അയാളില്‍ നിന്നും സത്ഗുണങ്ങളൊന്നും പ്രകാശിക്കുന്നില്ല. പൂര്‍ണ്ണപ്രകാശമായ ജീവചൈതന്യത്തിന്റെ പ്രഭാവം അതിന്മേലുള്ള മാലിന്യങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.

ഈ ജീവചൈതന്യത്തിന്റെ മേല്‍ മൂടപ്പെട്ടിരിക്കുന്ന മാലിന്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു. കോപം, താപം, മത്സരം, കാര്‍പ്പണ്യം, മോഹം, ലോപം, അസൂയ, ഡംഭ് തുടങ്ങി അനേകം മാലിന്യങ്ങളാണ് ജീവനെ മൂടി അതിന്റെ യഥാര്‍ത്ഥരൂപത്തെ മറയ്ക്കുന്നത്. ഈ മാലിന്യങ്ങള്‍ നീക്കിയാല്‍ പൂര്‍ണ്ണപ്രകാശചൈതന്യമായ ജീവാത്മാവ് തിളങ്ങും. അങ്ങനെ പൂര്‍ണ്ണ മാലിന്യശോഷണം വന്ന അനേകം ദിവ്യപുരുഷന്മാരും ഋഷീശ്വരന്മാരും ഭാരതത്തിലും ലോകത്തിന്റെ പല ഭാഗത്തും ജനിച്ചിട്ടുണ്ട്. അവരുടെ ദര്‍ശനങ്ങളും ആദ്ധ്യാത്മിക വിശകലനങ്ങളുമാണ് എല്ലാ മതങ്ങളുടേയും അടിത്തറ. മനോമാലിന്യം കുറയുന്നതനുസരിച്ച് വ്യക്തി പരിശുദ്ധനായി പരിണമിച്ചുകൊണ്ടിരിക്കും. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോകത്ത് മാലിന്യങ്ങളാല്‍ മൂടപ്പെട്ട (കറുത്ത കട്ടിക്കടലാസുകൊണ്ട് മൂടിയ ബള്‍ബ്) മനുഷ്യരാണ് കൂടുതലും. അല്പമാലിന്യക്കാരാണ് സമൂഹത്തിനിടയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കറുത്തതും കട്ടികൂടിയതുമായ കടലാസുകൊണ്ട് മൂടിക്കെട്ടിയ ബള്‍ബു പോലെയാകാതെ പൂര്‍ണ്ണപ്രകാശമുള്ള ബള്‍ബാകാനായിരിക്കണം മനുഷ്യജന്മം ഉപയോഗിക്കേണ്ടത്.

എന്റെ ധാന്യം പൊടിച്ച് മുമ്പില്‍ കൊണ്ടുവന്നു വച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. സുഖകരമായ ഒരു ചിന്തയുടെ സുഖവും അനുഭവിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

സോമദാസ്

Monday, 14 May 2012

അങ്ങനെയും ഒരു യാത്ര

അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനം. ഇനി രണ്ട് ദിവസം രാവിലെ എണീക്കണ്ട, പല്ല് തേക്കണ്ട, ഓഫീസിലേക്ക് വരുകയും വേണ്ട. വ്യാഴവും വെള്ളിയും അവധിയല്ലേ!! അങ്ങനെ ആ സന്തോഷത്തിന്റെ ദിനത്തില്‍ ഉച്ചയൂണും കഴിഞ്ഞ് ചെറുതായൊന്ന് കണ്ണടച്ച് ചിന്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. പണ്ടാരമെടുത്ത് നിലത്തടിച്ചാലോ!! വേണ്ട.. വെറുതെ എന്തിനാ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നത്. പതിയെ കണ്ണ് തുറന്ന് ഫോണെടുത്തു.

അരാടാ ഈ ഒരു മണിക്കൂര്‍ ബ്രേക്കിന്റെ ഇടയില്‍ ശല്യപ്പെടുത്തുന്നതെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് നിന്ന് ശബ്ദം കേട്ടു. ബോസാണ്. അങ്ങേര്‍ക്ക് അത്യാവശ്യമായി എന്നെയും യാസിറിനെയും കാണണം. അപ്പുറത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന യാസിറിനെ തട്ടി വിളിച്ച് ഞാന്‍ വിവരം പറഞ്ഞ്. ഷോക്കടിച്ച് കെട്ട് വിട്ടവനെപ്പോലെ അവന്‍ റെഡിയായി. ഞങ്ങള്‍ രണ്ടും ബോസിന്റെ മുറിയിലേക്ക്..

ഈ യാത്രയ്കിടയില്‍ ഞാന്‍ യാസിറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. 6 അടിയില്‍ കൂടുതല്‍ നീളം, നല്ല ബലം, സാധാരണ സൌദികളുടെ കൂട്ട് പണി ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം, പിന്നെ എന്റെ നല്ല സുഹൃത്തും, ഇവയൊക്കെയാണ് യാസിറിന്റെ പ്രത്യേകതകള്‍. എന്ത് കാര്യത്തിനും കൂടെ നിന്നോളും. ഞങ്ങളുടെ അലൈന്‍‌മെന്റ് ടെക്നീഷ്യനാണ്.

അങ്ങനെ ഞങ്ങള്‍ ബോസിന്റെ മുറിയിലെത്തി. വളരെ നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് അവിടെ കിട്ടിയത്. ചെന്നപാടെ ബോസ് എണീറ്റ് വന്ന് ഷേക് ഹാന്‍ഡ് തന്നു. പിന്നെ യാസിറിനെയും എന്നെയും കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ഹേ, നിങ്ങള്‍ സംശയിക്കേണ്ട.. നടന്നതാണ്. സൌദികള്‍ അതിഥികളെ സ്വീകരിക്കുന്നത് ഉമ്മവച്ചാണ്. ആദ്യമൊക്കെ എനിക്കൊരു അമ്പരപ്പായിരുന്നു. ഇപ്പോള്‍ അതൊരു ശീലമായി. എന്തായാലും ഉമ്മ വയ്പ്പും കെട്ടിപ്പിടുത്തവും കഴിഞ്ഞ് ടീ ബോയ്‌യോട് ചായകോണ്ടു വരാന്‍ പറഞ്ഞിട്ട് ബോസ് വിശേഷങ്ങളൊക്കെ തിരക്കി. എന്താ കഥ, ഇങ്ങേര് ഭയങ്കര സന്തോഷത്തിലാണല്ലോ! വല്ല ബോണസും... ഇത്രയും ചിന്തിക്കുമ്പോഴേക്കും ബോസ് ചോദിച്ചു..

“ജനിഷ്, ഈ ആഴ്ചയിലെ പണിയൊക്കെ കഴിഞ്ഞോ?”

വെറുതെ കഴിഞ്ഞില്ലാന്ന് പറഞ്ഞ് അപ്രീതിക്ക് പാത്രമാകണ്ട.. ഞാനാരാ മോന്‍.

“അത് കഴിഞ്ഞ ആഴ്ചയിലേ കഴിഞ്ഞ് സാര്‍!!” ഞാന്‍ പറഞ്ഞു.

“Good. I really appreciate your work".

എന്ത്? എന്റെ നീളം സ്വല്പം കൂടിയോ. ഹേയ്.. ഇല്ല.. എനിക്ക് തോന്നിയതാ..

“അപ്പോള്‍ കാര്യത്തിലേക്ക് വരാം. നമ്മുടെ കമ്പനിക്ക് ജിദ്ദയിലും ഫാക്ടറി ഉള്ള കാര്യം അറിയാമല്ലോ? അവിടെ ചില മെഷീന്റെ അലൈന്‍‌മെന്റ് നോക്കണം. അവര് ഇപ്പോള്‍ വിളിച്ചതേയുള്ളൂ. നാളെ രാവിലെ അവിടെ എത്തണം. യാസിറിനെ തന്നെ അയയ്ക്കാന്‍ കഴിയില്ല. ഒരു മേല്‍നോട്ടത്തിന് ജനിഷ് കൂടി..” ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ ഉള്ള നീളവും പോയി ഗ്യാസും പോയി. കേരളത്തീന്ന് ബോംബെയ്ക്ക് പോകുന്ന ദൂരമുണ്ട് ഇവിടവും ജിദ്ദയുമായി. എന്റെ ഒരു വീക്കെന്റ് പോയല്ലോ എന്റീശ്വരാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ഇനിയിപ്പോ പണിയുണ്ടെന്ന് പറഞ്ഞ് ഒഴിയാനും പറ്റില്ല.. ഞാന്‍ യാസിറിനെ ഒന്ന് നോക്കി. അവന്റെ ഇരുപ്പ് കണ്ടാല്‍ കഷ്ടം തോന്നും. ശ്വാസം പോകുന്നതുകൊണ്ട് ജീവനില്ലെന്ന് സംശയിക്കില്ല.

അങ്ങനെ പിറ്റേന്ന് പെട്ടിയും കുടുക്കയുമെടുത്ത് ഞങ്ങള്‍ ജിദ്ദയിലേക്ക് യാത്രയായി. കുറ്റം പറയരുതല്ലോ! കമ്പനി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫ്ലൈറ്റ് ടിക്കറ്റും താമസ സൌകര്യവുമെല്ലാം ഇവിടുന്നേ ശരിയാക്കിയിട്ടുണ്ട്..

ജിദ്ദ.. വളരെ പുരാതന നഗരം. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ജിദ്ദ നഗരം മൊത്തം ഒന്ന് ഓടിച്ച് കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ അല്‍-ഖോബാറിന്റെ കൂട്ട് അത്ര ‘പോഷ്’ അല്ല ജിദ്ദ. എല്ലായിടത്തും ഒരു പഴമയുണ്ട്.

ഞങ്ങള്‍ കമ്പനിയിലെത്തി. അവിടെയും നല്ല സ്വീകരണം. ഉമ്മ വയ്പ്പ്. പക്ഷേ, പിന്നീടാണ് അവരുടെ മനസ്സിലിരുപ്പ് മനസ്സിലായത്. ഗ്രഹണി പിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് അവര്‍ ഞങ്ങളെ കണ്ടത്. രണ്ട് മെഷീന്‍ നോക്കാന്‍ പോയ ഞങ്ങള്‍ക്ക് അവിടെ ഉള്ള സകലമാന മെഷീനും നോക്കണമെന്ന നിര്‍ദ്ദേശമാണ് അവിടുത്തെ മാനേജര്‍ നല്‍കിയത്. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോരാനായി കയ്യില്‍ കരുതിയിരുന്ന ടിക്കറ്റ് വാങ്ങി ഒരാഴ്ച കൂടി നീട്ടാനും ആ മഹാത്മാവ് മറന്നില്ല. പടപേടിച്ച് ജിദ്ദയില്‍ ചെന്നപ്പോ പന്തവും കൊളുത്തി ദാ ഒരു മാനേജര്‍ എന്ന് പറഞ്ഞതുപോലായി.

ഞങ്ങളുടെ ഫാക്ടറിയില്‍ നിന്നും കമ്പനി ആവശ്യങ്ങള്‍ക്ക് ജിദ്ദയില്‍ ചെല്ലാറുള്ളവര്‍ക്ക് ഗ്രെയ്ഡ് അനുസരിച്ചാണ് അവര്‍ താമസസൌകര്യം ഒരുക്കാറുള്ളത്. വലിയ പുള്ളികള്‍ക്ക് 5 star hotel. അത്തപ്പാടികള്‍ക്ക് കമ്പനി ക്യാമ്പ്. യാസിറിന്റെ രൂപവും ഭാവവും കണ്ട് ഏതോ അത്തപ്പാടിയാണെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ഞങ്ങളെ കമ്പനിയുടെ ക്യാമ്പിലാക്കാന്‍ തീരുമാനമായി.

മടിച്ച് മടിച്ച് കെട്ടും ഭാണ്ഡവുമെടുത്ത് ഞങ്ങള്‍ മുറിയിലേക്ക് നീങ്ങി. ജനറല്‍ മാനേജര്‍ ചിലപ്പോഴൊക്കെ വിശ്രമിക്കാറുള്ള മുറിയാണെന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിച്ചാണ് ഞങ്ങളെ അങ്ങോട്ടേക്ക് ആനയിച്ചത്. മസാജ് ചെയ്യാനുള്ള സൌകര്യം ഉണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു. അവിടെ ചെന്നപ്പോള്‍ അപ്പുറവുമിപ്പുറവും ഓരോ കമ്പിക്കട്ടില്‍ ഇട്ടിരിക്കുന്നു. നടുക്ക് ഒരു തടി സ്റ്റൂള്‍. മസാജിന്റെ കാര്യം ഞാന്‍ കൂടെ വന്ന പയ്യനോട് ചോദിച്ചു. എണ്ണ തേച്ച് സ്റ്റൂളിലിരുന്നിട്ട് യാസിറിനോട് പറഞ്ഞാല്‍ മതിയെന്ന്. അപ്പോഴേ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒന്നുകില്‍ 5 star hotel അല്ലെങ്കില്‍ മടക്കടിക്കറ്റ്. ഇത് രണ്ടും കിട്ടിയില്ലെങ്കില്‍ മരണം വരെ സമരം നടത്തും. കേരളത്തിലെ സമരങ്ങളെക്കുറിച്ചും സത്യാഗ്രഹത്തെക്കുറിച്ചും അച്യുദാനന്ദനെക്കുറിച്ചുമൊന്നും വിവരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് കൂടെ നിന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞിട്ട് യാസിറിനേയും കൂട്ടി മാനേജരുടെ മുന്‍പിലേക്ക് ഞാന്‍ നീങ്ങി.

എന്തായാലും അവിടെ ചെന്നപ്പോള്‍ യാസിര്‍ വാക്ക് പാലിച്ചു. അവന്‍ കൂടെ നിന്നു എന്ന് മാത്രമല്ല എന്നെക്കൂടെ കൂടെകൂട്ടി. മാനേജരും സൌദി യാസിറും സൌദി. അവര് അറബിയില്‍ ചീത്തവിളി ആരംഭിച്ചു. എനിക്കൊന്നും പിടികിട്ടിയില്ലെങ്കിലും ഞാന്‍ തലകുലുക്കി സമ്മതം എന്ന് കാണിച്ചുകൊണ്ടേയിരുന്നു. എന്തായാലും അവസാനം ഞങ്ങള്‍ ജയിച്ചു. മാനേജര്‍ തോറ്റു..

“നേടിയെടുത്തേ, നേടിയെടുത്തേ, 5 star hotel നേടിയെടുത്തേ..” 

അങ്ങനെ ഞങ്ങള്‍ സംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരിച്ച്. ആദ്യമായി ഒരു 5 star hotel-ല്‍ താമസിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. സാധാരണ സിനിമകളില്‍ മാത്രം കാണപ്പെടുന്ന കുന്തവും പിടിച്ച് വടിപോലെ നില്‍ക്കുന്ന പാറാവുകാര്‍ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹോട്ടലില്‍ എല്ലാ സൌകര്യവുമുണ്ട്. ജിം, നീന്തല്‍ക്കുളം, പലതരം കളികള്‍ക്കുള്ള കോര്‍ട്ടുകള്‍, സോനാ ബാത്ത്, മസാജ് സെന്റര്‍ എന്ന് വേണ്ട ഒരുപാട് സൌകര്യങ്ങളുള്ള ഹോട്ടല്‍. ഒരാഴ്ച എന്നല്ല ഒരുമാസം കൊണ്ട് ഫാക്ടറിയിലെ സകലമാന പണികളും തീര്‍ത്തിട്ട് മടക്കയാത്രയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് യാസിര്‍!! ഈ ഉപദേശം ഞാന്‍ നിനക്ക് തരാനിരുന്നതാണെന്ന് ഞാന്‍!!

റൂം ബോയ് ഞങ്ങളെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ തന്നെ കതക് തുറന്ന് ബാഗുകളെല്ലാം അകത്ത് കൊണ്ട് വച്ചു തന്നു. എനിക്കും യാസിറിനും പ്രത്യേകം പ്രത്യേകം മുറികള്‍. അവന്റെ മുറി എന്റേതിന്റെ നേരെ അപ്പുറത്ത്.

ഞാന്‍ എന്റെ മുറിക്കകത്ത് കയറി കതകടച്ചു. കതകുകള്‍ തുറക്കാന്‍ കീ അല്ല അവിടെ ഉപയോഗിക്കുന്നത്. നമ്മുടെ ATM കാര്‍ഡ് പോലെയൊരു കാര്‍ഡ്. ഇത് മുറിക്ക് പുറത്തുള്ള കാര്‍ഡ് റീഡറില്‍ കടത്തിയാല്‍ മുറി തുറക്കുകയായി. ഞാന്‍ കാര്‍ഡ് എന്റെ പോക്കറ്റില്‍ വച്ചു. മുറിയില്‍ അരണ്ട വെളിച്ചമേയുള്ളൂ. ലൈറ്റുകളൊക്കെ ഇട്ട് നോക്കി. നോ രക്ഷ.. ഒന്നും കത്തുന്നില്ല.

ദൈവമേ ഇവിടെയും പവര്‍ക്കട്ടോ? ഒന്നുമില്ലെങ്കിലും ഇതൊരു 5 star hotel അല്ലേ. ഇവമ്മാര്‍ക്കൊരു ജനറേറ്ററെങ്കിലും വാങ്ങി വച്ചുകൂടേ? ഇനിയിപ്പോ എന്ത് ചെയ്യും? എന്തായാലും ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ബാത്ത്‌റൂമില്‍ കയറി ഒരു കുളി പാസാക്കി. പോയി പരാതി പറഞ്ഞിട്ടുതന്നെ കാര്യം. യാസിറിനേക്കൂടി ഒരു ബലത്തിന് കൂടെ കൂട്ടാമെന്ന് കരുതി ഞാന്‍ അവന്റെ മുറിയില്‍ തട്ടിവിളിച്ചു. കതക് തുറന്നപ്പോള്‍ നല്ല പ്രകാശം. അവന്റെ മുറിയില്‍ വെളിച്ചമുണ്ട്. ഞാന്‍ യാസിറിനോട് കാര്യം പറഞ്ഞു.

“എടാ മണ്ടാ...“ ഞാന്‍ തിരിഞ്ഞു നോക്കി. ഇവന്‍ എന്നെത്തന്നെയാണോ വിളിച്ചത്. ആ പരിസരത്തൊന്നും ആരുമില്ല. അപ്പോള്‍ എന്നെത്തന്നെ..

“നിന്റെ കാര്‍ഡ് എവിടെ..” ഞാന്‍ പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് കാണിച്ചു. അവന്‍ കാര്‍ഡ് വാങ്ങിയിട്ട് ആധികാരികമായി അതിന്റെ ഉപയോഗങ്ങള്‍ വിവരിച്ച് തുടങ്ങി. കതക് തുറന്നതിന് ശേഷം കാര്‍ഡ് മുറിക്കകത്തുള്ള ഒരു യന്ത്രത്തില്‍ തിരുകി വയ്ക്കണം. അപ്പോഴേ മുറിയില്‍ വൈദ്യുതി കിട്ടൂ. എന്തെല്ലാം കുണ്ടാമണ്ടികളാണോ!! എന്നാലും ഇവനെങ്ങനെ ഇത് കണ്ടുപിടിച്ചു. ഞാന്‍ ആദരവോടെ അവനെ നോക്കി. എന്നിട്ടു ചമ്മിയ മുഖഭാവത്തില്‍ അവനോട് ചോദിച്ചു.

“യാസിര്‍, നീ ഇതിന് മുന്‍പ് 5 star hotel-ല്‍ താമസിച്ചിട്ടുണ്ടോ?”

“ഹേ, ഇല്ല.”

“പിന്നെങ്ങനെ നിനക്ക് ഇവിടുത്തെ ഈ സമ്പ്രദായങ്ങളൊക്കെ അറിയാം.”

“ഞാന്‍ നിന്നേപ്പോലല്ല. നല്ല ബുദ്ധിയാ..” പിന്നേ അവന്റെയൊരു ബുദ്ധി!!

അവന്‍ പെട്ടന്ന് കുളിച്ച് റെഡിയായി വന്നു. ഞങ്ങള്‍ രണ്ടും കൂടി ഡിന്നറ് കഴിക്കാനായി ഡൈനിംഗ് റൂമിലേക്ക് പോയി. വഴിക്ക് വച്ച് ആ ഹോട്ടലിലെ ഒരു ജോലിക്കാരനെ കണ്ടു.

“ഇപ്പോള്‍ ലൈറ്റ് കത്തുന്നുണ്ടോ?” അയാള്‍ യാസിറിനോട്.

യാസിര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. എന്നിട്ട് അതെ എന്ന് തലകുലുക്കി.

അപ്പോ, അതാ‍ണ് കാര്യം. ലൈറ്റ് കത്തുന്നില്ലെന്നും പറഞ്ഞ് ഇവന്‍ താഴെപ്പോയി അടിയുണ്ടാക്കി. അങ്ങനെ കിട്ടിയതാണ് മുന്‍പ് പറഞ്ഞ ബുദ്ധി. ഞങ്ങള്‍ക്ക് രണ്ടിനും എല്ലാം കാര്യങ്ങളും വ്യക്തമായതുകൊണ്ട് കൂടുതലൊന്നും പറയാതെ ആക്രാന്തത്തോടെ വേഗം ഡൈനിംഗ് ഹാളിലേക്ക്..

രാവിലെ 7:30 ന് റെഡിയായി നില്‍ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. ഹോട്ടലില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരെയാണ് ഫാക്ടറി. രാവിലെ ഞങ്ങളെ കൊണ്ടുപോകാനുള്ള ശകടം വരും. അതിന്‍ പ്രകാരം 7 മണിയായപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും ഒരുങ്ങി ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയി. ഒരുപാട് ഐറ്റം ഉള്ളതുകൊണ്ട് എല്ലാം ഒന്ന് ടേസ്റ്റ് ചെയ്ത് വന്നപ്പോഴേക്കും സമയം സ്വല്പം വൈകി. അതിന് ആ ഡ്രൈവര്‍ അബ്ദുള്ള ചൂടാകേണ്ട കാര്യമുണ്ടോ? നാളെമുതല്‍ വിളിക്കാന്‍ വരാന്‍ വേറെ ആളെ നോക്കാന്‍ വരെ അങ്ങേര് പറഞ്ഞുകളഞ്ഞു. എന്തായാലും ഒരു വിധത്തില്‍ ആ മാന്യദേഹത്തെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറ്റി. യാസിര്‍ മുന്‍പിലും ഞാന്‍ ഒറ്റയ്ക്ക് രാജകീയമായി പിറകിലും യാത്ര ആരംഭിച്ചു.

അബ്ദുള്ളയും യാസിറും അറബിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഞാന്‍ വെളിയിലേക്ക് നോക്കി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. വണ്ടി അമിത വേഗത്തിലാണ് പായുന്നത്. അതിന്റെ കൂടെ ഇടയ്ക്കിടയ്ക്ക് ട്രാക്കുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കാഴ്ചകള്‍ കാണല്‍ ഒക്കെ മതിയാക്കി. വണ്ടിയുടെ ഒത്ത നടുക്ക് രണ്ട് സീറ്റിന്റേയും ഹെഡ് റെസ്റ്റില്‍ മുറുകെ പിടിച്ച് ഇരിപ്പായി. പേടിയില്ലെങ്കിലും ദൈവത്തെ വിളിച്ചു തുടങ്ങി. എല്ലാ സമയത്തും നമുക്ക് ദൈവവിചാരം ഉണ്ടാകുന്നത് നല്ലതല്ലേ? നിരീക്ഷരവാദികളെയെല്ലാം കൂടി അബ്ദുള്ളയുടെ വണ്ടിയില്‍ ഒരു മണിക്കൂര്‍ സഞ്ചരിക്കാന്‍ വിട്ടാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും അവര്‍ ഈശ്വരവിശ്വാസികളായിരിക്കുമെന്ന് ഉറപ്പാണ്.

എന്നാലും ഈ യാസിറിനെ സമ്മതിക്കണം. അവനും അബ്ദുള്ളയും എന്തൊക്കെയോ ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവന്മാര് രണ്ടും ഇലവെട്ടിവെക്കാന്‍ വീട്ടില്‍ പറഞ്ഞിട്ടായിരിക്കും ഇറങ്ങിയത്!! “അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി.. “

അടുത്ത ട്രാക്കിലൂടെ ഒരു ട്രെയ്‌ലര്‍ പോകുന്നു. അബ്ദുള്ള സ്പീഡ് കൂട്ടി അതിന്റെ മുന്നില്‍ കയറി. എന്നിട്ട് ട്രെയ്‌ലറിന്റെ മുന്നില്‍ കാറുകൊണ്ട് രണ്ട് ‘S' വരച്ചു. എന്റെ ജീവന്‍ സ്വര്‍ഗ്ഗത്തോട്ട് പോണോ അതോ നരകത്തോട്ട് പോണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. എന്തായാലും അപകടമൊന്നും സംഭവിച്ചില്ല. അപ്പോഴും ലവന്മാര് രണ്ടും തകര്‍ത്ത് ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വണ്ടിയുടെ സ്പീഡ് കുറയുമെന്ന സിദ്ധാന്തമൊന്നും അബ്ദുള്ളയുടെ കാര്യത്തില്‍ ശരിയാകുന്നില്ല.

അവസാനം ഫാക്ടറിയിലെത്തി. കാറില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ എന്തൊര് ആശ്വാസം. ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതി. അപ്പോഴും യാസിറും അബ്ദുള്ളയും എന്തൊക്കെയോ തമ്മില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും രണ്ടുപേരും ഷേക് ഹാന്‍ഡ് നല്‍കി പിരിഞ്ഞു.

നെഞ്ചിടിപ്പൊന്ന് കുറഞ്ഞപ്പോള്‍ ഞാന്‍ യാസിറിനോട് ചോദിച്ചു.

“നിനക്ക് പേടിയെന്താണെന്ന് അറിയാമോ?”

“അതെന്താ നീ അങ്ങനെ ചോദിച്ചത്?”

“അല്ല. ഈ അബ്ദുള്ളയുടെ മരണപ്പാച്ചില്‍ കണ്ടിട്ട് നിനക്കെങ്ങനെ അവനോട് വീട്ടുകാര്യങ്ങളും പറഞ്ഞ് സമാധാനത്തോടെ ഇരിക്കാന്‍ കഴിഞ്ഞു. ഞാനാണെങ്കില്‍ അറിയാത്ത ദൈവത്തെപ്പോലും വിളിച്ചു പോയി.”

“ഞാന്‍.... വീട്ടുകാര്യങ്ങള്‍ പറഞ്ഞെന്നോ?... കേറിയപ്പോ മുതല്‍ ഞാന്‍ അവനെ തെറിവിളിച്ചു തുടങ്ങിയതാ. ഇടയ്ക്ക് അവന്‍ ഒരു ട്രെയ്‌ലറിന്റെ മുന്‍പില്‍ കാണിച്ച പരാക്രമം നീ കണ്ടിരുന്നോ? ആ പരാക്രമം കാണിച്ചിട്ട് അവന്‍ എന്നോട് പറയുകയാ ആ ട്രെയ്‌ലറുകാരന്‍ പേടിച്ച് കാണുമെന്ന്! അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞതാ സൈഡിലോട്ട് വണ്ടി ഒതുക്ക്, ഞാന്‍ ഏതെങ്കിലും ടാക്സി വിളിച്ച് പൊയ്ക്കോളാമെന്ന്. അവന്‍ സമ്മതിച്ചില്ല.“

“ഇവിടെ വന്നിട്ട് നിങ്ങള്‍ കൈകൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞത്?”

“അതോ? ഇന്ന് വന്നതിരിക്കട്ടെ, ഇനി മേലാല്‍ വണ്ടിയും ഉരുട്ടി ഞങ്ങളെ വിളിക്കാന്‍ വരരുതെന്നും പറഞ്ഞ് കൈകൊടുത്ത് വിട്ടതാ.”

എന്തായാലും ഈ യാത്രകൊണ്ട് ഒരു കാര്യം എനിക്ക് പിടികിട്ടി. സൌദികള്‍ പതുക്കെ കുശുകുശുത്താല്‍ എന്തൊക്കെയോ മുട്ടന്‍ തെറിവിളി നടക്കുകയാണെന്ന് വിചാരിച്ചോണം. ഉറക്കെയാണ് സംസാരമെങ്കില്‍ സന്തോഷത്തോടെ എന്തെങ്കിലും തമാശ പറയുകയാണെന്നും.

ഞങ്ങള്‍ പണിതുടങ്ങി...

ആദ്യ ദിവസമായതിനാല്‍ എല്ലാവരെയും പരിചയപ്പെട്ട്, ജോലിയെക്കുറിച്ച് ഒരു ഏകദേശ രൂപവും ഉണ്ടാക്കി വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. നാളെ മുതല്‍ വേറെ ഡ്രൈവറെ രാവിലെ അയയ്ക്കണം എന്ന ഞങ്ങളുടെ നിര്‍ദ്ദേശം ആ കശ്മലന്‍ മാനേജര്‍ തള്ളി. അതായത് നാളെയും രാവിലെ അബ്ദുള്ളയുടെ ശകടത്തില്‍ തന്നെ യാത്ര എന്ന് ഉറപ്പായി.

ഹോട്ടലില്‍ എത്തിയപാടെ വിശാലമായ ഒരു കുളി പാസാക്കി. പിന്നീട് ജിദ്ദ സിറ്റിയിലൂടെ ഒരു ചെറിയ യാത്ര. ഷോപ്പിംഗ് മാള്‍ പലതും കയറിയിറങ്ങി. രാത്രിയില്‍ ഗംഭീരമാ‍യ ഒരു ഡിന്നറും കഴിഞ്ഞ് ശുഭരാത്രി ആശംസിച്ച് ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ നേരത്തേ എണീക്കണമെന്ന് ഞാന്‍ യാസിറിനെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.

രാവിലെ 6 മണിക്ക് തന്നെ ഞാന്‍ എണീറ്റ് കുളിച്ച് റെഡിയായി. റൂമിലെ ഫോണില്‍ നിന്നും യാസിറിന്റെ മുറിയിലേക്ക് വിളിച്ചു. ആരും എടുക്കുന്നില്ല. പതുക്കെ പുറത്തിറങ്ങി വാതിലില്‍ തട്ടിനോക്കി. അനക്കമില്ല. മൊബൈലില്‍ വിളിച്ചു. അവന്റെ മുറിയില്‍ നിന്നും റിംഗ് ടോണ്‍ കേള്‍ക്കാം. അപ്പൊ ആള് അകത്ത് തന്നെ കാണും. ബാത്ത്‌റൂമിലോ മറ്റോ ആയിരിക്കും. ശല്യപ്പെടുത്തണ്ട.

പതിനഞ്ച് മിനിട്ടിന് ശേഷം ഞാന്‍ വീണ്ടും അവന്റെ മുറിയില്‍ തട്ടിനോക്കി. ഒരനക്കവുമില്ല. ഫോണില്‍ വിളിച്ചു. ആരും എടുക്കുന്നില്ല. ഇത് പ്രശ്നമാകുമല്ലോ.. എന്തായാലും കുറച്ച് സമയം കൂടി നോക്കാം എന്ന് കരുതി ഞാന്‍ തിരിച്ച് എന്റെ മുറിയിലേക്ക് പോന്നു.

സമയം 7 മണിയായി. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അബ്ദുള്ളയുടെ വായിലിരിക്കുന്നത് മുഴുവന്‍ യാസിറ് കേള്‍ക്കുമെന്ന് ഉറപ്പായി. എനിക്ക് പ്രശ്നമില്ല. അറബ് അറിയാത്തതുകൊണ്ട് തെറിവിളിച്ചാലും ഏല്‍ക്കില്ല.

ഞാന്‍ വാതിലില്‍ തട്ടുന്നത് പതുക്കെ ആയതുകൊണ്ടായിരിക്കും അവന്‍ എണീക്കാത്തത്. ഇപ്രാവശ്യം എന്റെ സര്‍വ്വ ശക്തിയുമെടുത്ത് വാതിലില്‍ അടിച്ചു. കുറച്ച് നേരം അടിച്ചു കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ മുറിയുടെ വാതില്‍ തുറന്ന് ഒരു സൌദി ഉറക്കച്ചടവോടെ തല വെളിയിലേക്ക് നീട്ടി. എന്തൊക്കെയോ പതുക്കെ കുശുകുശുത്തു. എന്നിട്ട് ആമ തലവലിക്കുന്നതുപോലെ തല ഉള്ളിലേക്കിട്ട് കതകടച്ചു. ഞാന്‍ ഉറപ്പിച്ചു. അവന്‍ തെറി വിളിച്ചതാണ്. ഇനി തട്ടിയാല്‍ ചിലപ്പോള്‍ അവന്‍ എന്റെ കയ്യിലിരിക്കുന്നത് വാങ്ങും. (ഇവിടെ പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാവുന്നതാണ്.)

ഞാന്‍ കതകില്‍ തട്ടുന്ന പരിപാടി നിര്‍ത്തി. ഇനി എന്നെ കൂട്ടാതെ യാസിര്‍ താഴെ ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയിക്കാണുമോ? എന്തായാലും ഡൈസിംഗ് ഹാളില്‍ ഒന്ന് പോയി നോക്കാം.

ഡൈനിംഗ് ഹാളിലൊന്നും അവനില്ല. ദൈവമേ, ഇന്നത്തെ കാര്യം പോക്കാണല്ലോ. ഇന്ന് ആരെയാണോ കണികണ്ടത്? രാവിലെ എണീറ്റ് കണ്ണാടിയില്‍ നോക്കണ്ടായിരുന്നു.

ഞാന്‍ പതുക്കെ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അയാള്‍ ഉടനെ ഒരു സെക്യൂരിറ്റിയെ കൂട്ടി എന്നെ യാസിറിന്റെ മുറിയിലേക്ക് വിട്ടു. സെക്യൂരിറ്റി സന്തോഷത്തോടെ വിശേഷങ്ങളൊക്കെ തിരക്കിയാണ് കൂടെ വരുന്നത്. അവന്‍ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചു. ആ മുട്ട് കേട്ട് യാസിറ് പോയിട്ട് അപ്പുറത്തെ മുറിയിലെ ആമത്തലയന്‍ പോലും എണീറ്റ് വരില്ലെന്ന് എനിക്കുറപ്പായിരുന്നു. കുറച്ച് നേരം മുട്ടിയപ്പോള്‍ കൈ കഴച്ചിട്ടാണെന്ന് തോന്നുന്നു, സെക്യൂരിറ്റി എന്നെയും കൂട്ടി താഴേക്ക് പോയി. റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ അവര്‍ യാസിറിന്റെ വാതില്‍ തുറക്കാനായി പുതിയൊരു കാര്‍ഡ് തന്നു.

സെക്യൂരിറ്റിയും ഞാനും വീണ്ടും മുകളിലേക്ക്. പഴയ സന്തോഷമൊന്നും അവന്റെ മുഖത്തില്ല.

“ഹേയ്, ഒന്നും സംഭവിച്ചു കാണത്തില്ല.” അവന്‍ പറഞ്ഞു.

എന്ത് സംഭവിക്കാന്‍? ആ പഹയന്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുകയായിരിക്കും. അയ്യോ, ഇനി ഇവന്‍ പറഞ്ഞതുപോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ? സെക്യൂരിറ്റി ആണത്രേ, സെക്യൂരിറ്റി!! മനുഷ്യനെ പേടിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

എന്തായാലും മടിച്ച് മടിച്ച് അവന്‍ യാസിറിന്റെ കതക് തുറന്നു. ഞാന്‍ അകത്തേക്ക് കടന്നു. മുറിയില്‍ നല്ല തണുപ്പ്. കട്ടിലില്‍ യാസിര്‍ മൂടിപ്പുതച്ച് കിടക്കുന്നു. കൂര്‍ക്കം വലി നല്ലപോലെ കേള്‍ക്കാം.

എന്റെ സകല സമനിലയും തെറ്റി. ഓടിച്ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട്. യാസിര്‍ തെറിച്ച് കട്ടിലില്‍ നിന്ന് താഴേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നതിന് മുന്‍പ് മുതുകത്ത് കയറി ഇരുന്ന് അറിയാവുന്ന താളത്തില്‍ നല്ല ഇടിയും പാസാക്കി.

ഇല്ല.. ഞാന്‍ ഇപ്പോഴും വാതിലിനടുത്ത് തന്നെ നില്‍ക്കുകയാണ്. ഇതൊക്കെ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ യാസിര്‍.. 6 അടി നീളം. നല്ല ബലം. വേണ്ട ക്ഷമിച്ചിരിക്കുന്നു. ഞാന്‍ കട്ടിലിനടുത്തേക്ക് ചെന്ന് പതിയെ അവന്റെ കാലില്‍ ഒന്ന് തൊട്ടു. അവന്‍ ഞെട്ടി എണീറ്റു. “ഞാന്‍ ലേറ്റായില്ലല്ലോ, അല്ലേ?” അവന്‍ ചോദിച്ചു.

“ഇല്ല..” ഞാന്‍ പറഞ്ഞു.

ഫാക്ടറിയിലേക്കുള്ള യാത്രയിലുടനീളം അബ്ദുള്ള എന്തൊക്കെയോ കുശുകുശുക്കുന്നു. യാസിറിന് മിണ്ടാട്ടമില്ല. നാട്ടുകാര്യങ്ങളായിരിക്കും അവര്‍ സംസാരിക്കുന്നത് എന്നാശ്വസിച്ച് ഞാന്‍ ചിരി അടക്കി.

പണി തുടങ്ങി.. പണിയെന്ന് പറഞ്ഞാല്‍ ഇമ്മാതിരി ഒരു പണി ജീവിതത്തില്‍ കിട്ടിയിട്ടില്ല. രാവിലെ 8 മണിക്ക് കയറിയാല്‍ രാത്രി 9 വരെ. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് ഒരു സാന്‍‌വിച്ചും പെപ്സിയും. രാത്രിയില്‍ തിരിച്ച് ഹോട്ടലിലെത്തുമ്പോഴേക്കും ഡൈനിംഗ് ഹാള്‍ അടയ്ക്കും. അതായത് പുറത്തു നിന്ന് വല്ലതും വാങ്ങി കഴിക്കണം. എന്നിട്ട് ഒരു കുളിയും കഴിഞ്ഞാല്‍ പിന്നെ കട്ടിലിലേക്ക് മറിയുകയായി.

എന്തെല്ലാം ആശകളായിരുന്നു. വൈകിട്ട് ജിമ്മില്‍ കസര്‍ത്ത്. അതുകഴിഞ്ഞ് മസാജും നീന്തലും സോനാബാത്തും. എന്നിട്ട് അടിപൊളി ഡിന്നര്‍. എല്ലാം പോയി. ഇതിലും നല്ലത് കമ്പനിയുടെ ക്യാമ്പായിരുന്നു എന്ന് ചിന്തിച്ചു പോയി.

എന്തായാലും ടിക്കറ്റിലെ ഡേറ്റ് ആകുന്നതുവരെ കഴിഞ്ഞിട്ട് രക്ഷപെട്ട് ഓടുകയായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത്. എല്ലാം കഴിഞ്ഞു. ഇനി വീണ്ടും ഞങ്ങളുടെ സ്വന്തം തട്ടകത്തിലേക്ക്.

അലൈന്‍‌മെന്റിന് വേണ്ടിയുള്ള ഉപകരണം അടങ്ങിയ പെട്ടി സ്കാനറിലൂടെ കടന്ന് പോയപ്പോള്‍ അതുവരെ അവിടിരുന്ന് ഉറങ്ങുകയായിരുന്ന സൌദി ഞെട്ടി എണീറ്റു. എന്തോ കുഴപ്പമുള്ളത് മാതിരി ഞങ്ങളെ നോക്കുന്നു. പെട്ടി എന്റേതല്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. അപ്പോഴേക്കും യാസിറും സെക്യൂരിറ്റിയും തമ്മില്‍ അറബിയില്‍ സംഭാഷണം തുടങ്ങി.

“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” യാസിര്‍ സെക്യൂരിറ്റിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ലേസര്‍ എന്ന് കേട്ടതും അവന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ശരീരമുള്ള ഒരു ഉദ്യോഗസ്ഥന്‍ എത്തി. എന്താണ് ഈ ഉപകരണമെന്ന് അയാള്‍ യാസിറിനോട് ചോദിച്ചു.

“ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” തീര്‍ന്നു കഥ. അയാള്‍ ഉടനെ ഫോണ്‍ എടുത്ത് വേറെ ആരെയോ വിളിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ അതിലും ബോഡിയുള്ള മറ്റൊരുത്തന്‍ വരുന്നു. പണി പാളിയല്ലോ ഭഗവാനെ. ഇവന്മാര്‍ ഞങ്ങളെ ഇവിടെ തടഞ്ഞു വയ്ക്കുമോ? ജെയിലില്‍ കഫ്സയും ബിരിയാണിയുമൊക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. വെറുതെ ആശിപ്പിക്കരുതേ..

മൂന്നാമനും ലേസര്‍ ബീമിന്റെ കാര്യം കേട്ടതും പുറകോട്ട് മാറി. ഇവന്മാര്‍ക്ക് ആകെ അറിയാവുന്നത് തോക്കില്‍ ഉപയോഗിക്കുന്ന ലേസറിനെപ്പറ്റിയാണ് എന്ന് ബോധ്യമായി. ഇനിവരുന്നവനോട് ലേസറിന്റെ കാര്യം പറയണ്ട എന്ന് ഞാന്‍ യാസിറിനോട് പറഞ്ഞ്. നാലാമന്‍ വന്നപ്പോള്‍ യാസിര്‍ ബുദ്ധിപൂര്‍വം ലേസറിന്റെ കാര്യം പറഞ്ഞില്ല. യാസിര്‍ ഒരുവിധം അവനെ അതിന്റെ ഉപയോഗം പഠിപ്പിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരുത്തനെയെങ്കിലും പഠിപ്പിച്ചെടുക്കാന്‍ കഴിഞ്ഞല്ലോ. പഠിച്ച് കഴിഞ്ഞപ്പോള്‍ അവനൊരു സംശയം. മോട്ടറും പമ്പും ഒരേ രേഖയിലാണെന്ന് എങ്ങനെ മനസ്സിലാകും? പഠിപ്പിക്കാനുള്ള ആവേശത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു. “അത് ലേസര്‍ബീം..“ യാസിര്‍ എന്നെ ഒന്ന് നോക്കി. ബലൂണില്‍ നിന്നും കാറ്റ് തുറന്നുവിട്ടതു പോലെയായി ഞാന്‍. ഇനി എന്ത് ചെയ്യും. എന്തായാലും ആ ഉദ്യോഗസ്ഥന്‍ വേറെ ആരെയും വിളിച്ച് വരുത്തിയില്ല. അവന് മുകളില്‍ വിളിക്കാന്‍ വേറെ ആരും ഇല്ലായിരിക്കും. പെട്ടി അവിടെ വച്ചിട്ട് സ്ഥലം വിട്ടോളാന്‍ ഞങ്ങളോട് പറഞ്ഞു. പെട്ടി പോയാലും വേണ്ടില്ല രക്ഷപെട്ടാല്‍ മതിയെന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞ് നോക്കാതെ വിമാനം കയറാനുള്ള ഗേറ്റിലേക്ക് നടന്നു. അങ്ങനെ സംഭവബഹുലമായ ഒരു ജിദ്ദ യാത്ര അവസാനിച്ചു.